Autopsy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Autopsy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 മേയ് 21, ചൊവ്വാഴ്ച

My Great Father!



പള്ളിയില്‍ പോകുന്നത് അവസാനിപ്പിച്ചിട്ട് നാളേക്ക് (മെയ്‌ 22 )എട്ട് കൊല്ലം തികയുന്നു. അപ്പനെ കൊന്നവര്‍ പള്ളിയുടെ ഉന്നത സ്ഥാനത്ത്.

ആരെ കൊന്നാലും വ്യഭിച്ചരിചാലും പണം ഉള്ളവന്‍ പള്ളിയില്‍ വലിയവന്‍. .,.
കുഞ്ഞേ, ക്ഷമിക്കാനാണ് കര്‍ത്താവ് പറഞ്ഞിട്ടുള്ളത് എന്ന് ഇടയന്മാരും കന്യാസ്ത്രീമാരും. കണ്ണടച്ചാല്‍, ക്ഷമിച്ചാല്‍ , കൊല്ലപ്പെട്ടയാള്‍ തിരികെ വരുമെങ്കില്‍ സന്തോഷം. അതില്ലാത്തിടത്തോളം എന്തിനു ക്ഷമിക്കണം ??

എല്ലാവര്‍ക്കും  അറിയുന്നത് പാടത്ത് താമസിക്കുന്നവര്‍ക്ക് റോഡ് എത്തിക്കാനുള്ള ശ്രമത്തിനിടെ ഗുണ്ടകള്‍ തല്ലിക്കൊന്നെന്നു !

എന്നാല്‍ ആരും ചിന്തിക്കാത്ത മറ്റൊന്നുണ്ട് വടക്കാഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിക്കടുത്ത് സ്ഥാപിച്ച മദ്യശാലക്കെതിരെ ഒറ്റയാള്‍ സമരം പല തവണ നടത്തിയിരുന്നു. മദ്യശാലക്കും ആശുപത്രിക്കും പണം മുടക്കിയത് ഒരാള്‍. ,. . ആ മദ്യശാല മുതലാളിയുടെ വലം കൈ തന്നെയാണ് അപ്പനെ തല്ലികൊന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി വിഷം കഴിച്ചു മരിച്ചു എന്നാക്കാന്‍ അവര്‍ക്ക് വലിയ പ്രയാസം ഉണ്ടായിക്കാണില്ല. അല്ലെ ???

ഒരമ്മയും മൂന്നു കുഞ്ഞുങ്ങളും വഴിയാധരമായപ്പോഴാണ് കൂടെ നിന്ന് ചതിക്കുന്ന ചിലരെയും ശത്രുക്കളെന്നു തെറ്റിദ്ധരിച്ച ചില നല്ല മനുഷ്യരെയും തിരിച്ചറിഞ്ഞത്.
ഫേസ് ബുക്ക്‌ ലിങ്ക്

പക.അതുണ്ട് മനസില്‍ ഇപ്പോഴും. അപ്പോഴെങ്ങനെയാണ് കണ്ണടച്ചാല്‍ മാപ്പ് മനസ്സില്‍ കിളിര്‍ക്കുക???

പകയാണ് ചില സമയത്ത് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് .

മതമല്ല മാനവികതയാണ് മനുഷ്യന് വേണ്ടത് എന്ന് മനസിലാക്കിയതും അന്നാണ് !!!
അപ്പച്ചന്റെ എട്ടാം ചരമ  വാര്‍ഷികം നാളെ  ബുധനാഴ്ച !

പലപ്പോഴും , വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഉണ്ടാകുന്ന പല പ്രശ്‌നങ്ങളിലും, കൂടെ നില്‍ക്കുന്നു എന്ന് കാണിച്ചു പുറകില്‍ നിന്ന് കുത്തുന്ന വ്യക്തികള്‍ നമ്മളെ പിന്നോക്കം വലിക്കാന്‍ നോക്കുമ്പോള്‍ പോരാടാനും വിജയിക്കാനും ഊര്‍ജ്ജം പകരുന്നത് ഈ പകയുടെ ചെറു തരികള്‍ ആണ് !!

2012 മേയ് 15, ചൊവ്വാഴ്ച

രാത്രികാല പോസ്ടുമോര്‍ട്ടം



ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക
അഴിമതിക്കും നീതിനിഷേധത്തിനും ഇട വരുത്തും വിധം സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് അണിയറയില്‍ ഒരുങ്ങുന്നു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്  ശേഷം മാത്രം ആഭ്യന്തരവകുപ്പ്  പുറത്തിറക്കുന്ന ഉത്തരവ് പ്രകാരം 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി നല്‍കുമെന്നാണ് സൂചന.

നിലവില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലുവരെ മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതിയുള്ളു. ഈ ഉത്തരവിറങ്ങിയാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്താനാകും. പൊതുജനത്തിന്  സഹായമാകുമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും റിപ്പോര്‍ട്ടുകളില്‍ വളച്ചൊടിക്കലിന് അസമയത്തുള്ള പോസ്റ്റുമോര്‍ട്ടം പരിശോധന വഴിവെക്കുശമന്നാണ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാത്രി പോസ്റ്റുമോര്‍ട്ടം നടത്താമോ എന്ന വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ നിന്നും അഭിപ്രായമാരാഞ്ഞിരുന്നു. ലഭിച്ച മറുപടി എന്തെന്ന് ഇത്‌ വരെയും സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. 


എന്നാല്‍, 24 മണികൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്  തക്ക മൃതദേഹങ്ങളുടെ എണ്ണം അധികരിച്ചില്ലെന്നാണ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്. നിലവിലെ സംവിധാനങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുന്നുമുണ്ട്.  ക്ഷതം, മുറിവ്, മറ്റ് പരിക്കുകള്‍ എന്നിവയുടെ പരിശോധന കൃത്യമാകണമെങ്കില്‍ സൂര്യപ്രകാശമുള്ള സമയം വേണമെന്ന് ലോകത്ത് പ്രചാരത്തിലുള്ള മെഡിക്കല്‍ നിയമസംഹിതകള്‍ വ്യക്തമാക്കുന്നത്. കോളിളക്കം സൃഷ്ടിച്ച് സൗമ്യ കൊലക്കേസില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെ യ്യുന്നതിന് വൈകുന്നേര സമയം ഒഴിവാക്കിയതും രാവിലെ നടത്തിയതും വിചാരണയില്‍ പ്രത്യേകം പ്രസ്താവിക്കപ്പെട്ടിരുന്നു.


 കൃത്രിമ വിളക്കുകളുടെ കീഴില്‍ നടത്തുന്ന പരിശോധനയില്‍ ക്ഷതങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടാണ്. ഫ്ളൂറസെന്‍റ് വിളക്കുകള്‍ നിലവില്‍ പോസ്റ്റുമോര്‍ട്ടം മുറികളില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, രാത്രിയിലും പരിശോധന നടത്തേണ്ടിവരുമ്പോള്‍ ഈ വിളക്കുകളുടെ പ്രകാശം പര്യാപ്തമല്ലാതെ വരും. ഇതിന് അത്യാധുനിക പ്രകാശ സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍, നിലവിലെ സ്ഥിതിയനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളിലെ പോസ്റ്റുമോര്‍ട്ടം മുറികളില്‍ ഈ പ്രകാശസംവിധാനമില്ല. ഇപ്പോള്‍ തന്നെ ആവശ്യത്തിന് ജീവനക്കാരില്ലാത്ത പോസ്റ്റുമോര്‍ട്ടം വകുപ്പുകളില്‍ രാത്രി പരിശോധനകള്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. പരിശോധന നടത്തുന്ന ഡോക്ടര്‍ക്കൊപ്പം രണ്ട് അറ്റന്‍ഡര്‍മാര്‍ കൂടി വേണം. ഇതോടെ രാത്രികാല സേവനത്തിന് കൂടി ഒട്ടും ആളില്ലാത്ത സ്ഥിതിയും വരും. റിപ്പോര്‍ട്ടുകള്‍ മായം ചേര്‍ക്കാന്‍ രാത്രി പോസ്റ്റുമോര്‍ട്ടങ്ങളില്‍ സാധ്യതയേറെയാണെന്നും ഡോക്ടര്‍മാര്‍ തന്നെ വെളിപ്പെടുത്തുന്നു. 

മൃതദേഹം സ്വീകരിച്ച് ഒരു മണിക്കൂറിനകം പരിശോധന ആരംഭിക്കണമെന്നാണ്  കീഴ് വഴക്കം. എങ്കിലും പ്രതിദിനം 10 മൃതദേഹങ്ങള്‍ വരെ ലഭിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലടക്കം മൂന്ന് ടേബിള്‍ വീതം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം സമയത്തിന് വിട്ടു നല്‍കാന്‍ സാഹചര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ 24 മണിക്കൂര്‍ ആവശ്യമില്ലെന്നാണ് മിക്ക ഡോക്ടര്‍മാരുടേയും നിലപാട്. തമിഴ്നാട്ടില്‍ 20 വര്‍ഷം മുമ്പ് ഇത്തരത്തില്‍ രാത്രി പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതിയായെങ്കിലും ഡോ. മതിവരന്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ച് ഉത്തരവ് റദ്ദ്  ചെയ്തു. കര്‍ണാടകയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ഈ സൗകര്യമുണ്ട്. കൊലപാതക കേസുകള്‍ മാത്രം സ്വീകരിക്കരുതെന്നാണ് നിബന്ധന. എന്നാല്‍, പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് തോന്നിയില്ളെങ്കിലും പരിശോധനയില്‍ കൊലപാതകമെന്ന് തെളിഞ്ഞേക്കാം. അതിനാല്‍ കൊലപാതക കേസുകള്‍ രാത്രിയില്‍ സ്വീകരിക്കില്ലെന്ന നിലപാട് പലപ്പോഴും പ്രഹസനമാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

 അഞ്ചിലധികം പേര്‍ കൂട്ടത്തോടെ മരിക്കുന്ന സന്ദര്‍ഭങ്ങളില്‍ മന്ത്രിസഭയുടെ പ്രത്യേക കാബിനെറ്റ് യോഗം ചേര്‍ന്ന് രാത്രിയിലും പരിശോധനക്ക് അനുമതി നല്‍കാറുണ്ട്.    ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്ന പ്രദേശമാണെന്ന് ജില്ലാ മജിസ്ട്രേറ്റോ കലക്ടറോ റിപ്പോര്‍ട്ട് നല്‍കിയാലും  മന്ത്രിസഭയുടെ പ്രത്യേക ഉത്തരവ് പ്രകാരം രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താം. മേല്‍പറഞ്ഞ രണ്ട് സന്ദര്‍ഭങ്ങളിലല്ലാതെ പരിശോധന നടത്തേണ്ടതില്ളെന്നാണ് വിവിധ നിയമസംഹിതകളും വ്യക്തമാക്കുന്നത്. 2011 ഒക്ടോബറിലാണ് ഇത് സംബന്ധിച്ച അവസാന ഉത്തരവ് പുറത്തിറങ്ങിയത്. 

 നോര്‍വേ , സ്വീഡന്‍ പോലുള്ള വിദേശ രാജ്യങ്ങളില്‍ രാത്രികാലത്തു പോസ്ടുമോര്‍ട്ടം നടത്താറുണ്ട്. എന്നാല്‍ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞത്‌ കൊണ്ടാണ് ഇവിടെ രാത്രിയിലും പരിശോധന നടത്തേണ്ടി വരുന്നത്.


2012 മാർച്ച് 6, ചൊവ്വാഴ്ച

പോസ്റ്റുമോര്‍ട്ടം: സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ സാധ്യത






















ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

സ്വകാര്യ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം: സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ സാധ്യത
***************************************************************************
കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയാല്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി റിപ്പോര്‍ട്ടുകള്‍ വളച്ചൊടിക്കപ്പെടുമെന്ന് തന്നെ മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍
. നിലവില്‍ സ്വകാര്യ മേഖലയില്‍ അമൃതയിലും കൊച്ചി കളമശേരി സഹകരണ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടത്തിനുള്ള അനുമതിയുണ്ട്. സ്വകാര്യ മേഖലയില്‍ ഫോറന്‍സിക് വിഷയത്തിലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ വരുന്നത് നല്ലതാണെങ്കിലും മറ്റൊരുതരത്തില്‍ പൊതുതാല്‍പര്യത്തെ ഹനിക്കുന്ന നടപടികള്‍ക്ക് സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടങ്ങള്‍ രണ്ടുതരമുണ്ട്. ബന്ധുക്കളുടെ അനുമതി പ്രകാരം പ്രത്യേക പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ് പാത്തോളജിക്കല്‍ ഓട്ടോപ്സി. പൂര്‍ണമായും മെഡിക്കല്‍ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റുമോര്‍ട്ടം . തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഇത്തരം പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, അസ്വാഭാവിക മരണങ്ങളില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് മെഡിക്കോ ലീഗല്‍ ഓട്ടോപ്സി വഴിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഫോറന്‍സിക് സര്‍ജന്‍െറ മേല്‍നോട്ടത്തിലാണ് ഇത്തരം പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ മാത്രമാണ് ഡെപ്യൂട്ടേഷനില്‍ നിയമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ളത്. അസ്വാഭാവിക മരണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുകൊണ്ട് മെഡിക്കോ ലീഗല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. കൊലപാതകമടക്കമുള്ള കേസുകളില്‍ ഈ റിപ്പോര്‍ട്ടിന് പ്രസക്തി ഏറും. സ്വകാര്യ മേഖലക്ക് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയാല്‍ പുറത്തുനിന്നുള്ളവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടാന്‍ സാധ്യതകളേറെയാണ്.

സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കുകയാണെങ്കില്‍ തന്നെ സര്‍ക്കാര്‍ ഫോറന്‍സിക് സര്‍ജന്‍െറ മേല്‍നോട്ടത്തില്‍ മാത്രമെ നടത്താനാകൂവെന്ന് നിബന്ധന കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ മാധ്യമത്തോട് പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കകത്ത് മരുന്ന് പരീക്ഷണം, അവയവ വാണിഭം, ചികിത്സയിലെ പിഴവ് എന്നിവ മൂലമുണ്ടാകുന്ന അസ്വാഭാവിക മരണങ്ങളിലെ മൃതദേഹങ്ങള്‍ അവിടത്തെന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് അനുവദിക്കരുതെന്നും പൊലീസ് മര്‍ദനം മൂലമുണ്ടാകുന്ന മരണങ്ങളിലും മൃതദേഹം സ്വകാര്യ ആശുപത്രികളിലേക്ക് വിട്ടുകൊടുക്കരുതെന്നും ഇവര്‍ പറയുന്നു.

എന്നാല്‍, സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചവരാണ് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ ഡിപ്പാര്‍ട്ട്മെന്‍റുകളെ നയിക്കുന്നതെന്നതിനാല്‍, റിപ്പോര്‍ട്ടുകള്‍ സത്യസന്ധമായിരിക്കും എന്ന് അമൃത ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍,ഈ കാരണം കൊണ്ട് മാത്രം മാനേജ്മെന്‍റിന്‍െറ സമ്മര്‍ദം ഉണ്ടാകില്ലെന്ന് പറയാനാകില്ലെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു.

കാസര്‍കോട്, കണ്ണുര്‍ പോലുള്ള സ്ഥലങ്ങളില്‍ ഫോറന്‍സിക് സര്‍ജന്മാരുടെ അഭാവമുണ്ട്. എന്നാല്‍, മെഡിക്കല്‍ കോളജിന്‍െറ സൗകര്യങ്ങള്‍ ഉള്ള ജില്ല ജനറല്‍ ആശുപത്രി, മറ്റ് താലൂക്ക് ആശുപത്രികള്‍, സഹകരണ മേഖലയിലെ കളമശേരി ആശുപത്രി എന്നിവിടങ്ങളില്‍ പോസ്റ്റുമോര്‍ട്ടം സൗകര്യം നിലനില്‍ക്കെ അമൃതക്ക് അനുമതി നല്‍കുന്നതിന്‍െറ ആവശ്യകത ചോദ്യം ചെയ്യപ്പെടുന്നു. പ്രതിദിനം ശരാശരി അഞ്ച് മൃതദേഹങ്ങള്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാകുന്നുണ്ട്. 20 വരെ മൃതദേഹങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ള വിശാലമായ മോര്‍ച്ചറി സൗകര്യവും ഇവിടെയുണ്ട്.





അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടം : ഉത്തരവിനെതിരെ മാനേജ്മെന്റ് സംഘടനകള്‍ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിനുള്ള മൃതദേഹങ്ങള്‍ സ്വീകരിക്കാനുള്ള പൊലീസ് സ്റ്റേഷനുകളുടെ പരിധി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനും കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്റ് ഫെഡറേഷനും രംഗത്തെത്തി. ഫോറന്‍സിക് വിഷയത്തില്‍ പി.ജി കോഴ്സുകള്‍ അനുവദിക്കപ്പെട്ട അമൃത മെഡിക്കല്‍ കോളജ് ഈ കോഴ്സിലേക്കുള്ള എല്ലാ സീറ്റുകളും മാനേജ്മെന്റ് ക്വോട്ട വഴിയാണ് നികത്തുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരുടെ ആവശ്യം വളരെയേറെയുണ്ട്. അതുകൊണ്ടുതന്നെ അമൃതയില്‍ നടത്തുന്ന പി.ജി കോഴ്സിനും ഏറെ ആവശ്യക്കാരുണ്ട്. ഇത് നിലനിര്‍ത്താനാണ് ആശുപത്രിയില്‍ തന്നെ മോര്‍ച്ചറിയും പോസ്റ്റുമോര്‍ട്ടം സൗകര്യങ്ങളും വേണമെന്ന് അമൃത ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലക്ക് ഒരുകാലത്തും പോസ്റ്റുമോര്‍ട്ടത്തിനുള്ള അനുമതി കൊടുക്കരുതെന്നാണ് തന്റെ അഭിപ്രായം. കോയമ്പത്തൂരിലെ ഒരു കോളജിന്റെ പേരുപറഞ്ഞ് കല്‍പ്പിത സര്‍വകലാശാല പദവി നേടിയെടുത്ത അമൃത ഒരൊറ്റ വിദ്യാര്‍ഥിക്കുപോലും സര്‍ക്കാര്‍ ക്വോട്ടയില്‍ സീറ്റ് നല്‍കുന്നില്ല. മറ്റ് കോളജുകളില്‍ മൂന്നര ലക്ഷത്തിന് മാനേജ്മെന്റ് സീറ്റ് നല്‍കുമ്പോള്‍ അമൃതയില്‍ ഇത് അഞ്ചര ലക്ഷം വരെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളജുകളോട് വിവേചനപരമായാണ് സര്‍ക്കാര്‍ നിലപാട് എടുക്കുന്നതെന്ന് കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്റ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് പോള്‍ കുറ്റപ്പെടുത്തി. എം.ബി.ബി.എസ് കരിക്കുലത്തിലുള്‍പ്പെടുന്ന ഫോറന്‍സിക് വിഷയം പഠിപ്പിക്കണമെങ്കില്‍ അതിനുള്ള സൗകര്യംകൂടി  വിദ്യാര്‍ഥികള്‍ക്ക് ഒരുക്കേണ്ടതുണ്ട്. അതിന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള അനുമതി കൂടി സര്‍ക്കാര്‍ തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ അന്യ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ കൊണ്ടുപോയാണ് വിദ്യാര്‍ഥികള്‍ക്ക് ഫോറന്‍സിക് വിഷയങ്ങളിലെ പ്രായോഗിക പരിശീലനം നല്‍കുന്നത്.  മെഡിക്കല്‍ വിദ്യാഭ്യാസ  ഡയറക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് തൃപ്തികരമാണെങ്കില്‍ മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.




വാര്‍ത്ത തെറ്റിദ്ധാരണാജനകം - അമൃത മാനേജ്മെന്റ് ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞദിവസം 'മാധ്യമം' പ്രസിദ്ധീകരിച്ച  'എട്ട് പൊലീസ്  സ്റ്റേഷന്‍ പരിധിയിലെ പോസ്റ്റുമോര്‍ട്ടത്തിന് അമൃതക്ക്  അനുമതി'' എന്ന വാര്‍ത്തയിലെ ചില വിവരങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് അമൃത ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 174 ാം വകുപ്പിലാണ് പോസ്റ്റുമോര്‍ട്ടം പരിശോധനയെപ്പറ്റി പ്രതിപാദിക്കുന്നത്.  സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അധികാരപ്പെട്ടവര്‍ എന്ന് ക്രിമിനല്‍ നടപടിച്ചട്ടം പറയുന്നില്ല. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ എല്ലാ ഡോക്ടര്‍മാര്‍ക്കും പോസ്റ്റുമോര്‍ട്ടം പരിശോധന നടത്താം.
കര്‍ണാടകയിലെ 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഇത്തരത്തില്‍ ഫോറന്‍സിക് മെഡിസിന്‍ ബിരുദാനന്തര ബിരുദ കോഴ്സ് നടക്കുന്നുണ്ട്. മൂന്നു പതിറ്റാണ്ടായി ഇവിടെ സ്വാശ്രയ മേഖലയില്‍ പോസ്റ്റുമോര്‍ട്ടവും നടക്കുന്നു. തമിഴ്നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും ഇത്തരം സൗകര്യങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം കൊലപാതകം വരെയുള്ള കേസുകളിലെ പോസ്റ്റുമോര്‍ട്ടം പരിശോധന സര്‍ക്കാറുദ്യോഗസ്ഥരല്ലാത്ത ഫോറന്‍സിക് വിദഗ്ധരാണ് കൈകാര്യം ചെയ്യുന്നത്. എന്നിട്ടും ഇവിടങ്ങളിലൊന്നും കോടതിയില്‍ വാദം നടക്കുന്ന കേസുകളില്‍  ദുരുപയോഗം ചെയ്തുവെന്ന ആരോപണം ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍  വ്യക്തമാക്കി. കേരളത്തില്‍ അമൃതയില്‍ മാത്രമല്ല സ്വകാര്യമേഖലയിലെ പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജ്, കളമശേരി സഹകരണ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. മൂന്നിടങ്ങളിലും സര്‍ക്കാറില്‍ നിന്ന് വിരമിച്ച വിദഗ്ധരാണ് സേവനമനുഷ്ഠിക്കുന്നത്. അത്തരക്കാരുള്ളപ്പോള്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതകളില്ലെന്നും അമൃത ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പൊതുജനങ്ങളുടെയും കുറ്റാന്വേഷകരുടെയും സൗകര്യാര്‍ഥം മുന്‍കാലങ്ങളില്‍ ടാറ്റയുടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ടാറ്റ നിയമിച്ച ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ നിലനില്‍ക്കുന്ന ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി ഭാരം വളരെയേറെയാണ്.  വിദഗ്ധരുടെ എണ്ണം പലമടങ്ങ് വര്‍ധിപ്പിച്ചാലേ ഈ കുറവ് നികത്താനാവൂ. ഇത് നടന്നാല്‍ തന്നെയും കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ പൊതു മേഖലയിലുള്ള ഫോറന്‍സിക് വിദഗ്ധരുടെ അഭാവം തുടരും. അതിനാല്‍, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫോറന്‍സിക് വിദഗ്ധരുടെയും മോര്‍ച്ചറികളുടെയും സേവനം സര്‍ക്കാറിന് ഉപയോഗിക്കാവുന്നതാണെന്നും അമൃത മെഡിക്കല്‍ കോളജ്  ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. അജയ് ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു.  തികച്ചും സൗജന്യമായി പൊതുജനങ്ങള്‍ക്ക് ലഭിക്കാവുന്ന സൗകര്യങ്ങള്‍ നടപ്പാക്കാന്‍ എതിരുനില്‍ക്കുന്നത് ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



2012 മാർച്ച് 5, തിങ്കളാഴ്‌ച

പോസ്റ്റുമോര്‍ട്ടം ടേബിളിലും കച്ചവടം

   സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളജായ അമൃതക്ക് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആഭ്യന്തര വകുപ്പ് പുതുക്കി നല്‍കിയ അനുമതി വിവാദമാകുന്നു. കോടതിയില്‍ വാദം നടക്കുന്ന കേസുകളില്‍ പോലും ദുരുപയോഗം ചെയ്യാവുന്ന വിധത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമക്കാന്‍ സൗകര്യം ഒരുക്കുന്നതിന് ഈ ഉത്തരവ് സഹായകരമാകുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
2004 ഡിസംബറില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് കല്‍പ്പിത സര്‍വകലാശാല പദവിയുള്ള അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയത്. അന്ന് ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനു കീഴില്‍ വരുന്ന മൃതദേഹങ്ങള്‍ മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുമതി നല്‍കിയത്. മറ്റ് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അപേക്ഷ നല്‍കിയെങ്കിലും അവരെ തഴഞ്ഞാണ് അമൃതക്ക് അനുമതി നല്‍കിയതെന്ന് ആരോപണമുണ്ട്.
ഡി.ജി.പി, അമൃത മെഡിക്കല്‍ ഡയറക്ടര്‍, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, അക്കൗണ്ടന്റ് ജനറല്‍ എന്നിവര്‍ക്ക്  ആഭ്യന്തര വകുപ്പ് ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം അഞ്ചുമുതല്‍ 20 വരെ മൃതദേഹങ്ങള്‍ അമൃതയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നുണ്ടെന്നാണ് സൂചന.  അടുത്തിടെ ഇറക്കിയ രണ്ടാം ഉത്തരവ് പ്രകാരം പാലാരിവട്ടം, ഇടപ്പള്ളി, വരാപ്പുഴ, നോര്‍ത്ത് പറവൂര്‍, ബിനാനിപുരം, വടക്കേക്കര, ചിറ്റൂര്‍, മുനമ്പം എന്നീ എട്ട് പൊലീസ് സ്റ്റേഷന്‍ പരിധികളിലേക്കുകൂടി അമൃതക്ക് പോസ്റ്റുമോര്‍ട്ടത്തിനുള്ള അവകാശം നല്‍കി. ജനറല്‍ ആശുപത്രിയില്‍ അമൃതയിലെ രണ്ട് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയും ഡോക്ടര്‍മാരുടെ സേവനവും ഇതിനായി ഉപയോഗിക്കാം. ക്രിമിനല്‍ നടപടി ക്രമത്തിലെ 174 ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അധികാരമുള്ളത്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് സൗകര്യമൊരുക്കിയത് ഇതിന്റെ ലംഘനമാണ്. ചട്ടം നിയമസഭ ഭേദഗതി വരുത്താതെ അനുമതി നല്‍കാനാവില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ ഉത്തരവ്. 
ഇക്കാര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അനുമതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.





ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...