Victim എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Victim എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 നവംബർ 15, ശനിയാഴ്‌ച

മുനീറിന് പിന്തുണ

ദൈവത്തിന്റെ കോടതിയില്‍ ആരാണ് ജയിക്കുക??
നിരപരാധിയായ മുനീറോ അതോ മുനീറിനെ പ്രതിയാക്കാന്‍ ശ്രമിക്കുന്ന സ്കൂള്‍ മാനേജ്മെന്റ് അധികൃതരോ  നാല് വയസ്സുകാരിയെ പീഡിപ്പിച്ച മത പഠന വിദ്യാര്‍ഥികളോ?

മുനീറിനും കുടുംബത്തിനും വേണ്ടത് നിങ്ങളുടെ പിന്തുണ ! ഞാന്‍ പിന്തുണ അറിയിക്കുന്നു. നിങ്ങളോ ?

ആരാണ് മുനീര്‍ ? എന്തിനാണ് പിന്തുണ  കൊടുക്കേണ്ടത് ? 
നാദാപുരം സ്കൂളില്‍ നാല് വയസുകാരിയെ ലൈംഗിക പീഡനത്തിനു  വിധേയയാക്കി എന്ന കേസില്‍ പ്രതി സ്ഥാനത്തു കൊണ്ട് വന്നു  നിറുത്തപ്പെട്ട ചെറുപ്പക്കാരനാണ് മുനീര്‍ .

സ്കൂളില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ യഥാര്‍ത്ഥ പ്രതികളെ കുട്ടി കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ അവരെ രക്ഷപ്പെടുത്താന്‍ ബസ്‌ ക്ലീനര്‍ അയ മുനീറിനെ പിടികൂടി. 

സത്യം തിരിച്ചറിഞ്ഞ അവിടെയുള്ള നാട്ടുകാര്‍ സംഘടിച്ചു, മാര്‍ച്ച്‌ നടത്തി , അഞ്ഞൂറിലധികം പേര്‍  പോലിസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു. എം.എല്‍.എ വന്നു. മുനീറിന്റെ ഉമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചു.

ഒടുവില്‍ മജിസ്ട്രെട്റ്റ്‌ നേരിട്ട് കുഞ്ഞിനോട് സംസാരിച്ചു. മുനീര്‍ അല്ല, മറ്റു ചിലരാണ് എന്ന് കുഞ്ഞു പറഞ്ഞത് അനുസരിച്ച് യഥാര്‍ത്ഥ പ്രതികളില്‍ രണ്ടു പേരെ പിടികൂടെണ്ടി വന്നു. ഇനിയും പലരും പുറത്തുണ്ട്. മുനീറിനെ വെറുതെ വിട്ടു. 

എന്നാല്‍ , കുറ്റം 'സമ്മതിച്ച' മുനീറിനെ അറസ്റ്റ് ചെയ്യാതെ 'നിരപരാധികള്‍; ആയ യുവാക്കളെ പിടി കൂടിയെന്നാണ് സ്കൂള്‍  മാനേജ്മെന്റ് ഭാഷ്യം  . മുനീറിനെ വീണ്ടും ഇരയാക്കാനുള്ള  നീക്കം നടക്കുന്നു. 
പിന്തുണ ആര്‍ക്കാണ്‌ കൊടുക്കുക നിങ്ങള്‍ ?? മതത്തിന്റെ പേരില്‍ കൈകഴുകാന്‍ ശ്രമിക്കുന്നവര്‍ക്കോ അതോ നിരപരാധി ആയ മുനീറിനോ ??

എവിടെ സദാചാര പോലീസുകാര്‍ ??




നാദാപുരത്ത് വരാത്ത സദാചാര പോലീസുകാര്‍

ഉമ്മ വെക്കാന്‍ ആഗ്രഹിക്കുന്നവരാണ്
ഉമ്മ സമരം നടത്തുന്നത് എന്ന് പറഞ്ഞു നടക്കുന്നവര്‍ കാണേണ്ട കാഴ്ചയാണ് , നാദാപുരത്തുള്ളത്.
‪#‎KissofLove‬
മനുഷ്യനും സമൂഹത്തിനും നന്മ വരണം എന്നാഗ്രഹിക്കുന്നതാണ് എല്ലാ മതവും. ആ മതങ്ങളിലൊന്നിനെ പഠിക്കുന്ന , പെണ്ണുങ്ങളെ അടക്കിയിരുത്തി അവരെ 'നല്ല വഴി' ക്ക് നടത്താന്‍ ശ്രമിക്കുന്നവര്‍ ആയ പതിനെട്ടു തികഞ്ഞ കുറച്ചു പേരാണ് , ശരീരം വളരാത്ത കുരുന്നിനെ ലൈംഗികമായി ഉപയോഗിച്ചത് , അവരുടെ പേരുകളൊക്കെ പത്രങ്ങളില്‍ വന്നിട്ടുണ്ട് , വായിക്കണം. ഒന്നുമറിയാത്ത ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ നോക്കി, അയാളുടെ ഉമ്മയും ഉപ്പയും കരഞ്ഞതും പറഞ്ഞതും വെണ്ടയ്ക്ക ആയി പത്രത്തില്‍ ഉണ്ട്. കാണാതെ പോകരുത്.
സ്ത്രീയും പുരുഷനും ഇടപഴകി ജീവിക്കുന്ന ഇടങ്ങളില്‍ ലൈംഗിക ആസക്തി കുറയുമെന്നും പീഡന തോത് കുറയുമെന്നും മനസിലാക്കാന്‍ സ്ഥലം അന്വേഷിക്കേണ്ടതില്ല, തമിഴ്നാട് വരെ പോയാല്‍ മതി
അവിടെ ഏതു പാതിരക്കും പെണ്ണുങ്ങളെ റോഡിലും ബസ്‌ സ്ടണ്ടിലും കാണാം. ഒരാളും അവരോടു മോശമായി പെരുമാറുന്നില്ല.
അവര്‍ ബസില്‍ ആണിനു/ പെണ്ണിന് എന്നെഴുതി വച്ച സീറ്റുകളില്‍ അല്ല ഇരിക്കുന്നത് . എല്ലാ വിഭാഗവും എല്ലായിടത്തും ഇരിക്കും
ഇവിടെയോ ?പെണ്ണ് എങ്ങനെ നടക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന വലിയൊരു സമൂഹ സദാചാര പോലീസും/ മത മേലധികാരികളും ഉണ്ട്.
മറ്റുള്ളവര്‍ എങ്ങനെ നടക്കണം എന്ന് പഠിപ്പിക്കാന്‍ നടക്കന്നതിനു മുന്‍പ്‌ ഓര്‍ക്കേണ്ട മറ്റൊന്ന് ഇതാണ് - ''അവനവന്റെ മനസിലാണ് മറ്റുള്ളവരോട് ആദരവും സഹവര്തിത്വവും സൃഷ്ടിക്കേണ്ടത്. ''
അതോ, ഇനി ഇങ്ങനെ പറയുമോ - ''ഞങ്ങടെ സമുദായത്തില്‍ ഉള്ള ഒരാള്‍, നങ്ങടെ സമുദായത്തിലെ ഒരു കുട്ടിയെ പീഡിപ്പിച്ചു, ഞങ്ങടെ സമുദായത്തില്‍ ഉള്ള ഒരാളുടെ തലയിലിട്ടു, നിങ്ങക്കെന്താ '' എന്ന് ??
എല്ലാ മതത്തിലും ഏറിയും കുറഞ്ഞും ഇങ്ങനെയൊക്കെ തന്നെയാണ് സദാചാര വാദമുഖങ്ങള്‍ !
പെണ്ണെ, നിങ്ങള്‍ ഇങ്ങനെ നടന്നാല്‍ പീഡിപ്പിക്കപ്പെടും എന്നല്ല പഠിപ്പിക്കേണ്ടത്. പകരം, ഒരു പെണ്ണോ ആണോ എങ്ങനെ നടന്നാലും അവരെ പീഡിപ്പിക്കരുതെന്നും അവരുടെ അനുവാദമില്ലാതെ മേല് സ്പര്‍ശിക്കരുതെന്നും ഉള്ള എന്ന നല്ല ചിന്തയാണ് പകരേണ്ടത്, ആണിനും പെണ്ണിനും !
സദാചാര ഉപദേശ കുത്തക ഏറ്റെടുത്തവരോന്നുമില്ലേ ഇവിടെ ആണായും പെണ്ണായും ? നിങ്ങള്‍ നാദാപുരം വരെ പോയി ചോദിക്കാത്തത് എന്ത് ?
പറ്റിയാല്‍ ചൂരലും, കുറച്ചു കൊടികളും, രണ്ടോ നാലോ പശു- കാളകളും കുറച്ചു സദാചാര വാചക മുദ്രാവാക്യങ്ങളും എടുത്തു പോകാത്തത് എന്ത് ??
കുറെ കമ്മിറ്റിക്കാര്‍ വന്നിരിക്കുന്നു

2013 നവംബർ 28, വ്യാഴാഴ്‌ച

പോലീസ്‌ മൂത്രം കുടിപ്പിച്ചെന്ന്


 കഴിഞ്ഞ പകലില്‍ കണ്ടു മുട്ടിയ അന്നയെ കുറിച്ച് നാളെ പറയാം  
എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ! 
അന്ന പറഞ്ഞ ഒരു വരി മാത്രം അപ്പോള്‍ പറഞ്ഞിരുന്നു. അതിങ്ങനെ  '' പോലീസുകാര്‍ എന്റെ ഭര്‍ത്താവിനെ മൂത്രം കുടിപ്പിച്ചു. മര്‍ദ്ദനംമൂലം  നട്ടെല്ലിന് അഞ്ചു ചിന്നല്‍ പറ്റിയിട്ടുണ്ട് . ഞാന്‍ ഈ രണ്ടു കുഞ്ഞുങ്ങളെ കൂട്ടി എവിടെ പോകും ''??


ബാക്കി മുഴുവന്‍ വായിക്കണോ ??

കൊച്ചി: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് അവശനാക്കിയെന്ന് യുവതിയുടെ പരാതി.
ഇക്കാര്യം വിശദീകരിക്കാന്‍ പ്രസ്‌ക്‌ളബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെയെത്തിയ യുവതി കുഴഞ്ഞുവീണു.

 കസ്റ്റഡിയിലെടുത്ത ചേര്‍ത്തല എഴുപുന്ന ജൂബിലിനഗര്‍ കോളിനിയില്‍ വളാന്തറ വീട്ടില്‍ റോജന്‍ പോളിനെ മൂത്രം കുടിപ്പിക്കുകയും മര്‍ദിച്ച് നട്ടെല്ല് തകര്‍ക്കുകയും ചെയ്തതായി ഭാര്യ അന്ന റോഷ്മിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
നട്ടെല്ലിനും ചെവിക്കും മാരകമായി പരിക്കേറ്റ റോജന്‍ പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 തങ്ങളുടെ കുഞ്ഞിന്റെ മുക്കാല്‍ പവന്റെ സ്വര്‍ണമാല ആറുമാസം മുമ്പ് കാണാതായതാണ് സംഭവങ്ങളുടെ തുടക്കമെന്നും അന്ന പറഞ്ഞു. കുഞ്ഞിനോട് ചോദിച്ചപ്പോള്‍ അയല്‍വാസിയായ അധ്യാപിക മാല ഊരി വാങ്ങിയെന്നാണ് പറഞ്ഞത്. ഇക്കാര്യം ചോദിച്ചതോടെ, അതുവരെ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ അകല്‍ച്ചയിലായി. പിന്നീട് ടീച്ചറും ഭര്‍ത്താവും പലകാരണങ്ങള്‍ പറഞ്ഞ് അവഹേളിക്കുകയും അശ്‌ളീലം പറയുകയും പതിവായിരുന്നെന്നും അന്ന പറയുന്നു.

നവംബര്‍ 14ന് വൈകുന്നേരം ആറിന് അരൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയും പൊലീസുകാരുമെത്തി റോജനെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ഏറെ വൈകിയിട്ടും കാണാതായപ്പോള്‍ അന്ന സ്‌റ്റേഷനിലെത്തി . വിലങ്ങുവെച്ച് ജനലില്‍ പൂട്ടിയിട്ട നിലയിലാണ് റോജനെ കണ്ടത്. തന്നോട് എസ്. ഐ മോശമായി പെരുമാറിയതായും വ്യഭിചാരക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
രാത്രി പന്ത്രണ്ടേമുക്കാല്‍ വരെ എസ്.ഐയും സംഘവും മാറിമാറി റോജനെ മര്‍ദിച്ചു. ഇത് കണ്ടുനില്‍ക്കാനാകാതെയാണ് തിരിച്ചുപോന്നതെന്നും പിറ്റേന്ന് ജാമ്യമെടുക്കാന്‍ സ്‌റ്റേഷനിലത്തെിയപ്പോള്‍ തളര്‍ന്നുകിടക്കുന്ന റോജനെയാണ് കണ്ടതെന്നും അന്ന പറയുന്നു.

വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചതായും കാല്‍വെള്ളയില്‍ അടിച്ചതായും റോജന്‍ പറഞ്ഞത്രേ. ജാമ്യമെടുത്തശേഷം കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. റോജനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും വനിതകമീഷനും ആലപ്പുഴ ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. റോജന്റെ സുഹൃത്ത് സെജിനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013 ജൂൺ 19, ബുധനാഴ്‌ച

രോഗികളെ കൊന്ന് കാശു പിടുങ്ങുന്ന ആശുപത്രികള്‍ !

ഫേസ് ബുക്ക്‌ ലിങ്ക്
നിസാര അസുഖങ്ങള്‍ക്ക് ചികിത്സ തേടി നഗരത്തിലെ പ്രമുഖ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളിലത്തെുന്ന രോഗികളില്‍ മാറാരോഗങ്ങള്‍ക്കുള്ള നിര്‍ബന്ധിത ചികിത്സയും അനധികൃത മരുന്ന് പരീക്ഷണവും നടത്തുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.



 പനി ബാധിതനായ പിതാവിനെ ബല പ്രയോഗത്തിലൂടെ കിടത്തിചികിത്സക്ക് വിധേയനാക്കുകയും മാനസിക രോഗിയാക്കാന്‍ മരുന്ന് നല്‍കുകയും അനുവാദമില്ലാതെ മരുന്ന് പരീക്ഷണം നടത്തുകയും ചെയ്ത നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി ഡോക്ടറായ മകന്‍ രംഗത്തത്തെി.

ആശുപത്രികള്‍ക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് ഈ യുവാവ്.
അനാവശ്യ ചികിത്സകളെ കുറിച്ചാരാഞ്ഞപ്പോള്‍ പിതാവിന്‍റെ ജീവന്‍ നഷ്ടപ്പെടുത്തുമെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.


കേരള ടൈംസില്‍ ഫോട്ടോ ജേണലിസ്റ്റ് ആയിരുന്ന എറണാകുളം പച്ചാളം ആതിരയില്‍ ആര്‍. വിജയകുമാര്‍ (51) ഇപ്പോള്‍ എഴുന്നേല്‍ക്കാനാകാതെ വീല്‍ചെയറിലാണ് കഴിയുന്നത്. 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ച ശേഷം ഇനി ചികിത്സക്ക് പണമില്ളെന്ന് അറിയിക്കുന്നത് വരെ ആശുപത്രിയില്‍ നിന്നും വിജയകുമാറിനെ വിട്ടുനല്‍കിയില്ലെന്ന് മകനായ ഡോ. രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഫെബ്രുവരിയിലാണ് വിജയകുമാറിനെ നിര്‍ബന്ധപൂര്‍വം ചികിത്സക്ക് പ്രവേശിപ്പിച്ചത്. തലയിടിച്ച് വീണ ഡോ. രാഹുല്‍ ഇതേ ആശുപത്രിയില്‍ കിടത്തി ചികിത്സയില്‍ കഴിയുന്നതിനിടെ പരിചരിക്കാന്‍ വന്നപ്പോഴാണ് സംഭവം. മകനെ പരിചരിക്കാന്‍ നിന്നിരുന്ന വിജയകുമാറിനെ ബലം പ്രയോഗിച്ച് സ്ട്രക്ചറില്‍ കിടത്തി ഡോക്ടറുടെ പക്കലത്തെിച്ചു. മയക്കുന്നതിനുള്ള കുത്തിവെപ്പ് നല്‍കിയ വിജയകുമാറിനെ പിന്നീട് ഐ.സി.യുവിലേക്ക് മാറ്റി. സാധാരണ പനി മാത്രമുള്ള വിജയകുമാറിന് മാനസിക വിഭ്രാന്തി ബാധിച്ചവര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ഡോസിലുള്ള മരുന്ന് കുത്തിവെച്ചതായി ഡോ. രാഹുല്‍ പിന്നീട് കണ്ടത്തെിയിരുന്നു. വിജയകുമാര്‍ മയക്കം വിട്ടുണരുന്ന എല്ലാ സമയത്തും ഈ മരുന്ന് കുത്തിവെക്കും. 11 ദിവസം ഈ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞതോടെ കോമ അവസ്ഥയിലേക്കത്തെി.

 തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഹുലിനോട് മനോവിഷമം ഉണ്ടാകരുതെന്ന് കരുതി വീട്ടുകാര്‍ വിവരമറിയിച്ചിരുന്നില്ല. മാനസിക രോഗമാണ് വിജയകുമാറിനെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ വീട്ടുകാര്‍ വിജയകുമാറിനെ മാനസിക രോഗാശുപത്രിയിലത്തെിച്ചു. എന്നാല്‍, അദ്ദേഹം മാനസിക രോഗിയല്ളെന്നും ഞരമ്പുകള്‍ക്കുണ്ടായ ബലക്കുറവ് മൂലമാണ് അസുഖം വഷളായതെന്നും അവിടെയുള്ള ഡോക്ടര്‍ വ്യക്തമാക്കിയതത്രെ.

പിന്നീട് തുടര്‍ചികിത്സകള്‍ക്കായി വിജയകുമാറിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലത്തെിച്ചു. അവിടെ അപൂര്‍വം ചിലരില്‍ കാണുന്ന പ്രത്യേകതരം അസുഖമാണെന്ന് പറഞ്ഞ ഡോക്ടര്‍ ന്യൂറോ സര്‍ജിക്കല്‍ വിഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് അനുമതി വാങ്ങാതെ തുടക്കം കുറിച്ചു.  ഉയര്‍ന്ന ഡോസിലുള്ള സ്റ്റിയറോയ്ഡുകള്‍ നല്‍കിയ ഡോക്ടര്‍ പെട്ടെന്നൊരുദിവസം എല്ലാം നിര്‍ത്തിവെച്ചു. പതിയെ ഡോസ് കുറച്ച് കൊണ്ട് വരേണ്ട ഇത്തരം മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തലാക്കുന്നത് രോഗിയെ ദോഷകരമായി ബാധിക്കും. മുഴുവന്‍ ശരീരവും സ്കാന്‍ ചെയ്ത് ഫലം വരുന്നതുവരെ കാത്തിരിക്കാതെ വീണ്ടും ഉയര്‍ന്ന ഡോസിലുള്ള മരുന്നുകള്‍ നല്‍കി.


തീര്‍ത്തും അവശനായ രോഗിയെ ആദ്യം ചികിത്സിച്ച് ആശുപത്രിയിലേക്ക് വീട്ടുകാരുടെ സമ്മതമില്ലാതെ കൊണ്ടുപോവുകയും വെന്‍റിലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാന്‍സര്‍ രോഗികള്‍ക്ക് ചെയ്യുന്ന വിധം കഴുത്തില്‍ ദ്വാരമിടുന്ന ശസ്ത്രക്രിയ നടത്തി. ഈ സമയത്താണ് മരുന്നുകളുടെ വിവരമാരാഞ്ഞ ഡോക്ടര്‍ രാഹുലിനെ പിതാവിന്‍റെ ജീവന്‍െറ പേരില്‍ ഭീഷണിപ്പെടുത്തിയതെന്നും രാഹുല്‍ പറഞ്ഞു. 32 ദിവസമായി ഐ.സി.യുവില്‍ കഴിയുന്നതിനിടെ പണം തീര്‍ന്നെന്ന് അറിയിച്ച ശേഷം വിട്ടുകിട്ടിയ പിതാവിനെ കഴിഞ്ഞ ഒരു മാസമായി ആയുര്‍വേദ ചികിത്സക്ക് പ്രവേശിപ്പിച്ചു. രോഗി ഇപ്പോള്‍ എഴുന്നേറ്റിരിക്കാന്‍ പ്രാപ്തനാണ്.


ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ ജീവനക്കാരനായി പ്രവേശിക്കാന്‍ അഭിമുഖം കഴിഞ്ഞിരിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ജോലി വേണ്ടെന്ന് വെച്ച രാഹുലിന് തുടര്‍ പഠനത്തിന് പോകാന്‍ അവസരം കിട്ടിയെങ്കിലും പിതാവിന്‍റെ   ദാരുണാവസ്ഥ മൂലം കഴിഞ്ഞില്ല. പിതാവിന്‍റെ   ഫോട്ടോ സ്റ്റുഡിയോ നോക്കി നടത്തുന്ന അമ്മ ബിന്ദു ഇപ്പോള്‍ മാനസികമായി തകര്‍ന്നു. അനുജനും ഇന്‍ഫോപാര്‍ക്കില്‍ എന്‍ജിനീയറുമായ റൂബനും ഇപ്പോള്‍ ജോലി പാതി വഴിയില്‍ ഉപേക്ഷിച്ച് പിതാവിന്‍റെ പരിചരണത്തിലാണ്.

ഒട്ടുമിക്ക രോഗികള്‍ക്കും ഇതേ അവസ്ഥ തന്നെയാണെന്നും കൂടുതല്‍ പേരെ രക്ഷിക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഡോക്ടര്‍ രാഹുലിനൊപ്പമത്തെിയ ജനാരോഗ്യ പ്രസ്ഥാന പ്രവര്‍ത്തകര്‍ കെ.വി. സുധന്‍ വ്യക്തമാക്കി.






2013 മേയ് 12, ഞായറാഴ്‌ച

ആയിഷ

ഫേസ് ബുക്ക്‌ ചര്‍ച്ച 


ആയിഷയെ ഓര്‍മയില്ലേ? മൂക്കിന്റെ സ്ഥാനത്ത് ഒരു ദ്വാരം മാത്രമായി ടൈം മാഗസിന്റെ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചു വന്ന ആ ആയിഷ തന്നെ ! അഫ്ഗാനിസ്ഥാനില്‍ ഭര്‍ത്താവ് മൂക്കരിഞ്ഞു തള്ളിയ അവളിപ്പോള്‍ വീണ്ടും സുന്ദരിയായി. ആയിഷയുടെ യാത്ര  എന്ന പേരില്‍ ആയിഷയുടെ ചിന്തകള്‍ കുറിച്ചിടാനും ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണം സ്വരൂപിക്കാനും വെബ്സൈറ്റ്‌ തുറന്നിരുന്നു. ഈ ഇരുപത്തിരണ്ടുകാരിക്ക് ലോകമെമ്പാടും നിന്ന് സഹായം ലഭിച്ചു. ഇപ്പോള്‍ അവള്‍ സന്തോഷത്തിലാണ്. ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്നു. ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ആയിഷയുടെ ഉമ്മ മരിച്ചു. ചെറിയ പ്രായത്തില്‍ അവളുടെ വിവാഹവും കഴിഞ്ഞു. ആയിഷയുടെ അമ്മാവന്‍ അവളെ കൊടുത്തു കടം വീട്ടി.  വിവാഹം കഴിച്ചെത്തിയ വീട്ടില്‍ അവളെ കാത്തിരുന്നത് കൊടും ദുരിതങ്ങളാണ്. ഒടുവില്‍ വീട് വിട്ടു ഓടി പോയന്‍ അവള്‍ തീരുമാനിച്ചു. അതിനു ശിക്ഷയായി അഞ്ചു മാസം ജയിലിലും കഴിയേണ്ടി വന്നു. ജയില്‍ വിമോചിതയായ ശേഷം ആയിഷ സ്വന്തം പിതാവിനരികിലെത്തി. എന്നാല്‍ കടം വീട്ടാന്‍ കൊടുത്ത വസ്തു എന്ന നിലയില്‍ ആയിഷയെ  അവളുടെ ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. മനസില്ല മനസോടെ മകളെ വിട്ടു കൊടുത്ത പിതാവിന് കേള്‍ക്കേണ്ടി വന്നത് - അവള്‍ മൂക്കും ചെവിയും ചെത്തിയ നിലയില്‍ കുന്നിന്‍ ചെരുവില്‍ മരണാസന്നയായി കിടക്കുന്നു എന്നാണു. ഇന്നിപ്പോള്‍ അവള്‍ പഠനം തുടരുന്നു, ജീവിക്കുന്നു.  ആയിഷയെ കുറിച്ചുള്ള വീഡിയോ കാണാം - ഇവിടെ 

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...