Money എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Money എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

പോരാടി നേടീ ഡോക്ടര്‍ ഈ വിജയം


വൈദ്യസമൂഹത്തിനകത്ത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി ചികിത്സാ പിഴവിനെതിരെ പോരാടിയ ഡോക്ടര്‍ക്ക് വിജയം.

അമിത വണ്ണംകുറയ്ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയനാവുകയും പണവും ആരോഗ്യവും നഷ്ടപ്പെടുകയും ചെയ്ത എറണാകുളം കോതമംഗലം നെല്ലിമറ്റം മനയത്തുമാരിയില്‍ കുടുംബാംഗമായ ഡോ. രാജേഷാണ് ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം നേടിയത്. ചികിത്സാ പിഴവിലൂടെയുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ജീവിതാന്ത്യം വരെ അനുഭവിക്കാനിടയാകുമെന്ന് മനസ്സിലാക്കിയ ജസ്റ്റിസ് പി.കെ. ബര്‍ക്കത്തലി അധ്യക്ഷനായ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ 95 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

 ഈ ഉത്തരവുപ്രകാരം എതിര്‍കക്ഷികളായ തിരുവനന്തപുരം മെഡിട്രീന ആശുപത്രിയും ശസ്ത്രക്രിയ നടത്തിയ ഡോ. കോശി ജോര്‍ജും ചേര്‍ന്ന് നഷ്ടപരിഹാര തുകക്കൊപ്പം 12 ശതമാനം പലിശയും കോടതി ചെലവായി 5000 രൂപയും ഒടുക്കണം.

റേഡിയോളജി എം.ഡി ബിരുദധാരിയാണ് 37-കാരനായ ഡോ. രാജേഷ്. അമിത വണ്ണവും ഹെര്‍ണിയയും മൂലം ബുദ്ധിമുട്ടിലായ രാജേഷ് വൈദ്യസമൂഹത്തിലെ പലരും ഡോ. കോശിയെ പുകഴ്ത്തി പറഞ്ഞതിനെ തുടര്‍ന്നാണ്  ചികിത്സക്കായി സമീപിച്ചത്. അമിതവണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്താമെന്നും കുറഞ്ഞാല്‍ സ്വാഭാവികമായും ഹെര്‍ണിയ നിയന്ത്രണ വിധേയമാക്കാമെന്നും ഡോ. കോശി ഉറപ്പ് നല്‍കിയിരുന്നുവത്രേ. ചികിത്സാ ചെലവായി 2.5 ലക്ഷമാണ് ആവശ്യപ്പെട്ടത്. 2011 ഡിസംബറില്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന കാലത്ത് ഡോ. രാജേഷിന് 120 കിലോ തൂക്കമുണ്ടായിരുന്നു. ആമാശയത്തിന്‍െറ ആദ്യ ഭാഗമായ ഫന്‍ണ്ടസ് പൂര്‍ണമായലും നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയില്‍ പ്രധാനം. എന്നാല്‍, അശ്രദ്ധമൂലം ഫന്‍ണ്ടസ് നീക്കം ചെയ്തില്ളെന്ന് മാത്രമല്ല സ്റ്റേപ്പിള്‍സ് എന്ന ക്ളിപ്പ് നിരതെറ്റി മുറുക്കുകയും ചെയ്തു. അതിനാല്‍ ഈ ഭാഗം ബാഗ് കണക്കെ വികസിച്ചു. ഇതുമൂലം ആമാശയത്തിന്‍െറ ആദ്യ ഭാഗം ചുരുങ്ങിപ്പോവുകയും ചെയ്തു. ഉമിനീരു പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഡോ. രാജേഷ് എത്തിപ്പെട്ടത്.

ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഡോ. രാജേഷ് തന്നെയാണ് സി.ടി സ്കാന്‍ നടത്താന്‍ ഡോ. കോശിയെ നിര്‍ബന്ധിച്ചത്. പരിശോധനാ ഫലത്തില്‍ ശസ്ത്രക്രിയ ഭാഗത്ത് കുഴപ്പങ്ങളുണ്ടെന്ന് മനസ്സിലാക്കുകയും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2012 ജനുവരിയിലാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഇതുകൊണ്ടും മാറ്റമുണ്ടായില്ല. ഇനിയും പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടറെ അറിയിച്ചെങ്കിലും ചികിത്സ നടത്താനോ രോഗിയെ കാണാനോ ഡോക്ടര്‍ സമ്മതിച്ചില്ല. ഭയംമൂലമാണ് പലതും തോന്നുന്നതെന്ന് ഡോക്ടര്‍ കോശി പറയുകയും ചെയ്തുവത്രേ. ചോര ഛര്‍ദിച്ചുകൊണ്ടിരുന്ന ഡോ. രാജേഷിന് ദിവസവും ഗ്ളൂക്കോസ് കയറ്റേണ്ട സ്ഥിതിയിലേക്ക് കാരങ്ങള്‍ എത്തിയപ്പോള്‍ മെഡിട്രിനയിലെ ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയയിലൂടെയാണ് ഡോ. രാജേഷിന് ജീവന്‍ തിരിച്ചുകിട്ടിയത്. പൂര്‍ണ ആരോഗ്യമില്ലാത്തതിനാല്‍ മുഴുവന്‍ സമയ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ ഡോ. രാജേഷിന് കെല്‍പില്ലാതായി. നിലവില്‍ ഭരണ ചുമതല മാത്രമുള്ള പദവിയില്‍ ഗള്‍ഫിലെ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ചികിത്സാ പിഴവുണ്ടായെന്നും അശ്രദ്ധ സംഭവിച്ചെന്നും തുടക്കത്തില്‍ സമ്മതിച്ചെങ്കിലും പണം തട്ടാനുള്ള ശ്രമമാണെന്ന് ഡോ. കോശി പിന്നീട് ആരോപണം ഉന്നയിച്ചതാണ് നിയമപോരാട്ടത്തിനിറങ്ങാന്‍ ഡോ. രാജേഷിനെ പ്രേരിപ്പിച്ചത്. രാജ്യത്ത് അറിയപ്പെടുന്ന ഡോ. കോശിയെ താറടിച്ച് കാണിക്കാനും പണം പിടുങ്ങാനും നടത്തുന്ന അടവാണിതെന്ന് മറ്റു ചില ഡോക്ടര്‍മാരും ആക്ഷേപമുയര്‍ത്തി. ചികിത്സാ പിഴവുണ്ടെന്ന് മറ്റ് ചില ഡോക്ടര്‍മാര്‍ രഹസ്യമായി സൂചിപ്പിച്ചെങ്കിലും പുറത്തുപറയാനും പിന്തുണക്കാനും തയാറായില്ല. ഡോ. രാജേഷിനെ തളര്‍ത്താന്‍ പല ശ്രമങ്ങളും ഉണ്ടായെങ്കിലും പോരാട്ടം വിഫലമായില്ല.

ചികിത്സാ പിഴവുകള്‍ നേരിടേണ്ടി വന്നിട്ടും നിശബ്ദരാക്കപ്പെടുന്ന രോഗികള്‍ക്കായി ഈ വിധി സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഭാര്യയും പുഷ്പഗിരി മെഡിക്കല്‍ കോളജിലെ പാത്തോളജി എം.ഡി ബിരുദ വിദ്യാര്‍ഥിനിയുമായ ഡോ. രഞ്ജിമ എബ്രഹാം പൂര്‍ണപിന്തുണയുമായി രാജേഷിനൊപ്പമുണ്ട്. മക്കള്‍: ഇസബല്‍, മിറബല്‍.

ഓപറേഷന്‍ തിയേറ്റര്‍ വാടകക്കെടുത്തും അടിസ്ഥാന സൗകര്യങ്ങളില്ലാതെയുമാണ് മെഡിട്രീന ആശുപത്രി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നതെന്ന് ഡോ. രാജേഷ് കുറ്റപ്പെടുത്തി.  ഡോക്ടര്‍മാര്‍ വഴി പ്രചാരണം നടത്തിയാണ് രോഗികളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നത്. പല പരാതികളെ തുടര്‍ന്ന് ഈ ശസ്ത്രക്രിയ ഇപ്പോള്‍ അവര്‍ നടത്തുന്നില്ല. ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങള്‍ നിരവധിയുണ്ടെന്നും പൊതുജനം ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. വാദിക്കുവേണ്ടി അഡ്വ. കെ.എല്‍. ജോസഫ് ഹാജരായി.

അതേസമയം, വിധിയെക്കുറിച്ച് അറിയില്ളെന്നും ഒൗദ്യോഗികമായി അറിയിപ്പ് ലഭിക്കുംവരെ പ്രതികരിക്കുന്നില്ളെന്നും ഡോ. കോശി പറഞ്ഞു.മെഡിട്രീനയില്‍ എത്തുംമുമ്പ് തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അസോസിയേറ്റ് പ്രഫസറായിരുന്നു  അദ്ദേഹം പറഞ്ഞു.

2012 ഡിസംബർ 13, വ്യാഴാഴ്‌ച

മദ്യപാനി(പണം) വേണ്ട- കേരള കാതോലിക്ക സഭ !


ഫേസ് ബുക്കിലെക്കൊരു  ലിങ്ക്



ഒടുക്കം അത് സംഭവിച്ചു, മദ്യവ്യവസായികള്‍ വഴിയാധാരമായി. മദ്യ വ്യവസായികളുടെ പണം വേണ്ടെന്നു വക്കാനൊരുങ്ങുകയാണ് കേരള കത്തോലിക്കാ സഭ. മദ്യ മേഖലയിലെ വ്യവസായികളും വ്യാപാരികളും നല്‍കുന്ന സംഭാവനയോ സഹായമോ സ്വീകരിക്കുന്നതിനു രൂപതകളെയും സഭ സ്ഥാപനങ്ങളെയും മെത്രാന്‍ സമിതി വിലക്കാന്‍ പോകുന്നു. ഇതിനായി കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ കരട് രേഖ തയ്യാറായി കഴിഞ്ഞു. വില്‍പ്പനക്കാരെ മാത്രമല്ല, മദ്യപാനികളെയും സഭ എതിര്‍ക്കാന്‍ പോകുകയാണ് എന്ന് വാര്‍ത്തയില്‍ കാണുന്നു. ലഹരി ഉപയോഗിക്കുന്നവരെ   സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിലും ഇടവക കമ്മറ്റികള്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലും വിലക്കുമെന്നും കരടിലുണ്ട്.  മദ്യവുമായി ബന്ധമുല്ലവരില്‍ നിന്നും എന്താവശ്യമാണെങ്കിലും സംഭാവനകള്‍ സ്വീകരിക്കരുതെന്നും ഇങ്ങോട്ട് വന്നു തന്നാല്‍ നിരസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ഒരാഘോഷത്തിനും മദ്യ സല്‍ക്കാരം പാടില്ല.  സഭയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവരെ ഒറ്റപ്പെടുത്താനാണ് നീക്കം.

അപ്പോള്‍ ഒച്ചപ്പാടിനൊരു സംശയം-  മദ്യപാനി എന്ന് പറയുന്നവരെ എങ്ങനെ നിര്‍വചിക്കാം?? ഒരു പെഗ്? രണ്ടു പെഗ്? അതോ അതിലും കൂടിയത് മാത്രം കഴിക്കുന്നവരോ?  മദ്യം എന്നാല്‍ വീഞ്ഞ് പെടുമോ?  ഉണ്ടെങ്കില്‍ വീഞ്ഞിന് പകരം എന്തുപയോഗിക്കാം?  കള്ളപ്പണം വെളുപ്പിക്കാന്‍  പള്ളിപ്പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന ചില കുഞ്ഞാടുകളെ വഴിയാധാരമാക്കിയാല്‍ കര്‍ത്താവു പൊറുക്കുമോ? രഹസ്യമായി വാങ്ങിയിട്ട് കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞാലും പോരെ?  എന്തോ എന്തോ !!!

2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച

വയോജന ദിനം സ്പെഷല്‍

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
സംസ്ഥാന വയോജന നയത്തില്‍ ഭേദഗതികള്‍ വരുത്തുന്നു. കേരളപ്പിറവി ദിനത്തില്‍ പുതിയ നയം നിലവില്‍ വരും. സംസ്ഥാന വയോജന നയം എന്നതിനു പകരം മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള സംസ്ഥാന നയം എന്ന പേരുമാറ്റത്തോടെയാണ് ഇത് നിലവില്‍ വരിക.

 മുതിര്‍ന്ന സ്ത്രികള്‍ക്കും ഗ്രാമീണ ജനങ്ങള്‍ക്കും നയത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും. സാങ്കേതിക വിദ്യയുടെ മുന്നോട്ടുള്ള കുതിപ്പ്, മുതിര്‍ന്നവര്‍ക്കുള്ള പെന്‍ഷന്‍, സൂക്ഷ്മതല വായ്പകള്‍, ആരോഗ്യവും പോഷണവും, ഭവന നിര്‍മാണം, മുതിര്‍ന്നവരുടെ സേവന വിനിയോഗം, വയോജന ക്ഷേമം, വ്യത്യസ്ത തലമുറകളുടെ സംയോജനം, മാധ്യമങ്ങളുടെ വിനിയോഗം, അത്യാഹിതങ്ങളിലും പ്രകൃതി ക്ഷോഭങ്ങളിലും പ്രത്യേക പരിഗണന, ക്ഷേമ കമീഷന്‍ എന്നിവ പുതിയ നയത്തിന്‍െറ ഭാഗമായി നിലവില്‍ വരും. സംസ്ഥാനത്തെ ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് നയം പരിഷ്കരിക്കുന്നത്.

ഐക്യരാഷ്ട്ര സഭാ തത്വങ്ങള്‍ അനുസരിച്ചുള്ള സ്വാതന്ത്ര്യം, സംരക്ഷണം, അന്തസ്സ്, പങ്കാളിത്തം, ആത്മ സഫലീകരണം എന്നിവ നയത്തിലൂടെ ഊട്ടിയുറപ്പിക്കും. സ്വഗൃഹത്തില്‍ വാര്‍ധക്യകാലം എന്ന തത്വം പ്രോത്സാഹിപ്പിക്കും. പരിശീലനം, തൊഴില്‍ എന്നിവ സംബന്ധിച്ച് കൗണ്‍സലിങ് നല്‍കുന്ന സന്നദ്ധ സംഘടനകളെ പിന്തുണക്കാനും പുതിയ നയത്തില്‍ വകുപ്പുണ്ട്. വീട്ടില്‍നിന്നും പുറന്തള്ളപ്പെട്ട വയോജനങ്ങള്‍ക്ക് താമസിക്കാന്‍ എല്ലാ ജില്ലയിലും ഭവനങ്ങള്‍ സ്ഥാപിക്കും. ഇതിന് ബജറ്റില്‍നിന്ന് തുക വകയിരുത്തും. ഗ്രാമ പ്രദേശങ്ങളിലെ വരുമാനം കുറഞ്ഞ കുടുംബാംഗങ്ങള്‍ക്ക് വാര്‍ധക്യകാലത്തേക്ക് സമ്പാദ്യം ഉണ്ടാക്കാനാകുന്നില്ളെന്ന കാര്യം പരിഗണിച്ച് സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കും.

ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി വൈദ്യ സഹായം ലഭ്യമാക്കും. ചെറുകിട കച്ചവടങ്ങള്‍ക്കായി ന്യായനിരക്കിലുള്ള പലിശ മാത്രം ഈടാക്കി വായ്പ നല്‍കും. താലൂക്കാശുപത്രി തലം വരെ പ്രത്യേക വയോജന വാര്‍ഡുകള്‍ നിര്‍മിക്കും. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സൗജന്യമായി മരുന്ന് നല്‍കും. ഇതിനായി ജില്ലാ- ജനറല്‍ ആശുപത്രികളില്‍ വയോജനാരോഗ്യ യൂനിറ്റുകള്‍ സ്ഥാപിക്കും. കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഡയാലിസിസ്, അങ്കണവാടികള്‍ മുഖേന പ്രത്യേക ഭക്ഷണ ദാന പരിപാടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധന, വിരമിച്ചവര്‍ക്ക് പുനര്‍നിയമനം ലഭ്യമാക്കാന്‍ എംപ്ളോയ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവയുടെ ഗുണവും നയം വഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കും.

മുതിര്‍ന്നവര്‍ക്കെതിരെയുള്ള അവകാശ ലംഘന കേസുകള്‍ കൈകാര്യം ചെയ്യാന്‍ സിവില്‍ കോടതിയുടെ അധികാരമുള്ള കമീഷനെയാണ് നിയമിക്കുക. 2013-14 വര്‍ഷത്തിന്‍െറ അവസാനത്തോടെ വൃദ്ധസദനങ്ങള്‍ പരിഷ്കരിക്കുകയും ജീവനക്കാരെ ശാസ്ത്രീയമായി വിന്യസിക്കുകയും ചെയ്യും. 60 വയസ്സിന് മുകളിലുള്ളവരുടെ സര്‍വേ നടത്തി ഡാറ്റാ ബാങ്ക് രൂപവത്കരിക്കും.

ഇവയെല്ലാം വ്യക്തമാക്കുന്ന കരട് കഴിഞ്ഞദിവസം നടന്ന വയോജന ദിനാഘോഷത്തില്‍ കൊച്ചിയില്‍ മന്ത്രി മുനീര്‍ പൊതുജനങ്ങള്‍ക്കായി പ്രകാശിപ്പിച്ചു. നവംബര്‍ ഒന്നിന് പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പൊതുജനങ്ങള്‍ക്ക് ആവശ്യമായ അഭിപ്രായവും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. 

2012 ജൂലൈ 19, വ്യാഴാഴ്‌ച

ബദാം ഷേയ്ക്കും ഇനി ഷേയ്ക്കും(വിറക്കും )

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായിഇവിടെ ക്ലിക്ക് ചെയ്യുക 
ഹാ..കഷ്ടമേ...ഷവര്‍മ കഴിച്ചില്ലേലും ബദാം ഷേയ്ക്കുണ്ടല്ലോ എന്നായിരുന്നു കുറെ പേരെങ്കിലും ഇത്‌ വരെ കരുതിയത്‌ . പക്ഷെ ഇനി സാക്ഷാല്‍ ഷെയ്ക്ക്  വന്നു   ചോദിച്ചാലും  കൊച്ചിയില്‍ ബദാം ഷെയ്ക്ക് കിട്ടില്ല.  ഷവര്മക്ക്‌ പിന്നാലെ  അതും  നിരോധിച്ചു.  ഹൊ..വെറും പത്തു രൂപയ്ക്ക് പാല് പോലെ വെളുത്ത ഷെയ്ക്ക് ഒരു ഗ്ലാസ്‌ നിറയെ കിട്ടുമ്പോള്‍ പാല്‍പുഞ്ചിരി നിറയുന്ന ഒരുപാട് മുഖങ്ങളെ ദിവസവും കാണാറുണ്ട്. അവരുടെ സന്തോഷം കാണുമ്പോള്‍  ബദാം ഷെയ്ക്ക് കുടിക്കാതെ തന്നെ സന്തോഷം തോന്നുമായിരുന്നു. പ്രസിദ്ധമായ സെന്‍റ് തെരേസാസ് കോളേജിലെ തരുണീമണികള്‍ നിറഞ്ഞൊഴുകുന്ന കോണ്‍വെന്‍റ്  ജങ്ങ്ഷനില്‍ ,അവരും അവരെ കാണാനെത്തുന്ന എതിര്‍കുക്ഷി സുസ്മേരവദനന്മാരും ഇനി എന്ത് ചെയ്യും?  പുതിയ ജീവിതത്തിന്‍റെ ശുഭാരംബം  അല്പം  മധുരം കൊണ്ടാകട്ടെ  എന്ന്‌ ഡയറി മില്‍ക്ക് നല്‍കി  പറയുന്നതിന് പകരം ബദാം ഷെയ്ക്ക് നല്‍കി ആഘോഷിച്ചവരും ഏറെയാണ്‌. ഇനി അതെല്ലാം മറന്നേക്കൂ..  നേരത്തെ, ഒരു സ്കൂപ്പിന്   എഴുപതു രൂപ നിരക്കില്‍ കാമുകിക്കും അവളുടെ കൂട്ടുകാരികള്‍ക്കും പത്തും പന്ത്രണ്ടും  ഐസ്ക്രീം വാങ്ങി പോക്കറ്റ് കീറിയവന് ബദാം ഷെയ്ക്ക് പിന്നീട് ഒരു അനുഗ്രഹമായിരുന്നു. ഞാവല്‍ മരച്ചുവട്ടിലെ കുളിര്‍മയില്‍ പരസ്പരം ചാരി നിന്നു ബദാം ഷെയ്ക്ക് കുടിക്കുമ്പോള്‍ അവരറി ഞ്ഞോ ഇത്‌   റെയില്‍വെ  സ്റേഷന്‍ പരിസരത്തെ ഒരു തുക്കട ലോഡ്ജില്‍ പട്ടികള്‍ രാപ്പാര്‍ക്കുന്ന ഗ്രൌണ്ട് ഫ്ലോറിലെ പൊട്ടിയൊലിച്ചൊഴുകുന്ന   സെപ്ടിക് ടാങ്ക് പരിസരത്തെ ജലസംഭരണിയില്‍   നിന്നുള്ള  വെള്ളം ചേര്‍ത്ത് ഉണ്ടാക്കുന്നതാണെന്ന്!!! എന്തായാലും ഷവര്‍മ വഴി ഒരാള് മരിച്ച  അവസരം മുതലാക്കി ടി വി ചാനലുകളുടെ ഫ്രെയിമിലേക്ക് കേറി നിക്കാനാണെങ്കിലും  കൊച്ചിയിലെ അധികൃതര്‍ ഒടുവില്‍ പരിശോധനക്ക് ഇറങ്ങിയപ്പോള്‍ കണ്ടത് മനം മറിക്കുന്ന കാഴ്ചകള്‍ ! 
ചുരുക്കത്തില്‍.....
റോഡരികിലെ തള്ള് വണ്ടികളിലെ  തണുത്ത ബദാം ഷേയ്ക്കില്‍ വീണ പൂച്ചകള്‍ ഇനി  താജിലെ ചൂടന്‍ വിലയുള്ള ഇറക്കുമതി ചെയ്ത ബദാം ഷെയ്ക്ക് കണ്ടാലും കുടിക്കാന്‍ ഒന്നറക്കും!! 

NB - പതപ്പിച്ച ബദാം  ഷെയ്ക്ക് കുടിക്കുന്നവര്‍ അത് കഴിക്കുന്നതിനു മുന്‍പ് ടോയ് ലറ്റ്  ബുക്ക്‌ ചെയ്യുക -  ഇത് പതപ്പിക്കാന്‍   സര്‍ഫ് എക്സല്‍ ചേര്‍ക്കുന്നതായി കണ്ടെത്തല്‍ 
കടപ്പാട് -മാധ്യമം 


ബദാം ഷെയ്ക്ക് വീട്ടിലുണ്ടാക്കാം
(കടപ്പാട് ഹേമ സോപാനം )
 ബദാം ചൂട് വെള്ളത്തില്‍ ഇട്ടു വച്ച് കുതിര്‍ത്തി എടുക്കുക. ഇത് നന്നായി അരച്ച് വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുക. കാച്ചി തണുപ്പിച്ച ഒരു കപ്പു പാല്‍ ഐസ് ആക്കിയത് പൊടിച്ചു കഷ്ണങ്ങളാക്കിയതും പാകത്തിന് പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പതപ്പിച്ച് വിളമ്പാം. അല്പം പനിനീരോ അല്ലെങ്കില്‍ വാനില എസന്‍സോ കൂടി ചേര്‍ത്താല്‍ രുചി കൂടും. വാനില ഐസ്ക്രീം ചേര്‍ത്താലും നല്ലത്!

2012 മേയ് 4, വെള്ളിയാഴ്‌ച

വിക്കി ടീച്ചര്‍

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
നിങ്ങള്‍ കര്‍ഷകനാണോ? അതോ നാട്ടു വൈദ്യനോ പാചകവിദഗ്ദനോ ?.തൊഴിലും വിദ്യാഭ്യാസവും ഏതുമാകട്ടെ, പ്രായവും പ്രശ്നമല്ല- നിങ്ങള്‍ക്കും അധ്യാപകരാകാം. വിക്കി എജ്യുക്കേറ്ററും യുനെസ്കൊയുമാണ് ഈ അവസരമൊരുക്കുന്നത് .
( താല്‍പ്പര്യമുള്ളവര്‍ക്ക്  മാത്രം വായിക്കാം.വിഷയത്തില്‍ നിന്നും വിട്ടു പോകാതെ ശ്രദ്ധിക്കുക .  ഇതേ വാര്‍ത്ത മാധ്യമം ഓണ്‍ലൈനില്‍ വന്നത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )
 

വെറുതെ വേണ്ട, ഓണ്‍ലൈന്‍ വഴി അധ്യാപകരായി അറിവ് പകര്‍ന്നാല്‍ കൈ നിറയെ പണം നല്‍കാമെന്നാണ് ‘വിക്കി’ അധ്യാപകര്‍ക്ക് ഇവരുടെ വാഗ്ദാനം. വീടുകളില്‍ കമ്പ്യൂട്ടറുകള്‍ സര്‍വ സാധാരണമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍, കുടുംബ ചുമതലകള്‍ മൂലം പുറത്ത് ജോലിക്ക് പോകാന്‍ കഴിയാത്ത കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്ക് കൂടി സന്തോഷം പകരുന്നതാണ് ഈ വാഗ്ദാനം.



ഓരോ കുഞ്ഞും ആദ്യപാഠം പഠിക്കുന്നത് ചുറ്റുപാടില്‍ നിന്നാണ്. എന്നാല്‍ സ്വന്തം അമ്മയെയോ,പിതാവിനെയോ ഔചാരിക അധ്യാപികരായി ലോകം കാണുന്നില്ല. അമ്മയും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു തരുന്ന അറിവുകളെ എല്ലാവരിലുമത്തെിക്കുക എന്നതാണ് വിക്കി എജ്യുക്കേറ്ററിന്‍െറ ലക്ഷ്യം. വീടിനകത്തൊരു ആഗോള പഠനമുറിയൊരുക്കി പത്തു മണിക്കൂറിന് ഏററവും കുറഞ്ഞത് നാലായിരം രൂപ വരെ നേടാന്‍ കഴിയും. പാചകം, കൃഷി, മുത്തശ്ശികഥകള്‍, നാട്ടു വൈദ്യം, യാത്രാവിവരണം , പ്രാദേശിക കലകള്‍, അനുഷ്ഠാനങ്ങള്‍ ,ഭാഷ, വീട്, മതം തുടങ്ങി എന്തും ഓണ്‍ലൈന്‍ വഴി പഠിപ്പിക്കാമെന്നതാണ് പ്രത്യകേത.



വിക്കി അധ്യാപകരാകാന്‍ സൗജന്യ പരിശീലനം നേടുക എന്നതാണ് ആദ്യപടി. വിക്കി എജ്യുക്കേറ്ററിന്‍െറ അംഗത്വം സ്വീകരിക്കുകയും വേണം. പിന്നീട് കഴിവിന്‍െറ അടിസ്ഥാനത്തില്‍ അധ്യാപകരായി നിയമനം ലഭിച്ചേക്കാം. ദേശ -കാല വ്യത്യാസമില്ലാതെ ശിഷ്യ ഗണത്തെ നേടാം.
വലിയ ചെലവില്ലാതെ ഇന്‍റര്‍നെറ്റ് ചാറ്റ്, ഫോണ്‍, ഗ്രൂപ്പ് കോണ്‍ഫറന്‍സ് എന്നിവ വഴി സംസാരത്തിലൂടെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കാം. ഇത് വഴി പഠന ഭാഷ ഇംഗ്ളീഷ് തന്നെയാകണമെന്ന കടമ്പ മറികടക്കാന്‍ കഴിയുമെന്നും വിക്കി ഫെസിലിറേററ്റര്‍ സെബാസ്റ്റ്യന്‍ പനക്കല്‍ പറഞ്ഞു.



 ലോകമൊട്ടുക്കുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഏതു സമയത്തും പാഠങ്ങള്‍ പഠിക്കാന്‍ കഴിയും. പരിശീലനം നേടിയ ചില സ്കൂള്‍ വിദ്യാര്‍ഥികള്‍ തന്നെ ഇപ്പോള്‍ സ്റ്റൈപ്പന്‍റോടെ അധ്യാപകരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദഹേം പറഞ്ഞു. വിഷയത്തില്‍ പ്രാഥമിക പരിശീലനം നല്‍കാന്‍ എറണാകുളം സെന്‍റ്. തെരേസാസ് കോളജില്‍ ശനിയാഴ്ച(മേയ് 5) ശില്‍പശാല നടക്കുന്നുണ്ട്. ഇതില്‍ പ്രവേശനം സൗജന്യമാണെന്ന് മുന്‍ മേയര്‍ പ്രഫ. മേഴ്സി വില്ല്യംസ്, സെബാസ്റ്റ്യാന്‍ പനക്കല്‍, വിക്കി അംബാസഡര്‍മാരായ പ്രഫ. ഷിജി സുബോധ് , ഡി. ഗോപകുമാര്‍, എസ്. ലേഖ എന്നിവര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99466 64605

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...