2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

അപ്പച്ചനും ഞാനും

ഇക്കഴിഞ്ഞ റിപ്പബ്ലിക്‌ ദിനത്തില്‍ പ്രസ്സ്‌ ക്ലബ്‌ ദിനാഘോഷത്തില്‍ വനിതാ പത്ര പ്രവര്‍ത്തക സുഹൃത്തുക്കളുടെ കൂടെ നാടകം  അവതരിപ്പിച്ചത് ഞാന്‍ പങ്കു വച്ചിരുന്നല്ലോ !
അന്നുണ്ടായ അതി ഭീകരമായ സന്തോഷത്തിന്റെ മറ്റൊരു വിശേഷമാണ് ഇനി പറയാന്‍ പോകുന്നത്. വായിച്ചു കഴിയുമ്പോള്‍ 'ഇതാണോ ഇത്ര വലിയ കാര്യം' എന്ന് ചോദിയ്ക്കാന്‍ പലരും ക്യൂ നിന്നേക്കാം. പക്ഷെ , എനിക്കത് വലിയ കാര്യം തന്നെയായിരുന്നു .

രണ്ടു തരത്തിലാണ് ആ അനുഭവം എന്നെ സ്വാധീനിച്ചത് . ഇതിനിടെ ഇപ്പോള്‍ ഈ നാടകവുമായി ബന്ധമില്ല എന്ന് തോന്നുന്ന ഒരു കാര്യം കൂടി ഇടയ്ക്കു പറയട്ടെ  - ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളും വാര്‍ത്തയെഴുത്തില്‍ കയറി വന്ന ചില ദുരന്ത കഥാപാത്രങ്ങളും ഒക്കെ കൂടി എന്റെ മനസ്സമാധാനം കളയുകയും ജീവിതത്തോടുള്ള പ്രതിപത്തി ഇല്ലാതാകുകയും ചെയ്തപ്പോള്‍ ഞാന്‍ ആളുകളുമായി മിണ്ടുന്നത് നിറുത്തുകയും അതിന്റെ ഭാഗമായി ഫേസ്‌ ബുക്ക്‌ ഡീ ആക്ടിവേറ്റ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. നാടക കളരി നടക്കുന്ന ഒരാഴ്ച ഞാന്‍ ഫേസ്‌ ബുക്കില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു.

----ഇനി വീണ്ടും നാടകത്തിലേക്ക് തിരികെ വരാം

കഥ ഇങ്ങനെ ....
സംവിധായിക ആശ ചേച്ചി നാടക കളരിക്കിടെ പറയുമായിരുന്നു- മേക്‌ അപ്പ്‌ ചെയ്തു കഴിയുമ്പോഴേ നിങ്ങള്ക്ക് സ്വയം തോന്നും- നിങ്ങള്‍ ആ കഥാപാത്രം ആണെന്ന്. മേക്ക്‌ അപ്പിന് അങ്ങനെ ഒരു കഴിവുണ്ട്. സത്യമായിരുന്നു മകന്‍ മരിച്ച അമ്മ, പുഴയില്‍ ചാടാന്‍ ഒരുങ്ങി നില്‍ക്കുന്ന പെണ്‍കുട്ടി, വൃദ്ധന്‍, പുഴയുടമ ആയി വരുന്ന സമ്പന്നന്‍ എന്നീ റോളുകള്‍ അഭിനയിക്കാന്‍ നിന്നിരുന്ന ചങ്ങാതിമാരില്‍  ആ കഥാപാത്രങ്ങള്‍ അല്ലാതെ വേറെ ആരെയും കാണാന്‍ പറ്റിയില്ല.

പട്ടണം റുഷിദയും( പട്ടണം റഷീദിന്റെ സഹോദരി)  സംഘവുമാണ് മേക്ക്‌ അപ്പ് ചെയ്യുന്നത്. ട്രാക്ക്‌ സ്യൂട്ട് ആണ് കാലന്‍ എന്ന എന്റെ കഥാപാത്രത്തിന്റെ വേഷം. ആ വേഷം ധരിച്ചപ്പോഴും ജിഷയെന്ന എനിക്ക് ജിഷയായി തന്നെയാണ് തോന്നിയത്. മാറ്റമൊന്നും തോന്നിയില്ല.

പക്ഷെ, മേക്ക്‌ അപ്പ് ചെയ്യാന്‍ കസേരയില്‍ ഇരുന്നു കൊടുത്തു പത്തു മിനിറ്റ് കഴിഞ്ഞു എഴുന്നേറ്റ ഞാന്‍ കണ്ണാടിയില്‍ നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി.

ആറേഴു കൊല്ലം മുന്‍പ് മരിച്ചു പോയ എന്റെ അപ്പച്ചന്‍ അതാ അപ്പുറത്ത് നില്‍ക്കുന്നു. എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു. കണ്ണ് നിറഞ്ഞു . മനസ്സ് നിറഞ്ഞു.  ഞാന്‍ ചിരിച്ചു. അപ്പച്ചന്‍ കണ്ണാടിക്കു അപ്പുറത്ത് നിന്നും എന്നെ നോക്കി ചിരിച്ചു. ഞാന്‍ കയ്യടിച്ചപ്പോള്‍ അപ്പച്ചനും കയ്യടിച്ചു. ഞാന്‍ ഷര്‍ട്ട്‌ നേരെ ആക്കിയപ്പോള്‍ അപ്പച്ചനും ഷര്‍ട്ട്‌ നേരെയാക്കി.

ഞാന്‍ ശരിക്കും അപ്പച്ചനെ പോലെ തന്നെയുണ്ട് എന്ന് പലരോടും പല തവണ ഞാന്‍ വിളിച്ചു പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

സാധാരണ എന്‍റെ ഫോട്ടോയില്‍ നോക്കിയാല്‍ 'അമ്മയെ പോലെ ഉണ്ട്' എന്നാണു എല്ലാവരും പറയുക. പക്ഷെ, ഈ വേഷത്തില്‍ ഒരു ഫോട്ടോ എടുത്തു നോക്കിയപ്പോള്‍ എനിക്ക് സന്തോഷം കോടന് ചാടിതുള്ളാന്‍ തോന്നി- അപ്പച്ചനെ പോലെ തന്നെ ഇരിക്കുന്നു.

അങ്ങനെ ഒരു കാഴ്ച കൊണ്ട്  മനസ്സില്‍ വന്ന രണ്ടു കാര്യങ്ങള്‍ ഇങ്ങനെയാണ്. ' ജിഷേ , ഞാന്‍ നിന്റെ ഒപ്പമുണ്ട്, ഞാന്‍ തന്നെയാണ് നീ   ' എന്ന് അപ്പച്ചന്‍ പറഞ്ഞത് പോലെ തോന്നി.  അതിനാല്‍ എന്ത് വിഷമത്തിലും അപ്പച്ചന്‍ ഒപ്പമുണ്ട് എന്ന തോന്നല്‍ കൂടെ വന്നു ചേര്‍ന്നു. അത് കൊണ്ട് തന്നെ ഫേസ്‌ബുക്ക്‌ ഡീ ആക്ടിവേറ്റ് ചെയ്യാനും ആളുകളോട് മിണ്ടാതെ നടക്കാനും എനിക്ക് തോന്നിയ എല്ലാ കാരണങ്ങളെയും ഞാന്‍ അതിജീവിച്ചു എന്ന് തോന്നി. വീണ്ടും പിറ്റേന്ന് ആള്‍ക്കൂട്ടത്തില്‍ തിരിച്ചെത്തി .

രണ്ടാമത്തെ കാര്യം
ആ സന്തോഷം മൂത്ത് അന്ന് ഗാനമേളയില്‍ പാട്ടുകാര്‍ നില്‍ക്കുന്ന വേദിയില്‍ കയറി കൂളിംഗ് ഗ്ലാസ്സും വച്ച് ഞാന്‍ തിമിര്‍ത്തു ഡാന്‍സ്‌ കളിച്ചു. ജിഷ ആണ് എന്ന് അപ്പോള്‍ എന്‍റെ മനസില്‍ ഉണ്ടായിരുന്നില്ല. ( ജിഷ വെള്ളമടിച്ചോ എന്ന് പലരും പലയിടത്തും പറയുന്നുണ്ടായിരുന്നു) എന്‍റെ കൂടെ സ്മിതി- സുജ ജേര്‍ണലിസ്റ്റ് ദമ്പതികളുടെ ഇളയ മകന്‍ രണ്ടു വയസ്സുകാരനും തിമിര്‍ത്തു ഡാന്‍സ്‌ ചെയ്തു. പൊതു വേദികളില്‍ പരസ്യമായി സ്വയം മറന്നു ഞാന്‍  ഡാന്‍സ്‌ കളിക്കുന്നത് 'അയ്യേ മോശം 'എന്ന് സ്വയം കരുതുന്ന എനിക്ക് ( പണ്ട് ചെറിയ കാലത്ത് ഗ്രൂപ്‌ഡാന്സോക്കെ ചെയ്തിട്ടുണ്ട്- അത് പക്ഷെ വളരെ കോണ്‍ഷ്യസ് -സ്വയം മറക്കാതെ  ആണ്) ഈ അനുഭവം കൊണ്ട് ഉണ്ടായ എനര്‍ജി വളരെ വലുതാണ്‌.

നന്ദി ആശ ചേച്ചി - പട്ടണം റുഷിദ- എന്‍റെ പ്രിയ നാടക കൂട്ടുകാര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...