Facebook എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Facebook എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഏപ്രിൽ 3, വ്യാഴാഴ്‌ച

വ്യാജ ലൈക്കുകള്‍ക്ക് ഇനി രക്ഷയില്ല

 സോഷ്യല്‍ മീഡിയ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ പ്രമുഖ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക് ലൈക്കുകളുടെമേല്‍ പിടിമുറുക്കുന്നു. വ്യാജമായി അക്കൗണ്ടുകള്‍ നിര്‍മിക്കുകയും അതുപയോഗിച്ച് വ്യാജലൈക്കുകളിലൂടെ പേജിന് വ്യാജ ജനകീയത വരുത്തുകയും ചെയ്യുന്നവരെ നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. 

2014 ഫെബ്രുവരി 18, ചൊവ്വാഴ്ച

സെക്സ് ഓണ്‍ ദ ബീച്ച്



സെക്സ് ഓണ്‍ ദി ബീച്ച് എന്ന് റീമ കല്ലിങ്കല്‍ സ്വന്തം ഫേസ്‌ ബുക്ക്‌ പേജില്‍ പറഞ്ഞത് ആര്‍ക്കൊക്കെയോ എന്തൊക്കെയോ വികാരം ഉണര്‍ത്തിയിരിക്കുന്നു. വാലന്റൈന്‍സ്‌ ഡേയില്‍ ഇണ പിരിഞ്ഞു കിടക്കുന്ന രണ്ടു സ്ട്രോകള്‍ ഇട്ട ഒരു ഡ്രിങ്ക്ന്റെ പടം റീമ പോസ്റ്റ് ചെയ്തത് ബല്ലാത്ത പോല്ലാപ്പിലാണ് പലരെയും എത്തിച്ചത്. യാത്രയില്‍( വേണമെങ്കില്‍ ഹണിമൂണ്‍ യാത്ര എന്ന് തന്നെ പറയാം ) ഏതോ ഒരു ബീച്ചില്‍ വാലന്റൈന്‍സ്‌ ദിവസത്തില്‍ റീമയും ആഷിക്കും കൂടി ഏതോ ബീച്ച് ഓപ്പണ്‍ എയര്‍ മണിയറ ആക്കിയെന്നാണ് ആദ്യ വിവരം വന്നത്. റീമക്ക് കളി കുറച്ചു കൂടുന്നുണ്ടെന്നു ചിലര്‍. ഇതൊക്കെ ഭാര്യേം ഭര്‍ത്താവും ഒറ്റയ്ക്ക് ആഘോഷിച്ചാല്‍ പോരെ, നാട്ടുകാരെ വിളിച്ചു അറിയിക്കണോ എന്ന് വേറെ ചിലര്‍. മാതൃക കല്യാണം നടത്തിയത് തന്നെ പേരുണ്ടാക്കാനാണെന്നും ഇത് പോസ്റ്റിനു ലൈക്ക്‌ കൂടാനുള്ള വെറും ഗിമ്മിക്കുകള്‍ മാത്രമാണെന്നും വേറെ കുറെ പേര്‍ കമന്റോടടി. ന്യൂ ജെനറേഷന്‍ ടീമായ ആഷിക്കും റീമയും ഇത് പബ്ലിക്കായി പറഞ്ഞില്ലെന്കിലെ അത്ഭുതം ഉള്ളൂ എന്നും കുറെ പേര്‍.  ബീച്ചില്‍ നടന്നതൊക്കെ മൊബൈലില്‍ പിടിച്ചു നെറ്റില്‍ ഇട്ടാല്‍ കൊള്ളാമെന്നു കുറെ പേര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വേറെ കുറച്ചു പേര്‍ ഏതു ബീച്ചിലാ എന്ന് വരെ ചോദിച്ചു, (നേരിട്ട് കാണാന്‍ ആയിരിക്കും.) 

സംഭവം എന്തായാലും കലക്കി. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സംഭവം ഏറ്റെടുത്തു. ഹോട്ട് ഡോഗ് തിന്നുന്ന മത്സരത്തെ കുറിച്ച് മലയാളത്തിലെ ഒരു മുഖ്യധാര ചുകപ്പന്‍ പത്രം ''പട്ടിയെ തിന്നു റെക്കോഡ്‌ ഇട്ടു' എന്ന് ഒന്നാം പേജ് വാര്‍ത്ത നല്‍കിയ പോലെയായി പോയി ഇതും. സെക്സ് ഓണ്‍ ബീച്ച് എന്നത് ഒരു വോഡ്ക മിക്സഡ്‌ ഡ്രിങ്ക് ആണെന്ന് അറിയാത്ത കൂതറ രാമന്മാര്‍ ( രാമിമാരെ കണ്ടില്ല പരിസരത്ത്) അതറിഞ്ഞു വന്നപ്പോള്‍ ഇട്ട കമന്റ് കുറെ ന്യൂ ജെനറേഷന്‍ ബീപ് സഹിതം മാത്രം വായിക്കാവുന്ന കമന്റുകള്‍ ആയിരുന്നു. വിവരക്കേട് മുതലെടുത്തു കളിയാക്കാന്‍ നടക്കുന്നോടീ എന്നാണു ഒരു മാന്യന്‍ എഴുതിയത്. 

എന്തായാലും കമന്റുകള്‍ വായിച്ച് റീമയും ആഷിക്കും തല കുത്തി മറിഞ്ഞ് ചിരിച്ചു കാണണം. പലരുടെയും മുഖത്തേക്ക്  തിരിച്ചു വച്ച കണ്ണാടി പിടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നാണ് റീമയുടെ വിഷയത്തിലെ പ്രതികരണം 

സെക്സ് ഓണ്‍ ബീച്ച് തയ്യാറാക്കുന്ന വിധം 

One of the most popular cocktails, a Sex on the Beach is a delicious fruity drink that almost anyone will like. It's a great tropical highball that is wonderful on hot summer nights or afternoons at the beach.
Beginning bartenders should place Sex on the Beach on their list of drinks to know.
Prep Time: minutesTotal Time: 3 minutes
Yield: 1 CocktailIngredients:
Preparation:
  1. Pour all the ingredients into a cocktail shaker with ice cubes.
  1. Shake well.
  1. Strain into a highball glass.
  1. Garnish with the orange slice and maraschino cherry.

2014 ഫെബ്രുവരി 8, ശനിയാഴ്‌ച

ഫേസ്‌ ബുക്ക്‌ ലൈക്കുകളുടെ രാഷ്ട്രീയം




 ''നമുക്കിനി കുറച്ചു നേരം ഫേസ്‌ ബുക്ക്‌ ലൈക്കുകളുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാം. ലൈക്ക്‌ എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് എന്താണ് ?  നിങ്ങള്‍ എന്തിനൊക്കെയാണ്  ലൈക്കുകള്‍ ഉപയോഗിക്കുന്നത് ? '' എന്നൊരു ചര്‍ച്ച വേദി ഫേസ്‌ ബുക്കില്‍ ഒരുക്കിയിരുന്നു. ( പോസ്റ്റ് കാണാം )

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പലരും പല അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കിയിരുന്നു.

വിനോദ് ജി പത്മനാഭന്‍  എഴുതിയ കമന്റ് ആണ് ഏറ്റവും മനോഹരമായി തോന്നിയത് . '' ഞാൻ ശ്രദ്ധിക്കേണ്ടതും, ശ്രദ്ധിച്ചതുമായ കാര്യങ്ങളെയാണ് ലൈക് ചെയ്യുന്നത്'' - എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

നമ്മുടെ ഒരു സുഹൃത്തിനു നമുക്ക് കൊടുക്കാന്‍ കഴിയുന്ന ചെലവില്ലാത്ത ഒരേയൊരു ഉപഹാരം എന്നായിരുന്നു  അസ്‌ലം മൂരാട്  അഭിപ്രായപ്പെട്ടത്.


ആശയങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നും സമ്മതത്തോടെ താങ്കളുടെ ആശയം പങ്കുവെക്കുന്നുവെന്നും പറയാന്‍ ലൈക്ക്‌ ഉപയോഗിക്കുന്നു എന്നാണു ഉണ്ണി കൃഷ്ണന്‍റെ  പക്ഷം .


ലൈക്കുകള്‍  ഏറ്റവും കൂടുതൽ മിസ് യുസ് ചെയുക യാണ് പലരുമെന്നാണ് മാവേലിക്കരയില്‍ നിന്നുള്ള ലിജു സാമിന്റെ കമന്റ്.  ഒരു പെണ്ണ് എന്തെഴുതിയാലും ലൈക് കൊടുക്കുന്നവർ ആണ് മഹാ ഭൂരിപക്ഷവും , എന്തെങ്കിലും എഗൈൻസ്റ്റ് പറയണം എന്നുണ്ടെങ്കിലും പറയില്ല ,പകരം ഒരു ലൈക് കൊടുക്കുമെന്നാണ് അദ്ദേഹം പറയുന്നത് . പക്ഷെ .താൻ അങ്ങനെയല്ല കേട്ടോ എന്ന മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട് അദ്ദേഹം.

ലിജുവിനെ പിന്തുണച്ചു ശ്രീജേഷ്‌ അറക്കലും  പറയുന്നത് മേല്‍പ്പറഞ്ഞ പോലെയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ - '' എന്തൊക്കെയായാലും പെണ്ണ് ഒരു സ്മൈലി ഇട്ടാലും ലൈക്കിനു  ഒരു പഞ്ഞം ഉണ്ടാകില്ല...അതിപ്പോ എന്ത് വിളിച്ച് കൂവിയാലും..''

''കൂട്ടുകാര്‍ക്ക് ലൈക്കുകള്‍ കൊടുത്തു  കൊണ്ടിരിക്കുക... പുതിയ എഴുത്തുകാര്‍ പിറക്കട്ടെ...''- എന്ന് സയീദ്‌ ഉമ്മര്‍ . പ്രത്യേകിച്ച് ഒരു കാശ് മുടക്കും ഇല്ലാത്ത സാധനം ആണ് ലൈക്ക്. അതുപോലും വെറുതെ തരാത്ത ആളുകളെ എന്തിനാ ഫ്രണ്ട് ആക്കി വച്ചേക്കുന്നത്..... എല്ലാത്തിനേം അണ്‍ ഫ്രണ്ട്‌  ചെയ്തു അക്കൌണ്ടും റിപ്പോര്ട്ട് ചെയ്തു വിട്- എന്ന് തമാശ പറയാനും അദ്ദേഹം മറക്കുന്നില്ല .

കൃഷ്ണ രാജ് മാഹി പറയുന്നു- '' പ്ലീസ് ലൈക് മൈ പോസ്റ്റ് എന്ന് മെസ്സേജ് അയക്കുന്നവർ അവർക്കും ലൈക് കൊടുക്കാറുണ്ട് സൗഹൃദങ്ങൾ ഒഴുകാൻ വേണ്ടി.

ഫേസ്ബുക്കിൽ സ്ക്രോളുമ്പോൾ സുഹൃത്തുകൾ അല്ലാത്തവരുടെ നല്ല പോസ്റ്റുകൾ കണ്ടാൽ ചിലപ്പോൾ ലൈക്കും. അടുത്ത സുഹൃത്തുകൾക്ക് ഒരു പരിധി വരെ വാരിക്കോരി കൊടുക്കും. പക്ഷെ ലൈക്ക് തായോ എന്നും പറഞ്ഞ് ചാറ്റ് ബോക്സിൽ വന്ന് ഇരക്കുന്നവരെ എനിക്കിഷ്ടമല്ല.- ജാഫര്‍ മുഹമ്മദ്‌ 


കൊടുത്തു വാങ്ങാനാണ് അസീം മുഹമ്മദിന് താല്‍പ്പര്യം
വായിക്കൂ -പ്രതീക്ഷ. നാളെ ഞാന്‍ ഇടുന്ന പോസ്റ്റിന് ഒരു ലൈക്ക് കിട്ടും എന്ന പ്രതീക്ഷ..അനുഭവം ഗുരു..ഇല്ലെങ്കില്‍ ചന്തയില്‍ വില്‍ക്കാന്‍ വെച്ച മീന്‍ പോലെ ഈച്ച അടിച്ച് ഇരിക്കേണ്ടിവരും..



ഒച്ചപ്പാടിനു ഈ വിഷയത്തില്‍ പറയാനുള്ളത് ഇതാണ്

1. നമുക്ക് ഇഷ്ടപെടുന്ന പോസ്റ്റുകള്‍, (പോസ്റ്റുകള്‍ മുഴുവനായോ ഭാഗികമായോ ) ഇഷ്ടപ്പെട്ടു എന്നറിയിക്കാന്‍

2.പിന്തുണ നല്‍കുന്നു എന്നറിയിക്കാന്‍

3. ഞാന്‍ ഇത് വായിച്ചു എന്നറിയിക്കാന്‍ ( കമന്റ് ഇടാതെ തന്നെ പോസ്റ്റിന്റെ ഉടമ മനസിലാക്കും  )

ഇനിയാണ് പ്രധാനം ---

4. ടാഗ് ചെയ്യാതെയും ഷെയര്‍ ചെയ്യാതെയും കമന്റ് ചെയ്യാതെയും ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഒരു ലൈക്‌ ചെയ്യലാണ്.  എന്റെ ടൈം ലൈനില്‍ വരാതെ തന്നെ എനിക്ക് അവയുടെ നോട്ടിഫിക്കേഷന്‍ ലഭിക്കും . അവിടെ വേറെ ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അതിന്റെ നോട്ടിഫിക്കേഷന്‍ വരും. വായന സുഗമം ആകും.

( നോട്ടിഫിക്കെഷനുകള്‍ സെറ്റിംഗ്സ് വഴി നിയന്ത്രിച്ച എന്നെ പോലുള്ളവര്‍ക്ക് ലൈക്ക്‌ ചെയ്യല്‍ തന്നെയാണ് താല്‍പ്പര്യമുള്ള വിഷയത്തിലെ സംവാദങ്ങളെ എളുപ്പം ആക്കുന്നത് )
വേറൊരു തരത്തില്‍ പറഞ്ഞാല്‍ - ജി പ്ലസ്സില്‍ കുത്തിട്ടും ട്രാക്ക്‌ എന്നെഴുതിയും ചര്‍ച്ചയില്‍ വായനക്കായി വരുന്നവരുടെ അതേ വഴി തന്നെ !


5. പത്രക്കാരി എന്ന നിലയില്‍ പ്രമുഖരും രാഷ്ട്രീയക്കാരും സിനിമ താരങ്ങളും എഴുതുന്ന സ്റ്റാറ്റസുകള്‍ ഉടനെ ലഭിക്കാന്‍ ( പേജുകളില്‍ നിന്നും ) - എന്നിട്ട് വേണം എനിക്ക് വാര്‍ത്ത തയ്യാറാക്കാന്‍ . അവരുടെ നിലപാടുകളോട് ആഭിമുഖ്യം ഉണ്ടായാലും ഇല്ലെങ്കിലും അപ്പ്‌ഡേറ്റ്സ് എളുപ്പത്തില്‍ കിട്ടാനുള്ള എളുപപ്‌ വഴിയാണ്  ലൈക്‌ ബട്ടന്‍ ക്ലിക്ക്‌ .

6. ആരെങ്കിലും എഴുതിയ പോസ്റ്റുകള്‍ എന്റെ ചങ്ങാതി പട്ടികയില്‍ ഉള്ളവര്‍ വായിക്കണമെന്ന് കരുതിയാല്‍   ഒരു ലൈക്‌ അടിച്ചാല്‍ മതി. ഞാന്‍ ഏതെന്കിലും ഒരു പോസ്റ്റില്‍ ലൈക്കടിച്ചാല്‍ എന്റെ  ചങ്ങാതിതിമാര്‍ക്കെല്ലാം ( നോട്ടിഫിക്കേഷന്‍ നിയന്ത്രിക്കാന്‍ സെറ്റിംഗ്സ് ചെയ്യാത്ത ചങ്ങാതിമാര്‍ക്ക്) നോട്ടിഫിക്കേഷന്‍ കിട്ടും. താല്പര്യം ഉള്ളവര്‍ക്ക് ആ ചര്‍ച്ചയില്‍ വന്നു പങ്കെടുക്കാന്‍ പറ്റും.

ഉദാഹരണം - ഒരാള്‍ക്ക്‌ അടിയന്തിരമായി ബ്ലഡ്‌ വേണം - ആ പോസ്റ്റില്‍ ഒരു ലൈക്ക്‌ അടിച്ചാല്‍ നമ്മുടെ ചങ്ങാതിമാര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. അപ്പോള്‍ പിന്നെ പ്രത്യേക മെസ്സേജ് ആയി ആരോടും ആവശ്യപ്പെടേണ്ടതില്ല.

 ചിലര്‍ പരിഹസിക്കുന്നത് കേട്ടിട്ടുണ്ട് - ചത്തെന്നും  മരിക്കാന്‍ കിടക്കുന്നെവെന്നു പറഞ്ഞു പോസ്റ്റ് ഇട്ടാലും ലൈക്ക്‌ അടിക്കുന്നവര്‍ ക്രൂരന്മാരും ദയ ഇല്ലാത്തവരും ആണെന്ന്.  അത്തരം  പരിഹാസം പറയുന്ന ചങ്ങാതിമാരോട് ഇത് വായിക്കാന്‍ പറയണം.

7. പെണ്ണുങ്ങള്‍ എന്ത് പറഞ്ഞാലും കുറെ ലൈക്ക്‌ കിട്ടും എന്ന് പരിഹസിക്കുന്നവര്‍ ഉണ്ട്. അത്തരക്കാര്‍ പെണ്ണുങ്ങളെ കുറച്ചു കാണാന്‍ എന്ത് വഴിയും തേടുന്നവരാണ്. നന്നായി പ്രതികരിക്കുകയും സാമോഹിക വിഷയങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന പെണ്ണുങ്ങള്മുണ്ട് എന്ന് സമ്മതിക്കാന്‍ അത്തരക്കാര്‍ക്ക് വലിയ പ്രയാസമാണ്. വലിയ ഗൌരവമായ പോസ്റ്റുകള്‍ ഇട്ടാലും  ഇതേ വളിച്ച കമന്റു പറയുന്നവര്‍ ഏറെയാണ്. അവര്‍ക്ക് മരുന്നില്ല. എന്തായാലും അവര്‍ അറിഞ്ഞോ അറിയാതെയോ പറയുന്ന ഒന്നുണ്ട്- ഈ ലൈക്ക്‌ അടിക്കുന്ന ആണുങ്ങള്‍ കോന്തന്മാര്‍ ആണെന്ന്. അത് സ്വന്തം സത്വത്തില്‍  അപമാനം തോന്നുന്നവര മാത്രമാണ്. അവരെ മൈന്‍ഡ്‌ ചെയ്യേണ്ടതില്ല.






2013 ഡിസംബർ 15, ഞായറാഴ്‌ച

തെരുവ് ഫാഷന്‍ ഷോ





ഹോളിവുഡ്‌ ചിത്രങ്ങളിലേതു പോലെ വിരിഞ്ഞ, വര്‍ണശബളിമായാര്‍ന്ന തൊപ്പിയും വസ്ത്രങ്ങളും ധരിച്ച് ആ മോഡലുകള്‍  നടന്നപ്പോള്‍ കൊച്ചിയില്‍ ജനം സ്തംഭിച്ചു. ചെണ്ട മേളം കേട്ടാണ് പലരും അവര്‍ നില്‍ക്കുന്നിടത്തെക്ക് ശ്രദ്ധിച്ചത്. ബസില്‍ നിന്നും തല നീട്ടിയ പലരും ആ കാഴ്ച കണ്ടു അമ്പരന്നു. കുറെ മോഡലുകള്‍ അതാ,  നടുറോഡില്‍ ട്രാഫിക്‌ മീഡിയന് അരികിലൂടെ ക്യാറ്റ് വാക്ക്‌ നടത്തുന്നു. അതുകണ്ട ചിലര്‍ ഉടനെ ബസ്സില്‍ നിന്നും ചാടിയിറങ്ങി. ബൈക്കിലും കാറിലും പോകുന്നവരില്‍ ചിലര്‍ വാഹനം തെരുവോരത്തു പാര്‍ക്ക് ചെയ്ത് റാമ്പിനടുത്തേക്ക് അതിവേഗം നടന്നു. വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ ആ കാഴ്ച കാണാനായി വാഹനങ്ങളുടെ വേഗം കുറച്ചു. കാണികള്‍ നിറഞ്ഞപ്പോള്‍ വലഞ്ഞത് ട്രാഫിക്‌ വാര്‍ഡന്‍ ആണ്. ഏറെ നേരം പണിപ്പെട്ടാണ് അദ്ദേഹം ഗതാഗതം നിയന്ത്രിച്ചത്. അടുത്ത് വന്നു നോക്കിയപ്പോഴാണ് എല്ലാവര്ക്കും ഒരു കാര്യം വ്യക്തമായത്. വസ്ത്രങ്ങള്‍ മുഴുവന്‍ നിര്‍മിച്ചിരിക്കുന്നത് പ്ലാസ്റ്റിക്‌ കവറുകളും കുപ്പികളും ഗ്ലാസുകളും ഉപയോഗിച്ചാണ്. കണ്ടു നിന്നവരുടെ കണ്ണ് മിഴിഞ്ഞു പോയി . ഹമ്പോ എന്ന് പലരും മനസ്സില്‍ പറഞ്ഞു. ഈ വസ്ത്രങ്ങള്‍ ഒക്കെയും  അക്സ് അജിയെന്ന അജികുമാര്‍ സുധാകരന്റെ കരവിരുതാണ്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 

 
ഫാഷന്‍ ഷോ കാണാന്‍ മേനക ജംഗഷനില്‍ കാണികള്‍ തടിച്ചു കൂടിയപ്പോള്‍ 

തെരുവ് ഫാഷന്‍ ഷോ  
നാല് മാസങ്ങള്‍ കൊണ്ടാണ് അജി ഇത്രയും വസ്ത്രങ്ങള്‍ ഉണ്ടാക്കിയത്. പ്ലാസ്റ്റിക്ക് കവറുകള്‍ പ്രത്യേക രീതിയില്‍ ഒന്നിച്ചു ചേര്‍ത്ത് നിര്‍മിച്ച ഇംഗ്ലീഷ്‌ മോഡല്‍ തൊപ്പികള്‍, കുപ്പികള്‍ മുഴുവനായും പകുതി മുറിച്ചും ഉണ്ടാക്കിയ നീളന്‍ ഉടുപ്പുകള്‍, പാനീയം കുടിക്കുന്ന സ്ട്രോ നിരത്തി വച്ച മിഡിയും ടോപ്പും, പ്ലാസ്റ്റിക്‌ ഷീറ്റുകളും ചാക്കും കൂട്ടിച്ചേര്‍ത്ത കോട്ടുകള്‍, ഐസ്ക്രീം സ്റ്റിക്കുകളും ഷട്ടില്‍കോക്കും കൊണ്ടുള്ള മോഡേണ്‍ തൊപ്പികള്‍, പ്ലാസ്റ്റിക്‌ സ്പൂണ്‌കള്‍ നിരത്തിയ മേല്‍ക്കുപ്പായങ്ങള്‍, ചീട്ടു കൊണ്ടുള്ള വിശറിയും ഗൌണും , പ്ലാസ്റ്റിക്‌ ഗ്ലാസ്സുകളും കുപ്പികളുടെ മൂടികളും കൊണ്ടുള്ള പെണ്ണുടുപ്പുകള്‍, കൂള്ട്രിംഗ്സ് കാനുകള്‍ കൊണ്ടുള്ള പുറം കുപ്പായങ്ങള്‍, വിവിധ തരം സ്നാക്ക് കവറുകള്‍ കൊണ്ടുള്ള ഷര്‍ട്ടുകള്‍ എന്നിവയാണ് അജി കൊച്ചിയില്‍ അവതരിപ്പിച്ച വസ്ത്രങ്ങള്‍  


ലക്‌ഷ്യം
 ഏറെ കഷ്ടപ്പാടുകള്‍ക്കിടയില്‍ പരുവപ്പെടുത്തിയെടുത്ത ഈ വസ്ത്രങ്ങള്‍ കൊണ്ട് നൂതനമായ സന്ദേശ പ്രചരണം സംഘടിപ്പിക്കാനാണ് അജി  ഈ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്‌ നാടിന്റെയും സമൂഹത്തിന്റെയും വില്ലനാണ് എന്ന് കരുതുന്ന  അജി ഫാഷന്‍ ഷോയിലൂടെ ആകര്‍ഷിക്കപ്പെടുന്ന ജനത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നു.


ഫ്ലാഷ് ബാക്ക്
അജി
തിരുവനന്തപുരം  കടക്കാവൂര്‍ അഞ്ചു തെങ്ങ് സ്വദേശിയാണ് അജി. മാടന്‍വിളാകം വീട്ടില്‍ തയ്യല്‍ക്കാരായ സുധാകരനും മറിയാമ്മയും ആണ് മാതാപിതാക്കള്‍.  ഏതൊരു മാതാപിതാക്കളെയും പോലെ അജിയെയും അവര്‍  കോളജില്‍ അയച്ചു പഠിപ്പിച്ചു. കൊമേഴ്സ്‌ ആയിരുന്നു അജിയുടെ വിഷയം. തങ്ങള്‍ കഷ്ട്ടപെടുന്നത് പോലെ മകന്‍ കഷ്ടപെടരുത് എന്ന് ആ അച്ഛനമ്മമാര്‍ കരുതി. അതിനു വേണ്ടി സകല ത്യാഗവും സഹിച്ചാണ് ആ മാതാപിതാക്കള്‍ മകനെ വളര്‍ത്തിയത്‌. മകന് ഉയര്‍ന്ന ഉദ്യോഗം കിട്ടുന്നതായും എസി ഓഫീസില്‍ ജോലി ചെയ്യുന്നതായും വലിയ കാറില്‍ സഞ്ചരിക്കുന്നതായുമൊക്കെ അവര്‍ സ്വപ്നം കണ്ടു. അവരുടെ ഇഷ്ടം നിറവേറ്റാന്‍ മകന്‍ കോളജില്‍ പോയി . പക്ഷെ, മനസ്സില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യണം എന്ന് ആഗ്രഹം ഒളിപ്പിച്ചു വച്ചു. ആരോടും പറഞ്ഞതുമില്ല. അത് കൊണ്ട് തന്നെ ഡിസൈനിംഗ് മേഖലയില്‍ പഠനം നടത്താനോ ഏതെങ്കിലും ഡിസൈനറുടെ കീഴില്‍ പോയി നിന്ന് പ്രാക്ടീസ് നടത്താനോ തുനിഞ്ഞതുമില്ല.

പാവപ്പെട്ടവന്‍റെ ഡിസൈനര്‍
ഏതൊരാള്‍ക്കും അവരവരുടെ ശരീരത്തിന് ഇണങ്ങുന്ന രീതിയില്‍ വസ്ത്രം തുന്നണം എന്നതാണ് ഓരോ ഫാഷന്‍ ഡിസൈനര്‍മാരും ആദ്യം പഠിക്കുന്ന പാഠം. വിദേശങ്ങളില്‍ അതൊക്കെ സര്‍വസാധാരണമാണ്. എന്നാല്‍ ഈ കൊച്ചു കേരളത്തില്‍ അത്തരത്തില്‍ ഒരു ആഗ്രഹം നടപ്പില്ല. ഡിസൈനര്‍മാര്‍ അവരുടെ ഇഷ്ടത്തിനുള്ള വസ്ത്രം തുന്നും. നമുക്ക് വേണമെങ്കില്‍ ഇഷ്ടപെടാം. ആവശ്യമെങ്കില്‍ വാങ്ങാം. അതിനപ്പുറം ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല. പക്ഷെ, അജി കൂട്ടുകാര്‍ക്കിടയില്‍ ഹീറോ ആകുന്നത് അവര്‍ക്കിഷ്ടപെടുന്നതും അവരുടെ ശരീരത്തിന് ഇണങ്ങുന്നതുമായ വസ്ത്രങ്ങള്‍ രൂപ കല്‍പ്പന ചെയ്താണ്. അല്ലെങ്കിലും , അജിയുടെ മനസ് നിറയെ വിവിധ രൂപങ്ങളാണ്. കസവ് തുണിത്തരത്തില്‍ ചെയ്തെടുക്കുന്ന വിവധ ഡിസൈനുകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.  കുറഞ്ഞ ചെലവില്‍ മനോഹരമായ വസ്ത്രം എന്നതാണ്  അജിയുടെ പോളിസി. മോഡേണ്‍ വസ്ത്രങ്ങളും നാടന്‍ വസ്ത്രങ്ങളും ഒരേ പോലെ രൂപകല്‍പ്പന ചെയ്യാന്‍ അജിക്ക് കഴിയും.


പ്രദര്‍ശനത്തിന്റെ വഴി
രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ നാട്ടുകാരെ കാണിക്കാന്‍ എന്ത് വഴി എന്ന് കുറെ ആലോചിച്ചു അജി. ടി.വി ചാനലുകളിലെ എന്റര്‍ടൈന്‍മെന്റ് ഡസ്ക്കുകളില്‍ വിഷയം സമര്‍പ്പിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. അകാദമിക യോഗ്യതകള്‍ തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ സ്പോണ്സര്‍ഷിപ്‌ നല്‍കാനും ആരും മുന്നോട്ടു വന്നില്ല. അങ്ങനെയാണ് ആദ്യമായി  കൂട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞ വര്ഷം തിരുവനന്തപുരത്ത് നടുറോഡില്‍ റാമ്പ് തീര്‍ക്കാന്‍ തുനിഞ്ഞത്. അന്ന് ഇടതുപക്ഷത്തിന്റെ സമരം നടക്കുന്ന സമയം. ചാക്ക് കൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ പുരുഷ മോഡലുകള്‍ നടന്നെത്തിയപ്പോള്‍ കാണികള്‍ അത്ഭുതത്തോടെ വഴി മാറി കൊടുത്തു. മറ്റേതോ സമരം വരുന്നു എന്നാണു ആദ്യം എല്ലാവരും കരുതിയത്‌. പിന്നെയാണ് ഫാഷന്‍ ഷോ ആണെന്ന് മനസിലായത്. അപ്പോള്‍ നിറഞ്ഞ കയ്യടികളോടെയും ആര്‍പ്പ് വിളികളോടെയും മോഡലുകളെ വരവേറ്റു. അജിക്കും സന്തോഷം. പക്ഷെ, അന്നത്തെ ആ ഷോ പോരാ എന്ന് മനസ്സില്‍ തോന്നിയത് കൊണ്ടാണ് കൊച്ചിയില്‍ റാമ്പ് ഒരുക്കാമെന്ന് അജി തീരുമാനിച്ചത്. ഷോ നടത്തി. അത് തകര്‍ത്തു. ചങ്ങാതിയും 27പൌലോ എന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി സാരഥിയുമായ സുനില്‍ ജോണ്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.  


എല്ലാം അമ്മ
അമ്മയാണ് എല്ലാം. അജി പറയുന്നു- ‘’അമ്മക്കാണ് ഈ ഷോ സമര്‍പ്പിക്കുന്നത്. എനിക്ക് ഇങ്ങനെ ഒരു ഷോ ചെയ്യുന്നതിന് അമ്മ ഏറെ പരിശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസമായി രാവും പകലുമില്ലാതെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോഴും തുന്നിയെടുക്കുമ്പോഴും എനിക്കും കൂട്ടുകാര്‍ക്കും പ്രോത്സാഹനവും  ഭക്ഷണവും തന്നു അമ്മ കൂടെ നിന്നു. ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ മുഴുവന്‍ ക്രെഡിറ്റും അമ്മയ്ക്കാണ്’’







2013 ഡിസംബർ 10, ചൊവ്വാഴ്ച

ആപ്പ്‌ വച്ച ആപ്പ്



കമ്പ്യൂട്ടറിനെ പണ്ട് എതിര്‍ത്തവരും  സോഷ്യല്‍ മീഡിയ കൊണ്ട് എന്ത് കുന്തം ഉണ്ടാക്കാം എന്ന് ഇപ്പോള്‍ പറയുന്നവരും  ഡല്‍ഹിയിലേക്ക് നോക്കുക.

എങ്ങനെ സോഷ്യല്‍  മീഡിയ വഴി ജനവികാരം ഉണര്‍ത്താമെന്നും അത് നിലനിറുത്തി അധികാരം പിടിച്ചെടുക്കാമെന്നും ആപ്പ്‌ വച്ചവരെ നോക്കിയാല്‍ മനസിലാക്കാം.

ആപ്പ് വക്കുക തന്നെയാണ് അവര്‍ ഉദ്ദേശിച്ചത് . സോഷ്യല്‍ മീഡിയ    വഴി അവര്‍ അത് നേടി. അവര്‍ ആദ്യം വലയിലാക്കിയത് മാധ്യമങ്ങളെ ആണ്. ടാം റേറ്റിംഗ് കൂടാന്‍ കൂടുതല്‍ മാധ്യമ മാനേജ്‌മെന്റുകള്‍ മാധ്യമ പ്രവര്‍ത്തകരെ വിന്യസിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെന്കിലും  മനസ്സില്‍ കരുതിയത് അവരെ ഏതെങ്കിലും മൂലക്കിട്ട് പിന്നീട് ഒതുക്കാം എന്ന് തന്നെയാണ്. അതുകൊണ്ട് ആയത് പോലെ മാധ്യമങ്ങള്‍ രാംലീല മൈതാനിയില്‍ നടന്ന സമര പ്രഹസനത്തെ മാധ്യമങ്ങള്‍ നിറം , രുചി, കടുപ്പം എന്നിവ നല്‍കി ആഘോഷമാക്കി. അതിനാല്‍ കോര്‍പറേറ്റുകള്‍ കളിക്കുന്ന കളിയില്‍ ശിഖണ്ഡി ആയ  അന്ന ഹാസാരെയേയും  അല്പം അധികാര ഭ്രമം ഉള്ള കേജ്രിവാളിനെയും പൊതു ജനത്തിന് മനസിലാകാതെ പോയി.

ബദല്‍ രാഷ്ട്രീയം, മൂന്നാം മുന്നണി എന്നൊക്കെ പറഞ്ഞു നടന്ന ഇടതു പക്ഷത്തിനു കഴിയാത്തത് രണ്ടു കൊല്ലം കൊണ്ട് അവര്‍ നേടി.  അത്രക്കും അഴിമതി നിറഞ്ഞ    ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വന്തം ഇടം കണ്ടെത്താന്‍ ഇടതു പാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല. കമ്പ്യൂട്ടറിനെ എതിര്‍ത്ത കാലത്തു അത് ശരിയെന്നും പിന്നീട് തെറ്റെന്നും സമ്മതിച്ച ഇടതു പക്ഷം , ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയാന്‍ ഇനിയും പഠിച്ചിട്ടില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സാധ്യതകളെ അവര്‍ക്ക് ഇപ്പോഴും പുച്ഛമാണ്.

അഴിമതിയുടെ കുത്തകയും പേറ്റന്റും  എടുത്തു വച്ചത് കോണ്ഗ്രസ് പാര്‍ട്ടി തന്നെയാണ്. ആരെങ്കിലും നക്കാപ്പിച്ച കൊടുത്താല്‍ എന്തും ചെയ്തു കൊടുക്കാന്‍ അവര്‍ റെഡി ആണ്. അതാണ് ആ പാര്‍ട്ടിയുടെ ഇന്നത്തെ സംസ്‌കാരം. കക്കാനും നിക്കാനും അറിയുന്ന ബി.ജെപി കാരും അഴിമതിയില്‍ മോശമല്ല. അധികാരം കിട്ടിയയിടത്തോക്കെ പാവങ്ങളെ കുടിയിറക്കി  ഖനനവും അത് വഴി സമ്പാദിച്ച കോടിക്കണക്കിനു രൂപയും സ്വരണവും ലോറിയില്‍ കടത്തിയും അവര്‍ തിളങ്ങുന്നുണ്ട്.


ബിജെപിക്ക്  കേരളത്തില്‍ അക്കൌണ്ട് കിട്ടാത്തത് പോലെ ആപ്പിനും കേരളത്തില്‍ അക്കൌണ്ട് കിട്ടില്ല എന്നുറപ്പാണ്. പക്ഷെ, ഡല്‍ഹിയില്‍ സംഭവിച്ച കുറ്റിച്ചൂല്‍ അക്കൌണ്ട് കൊണ്ട് ബിജെപിക്കും കൊണ്ഗ്രസ്സിനും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ രാജ്യത്തെ കള്ളപ്പണക്കാരായ കോര്‍പറേട്ടുകള്‍ക്ക് കഴിഞ്ഞെങ്കില്‍  അത് സൂക്ഷിക്കണം.

ഒരിക്കല്‍ കേരളത്തില്‍ കൊച്ചിയില്‍ വന്ന സ്വാമി അഗ്‌നിവേശിനോടും ജസ്റ്റിസ് ഹേഗ്‌ഡേയോടും  (  ഇരുവരും പണ്ട് കേജ്രിവാളിനോപ്പം ഉണ്ടായിരുന്നു.)  ആപ്പുകാര്‍ എന്ത് കൊണ്ട് കോര്‍പരേറ്റുകളെ തൊടുന്നില്ല എന്ന ചോദ്യത്തിന് നിസഹായമായ തലക്കുലുക്കല്‍ മാത്രമാണ് മറുപടിയായി കിട്ടിയത്. ഓര്‍ക്കണം, പരസ്യം തരുന്നവരെ കുറിച്ച് എതിര്‍ വാര്‍ത്തകള്‍ എഴുതാതിരിക്കാനും ഇല്ലാത്ത പൊങ്ങച്ച കഥകള്‍ ഉണ്ടാക്കിയെഴുതാനും മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്ന വിഭാഗത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകരുടെ ഗതി തന്നെയാണ് ആപ്പിനും ഉള്ളത് എന്ന് കാലം തെളിയിക്കും. പക്ഷെ, അപ്പോഴേക്കും അവര്‍ വഴി പിഴിയപ്പെടുന്ന പൊതു ജനം ശരിക്കും ജീവച്ചവങ്ങളായി മാറി കഴിഞ്ഞിരിക്കും.

2013 നവംബർ 17, ഞായറാഴ്‌ച

തിരമാലയുടെ മകള്‍

വെയില്‍ പൊള്ളലുകള്‍ കാലടികളെ ചുട്ടുപഴുപ്പിച്ച രാമേശ്വരത്ത് നിന്നും ശാന്തതയുടെ വേലിയേറ്റം മനസ്സില്‍  തിരകളില്ലാതെ ഇരച്ചു കയറ്റുന്ന ധനുഷ് കോടിയിലെ കടലിനു നടുവില്‍ വര പോലെ നീണ്ടു കിടക്കുന്ന നീളന്‍ വെള്ളമണല്‍ പരപ്പിലേക്കുള്ള യാത്രക്കിടയിലാണ് അവള്‍, പവിത്ര കുറെ ശംഖുകളും വാരി ഓടിവന്നത് ...

അക്കാ..അക്കാ ... വാങ്ക് അക്കാ.... 
അവള്‍ നീട്ടിയ പ്ലാസ്റ്റിക്‌ കൂടില്‍ നിറയെ ശംഖുകളാണ് . കടലിന്റെ അടിത്തട്ടില്‍ പവിഴങ്ങളും മുത്തുകളും മല്‍സ്യസുന്ദരിമാരും നിറഞ്ഞ ലോകത്തുനിന്നും മരിച്ചു തീരത്തടിഞ്ഞ ശംഖുകള്‍. പിരിയന്‍ ചുഴികളും വെണ്ണക്കല്‍ തോല്‍ക്കും നിറവും ഉള്ള   പുറം തോടുകള്‍. കടലിന്റെ ഇരമ്പം എന്നും എവിടെയും ചെവിക്കരികെ ഇരച്ചു കേള്‍പ്പിക്കുന്ന മോക്ഷം പ്രാപിച്ച കടല്‍ വാസികള്‍. 

പത്തു രൂപ അക്കാ ...
ആ സഞ്ചി എനിക്ക് നേരെ നീട്ടി അവള്‍ പറഞ്ഞു. അമാന്തിച്ചില്ല. പഴ്സ് തുറന്നു അവള്‍ക്കൊരു പത്തു രൂപ നല്‍കി . ശംഖുകള്‍ ഇതാ എന്റെ കയ്യില്‍ .

എന്താ പേര് ?? 
പവിത്ര...  - പണം വാങ്ങുന്നതിനിടെ അവള്‍ പറഞ്ഞു 

 വീട് ?
അങ്കെ...- അവള്‍ മണല്‍ പരപ്പില്‍ ദൂരെ ഒരിടത്തുള്ള ഓലക്കുടിലിനു നേരെ കൈ ചൂണ്ടി.

സ്കൂളില്‍ പോയില്ലേ ??
പത്തു വയസ്സുകാരിക്ക് കടലിനേക്കാളും സ്കൂള്‍ ആണ് ചേരുന്നത് എന്ന വിശ്വാസം അപ്പോഴും എനിക്കുണ്ടായിരുന്നു.
പതിഞ്ഞ ശബ്ദത്തില്‍ 'ഇല്ല;എന്ന മറുപടിയും കുട്ടിത്തം നിറഞ്ഞ ചിരിയും പകരം തന്നിട്ട് അവള്‍ അമ്മയ്ക്കരികിലേക്ക് ഓടി.

രാമേശ്വരത്ത് നിന്നും ധനുഷ്‌കോടിയിലേക്കുള്ള  ബസ്‌ യാത്രക്ക്   എം.എന്‍ ചത്തിരം  എന്ന് അറിയപ്പെടുന്ന  സ്റ്റോപ്പില്‍  അവസാനമാകും. അവിടെ തുരുമ്പുകള്‍ കൊണ്ട് നിര്‍മിച്ചതെന്നു തോന്നിപ്പിക്കും വിധം പഴകിയ ഒരു വാച്ച് ടവര്‍ ഉണ്ട്. അതിന്റെ നിഴല്‍ വന്നു വീഴുന്നിടത്തു തിരമാലകള്‍ കൊണ്ടുവന്നിട്ട വെള്ള മണലില്‍ അവളുടെ അമ്മയിരിപ്പുണ്ട്. ധനുഷ്കോടി കടപ്പുറത്ത് നിന്നും അവരുടെ വീട്ടിലെ ആണുങ്ങള്‍ മുങ്ങിയും പെറുക്കിയും കൊണ്ട് വന്നു കൊടുത്ത ശംഖുകള്‍ തരം തിരിക്കുകയാണ് ആ അമ്മ. അത് ഉറ്റു നോക്കി അവളും അമ്മയുടെ സാരി തല്പ്പിന്റെ അരുമയില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്നു. അവളെ ആദ്യം അങ്ങനെയാണ് കണ്ടത്. എണ്ണയില്ലാത്ത തലമുടിയില്‍ കടല്‍ തിരമാലകള്‍ പറപ്പിച്ചു കൊണ്ട് വരുന്ന കടല്‍ കാറ്റിന്റെ നൃത്തം. , ഓട്ടത്തിനിടയില്‍ പണം വീണു പോകാതിരിക്കാന്‍  മുഷിഞ്ഞു വെണ്ണീറു നിറം വന്ന കുപ്പായത്തിലെ കീശ മാത്രം അവള്‍ പൊത്തിപ്പിടിച്ചിട്ടുണ്ട്.
ഇടയ്ക്കു ചെക്ക് പോസ്റ്റ്‌ കാക്കുന്ന  കുറെ പോലീസുകാര്‍ അവിടെയെത്തി. പവിത്രയും അനുജനും സന്ദര്‍ശകര്‍ക്ക് പിന്നാലെ പായുന്നതിനിടയില്‍ നിന്നും ജൂനിയര്‍ പോലീസുകാരന്‍ അവരെ കൂട്ടത്തില്‍ പ്രമാണി എന്ന് തോന്നിക്കുന്ന പോലീസുകാരന്റെ അടുത്തെത്തിച്ചു. അവളുടെ കണ്ണുകളില്‍ അല്പം പേടിയുണ്ട് . കുസൃതി നിറഞ്ഞ കാലുകള്‍ക്ക് ആ പേടിയെ ഒഴിവാക്കി മുന്നോട്ടു കുതിക്കാനാകുന്നില്ല.  ഷര്‍ട്ടിന്‍റെ  തുമ്പിലും  കോളറിലും തിരുപ്പിടിച്ചു അവള്‍ അവിടെ നിന്നും ഇടയ്ക്കിടെ അമ്മയിരിക്കുന്ന ഭാഗത്തേക്ക് പാളി നോക്കും . പോലീസുകാരുടെ കയ്യിലെ വടിയിലെക്കും നോക്കും. 


പവി ..നീ എന്താ കഴിച്ചത് ?- പോലീസുകാരന്റെ ചോദ്യത്തില്‍ വാല്‍സല്യം.  എന്നാല്‍ കണിശതയുള്ള അന്വേഷണം വ്യക്തമാണ്. ആരൊക്കെ വന്നു വീട്ടില്‍? അപ്പയുടെ  കൂടെ ആരെങ്കിലും രാത്രി ചോറുണ്ണാന്‍ വന്നോ ? എപ്പോള്‍ പോയി ? എന്താ കൊണ്ട് വന്നത്  ? തുടങ്ങി ഒരു കൂട്ടം ചോദ്യങ്ങള്‍.

 പോലീസിനു അറിയേണ്ടത് ലങ്കന്‍ തീരം ഭേദിച്ചോ ഇന്ത്യന്‍ പോലീസിന്റെ കണ്ണ് വെട്ടിച്ചോ ഇന്ത്യന്‍ തീരത്ത്  എത്തുന്ന ലങ്കക്കാരെ കുറിച്ചുള്ള സൂചനകളാണ്. ശംഖുകളില്‍ തിരമാലകള്‍ കോരിയെടുത്ത് മണല്‍ പാരപ്പിലെ കുഞ്ഞു കുഴികളില്‍ കടല്‍ ഒഴിച്ച് നിറക്കുന്ന നിഷ്കളങ്ക കുരുന്നുകളില്‍ നിന്നും വിവരം ചോര്‍ത്താമെന്നു അവര്‍ക്കറിയാം. അപ്പയുടെ കൂടെ മീന്‍ കൊണ്ട് വരുന്ന  ജീപ്പില്‍ കയറി  വരുന്നത് ശ്രീലങ്കന്‍ സ്വദേശികളാണോ എന്ന്  അറിയാന്‍  ചിലപ്പോഴൊക്കെ മിട്ടായി കൊടുത്തും ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കിയും ,ചിലപ്പോള്‍ വിരട്ടിയും പോലീസുകാര്‍ കാര്യം ആരായും.

 അവള്‍ക്കിത് ഇപ്പോള്‍ ശീലമാണ്. 
കടല്‍ അമ്മയാണ് എന്ന്  കരുതുന്നത് പോലെ അന്നം നല്‍കുന്ന ദൈവമാണ് എന്ന് കൂടി അവള്‍ പഠിച്ചിരിക്കുന്നു. മറ്റൊരു തീരത്ത് നിന്നും തിരമാല പൊക്കിയെടുത്തു കൊണ്ട് വരുന്ന മരക്കഷ്ണങ്ങളും കടലില്‍ പോകുന്ന മുക്കുവരുടെ കീറി പോയ വലയും സന്ദര്‍ശകര്‍ നല്‍കുന്ന നാണയതുട്ടുകളും അവള്‍ ഓടി പ്പോയി പെറ്റമ്മയെ ഏല്‍പ്പിക്കും.

അവള്‍ ഇപ്പോഴും അവിടെടെയുണ്ട്.
വെള്ള മണല്‍പരപ്പില്‍ നീലക്കടല്‍ വന്നു തൊടുന്നിടത്ത്‌ അവളുണ്ട്.
അവള്‍, തിരമാലയുടെ മകള്‍ !

face book link 

madhyamam online link 



എച്ച്.ഐ.വി ബാധിതര്‍ക്ക് ഹെല്‍പ് ഡെസ്ക്കുകള്‍


എച്ച്.ഐ.വി ബാധിതര്‍ക്ക് സേവനം നല്‍കുന്നതിന് പ്രത്യാശ കേന്ദ്രങ്ങള്‍ക്ക് പകരം  വിഹാന്‍ എന്ന  പദ്ധതി നടപ്പിലാക്കുന്നു. നാഷണല്‍ എയിഡ്സ് കണ്‍ട്രോള്‍ പ്രോഗ്രാമിന്‍െറ കീഴിലാണ് പദ്ധതി . വീടുകളില്‍ വന്നു സഹായം നല്‍കുന്നതിന് ഒൗട്ട് റീച് സര്‍വീസ്, ഹെല്‍പ് ഡെസ്ക്കുകള്‍, കമ്മ്യൂണിറ്റി അഡൈ്വവസറി ബോര്‍ഡ് എന്നീ സംവിധാനങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യാശ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ജൂണില്‍ നിലച്ചത് ഏറെ  ആരോപണങ്ങള്‍ക്കും ആശങ്കക്കും ഇടയാക്കിയിരുന്നു. എല്ലാ ജില്ലകളിലും ഇതിന്‍െറ സേവനം ലഭിക്കും. തിരുവനന്തപുരം , കോട്ടയം, പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് വിഹാന്‍ പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങള്‍. കൊല്ലം - 9633606956, ആലപ്പുഴ-9847090440, പത്തനംതിട്ട-9495309421, ഇടുക്കി-9495864668, എറണാകുളം- 9995368702, മലപ്പുറം-9645417338, കണ്ണൂര്‍-9846084598, വയനാട്- 8086327466 , കാസര്‍ഗോഡ്- 9562492914എന്നിവിടങ്ങളിലാണ് ഹെല്‍പ് ഡെസ്ക്കുകള്‍.
എയിഡ്സ്, മലേറിയ എന്നിവക്കെതിരെ ആഗോള തലത്തില്‍ പോരാടുന്ന ഫണ്ട് ടു ഫൈറ്റ് എയിഡ്സ്- ടിബി-മലേറിയ എന്ന സംഘടനയുടെയും    അലയന്‍സ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെയും സഹായത്തോടെ  രാജ്യമൊട്ടാകെ നടത്തുന്ന   പദ്ധതി  തുടക്കത്തില്‍ തന്നെ ഏറെ വിജയകരമാണെന്ന് പരിപാടിയുടെ കേരളത്തിലെ നടത്തിപ്പുകാരായ സി.പി.കെ പ്ളസ് ഭാരവാഹികള്‍ 'മാധ്യമ'ത്തോട്   പറഞ്ഞു.  എച്ച്.ഐ.വി രോഗാണു ബാധിതരയവരുടെ നിലനില്‍പ്പും ജീവിത നിലവാരവും ഉയര്‍ത്തുകയാണ് ലക്ഷ്യം. ജൂലൈയില്‍ ആരംഭിച്ച പദ്ധതിയില്‍  നിരവധി  ഗുണഭോക്താക്കള്‍ നിലവിലുണ്ട്.

2013 നവംബർ 7, വ്യാഴാഴ്‌ച

മോർഫിംഗ് വഴി ജയിലിലേക്ക്



എന്തേലും കാര്യമുള്ള കാര്യത്തിനു ആയിരുന്നെങ്കില്‍ എത്ര നന്നായേനെ ! ഇതിപ്പോ മുഖ്യമന്ത്രി  കല്ലേറ് കൊണ്ട് ആശുപത്രി കിടക്കയില്‍ കിടക്കുന്ന പടത്തിനു മീതെ റീത്തും കുറെ പൂക്കളും വിതറി, മരണവീടുകളില്‍ കൊണ്ട് വരുന്ന വെള്ളിക്കുരിശു തലക്കും വച്ച് പടം മോര്‍ഫ്  ചെയ്തു ഭംഗിയാക്കി ഫേസ് ബുക്കില്‍  നാലാളുടെ കയ്യടി വാങ്ങി ആളായി. ഇപ്പൊ ദെ പോലീസ് സ്‌റ്റേഷനില്‍ തല കുമ്പിട്ടു നില്ക്കുന്നു. വല്ല കാര്യവുമുണ്ടോ  ?

പടം ഞാന്‍ കണ്ടു . അതി മനോഹരമായി പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. അയാള് ഭാവിയില്‍ വലിയ ആളാകും, നിസ്സംശയം . 

എന്തായാലും വേറെ ദിക്കില്‍ ഇരുന്നു എന്ത് തോന്നിവാസവും ചെയ്താല്‍ ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് കരുതുന്ന കുറെ പേര്‍ക്ക്  മുന്നറിയിപ്പാണിത് !


ഗോവയില്‍ മര്യാദക്ക്  വീഡിയോ എഡിറ്റര്‍ പണി ചെയ്യുന്ന നേരത്താണ്  മാര്‍ട്ടിന്   ഈ കുരുട്ടുത്തരം  തോന്നിയത് !

21 വയസില്‍ ജയിലില്‍ കിടക്കണമെന്ന് , അതും ഈ ചൊറിഞ്ഞ കേസിന് , തലേവര കാണും. നാളെ പത്രത്തില്‍  തലപ്പടവും കാണാം .. ഓരോരോ യോഗങ്ങളേയ്    ...


2013 നവംബർ 4, തിങ്കളാഴ്‌ച

ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍ ...

face book link 


 ‘തമ്മില്‍ സംസാരിക്കാന്‍ ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കില്‍ ...ഒരുപക്ഷെ  ഭാര്യ ഇന്നും എന്നോടൊപ്പം തന്നെയുണ്ടായിരുന്നേനെ; ചെറിയ കാര്യങ്ങളുടെ പേരില്‍ വെറുതെ പിണങ്ങിപ്പിരിയേണ്ടി വരില്ലായിരുന്നു-എറണാകുളം ശിക്ഷക് സദനില്‍ ഒത്തുകൂടിയ ഒരു കൂട്ടം പുരുഷന്‍മാരുടെ കണ്ഠങ്ങളില്‍ നിന്ന് ഒരേ സ്വരത്തിലുയര്‍ന്നു ഈ നെടുവീര്‍പ്പ്.

കുറ്റബോധത്തിന്‍െറ പ്രതിഫലനം നിഴലിച്ചപ്പോഴും ചില സംവിധാനങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതു കൂടിയായി ഈ വാക്കുകള്‍. സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്തു പുരുഷന്മാരെ കള്ളക്കേസുകളില്‍ കുടുക്കുന്ന സംഭവങ്ങള്‍ കണ്ടത്തൊന്‍ ജനമിത്രം ജനകീയ നീതി വേദി സംഘടിപ്പിച്ച  തെളിവെടുപ്പിലാണ് ഭര്‍ത്താക്കന്മാരുടെ സങ്കടവും രോഷവും അണ പൊട്ടിയൊഴുകിയത്.

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. തെറ്റുകളും കുറ്റവും ഒരുപാടുണ്ടാകാം. വിവിധ സാംസ്കാരിക ചുറ്റുപാടുകളില്‍ വളര്‍ന്നവര്‍ ഒരുമിച്ചു ജീവിതം തുടങ്ങുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ഏറെയുണ്ട്. ഇതൊന്നും പരിഗണിക്കാന്‍ കുടുംബ കോടതികള്‍ തയ്യറാകുന്നില്ളെന്നതായിരുന്നു അവരുടെ പരാതി. അങ്ങിനെയൊരു വിശാല മനസ്കത കോടതികള്‍ കാട്ടിയിരുന്നെങ്കില്‍ ഒട്ടേറെ വിവാഹബന്ധങ്ങള്‍ പൊലിഞ്ഞു പോകില്ലായിരുന്നു -അവരുടെ വാക്കുകളില്‍ പ്രതിഷേധം നിറഞ്ഞുനിന്നു.

ഭാര്യയുമായി സംസാരിക്കാന്‍ ഒരു അവസരം കൂടി കിട്ടുമെന്ന് കരുതി കുടുംബ കോടതിയിലെ കൗണ്‍സിലറുടെ പക്കലത്തെുമ്പോള്‍ ഉടനെ വേര്‍പിരിയാനുള്ള റിപ്പോര്‍ട്ട്  എഴുതി വിടുകയാണെന്ന അനുഭവം യോഗത്തിലത്തെിയ ഭൂരിഭാഗം പേരും പങ്കു വച്ചു.  എന്ത് നുണ പറഞ്ഞും കേസ് വിജയിക്കാനുള്ള തത്രപ്പാടില്‍ പരസ്പരം സംസാരിക്കാനുള്ള അവസരം നിഷേധിക്കുന്ന വിധം കുടുംബ കോടതികളിലെ അഭിഭാഷകര്‍ ഇടപെടുന്നു.
എവിടെയെങ്കിലും പോയി ഒരുമിച്ചു ജീവിക്കാമെന്ന് രഹസ്യമായി ഭാര്യ  ആവശ്യപ്പെട്ടിട്ട് പോലും ചെയ്യാനാവാതെ പോയതിന്‍െറയും വേര്‍പിരിയേണ്ടി വന്നതിന്‍േറയും വേദന മറ്റു ചിലര്‍ക്ക്.   ഭാര്യയുടെയും തങ്ങളടേയും  വീട്ടുകാരുടെ പിടിവാശിയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. അഭിഭാഷകരുടെ പണത്തോടുള്ള  ആര്‍ത്തി മൂലം കുടുംബ കോടതികളില്‍ പോലും ഒത്തു ചേരാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. അഭിഭാഷകരില്ലെങ്കിലും  കേസ് മുന്നോട്ടു കൊണ്ട് പോകാന്‍ അവസരം വേണമെന്ന ആവശ്യമാണ് ഇവര്‍ക്കുള്ളത്.

കുടുംബ കോടതികള്‍ക്ക് പകരം പ്രായവും അനുഭവവും ജീവിത പരിചയവും വിവിധ മേഖലകളില്‍ പ്രാവീണ്യവും  ഉള്ളവരുടെ പാനല്‍ ഉണ്ടാക്കി ആശയവിനിമയത്തിനു സൗകര്യം ഉണ്ടാക്കണം. പൊതു ജനത്തിന് വിവാഹത്തിനു മുമ്പും ശേഷവും വിവാഹ -കുടുംബ ജീവിത കോഴ്സുകള്‍ ഒരുക്കണം. കൗണ്‍സിലര്‍മാരുടെ സേവനം കാര്യക്ഷമമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
കോടതികളില്‍ പുരുഷന്മാരെ മാത്രം കുറ്റവാളികളായി മുദ്ര കുത്തുന്ന പ്രവണത കൂടുതലാണെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. അതിനാല്‍  ദാമ്പത്യ  ജീവിതത്തില്‍ മനസമാധാനം നഷ്ടപ്പെട്ടതായി ഇവര്‍ വിലപിച്ചു . സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാതെ ഒരു വിവാഹ മോചന കേസിലും  വിധി പറയുന്ന അവസ്ഥ ഉണ്ടാകരുത്.

വിവാഹ മോചനം എളുപ്പത്തില്‍ ലഭിക്കാന്‍ ബന്ധുക്കള്‍ കള്ളക്കേസുകള്‍ നല്‍കുന്നത് മൂലം  പുരുഷനും അയാളുടെ വീട്ടിലെ സ്ത്രീകളുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്നു. ഇത്തരം കള്ളക്കേസുകള്‍ ഉണ്ടെന്നു തെളിഞ്ഞാല്‍ പുരുഷന് നീതി കിട്ടാന്‍ അവസരം ഉണ്ടാകണം. അതിനു പകരം, വാങ്ങാത്ത സ്ത്രീധനം തിരികെ നല്‍കണമെന്നും വാങ്ങിയിട്ടുണ്ടെങ്കില്‍ രണ്ടിരട്ടിയും മൂന്നിരട്ടിയും തിരികെ നല്‍കണമെന്ന തരം വിധികള്‍ ഒഴിവാക്കണം. വനിതാ കമ്മീഷന്‍ വനിതകളുടെ അവകാശങ്ങള്‍ക്ക്  വേണ്ടി മാത്രം നില കൊണ്ടാല്‍ പോരെന്നും സ്ത്രീകളുടെ സദാചാര ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

സ്ത്രീ സംരക്ഷണ നിയമങ്ങള്‍ പുനര്‍ വായനക്ക് വിധേയമാക്കണം. ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. സ്ത്രീകളുടെ കടമകള്‍ കൂടി എഴുതി ചേര്‍ക്കണണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 തെളിവെടുപ്പില്‍ 10 പരാതികള്‍ ലഭിച്ചതായി എറണാകുളം ജില്ല സെക്രട്ടറി കെ.വി സാബു ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയം നീതിവേദിയുടെ നാലംഗ സമിതി സ്ഥലത്തത്തെി പരിശോധിച്ച് ആവശ്യമെങ്കില്‍ നിയമ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങള്‍ തകര്‍ക്കുന്നതിന് പകരം ഒത്തുതീര്‍പ്പിലത്തെിക്കാനും പുരുഷന്മാരെ അന്യായമായി ഉപദ്രവിക്കുന്ന പ്രവണതക്ക് തടയിടാനും നീതിവേദി പ്രവര്‍ത്തിക്കും. 14 ഇന വിഷയങ്ങളില്‍ നീതി കിട്ടാന്‍  സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  എറണാകുളം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുളളവര്‍ തെളിവെടുപ്പിന് എത്തിയിരുന്നു.


2013 നവംബർ 2, ശനിയാഴ്‌ച

പൊന്ന് പോലൊരു പെണ്ണ്





വിവാഹത്തിന് ഒരു തരി പോലും പൊന്ന് ധരിക്കാതെ റിമാ കല്ലിങ്കല്‍ മലയാളിക്ക് നല്‍കുന്നത് ഉദാത്തമായ ജീവിത മാതൃക.

മക്കളുടെ വിവാഹത്തിനായി ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളും ചെലവിടേണ്ടി വന്ന മാതാപിതാക്കള്‍ക്ക്   തന്‍റെ വിവാഹ ചടങ്ങ്
സമര്‍പ്പിക്കുന്നു എന്ന് വ്യക്തമാക്കി വിവാഹ ദിവസം റിമ ഫേസ് ബുക്കിലെ തന്‍റെ പേജില്‍ കുറിപ്പ് ഇട്ടിരുന്നു.  റീമയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ കാണാം 

സമൂഹം ഇപ്പോഴും നാണംകെട്ട സ്ത്രീധന സമ്പ്രദായം തുടരുന്നു എന്നാണു റിമയുടെ പക്ഷം. തന്റെ അമ്മൂമ്മ ജീവിച്ചിരുന്നെങ്കില്‍   താന്‍ കല്യാണ പെണ്ണായി നില്‍ക്കുന്നത് കണ്ടു സന്തോഷിച്ചേനെ. എന്നാല്‍ അടിമുടി സ്വര്‍ണാഭരണം ധരിക്കാതെ കണ്ടാല്‍ വിഷമിക്കുകയും ചെയ്യുമായിരുന്നു.

വിവാഹത്തിനു സ്വര്‍ണം അധികം വേണ്ട എന്ന തോന്നല്‍  ചെറുപ്പം മുതല്‍  ഉണ്ടായിരുന്നു. വലുതാകുമ്പോള്‍ പല സമയത്തും ആ തോന്നല്‍ ശക്തമായി.

സിനിമയുടെ വിസ്മയ വേദി നല്‍കിയ മനോഹരമായ മുഹൂര്‍ത്തത്തെ സ്ത്രീധനത്തിനെതിരെ ഉറക്കെ ശബ്ദിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നുവെന്നും റീമ പറയുന്നു.

 ബ്ലാക്ക്‌ മെറ്റലില്‍ തീര്‍ത്ത , കഴുത്തിനോട് ചേര്‍ന്ന് കിടക്കുന്ന നെക്ലേസ് മോഡലില്‍ ഉള്ള മാലയും വലിയ ജിമിക്കിയും നെറ്റി ചുട്ടിയും മൈലാഞ്ചിയിട്ട കൈകളില്‍ നാലഞ്ച് കുപ്പി വളകളും മാത്രമായിരുന്നു കല്യാണ പെണ്ണിന്റെ അലങ്കാരം . വസ്ത്രത്തിലും ലാളിത്യം ദൃശ്യമായി.

  രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം നടത്തിയതും വിവാഹം ആര്ബാടമാക്കുന്നതിനു പകരം അതിനു വന്നേക്കാവുന്ന പത്തു ലക്ഷം രൂപ കാന്‍സര്‍ രോഗികള്‍ക്ക് കൈമാറിയതും റീമ കല്ലിങ്കല്‍- ആഷിക് അബു ദമ്പതികള്‍ക്ക് കയ്യടി നേടിക്കൊടുത്തിരുന്നു.

 ഒരു തരി പൊന്നു പോലും ധരിക്കാതെ വിവാഹത്തിനെത്തിയ റീമ മലയാളിക്ക് മുന്നില്‍ തീര്‍ക്കുന്നത് അസൂയാവഹവും പെട്ടെന്ന് അനുകരിക്കാന്‍ പറ്റാത്തതുമായ മാതൃക തന്നെയാണ് -

 ഈ ബ്ലോഗ്‌ പോസ്റ്റ് ഫേസ് ബുക്കില്‍ ചര്‍ച്ച ചെയ്തത് കാണാം 




പെണ്ണുങ്ങള്‍ വീട്ടിലിരിക്കട്ടെ

ടി.എച്ച് മുസ്തഫ 
അതാണല്ലോ എളുപ്പം. പെണ്ണുങ്ങള്‍ക്ക്  വീട്ടിലിരിക്കുകയാണ് നല്ലത് .  പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫയാണ്. ശ്വേത –പീതാംബര കുറുപ്പ് എം.പി  വിവാദത്തിനോട്  കഴിഞ്ഞ ദിവസം കൊച്ചിയില്‍ എറണാകുളം പ്രസ് ക്ലബില്‍  മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  അവിടെ പിടിച്ചു , ഇവിടെ പിടിച്ചു എന്നൊക്കെ പറയാന്‍ പുറത്തിറങ്ങുന്നത് എന്തിനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .  ചില പെണ്ണുങ്ങള്‍ ആണുങ്ങള്‍ക്കെതിരെ ഇല്ലക്കഥ ചമച്ച് പേരുണ്ടാക്കാന്‍ നടക്കുന്നു. പീതാംബര കുറുപ്പ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. പക്ഷെ, അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണ് അതെന്നും അദ്ദേഹം പറഞ്ഞു.

എങ്കില്‍ പെണ്ണുങ്ങളായ ഞങ്ങളൊക്കെ വീട്ടിലിരുന്നാല്‍ മതിയോ എന്ന് ഈയുള്ളവളാണ് ചോദിച്ചത്. നിങ്ങളല്ല, മാന്യതയില്ലാത്ത പെണ്ണുങ്ങള്‍ക്ക് ഇങ്ങനെയൊക്കെ വരും എന്ന് മറുപടിയും കിട്ടി.

അപ്പോള്‍ ശ്വേത മാന്യ സ്ത്രീ അല്ലെ എന്ന് ഞാന്‍ ചോദിയ്ക്കാന്‍ പോയില്ല.  'മാന്യതയില്ലാത്തവര്‍ പുറത്തിറങ്ങിയാല്‍' എന്ന് 
നേരത്തെ പറഞ്ഞ വരിയില്‍ ഉണ്ടല്ലോ എല്ലാം.

ശ്വേതമേനോന്‍  കേള്‍ക്കണ്ട.

ഇന്നോ നാളെയോ ടി.വി യില്‍ ഏതേലും ആക്ഷേപ ഹാസ്യ പരിപാടിയില്‍ വരുമ്പോള്‍ ശ്വേത മേനോന്‍ കാണുമായിരിക്കും . അപ്പോള്‍ അദ്ദേഹത്തോട്  ചോദിക്കുമായിരിക്കും .. അത് വരെ കാത്തിരിക്കാം.

എന്തായാലും തെറ്റ് ചെയ്തവരും തെറ്റ് ചെയ്യാന്‍ ആഗ്രഹമുള്ളവരും തെറ്റ് ചെയ്യാന്‍ പ്രേരണ നല്‍കുന്നവരും ശ്വേതയ്ക്ക് നേരെയുള്ള കല്ലെറിയല്‍ തുടരട്ടെ

ഫേസ് ബുക്ക്‌ ചര്‍ച്ച വായിക്കാം
 



2013 നവംബർ 1, വെള്ളിയാഴ്‌ച

ഇതൊക്കെ മാർപ്പാപ്പ കൂടി കേൾക്കണം

രണ്ടു മൂന്നു മാസമായി തൃശൂര്‍ അതിരൂപതയുടെ 'കത്തോലിക്കാ സഭ ' എന്ന പത്രം പെണ്ണെഴുത്ത്, ഫെമിസ്നിസ്റ്റ്‌ എന്നൊക്കെ പറഞ്ഞ്  കൊടുവാളും എടുത്തു കൊണ്ട് ഇറങ്ങിയിരിക്കുകയാണ്. സാറ ജോസഫിനെയും അവരെ വെട്ടാന്‍ മാധവിക്കുട്ടിയേയും എടുത്തിട്ട് പെരുമാറി . ആഗസ്റ്റില്‍ വിഷയം കത്തി. വിവാദമായി. പലരും എതിര്‍പ്പുകളുമായി വന്നു. സ്ത്രീ വിരുദ്ധത പറഞ്ഞതു വിവാദമായപ്പോള്‍  ഓരോ ലക്കത്തിലും ലേഖകന്‍ രഞ്ജിത്തിനെ സപ്പോര്‍ട്ട് ചെയ്യുന്ന കത്തുകളും മറ്റും നല്‍കിയാണ്  ഇപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പെടാപ്പാട് പെടുന്നത്.  കത്തുകള്‍ വായിച്ചപ്പോള്‍ അവിടെ കത്തോലിക്കാ സഭ വെബ്സൈറ്റിലൂടെ തന്നെ ഞാന്‍ ഒരു കമന്റ് നല്‍കി.-''ഇതൊക്കെ മാര്‍പ്പാപ്പക്ക് കൂടി വിവര്‍ത്തനം ചെയ്തു അയച്ചു കൊട്ക്കണം. മാര്‍പ്പാപയുടെ അഭിപ്രായം കൂടി അറിയാന്‍ ആഗ്രഹമുണ്ട്'' എന്ന് .

നന്നായി ഇംഗ്ലീഷ്‌ അറിഞ്ഞിരുന്നെങ്കില്‍ ഒച്ചപ്പാട് തന്നെ ഇത് വിവര്‍ത്തനം ച്യ്ത ശേഷം മാര്‍പ്പാപ്പക്ക് അയച്ചു കൊടുക്കുമായിരുന്നു. വിവര്‍ത്തനം ചെയ്യാന്‍ ആരെങ്കിലും സഹായിച്ചാലും മതി !

 ഇതൊക്കെ മാർപ്പാപ്പ കൂടി കേൾക്കണം

ഫേസ് ബുക്ക്‌ ചര്‍ച്ച കാണാം 

2013 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

എത്ര തല്ലു തല്ലിയാല്‍ പ്രാണന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടും ?

Aksa -Face book Link
കടപ്പാട് - മനോരമ ഇ-പേപ്പര്‍ 
എത്ര തല്ലു തല്ലിയാല്‍ പ്രാണന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടും ? ആലോചിക്കുമ്പോള്‍ ഹൃദയം പറിഞ്ഞു പോകുന്നു. അക്സ*യുടെ മുഖം കാണുമ്പോള്‍ ഹൃദയം പിളര്‍ന്നു പോകുന്ന പോലെ ! 

വാരിയെല്ലും കൈത്തണ്ടയും തലയോട്ടിയും പൊട്ടിപ്പിളരും വിധം ആ കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊന്നു. കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു വരികയാണെന്നും ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ശരീരം വളരാത്ത കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച അവനു ജീവിച്ചിരിക്കാന്‍ യോഗ്യതയില്ല.

പത്തു മാസം വയറ്റില്‍ സൂക്ഷിക്കാനും പിന്നെ ഇവ്വിധം കൊല്ലാനും നീയെന്തിനാണ് സ്ത്രീയെ ആ കുഞ്ഞിനെ പെറ്റിട്ടത്? കുട്ടികളെ വേണ്ടെങ്കില്‍ നീയെന്തിനാണ് ഗര്‍ഭം ധരിച്ചത് ? എളുപ്പം അതായിരുന്നല്ലോ ! കുഞ്ഞിനെ കൊന്നിട്ടും നീ അവനു കൂട്ട് നിന്നത് എന്തിനാണ് ?? നിനക്കും ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ല. 


ഒരു നാല് വയസ്സുകാരി  കുഞ്ഞിനെ ഇത്രക്കും ക്രൂരമായി കൊല ചെയ്തത് ഇങ്ങു കേരളത്തിലാണ്. അങ്ങ് ദില്ലിയില്‍ അല്ല. കൊന്നത് വിവരവും ബുദ്ധിയും ബോധവും ഇല്ലാത്തവരല്ല. പ്രബുദ്ധ കേരള ജനതുടെ ഒരു അംഗം. ക്രൂരമായി പീഡിപ്പിച്ചത് അന്യസംസ്ഥാനക്കാരല്ല , മലയാളി തന്നെയാണ്.

മടിച്ചു നില്‍ക്കരുത്.  പ്രതികരിക്കണം . ഫേസ് ബുക്കിലും ഗൂഗിളിലും ട്വിറ്ററിലും പ്രതികരിക്കണം. അവിടെ മാത്രം പോരാ തെരുവിലിറങ്ങണം.
ശബ്ദമുയര്‍ത്തണം. ഉടനെ വേണം. മൊത്തം സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന കുടില ചിന്തകളും ചിന്താഗതികളും തിരുത്താന്‍ ഓരോരുത്തരും മുന്നോട്ടു വരണം, സ്വയം തയ്യാറാകണം.

ഇനിയൊരു അക്സ നമ്മുടെ കുടുംബത്തിലോ പരിച്ചയത്തിലോ ഉള്ള കുഞ്ഞായിരിക്കില്ല  എന്ന് എന്താണ് ഉറപ്പ് ?


കുഞ്ഞിനെ കൊന്ന രജിത്, കുഴിച്ചു മൂടാന്‍ സഹായിച്ച ബേസില്‍, അമ്മ റാണി 
കടപ്പാട് - മനോരമ ഇ-പേപ്പര്‍ ഒക്ടോബര്‍ 31, 2013  


2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

സിനിമയുടെ കിളി വാതിൽ തുറന്ന് സംഗീത 'രാജഹംസം '

കൊച്ചി: ജീവിതത്തിന്‍െറ റിയാലിറ്റി ഷോയില്‍ സംഗീത രാജഹംസമായ ചന്ദ്രലേഖക്ക് മലയാള സിനിമ പിന്നണിയില്‍ അരങ്ങേറ്റം. ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും ലക്ഷങ്ങളുടെ മനംകവര്‍ന്ന ഗായിക, എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന ‘ലൗ സ്റ്റോറി’യിലൂടെയാണ് സിനിമയിലേക്കു ചുവടുവെച്ചത്.

‘കണ്‍കളാലൊരു കവിതയെഴുതാന്‍ വന്നുവോ കിളിവാതിലില്‍’ എന്ന ഗാനത്തിന്‍െറ റെക്കോര്‍ഡിങ് വ്യാഴാഴ്ച പാലാരിവട്ടം ജനതാറോഡിലെ ഫ്രെഡി സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി. സോഷ്യല്‍ നെറ്റ്വര്‍കിങ് സൈറ്റുകളിലൂടെ സിനിമാഗാന രംഗത്തേക്ക് ഉയര്‍ത്തപ്പെട്ട മലയാളത്തിന്‍െറ ആദ്യ ഗായികയാണ് ചന്ദ്രലേഖ. പുതുമുഖ ഗായികക്കായി നിര്‍മാതാവ് മിലന്‍ ജലീലും സംവിധായകന്‍ പ്രശാന്തും അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ചന്ദ്രലേഖയുടെ പാട്ട് കേട്ടത്. ‘രാജഹംസമേ മഴവില്‍ കൊടിയില്‍’ എന്ന ഗാനം ഫേസ്ബുക്കിലൂടെ കേട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ളെന്ന് പ്രശാന്ത് പറയുന്നു.

അങ്ങനെയാണ് പത്തനംതിട്ട കുമ്പളാംപൊയ്കയിലെ പറങ്കിമാമൂട്ടില്‍ വീട്ടിലത്തെിയത്. പാട്ട് ചിട്ടപ്പെടുത്തിയ ഡേവിഡ് ഷോണ്‍, ഗാനരചയിതാവ് സുധി കൃഷ്ണ എന്നിവരുടെയും ആദ്യ സിനിമയാണിത്. സംഗീതം പഠിക്കാത്തതിന്‍െറ ചില ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പറഞ്ഞുകൊടുത്തത് മനസ്സിലാക്കി 10 മിനിറ്റുകൊണ്ട് പാട്ട് പഠിച്ച ചന്ദ്രലേഖ മികച്ച ഭാവത്തോടെ തന്നെ പാട്ട് പൂര്‍ത്തിയാക്കി. സിനിമയില്‍ പാടാനാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഫേസ്ബുക്കിലെയും യൂട്യൂബിലെയും കൂട്ടായ്മയാണ് അതിനു വഴിയൊരുക്കിയത്. അതുകൊണ്ടുതന്നെ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലെ പ്രേക്ഷകര്‍ക്കാണ് തന്‍െറ പാട്ട് സമര്‍പ്പിക്കുന്നതെന്നു ചന്ദ്രലേഖ പറയുന്നു.

ഗാനം പാടിയ ആദ്യദിനം തന്നെ തരംഗമായി. റെക്കോഡിങ് നടന്ന് മണിക്കൂറുകള്‍ക്കകം പാട്ട് സോഷ്യല്‍ മീഡിയകളില്‍ സൂപ്പര്‍ഹിറ്റായത്. ഡേവിഡ് ഷോണ്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്‍െറ റെക്കോഡിങ് സിബി മലയില്‍ ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച കൊച്ചിയില്‍ പൂര്‍ത്തിയാക്കിയത്.

. മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിന് ഷെയറുകളും കമന്‍റുകളും കൊണ്ട് സൈബര്‍ലോകത്ത് ചന്ദ്രലേഖ നിറഞ്ഞു. അടൂര്‍ പറക്കോട് പരേതനായ രാഘവന്‍െറയും തങ്കമ്മയുടെയും മകളായ ചന്ദ്രലേഖ വിവാഹത്തോടെയാണ് പത്തനംതിട്ടയിലത്തെുന്നത്. പത്തനംതിട്ട എല്‍.ഐ.സി ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരനായ രഘുനാഥാണ് ഭര്‍ത്താവ്.

ഇനിയെങ്കിലും ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്ന ആഗ്രഹമാണ് ചന്ദ്രലേഖക്കിപ്പോഴുള്ളത്. സ്വന്തമായി ഇ-മെയില്‍ വിലാസമോ, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത ചന്ദ്രലേഖയുടെ പാട്ട് ഭര്‍ത്താവ് രഘുനാഥിന്‍െറ അനുജന്‍ ദര്‍ശനാണ് 2012 സെപ്റ്റംബറില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. സമീപകാലത്ത് മറ്റാരോ വീണ്ടും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് പാട്ട് ഹിറ്റായത്.                                                                                      .
-

2013 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

മരണ വീടുകളിലേക്ക് തീർഥാടനം നടത്തുക

മരണം വരുമൊരുനാൾ ഓർക്കുക  മർത്യാ  നീ 
കൂടെ പോരും നിൻ ജീവിത ചെയ്തികളും ,സത്കൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ 

ജനിച്ചാൽ ഒരു ദിവസം  മരിക്കണം. മരിച്ചാൽ എവിടെ അടക്കും എന്നതിൽ  പ്രത്യേകിച്ച്  ആശങ്കപെടാനില്ല. മൃതദേഹം ചിതയിലാണോ ആറടി ആഴം മാത്രമുള്ള കുഴിയിലാണോ പുഴയിൽ  ഒഴുക്കി വിട്ടാണോ, കഴുകന് തിന്നാൻ കൊടുത്താണോ സംസ്കരിച്ചത് എന്നതിലും വലിയ അർത്ഥമില്ല. ശവശരീരം മണ്ണിലാണോ സിമന്റിട്ട കുഴിയിലാണോ മാർബിൾ പതിച്ച്  അലങ്കരിച്ച ശവക്കല്ലറയിലാണോ അടക്കിയത്‌ എന്നും ആലോചിച്ചിട്ട് കാര്യമില്ല. അത് പള്ളി സെമിത്തേരിയിലാണോ വീട്ടു വളപ്പിലാണോ പാമ്പാടി ഐവർ മഠത്തിലാണോ  ഭാരതപ്പുഴ തീരത്താണോ എന്നതിലും കാര്യമില്ല. എവിടെയാണെങ്കിലും  മണിക്കൂറുകൾക്കകം ശരീരം അഴുകി തുടങ്ങും. അതാണ്‌ പ്രകൃതി നിയമം. അതിനെ പ്രകൃതിയെന്നോ ദൈവമെന്നൊ യുക്തിയെന്നോ വിളിക്കാം. ആര് മരിച്ചാലും മരണവും തുടർ പ്രക്രിയകളും തടുക്കാൻ മനുഷ്യനാകില്ല. പക്ഷെ, മരണത്തിനു ശേഷം ഒരു മനുഷ്യനെ ജനം എങ്ങനെ ഓർത്തിരിക്കുന്നു എന്നതിലാണ് കാര്യം.മരിച്ചയാൾ നല്ലവനായിരുന്നോ കെട്ടവനായിരുന്നൊ എന്നത് അടിസ്ഥാനപ്പെടുത്തിയായിരിക്കും അയാൾ പില്ക്കാലത്ത് ഓർമിക്കപ്പെടുക.
Pro.C.C.Jacob
കഴിഞ്ഞ ദിവസം തൊടുപുഴയിൽ സി.എസ് .ഐ സഭയുടെ എള്ളുമ്പുറം ഇടവകയിൽ മരണപ്പെട്ട പ്രൊഫസർ സി.സി ജേക്കബിന്റെ മൃതദേഹം സംസകരിക്കുന്നതിൽ സഭ വിലക്കേർപ്പെടുത്തി. സാക്ഷാൽ ഒടയ തമ്പുരാൻ അല്ല വിലക്ക് നല്‍കിയത്. മൂപ്പരുടെ പേരും പറഞ്ഞ് അധികാരവും ഇടവക സമ്പത്തും അടക്കി വാഴുന്ന ബിഷപ്പും കൂട്ടരുമാണ് ഇതിനു പുറകിൽ . കാരണമായി പറയുന്നത് അധ്യാപകനായിരുന്ന ജേക്കബ് പുസ്തകം എഴുതിയപ്പോൾ അതിൽ സഭയെ വിമര്ശിച്ചു എന്നാണ് . രണ്ടു തവണ എം.ജി സർവകലാശാല  സിണ്ടിക്കേറ്റ് അംഗം,മേലുകാവ്  ഹെൻറി ബേക്കർ കോളേജിൽ ചരിത്ര വിഭാഗം അധ്യാപകൻ എന്നീ നിലകളിൽ ഔദ്യോഗിക ജീവിതം നയിച്ചയാളാണ് ചുവന്ന പ്ലാക്കൽ ചാക്കോയുടെയും ഏലിയാമ്മയുടെയും ഇളയ മകനായ ജേക്കബ് . സി.എസ്.ഐ മധ്യ കേരള മഹായിടവകയുടെയും കിഴക്കാൻ കേരള മഹായിടവകയുടെയും കൗണ്‍സിൽ അംഗമായും സിനഡ് എക്സിക്യൂട്ടീവ് അംഗമായും സിനഡ് അംഗമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം എഴുതിയ ജലസ്നാനം എന്ന പുസ്തകത്തിന്റെ പേരിൽ മാപ്പ് പറയാത്തിടത്തോളം ശവമടക്ക് പള്ളിയിൽ നടത്താൻ അനുവദിക്കില്ല എന്ന വിലക്കുമായി കർത്താവിന്റെ അഭിഷിക്തർ എന്നറിയപ്പെടുന്നവർ രംഗത്ത്‌ വന്നു. ഒരു ചെകിടത്തടിച്ചാൽ മറു കരണം കൂടി കാണിച്ചു  കൊടുക്കുക എന്ന് ആഹ്വാനം നല്കിയ യേശു ക്രിസ്തു എന്ന മഹാനായ വിപ്ലവകാരിയുടെ പുതു തലമുറയ്ക്ക്  ശവശരീരത്തെ  വിലക്കാൻ  ആരാണ് അധികാരം നല്കിയത് ?? കുടുംബ കല്ലറയിൽ പറ്റില്ല, വേണെമെങ്കിൽ സഭയുടെ സൗജന്യമായി സാധാരണ കല്ലറയിൽ ആവശ്യമെങ്കിൽ അടക്കാൻ  അനുമതി നല്കാം എന്നൊക്കെ പറയാൻ തക്ക ഒരധികാരവും സഭാസ്ഥാനാരോഹികൾക്ക്  ഇല്ല. കുടുംബക്കാർ അവസാനം വീട്ടു വളപ്പിൽ ശവമടക്ക് നടത്തി.

നാണംകെട്ട ഭരണ കൂട ത്തിനു മുന്നിൽ  ഒരു ചോദ്യം. സഭ,എന്തിന്റെ അടിസ്ഥാനത്തിലായാലും ഒരു മൃതദേഹത്തെ അപമാനിക്കും വിധം നടപടിക എടുത്തതും സംസ്കാരം വൈകിപ്പിച്ചതും മൃതദേഹത്തെ വച്ച് വിലപേശൽ നടത്തിയതും നോക്കി നില്ക്കാൻ നാണം തോന്നുന്നില്ലേ?? ഇവിടെ എന്തിനാണ് പോലീസ്?? എന്തിനാണ് ഭരണകൂടം ?? 

സഭ അധികാരികളോട്- തിരു വസ്ത്രം അണിഞ്ഞത് കൊണ്ട് മാത്രം നല്ലവൻ ആകില്ല. സ്വർഗത്തിൽ വി.ഐ.പി സീറ്റും കിട്ടില്ല.  മരിക്കും മുൻപ് നന്മ ചെയ്യുക.നാട്ടാർ നല്ലത്  പറയും. തീർഥാടനം നടത്തിയിട്ടും തീർഥാടന കേന്ദ്രം ഒരുക്കിയിട്ടും നന്മ ഉണ്ടാകില്ല. പകരം മരണ വീടുകളിലേക്ക് തീർഥാടനം നടത്തുക. മനുഷ്യര് ഇത്രയേ ഉള്ളൂവെന്നും ഉള്ള കാലം നല്ലത് ചെയ്യണമെന്നും അപ്പോൾ ബോധ്യം വരും .

2013 സെപ്റ്റംബർ 28, ശനിയാഴ്‌ച

പ്ലാറ്റ് ഫോം തകരുന്ന ബസുകൾ


സംസ്ഥാനത്ത് ബസുകളടക്കമുള്ള വാഹനങ്ങള്‍ക്ക് ബോഡി നിര്‍മിച്ചുകൊടുക്കുന്ന തൊഴില്‍ വര്‍ഗത്തെ വഴിയാധാരമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപണമുയരുന്നു.

 സംസ്ഥാനത്തെ 430 ബസ് ബോഡി യൂനിറ്റുകളിലെ 26,000 ത്തിലധികം തൊഴിലാളികള്‍ നിര്‍മിച്ചുകൊടുക്കുന്ന ബോഡി ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഈമാസം 30 ന് ശേഷം രജിസ്ട്രേഷന്‍ നല്‍കേണ്ടെന്ന നിലപാട് വന്‍ കുത്തകകളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. കൊല്ലപ്പണിക്കാരാണ് കൂടുതലും ഈ മേഖലയിലുള്ളത്. എ.ആര്‍.ഐ.എ എന്ന ഏജന്‍സിയില്‍ നിന്ന് ലൈസന്‍സ് എടുത്താലേ ബോഡി കെട്ടിയിറങ്ങുന്ന വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

 എന്നാല്‍, ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ സാധാരണ തൊഴിലാളികള്‍ക്കും തൊഴില്‍ യൂനിറ്റുകള്‍ക്കും താങ്ങാനാകാത്തതാണ്. ലൈസന്‍സ് ഫീസായി രണ്ടുലക്ഷം രൂപയും പൂനെയില്‍ നിന്നുള്ള ഫൈ്ളറ്റ് ടിക്കറ്റും കുറഞ്ഞത് രണ്ടര ഏക്കര്‍ ഭൂമിയും വേണമെന്നാണ് മാനദണ്ഡം. ബോഡി പണിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കണം. പൈപ്പ് ബോഡി എന്ന രീതി മാത്രമെ അവലംബിക്കാവൂ എന്ന നിബന്ധനകളുമുണ്ട്.

കുത്തകകള്‍ക്ക് മാത്രം നടത്താന്‍ കഴിയുന്ന വിധമാണ് പുതിയ നിര്‍ദേശങ്ങള്‍. നാലുവര്‍ഷം മുമ്പാണ് വന്‍ കുത്തകകള്‍ കേരളവിപണി കീഴടക്കാന്‍ തുടങ്ങിയത്. എ.ആര്‍.ഐ.എ, സി.ഐ.ആര്‍.ടി, സി.ആര്‍.ഐ.ഇ തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാറിന്‍െറ അനുവാദത്തോടെയാണ് സംസ്ഥാനത്ത് ഇത്തരം സ്വയം തൊഴില്‍ സംരംഭങ്ങളെ കൈവശപ്പെടുത്തുന്നത്. 10- 15 വര്‍ഷം ഈടുനില്‍ക്കുന്ന വെസ്റ്റേണ്‍ ഇന്ത്യ, വാട്ടര്‍മാന്‍ തുടങ്ങിയ കമ്പനികളുടെ പൈ്ളവുഡുകളാണ് തദ്ദേശീയ യൂനിറ്റുകള്‍ ഉപയോഗിക്കുന്നത്. ഇത് താരതമ്യേന സുരക്ഷിതവുമാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ ബസ് ബോഡി നിര്‍മാണ യൂനിറ്റുകളായ മാര്‍ക്കോപ്പോളോയും ടാറ്റയും ചേര്‍ന്ന് കര്‍ണാടകയിലെ ധാര്‍വാടില്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്ന പ്ളാറ്റ്ഫോം കേരളത്തില്‍ സ്കൂള്‍ ബസുകളിലടക്കം ഉപയോഗിക്കുന്നുണ്ട്. അത്തരം വാഹനങ്ങളിലെ പ്ളാറ്റ്ഫോം ദ്രവിച്ച് സ്കൂള്‍ കുട്ടികള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിലത്ത് വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

തദ്ദേശീയ ബസ് ബോഡി യൂനിറ്റുകളില്‍ നിന്നും പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ ഇത്തരം സുരക്ഷാ പ്രശ്നങ്ങള്‍ പൊതുവെ കുറവാണ്. എന്നാല്‍, പുതിയ സര്‍ക്കാര്‍ നയം കൂടുതല്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. 2007 ല്‍ ഈ നിര്‍ദേശം നടപ്പാക്കാന്‍ ശ്രമം നടന്നെങ്കിലും പ്രതിഷേധം മൂലം വിഫലമായി. വീണ്ടും നടപ്പാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറണമെന്ന് തൊഴിലാളികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും സാവകാശം നല്‍കണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്ന സൊസൈറ്റി രൂപവത്കരിച്ച് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നും ഓട്ടോ മൊബൈല്‍ ബോഡി ബില്‍ഡേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

2013 സെപ്റ്റംബർ 11, ബുധനാഴ്‌ച

ഗുണ്ടര്‍ട്ട് ജര്‍മനിയിലേക്ക് കൊണ്ടുപോയ താളിയോലകള്‍ 153 വര്‍ഷശേഷം പുസ്തകങ്ങളായി മടങ്ങിയത്തുന്നു

face book link 

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനൊപ്പം കടല്‍ കടന്നുപോയ കേരളത്തിന്‍െറ അമൂല്യഗ്രന്ഥങ്ങള്‍ ജര്‍മനിയില്‍നിന്ന് മടങ്ങിയത്തുന്നു  . കേരളത്തില്‍ ഏറെക്കാലം താമസിച്ച് മലയാളഭാഷക്ക് ശ്രദ്ധേയസംഭാവനകള്‍ നല്‍കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1859ല്‍ ജര്‍മനിക്ക് മടങ്ങിയപ്പോള്‍ കൊണ്ടുപോയ താളിയോലകളും കൈയെഴുത്തുപ്രതികളും 153 വര്‍ഷശേഷം അച്ചടിച്ച പുസ്തകങ്ങളും കുറിപ്പുകളുമായാണ് തിരിച്ചെത്തിക്കുന്നത്.
ജര്‍മനിയിലെ ട്യൂബിങ്ങണ്‍ സര്‍വകലാശാലയിലെ ഗ്രന്ഥശാലയില്‍നിന്ന് ഇവ കൊണ്ടുവരുന്നത് മലയാളം വിക്കി സമൂഹമാണ്. 1980കളില്‍ മലയാളഭാഷ പണ്ഡിതനായ പ്രഫ. സ്കറിയ സക്കറിയ തന്‍െറ പഠന ഗവേഷണ കാലഘട്ടത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ഗ്രന്ഥങ്ങള്‍ സര്‍വകലാശാലയില്‍നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ഏതാനും ചില ഗ്രന്ഥങ്ങള്‍ പഠനസംബന്ധിയായി അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.ബാക്കി മുഴുവന്‍ ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും താളിയോലകളും കേരളത്തില്‍ എത്തിക്കാനായില്ല. ഏറെക്കാലങ്ങള്‍ക്ക് ശേഷം അടുത്തിടെ നടന്ന ചര്‍ച്ചകളിലാണ് ഇവ സംരക്ഷിക്കുകയും പുതുതലമുറക്ക് പകര്‍ന്നുനല്‍കുകയും ചെയ്യേണ്ടതിന്‍െറ ആവശ്യകത ഉയര്‍ന്നുവന്നത്.നിലവില്‍ ഗ്രന്ഥങ്ങളും അപൂര്‍വങ്ങളായ കൈയെഴുത്തുപ്രതികളും ഡിജിറ്റലൈസ് ചെയ്ത് സമൂഹത്തിന് സൗജന്യമായി വായിക്കാന്‍ നല്‍കുന്ന മലയാളം വിക്കി സമൂഹം ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 1000 പഴഞ്ചൊല്ലുകള്‍, പഴഞ്ചൊല്ല് മാല എന്നീ രണ്ട് താളിയോലക്കൂട്ടങ്ങളാണ് ജര്‍മനിയില്‍നിന്ന് ആദ്യഘട്ടത്തില്‍ ഡിജിറ്റലൈസ് ചെയ്ത് മലയാളം വിക്കി പീഡിയയില്‍ പ്രസിദ്ധീകരിക്കുക.മലയാളഭാഷാ വ്യാകരണം, ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ളീഷ് ഡിക്ഷനറി, ബൈബ്ളിന്‍െറ മലയാള പരിഭാഷ എന്നിവ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍െറ പ്രധാന സംഭാവനകളാണ്. സംസ്കൃതമല്ലാത്ത ആദ്യത്തെ ആധികാരിക പഠനങ്ങളായിരുന്നു അദ്ദേഹം മലയാളഭാഷക്ക് സംഭാവന നല്‍കിയത്. രാജ്യസമാചാരം എന്ന കേരളത്തിലെ ആദ്യ മലയാളപത്രവും വിജ്ഞാന സമ്പന്നമായ ലേഖനങ്ങളുള്ള ‘പശ്ചിമോദയ’വും അദ്ദേഹത്തിന്‍െറ സംഭാവനകളാണ്. ബുധനാഴ്ച എറണാകുളം കാക്കനാട് പ്രസ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ ട്യൂബിങ്ങണ്‍ സര്‍വകലാശാലയിലെ ഇന്തോളജി വിഭാഗം പ്രഫസറും കൂടിയാട്ടത്തില്‍ അരങ്ങേറ്റം നടത്തിയ ആദ്യ വിദേശവനിതയുമായ ഡോ. ഹൈകെ മോസര്‍ ഈ ഗ്രന്ഥങ്ങളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ കൈമാറും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പ്രഫ. സ്കറിയ സക്കറിയ അധ്യക്ഷത വഹിക്കും. വിക്കിപീഡിയന്‍മാരായ ഡോ. അജയ് ബാലചന്ദ്രന്‍, വിശ്വപ്രഭ, കെ. മനോജ്, കണ്ണന്‍ ഷണ്‍മുഖം, കേരള പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍. അജിത്കുമാര്‍, അനില്‍കുമാര്‍, അശോകന്‍ ഞാറക്കല്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തില്‍ പലയിടങ്ങളിലായി അറിയപ്പെടാതെ കിടക്കുന്ന ഇത്തരം അപൂര്‍വഗ്രന്ഥങ്ങള്‍ പൊതുജനത്തില്‍നിന്ന് ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്ത് സൗജന്യ പ്രമാണമായി പ്രസിദ്ധീകരിക്കാനുള്ള വിക്കി സമൂഹത്തിന്‍െറ തുടക്കം കൂടിയാണിത്.

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...