Thursday, March 24, 2011

സൂപ്പര്‍ മൂണ്‍


പ്രിഥ്വി രാജ് കല്യാണം കഴിക്കാന്‍ പോകുന്നത്രേ!

സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുന്ന ദിവസം വൈകുന്നേരം പെട്ടെന്ന്  ഏതോ ഒരു സത്രം അന്തേവാസിനി  ഇക്കാര്യം ഞെട്ടലോടെ പറഞ്ഞപ്പോള്‍ കേട്ട് നിന്നവര്‍ അതിലും ഭീകരമായി ഞെട്ടി. പിന്നേ ഈ ദുഖ വാര്‍ത്ത പറഞ്ഞയാള്‍ക്ക് നേരെ  ഹോസ്റ്റലില്‍ വല്ലപ്പോഴും വിളമ്പുന്ന നല്ല കറിക്ക് വേണ്ടി ചോറുണ്ണാന്‍  അടുക്കളയില്‍ തിരക്ക് കൂട്ടുന്ന പോലെ  ആര്‍ത്തലച്ചു ചെന്നു.
'ഏതോ പത്രക്കാരിയാണ്  പെണ്ണ്‌'
കേട്ടയുടനെ ചിലര്‍ എന്നെ തിരിഞ്ഞു നോക്കി -നിന്നെ പോലുള്ളവളുമാര്‍ക്ക്  പ്രിഥ്വിയേ തന്നെ വളക്കണം ,അല്ലെടീ -എന്നു കണ്ണു കൊണ്ടു കൊഞ്ഞനം കുത്തി.


'ബാംഗളൂര്‍കാരിയാണത്രെ !' 
'അല്ല, ബോംബെക്കാരിയാ'
'ആരാ ഈ നുണ പറഞ്ഞേ'- ഇനിയും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സിന്‍സി
'എനിക്ക് മെയില്‍ വന്നതല്ലേ?' ഡപ്യൂടി  കളക്ടര്‍ എന്നു ഞങ്ങള്‍ കളിയാക്കി വിളിക്കുന്ന ധന്യ ആണയിട്ടു. ഇത്തരത്തില്‍ പല പൊട്ടത്തരത്തിനും  ആണയിട്ടു  ബലം പകരുന്ന അവള്‍ ഡപ്യൂടി കളക്ടര്‍ പരീക്ഷക്ക്‌ തയ്യാറെടുക്കുന്നു എന്നു പറഞ്ഞപ്പോഴാണ് ഞങ്ങള്‍ അവള്‍ക്കീ ഓമന പേരിട്ടത്!
അങ്ങനെ പ്രിഥ്വി വിശേഷം ചൂട് പിടിച്ചതോടെ സൂപ്പര്‍ മൂണിന് തിളക്കം  മങ്ങി പോയി. അത്‌ വരെയും സൂപ്പര്‍ മൂണ്‍ കാരണം കഴിഞ്ഞ ദിവസം ജപ്പനിലുണ്ടായതു  പോലുള്ള സുനാമി കൊച്ചിയിലും ഉണ്ടാകുമെന്ന  ആശങ്കയിലായിരുന്നു  എല്ലാവരും.എങ്കില്‍ മറൈന്‍  ഡ്രൈവിനോട്‌  ചേര്‍ന്ന് കിടക്കുന്ന ബ്രോഡ്‌ വേയിലുള്ള ഞങ്ങളുടെ ഹോസ്ടെലും  കടപുഴകി പോകുമെന്നും ആര്‍ക്കും ഇനി ആരെയും കാണാന്‍ കഴിയില്ലെന്നും പേടിച്ചു. പേടി മൂത്ത ചില കാമുകിമാര്‍ കാമുകന്മാരെ വിളിച്ചു തെരു തെരെ  അവസാന ചുംബനങ്ങള്‍ കൊടുത്തു കൊണ്ടിരുന്നു. തൊട്ടു തലേന്ന് മറൈന്‍ ഡ്രൈവില്‍ കാറ്റു കൊള്ളാന്‍  പോയ രെശ്മി  ചേച്ചി  കണ്ടാതാണ്  പോലും,  കായല്‍ പുറകോട്ടു വലിഞ്ഞു പോയത്രേ! ഇനി ഈ രാത്രി സൂപ്പര്‍ മൂണ്‍ ഉദിക്കുന്നതോടെ  സുനാമി തിരകള്‍ ആര്‍ത്തലച്ചു വരുമെന്നും പലരും പറഞ്ഞു നടന്നു. അതിനിടക്കാണ് പ്രിത്വി വന്നു വീണത്. പലരുടേം നെഞ്ചില്‍ പരിഭവ സുനാമികള്‍ രൌദ്രതയോടെ വീശിയടിച്ചു.
'ചേച്ചീ , അറിഞ്ഞോ?' എന്നു ചോദിച്ച്‌  എന്റെ റൂമില്‍ വന്നു കേറിയ പലരുടെയും കണ്ണില്‍ കണ്ണീരിന്റെ തിളക്കമുണ്ടായിരുന്നു. 'എന്താ കുഞ്ഞുങ്ങളെ, അതൊക്കെ കേട്ടു കേള്‍വി മാത്രല്ലേ? നേരത്തെ സംവൃതയെ കെട്ടും ന്നു കേട്ടിട്ടു കെട്ടിയോ?" എന്റെ സാന്ത്വനങ്ങളൊന്നും  അവര്‍ക്ക് സമാധാനം നല്‍കിയില്ല. വീണ്ടും വീണ്ടും അവര്‍ പിറു പിറുത്തു കൊണ്ടിരുന്നു.. രണ്ടു ദിവസം മുന്‍പു രാവിലെ പൂമുഖത്ത്‌ പത്രം വായിച്ചു നിന്നിരുന്ന കാക്ക പഠിപ്പുകാരി(വക്കീല്‍ വിദ്യാര്‍ഥിനി ) അവളുടെ അപ്പനെ വിളിച്ചു കരഞ്ഞതാണ് പെട്ടെന്ന് ഓര്‍മ വന്നത്. അച്ചു മാമന്  സീറ്റ്‌ ഇല്ലെന്നായിരുന്നു അവളുടെ സങ്കടം.   (പിന്നീട് സീറ്റ്‌ കിട്ടിയപ്പോള്‍ അവള്‍ ഹോസ്റ്റല്‍ വരാന്തയിലൂടെ തെറിച്ചു തെറിച്ച് ഓടി നടന്ന് കൂക്കി വിളിക്കുന്നുണ്ടായിരുന്നു )
അത്താഴത്തിനു മുന്‍പ്‌ പതിവുള്ള പ്രാര്‍ഥനക്ക്  പ്രാര്‍ത്ഥന മുറിയില്‍ ഒത്തു കൂടിയപ്പോഴും അവര്‍ പ്രിഥ്വിയെ  ഓര്‍ത്തു മനസ്സില്‍ വിലപിച്ചു. അന്നു മാത്രം മനസ്സില്‍ വിദ്വെഷമില്ലാതെയാണ്  അവര്‍ പ്രാര്‍ഥനാ മുറിയില്‍ ഇരുന്നത്. സാധാരണ നിര്‍ബന്ധിത പ്രാര്‍ഥനക്ക് കാരണക്കാരായവരെ  മുഴുവന്‍ മനസ്സില്‍ തെറി വിളിച്ചാണ്  ഒട്ടു മിക്ക പേരും ഈ സമയമത്രയും തള്ളി നീക്കാറുള്ളത് ..  സത്യമല്ലേ, നൂറ്റുക്ക് നൂറ്റിപ്പത്തു തവണ വാര്‍ഡന്‍  പറയും ആരെയും മതം മാറ്റാനല്ലെന്നു..എന്നിട്ട് ബൈബിള്‍ മാത്രം...ഹ്മ്...എങ്കില്‍ എന്ത് കൊണ്ടു ഖുര്‍ ആനും ഗീതയും ഒരു വരിയെങ്കിലും വായിച്ചു കൂടാ എന്നു മുറികളിലെ രഹസ്യ ചര്‍ച്ചകളില്‍ എല്ലാവരും വീറോടെ പ്രസംഗിക്കാറുണ്ട് . എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ ഒരിക്കലും ശബ്ദമായി  പുറത്തു വന്നിട്ടില്ല, ഇത്‌ വരെയും... ഇനി അഥവാ ആരെങ്കിലും ചോദിച്ചാല്‍ "ഇവിടെ ഇങ്ങനെയൊക്കെയാണ്, പ്രോസ്പെക്ടസ് വായിച്ചു നോക്കിയിട്ട് തന്നെ അല്ലേ ഒപ്പിട്ടത് .  അതൊന്നും പാലിക്കാന്‍ പറ്റിയില്ലെങ്കില്‍ ഇപ്പൊ ഇറങ്ങാം. നിങ്ങള്‍ക്ക്‌ ഒരു ധാരണ ഉണ്ടാകും, ഇതൊരു സത്രം ആണെന്ന് . പറ്റിയില്ലേല്‍ വേറെ ഹോസ്ടെലിലേക്ക്   പൊക്കോ"എന്നു തുടങ്ങി അനര്‍ഗള നിര്‍ഗള പ്രവാഹമായി വാര്‍ഡന്‍ ഒഴുകി തുടങ്ങും. ഒരിക്കല്‍ "ഇതിനു പിന്നേ സത്രം ന്നല്ലാതെ എന്താ പറയുക? പണം നല്‍കി നില്‍ക്കുന്ന സ്ഥലത്തിന് സത്രം ന്നു തന്നെയാ പേര്, ഇന്ഗ്ലീഷിലാണേല്‍ ഹോസ്റ്റല്‍ എന്നു പറയും. എല്ലാരോടും പറയുന്ന മുട്ടാപ്പോക്ക് എന്നോട് മാത്രം പറയരുത്" എന്നു ഭീഷണിപ്പെടുത്തിയ  ഈയുള്ളവള്‍ മാത്രമാണ് അതിനൊരു അപവാദം. അതിനു പ്രതികാരമായി ആരും അറിയാതെ എന്നെ പുറത്തു ചാടിക്കാന്‍  കിട്ടുന്ന ഒരു സന്ദര്‍ഭവും വാര്‍ഡന്‍  ഒഴിവാക്കാറില്ല.
ചോറുണ്ണാന്‍ ബെല്ലടിച്ചപ്പോള്‍ വരികളില്‍ പതിവ് പോലെ കാണാറുള്ള തള്ളല്‍ അന്നു കണ്ടില്ല.  ഊണുമുറിയിലും ഭീകര നിശബ്തത. അറിയാതെ എങ്ങാനും ചിരിച്ചു പോയാല്‍ പ്രിഥ്വി ആരാധികമാര്‍ എടുത്തിട്ട് പോതുക്കിയാലോ എന്നു കരുതി ഞാനും എന്റെ കൂട്ടവും കണ്ണു കൊണ്ടു മാത്രം സംസാരിച്ചു. ഒമ്പതരക്ക്  സൂപ്പര്‍ മൂണിനെ കാണാന്‍ ടെറസില്‍ പോകാം എന്നു വാര്‍ഡന്‍ വിളംബരം ചെയ്തപ്പോഴാണ്  ചത്ത വീട്ടില്‍ അല്പം ഉണര്‍വ് വന്നത്. രാത്രി നിയമം തെറ്റിക്കാതെ പത്തു മണിക്ക് മുന്‍പ്‌ എല്ലാരും കൂട്ടില്‍ കയറണം എന്ന ധാരണയോടെ സൂപ്പര്‍  മൂണിനെ കണ്ട്‌ എല്ലാരും ടെറസില്‍ നിന്നും ഇറങ്ങി. ഇടയ്ക്കു കാലില്‍ നിന്നും ചെരുപ്പ് ഊരിയിട്ട് കൈ കൂപ്പി കണ്ണടച്ച് നിന്ന് അഞ്ജു എന്തോ പ്രാര്‍ത്തിക്കുന്ന കണ്ടു.  താഴേക്ക്‌ ഇറങ്ങി പോരുമ്പോള്‍ ഞാന്‍ രഹസ്യമായി ചൊദിച്ചു..."എന്താ അഞ്ജു പ്രാര്‍ഥിച്ചത് ? സുനാമി വരരുതെന്നോ?" (അവളും ഒരു കാക്ക പഠിപ്പുകാരി ആണു.)
"ചേച്ചി...കണ്ടാര്‍ന്നോ? ചന്ദ്രനില്‍ മാതാവും ഉണ്ണീശോയും... പ്രാര്‍ത്ഥിച്ചത്‌ സുനാമി ഒഴിയണേ  ന്നല്ല, ആ പത്രക്കാരി ഒഴിഞ്ഞു പോണേ ന്നാ....  "

അത് പറയുമ്പോള്‍ അവളുടെ മുഖം നാണം കൊണ്ടു ചുവന്നിരുന്നു..
ഉത്തരം കേട്ട എനിക്കും നാണം തോന്നി......കാലം പോയ പോക്കേ....
Related Posts Plugin for WordPress, Blogger...

Facebook Plugin