autobiography എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
autobiography എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 നവംബർ 7, ശനിയാഴ്‌ച

ഞാന്‍ വലിയ കോളജുകളില്‍ പഠിച്ചില്ല, എന്‍റെ പുണ്യം

പ്രീ ഡിഗ്രിയും ഡിഗ്രിയും അടങ്ങുന്ന കോളജ്‌ പഠനം   രണ്ടു പാരലല്‍ കോളജുകളിലായാണ് ഞാന്‍ പൂര്‍ത്തിയാക്കിയത്.   വലിയ പാരമ്പര്യമുള്ള കോളജുകളില്‍ പഠിക്കാനായില്ലലോ എന്നോര്‍ത്ത് അന്നും ഇപ്പോഴുമെല്ലാം പല സന്ദര്‍ഭങ്ങളിലും ഏറെ വിഷമം തോന്നിയിട്ടുമുണ്ട്.  

വിഷമം തോന്നിയിട്ടു കാര്യമില്ല, അക്കാലത്തു ഗോമാതാക്കള്‍ പത്തെണ്ണമാണ് വീട്ടിലെ തൊഴുത്തിലുണ്ടായിരുന്നത്. പുല്ലാനിക്കാട്‌ എന്ന ഞങ്ങളുടെ സെമി- വി.ഐ.പി റെസിഡന്‍ഷ്യല്‍  കോളനിയില്‍ ഉണ്ടായിരുന്ന ഒരേയൊരു 'യാദവ' കുടുംബം എന്റേത് ആയിരുന്നു. നാഴിയും നാവുരിയും തുടങ്ങി ചെറിയ അളവുകളില്‍ രണ്ടു റെസിഡന്‍ഷ്യല്‍  കോളനികളിലെ മുഴുവന്‍ വീടുകളിലും രാവിലെയും ഉച്ചക്കും പശുമ്പാല്‍  എത്തിക്കേണ്ട ചുമതല എനിക്കായിരുന്നു. 

അത് കൊണ്ട് തന്നെ, ആവശ്യത്തിന് മാര്‍ക്കുണ്ടായിട്ടും,  റെഗുലര്‍ കോളജുകളിലെ പഠനം സാധ്യമായില്ല. മാത്രമല്ല, ഈ ഗോമാതാക്കള്‍ക്കുള്ള കഞ്ഞിവെള്ളം മറ്റു വീടുകളില്‍ നിന്നും കൊണ്ട് വരണം, പാടത്ത് കൊണ്ട് പോയി കെട്ടണം തുടങ്ങിയ പണികള്‍ക്ക്  തീര്‍ത്തും  അശുവായ അമ്മയെ ഞങ്ങള്‍ മൂന്നു മക്കളും സഹായിക്കേണ്ടതുണ്ടായിരുന്നു. ഉപജീവനത്തിനുള്ള ഒരേയൊരു വഴി പശുമ്പാല്‍ വില്‍ക്കുക എന്നതായത് കൊണ്ട് അവയെ വിട്ടിട്ട് പോകാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. 

കേരള വര്‍മ കോളജിനെ കുറിച്ച് ജേര്‍ണലിസം ക്ലാസില്‍ വികാസ്‌ ​ സര്‍ കഥകള്‍ അഭിമാനത്തോടെ പറയുമ്പോള്‍ എന്‍റെ നഷ്ടബോധം കൂടുമായിരുന്നു. നിങ്ങള്‍ഏതു കോളജിലാ പഠിച്ചേ എന്ന് പലരും ചോദിക്കുമ്പോള്‍ നാണക്കേട് കൊണ്ടെന്റെ തല കുനിയുമായിരുന്നു. 

 പക്ഷെ, ഇപ്പോഴതില്‍ വിഷമം തോന്നുന്നില്ല. കേരള വര്‍മ്മ കോളജില്‍ നിന്നും ഫാറൂക്ക് കോളജില്‍ നിന്നും അത് പോലെയുള്ള പാരമ്പര്യം കൂടിയ മറ്റു കോളജുകളില്‍ നിന്നും പ്രീഡിഗ്രിയോ ഡിഗ്രിയോ ചെയ്യാന്‍ ഇടയായിരുന്നെങ്കില്‍ ഈ പുതിയ കാലത്ത് അപമാന ഭാരം കൊണ്ടെന്റെ തല ഇതില്‍ കൂടുതല്‍ കുനിയുമായിരുന്നു. 

സഹിഷ്ണുതയും മതേതരത്വവും ജനാധിപത്യവും പഠിപ്പിക്കേണ്ട കോളജുകളില്‍ നിന്നും ബീഫ്‌ രാഷ്ട്രീയവും മദ്രസ രാഷ്ട്രീയവും ഉയരുന്നു. എല്ലാത്തരം ജാതി- മത വിഭാഗത്തിനും തുല്യ പരിഗണന നല്‍കാമെന്ന് സമ്മതിച്ച് സര്‍ക്കാര്‍ ഫണ്ട് വാങ്ങി വിദ്യാലയം നടത്തുന്നവര്‍, പിന്നീട് മതപഠനത്തിന് കോപ്പ് കൂട്ടുന്നു. സ്ഥാപനം നടത്തുന്ന മാനേജ്മെന്റിന്റെ മത ചിന്തകള്‍ നിര്‍ബന്ധമായി സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇവിടെ പഠിക്കേണ്ടെന്നു അധികൃതര്‍ പറയുന്നു. 

ഈ വെള്ളരിക്കാ പട്ടണങ്ങളിലെ മദ്രസ / അമ്പലം കോളജുകളില്‍ പഠിക്കാന്‍ ഇട വരാതിരുന്നതിന് ഇപ്പോഴെനിക്ക് ആശ്വാസം തോന്നുന്നുണ്ട്.

2014 മാർച്ച് 13, വ്യാഴാഴ്‌ച

ജിഷ ഓണ്‍ എയര്‍



ഇന്നലെ ഞാന്‍ യൂട്യൂബില്‍ കൊണ്ട് വന്നിട്ട വ്ലോഗ് ഇന്ന് മാതൃഭൂമി ലോഗിന്‍ എന്ന പരിപാടിയില്‍ കണ്ടിരുന്നോ ?? എന്റമ്മോ ഓസ്കാര്‍ കിട്ടുന്നവര്‍ക്ക് എന്തോരം സന്തോഷം ഉണ്ടാകുമെന്ന് ആലോചിക്കാന്‍ കൂടി പറ്റണില്ല.

വരുണ്‍ ചേട്ടന്‍ അവതരിപ്പിക്കുന്ന ആ വിഭാഗത്തിലെ ഇന്‍ട്രോ കാണൂ 








ഇതിനു ആധാരമായ വ്ലോഗ്  കാണാം

2014 ഫെബ്രുവരി 7, വെള്ളിയാഴ്‌ച

അപ്പച്ചനും ഞാനും

ഇക്കഴിഞ്ഞ റിപ്പബ്ലിക്‌ ദിനത്തില്‍ പ്രസ്സ്‌ ക്ലബ്‌ ദിനാഘോഷത്തില്‍ വനിതാ പത്ര പ്രവര്‍ത്തക സുഹൃത്തുക്കളുടെ കൂടെ നാടകം  അവതരിപ്പിച്ചത് ഞാന്‍ പങ്കു വച്ചിരുന്നല്ലോ !
അന്നുണ്ടായ അതി ഭീകരമായ സന്തോഷത്തിന്റെ മറ്റൊരു വിശേഷമാണ് ഇനി പറയാന്‍ പോകുന്നത്. വായിച്ചു കഴിയുമ്പോള്‍ 'ഇതാണോ ഇത്ര വലിയ കാര്യം' എന്ന് ചോദിയ്ക്കാന്‍ പലരും ക്യൂ നിന്നേക്കാം. പക്ഷെ , എനിക്കത് വലിയ കാര്യം തന്നെയായിരുന്നു .

രണ്ടു തരത്തിലാണ് ആ അനുഭവം എന്നെ സ്വാധീനിച്ചത് . ഇതിനിടെ ഇപ്പോള്‍ ഈ നാടകവുമായി ബന്ധമില്ല എന്ന് തോന്നുന്ന ഒരു കാര്യം കൂടി ഇടയ്ക്കു പറയട്ടെ  - ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളും വാര്‍ത്തയെഴുത്തില്‍ കയറി വന്ന ചില ദുരന്ത കഥാപാത്രങ്ങളും ഒക്കെ കൂടി എന്റെ മനസ്സമാധാനം കളയുകയും ജീവിതത്തോടുള്ള പ്രതിപത്തി ഇല്ലാതാകുകയും ചെയ്തപ്പോള്‍ ഞാന്‍ ആളുകളുമായി മിണ്ടുന്നത് നിറുത്തുകയും അതിന്റെ ഭാഗമായി ഫേസ്‌ ബുക്ക്‌ ഡീ ആക്ടിവേറ്റ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. നാടക കളരി നടക്കുന്ന ഒരാഴ്ച ഞാന്‍ ഫേസ്‌ ബുക്കില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു.

----ഇനി വീണ്ടും നാടകത്തിലേക്ക് തിരികെ വരാം

കഥ ഇങ്ങനെ ....
സംവിധായിക ആശ ചേച്ചി നാടക കളരിക്കിടെ പറയുമായിരുന്നു- മേക്‌ അപ്പ്‌ ചെയ്തു കഴിയുമ്പോഴേ നിങ്ങള്ക്ക് സ്വയം തോന്നും- നിങ്ങള്‍ ആ കഥാപാത്രം ആണെന്ന്. മേക്ക്‌ അപ്പിന് അങ്ങനെ ഒരു കഴിവുണ്ട്. സത്യമായിരുന്നു മകന്‍ മരിച്ച അമ്മ, പുഴയില്‍ ചാടാന്‍ ഒരുങ്ങി നില്‍ക്കുന്ന പെണ്‍കുട്ടി, വൃദ്ധന്‍, പുഴയുടമ ആയി വരുന്ന സമ്പന്നന്‍ എന്നീ റോളുകള്‍ അഭിനയിക്കാന്‍ നിന്നിരുന്ന ചങ്ങാതിമാരില്‍  ആ കഥാപാത്രങ്ങള്‍ അല്ലാതെ വേറെ ആരെയും കാണാന്‍ പറ്റിയില്ല.

പട്ടണം റുഷിദയും( പട്ടണം റഷീദിന്റെ സഹോദരി)  സംഘവുമാണ് മേക്ക്‌ അപ്പ് ചെയ്യുന്നത്. ട്രാക്ക്‌ സ്യൂട്ട് ആണ് കാലന്‍ എന്ന എന്റെ കഥാപാത്രത്തിന്റെ വേഷം. ആ വേഷം ധരിച്ചപ്പോഴും ജിഷയെന്ന എനിക്ക് ജിഷയായി തന്നെയാണ് തോന്നിയത്. മാറ്റമൊന്നും തോന്നിയില്ല.

പക്ഷെ, മേക്ക്‌ അപ്പ് ചെയ്യാന്‍ കസേരയില്‍ ഇരുന്നു കൊടുത്തു പത്തു മിനിറ്റ് കഴിഞ്ഞു എഴുന്നേറ്റ ഞാന്‍ കണ്ണാടിയില്‍ നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി.

ആറേഴു കൊല്ലം മുന്‍പ് മരിച്ചു പോയ എന്റെ അപ്പച്ചന്‍ അതാ അപ്പുറത്ത് നില്‍ക്കുന്നു. എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു. കണ്ണ് നിറഞ്ഞു . മനസ്സ് നിറഞ്ഞു.  ഞാന്‍ ചിരിച്ചു. അപ്പച്ചന്‍ കണ്ണാടിക്കു അപ്പുറത്ത് നിന്നും എന്നെ നോക്കി ചിരിച്ചു. ഞാന്‍ കയ്യടിച്ചപ്പോള്‍ അപ്പച്ചനും കയ്യടിച്ചു. ഞാന്‍ ഷര്‍ട്ട്‌ നേരെ ആക്കിയപ്പോള്‍ അപ്പച്ചനും ഷര്‍ട്ട്‌ നേരെയാക്കി.

ഞാന്‍ ശരിക്കും അപ്പച്ചനെ പോലെ തന്നെയുണ്ട് എന്ന് പലരോടും പല തവണ ഞാന്‍ വിളിച്ചു പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

സാധാരണ എന്‍റെ ഫോട്ടോയില്‍ നോക്കിയാല്‍ 'അമ്മയെ പോലെ ഉണ്ട്' എന്നാണു എല്ലാവരും പറയുക. പക്ഷെ, ഈ വേഷത്തില്‍ ഒരു ഫോട്ടോ എടുത്തു നോക്കിയപ്പോള്‍ എനിക്ക് സന്തോഷം കോടന് ചാടിതുള്ളാന്‍ തോന്നി- അപ്പച്ചനെ പോലെ തന്നെ ഇരിക്കുന്നു.

അങ്ങനെ ഒരു കാഴ്ച കൊണ്ട്  മനസ്സില്‍ വന്ന രണ്ടു കാര്യങ്ങള്‍ ഇങ്ങനെയാണ്. ' ജിഷേ , ഞാന്‍ നിന്റെ ഒപ്പമുണ്ട്, ഞാന്‍ തന്നെയാണ് നീ   ' എന്ന് അപ്പച്ചന്‍ പറഞ്ഞത് പോലെ തോന്നി.  അതിനാല്‍ എന്ത് വിഷമത്തിലും അപ്പച്ചന്‍ ഒപ്പമുണ്ട് എന്ന തോന്നല്‍ കൂടെ വന്നു ചേര്‍ന്നു. അത് കൊണ്ട് തന്നെ ഫേസ്‌ബുക്ക്‌ ഡീ ആക്ടിവേറ്റ് ചെയ്യാനും ആളുകളോട് മിണ്ടാതെ നടക്കാനും എനിക്ക് തോന്നിയ എല്ലാ കാരണങ്ങളെയും ഞാന്‍ അതിജീവിച്ചു എന്ന് തോന്നി. വീണ്ടും പിറ്റേന്ന് ആള്‍ക്കൂട്ടത്തില്‍ തിരിച്ചെത്തി .

രണ്ടാമത്തെ കാര്യം
ആ സന്തോഷം മൂത്ത് അന്ന് ഗാനമേളയില്‍ പാട്ടുകാര്‍ നില്‍ക്കുന്ന വേദിയില്‍ കയറി കൂളിംഗ് ഗ്ലാസ്സും വച്ച് ഞാന്‍ തിമിര്‍ത്തു ഡാന്‍സ്‌ കളിച്ചു. ജിഷ ആണ് എന്ന് അപ്പോള്‍ എന്‍റെ മനസില്‍ ഉണ്ടായിരുന്നില്ല. ( ജിഷ വെള്ളമടിച്ചോ എന്ന് പലരും പലയിടത്തും പറയുന്നുണ്ടായിരുന്നു) എന്‍റെ കൂടെ സ്മിതി- സുജ ജേര്‍ണലിസ്റ്റ് ദമ്പതികളുടെ ഇളയ മകന്‍ രണ്ടു വയസ്സുകാരനും തിമിര്‍ത്തു ഡാന്‍സ്‌ ചെയ്തു. പൊതു വേദികളില്‍ പരസ്യമായി സ്വയം മറന്നു ഞാന്‍  ഡാന്‍സ്‌ കളിക്കുന്നത് 'അയ്യേ മോശം 'എന്ന് സ്വയം കരുതുന്ന എനിക്ക് ( പണ്ട് ചെറിയ കാലത്ത് ഗ്രൂപ്‌ഡാന്സോക്കെ ചെയ്തിട്ടുണ്ട്- അത് പക്ഷെ വളരെ കോണ്‍ഷ്യസ് -സ്വയം മറക്കാതെ  ആണ്) ഈ അനുഭവം കൊണ്ട് ഉണ്ടായ എനര്‍ജി വളരെ വലുതാണ്‌.

നന്ദി ആശ ചേച്ചി - പട്ടണം റുഷിദ- എന്‍റെ പ്രിയ നാടക കൂട്ടുകാര്‍

2013 നവംബർ 20, ബുധനാഴ്‌ച

എലിയക്ഷി



ആആആആആആആആ.........

അവള്‍ ആക്രോശത്തോടെ കിടക്കപായയില്‍ നിന്നും ചാടിയെണീറ്റ് ഇരുന്നു വിറച്ചു. 

ആക്രോശം കേട്ട് ഞെട്ടി എഴുന്നേറ്റ അവളുടെ അമ്മ ടോര്‍ച് തെളിച്ചു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. മച്ചിലേക്കുള്ള ഗോവണിപടികള്‍ക്കു താഴെ പായയില്‍ ഇരുന്നു തുള്ളുന്ന അവളെ അമ്മ കണ്ടു. ടോര്‍ച്ചിന്റെ വെളിച്ചം ഇപ്പോള്‍ കെടും എന്ന മട്ടില്‍ വിറച്ചു. 

സമയം പാതിരാത്രി. 

മുഖം മറച്ചു അവളുടെ നീളമുള്ള മുടി പരന്നു കിടപ്പുണ്ട്. അതിനിടയിലൂടെ അവള്‍ കണ്ണ് തുറുപ്പിച്ചു നോക്കുന്നു. ഒപ്പം....മുഖം മുടിക്കിടയിലൂടെ പൊത്തിപ്പിടിച്ച് അലറുകയാണ്- ചോരാ....ചോരാ......
അമ്മ ടോര്ചില്‍ രണ്ടു തട്ട് തട്ടി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ...

അയ്യോ ...വായില്‍ നിന്നും കട്ട കട്ട ചോര ഒഴുകുന്നു

അത് കണ്ടപ്പോള്‍ അമ്മ ഉറപ്പിച്ചു- ഈശ്വരാ എന്റെ മകളുടെ മേല്‍ ബാധ കേറി. ഇവളീ രാത്രിയില്‍ ആരുടെ ചോര കുടിച്ചാണ് വന്നിട്ടുള്ളത് ??

അവളുടെ ചുറ്റും നെല്ല് നിറച്ച ചാക്കുകള്‍ അട്ടിയിട്ടിട്ടുണ്ട്. വീണ്ടും ലിസ എന്ന സിനിമയിലെ പോലെ അവള്‍ അട്ടഹസിച്ച് ചാക്കുകള്‍ വാരിയെറിയുമോ - അമ്മ കിടുങ്ങി.

അവളുടെ രണ്ടു അനിയന്മാരും ഒന്നും അറിയാതെ ഉറങ്ങുകയാണ്. അവരെ ഇവള്‍ കൊന്നു ചോരയൂറ്റി കുടിക്കുമോ ? അമ്മ ആലില പോലെ വിറച്ചു. അമ്മ എലിസബത്തിന്റെ അപ്പനെ കുലുക്കി ഉണര്‍ത്താന്‍ ശ്രമിച്ചു. വിഫലമായി. തണുത്ത രാത്രിയിലും അമ്മ ഇരുന്നു വിയര്‍ത്തു.  മനസ്സില്‍ സകല ദൈവങ്ങള്‍ക്കും നേര്ച്ച നേര്‍ന്നു.


അമ്മ അപ്പനെ വീണ്ടും കുലുക്കി. ദേ, ദേ .......നമ്മുടെ മോള്‍ ...നമ്മുടെ മോള്‍ ..അവള് യക്ഷിയായി....- അമ്മ ഏങ്ങല്‍ കടിച്ചു പിടിച്ചു ശബ്ദമില്ലാതെ കരഞ്ഞു

കുലുക്കലിന്റെ ശക്തിയില്‍ അപ്പന്‍ ഉണര്‍ന്നു ...

മ്മ്മം???  - അപ്പന്‍ ചോദ്യം ഒരു നീട്ടിയ മൂളലില്‍ ഒതുക്കി.
അമ്മ അപ്പന്റെ കൈക്ക് വട്ടം പിടിച്ചു ഇരുന്നു  വിറച്ചു..

അവള് ദേ ചോര ചോദിക്കുന്നു...അവള്‍ക്കു മതിയായിട്ടില്ല....

അപ്പന്‍ ഞെട്ടി. ഈ പാതിരാവില്‍ ആരാ ചോരാ ചോദിച്ചത് ??അമ്മ ടോര്‍ച് അടിച്ച് കൊടുത്ത  ഭാഗത്തേക്ക് 
 അപ്പന്‍  നോക്കി. 
ദേ..അവള്‍...മ്മടെ മോള്‍ .....

അവിടെ മുഖം മുഴുവന്‍ മുടി പരത്തി മകള്‍ ഇരുന്നു തുള്ളുന്നത് അപ്പനും കണ്ടു.

അപ്പച്ചാ.........എന്നൊരു ദയനീയമായ വിളി കേട്ടപ്പോള്‍ അപ്പന്‍ എഴുന്നേറ്റു മകളുടെ അടുത്തെത്തി. അമ്മ അപ്പോഴേക്കും ബള്‍ബ്‌ തെളിയിച്ചു. അപ്പന്‍ വേഗം മകളുടെ മുടി മാടിയോതുക്കി.

പിന്നാലെ വന്ന അമ്മ  തെങ്ങിന്‍ പൂങ്കുല പോലെ വിറച്ചു .


അയ്യോ ചോര...അപ്പന്‍ അലറി

അമ്മക്ക് കാലിടറി. അവള്‍ ആ യക്ഷി എന്റെ നല്ല പാതിയെ.....ഹയ്യോ ....അമ്മക്ക് ബോധം കെടുന്നതു പോലെ തോന്നി.

മോളെ..മോളെ  കണ്ണ് തുറക്കു...കണ്ണ് തുറക്കു....അപ്പന്‍ ആവലാതിയോടെ പറയുന്നുണ്ട്. എടിയേ... കുറച്ചു വെള്ളം കൊണ്ട് വാ......മോള്‍ക്ക്‌ തല കറങ്ങി ....

അമ്മ പെട്ടെന്ന് ഉണര്‍ന്നു. യക്ഷിയെ മറന്നു., അയ്യോ മകള്‍ക്ക് ബോധക്ഷയമോ.....

അവര്‍ ജനല്‍ പടി മേല്‍ വച്ചിരുന്ന ജഗ് കടന്നെടുത്തു കാറ്റ് പോലെ പാഞ്ഞു വന്നു.

ഒറ്റ നോട്ടം മകളുടെ മുഖത്ത് നോക്കിയതും അമ്മ കിടുങ്ങി . മുഖം മുഴുവന്‍ ചോര...കവിളില്‍ നിന്നും കട്ട കട്ട ചോര....അത് നിലക്കാത്ത പ്രവാഹം പോലെ ചാടുകയാണ്.

അപ്പോള്‍ മകളുടെ ചോര കുടിക്കാന്‍ ഏതെന്കിലും യക്ഷി.....ദൈവമേ...ഇരുട്ട് കട്ട പിടിച്ച മച്ചിന്‍ പുറത്തേക്കു ആരും കയറി പോകാറില്ല. അവിടെ പ്രേതങ്ങള്‍ ഉണ്ടെന്നു കുട്ടികള്‍ പറയുന്നത് ശരിയാണ്. അവ ഇറങ്ങി വന്നു കാണും .....

അപ്പന്‍ വേഗം ഉടുമുണ്ട് കൊണ്ട് മകളുടെ കവിളില്‍ പൊത്തി പിടിച്ചു. അമ്മ മുഖത്തേക്ക് വെള്ളം തെളിച്ചു. മകള്‍ ഞരങ്ങി ..പതുക്കെ കണ്ണ് തുറന്നു..

കണ്ണ് തുറന്നതും അവള്‍ കണ്ടത് അപ്പനെയാണ്.

അവള്‍ അപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങി. നെഞ്ചു തകര്‍ക്കുന്ന കരച്ചില്‍. .....

അപ്പന്‍ അവളെ മടിയില്‍ കിടത്തി. സാരമില്ല മോളെ സാരമില്ല, പേടിക്കണ്ട ..അപ്പച്ചനില്ലേ അടുത്ത്...പേടിക്കണ്ട.....

അപ്പച്ചന്‍ അവള്‍ക്കു കുറച്ചു വെള്ളം വായില്‍ ഒഴിച്ച് കൊടുത്തു. അവളതു കുടിച്ചു. അപ്പോഴും അവള്‍ വേദന കൊണ്ട് കരഞ്ഞു.

അപ്പന്‍ അവളുടെ കവിളിലേക്ക് നോക്കി. അവിടെ ആഴത്തില്‍ ഒരു മുറിവുണ്ട്. എന്നാല്‍ മുറിവിന്റെ വാവട്ടം കുറവാണ്. അപ്പന്‍ ആലോചിച്ചു , എന്താണിത്......

അമ്മ അപ്പനെ പുറകില്‍ നിന്നും തോണ്ടി...യക്ഷി ഇറങ്ങിയൊ ??

അപ്പന്‍ അമ്മയെ ക്രുദ്ധയായി നോക്കി. എന്നിട്ട് നാല് തെറി വിളിച്ചു.

അവള്‍ടെ യക്ഷി.......

അപ്പോഴേക്കും അപ്പച്ചന്റെ അലറല്‍ കേട്ട് രണ്ടു അനിയന്മാരും ചാടി എണീറ്റു  പന്തം കണ്ട പെരുചാഴികളെ പോലെ കണ്ണ് തുറന്നു ഇരുന്നു. അവര്‍ക്ക് ഒന്നും മനസിലായില്ല.

അപ്പന്‍ മകളെ കോരിയെടുത്ത് വീടിന്റെ പുറത്തിറങ്ങി. അയാള്‍ അടുത്ത വീട്ടിലെ ഓട്ടോ ചേട്ടനെ വിളിച്ചു - ആശുപത്രി വരെ പോകണം എന്ന് ആവശ്യപ്പെട്ടു . അപ്പന്റെ കയ്യില്‍ തളര്‍ന്നു കിടക്കുന്ന മകളെ ആ ചേട്ടന്‍ കണ്ടു. ഒന്നും ചോദിക്കാതെ അയാള്‍ ഓട്ടോ സ്റ്റാര്‍ട്ട്
 ആക്കി. അപ്പനും അമ്മയും മൂന്നു മക്കളും ഓട്ടോയില്‍ കയറി.

അമ്മ  ചോദിച്ചു - നിനക്ക് എന്താ പറ്റിയത് -??

അവള്‍ കവിളിലെ മുറിവ് പൊത്തി പ്പിടിച്ച് പറഞ്ഞു - എലി ..എലി....എലിയാ ഇങ്ങനെ ചെയ്തത് ......


അപ്പന് കാര്യം മനസിലായി. അമ്മ അന്ധാളിച്ചു ..എലിയോ ???

മകള്‍ കിടക്കുന്ന മുറിയുടെ അടുത്ത മുറി കുടുംബത്തിന്റെ പലചരക്ക് കടയാണ് . അതിനകത്ത് നിറയെ എലികളാണ്. അവിടെ നിന്നും മകള്‍ കിടക്കുന്ന മുറിയിലേക്ക് ഒരു ജനല്‍ പാളി തുറന്നു കിടപ്പുണ്ട്. കടമുറിയില്‍ നിന്നും ഒരു എലി നെല്ല് തിന്നു കൊഴുക്കാന്‍ ഇപ്പുറത്തെക്ക് വന്നു. വീട്ടിലെ ആസ്ഥാന എലി പിടുത്തക്കാരന്‍ പൂച്ച സായിപ്പ് നെല്ലിന്‍ചാക്കുകള്‍ക്ക് മേലാണ് പള്ളിയുറങ്ങുന്നത്. അതറിയാതെ എലി വന്നു. പൂച്ച ഇര പിടിക്കാന്‍ ചാടി. മരണ വെപ്രാളത്തില്‍ ടോം ആന്‍ഡ്‌ ജെറി കളിച്ച എലി നെല്ലിന്‍ ചക്കിനു മുകളില്‍ നിന്നും എലിസബത്തിനെ മാറി കടന്നു അപ്പുറത്തേക്ക് ചാടി രക്ഷപ്പെടാനായി ഒരു ചാട്ടം  വച്ച് കൊടുത്തു. എലിസബത്തിന്റെ കവിളിലാണ് എലി വന്നു വീണത്‌. വീണിടം വിദ്യയായ്ക്കി എലിക്കുട്ടന്‍ എലിസബത്തിന്റെ കവിളില്‍ ഗ്രിപ്പ് ഇട്ടു പരമാവധി ശക്തിയോടെ മറുക്കണ്ടം  ചാടി. അപ്പോഴാണ്‌ വേദന കൊണ്ട് പുളഞ്ഞ അവള്‍ അലറിപ്പൊളിച്ചു കിടക്കപായയില്‍ നിന്നും ചാടി എണീറ്റത്. രാത്രി തല കഴുകി ഫാനിനു കീഴെ ഉണക്കാന്‍ കിടന്നത് കൊണ്ട് ചാടി എഴുന്നേറ്റപ്പോള്‍ മുടി മുഴുവന്‍ മുഖത്തേക്ക് ചിതറി വീണു.. അമ്മ ടോര്‍ച്ച് അടിച്ചു നോക്കുന്നതിനിടെ മുഖത്തെ നനവ്‌ ആ വെളിച്ചത്തില്‍ നോക്കിയ മകള്‍ ചോര കണ്ടു കണ്ണ് തുറപ്പിച്ചു അലറി.

അതാലോചിച്ചു അപ്പന്‍ ചിരിച്ചു. അമ്മ ചമ്മി ചിരിച്ചു. ചിരി കണ്ടു കാര്യം തിരക്കിയ മകള്‍ വേദന മറന്നും ചിരിച്ചു. രണ്ടു കുഞ്ഞുങ്ങള്‍ , അവര്‍ അപ്പോഴും പന്തം കണ്ട പെരുച്ചാഴികളായി .

2013 നവംബർ 18, തിങ്കളാഴ്‌ച

മൂത്രവള്ളിയും നക്ഷത്രവും




പണ്ട് പണ്ടുള്ള കഥയാണ്‌.
ഒരിടത്തൊരിടത്ത് പുല്ലാനിക്കാട്‌ എന്നൊരു നാടുണ്ടായിരുന്നു. ( ഇപ്പോഴും ഉണ്ട് തൃശൂര്‍ വടക്കാഞ്ചേരി റെയില്‍വെ ഗേറ്റിനും വടക്കാഞ്ചേരി പള്ളിക്കും ഇടയിലുള്ള സ്ഥലം ) . അവിടെ അപ്പച്ചന്റെ രാജകുമാരന്‍ ആയ ഒരു കുട്ടിയുണ്ടായിരുന്നു. സ്നേഹം കൂടുതലായിട്ടു അവനെ പാഞ്ചി എന്നാണു എല്ലാവരും വിളിച്ചിരുന്നത്‌. പാഞ്ചിക്ക്  ഒരു ചേച്ചിയും ചേട്ടനും ഉണ്ടായിരുന്നു. അവരെല്ലാവരും മിണ്ടിയാല്‍ ഉടനെ ഒരു ക്രിക്കറ്റ്‌ ബാറ്റും എടുത്തു സച്ചിനും കാംബ്ലിയും കളിക്കുമായിരുന്നു.  അങ്ങനെ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ രണ്ടു തവണ ബാറ്റ് ചെയ്‌താല്‍ , രണ്ടു തവണ ബൌള്‍ ചെയ്‌താല്‍ അവന്‍ ഉടനെ സുല്ല് എന്ന് പറഞ്ഞിട്ട് സീക്കോയുടെ മാവിന്റെ ചുവട്ടിലും പേര മരത്തിന്റെ ചുവട്ടിലും രണ്ടു തുള്ളി മൂത്രമൊഴിച്ചു വന്നു നിക്കും.

അതെ , മിനുട്ടിന് മിനുടിനു മൂത്രമൊഴിക്കുന്ന  കുട്ടി.

ഇത് വായിച്ചു വന്നാല്‍ നിങ്ങളൊക്കെ രസിക്കും. പക്ഷെ, ഇത്തവണ ഞാന്‍ വീട്ടില്‍ പോയാല്‍ മിക്കവാറും എന്റെ അനിയന്‍ എന്നെ എടുത്തിട്ട് പെരുമാറും .കാരണം കഥയിലെ രാജകുമാരന്‍ എന്റെ ഒരു അനിയനാണ്.
അവന്റെ ചേച്ചി ഞാനും. സത്യത്തില്‍ ഈ കഥയില്‍ എനിക്ക് വലിയ റോള്‍ ഇല്ല.  എന്നാല്‍ ഞാന്‍ ഇല്ലാതെ കഥ മുന്നോട്ടു പോകുകയുമില്ല.


അന്നൊരു  അവധിയാണ്. സീക്കോയുടെ മുറ്റത്ത്‌ ഞാനും സീക്കോയും ജോബി ചേട്ടനും ജിന്റോയും പാഞ്ചിയും ക്രിക്കറ്റ് കളിക്കുകയാണ്. പാഞ്ചിക്ക് അന്ന് നാലോ അഞ്ചോ വയസു വരും. അവനു മിനുടിനു മിനുടിനു മൂത്രം ഒഴിക്കണം. സീകൊയുടെ ചേച്ചി സിജി ചേച്ചി ചോദിക്കും- നിനക്കെന്താടാ മൂത്ര വള്ളി പൊട്ടിയോ?? എന്ന് .
(ചിരിച്ചു ചിരിച്ചു ബോധം പോകുന്ന വിധം ചിരിച്ചാല്‍ 'ചിരി വള്ളി പൊട്ടിയോ ' എന്ന് ഒരു ചോദ്യം തൃശ്ശൂര്‍കാര്‍ക്കിടയില്‍  ഉണ്ട്. അതിന്റെ പാരഡി പോലെയാണ് ഈ ചോദ്യവും. )

ബാറ്റിന്റെ ഉടമസ്ഥനായ സീക്കോ തന്നെയാണ് കമന്‍റെറ്റര്‍. ബൌള്‍ ചെയ്യുന്നതിനും ഫീല്‍ഡ്‌ ചെയ്യുന്നതിനുമോപ്പം കമന്ററി പറഞ്ഞു കൊണ്ടിരിക്കും.  രണ്ടോ മൂന്നോ തവണ ബാറ്റ് വീശിയാല്‍ സച്ചിന്‍ പാഞ്ചി സുല്ല് പറയും. ഉടനെ കമന്‍റെറ്റര്‍ കമന്ററിക്കും സുല്ലിടും. പാഞ്ചി മൂത്രമൊഴിക്കുന്ന സമയത്ത് കമന്ററിക്കാരന്‍ സാങ്കല്‍പ്പിക  പെപ്സികുപ്പികള്‍ കൊണ്ട് വരും. അത് എല്ലാവരും സാങ്കല്‍പ്പിക കുടിക്കല്‍ നടത്തും . അന്നത്തെ കാലത്ത് പെപ്സി കൊണ്ട് വരുന്ന വാഹനം എല്ലാ ക്രിക്കറ്റ് മാച്ചിലും ടിവി യില്‍ കാണാം. ഞങ്ങള്‍ കുടിച്ചു തീരുമ്പോഴേക്കും പാഞ്ചി ഓടി വന്നു കുപ്പി വാങ്ങി കുടിക്കും. അപ്പോള്‍ സിജി ചേച്ചി വിളിച്ചു പറയും- എടാ സീക്കോ, നീ പാഞ്ചിക്ക് പെപ്സി എപ്പോഴും കൊടുത്തിട്ടാ അവന്‍ ഏതു നേരവും മൂത്രം ഒഴിക്കുന്നത് ' എന്ന് . ഞങ്ങള്‍ അത് മൈന്‍ഡ് ചെയ്യാതെ വീണ്ടും കുടിക്കും,  ബബിള്‍ ഗം  കിട്ടനില്ലാത്തത് കൊണ്ട് പകരം കുറച്ചു ഗോതമ്പ് എടുത്തു വായിലിട്ടു ചവച്ചു നില്‍ക്കും.

അങ്ങനെ എല്ലാ ദിവസവും മൂത്രം ഒഴിക്കുന്ന കുട്ടി അന്ന് മൂത്രമോഴിക്കുന്നില്ല. ആറേഴു തവണ ബാറ്റു വീശി കഴിഞ്ഞപ്പോള്‍ ബൌളര്‍ ആയ കമന്റെറ്റര്‍ കമന്ടറിയും എറിയലും നിറുത്തി സച്ചിന്‍ പാഞ്ചിക്ക് സമയം അനുവദിച്ചു. പക്ഷെ, പാഞ്ചി പോയില്ല. വീണ്ടും ബാറ്റ്‌ ചെയ്യാന്‍ തുടങ്ങി. ഓരോ ഏറു കഴിയുമ്പോഴും പാഞ്ചി ഇടവേള ആവശ്യപ്പെടുമെന്ന് എല്ലാവരും കരുതി. പാഞ്ചി പോയില്ല. ഒടുവില്‍ ഓഡിയന്‍സ് ഗാലറിയില്‍ ഉണ്ടായിരുന്ന സിജി ചേച്ചി ചോദിച്ചു- ''എടാ പാഞ്ചി നിനക്ക് മൂത്രം ഒഴിക്കണ്ടേ ''??
എല്ലാവരും അവന്റെ മുഖത്ത് നോക്കി. അവന്‍ പറഞ്ഞു- മൂത്രം വരണില്ല..നിങ്ങള് കളിക്ക്''

അത് കേട്ടപ്പോള്‍ അപ്പുറത്തെ മുറ്റത്ത്‌ ഇരുന്നു പാത്രം കഴുകുന്ന അമ്മച്ചിയോട് സിജി ചേച്ചി വിളിച്ചു പറഞ്ഞു- ഷേര്‍ള്യെച്യെ ഈ ചെക്കന്‍ മൂത്രം ഒഴിക്കണില്ലാ ട്ടാ ....അവനു മൂത്രം വരണില്ലെന്ന് ..''


അമ്മച്ചി തിരികെ പറഞ്ഞു- അവന്‍ ഒഴിചോളും
അത് കേട്ടപ്പോള്‍ എല്ലാവരും വീണ്ടും കളി തുടങ്ങി. പക്ഷെ എല്ലാവര്‍ക്കും സംശയം -ഇവനിതെന്ത് പറ്റി ??

ആദ്യം സീക്കോ ചെന്ന് ചോദിച്ചു. അവന്‍ എന്തോ പറഞ്ഞു സീക്കോയെ പറഞ്ഞു വിട്ടു. അടുത്തത് ജോബി ചേട്ടന്‍. പിന്നെ ഞാന്‍ -അവന്‍ എന്നോട് പറഞ്ഞു-  ട്യെ എനിക്ക് ശരിക്കും മൂത്രം വരണില്ല എന്ന്.

പറച്ചില്‍ കേട്ടപ്പോള്‍ എനിക്ക് എന്തോ പന്തികേട് തോന്നി
ഉടനെ ഞാന്‍ അപ്പച്ചന്‍ ഷേവ്‌ ചെയ്യാന്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഓടി . അപ്പച്ചന്‍ ഒരു കയ്യില്‍ ഷേവിംഗ് സെറ്റ് ,മറു കയ്യില്‍ കണ്ണാടി പിടിച്ചു അങ്ങനെ നില്‍ക്കുന്നു .''അപ്പച്ചാ കുറെ നേരമായി പാഞ്ചി മൂത്രം ഒഴിക്കുന്നില്ല. അല്ലെങ്കില്‍ എന്നും മൂത്ര വള്ളി  പൊട്ടിയ പോലെ മൂത്രം ഒഴിക്കുന്നവനാണ്. ''

എന്റെ മുഖഭാവം കണ്ടപ്പോള്‍ അപ്പച്ചന്‍ പാഞ്ചിയേ വിളിച്ചു . അടുത്ത് നിറുത്തി. എന്നിട്ട് ചോദിച്ചു .''അപ്പച്ചന്റെ മോന് എന്താ പറ്റിയത് ?''  ആ ചോദ്യം കേട്ടതും ടീച്ചറുടെ തല്ലു സ്കൂളില്‍ വച്ച് കിട്ടി, കരയാതെ , മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ വന്നു അമ്മയെ കെട്ടി പിടിച്ചു  ഏങ്ങലടിച്ചു കരയുന്ന കുട്ടികളെ പോലെ, പാഞ്ചി അപ്പച്ചന്റെ മുഖത്ത് നോക്കി കരയാനുള്ള പുറപ്പാട് ആരംഭിച്ചു .

അത് കണ്ടപ്പോള്‍ അപ്പച്ചന്‍ പേടിച്ചു. കുട്ടി കരയുമോ എന്ന് ആലോചിച്ചു അപ്പച്ചന് സങ്കടം വന്നു. ഉടനെ അപ്പച്ചന്‍ അമ്മച്ചിയെ നോക്കി കണ്ണുരുട്ടി- എന്നിട്ട് പറഞ്ഞു പാഞ്ചിയെ വേഗം ആശുപത്രിയില്‍ കൊണ്ട് പോക് എന്ന് പറഞ്ഞു. അമ്മച്ചി പറഞ്ഞു- അത് അടവാകും. പേടിക്കേണ്ട കാര്യമൊന്നുമില്ല. എന്ന് . അത് കേട്ടപ്പോള്‍ കാര്‍മേഘത്തില്‍ നിന്നും ആലിപ്പഴം കണക്കെ കണ്ണീര്‍ തുള്ളികള്‍ ഉരുണ്ടു വീണു, അത് കണ്ടപ്പോള്‍ അപ്പച്ചന്‍ ഹാലിളകി . 'ന്‍റെ കുട്ടിക്ക് എന്തേലും സംഭവിച്ചാല്‍ , നിന്നെ ഞാന്‍ കൊല്ലും ' എന്നായി അപ്പച്ചന്‍. അത് കേട്ടപ്പോള്‍ അമ്മച്ചി അവനെ വിളിച്ചു മാറ്റി നിറുത്തി. എന്നിട്ട് ചോദിച്ചു' എന്താ നിനക്ക് പറ്റിയത് 'എന്ന് .

അവന്‍ കാര്യം വീണ്ടും പറഞ്ഞു. അമ്മച്ചി അടവ് നയം സ്വീകരിച്ചു. എന്നിട്ടും അവന്‍ അത് തന്നെ പറഞ്ഞു. കുറച്ചു നേരം ചോദിച്ചു കഴിഞ്ഞപ്പോള്‍ അമ്മച്ചി തനി സ്വഭാവം പുറത്തെടുത്തു. കയ്യില്‍ കിട്ടുന്ന എന്തും എടുത്തു തല്ലാന്‍ ഓടി വരുന്നത് അമ്മച്ചിക്ക് ഒരു സ്റ്റൈല്‍ ആണ്. ഇത്തവണയും അത് സംഭവിച്ചു.  അമ്മച്ചി ഓലക്കീറു കയ്യില്‍ എടുത്തത്‌ കണ്ടപ്പോള്‍ രംഗം പന്തിയല്ലെന്നു പാഞ്ചി ക്ക് മനസിലായി . അവന്‍ പെട്ടെന്ന് ഓടി കളഞ്ഞു. എന്നിട്ട് പഞ്ചായത്ത് കിണറിന്റെ  അടുത്ത് പോയി നിന്നു. പിന്നെ നോക്കിയപ്പോള്‍ കള്ളനും പോലീസും കളിക്കുന്ന പോലെ അമ്മച്ചിയും പാഞ്ചിയും പഞ്ചായത്ത് കിണറിനു ചുറ്റും വട്ടമിട്ടു കളിക്കുകയാണ്.  കഥാ പുസ്തകത്തില്‍ ഡിങ്കാ രക്ഷിക്കണേ എന്ന് പറഞ്ഞു നിലവിളിക്കുന്നത്തു പോലെ അപ്പച്ചാ രക്ഷിക്കണേ എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു. അത് കേട്ടതും കേള്‍ക്കാത്തതും , അപ്പച്ചന്‍ പാഞ്ഞു വന്നു അവനെ അമ്മച്ചിയെന്ന പരുന്തില്‍ നിന്നും രക്ഷിച്ചു ചിറകിനകത്താക്കി . എന്നിട്ട് അമ്മച്ചിയോട് ഉറക്കെ പ്രഖ്യാപിച്ചു- ''നീ എന്റെ കുട്ടിയെ തല്ലിയാല്‍ ഞാന്‍ നിന്‍റെ മോന്ത ഷേയ്പാക്കും '' അപ്പച്ചന്റെ അടവായിരുന്നു ഇതെന്നു ഞങ്ങളറിഞ്ഞില്ല. അപ്പച്ചന്‍ അവനെ ചേര്‍ത്ത് നിറുത്തി പതുക്കെ ട്രൌസര്‍ ഊരിമാറ്റി തെങ്ങിന്റെ ചുവട്ടില്‍ നിറുത്തി. അപ്പച്ചന്റെ മോന്‍ മൂത്രമോഴിച്ചേ എന്ന് ആവശ്യപ്പെട്ടെങ്കിലും അവന്‍ നിസഹായനായി മൂത്ര വള്ളി പിടിച്ചു അതെ പടി നിന്നു.

അപ്പച്ചനും തോറ്റു. അങ്ങനെ അമ്മച്ചി തണുത്തുറഞ്ഞ് സാധാരണ താപ നിലയിലെത്തി. അമ്മച്ചി വേഗം പോയി സാരീ മാറി വന്നു. അവനു പുതിയ കുപ്പയങ്ങളില്‍ ഒരെണ്ണം എടുത്തു ധരിപ്പിച്ചു. ഓട്ടോ വിളിച്ചു ഓട്ടുപാറയിലെ താലൂക്ക്‌ ആശുപത്രിയില്‍ കൊണ്ട് പോയി.

അവിടെ ഓ.പിയില്‍ ഡോക്ടര്‍ ഇല്ല. ഡോക്ടര്‍ ഇല്ലേ സിസ്റ്ററെ എന്ന് ചോദിച്ചതിനു ഒരു നഴ്സ് ചൂടായി. ഇപ്പോഴാണോ രോഗിയെ കൊണ്ട് വരുന്നത് എന്ന് കടുപ്പത്തില്‍ ചോദിച്ചു. അമ്മച്ചി പറഞ്ഞു- ''ഇപ്പോഴാണ് രോഗം വന്നത്. ഇപ്പോള്‍ വരുമെന്ന് നേരത്തെ അറിഞ്ഞില്ല . ഉണ്ടെങ്കില്‍ നേരത്തെ കൊണ്ട് വന്നേനെ  ''.
ഇത് കേട്ടപ്പോള്‍ നഴ്സ് അടങ്ങി. എന്നിട്ട് ഡോകടര്‍ താമസിക്കുന്ന , ആശുപത്രിക്ക് പുറകിലുള്ള ക്വാര്‍ടെഴ്സിലെക്കുള്ള വഴി കാണിച്ചു തന്നു. ഒപി ടൈം ആണ്. മൂപ്പര്‍ ഇവിടെ ഒപ്പ് വച്ചിട്ട് അവിടെ ചെന്നിരുന്നു ക്ലിനിക്‌ കളിക്കുകയാണ്. നഴ്സുമാര്‍ ഒപ്പാരം.

അങ്ങനെ അമ്മച്ചി അവനെയും കൂട്ടി ഡോക്ടര്‍ ഇരിക്കുന്ന ക്ലിനിക്കില്‍ എത്തി.

ഡോക്ടര്‍ - എന്താ അസുഖം ??

അമ്മച്ചി - കുട്ടി മൂത്രമൊഴിക്കുന്നില്ല ഡോക്ടര്‍ . അല്ലെങ്കില്‍ എപ്പോഴും ഒഴിക്കുന്നവനാണ്.

ഡോക്ടര്‍ അവനെ മേശയില്‍ കേറ്റികിടത്തി. എന്നിട്ട് വയറില്‍ പലയിടത്തു പിടിച്ചു നോക്കി. എല്ലാം പരിശോധിച്ചു കഴിഞ്ഞപ്പോള്‍    ഡോക്ടര്‍ ആക്രോശിച്ചു. ''നിങ്ങളൊരു അമ്മയാണോ ? ഇങ്ങനെയാണോ കുട്ടികളെ വളര്‍ത്തുന്നത് ?ഇങ്ങനെയാണോ ആണ്‍ കുട്ടികളെ കുളിപ്പിക്കുക /??

അമ്മചി അന്ധാളിച്ചു.

ഡോക്ടര്‍ തുടരുകയാണ്--''പഴുപ്പ്  കേറിയിട്ടുണ്ട്‌. കിഡ്നിക്കും കുഴപ്പമുണ്ട്'

അത് കേട്ടപ്പോള്‍ അമ്മച്ചി പേടിച്ചു വിറച്ചു.

ഡോക്ടര്‍  വീണ്ടും- ''മൂത്രം പരിശോധിക്കണം .എഴുതിയിട്ടുണ്ട് .ഉടനെ റിസള്‍ട്ട് കൊണ്ട് വന്നു കാണിക്ക്, പിന്നെ സുന്നത്തും ചെയ്യേണ്ടി വരും  ''

അമ്മച്ചി നിസഹായാവസ്ഥയിലായി.
''അല്ല ഡോക്ടറെ , അവന്‍ മൂത്രമോഴിക്കുന്നില്ല എന്നതാണ് രോഗം. അപ്പൊ പിന്നെ എങ്ങനെയാ മൂത്രം പരിശോധിക്കുക ??

''എങ്ങനെയും മൂത്രം എടുത്തേ പറ്റൂ എന്നായി ഡോക്ടര്‍ .

അമ്മച്ചി മകനെയും വിളിച്ചു പുറത്തിറങ്ങി.

ഒരു കൂള്‍ ഡ്രിങ്ക്സ് കടയുടെ  മുന്നില്‍ ചെന്ന് നിന്ന് അവനു നാരങ്ങാ സര്‍ബത്ത് ഓഫര്‍ ചെയ്തു. അമ്മച്ചിയുടെ മോനല്ലേ രണ്ടു തുള്ളി ഒഴിച്ചാല്‍ മതി എന്ന് അമ്മച്ചി.  അത് കുടിച്ചാലും വരില്ലെന്ന് അവന്‍. പിന്നെ മോനെന്താ വേണ്ടേ ന്നു അടുത്ത ചോദ്യം.  അപ്പോള്‍ അവന്റെ ഡയലോഗ് -''പുലിക്കോടന്‍മാരുടെ   കടയില്‍ ജിന്റോയും ജിഷയും ഒരു സ്വര്‍ണ നിറത്തിലുള്ള നക്ഷത്രം കണ്ടു വച്ചിട്ടുണ്ട്. അത് വാങ്ങി തന്നാല്‍ മൂത്രമൊഴിക്കാം ''


ഹമ്പട !

അമ്മച്ചി സമ്മതിച്ചു.  അതിന്റെ ഫ്ലാഷ് ബാക്ക് കൂടി കേള്‍ക്കണം


അതൊരു ക്രിസ്മസ് കാലം ആയിരുന്നു.

മഞ്ഞില്‍ കുളിര് കോരുന്ന ഒരു കാലം. ഡിസംബര്‍ ഒന്നാം തിയതി ആകുമ്പോഴേ ഞങ്ങളുടെ വീട് നില്‍ക്കുന്ന അങ്ങാടിയില്‍ ( അങ്ങാടീ ന്നു പറഞ്ഞാ തൃശ്ശൂര്‍ക്കാര്‍ക്ക് ഹൌസിംഗ് കോളനി എന്ന് വിവക്ഷ) എല്ലാ വീട്ടിലും ഉമ്മറത്ത്‌ ( Sit Out) ഭംഗിയുള്ള നക്ഷത്രങ്ങള്‍ തൂക്കിയിടും. എന്നും രാവിലെ സൈക്കിളില്‍   ഈയുള്ളവള്‍ പശൂമ്പാല് നിറച്ച കുപ്പി കൊടുക്കാന്‍ മിക്ക വീട്ടിലും പോകുമ്പോള്‍ , ദാ, മ്മടെ നക്ഷത്രം എന്നെ നോക്കി കണ്ണിറുക്കും. നിന്നെക്കാള്‍ സുന്ദരിയായ  ഒരെണ്ണത്തിനെ  എന്റെ വീട്ടില്‍ കൊണ്ട് വരും എന്ന് വെല്ലു വിളിച്ചാണ് ഞാന്‍ എല്ലാ വീട്ടില്‍ നിന്നും ഇറങ്ങി പോരുന്നത്.
വീട്ടിലെത്തിയാല്‍ രണ്ടു അനിയന്മാരെയും വിളിച്ചു കൂട്ടി ഞങ്ങള്‍ പാര്‍ട്ടി സമ്മേളനം നടത്തും. താത്വികമായ വിശകലനവും പരിപൂര്‍ണതക്ക് വേണ്ടിയുള്ള സമരസപ്പെടലുകളും നടക്കും.

അമ്മച്ചിയെയും അപ്പച്ചനെയും എങ്ങനെ ഞങ്ങളുടെ വഴിയെ കൊണ്ടുവരാം എന്നാണു പ്രധാന ആലോചന. പഞ്ചായത്ത് കിണറിനു മുന്നിലെ വീട്ടില്‍ താമസിക്കുന്ന ചിറ്റിലപ്പിള്ളി ജോര്‍ജ്ജേട്ടന്‍ തമിഴ്നാട്ടില്‍ നിന്നും കൊണ്ട് വന്ന പ്ലാസ്റ്റിക്‌ കൊണ്ടുള്ള നക്ഷത്രത്തോട് അങ്ങാടിയിലെ എല്ലാ കുട്ടികള്‍ക്കും ആരാധനയായിരുന്നു. അങ്ങനെ പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച നക്ഷത്രം അക്കാലത്തു  കേരളത്തില്‍ ലഭ്യമല്ലായിരുന്നു. അവിടെ ഉള്ള സിനോജ് ഇന്ന്  നക്ഷത്ര നഗരമായ സിംഗപ്പൂരില്‍ ..അവന്റെ ഒരു ഭാഗ്യം ! എല്ലാ ദിവസവും രാവിലെ ആ നക്ഷത്രത്തിന് മേല്‍ ഒന്ന് തൊട്ടു തലോടിയാണ് ഞാന്‍ ഇറങ്ങി വരുന്നത്. അങ്ങനെയോരെണ്ണം ഒരു കൊല്ലം കഴിഞ്ഞപ്പോള്‍  തൊട്ടടുത്ത വീട്ടിലെ സീക്കോ അലോഷ്യസും വാങ്ങി. സീക്കോയുടെ പപ്പ, ഞങ്ങള്‍  എല്ലാവരും പപ്പ എന്ന് വിളിക്കുന്ന അലോഷ്യസ്‌ എന്ന ലൂവീസേട്ടന്‍ എവിടെ നിന്നാണാവോ  അത് വാങ്ങിയത്? എന്തായാലും കുന്നംകുളത്തു നിന്നാകില്ല.

ഞങ്ങളുടെ സ്വന്തം ആപ്ചന്‍ എന്ന് വിളിക്കപ്പെടുന്ന അപ്പച്ചന്‍ ഞങ്ങളുടെ നക്ഷത്ര മോഹങ്ങളെ സഫലമാക്കുന്നത് ക്രിസ്മസ് ദിനത്തിന് മുന്‍പുള്ള പത്തു ദിവസം മുന്‍പാണ്. വേണമെങ്കില്‍ സുന്ദര സ്വപ്നങ്ങള്‍ക്ക് അപ്പച്ചന്‍ ആപ്പ് വച്ചെന്നും പറയാം. ഒട്ടുപാറയിലെ കടകളില്‍ കുന്നംകുളത്ത് നിന്ന് കൊണ്ട് വരുന്ന കടലാസ് കൊണ്ടുണ്ടാക്കിയ ഒരു നക്ഷത്രം. കാറ്റടിച്ചാല്‍ ത്ഫൂ എന്ന് കീറി പോകുന്ന നക്ഷത്രം. എട്ടോ പത്തോ രൂപയെ കൊടുക്കെണ്ടൂ.. വീടിനു മുന്നില്‍ നാഷണല്‍ ഹൈവേ 17, അതിനും അപ്പുറത്ത് സദാ സമയവും ട്രെയിനുകള്‍ കടന്നു പോകുന്ന തീവണ്ടി പാളം. കാറ്റ് ആവശ്യത്തില്‍ കൂടുതലുള്ള പ്രദേശമാണ്. അത് കൊണ്ട് ആറ്റുനോറ്റ് കിട്ടിയ നക്ഷത്ര കിങ്ങിണി കീറി പോകാതിരിക്കാന്‍ ഞങ്ങള്‍ പിള്ളേര്‍ വീടിനു പുറത്തേക്കു നക്ഷത്രം കെട്ടാറില്ല. പകരം വീടിനകത്ത് കെട്ടിതൂക്കും. ഇത് പോരാ എന്ന് പറഞ്ഞാല്‍ അപ്പച്ചന്‍ പരീക്ഷണം നടത്തും. എന്നിട്ട് അക്കാലത്തു ഞങ്ങള്‍ക്ക്  തീരെ  ഇഷ്ടമില്ലാത്ത വിധം മുളയും ചൈന പേപ്പറും കൊണ്ട് വന്നു നക്ഷത്രം ഉണ്ടാക്കും. ആര്‍ക്കു വേണം  അപ്പച്ചന്റെ കരവിരുത് എന്ന് പറഞ്ഞു ഞങ്ങള്‍ പിള്ളേര്‍ മുഖം കോട്ടും. അങ്ങനെ ഓരോ ക്രിസ്മസ് കാലവും കടന്നു പോയി.

ഇത്തവണ അപ്പച്ചനെ വിടാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ വടക്കാഞ്ചേരി ടൌണില്‍ എന്തിനോ പോയപ്പോള്‍  ഒരു കടയില്‍ ഞാനും അടുത്ത സന്തതി ആയ ജിന്റോയും  സ്വര്‍ണ നിറത്തില്‍ കട്ടിയുള്ള ചട്ട കടലാസു കൊണ്ട് നിര്‍മിച്ച മനം മയക്കുന്ന ഒരു നക്ഷത്രം കണ്ടുപിടിച്ചു. ഏകദേശം മുപ്പതു രൂപയാണ് വില. ഞാനോ ജിന്റൊയോ പറഞ്ഞാല്‍ അമ്മച്ചി വാങ്ങില്ല. അപ്പച്ചനും വാങ്ങില്ല. അത് കൊണ്ട് പാഞ്ചിയെ കൊണ്ട് കാര്യം അവതരിപ്പിക്കാം എന്ന് ഞാനും ജിന്റോയും ഗൂഡാലോചനയില്‍ പ്രമേയം പാസാക്കി.


അപ്പച്ചന്റെ രാജകുമാരനാണ് പാഞ്ചി. അവന്‍ ഒന്ന് കരയുന്നത് പോട്ടെ, കരയാന്‍ തുടങ്ങാന്‍  മുഖമൊന്നു ചുളിക്കുന്നത് കൂടി അപ്പച്ചന് സഹിക്കില്ല, അവന്‍ എന്ത് പറഞ്ഞാലും അപ്പച്ചന്‍ വാങ്ങി കൊടുക്കും. അതിനു പ്രതിഫലമായി അവന്‍ കരയാതിരിക്കും. അങ്ങനെ വീട്ടിലെ ഒരു മുറിയില്‍ ഞാനും ജിന്റോയും പാഞ്ചിയേയും വിളിച്ചു രഹസ്യമായി സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. പല വീടുകളില്‍ കാണുന്ന നക്ഷത്രങ്ങളെയും അതിനേക്കാള്‍ സുന്ദരമായ നക്ഷത്രം സ്വന്തമാക്കിയാല്‍ കൂട്ടുകാര്‍ക്കിടയില്‍ ഉണ്ടാകുന്ന സ്ഥാനക്കയറ്റവും ഞങ്ങള്‍ അവനെ പറഞ്ഞു മനസിലാക്കി. അങ്ങനെ സംഭവം സ്വന്തമാക്കാന്‍ അപ്പച്ചനോട് ശിപാര്‍ശ നടത്താമെന്ന് അവന്‍ സമ്മതിച്ചു. ഞാനും ജിന്റോയും സന്തോഷിച്ചു.  ഇക്കാര്യം അന്ന് രാത്രി ഉറക്കം കഴിഞ്ഞതോടെ ഞങ്ങള്‍ രണ്ടാളും മറന്നു .

പിറ്റേന്നാണ് മൂത്രം പോകാത്ത അസുഖവും കിഡ്നിക്ക് കേടും ഉണ്ടായത്. എന്തായാലും നക്ഷത്രം വാങ്ങാം എന്ന് സമ്മതിച്ചതോടെ അവന്‍ ഒരു കുഞ്ഞു കുപ്പിയില്‍  കുറച്ചു മൂത്രം അമ്മച്ചിക്ക് സമ്മാനിച്ചു. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ അമ്മച്ചിക്ക് സമാധാനം.

തിരികെ ഡോക്ടറെ കാണിച്ചപ്പോള്‍ - ങ്ങ്ഹാ ..കുഴപ്പമില്ല പോക്കോ എന്നായി .
അപ്പോള്‍ കുട്ടിക്ക് കിഡ്നിക്ക് തകരാറൊന്നും ഇല്ലല്ലോ ല്ലേ എന്ന് അമ്മച്ചിയും.

ഡോക്ടര്‍ മറുപടി പറഞ്ഞില്ല.

എന്തായാലും കാര്യം നേടിയ അവന്‍ നക്ഷ്ത്രവുമായി രാജകുമാരന്‍ ആയിട്ട് ഞങ്ങള്‍ സഹോദരങ്ങളുടെ അടുത്തെത്തി. അവനാരാ മോന്‍ എന്ന് ഞങ്ങള്‍ പതുക്കെ കയ്യടിച്ചു പാസാക്കി.


കഥയുടെ പിന്‍കുറിപ്പ്‌-  കഥ വായിച്ചു കേട്ടപ്പോള്‍ അവന്റെ പ്രതികരണം ഇങ്ങനെ -''നീ എന്നിലെ സാഹിത്യകാരനെ ഉണര്‍ത്തി . ഇനി ഞാനും കഥകള്‍ എഴുതും . നിന്നെ കുറിച്ചും എഴുതും"

മിക്കവാറും ഞങ്ങള്‍ രണ്ടാളും കൂടി ഒരു പുസ്തകം പ്രസിദ്ധീകരിക്കും  =D

2013 സെപ്റ്റംബർ 4, ബുധനാഴ്‌ച

അധ്യാപകസ്മരണകൾ




ഇപ്പോഴും  സോണി  ടീച്ചറുടെ മുഖം  മറന്നിട്ടില്ല. ബൊഗെയ്ന് വില്ലയുടെ പിങ്ക്,  വെള്ള നിറങ്ങൾ  നിറഞ്ഞ പൂക്കൾ  കുലകുത്തി  മറിഞ്ഞു കിടക്കു ന്ന   നീല ഗെയ്റ്റ് കടന്ന്   അകത്തു ചെല്ലുമ്പോൾ ഇപ്പോഴും അമ്മിഞ്ഞപ്പാൽ മണം നിറഞ്ഞ കുരുന്നുകൾ ഓടിക്കളിക്കുന്ന നഴ്സറി ക്ലാസ് മുറികളും ചുണ്ടിന്റെ അരികെ കറുത്ത മറുകുള്ള സുന്ദരിയായ സോണി ടീച്ചറും കണ്ണിനു മുന്നില് നിറഞ്ഞു വരും.ആ ബോഗേയ്ൻ വില്ല പൂക്കൾ ഇപ്പോഴും അവിടെ ഉണ്ട് എന്നാണു തോന്നുന്നത്  . എനിക്കേറ്റവും പ്രിയപ്പെട്ടവരും ശൈശവ കാലത്തെ കൂട്ടുകാരിയുമായിരുന്ന മോളി മേമ  എന്ന അമ്മയുടെ അനുജത്തിയുടെ മുഖച്ഛായ തോന്നിയതു  കൊണ്ടൊക്കെയായിരിക്കും സോണി ടീച്ചറുടെ മുഖം മനസ്സിൽ പതിഞ്ഞു പോയത്. അയൽ വാസിയായ ഷീല ടീച്ചറും മനസിലുണ്ട്. ആ നഴ്സറി ക്ലാസിൽ ഏറ്റവും നാണം കുണുങ്ങി ഞാനായിരുന്നു. ആക്ഷൻ സോങ്ങിനു ആക്ഷൻ  കാണിച്ചു പാട്ട് പാടുന്നതിന് എന്നെ പഠിപ്പിച്ചത് അവരാണ്. നേരത്തെ പറഞ്ഞ നാണം കൊണ്ട് സ്റ്റേജിൽ കയറി നിന്നതല്ലാതെ ആക്ഷൻ കാണിക്കാനോ , എന്തിന് പാട്ട് മൂളാനോ ഞാൻ തയ്യാറായില്ല. പരിപാടി കഴിഞ്ഞപ്പോൾ വിങ്ങിപ്പൊട്ടി സ്റ്റെജിന്റെ  പുറകിലേക്ക് മാറുമ്പോൾ സോണി ടീച്ചർ വന്നു ചേർത്ത് നിറുത്തി ''സാരമില്ല'' എന്ന് പറഞ്ഞത് ഇപ്പോഴും നിറവാർന്ന വിഷ്വൽ ആയി മനസിലുണ്ട്. കുട്ടൻ എന്ന് വിളിക്കുന്ന പ്രപഞ്ച് 'ജിശേനെ കാണണം '' എന്ന് കരഞ്ഞു തുടങ്ങിയാൽ എൽ .കെ.ജി ക്ലാസിൽ നിന്നും അവനെ യു.കെ.ജി ക്ലാസിലിരിക്കുന്ന എന്റെ അരികിൽ കൊണ്ടിരുത്തുന്നത് സോണി ടീച്ചറാണ്. അവർ ഇപ്പോൾ എവിടെയെന്നു അറിയില്ല.

നഴ്സറി ക്ലാസിന്റെ ഇടവേളകളിൽ ''കുഞ്ഞി സിസ്റ്റേ ''എന്ന് ഞങ്ങൾ വിളിക്കുന്ന റോസി സിസ്റ്റർ  ഓടി നടന്നു കഥ  പറയും.''വല്യ സിസ്റ്റേ'' എന്ന്  ഞങ്ങൾ വിളിക്കുന്ന ആനി സിസ്റ്ററും ഓടി വരും. മിട്ടായി തരും . മുടി കെട്ടി തരും. നഖം വെട്ടി തരും. ഊഞ്ഞാലാട്ടിതരും. ട്രെയിൻ പോലെ വരി വരിയായി ചൂളം വിളിച്ചു ക്ലാസ് മുറികളിൽ ഓടി  നടക്കും.ക്ലാസിൽ ഇരിക്കുന്നവർക്ക് ടാറ്റ കൊടുക്കും. ഷീല ടീച്ചര് സാരി തലപ്പ്‌ കൊണ്ട് കൊടി വീശും. ഹാ അതൊരു കാലം. കണ്ണടച്ചാൽ ഇപ്പോഴും ഞാനൊരു നഴ്സറി കുട്ടിയായാണ്.

ഒന്നാം ക്ലാസിലെ തങ്കമ്മ ടീച്ചറെ മറക്കാൻ കഴിയില്ല. വേദപാഠം പഠിക്കേണ്ട ക്രിസ്ത്യാനി കുട്ടിയായ എന്നെ അപ്പച്ചൻ ആവശ്യപ്പെട്ടപ്പോൾ അറബി പഠിപ്പിക്കാൻ കൊണ്ടിരുത്തുന്നതിൽ ടീച്ചര് വലിയ പങ്കു വച്ചിട്ടുണ്ട്. പിന്നീട് എ.ഇ.  ഇൻസ് പെക്ഷന്  വരുമ്പോൾ 'അറബി പഠിക്കുന്ന എന്റെ ക്ലാസിലെ ജിഷ ' എന്ന് അഭിമാനത്തോടെ അമ്മയെ പോലെ അവർ എന്നെ എണീപ്പിച്ചു നിറുത്തി കാണിക്കുമായിരുന്നു. അറബി പഠിപ്പിച്ച ജമീല ടീച്ചറുടെ കരുതൽ , അവരുടെ മുല്ലപ്പൂമൊട്ട് ചിരി, ,ക്ലാസിൽ ഏറ്റവും കൂടുതൽ മാര്ക്ക് വാങ്ങിയിട്ടുംചൂരൽ അടി തന്നു കൊണ്ടിരുന്ന അറബി മാഷ്‌ ( പേര് മറന്നു പോയി) എന്നിവർ രണ്ടിലും മൂന്നിലും നാലിലും പഠിക്കുമ്പോൾ മനസ്സിൽ കയറിയവരാണ് . സിസ്റ്റർ അല്ലിയുടെ ക്ലാസിൽ ഇരുത്തിയില്ലേൽ നാലാം ക്ലാസ്സിലെക്കും തുടർന്നുമുള്ള  പഠിപ്പ് അവസാനിപ്പിക്കുമെന്ന് അപ്പച്ചനെ ഭീഷണിപ്പെടുത്തി. അവസാനം സരോജിനി ടീച്ചറുടെ ക്ലാസ്സിൽ നിന്ന് മാറ്റാൻ അമ്മച്ചി  പോയി അപേക്ഷിച്ചു . ജിഷ ക്ലാസിൽ പോകില്ലെന്ന് പറഞ്ഞത് അറിയിച്ചു. അങ്ങനെ ക്ലാസ് മാറ്റി കിട്ടി. അല്ലി സിസ്റ്ററെ അത്രക്കും ഇഷ്ടമായിരുന്നു, എനിക്കും,എല്ലാവർക്കും .

അഞ്ചാം ക്ലാസിൽ സ്കൂൾ  മാറിയപ്പോൾ ആദ്യം കണ്ട റീത്ത ഹെലൻ സിസ്റ്റർ എന്നെ മയക്കി കളഞ്ഞു. അവരുടെ ക്ലാസിലെ പോകൂ എന്നായി പിന്നെയുള്ള വാശി. അങ്ങനെ സംസ്കൃതം ക്ലാസിന്റെ ടീച്ചർ ഇൻ ചാർജ്ജ്  ആയ സിസ്റ്റർ റീത്തയുടെ ശിഷ്യ ആയി. സ്കൂളിലെ ഏറ്റവും നല്ല ക്ലാസ്സ്മുറി  സിസ്റ്ററുടെ  ആണ്. ഏറ്റവും നല്ല കുട്ടികൾ ആ ക്ലാസിലുള്ളവരും .
യു.പി ക്ലാസുകളിൽ എത്തിയ ശേഷമാണ് നാണം കുണുങ്ങി സ്വഭാവം കളയാൻ തുടങ്ങിയത്. അതിനു അവിടെയുള്ള ടീച്ചർമാർ വഹിച്ച പങ്ക്  ഏറെയാണ്‌.,. സിസ്റ്റർ റീത്തയാണ് ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതെ ഓരോരുത്തരേയുംഓരോ വ്യക്തി എന്ന നിലയില കണ്ടു പെരുമാറണം എന്ന് പഠിപ്പിച്ചത്.

മോളി ടീച്ചർ , സംസ്കൃതം പഠിപ്പിച്ച ബേബി ടീച്ചർ , കവിതാ പാരായണം പരിശീലിപ്പിച്ച അറബി ടീച്ചർ  കൂടിയായ സുഹറ ടീച്ചർ ( അവർ പിന്നീട് അങ്കണം അവാർഡ്‌ അടക്കമുള്ള പുരസ്കാരങ്ങൾ നേടിയ സാഹിത്യകാരിയായി ) ,പി.ടി ടീചർമാരായ ആനി , റോസി, പാട്ടുകാരിയായ സിസ്റ്റർ വില്ലനോവ, സിസ്റ്റർ  ദീപ്തി- മറക്കില്ല ആരെയും.


ആദ്യമായി പരീക്ഷക്ക്‌ തോറ്റത്  എഴാം ക്ലസിലാണ് .   സങ്കടവും നാണക്കേടും കൊണ്ട് ഒരു ടീച്ചറുടെ മുന്നില് എഴുന്നേറ്റു നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ആ ടീച്ചറുടെ അടുത്താണ്. സയന്സ് ടീച്ചർ ആനി . അതിന്റെ കാരണക്കാരിയായി  ഞാൻ വീട്ടില് അവതരിപ്പിച്ചതും  അവരെയാണ്.കാരണം ആ ടീച്ചർക്ക് എന്നെ  ഇഷ്ടമല്ല.അതാണ്‌ ഞാൻ പഠിക്കാത്തത് എന്ന് വീട്ടില് പറഞ്ഞു. അപ്പച്ചൻ വന്നു കണ്ടു ടീച്ചറോട് സംസാരിച്ചു. ' മാർക്ക് കിട്ടാനല്ല, അറിവ് കിട്ടാനാണ്‌ പഠിക്കേണ്ടത്. അപ്പോൾ മാർക്ക് കുറഞ്ഞത്‌ കൊണ്ട് വിഷമിക്കേണ്ട. അറിവ് കുറഞ്ഞാൽ ശകാരിക്കുകയോ തല്ലുകയോ ചെയ്യൂ.''എന്നായി ടീച്ചറോട് അപ്പച്ചൻ . പിന്നീട് ടീച്ചർ എന്നെ ടീച്ചേഴ്സ് റൂമിൽ  വിളിച്ചു കൊണ്ട് പോയി ചേർത്ത് നിറുത്തി സംസാരിച്ചു . 'കുട്ടികൾ തോൽക്കുമ്പോൾ ടീച്ചര്ക്ക് സങ്കടമാണ് . ഇപ്പോൾ തോറ്റതിൽ വിഷമിക്കണ്ട. വാശി വെക്കണം. ഇനി ഇക്കാര്യത്തിൽ തോൽക്കില്ല എന്ന് തീരുമാനിക്കണം. ബാക്കിയൊക്കെ ശരിയാകും 'എന്ന് .
ഇപ്പോഴും ആ ടീച്ചർ പറഞ്ഞത് പലപ്പോഴും മനസ്സിൽ വരും. ഏതെങ്കിലും കാര്യത്തിൽ ഒരിക്കൽ തോറ്റാൽ  പിന്നെ അക്കാര്യത്തിൽ എന്നും വിജയിക്കാൻ കഠിനാധ്വാനം  ചെയ്യാറുണ്ട്.


ഹൈ സ്കൂളിൽ പെട്ടെന്ന് ഓർമ  വരുന്നത് ഒമ്പതാം ക്ലാസിലെ ജാനകി ടീച്ചറാണ്. പാഠ പുസ്തകത്തിൽ  അച്ചടിച്ച്‌ വച്ച വരികൾ അല്ലാതെ വേറൊന്നിനും അവർ മാര്ക്ക് തരില്ല. മഴ അളക്കാനുള്ള ഉപകരണം എന്ത് എന്ന ചോദ്യത്തിന് 'മഴ മാപിനി' എന്ന് എഴുതിയ എനിക്ക് മാര്ക്കില്ല. ചോദിച്ചപ്പോൾ 'വര്ഷമാപിനി ' എന്ന്  തന്നെ എഴുതണം , എന്നാലെ മാര്ക്ക് കിട്ടൂ എന്ന് പറഞ്ഞെങ്കിലും , ആ ടീച്ചറെ എനിക്ക് ഏറെ ഇഷ്ടമായിരുന്നു.

ഗാന്ധിജിയുടെ ചെറുപ്പകാല ചിത്രങ്ങളെ ഓര്മിപ്പിക്കുന്ന രൂപമുള്ള ഇന്ഗ്ലീഷ് മാസ്റ്റർ ഡേവിഡ്, പ്രീ ഡിഗ്രീ കാലത്ത് അക്കൌണ്ടൻസി പഠിപ്പിച്ച ഔസേപ് മാഷ്‌, ഞായറാഴ്ച വേദപാഠം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയിരുന്ന സണ്ണി ലാസർ  മാഷ്‌, അറബി ട്യൂഷൻ തന്ന രംലാത്ത, റസിയാത്ത , അസീസിക്ക, റഷീദ് പറക്കൽ ( ഇപ്പോൾ പ്രശസ്തനായ സാഹിത്യകാരൻ) എന്ന സഹോദരങ്ങൾ എന്നിവര് മായാതെ , മറയാതെ മനസ്സിൽ നില്ക്കുന്നു.

അവർക്കും , പേര് ഓർമയില്ലാത്ത മറ്റു ടീച്ചർമാർക്കും, പിന്നീട്  എന്നെ ടീച്ചറാക്കി മാറ്റിയ എന്റെ വിദ്യാർഥികൾക്കും   -എന്റെ വക- അധ്യാപകദിനാശംസകൾ !

2013 മേയ് 21, ചൊവ്വാഴ്ച

My Great Father!



പള്ളിയില്‍ പോകുന്നത് അവസാനിപ്പിച്ചിട്ട് നാളേക്ക് (മെയ്‌ 22 )എട്ട് കൊല്ലം തികയുന്നു. അപ്പനെ കൊന്നവര്‍ പള്ളിയുടെ ഉന്നത സ്ഥാനത്ത്.

ആരെ കൊന്നാലും വ്യഭിച്ചരിചാലും പണം ഉള്ളവന്‍ പള്ളിയില്‍ വലിയവന്‍. .,.
കുഞ്ഞേ, ക്ഷമിക്കാനാണ് കര്‍ത്താവ് പറഞ്ഞിട്ടുള്ളത് എന്ന് ഇടയന്മാരും കന്യാസ്ത്രീമാരും. കണ്ണടച്ചാല്‍, ക്ഷമിച്ചാല്‍ , കൊല്ലപ്പെട്ടയാള്‍ തിരികെ വരുമെങ്കില്‍ സന്തോഷം. അതില്ലാത്തിടത്തോളം എന്തിനു ക്ഷമിക്കണം ??

എല്ലാവര്‍ക്കും  അറിയുന്നത് പാടത്ത് താമസിക്കുന്നവര്‍ക്ക് റോഡ് എത്തിക്കാനുള്ള ശ്രമത്തിനിടെ ഗുണ്ടകള്‍ തല്ലിക്കൊന്നെന്നു !

എന്നാല്‍ ആരും ചിന്തിക്കാത്ത മറ്റൊന്നുണ്ട് വടക്കാഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിക്കടുത്ത് സ്ഥാപിച്ച മദ്യശാലക്കെതിരെ ഒറ്റയാള്‍ സമരം പല തവണ നടത്തിയിരുന്നു. മദ്യശാലക്കും ആശുപത്രിക്കും പണം മുടക്കിയത് ഒരാള്‍. ,. . ആ മദ്യശാല മുതലാളിയുടെ വലം കൈ തന്നെയാണ് അപ്പനെ തല്ലികൊന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി വിഷം കഴിച്ചു മരിച്ചു എന്നാക്കാന്‍ അവര്‍ക്ക് വലിയ പ്രയാസം ഉണ്ടായിക്കാണില്ല. അല്ലെ ???

ഒരമ്മയും മൂന്നു കുഞ്ഞുങ്ങളും വഴിയാധരമായപ്പോഴാണ് കൂടെ നിന്ന് ചതിക്കുന്ന ചിലരെയും ശത്രുക്കളെന്നു തെറ്റിദ്ധരിച്ച ചില നല്ല മനുഷ്യരെയും തിരിച്ചറിഞ്ഞത്.
ഫേസ് ബുക്ക്‌ ലിങ്ക്

പക.അതുണ്ട് മനസില്‍ ഇപ്പോഴും. അപ്പോഴെങ്ങനെയാണ് കണ്ണടച്ചാല്‍ മാപ്പ് മനസ്സില്‍ കിളിര്‍ക്കുക???

പകയാണ് ചില സമയത്ത് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് .

മതമല്ല മാനവികതയാണ് മനുഷ്യന് വേണ്ടത് എന്ന് മനസിലാക്കിയതും അന്നാണ് !!!
അപ്പച്ചന്റെ എട്ടാം ചരമ  വാര്‍ഷികം നാളെ  ബുധനാഴ്ച !

പലപ്പോഴും , വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഉണ്ടാകുന്ന പല പ്രശ്‌നങ്ങളിലും, കൂടെ നില്‍ക്കുന്നു എന്ന് കാണിച്ചു പുറകില്‍ നിന്ന് കുത്തുന്ന വ്യക്തികള്‍ നമ്മളെ പിന്നോക്കം വലിക്കാന്‍ നോക്കുമ്പോള്‍ പോരാടാനും വിജയിക്കാനും ഊര്‍ജ്ജം പകരുന്നത് ഈ പകയുടെ ചെറു തരികള്‍ ആണ് !!

2013 മേയ് 18, ശനിയാഴ്‌ച

സൈക്കിള്‍ രണ്ടാം വീഴ്ച


 
ഫേസ് ബുക്ക്‌ ലിങ്ക്



ഞാന്‍ സൈക്കിളില്‍ നിന്ന് പധക്കോം എന്ന ശബ്ദത്തോടെ കവലയില്‍ നിലത്ത് വീണ ഉടനെ സൈക്കിളിന് മുന്നില്‍ സഡന്‍ ബ്രേക്കിട്ട വെളുത്ത ഹോണ്ട ആക്ടീവ മുതലാളി പയ്യന്‍ 'അയ്യേ'എന്ന് ചിരിച്ചു.  പബ്ലിക്‌ ലൈബ്രറി ജംഗഷനില്‍ ചായക്കട നടത്തുന്ന കുട്ടിച്ചേട്ടന്‍ ഞെട്ടിത്തരിച്ച്  ചായ ആററ്ല്‍ പെട്ടെന്ന് നിറുത്തി '...ഔ....'ന്ന് ശബ്ദമുണ്ടാകി.

പ്ലീ എന്നായിരുന്നു അപ്പോള്‍ എന്‍റെ മുഖഭാവം . പാതി വായ പിളര്‍ന്ന പോലെ ബക്കിള്‍ ഇളകിയ ഇടതു കാലിലെ ചെരുപ്പ് ദൂരെ മാറി തെറിച്ചു വീണു. ഇടതു കൈ കുത്തി വീണത്‌ കൊണ്ട് ഉള്ളം കയ്യിലെ തൊലി ഇളകി മാറി. അപ്പോഴും സൈക്കിള്‍ ഉരഞ്ഞ് സ്കൂട്ടരിന്റെ മഡ് ഗാര്‍ഡ്‌ന്റെയോ സൈക്കിളിന്റെയോ പെയിന്‍റ് ഇളകിയോ എന്നാണു പിടഞ്ഞു നോക്കിയത്. പെയിന്‍റ് പോയാല്‍ അവന്റെ ചിരി പോകുമെന്ന് എനിക്ക് തോന്നി. പക്ഷെ ഇല്ല. കുഴപ്പമില്ല.

അപ്പുറത്തെ അലുമിനിയം കടയിലെ ചേട്ടന്‍ ഓടി വന്നു സൈക്കിള്‍ എന്‍റെ മേല്‍ നിന്ന് പൊക്കി മാറ്റി വച്ചപ്പോഴേ ഞാന്‍ സമാധാനിപ്പിച്ചു- ഹേയ് ഒറ്റ കുഴപ്പവുമില്ല.

അപ്പോഴും മുഖം '...പ്ലീ ....'
 


, ഓട്ടോ സ്റാന്‍ഡ് , മാര്‍ജിന്‍ ഫ്രീ ഷോപ്പിലെ സെക്യൂരിറ്റി, റെഡി മെയ്ഡ് ഷോപ്പിലെ ആന്റി, എന്നും ചായ കഴിക്കുന്ന കടയിലെ അനോഷേട്ടന്‍ അടക്കം പത്തു മുപ്പതു പേര്‍ ഈ വീഴ്ചക്ക് ദൃക്സാക്ഷികളായി. 


(ഇത് രണ്ടാം വീഴ്ച ..ആദ്യ വീഴ്ച നാട്ടുകാര്‍ കണ്ടില്ല. അതും റോഡിന്റെ ഒത്തനടുക്ക് !! അത് കൊണ്ട്  ചമ്മലുമില്ല. )


സൈക്കിള്‍ ഉണ്ടല്ലോ, ഉടനെ ചെരിപ്പെടുത്തു കാലില്‍ ഇട്ടു ഒറ്റ ചവിട്ടിനു രംഗത്ത്‌ നിന്നും ഓടി രക്ഷപ്പെട്ടു. നേരെ ജനയുഗം ബ്യൂറോയുടെ വഴിയിലേക്ക് സൈക്കിള്‍ കടത്തി. കൂട്ടുകാരിയെ വിളിച്ചു അവിടെയുള മറ്റൊരു ചങ്ങാതിയോട് സൈക്കിള്‍ ഹോസ്റ്റ്ലിലെത്തിക്കാന്‍ പറഞ്ഞിട്ട് തിരിയുന്നതിനിടെ അങ്ങേ അറ്റത്തു ഓട്ടോ ഓടിച്ചു വന്ന ചേട്ടന്‍ വക ഒരു കമന്റ് - ''ഹി ഹി ഹി ...വീഴല്ലേ വീഴല്ലേ .....''

പിന്നേം ....പ്ലീ.....



അങ്ങനങ്ങ് ചമ്മിക്കാണിക്കാന്‍ പറ്റുമോ- '' ഇടക്കൊക്കെ ഒന്ന് വീഴണ്ടേ ചേട്ടാ .. അതല്ലേ ഒരു സുഖം. ..''


അതെ ..അതാണ്‌ അതിന്‍റെയൊരു സുഖം....

2013 ഏപ്രിൽ 16, ചൊവ്വാഴ്ച

അവളൊരു പാവം പാല്‍ക്കാരി പെണ്ണ്


സൈക്കിള്‍ എടുത്തു മുറ്റത്തിറക്കിയതെങ്ങാനും കണ്ടാല്‍ ജോബിയേട്ടന്‍ പാടി തുടങ്ങും....
അവളൊരു പാവം പാല്‍ക്കാരി പെണ്ണ് ......

''ഹും..പോക്കോ രാവിലെ തന്നെ ചീത്ത വിളി കേള്‍ക്കാന്‍ നില്‍ക്കണ്ട '' എന്ന് പറഞ്ഞാല്‍ കൂടുതല്‍ ഉച്ചത്തില്‍ ജോബിയേട്ടന്‍ രണ്ടു തവണ കൂടി അതേ  വരി പാടും.. അപ്പോള്‍ അപ്പുറത്തെ ലൂവീസേട്ടന്‍ പറയും ''ഡാ ജോബ്യേ  ..നീ എന്തിനാടാ എന്‍റെ മാത്തിരീനെ കള്യാക്കണേ ?? നിനക്ക് അടി വേണോടാ ''ന്നു..

ജോബ്യേട്ടന്‍റെ പാട്ടിനു ഒച്ച കൂടുമ്പോള്‍ കയ്യില്‍ കിട്ടിയതെടുത്തു ഞാന്‍ ഏറിയും. മിക്കവാറും ഞങ്ങളുടെ വീടുകളുടെ കോമണ്‍ ബാത്ത്റൂമിന്‍റെ തകരപാട്ട വാതിലില്‍ കല്ല്‌ വന്നു പതിയുന്നതിന്‍റെ ശബ്ദം ചെവി മൂളിച്ചാലും  ജോബ്യേട്ടന്‍ പാട്ട് നിറുത്തില്ല. ഡീ ജിഷ മാളോ എന്ന് മാത്രം ചിലപ്പോ ഞെട്ടി വിറച്ചു ഉറക്കെ വിളിക്കും.

(ജോബ്യേട്ടന്‍ എന്‍റെ സഹോദര സ്ഥാനത്തുള്ളയാളാണ്, ലൂവീസേട്ടന്‍ എന്‍റെ 'പപ്പയും. അപ്പുറത്തെ വീട്ടിലെ സീക്കോ, സിജി പിള്ളേരുടെ അപ്പനാണ് ലൂവീസേട്ടന്‍. . എല്ലാരും ലൂവീസേട്ടാ എന്ന് വിളിക്കുമ്പോള്‍ അടുത്ത കൂട്ടുകാരിയായ സിജി ചേച്ചിയുടെ വാല് പിടിച്ചു ഞാനും വിളിക്കും- 'പപ്പേ ..''എന്ന് . അതൊരു കാലം. ഇന്ന് ലൂവീസേട്ടന്‍ ഇല്ല.)

ചെറുപ്പത്തിലെ സന്തത സഹചാരിയായിരുന്നു സൈക്കിള്‍. ബി.എസ്.എ ജൂനിയര്‍ ടൈപ്പ്. അന്ന് പത്തു മുന്നൂറ്റമ്പത് വീടുകള്‍ നിറഞ്ഞ പള്ളി പരിസരത്തെ ഹൗസിംഗ് കോളനിയില്‍ നിരത്തില്‍ സൈക്കിള്‍ ചവിട്ടാന്‍ ധൈര്യം കാണിച്ച ഏക പെണ്‍തരി ഞാനാണ്.  അമ്മ വീടിന്‍റെ ഗ്രാമത്തില്‍ പോയാല്‍ ഒരുപാട് പെണ്‍കുട്ടികള്‍ സൈക്കിള്‍ചവിട്ടി പോകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അല്പം പരിഷ്കാരം ഉള്ള പട്ടണപ്രദേശത്ത് ഈ പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടാത്തത് എന്താണെന്ന് അന്ന് പല തവണ ആലോചിട്ടുണ്ട്. അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടില്ല എന്ന് എന്‍റെ അമ്മൂമ്മ പല തവണ പറയാറുണ്ട്‌, ചിലപ്പോള്‍ അവരുടെ അമ്മൂമ്മമാര്‍ അങ്ങനെ പറഞ്ഞത് അവര്‍ അനുസരിക്കുന്നുണ്ടായിരിക്കും, അല്ലേ  ??

പക്ഷെ, എന്‍റെ കഥയില്‍ സൈക്കിള്‍ എന്‍റെ മാത്രം ആവശ്യമല്ല. ഉരി, നാഴി, നാവുരി, രണ്ടു നാഴി , ഒരു ലിറ്റര്‍ വീതം നിറച്ച പാല്‍ കുപ്പികള്‍ പത്തു നൂറു വീടുകളില്‍ എത്തിക്കണം. അതും, സ്കൂളില്‍ ബെല്ലടിക്കുന്നതിനു മുന്നേ എത്തണമെങ്കില്‍ സൈക്കിള്‍ തന്നെ വേണം. രണ്ടു സഞ്ചിയില്‍ നിറയെ കുപ്പികള്‍, അവ ഹാന്‍ഡിലിന്റെ ഇടതും വലതും കൊളുത്തിയിട്ട് ഞാനത് എത്തിക്കണം.
അങ്ങാടി എന്ന് ഞങ്ങള്‍ തൃ ശൂര്‍ക്കാര്‍ പറയുന്ന ഹൗസിംഗ് കോളനിയില്‍ നേരം വെളുക്കുന്നത് ആറു മണിക്കാണ്. എണീറ്റ്‌ പത്രം വായിക്കുന്നതിനു മുന്നേ ചായ കുടിക്കുന്ന ഗൃഹനാഥന്മാരുള്ള വീടുകളില്‍ കുറഞ്ഞത് ആറരക്കെങ്കിലും പാല്‍കുപ്പി എത്തണം. ഇല്ലെങ്കില്‍ പലയിടത്തു നിന്നും പരിഹാസം പൊതിഞ്ഞ  ' ''ന്തൂട്ട്യാട്യെ നിനക്ക് നേരം വെളുത്തില്ലേ ? നിന്ക്ക് ഇത്തിരി നേരത്തെ പാല്‍ എത്തിച്ചാലെന്താ? ദേ, ഞങ്ങള്  വേറെ പാലുകാരെ നോക്കും കേട്ടാ ' തുടങ്ങിയ   പറച്ചിലുകള്‍ കേള്‍ക്കേണ്ടി വരും. തിരിച്ചു എന്തെങ്കിലും പറഞ്ഞാല്‍ പാല്‍ കച്ചോടം നിറുത്തിയാലോ എന്ന് കരുതി പലപ്പോഴും ഒന്നും തിരികെ പറയില്ല.

തിരിച്ച് പറയും- എപ്പോഴാന്നോ - കാലിക്കുപ്പി എടുക്കാന്‍ ചെല്ലുമ്പോള്‍  കുപ്പി നിറയെ പാല്‍ അതേ  പടി  ഇരിക്കുന്ന കണ്ടാല്‍. അപ്പോള്‍ ചോദിക്കും '' ഇന്നെന്താ എണീക്കാന്‍ വൈകിയോ ''

ഹ ഹ ഹ ... ഏതു പട്ടിക്കും ണ്ട് ഒരു ദിവസം , അല്ലേ  ??

അപ്പോള്‍, പറഞ്ഞു വന്നത് വിട്ടു പോയി, ഞാന്‍ ഇത്രേം വീട്ടില്‍ നേരത്തിനു പാല്‍ എത്തിച്ചില്ലേല്‍  അവരാരും പാല്‍ചായ കുടിക്കില്ല. അപ്പോള്‍ എനിക്ക് സൈക്കിള്‍ വേണ്ടത് അവരുടെ ആവശ്യമാണ്.

 പിന്നെ, എടുത്താല്‍ പൊങ്ങാത്ത ഭാരം ഈ കുര്‍ണിയുടെ കയ്യില്‍ കൊടുത്തു വിട്ടാല്‍ വഴിയില്‍ വീണു പോയാലോ എന്ന അപ്പന്‍റെ ആധിയും ..

(അപ്പന്‍ രാവിലെ പോകും നാട് നന്നാക്കാന്‍...... . . ,പിന്നെ എവിടെയാ പാല്‍ കൊണ്ട് കൊടുക്കാന്‍ നേരം. രാവിലെ വീടിന്റെ വാതില്‍തുറക്കുമ്പോള്‍ മുറ്റത്തുണ്ടാകും കുറെ പേര്‍ '' ജോര്ജൂട്ട്യെ ..കുടിവെള്ള പൈപ്പ്‌ പൊട്ടി, പറഞ്ഞിട്ടും ആരും നേരെയാക്കാനില്ല,   ജോര്ജ്ജെ കരണ്ട് കിട്ടിയില്ല, ജോര്‍ജേട്ടാ   പെന്‍ഷന്‍ തടഞ്ഞു വച്ചു സഹായിക്കണം  ' എന്നൊക്കെ പറഞ്ഞ് കുറെ പേര്‍.. . അവര്‍ക്കൊപ്പം അപ്പോള്‍ ഇറങ്ങിയാല്‍ പാതിരാക്കാണ്‌ പിന്നെ കേറി വരുന്നത്..   അയ്യോ, പാവം ഞാനേ....)


അപ്പോള്‍ എന്‍റെ സൈക്കിള്‍, സര്‍ക്കസ്‌ യജ്ഞത്തിലെ സൈക്കിള്‍ പോലെ പ്രധാനമായിരുന്നു. എന്നെ അറിയുന്നത് പോലെ നാട്ടുകാര്‍ എന്‍റെ സൈക്കിളിനെയും അറിഞ്ഞിരുന്നു. നാട്ടില്‍ സൈക്കിള്‍ ഉള്ള കുട്ടികള്‍ കുറവ്. അതില്‍ തന്നെ സൈക്കിള്‍ ഓടിക്കുന്ന പെണ്‍കുട്ടി ഒരാള്‍., അഹങ്കരിക്കാന്‍ എവിടേലും പോകണോ...

പക്ഷെ, കഥയില്‍ ചില നേരത്തു ചില വില്ലന്മാര്‍ കേറി വരും. സിനിമയിലൊക്കെ കാണുന്ന പോലെ, പണക്കാരന്‍റെ വീട്ടിലെ  തിളപ്പുള്ള വരുത്തന്‍ വിരുന്നുകാരന്‍ പയ്യന്മാര്‍. .  വെക്കേഷന് അമ്മയിയുടെയോ അങ്കിളിന്‍റെയോ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വരുന്നവരാണ്. അവരാരും പെണ്‍കുട്ടി സൈക്കിള്‍ ചവിട്ടുന്നത് കണ്ടിട്ടില്ലാത്തത് കൊണ്ടായിരിക്കും,  ഓ പിന്നേ ..ന്നു നീട്ടി വലിച്ചു മുഖം കോട്ടുന്നത്.

 പാല്‍ കുപ്പി കൊണ്ട് വക്കാന്‍ ചെന്നാല്‍ അവന്മാരുടെ കൊത്തിപ്പറച്ചിലുകള്‍ കേള്‍ക്കാം. കുറെ പറഞ്ഞാല്‍ പാല് വാങ്ങുന്ന വീട്ടിലെ വിരുന്നുകാരനാനെണെന്ന്  നോക്കില്ല- ''എടാ ചെക്കാ, നിന്‍റെ നാട്ടില് പോയി കളിയെടാ -എന്നു പറയും. ഹും..അവരുണ്ടോ വിടുന്നു. ഒടുക്കം കളിയാക്കല്‍ എന്‍റെ കറുപ്പ് നിറത്തിലും സൗന്ദര്യ കുറവിലും കൊണ്ട് ചെന്ന് കൂട്ടിക്കെട്ടും. എന്നിട്ട് കാളി , കറുമ്പി, കുര്‍ണി , കാക്കാത്തി, കാട്ടുറാണി തുടങ്ങിയ പേരുകള്‍ വിളിച്ചു കളിയാക്കും .  ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും അധിക്ഷേപിച്ചു സംസാരിക്കാന്‍ അവര്‍ എവിടെ നിന്ന് പഠിച്ചെന്നു ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ആ വിളി വരുമ്പോള്‍ ഞാന്‍   ആ വീട്ടിലെ ആഥിതേയരായ കുട്ടികളെ നോക്കും- '' വെക്കേഷന്‍ കഴിഞ്ഞാല്‍ അവര് പോകും. അന്ന് നമ്മളോക്കെയെ  കാണൂ.ഇപ്പോള്‍ നീ മിണ്ടാതെ അവനു കൂട്ട് പിടിച്ചോ. അപ്പൊ കാണിച്ചു തരാം'' - എന്ന ഭാവത്തില്‍. അപ്പോള്‍ അവര് പതുക്കെ വീട്ടിലോക്കോടും '' മമ്മ്യേ'' ...ന്നു വിളിച്ചിട്ട്.... ഹും നമ്മോളോടാ  കളി


 കഥയുടെ ആദ്യത്തില്‍ പറഞ്ഞ ജോബ്യേട്ടന്‍, അനിയന്‍ ജിയോ, സീക്കോ, എന്‍റെ അനിയന്മാരായ ജിന്റോ, ജിജാസല്‍   എന്നിവരേം കൂട്ടി ആ വരുത്തന്‍ വന്ന വീടിന്‍റെ മുന്നിലൂടെ നാലഞ്ചു തവണ നടക്കും. വരുത്തന്‍  കണ്ണിനു മുന്നില്‍ വന്നാല്‍ അവന്‍റെ പണി കഴിഞ്ഞു- കൂട്ടത്തില്‍ മൂത്തവനായ ജോബ്യേട്ടന്‍ കണ്ണ് പൊട്ടണ ചീത്ത വിളിക്കും. മേലാല്‍ അവര് ഈ പണി കാണിക്കില്ല. അവര് മിണ്ടില്ല, കാരണം പേടിയാണ്.  പേടിക്കണം, ഞങ്ങളുടെ വീടിനു മുന്നില്‍ കൂടി വേണം അവര്‍ക്ക് പള്ളിയില്‍ പോകാന്‍..., ചീത്ത വിളി ഇനിയും കേള്‍ക്കേണ്ടി വരും. ഹ ഹഹ ഹ....


സ്കൂളില്‍സയന്‍സ് ക്ലബില്‍ മല്‍സരത്തിനു സൈക്കിള്‍ സര്‍കസ് കാട്ടി ഫസ്റ്റ്  വാങ്ങണം എന്ന് കരുതും. പക്ഷെ, കൂട്ടുകാരി ജിസ്മി അവളുടെ ക്യൂട്ട് ഹാന്‍ഡ്‌സം പോമാറേനിയന്‍ വെളുമ്പന്‍ പഞ്ഞിക്കെട്ടിനെ കൊണ്ട് വന്നു താലോലിക്കും. അവള്‍ക്കു തന്നെ എല്ലാക്കൊല്ലവും ഫസ്റ്റ്.


സൈക്കിള്‍ ഒരെണ്ണം വാങ്ങി ഓഫിസില്‍ കൊണ്ട് വന്നപ്പോള്‍   ഇങ്ങനെ കുറെ ഓര്‍മ്മകള്‍ ഇന്ന് മനസിലേക്ക് തള്ളിക്കേറി വന്നു. പത്തു പന്ത്രണ്ടു കൊല്ലം കൊണ്ട് നടന്ന ഗൃഹാതുര ഓര്‍മകളെ നിരത്തില്‍ ഇറക്കുമ്പോള്‍ പഴയ വരുത്തന്‍വില്ലന്മാര്‍ ഇപ്പോഴും കാണുമോ എന്ന ശങ്ക ഇല്ലാതില്ല . എത്ര പേരോട് തല്ലു പിടിച്ചു ജയിക്കേണ്ടി വരുമോ ( അതെ ജയം എനിക്ക് തന്നെ , ഹ ഹ ഹ ) ...ആവോ ....



2013 ജനുവരി 16, ബുധനാഴ്‌ച

ധിത്താ ധിത്താ ധിത്താ ധിമൃതതൈ





കാക്കണേ ദൈവമേ!- 
സെന്‍റ് ജെമ്മാസിലെ വേദിയില്‍ നടന്ന
മാര്‍ഗ്ഗം കളി മല്‍സരത്തിനു മുന്‍പ്‌ പ്രാര്‍ഥനയില്‍ !
face book link 

മാര്‍ഗ്ഗം കളി  ഓര്‍ത്താല്‍ ഇപ്പോഴും ചിരി വരും. ഫോറാന പള്ളിക്ക് കീഴിലെ പള്ളികള്‍ തമ്മിലുള്ള മല്‍സരം.
പ്രായം അനുസരിച്ചാണ് വിഭാഗങ്ങളെ തിരിക്കുന്നത് 
ഞാന്‍ ഉള്‍പ്പെടുന്ന ജൂനിയര്‍ വിഭാഗത്തില്‍ അസ്സലായി നൃത്തം ചവിട്ടുന്ന ആറു പേരെ കിട്ടി, പക്ഷെ പാടുന്നവരെ ആരെയും കിട്ടിയില്ല.  ഒടുവില്‍ പദ്യം ചൊല്ലലിനും പ്രസംഗ മത്സരത്തിനും പങ്കെടുക്കാന്‍ എത്തിയ, പര പര കവിത ചൊല്ലാന്‍ മാത്രമുള്ള ഈണം കൈവശമുള്ള എനിക്ക് നറുക്ക് വീണു. 

എണ്പതിലധികം വരികള്‍ കാണാപാഠം പഠിക്കണം, അതും ഏറ്റവും കുറഞ്ഞ മണിക്കൂറുകള്‍ കൊണ്ട്.  പഠിക്കാന്‍ ചേച്ചിമാര്‍ കസെറ്റ് നല്‍കി. അതിലുള്ള മാര്‍ഗംകളി പാട്ട്  പഠിക്കാന്‍ എന്നെ ഒറ്റയ്ക്ക് ഒരു റൂമില്‍ അടച്ചിടുകയും ചെയ്തു. 

ഇടയ്ക്കു വാതില്‍ തുറന്നു വന്നു 'ജിഷേ പഠിക്കുന്നുണ്ടോ ' എന്നാരായും.  ഉവ്വെന്നു ഞാന്‍..,. സത്യത്തില്‍ അവര് വരുമ്പോഴാണ്  വരികളെഴുതിയ കടലാസ് നോക്കുന്നതായെങ്കിലും ഭാവിക്കുന്നത്. എന്നെക്കൊണ്ട് കഴിയില്ലാത്ത പണിയാണെന്ന് പലത്തവണ പറഞ്ഞിട്ടും അവര് സമ്മതിക്കുന്നില്ല. എങ്കില്‍ ഇനി സ്റ്റേജില്‍ കയറി പാടിയിട്ടു തന്നെ കാര്യം. 


ഒടുവില്‍ ആ ദിവസം സമാഗതാമായി.  എന്റെ അമ്മൂമ്മയുടെ ചട്ടയും മുണ്ടും തന്നെ വാടകക്ക് ഞാന്‍ വാങ്ങി.  ഞൊറിയ്‌ടുത്ത്  വാലുണ്ടാക്കി, മേക്കമോതിരവും കാലില്‍ തളയും  അണിഞ്ഞു. കഴുത്തില്‍ കാശ് മാല. 

അസ്സലായി നെഞ്ച് പിടക്കുന്നുണ്ട്, മുഖത്ത് കാണിക്കാതിരിക്കാന്‍ ഇടയ്ക്കിടെ റോബസ്റ്റ പഴം ഇരുന്നു തിന്നുന്നതായി ഭാവിക്കും. അത് തിന്നാന്‍ കൂടി ടെന്‍ഷന്‍ സമ്മതിക്കുന്നില്ല. ഒടുവില്‍ നമ്പര്‍ വിളിച്ചു. അല്‍പ മണിക്കൂറുകള്‍ കൊണ്ട് തട്ടിക്കൂട്ടിയായത് കൊണ്ട് സ്റ്റെപ്സ് തെറ്റുമെന്നു ഡാൻസുകാര്‍ക്ക്  ആധിയുണ്ട്. പക്ഷെ  സ്റ്റേജില്‍ മാര്‍ഗ്ഗംകളി പാട്ട് തുടങ്ങിയ മുതലേ അവര് ചിരിയാണ്. ആദ്യ പാദം- മേയ്ക്കണീന്താ പീലിയും മയില്‍' എന്ന് പരാമാവധി വേഗത കുറച്ചു വേണം പാടാന്‍, പക്ഷെ ടെന്‍ഷന്‍ കാരണം ഞാന്‍ പോപ്‌ മ്യൂസിക്‌ സ്പീഡിലാണ് പാടുന്നത്. അത് കൊണ്ട് തന്നെ അവര്‍ അതിവേഗത്തിലാണ് വണക്ക സ്റ്റെപ്സ് കളിക്കുന്നത്.  

ചിരിച്ചു ചിരിച്ച്  ഡാന്‍സുകാരുടെ  ചുണ്ടുകള്‍ ചെവി തൊട്ടു.

ധിത്താ ധിത്താ ധിത്താ ധിമൃതതൈ 

'മരമോട് കല്ലുകള്‍ കനകം വെള്ളി' എന്ന് തുടങ്ങുന്ന രണ്ടാം പാദം അൽപം വേഗതയില്‍ പാടണം. ആദ്യ വണക്ക പാദ ഗാനം സ്പീഡില്‍ പാടിയത് കൊണ്ട് ട്രെയിന്‍ ബ്രേക്ക്‌ കിട്ടാതെ പായുന്ന പോലെയാണ് രണ്ടാം പാദം തുടങ്ങിയത്...
ഹെന്റമ്മോ! നാലഞ്ചു വരികള്‍ക്ക് ശേഷം 'തകത തകത തകത തൈ ' എത്തിയപ്പോഴേക്കും  അല്‍ഷിമേഴ്സ്   ബാധിച്ചു.  അറുപതിരണ്ടിലധികം വരികള്‍ പാടേണ്ട ഇടങ്ങളിലെല്ലാം ആദ്യ അഞ്ചാറു വരികള്‍ തന്നെ  വീണ്ടും വീണ്ടും പാടി തകര്‍ത്തു. അയ്യോ, ഇങ്ങനെ പാടിയാല്‍ ഇനി മൂളിപ്പാട്ട് പാടാന്‍ പോലും മാനം ഉണ്ടാകില്ലെന്ന ചിന്ത അവസാന നൃത്തചുവടുകള്‍ തുടങ്ങിയപ്പോള്‍ മനസിലേക്ക്  ഇരച്ചു കയറാന്‍ തുടങ്ങി. 

അമ്മൂമ്മാരായ കൂട്ടുകാര്‍ ചിരിച്ചു കുഴഞ്ഞ് ഡാന്‍സ്‌ കളിച്ചു. 
അവിടെ ചിരി ഇവിടെ കരച്ചില്‍. .. , ഇവിടെ കരച്ചില്‍,അവിടെ ചിരി.. ഞാന്‍ തെറ്റിച്ചപ്പോള്‍ അവര് ചുവടു തെറ്റിക്കാതെ എന്നെ വീണ്ടും  ഞെട്ടിച്ചു.

വയറില്‍ നിന്നോരാന്തല്‍.  അവര്‍ തെറ്റിച്ചിരുന്നെങ്കില്‍  എനിക്കും ചീത്ത കേള്‍ക്കാതെ രക്ഷപ്പെടാമായിരുന്നു . അല്ലെങ്കില്‍ ചീത്ത കേള്‍ക്കാന്‍ അവരെങ്കിലും ഒപ്പം ഉണ്ടാകുമല്ലോ എന്നെങ്കിലും ആശ്വസിക്കാമായിരുന്നു. ഹും, ദുഷ്ടകള്‍. ...

ആന്തല്‍ കൂടി കൂടി കണ്ണില്‍ പെരുത്ത്‌ കയറ്റം! തല കറങ്ങുമോ, സ്റ്റേജില്‍ വീണാല്‍ നാട്ടുകാര്‍ കാണുമല്ലോ ദൈവമേ എന്ന എന്റെ മനസിന്റെ കരച്ചില്‍ ദൈവം കേട്ടു. കര്‍ട്ടന്‍ വീണതിനൊപ്പം ഒരു സെക്കന്‍ഡ്‌ സമയം തന്നിട്ടാണ് എന്നെ കറക്കി വീഴ്ത്തിയത് . ഹാവൂ...അത്രയെങ്കിലും ആശ്വാസം.


കര്‍ട്ടന്‍ വലിച്ചു താഴ്ത്തുന്നയാള്‍ക്ക് എന്റെ നില്‍പ്പില്‍ പന്തികേട് നേരത്തെ തന്നെ തോന്നിയതിനാല്‍ എന്റെ വീഴ്ച മുന്‍കൂട്ടി കണ്ടു. ഭാഗ്യം, തലയിടിക്കാതെ അയാള്‍ കാത്തു. (ഓ, പിന്നെ അയാള് എത്രയെത്ര സ്റ്റേജില്‍ കര്‍ട്ടന്‍ വലിച്ചയാളാണ്, അങ്ങേര്‍ക്കു ഇതൊക്കെ മനസിലാകും.)

മേയ്ക്കപ്പ് റൂമിലെ ബഞ്ചില്‍ കണ്ണടച്ച് നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ ആരൊക്കെയോ പറയുന്ന കേട്ടു- 'പാവം രാവിലെ മുതല്‍ ഒററയിരുപ്പല്ലേ ?  മേയ്ക്കപ്പ് കാരണം ഒന്നും കഴിച്ചിട്ടുമുണ്ടാകില്ല. '' ശരിയല്ലേ, അയ്യോ പാവം ഞാനേ....

എന്നിട്ടും അവളുമാര്‍ എന്നെ കളിയാക്കി, കള്ള തലക്കറക്കം കറങ്ങിയെന്നു  പറഞ്ഞ് പൂര കളിയാക്കല്‍. പക്ഷേ  പാടി തെറ്റിച്ചെങ്കിലും ദുഷ്ട്കള്‍ക്ക് ഞാന്‍ സെക്കന്‍ഡ്‌ വാങ്ങി  കൊടുത്തില്ലേ ??
എന്നിട്ടും അവളുമാര്‍ പറയുന്നത് -രണ്ടു ടീം മാത്രമേ മല്‍സരത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് . ഹും





2012 ഏപ്രിൽ 11, ബുധനാഴ്‌ച

പാലം വരുന്നതിനു മുന്നേ വിളിച്ചു പറഞ്ഞവന്റെ ശബ്ദം!

വടക്കാഞ്ചേരി മേല്‍പ്പാലത്തിനു വേണ്ടി 1994 -ലെ തിരുവോണ നാളില്‍ നടന്ന പ്രതിഷേധ സമരം. അപ്പച്ചനൊപ്പം ഞാനും എന്റെ അനുജന്മാരായ ജിന്റോ, ജിജാസല്‍ എന്നിവരും!
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റൊരു ലിങ്ക് 










_____________________________________________________________________________________
ഇനി ഓര്‍മ്മകള്‍ മാത്രം!




വേറിട്ട പോരാട്ടങ്ങളുടെ ഒരു ഗേറ്റ് അടയുന്നു


മാതൃഭുമി 11 /4 /12 
'വേറിട്ട പോരാട്ടങ്ങളുടെ ഒരു ഗേറ്റ് അടയുന്നു' എന്ന തലക്കെട്ടിനു കീഴെ എന്റെ അനുജന്‍ ജിജാസല്‍ അപ്പച്ചനെ ഓര്‍ക്കുന്നു.

വടക്കാഞ്ചേരി: റെയില്‍വേ ഗേറ്റില്‍ കാത്തുകെട്ടിക്കിടന്ന വാഹനങ്ങള്‍ക്കിടയിലൂടെ സൈക്കിള്‍ അതിവേഗം വെട്ടിച്ചെടുത്ത് ജിജാസല്‍  നീങ്ങി. ജോര്‍ജേട്ടന്റെ വേറിട്ട അനേകം സമരങ്ങള്‍ക്ക് സാക്ഷിയായ ഗേറ്റ് ഇനി ഒരുദിവസമേ ഉണ്ടാകൂയെന്ന് അവനറിയാം. ഇത്രനാള്‍ വഴിമുടക്കി തങ്ങളെ കൂവിവിളിച്ച് കടന്നുപോയ തീവണ്ടികള്‍ക്ക് മുകളിലൂടെ ബസ്സുകള്‍ക്ക് ഇനി കൂവിവിളിച്ച് പായാം. പക്ഷേ അതു കാണാന്‍ ജോര്‍ജേട്ടനില്ലെന്നു മാത്രം.

ജിജാസലിന്റെ അച്ഛനാണ് ജോര്‍ജേട്ടന്‍. സ്‌നേഹം കൂടുന്നതിനാല്‍ സ്വകാര്യമായി അച്ഛനെ അവനങ്ങനെയാണ് വിളിക്കുക. തന്റെ കയ്യിലുള്ള ഒരു നോട്ട് ബുക്ക് അവന്‍ തുറന്നു. അതില്‍ നിറയെ റെയില്‍വേ മേല്‍പ്പാലത്തിനായുള്ള സമരങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളുമാണ്. എല്ലാത്തിലും നായകന്‍ സി.ഡി. ജോര്‍ജ്. ഉപനായകര്‍ കുടുംബാംഗങ്ങളും.

'അഞ്ച് വയസ്സുള്ള എന്നെയും കൂട്ടി 94ലെ ഒരോണത്തിന് അച്ഛന്‍ സെന്ററിലെത്തി. ഒപ്പം ചേട്ടന്‍ ജിന്റോയും ചേച്ചി ജിഷയുമുണ്ട്.ഞങ്ങളോട് മുട്ടുകുത്തിനില്‍ക്കാന്‍ പറഞ്ഞു. ഞങ്ങള്‍ നിന്നു. എന്തിനാണെന്ന് അന്നറിയുമായിരുന്നില്ല.' ജിജാസല്‍ നോട്ടുബുക്ക് മറിച്ച് അന്നത്തെ വാര്‍ത്താചിത്രം കാട്ടി. വടക്കാഞ്ചേരി മേല്‍പ്പാലത്തിനായി ജോര്‍ജും കുടുംബവും നടത്തിയ പ്രാര്‍ത്ഥനാ സമരമായിരുന്നു അത്.ധാരാളം വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു ജോര്‍ജിന്.
  ഒരുദിവസം അവയെയെല്ലാം കൂട്ടി മക്കളെയുമായി ഗേറ്റിനു മുന്നില്‍ വഴിതടയാനും ധൈര്യം കാട്ടി ജോര്‍ജ്. ഓര്‍ത്തുനോക്കൂ... ആരൊക്കെയാണ് സമരക്കാര്‍?പശു, ആട്, കോഴി, പട്ടി, മുയല്‍, അണ്ണാന്‍... തുടങ്ങിയവ. റോഡില്‍ പശുവിന് കാവലായിരുന്നു കൊച്ചു ജിജാസലിന്റെ ജോലി.

ഗേറ്റിനടുത്തായിരുന്നു ജോര്‍ജിന്റെ അന്നത്തെ വീട്. അടഞ്ഞുകിടക്കുന്ന ഗേറ്റിനുമുന്നില്‍ കുടുങ്ങിയ ആംബുലന്‍സുകളും രോഗികളുടെ നിലവിളിയുമൊക്കെ നൊമ്പരപ്പെടുത്തുമ്പോഴാണ് ജോര്‍ജ് മക്കളെയുമായി സമരത്തിനിറങ്ങുക. കേരള കോണ്‍ഗ്രസ്സു(ബി)ക്കാരനായിരുന്നെങ്കിലും പാര്‍ട്ടിയുടെ അനുവാദത്തിനൊന്നും അദ്ദേഹം കാത്തുനിന്നില്ല. മൗനമാര്‍ച്ച്, മനുഷ്യത്തൂണ്‍... അങ്ങനെ വ്യത്യസ്തമായ പരിപാടികള്‍. എന്നിട്ടും പാലം ഉയരാത്തതില്‍ നിരാശനായി അദ്ദേഹം കുരിശിലേറിയും ഒരുസമരം നടത്തി.
വടക്കാഞ്ചേരി മേല്‍പാലത്തിന്റെ  ദൃശ്യം 

ഓരോ സമരവും പാലമെന്ന സ്വപ്നത്തെ വടക്കാഞ്ചേരിക്കാരുടെ മനസ്സുകളില്‍ കെട്ടിയുയര്‍ത്തി. അത് യാഥാര്‍ത്ഥ്യമാകുന്നത് കാണാതെ അപ്പച്ചന്‍ യാത്രയായതിന്റെ ദുഃഖമുണ്ട് ,അഞ്ചാംവയസ്സിലേ പാലം സമരത്തിനിറങ്ങിയ ജിജാസലിന് ...

____________________________________________________________________________________


മേല്‍പ്പാലം മറ്റു വാര്‍ത്തകള്‍ 
മാതൃഭുമി 12 /4 /12 


മനോരമ 12 /4 /12

മനോരമ 

മാധ്യമം 
മനോരമ
മാതൃഭുമി 

2008 മേയ് 16, വെള്ളിയാഴ്‌ച

അറബി മുന്തിരീന്റെ വേദന

മാഷ്മ്മാര്ടെ ഓരോരോ തോന്ന്യാസങ്ങള്. ശരിയുത്തരം പറഞ്ഞാലും തല്ലും, അല്ലേലും തല്ലും.നാളെ മുതല്‍ ഞാനീ ക്ലാസ്സിലിരിക്കില്ല. വീട്ടില്‍ ചെല്ലട്ടെ, ഈ അപ്പച്ചന്‍ കാരണം കുറെ ദിവസമായി ഞാന്‍ തല്ലു കൊള്ളുന്നു. ഈ അറബി മാഷ്ക്ക് എന്തിന്റെ കേടാ?-ഞാന്‍ ആത്മഗതം പറഞ്ഞു.

2007 മേയ് 8, ചൊവ്വാഴ്ച

സുഹൃത്ത് അഥവാ കോന്തലമുറിയന്‍

ജേണലിസം ക്ലാസ്സ്‌ അവസാനിച്ചിരുന്നു.സഹപാഠികള്‍ എല്ലാവരും വിവിധ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ഒന്ന് മുതല്‍ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികളില്‍ ആയിരുന്നു. എല്ലാവര്‍ക്കും സന്തോഷം. പഠിച്ച വിഷയത്തില്‍ ജോലി നേടിയ സുഖമുണ്ടായിരുന്നു  ആ പരിശീലനത്തിന്. അല്‍പ്പ കാലത്തിനുള്ളില്‍ ഉടന്‍ ഒരു ജോലി കിട്ടുമെന്ന് തന്നെ എല്ലാവരും വിശ്വസിച്ചു, മോഹിച്ചു.
അതിനു വേണ്ടി കഠിന പരിശ്രമവും നടത്തി. അങ്ങനെയിരിക്കെയാണ് ആ സംഭവം ഉണ്ടാകുന്നത്. പത്ര പ്രവര്‍ത്തക മേഖലയിലെ ആദ്യ ചതി!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...