Children എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Children എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018 മാർച്ച് 5, തിങ്കളാഴ്‌ച

മുലയൂട്ടൽ

"ചെറുപ്പത്തിൽ പാല് കുടിക്കാത്തതു കൊണ്ടാകണം , അയൽ വീട്ടിലെ ചേച്ചി പ്രസവിച്ചപ്പോൾ അരികെ പോയി നിന്നതും പാൽ കുടിക്കാൻ ചോദിച്ചതും"  (ഇതിനോട് ചേർന്ന ആശയം, വരികൾ അപ്പാടെ ഓർമയില്ല)എന്ന് എഴുതിയ ഒരു തീക്ഷ്ണ സാഹിത്യകാരനുണ്ട്.
മുല കുടിക്കുന്നത് കാണണം, പറ്റുമെങ്കിൽ കുടിക്കണം. അത് പാലിന് വേണ്ടിയല്ല എന്ന് ചോറുണ്ണുന്ന ആർക്കും മനസിലാകും. സ്പര്ശനമാണ് ആവശ്യം.  അതു തുറന്നു പറഞ്ഞാൽ വായനക്കാരൻ കഥാകാരന്റെ മഹത്വത്തെ  ഇകഴ്ത്തിയാലോ എന്ന് കരുതിയുള്ള ഒരു മുൻ‌കൂർ ജാമ്യം ആണത്. അമ്മ_പാൽ മഹത്വം_കിട്ടാക്കാനി_ഗൃഹാതുരത്വം" ഒക്കെ ചേർത്ത് വിളമ്പിയത് ആഹഹ എന്ന് പറഞ്ഞു വായിച്ചവരാണ് മലയാളികൾ.
ഏതു കുട്ടിയും പാൽ കുടിച്ചിരുന്നത് , ഒരു പ്രായം കഴിഞ്ഞാൽ മറക്കും എന്നത് കൂടി ചേർത്ത് വായിക്കണം. അപ്പോഴാണ് മുതിർന്ന ഒരാൾ (പ്രായം എഴുതിയിരുന്നത് ഓർമയില്ല) 'ചെറുപ്പത്തിൽ കിട്ടാതെ പോയ അമ്മത്ത'ത്തെ ചൂണ്ടികാണിച്ചു മുൻ‌കൂർ ജാമ്യമെടുത്തു മുലകളെ വായിലെടുക്കുന്നത്.
ഗൃഹലക്ഷ്മി മുലയൂട്ടൽ കവർ പേജ് മുന്നിലേക്ക് നീക്കി വെച്ച് 'അമ്മ മഹത്വം_നല്ല പെണ്ണ്_നാണമുള്ള പെണ്ണ്_കുടുംബത്തിൽ പിറന്ന പെണ്ണ്_ചെയ്യരുതാത്തത്" എന്നൊക്കെ പറഞ്ഞ്  ചർച്ചിക്കുന്നത് കാണുമ്പോൾ ആ കഥാകാരന്റെ മുൻ‌കൂർ ജാമ്യങ്ങൾ ഓർത്തു പോകുന്നു. അത്തരം ജാമ്യങ്ങൾ മുൻ നിറുത്തി 'ഒളിപ്പിച്ചു വച്ചേക്ക്, എങ്ങാനും ഒരു തരി കണ്ടാൽ ഞാൻ തുറിച്ചു നോക്കും, അല്ല പിന്നെ' എന്നാണ് പലരും ഭീഷണി ഉയർത്തുന്നത്. ഒടുവിൽ,  സ്വയം കയ്യിലെടുത്തു സ്ഖലിച്ചു പോകാനുള്ളതാണ് ഈ ചർച്ചകളൊക്കെ എന്ന് സദാചാര കോലു നീട്ടിയോങ്ങുന്ന  ചർച്ച കുലപതികൾക്കും സ്വയം ബോധ്യമുണ്ട്. 
'കുല' ഭാരമില്ലാത്ത സ്ത്രീകൾ വഴിയിലോ വീട്ടിലോ ഇരുന്നു പാൽ കൊടുക്കട്ടെ. അവർ ഉടുപ്പൂരിയോ പകുതി ഉരിഞ്ഞോ ഉടുപ്പ് പൊക്കിയോ ഉടുപ്പ് താഴ്ത്തിയോ പാലൂട്ടട്ടെ..
അവർ എങ്ങനെ ഊട്ടണമെന്നും ഊട്ടുമ്പോൾ നേരെ നോക്കണോ പിന്നിലേക്ക് നോക്കണോ കുഞ്ഞിനെ തന്നെ നോക്കണോ പുസ്തകം വായിക്കണോ മൊബൈലിൽ നോക്കണോ എന്നൊക്കെ ആ പെണ്ണുങ്ങൾ തീരുമാനിക്കട്ടെ.
മുല കണ്ടും മുലയെന്നു കേട്ടും സ്ഖലിക്കുന്നവർ സ്ഖലിക്കട്ടെ.. കാലവും സഹവാസവും നിലപാടുകൾക്ക് പതം വരുത്തും വരെ അവർ മറ്റുള്ളവരെ സദാചാരം പഠിപ്പിക്കട്ടെ...
പിൻ കുറി: മാർക്കറ്റിങ് , അയ്യോ മാർക്കറ്റിങ് എന്ന് പറഞ്ഞില്ലെങ്കിൽ ആരെങ്കിലും എന്നെ മോശക്കാരിയാക്കിയാലോ എന്ന് പേടിയൊന്നും എനിക്കില്ല. അങ്ങനെ അഴിഞ്ഞു വീഴാനുള്ളതാണ് ആ കുലസ്ത്രീ പട്ടമെങ്കിൽ അതങ്ങു വീണു പോകട്ടെ ...
എന്ന്
നഗ്‌നമായ ഉടലിൽ ചേർന്ന്കിടന്നു പാൽ കുടിക്കുന്ന കുഞ്ഞിന്റെ (നാണമില്ലാത്ത) അമ്മ
ഒപ്പ്

2018 മാർച്ച് 4, ഞായറാഴ്‌ച

ഞാനൊരു കുലസ്ത്രീ ആണ്

മുലയൂട്ടൽ സംബന്ധിച്ചുള്ള ഈ തവണത്തെ  അവസാന പോസ്റ്റ്
1..വിവാഹം കഴിക്കാത്തവർക്കു മോഡലിംഗ് പാടില്ല.
2. Wet nursing എന്നൊരു സംവിധാനം ഉണ്ട്. എന്നാലും എതിർക്കും. (A wet nurse is a woman who breast feeds and cares for another's child)
3. Induce lactating എന്താണെന്നു അറിയുക കൂടിയില്ല. ( With considerable dedication and preparation, breast-feeding without pregnancy (induced lactation) might be possible.)
4. പാൽ എവിടെയാണെങ്കിലും ഏതു നേരത്താണെങ്കിലും കുടിക്കാനുള്ള കുഞ്ഞിന്റെ അവകാശം തുലഞ്ഞുപോട്ടെ
5. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിൻ്റെ ഗൈഡ് ലൈൻസ് ടു റെഗുലേറ്റ് ചൈൽഡ് പാർട്ടിസിപ്പേഷൻ ഇൻ ടി.വി സീരിയൽസ്, റിയാലിറ്റി ഷോ, ആൻഡ് അഡ്വർടൈസ്മെൻ്റ്സ് എന്ന 2010 - 2011 ഡോക്യുമെൻ്റിലും അമെൻഡ്മെൻ്റുകളിലും എന്ത് ഉണ്ട വേണമെങ്കിലും പറയട്ടെ. അത് ഗൃഹലക്ഷ്മി പാലിച്ചോ ഇല്ലയോ എന്നതൊന്നും എന്റെ വിഷയമല്ല.
6. കുഞ്ഞുങ്ങളുടെ വായിൽ ചപ്പിക്കുടിക്കാൻ കൊടുക്കുന്ന സൂത്തർ മുതൽ ചായ, ബിസ്കറ്റ്, നിലം തുടക്കുന്ന ലോഷൻ, കക്കൂസ് കഴുകുന്ന ക്ളീനർ അടക്കമുള്ള ഏതു പരസ്യത്തിലും കുട്ടിയെ ഉപയോഗിക്കാം. എന്നാൽ, മുലയൂട്ടണം എന്ന് പറയുന്ന ഒരു പരസ്യത്തിലും പാടില്ല.
7. മുലയൂട്ടൽ സംബന്ധിച്ച് കുഞ്ഞിന് ബാലവകാശങ്ങൾ ഒരുപാടുണ്ട്. എന്നാലും, ഞാൻ പൊടി കലക്കി കുപ്പിയിൽ കൊടുക്കും. എനിക്ക് പൊതു മധ്യത്തിൽ പാൽ കൊടുക്കാൻ കഴിയില്ല. കാരണം ഞാൻ കുല സ്ത്രീ ആണ്. (http://www.wcd.nic.in/sites/default/files/nationalguidelines.pdf)
8. ഏറ്റവും പ്രധാനപ്പെട്ടത്... പുരുഷന്മാർക്ക് ജനനെന്ദ്രിയം പുറത്തെടുത്തു പൊതു മധ്യത്തിൽ മുള്ളാൻ അവകാശമുണ്ട്. അവർ ആണുങ്ങൾ ആണ്. അവർക്കു എന്തുമാകാം. എന്നാൽ, ജീവൻ നിലനിർത്തുന്ന പാലാണെങ്കിൽ കൂടി പൊതു മധ്യത്തിൽ സ്ത്രീ പാൽ കൊടുക്കരുത്. കാരണം അത്തരം സ്ത്രീകൾ പല പുരുഷന്മാർക്കും കണ്ടു രസിക്കാൻ ഉടുപ്പ് പൊക്കുന്നവരാണ്, അതിൽ സന്തോഷം അനുഭവിക്കുന്നവരാണ്.
9. വനിതയും ഗൃഹലക്ഷ്മിയും തുടങ്ങി എല്ലാ പ്രസിദ്ധീകരണങ്ങളും കച്ചവടം ചെയ്യാൻ വേണ്ടി പബ്ലിഷ് ചെയ്യേണ്ടതല്ല.  അവർ അടിച്ച അത്രയും ഗോഡൗണിൽ വെക്കേണ്ടതാണ്.
10. മുലയൂട്ടൽ സംബന്ധിച്ചുള്ള ബോധവൽക്കരണതിനു കസ്തൂരി എന്ന നടി അരക്ക് മുകളിൽ പൂർണമായും വിവസ്ത്ര ആയി കുഞ്ഞിനെ എടുത്തു ഫോട്ടോക്ക് പോസ് ചെയ്തു. അന്ന് അശ്ലീലവും അഭാസവും മാത്രം പറഞ്ഞു. ഇന്ന് ജിലുവിനെ കിട്ടിയതു കൊണ്ട് ഇങ്ങനെ പറയാം "കസ്തൂരി ശരിയാണ്, അവരുടെ സ്വന്തം കുഞ്ഞായിരുന്നു" . എന്നാലും ഇപ്പോഴും കസ്തൂരി ബൂബ്‌സ് എന്ന് സെർച്ച് ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നു എന്ന സത്യത്തിനു നേരെ ഞാൻ കണ്ണടക്കുന്നു.
#IamKulasthree

2014 നവംബർ 20, വ്യാഴാഴ്‌ച

യഥാര്‍ത്ഥത്തില്‍ ആരുടെ മനസിലാണ് അശ്ളീലം?

നാലു വയസുകാരിയെ പീഡിപ്പിച്ചവരെ സംരക്ഷിക്കുന്നതും പോരാ, ആ കുഞ്ഞിനെ ആഭാസകരമായി ചിത്രീകരിച്ച പേരോട് സഖാഫിയുടെ ശബ്ദം എനിക്കറപ്പുളവാക്കുന്നു! ഇത്തരക്കാരാണ് മതത്തിന്‍െറ പേരില്‍ പണ്ഡിതന്‍ ചമഞ്ഞ് നടക്കുന്നതെങ്കില്‍ നമ്മുടെ നാടിന്‍െറ അവസ്ഥയെ കുറിച്ച്, അത്തരം ’കപട സംസ്ക്കാര’ങ്ങളെ കുറിച്ച് ഞാന്‍ ലജ്ജിക്കുന്നു ! ഇയാളുടെ വാക്കുകള്‍ സംസ്ക്കാരമായി കേട്ടവരും ഇത് കേട്ട് വഴിയില്‍ ഇയാളെ കിട്ടിയാല്‍ എന്ത് ചെയ്യുമെന്നറിയാന്‍ എനിക്കതിയായ ജിജ്ഞാസയുണ്ട്! യഥാര്‍ത്ഥ മതവാദികളേയും കപട മതവാദികളേയും ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നു!
പേരോട് പറഞ്ഞത് കേള്‍ക്കാത്തവര്‍ക്ക് കേള്‍ക്കാന്‍ ഇതാ ഒരു ലിങ്ക് ! കപട മതവാദികള്‍ ശബ്ദിക്കാനേ നില്‍ക്കില്ളെന്ന ഉറച്ച ബോധ്യമുണ്ട്.

2014 നവംബർ 15, ശനിയാഴ്‌ച

നാദാപുരത്ത് വരാത്ത സദാചാര പോലീസുകാര്‍

ഉമ്മ വെക്കാന്‍ ആഗ്രഹിക്കുന്നവരാണ്
ഉമ്മ സമരം നടത്തുന്നത് എന്ന് പറഞ്ഞു നടക്കുന്നവര്‍ കാണേണ്ട കാഴ്ചയാണ് , നാദാപുരത്തുള്ളത്.
‪#‎KissofLove‬
മനുഷ്യനും സമൂഹത്തിനും നന്മ വരണം എന്നാഗ്രഹിക്കുന്നതാണ് എല്ലാ മതവും. ആ മതങ്ങളിലൊന്നിനെ പഠിക്കുന്ന , പെണ്ണുങ്ങളെ അടക്കിയിരുത്തി അവരെ 'നല്ല വഴി' ക്ക് നടത്താന്‍ ശ്രമിക്കുന്നവര്‍ ആയ പതിനെട്ടു തികഞ്ഞ കുറച്ചു പേരാണ് , ശരീരം വളരാത്ത കുരുന്നിനെ ലൈംഗികമായി ഉപയോഗിച്ചത് , അവരുടെ പേരുകളൊക്കെ പത്രങ്ങളില്‍ വന്നിട്ടുണ്ട് , വായിക്കണം. ഒന്നുമറിയാത്ത ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ നോക്കി, അയാളുടെ ഉമ്മയും ഉപ്പയും കരഞ്ഞതും പറഞ്ഞതും വെണ്ടയ്ക്ക ആയി പത്രത്തില്‍ ഉണ്ട്. കാണാതെ പോകരുത്.
സ്ത്രീയും പുരുഷനും ഇടപഴകി ജീവിക്കുന്ന ഇടങ്ങളില്‍ ലൈംഗിക ആസക്തി കുറയുമെന്നും പീഡന തോത് കുറയുമെന്നും മനസിലാക്കാന്‍ സ്ഥലം അന്വേഷിക്കേണ്ടതില്ല, തമിഴ്നാട് വരെ പോയാല്‍ മതി
അവിടെ ഏതു പാതിരക്കും പെണ്ണുങ്ങളെ റോഡിലും ബസ്‌ സ്ടണ്ടിലും കാണാം. ഒരാളും അവരോടു മോശമായി പെരുമാറുന്നില്ല.
അവര്‍ ബസില്‍ ആണിനു/ പെണ്ണിന് എന്നെഴുതി വച്ച സീറ്റുകളില്‍ അല്ല ഇരിക്കുന്നത് . എല്ലാ വിഭാഗവും എല്ലായിടത്തും ഇരിക്കും
ഇവിടെയോ ?പെണ്ണ് എങ്ങനെ നടക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന വലിയൊരു സമൂഹ സദാചാര പോലീസും/ മത മേലധികാരികളും ഉണ്ട്.
മറ്റുള്ളവര്‍ എങ്ങനെ നടക്കണം എന്ന് പഠിപ്പിക്കാന്‍ നടക്കന്നതിനു മുന്‍പ്‌ ഓര്‍ക്കേണ്ട മറ്റൊന്ന് ഇതാണ് - ''അവനവന്റെ മനസിലാണ് മറ്റുള്ളവരോട് ആദരവും സഹവര്തിത്വവും സൃഷ്ടിക്കേണ്ടത്. ''
അതോ, ഇനി ഇങ്ങനെ പറയുമോ - ''ഞങ്ങടെ സമുദായത്തില്‍ ഉള്ള ഒരാള്‍, നങ്ങടെ സമുദായത്തിലെ ഒരു കുട്ടിയെ പീഡിപ്പിച്ചു, ഞങ്ങടെ സമുദായത്തില്‍ ഉള്ള ഒരാളുടെ തലയിലിട്ടു, നിങ്ങക്കെന്താ '' എന്ന് ??
എല്ലാ മതത്തിലും ഏറിയും കുറഞ്ഞും ഇങ്ങനെയൊക്കെ തന്നെയാണ് സദാചാര വാദമുഖങ്ങള്‍ !
പെണ്ണെ, നിങ്ങള്‍ ഇങ്ങനെ നടന്നാല്‍ പീഡിപ്പിക്കപ്പെടും എന്നല്ല പഠിപ്പിക്കേണ്ടത്. പകരം, ഒരു പെണ്ണോ ആണോ എങ്ങനെ നടന്നാലും അവരെ പീഡിപ്പിക്കരുതെന്നും അവരുടെ അനുവാദമില്ലാതെ മേല് സ്പര്‍ശിക്കരുതെന്നും ഉള്ള എന്ന നല്ല ചിന്തയാണ് പകരേണ്ടത്, ആണിനും പെണ്ണിനും !
സദാചാര ഉപദേശ കുത്തക ഏറ്റെടുത്തവരോന്നുമില്ലേ ഇവിടെ ആണായും പെണ്ണായും ? നിങ്ങള്‍ നാദാപുരം വരെ പോയി ചോദിക്കാത്തത് എന്ത് ?
പറ്റിയാല്‍ ചൂരലും, കുറച്ചു കൊടികളും, രണ്ടോ നാലോ പശു- കാളകളും കുറച്ചു സദാചാര വാചക മുദ്രാവാക്യങ്ങളും എടുത്തു പോകാത്തത് എന്ത് ??
കുറെ കമ്മിറ്റിക്കാര്‍ വന്നിരിക്കുന്നു

2014 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

പട്ടിക്കൂട്ടില്‍ കുട്ടി

















ഇന്നത്തെ കാലത്ത് എല്ലാം കച്ചവടമാണെന്ന മുഖവരയോടെയാണ് ഒച്ചപ്പാട് ഈ വിഷയത്തില്‍ സംസാരം തുടങ്ങുന്നത്. തിരുവനന്തപുരത്ത് യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടെന്ന വാര്‍ത്ത സത്യമാണെങ്കില്‍ മൂപ്പത്തെും മുമ്പേ പഴുപ്പിക്കണമെന്ന മനോഭാവമുള്ള സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ അത്ഭുതമല്ല എന്ന് പറയേണ്ടി വരും. അതല്ല, ഇതൊരു വ്യാജ സംഭവം ആണെങ്കില്‍ അത്തരം പ്രചരണം നടത്തുന്നവര്‍ ‘ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാം’ എന്നാണ് പുതുതലമുറയെ പഠിപ്പിക്കുന്നത് എന്ന് ഖേദപൂര്‍വ്വം പറയണം. സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികലയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് അവസാന വിവരം. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുന്നത് നോക്കിയിരിപ്പാണ് ഒച്ചപ്പാട്.
തിരുവനന്തപുരം കുടപ്പനക്കുന്നിനടുത്തെ ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ അടുത്തിരിക്കുന്ന കുട്ടിയോട് സംസാരിച്ചന്നെ കുറ്റത്തിന് വിദ്യാര്‍ഥിയായ അഞ്ചു വയസ്സുകാരനായ അഭിഷേകിനെ പട്ടിക്കൂട്ടില്‍ അടച്ചെന്നാണ് ആരോപണം. പാതിരപ്പള്ളിയിലെ ജോമോന്‍- സിമി ദമ്പതികളുടെ മകനാണ്. ഇതേ സ്കൂളില്‍ തന്നെ പഠിക്കുന്ന കുട്ടിയുടെ ചേച്ചിയോട് ശിക്ഷയെ കുറിച്ച് പുറത്തു പറയരുതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികല ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുണ്ട്.  കഴിഞ്ഞ ദിവസം അച്ഛനും അമ്മക്കുമൊപ്പം കോവളത്തെ ബന്ധുവീട്ടില്‍ പോയപ്പോള്‍ കുട്ടികള്‍ തമ്മില്‍ സംസാരിക്കുന്നതു കേട്ടാണ് വിവരം പുറത്തറിഞ്ഞതെന്നും തുടര്‍ന്ന് പരാതി നല്‍കുകയും ചെയ്തെന്നാണ് വിവരം.

പരീക്ഷയില്‍ കുട്ടികള്‍ക്ക് മാര്‍ക്ക് കുറയുമെന്ന് തോന്നിയാല്‍ എഴുതിയത് മായ്ച്ച് ശരിയായ ഉത്തരമെഴുതാന്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുള്ള സ്വകാര്യ സ്കൂളുകള്‍ മലയാളനാട്ടിലും പുറത്തും ഏറെയുണ്ട്. വളരെക്കുറഞ്ഞ കാലം മാത്രമാണെങ്കിലും സ്കൂള്‍ അധ്യാപിക ആയിരുന്ന ഒച്ചപ്പാടിനിക്കാര്യം കേട്ടുകേള്‍വിയല്ല. മാര്‍ക്ക് കുറഞ്ഞാല്‍ സ്ഥാപനത്തിന്‍െറ ‘സല്‍പ്പേര്’ പൊയ്പ്പോകുമെന്ന അബദ്ധധാരണയുള്ള സ്കൂള്‍ അധികൃതരും മാതാപിതാക്കളും മക്കളെ ഏതുവിധേനയും ഉന്നതമാര്‍ക്കുകാരാക്കാന്‍ എന്തും ചെയ്യുന്നവരാണ്. പണം മാത്രം ലക്ഷ്യമിടുന്ന ഒന്നിനും ധാര്‍മികത വേണമെന്ന് നമ്മുക്ക് ആഗ്രഹിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു. ഇതിപ്പോള്‍ തുടങ്ങിയതാണെന്ന തെറ്റിദ്ധാരണയും വേണ്ട. മലയാളത്തില്‍ സംസാരിച്ചതിന് തലമൊട്ടയടിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളിനെ കുറിച്ച് നമ്മള്‍ പണ്ടേക്ക് പണ്ടേ കേട്ടിട്ടുണ്ട്. അന്നും നമ്മള്‍ മലയാളികള്‍ ഏറെ ധാര്‍മ്മിക രോഷം കൊണ്ടിട്ടുമുണ്ട്. എന്നിട്ടും ഒട്ടും മാറിയിട്ടില്ല, ഒന്നും.

നമ്മള്‍ ഓര്‍ക്കേണ്ട പല കാര്യങ്ങളുമുണ്ട്. കുഞ്ഞുങ്ങള്‍ യന്ത്രങ്ങളല്ല. ഓരോ കുഞ്ഞും മറ്റ് കുഞ്ഞുങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തരാണ്. അവരുടെ പ്രത്യേക കഴിവുകളും അഭിരുചികളും എന്തെന്ന് കണ്ടത്തെുകയാണ് മാതാപിതാക്കളുടേയും അധ്യാപകരുടേയും പ്രധാനവും ആത്യന്തികവുമായ കടമ ആയിരിക്കേണ്ടത്. അല്ലാതെ അച്ച്കൂട്ടില്‍ ഒരേ മുഖവും മുന്‍ നിശ്ചയിക്കപ്പെട്ട കഴിവുകളും ഒരേ സ്വരവും ഉള്ള കുഞ്ഞുങ്ങളെയാണ് നമുക്ക് വേണ്ടതെങ്കില്‍ ഡി.എന്‍.എ തിരുത്തിയ ശേഷം ക്ളോണ്‍ ചെയ്ത് സൃഷ്ടിച്ചാല്‍ മതിയാകുമല്ളോ!  അപ്പോള്‍ പക്ഷേ, റോബോട്ട് കുഞ്ഞുങ്ങള്‍ക്ക് സ്കൂളിന്‍െറ ആവശ്യവും വേണ്ടിവരില്ല.

പട്ടിയെ കൂട്ടില്‍ നിന്നും പുറത്തിറക്കിയതിനുശേഷമായിരുന്നു ശിക്ഷയെന്ന് തിരുവനന്തപുരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു .  പട്ടിയുടെ കൂടെ നിറുത്തിയില്ലല്ളോ , അതിനെങ്കിലുമുള്ള കരുണ അവശേഷിച്ചല്ളോ എന്ന സമാധാനവുമായി ഒച്ചപ്പാട് ഉറങ്ങാന്‍ പോകുന്നു.

2014 ജൂൺ 23, തിങ്കളാഴ്‌ച

ഒടുവില്‍ ബദ്രി യാത്രയായി !



അമ്മയുടെ കരളായ ബദ് രിയെ കുറിച്ച് ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് പത്രത്തില്‍ എഴുതിയത്. കുഞ്ഞിന്റെ അച്ഛന്‍ പ്രദീപ്‌ ഓഫീസിലെത്തി സംസാരിക്കുമ്പോള്‍ മനസ്സില്‍ തോന്നിയ വിഷമം അപ്പോള്‍ എന്റെ മുഖത്ത് കാണാതിരിക്കാന്‍ ഞാന്‍ ആവോളം ശ്രമിച്ചു. ഒരു മകള്‍ നേരത്തെ മരിച്ചു. മറ്റൊരു കുഞ്ഞുണ്ട്. ബദ്രി മൂന്നാമത്തെ മകനാണ്. പക്ഷെ, മരിച്ചു പോയേക്കും . വാര്‍ത്ത വന്നാല്‍ ശസ്ത്രക്രിയ നടത്താനുള്ള പണം കിട്ടും . വാര്‍ത്ത കൊടുക്കണം എന്ന് പറഞ്ഞാണ് ആ അച്ഛന്‍ വന്നത് . മകന്റെ പടങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് നല്‍കുകയും ചെയ്തു. വാര്‍ത്ത‍ നല്‍കി. മറ്റു തിരക്കുകള്‍ക്കിടയില്‍ കൂടുതല്‍ വിളിച്ചു ചോദിയ്ക്കാന്‍ കഴിഞ്ഞില്ല .



അപ്പോഴാണു കഴിഞ്ഞ ആഴ്ച ഡസ്ക് ഡ്യൂട്ടിക്കിടെ വീണ്ടും ബദ്രിയുടെ പടം എന്റെ കയ്യില്‍ കയറി വരുന്നത്. ആലപ്പുഴയില്‍ നിന്നുള്ള വാര്‍ത്തയും.  ആ കുഞ്ഞു മരിച്ചു പോയിരിക്കുന്നു. ചേര്‍ത്തല നിവാസികള്‍ ഒന്നടങ്കം ഇറങ്ങി ഒരൊറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 45 ലക്ഷം രൂപയാണ്. പക്ഷെ, നിശ്ചയിച്ച ശസ്ത്രക്രിയ ദിനത്തിന് മുന്‍പ് ആ കുഞ്ഞു മരിച്ചു.


2014 ഏപ്രിൽ 3, വ്യാഴാഴ്‌ച

അമ്മയുടെ കരളായ ബദ് രി

ബദ്രി
അമ്മയുടെ കരളാണ് ബദ്രി. കുഞ്ഞു ബദ്രിയുടെ പൂപോലെയുള്ള ചിരി കണ്ടാല്‍ ആ അമ്മയും ചിരിക്കും. എന്നാല്‍, ആ ചിരിയില്‍ വേദനയുടെ സൂചി മുനകളുണ്ട്. കാരണം, ആ കുഞ്ഞു പൂപുഞ്ചിരി നില നിര്‍ത്തണമെങ്കില്‍ എത്രയും പെട്ടെന്ന് കരള്‍മാറ്റ ശാസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നു.

ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വട്ടം സി.എം.സി 15 പ്രഭാ നിവാസില്‍ രാഗിയുടെയും സി.പി. പ്രദീപിന്‍െറയും ഇളയകുഞ്ഞാണ് ഒന്നര വയസുകാരന്‍ ബദ്രി. അമ്മയുടെ കണ്ണിലുണ്ണിയായ ഈ കുഞ്ഞിന് കരളിന് അസുഖമാണ്. ജനിച്ച കാലം മുതല്‍ അമോണിയയുടെ അളവ് കൂടിയ നിലയിലാണ്. എപ്പോഴും തളര്‍ച്ചയും ക്ഷീണവും മാത്രം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബദ്രി യൂറിയ സൈക്കിള്‍ ഡിസോര്‍ഡര്‍ എന്ന രോഗത്തിന്‍െറ പിടിയിലാണെന്ന് തിരിച്ചറിയുന്നത്.

2014 ഫെബ്രുവരി 7, വെള്ളിയാഴ്‌ച

കോമള്‍ - കുട്ടികള്‍ക്ക് വേണ്ടി


ആണ്‍ കുഞ്ഞുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും ലൈംഗികമായി ദുരുപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കുഞ്ഞുങ്ങളെ സ്കൂളില്‍ വിടാന്‍ പോലും മാതാപിതാക്കള്‍ പേടിക്കുന്നു. ഒന്നുമറിയാത്ത പ്രായത്തില്‍ ഏതു തരം തൊടല്‍ ആണ് നല്ലത് അല്ലങ്കില്‍ ചീത്ത എന്ന് വേര്‍തിരിച്ചറിയാന്‍ കുഞ്ഞുങ്ങള്‍ക്ക്‌ സാധിക്കാറില്ല. അരുത് എന്ന് പറയേണ്ട അവസ്ഥ ഏതാണ് എന്ന് ശരിയായ വിധത്തില്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ മാതാ പിതാക്കള്‍ക്കും പലപ്പോഴും കഴിയാറില്ല. ദുരുപയോഗിക്കുന്ന അവസ്ഥ കണ്ടാല്‍ ഏറ്റവും വിശ്വസ്തരായവരെ അറിയിക്കാന്‍ കുട്ടികള്‍ക്കും സാധിക്കാറില്ല. ഈ വിഷയത്തില്‍ കോമള്‍ എന്ന പെണ്‍കുട്ടിയുടെ കഥ അനിമേഷന്‍ ചിത്രമാക്കി സമര്‍പ്പിക്കുകയാണ് ചൈല്‍ഡ്‌ ലൈന്‍. ഈ അനിമേഷന്‍ വീഡിയോ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ഒരേ പോലെ ഉപയോഗ പ്രദമാണ്








മലയാളത്തിലുള്ള വീഡിയോ കാണാം 

 

2013 ഡിസംബർ 19, വ്യാഴാഴ്‌ച

ആലിയും ഒലിവിയയും


കാന്‍സര്‍ ബാധിച്ചു മരിച്ചു പോയ ഭാര്യയുടെ ഓര്‍മകളെ അത്ര വേഗം മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ബെന്നിന് കഴിയില്ല. അത് കൊണ്ട് തന്നെ ഭാര്യ ആലി മരിച്ചു രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ബെന്‍ നനേരി മകള്‍ ഒലിവിയക്കൊപ്പം കൌതുകവും സ്നേഹവും വാല്‍സല്യവും നിറഞ്ഞ ഫോട്ടോ ഷൂട്ട്‌ സംഘടിപ്പിച്ചത്. ആലിയുടെ സഹോദരി മെലാനി പേസ് ആണ് ഫോട്ടോഗ്രാഫര്‍. അവരുടെ വീടും ഈ ചിത്രങ്ങളിലെ ഒരു പ്രധാന കഥാപാത്രമാണ്.
റോക്ക് പിങ്ക് ഫോര്‍ ആലി എന്ന ബ്ലോഗില്‍ ബെന്‍  കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട് 



 മൂന്നു വയസുകാരി ഒലിവിയ ഈ അച്ഛന്റെ പൊന്നുമോളാണ്. ഭാര്യക്കൊപ്പം വിവാഹ ദിവസം എടുത്ത ചിത്രങ്ങളുടെ അതെ പശ്ചാത്തലം ഒരുക്കി മകള്‍ക്കൊപ്പം  പുന:സൃഷ്ടിച്ചപ്പോള്‍ അത്  ഹൃദയസ്പര്‍ശിയായി.      ‘ഇതൊരു സ്നേഹ ഗാഥ’  എന്നാണു ബെന്‍ പറയുന്നത്.  അമേരിക്കയിലെ ഓഹിയോയിലെ സിന്നന്നാട്ടി സിറ്റിയില്‍  വിവാഹത്തിനു തൊട്ടു തലേന്നാണ് ബെന്‍ ഈ വീട് വാങ്ങിയത്. വിവാഹം കഴിഞ്ഞ് പള്ളിമേടയില്‍ നിന്നും ഈ വീട്ടിലേക്കാണ് വന്നത്. അന്ന് മുതല്‍ ആലിയുടെയും ബെന്നിന്റെയും സ്വര്‍ഗമാണ് ആ വീട്. അടുത്തുള്ള ഒരു സ്കൂളില്‍ ടീച്ചറായിരുന്നു ആലി. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഈ സ്വര്‍ഗത്തില്‍ ഒലിവിയ  ജനിച്ചു. അവളുടെ ജനനം കഴിഞ്ഞ് അല്‍പ നാളുകള്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആ ദുഃഖ സത്യം അറിയുന്നത്- ആലിക്ക് ശ്വാസകോശ അര്‍ബുദമാണ്. ബെന്നിന്റെ തന്നെ വാക്കുകളില്‍ ‘’ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു’

ഒലിവിയക്ക് ഒരു വയസായപ്പോള്‍ ആലി മരിച്ചു. തീര്‍ത്തും നിരാശയിലും വേദനയിലും ഓരോ ദിനവും ബെന്‍ തള്ളി നീക്കി. മകളാണ് ഒരേയൊരു ആശ്വാസം. ഡാഡിയെ പിരിഞ്ഞ് ഒരു നിമിഷം പോലും ഈ കുഞ്ഞിനു കഴിയാനാകില്ല. ഇടക്കെപ്പോഴോ വിവാഹ ദിനത്തില്‍ എടുത്ത ഫോട്ടോകള്‍ നിറഞ്ഞ ആല്‍ബം പരിശോധിക്കുമ്പോഴാണ് ഇങ്ങനെയൊരു ആശയം ഉണ്ടായത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും ആലിയുടെ സഹോദരിയുമായ മെലാനിയോടു വിവരം പറഞ്ഞു. മെലാനി തന്നെയാണ് അവരുടെ വിവാഹ ദിനത്തിലും ഫോട്ടോ എടുത്തത്‌. ആഗ്രഹം കേട്ടപ്പോള്‍ മെലാനി ഉടനെത്തി. അച്ഛന്‍ മകളെ ഒരുക്കി. വീടിന്റെ പ്രധാന വാതിലിനു മറവില്‍ നിന്നെടുത്തത്, ചുമരില്‍ ചാരി നിന്ന് പരസ്പരം നോക്കുന്നത്, തലമുടിയില്‍ ചുരുളുകള്‍ ഉണ്ടാക്കുന്നത്, ഗോവണി പടിയില്‍ ഇറങ്ങി വരുന്നത്, കൈകോര്‍ത്ത് ഒരുമിച്ചു നില്‍ക്കുന്നത് തുടങ്ങോയ പടങ്ങള്‍ ഏറെ ഹൃദയഹാരിയാണ്, മകളുമൊത്തുള്ള ഫോട്ടോകള്‍ ഭാര്യ ആലിക്ക് ഈ യുവാവ് സമര്‍പ്പിച്ചിരിക്കുന്നു.









2013 നവംബർ 17, ഞായറാഴ്‌ച

തിരമാലയുടെ മകള്‍

വെയില്‍ പൊള്ളലുകള്‍ കാലടികളെ ചുട്ടുപഴുപ്പിച്ച രാമേശ്വരത്ത് നിന്നും ശാന്തതയുടെ വേലിയേറ്റം മനസ്സില്‍  തിരകളില്ലാതെ ഇരച്ചു കയറ്റുന്ന ധനുഷ് കോടിയിലെ കടലിനു നടുവില്‍ വര പോലെ നീണ്ടു കിടക്കുന്ന നീളന്‍ വെള്ളമണല്‍ പരപ്പിലേക്കുള്ള യാത്രക്കിടയിലാണ് അവള്‍, പവിത്ര കുറെ ശംഖുകളും വാരി ഓടിവന്നത് ...

അക്കാ..അക്കാ ... വാങ്ക് അക്കാ.... 
അവള്‍ നീട്ടിയ പ്ലാസ്റ്റിക്‌ കൂടില്‍ നിറയെ ശംഖുകളാണ് . കടലിന്റെ അടിത്തട്ടില്‍ പവിഴങ്ങളും മുത്തുകളും മല്‍സ്യസുന്ദരിമാരും നിറഞ്ഞ ലോകത്തുനിന്നും മരിച്ചു തീരത്തടിഞ്ഞ ശംഖുകള്‍. പിരിയന്‍ ചുഴികളും വെണ്ണക്കല്‍ തോല്‍ക്കും നിറവും ഉള്ള   പുറം തോടുകള്‍. കടലിന്റെ ഇരമ്പം എന്നും എവിടെയും ചെവിക്കരികെ ഇരച്ചു കേള്‍പ്പിക്കുന്ന മോക്ഷം പ്രാപിച്ച കടല്‍ വാസികള്‍. 

പത്തു രൂപ അക്കാ ...
ആ സഞ്ചി എനിക്ക് നേരെ നീട്ടി അവള്‍ പറഞ്ഞു. അമാന്തിച്ചില്ല. പഴ്സ് തുറന്നു അവള്‍ക്കൊരു പത്തു രൂപ നല്‍കി . ശംഖുകള്‍ ഇതാ എന്റെ കയ്യില്‍ .

എന്താ പേര് ?? 
പവിത്ര...  - പണം വാങ്ങുന്നതിനിടെ അവള്‍ പറഞ്ഞു 

 വീട് ?
അങ്കെ...- അവള്‍ മണല്‍ പരപ്പില്‍ ദൂരെ ഒരിടത്തുള്ള ഓലക്കുടിലിനു നേരെ കൈ ചൂണ്ടി.

സ്കൂളില്‍ പോയില്ലേ ??
പത്തു വയസ്സുകാരിക്ക് കടലിനേക്കാളും സ്കൂള്‍ ആണ് ചേരുന്നത് എന്ന വിശ്വാസം അപ്പോഴും എനിക്കുണ്ടായിരുന്നു.
പതിഞ്ഞ ശബ്ദത്തില്‍ 'ഇല്ല;എന്ന മറുപടിയും കുട്ടിത്തം നിറഞ്ഞ ചിരിയും പകരം തന്നിട്ട് അവള്‍ അമ്മയ്ക്കരികിലേക്ക് ഓടി.

രാമേശ്വരത്ത് നിന്നും ധനുഷ്‌കോടിയിലേക്കുള്ള  ബസ്‌ യാത്രക്ക്   എം.എന്‍ ചത്തിരം  എന്ന് അറിയപ്പെടുന്ന  സ്റ്റോപ്പില്‍  അവസാനമാകും. അവിടെ തുരുമ്പുകള്‍ കൊണ്ട് നിര്‍മിച്ചതെന്നു തോന്നിപ്പിക്കും വിധം പഴകിയ ഒരു വാച്ച് ടവര്‍ ഉണ്ട്. അതിന്റെ നിഴല്‍ വന്നു വീഴുന്നിടത്തു തിരമാലകള്‍ കൊണ്ടുവന്നിട്ട വെള്ള മണലില്‍ അവളുടെ അമ്മയിരിപ്പുണ്ട്. ധനുഷ്കോടി കടപ്പുറത്ത് നിന്നും അവരുടെ വീട്ടിലെ ആണുങ്ങള്‍ മുങ്ങിയും പെറുക്കിയും കൊണ്ട് വന്നു കൊടുത്ത ശംഖുകള്‍ തരം തിരിക്കുകയാണ് ആ അമ്മ. അത് ഉറ്റു നോക്കി അവളും അമ്മയുടെ സാരി തല്പ്പിന്റെ അരുമയില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്നു. അവളെ ആദ്യം അങ്ങനെയാണ് കണ്ടത്. എണ്ണയില്ലാത്ത തലമുടിയില്‍ കടല്‍ തിരമാലകള്‍ പറപ്പിച്ചു കൊണ്ട് വരുന്ന കടല്‍ കാറ്റിന്റെ നൃത്തം. , ഓട്ടത്തിനിടയില്‍ പണം വീണു പോകാതിരിക്കാന്‍  മുഷിഞ്ഞു വെണ്ണീറു നിറം വന്ന കുപ്പായത്തിലെ കീശ മാത്രം അവള്‍ പൊത്തിപ്പിടിച്ചിട്ടുണ്ട്.
ഇടയ്ക്കു ചെക്ക് പോസ്റ്റ്‌ കാക്കുന്ന  കുറെ പോലീസുകാര്‍ അവിടെയെത്തി. പവിത്രയും അനുജനും സന്ദര്‍ശകര്‍ക്ക് പിന്നാലെ പായുന്നതിനിടയില്‍ നിന്നും ജൂനിയര്‍ പോലീസുകാരന്‍ അവരെ കൂട്ടത്തില്‍ പ്രമാണി എന്ന് തോന്നിക്കുന്ന പോലീസുകാരന്റെ അടുത്തെത്തിച്ചു. അവളുടെ കണ്ണുകളില്‍ അല്പം പേടിയുണ്ട് . കുസൃതി നിറഞ്ഞ കാലുകള്‍ക്ക് ആ പേടിയെ ഒഴിവാക്കി മുന്നോട്ടു കുതിക്കാനാകുന്നില്ല.  ഷര്‍ട്ടിന്‍റെ  തുമ്പിലും  കോളറിലും തിരുപ്പിടിച്ചു അവള്‍ അവിടെ നിന്നും ഇടയ്ക്കിടെ അമ്മയിരിക്കുന്ന ഭാഗത്തേക്ക് പാളി നോക്കും . പോലീസുകാരുടെ കയ്യിലെ വടിയിലെക്കും നോക്കും. 


പവി ..നീ എന്താ കഴിച്ചത് ?- പോലീസുകാരന്റെ ചോദ്യത്തില്‍ വാല്‍സല്യം.  എന്നാല്‍ കണിശതയുള്ള അന്വേഷണം വ്യക്തമാണ്. ആരൊക്കെ വന്നു വീട്ടില്‍? അപ്പയുടെ  കൂടെ ആരെങ്കിലും രാത്രി ചോറുണ്ണാന്‍ വന്നോ ? എപ്പോള്‍ പോയി ? എന്താ കൊണ്ട് വന്നത്  ? തുടങ്ങി ഒരു കൂട്ടം ചോദ്യങ്ങള്‍.

 പോലീസിനു അറിയേണ്ടത് ലങ്കന്‍ തീരം ഭേദിച്ചോ ഇന്ത്യന്‍ പോലീസിന്റെ കണ്ണ് വെട്ടിച്ചോ ഇന്ത്യന്‍ തീരത്ത്  എത്തുന്ന ലങ്കക്കാരെ കുറിച്ചുള്ള സൂചനകളാണ്. ശംഖുകളില്‍ തിരമാലകള്‍ കോരിയെടുത്ത് മണല്‍ പാരപ്പിലെ കുഞ്ഞു കുഴികളില്‍ കടല്‍ ഒഴിച്ച് നിറക്കുന്ന നിഷ്കളങ്ക കുരുന്നുകളില്‍ നിന്നും വിവരം ചോര്‍ത്താമെന്നു അവര്‍ക്കറിയാം. അപ്പയുടെ കൂടെ മീന്‍ കൊണ്ട് വരുന്ന  ജീപ്പില്‍ കയറി  വരുന്നത് ശ്രീലങ്കന്‍ സ്വദേശികളാണോ എന്ന്  അറിയാന്‍  ചിലപ്പോഴൊക്കെ മിട്ടായി കൊടുത്തും ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കിയും ,ചിലപ്പോള്‍ വിരട്ടിയും പോലീസുകാര്‍ കാര്യം ആരായും.

 അവള്‍ക്കിത് ഇപ്പോള്‍ ശീലമാണ്. 
കടല്‍ അമ്മയാണ് എന്ന്  കരുതുന്നത് പോലെ അന്നം നല്‍കുന്ന ദൈവമാണ് എന്ന് കൂടി അവള്‍ പഠിച്ചിരിക്കുന്നു. മറ്റൊരു തീരത്ത് നിന്നും തിരമാല പൊക്കിയെടുത്തു കൊണ്ട് വരുന്ന മരക്കഷ്ണങ്ങളും കടലില്‍ പോകുന്ന മുക്കുവരുടെ കീറി പോയ വലയും സന്ദര്‍ശകര്‍ നല്‍കുന്ന നാണയതുട്ടുകളും അവള്‍ ഓടി പ്പോയി പെറ്റമ്മയെ ഏല്‍പ്പിക്കും.

അവള്‍ ഇപ്പോഴും അവിടെടെയുണ്ട്.
വെള്ള മണല്‍പരപ്പില്‍ നീലക്കടല്‍ വന്നു തൊടുന്നിടത്ത്‌ അവളുണ്ട്.
അവള്‍, തിരമാലയുടെ മകള്‍ !

face book link 

madhyamam online link 



2013 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

എത്ര തല്ലു തല്ലിയാല്‍ പ്രാണന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടും ?

Aksa -Face book Link
കടപ്പാട് - മനോരമ ഇ-പേപ്പര്‍ 
എത്ര തല്ലു തല്ലിയാല്‍ പ്രാണന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടും ? ആലോചിക്കുമ്പോള്‍ ഹൃദയം പറിഞ്ഞു പോകുന്നു. അക്സ*യുടെ മുഖം കാണുമ്പോള്‍ ഹൃദയം പിളര്‍ന്നു പോകുന്ന പോലെ ! 

വാരിയെല്ലും കൈത്തണ്ടയും തലയോട്ടിയും പൊട്ടിപ്പിളരും വിധം ആ കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊന്നു. കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു വരികയാണെന്നും ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ശരീരം വളരാത്ത കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച അവനു ജീവിച്ചിരിക്കാന്‍ യോഗ്യതയില്ല.

പത്തു മാസം വയറ്റില്‍ സൂക്ഷിക്കാനും പിന്നെ ഇവ്വിധം കൊല്ലാനും നീയെന്തിനാണ് സ്ത്രീയെ ആ കുഞ്ഞിനെ പെറ്റിട്ടത്? കുട്ടികളെ വേണ്ടെങ്കില്‍ നീയെന്തിനാണ് ഗര്‍ഭം ധരിച്ചത് ? എളുപ്പം അതായിരുന്നല്ലോ ! കുഞ്ഞിനെ കൊന്നിട്ടും നീ അവനു കൂട്ട് നിന്നത് എന്തിനാണ് ?? നിനക്കും ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ല. 


ഒരു നാല് വയസ്സുകാരി  കുഞ്ഞിനെ ഇത്രക്കും ക്രൂരമായി കൊല ചെയ്തത് ഇങ്ങു കേരളത്തിലാണ്. അങ്ങ് ദില്ലിയില്‍ അല്ല. കൊന്നത് വിവരവും ബുദ്ധിയും ബോധവും ഇല്ലാത്തവരല്ല. പ്രബുദ്ധ കേരള ജനതുടെ ഒരു അംഗം. ക്രൂരമായി പീഡിപ്പിച്ചത് അന്യസംസ്ഥാനക്കാരല്ല , മലയാളി തന്നെയാണ്.

മടിച്ചു നില്‍ക്കരുത്.  പ്രതികരിക്കണം . ഫേസ് ബുക്കിലും ഗൂഗിളിലും ട്വിറ്ററിലും പ്രതികരിക്കണം. അവിടെ മാത്രം പോരാ തെരുവിലിറങ്ങണം.
ശബ്ദമുയര്‍ത്തണം. ഉടനെ വേണം. മൊത്തം സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന കുടില ചിന്തകളും ചിന്താഗതികളും തിരുത്താന്‍ ഓരോരുത്തരും മുന്നോട്ടു വരണം, സ്വയം തയ്യാറാകണം.

ഇനിയൊരു അക്സ നമ്മുടെ കുടുംബത്തിലോ പരിച്ചയത്തിലോ ഉള്ള കുഞ്ഞായിരിക്കില്ല  എന്ന് എന്താണ് ഉറപ്പ് ?


കുഞ്ഞിനെ കൊന്ന രജിത്, കുഴിച്ചു മൂടാന്‍ സഹായിച്ച ബേസില്‍, അമ്മ റാണി 
കടപ്പാട് - മനോരമ ഇ-പേപ്പര്‍ ഒക്ടോബര്‍ 31, 2013  


2013 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

സ്നേഹപൂര്‍വ്വം’, പാട്ടുമായ് ജെസ്സി


ഏഴു വയസില്‍ തുടങ്ങിയതാണ് ജെസ്സിയുടെ പാട്ട്. ഇപ്പോള്‍ വയസ്സ് പതിനൊന്നേ ആയുള്ളൂ. പക്ഷെ, ആരും കൊതിച്ചു പോകുന്ന വമ്പന്‍ അവസരമാണ് ജെസ്സി ഹില്ളേല്‍ എന്ന മലയാളി പെണ്‍കിടാവിനെ തേടിയത്തെിയത്. സോണി മ്യൂസിക്സിന്‍്റെ 'വിത്ത് ലവ്' എന്ന ആല്‍ബത്തില്‍ 11 പാട്ടുകള്‍ പാടിയ ഈ കൊച്ചു മിടുക്കി ലോകമൊട്ടുക്കുമുളള സംഗീതാസ്വാദകരുടെ കണ്ണിലുണ്ണിയാണ്. ‘പച്ച പനം തത്തെ’ എന്ന മലയാളം പാട്ട് ഏറെ ഇഷ്ടപ്പെടുന്ന ഈ ആറാം ക്ളാസുകാരി മലയാളി പെണ്‍കുട്ടി അങ്ങനെ സംഗീത ലോകത്തിന്‍്റെ നെറുകയിലത്തെിയിരിക്കുന്നു. ന്യൂസിലാന്‍ഡ്സ് ഗോട്ട് ടാലന്‍ഡ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ജെസ്സി. പരിപാടിയില്‍ പാട്ട് പാടി പ്രേക്ഷക മനസ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ത്ഥിയെ കണ്ടപ്പോള്‍ സോണി മ്യൂസിക്ക് മറ്റൊന്നും ആലോചിക്കാന്‍ നിന്നില്ല, കൊത്തിക്കൊണ്ടു പോയി കൂട്ടത്തില്‍ കൂട്ടി.
കോട്ടയം ഒരുവെട്ടിത്ര വീട്ടിലെ ഒ.എം മാത്യൂ ജോളി ദമ്പതികളുടെ മകന്‍ റാബി ഭൃഗു ഹില്ളേല്‍ , കൊച്ചി കലൂര്‍ റെഡ്റോസ് അപാര്‍ട്ട്മെന്‍റിലെ കെ.കെ ജോര്‍ജ് മേഴ്സി ദമ്പതികളുടെ മകള്‍ സിജി സൂസന്‍ എന്നിവരുടെ മകളാണ് ജെസ്സി. സിജിയും റാബിയും ന്യൂസിലാന്‍ഡില്‍ ഐ.ടി ദമ്പതികളാണ്. പാട്ട് മൂളുമെന്നല്ലാതെ പാട്ടിന്‍്റെ എ .ബി.സി.ഡി ,അവര്‍ക്കറിയില്ല. പക്ഷെ ദൈവം അവര്‍ക്ക് കൊടുത്തത് പാട്ട് തോല്‍ക്കുന്ന രണ്ടു കണ്‍മണികളെ. പാട്ടുകാരിയായ ജെസ്സിയെയും പിയാനോ വായനാക്കാരിയായ ചേച്ചി ജൂലിയെയും അറിയാത്തവര്‍ ഇന്ന് ന്യൂസിലാണ്ടില്‍ കുറവാണ്.
നഴ്സറി ക്ളാസില്‍ പഠിക്കുന്ന പ്രായത്തില്‍ കാറിലെ സ്റ്റീരിയോയില്‍ നിന്നും കേള്‍ക്കുന്ന പാട്ടുകള്‍ അതേപടി പാടി ജെസ്സി ആദ്യം മാതാപിതാക്കളെ ഞെട്ടിച്ചു. വലുതായാപ്പോള്‍ ലോകത്തെ മുഴുവനും കയ്യലെടുക്കാന്‍ അവളുടെ ശബ്ദത്തിനു കഴിഞ്ഞു. രണ്ടു സഹോദരിമാരും ചേര്‍ന്ന് നടത്തുന്ന ഷോകള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.
പാട്ടും മലയാളവും പുഴയൊഴുകുന്നതു പോലെയാണ് അവളുടെ തൊണ്ടയില്‍ നിന്നും ഉതിരുന്നത്. ന്യൂസിലാണ്ടിലെ ഏറ്റവും വലിയ മ്യൂസിക് റിയാലിറ്റി ഷോയില്‍ കടന്നു വരുമ്പോള്‍ ഈ കുരുന്ന് പ്രായത്തെ വെല്ലുന്ന മികവോടെ പാട്ട് പാടുമെന്നു ആരും നിനച്ചില്ല.പക്ഷെ, പാടി തുടങ്ങിയപ്പോള്‍ മാര്‍ക്കിടാന്‍ വന്നിരുന്നവര്‍ക്ക് ശ്വാസം വിലങ്ങി . ഇതത്രയും അവളുടെ തൊണ്ടയില്‍ നിന്നും വന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ളെന്നാണ് ജൂറി അംഗങ്ങള്‍ പിന്നീടു പറഞ്ഞത്. ജെസ്സിയുടെ പാട്ടുകള്‍ ന്യൂസിലാണ്ടും കടന്നു ചൈനയിലും തരംഗമായി. ഉടനെ വന്നു ചൈനയിലേക്കുള്ള വിമാന ടിക്കറ്റ് . ചൈനയിലും വിവിധ വേദികളില്‍ ജെസ്സിയുടെ പാട്ടും ഡാന്‍സും വൈറസ് പോലെ പടര്‍ന്നു.
കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് പാര്‍ലിമെന്‍റ് സംഘടിപ്പിച്ച കാരളില്‍ പാടാന്‍ ജെസ്സിക്ക് അവസരം കിട്ടി.ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന വലിയ പാട്ടുകാരും സംഗീത സംവിധായകരും രാഷ്ട്ര തലവന്മാരും പങ്കെടുത്ത പരിപാടിയിലാണ് അവസരം ഒരുങ്ങിയത്. പാട്ട് കഴിഞ്ഞതും ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി ജെസിക്ക് അടുക്കല്‍ ഓടിയത്തെിയാണ് അത്ഭുതവും അഭിനന്ദനവും അറിയിച്ചത്.
ലോസാഞ്ചല്‍സില്‍ നടന്ന കലകളുടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെ പ്രധിനിധീകരിച്ചത് ഈ മലയാളിക്കുട്ടിയാണ്. അന്ന് അവിടെയത്തെിയ വലിയൊരു ഗുരുവിന്‍്റെ ചെറിയ ശിഷ്യ ആകാന്‍ കഴിഞ്ഞതാണ് തന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു ഈ മിടുക്കി പറയുന്നു. മൈക്കിള്‍ ജാക്സണ്‍ , ഹിറ്റ്നി ഹൂസ്ററണ്‍ , ജോണ്‍ കൊര്‍ബല്‍ എന്നിവരുടെ പരിശീലകന്‍ ആയ സേത്റിംഗ്സ് ആണ് ആ ഗുരുവെന്നു കൂടി ഓര്‍ക്കണം.
 

‘സ്നേഹപൂര്‍വ്വം’, പാട്ടുമായ് ജെസ്സി- MADHYAMAM ONLINE 

ജെസ്സിയുടെ പാട്ട് കേള്ക്കാം

2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

നായിന്‍റെ മക്കള്‍ !!

ഫേസ് ബുക്ക്‌ ലിങ്ക്


നായിന്‍റെ മോനെ.... അങ്ങനെ തന്നെയാണ്  , എന്ന് തന്നെയാണ് വിളിക്കേണ്ടത് ?? നായ്ക്കള്‍ക്ക് ഇതിലും അടക്കം കാണും. കാണണം. അല്ലെങ്കില്‍ ശിശു എന്ന അവസ്ഥയില്‍ നിന്നും ബാലിക എന്ന് വിളിക്കാന്‍ മാത്രം വലുതായ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍   കുപ്പിയും മെഴുകുതിരിയും കുത്തിയിറക്കിയ  ആ ജന്തുവിനെ എന്ത് വിളിക്കണം .? ചിത്രത്തില്‍ കാണുന്ന പോലെ പാവക്കുട്ടികളെ കുഞ്ഞുടുപ്പു ധരിപ്പിച്ചും തലമുടി കെട്ടിയും , അമ്മേ എന്ന് കൊഞ്ചി വിളിച്ചും , പപ്പയുടെ വിരല്‍ തുമ്പില്‍ പിടിച്ചു പൂമ്പാറ്റയായി പറന്നു നടക്കേണ്ട കുഞ്ഞു പെണ്‍കുട്ടി. അവളിപ്പോള്‍ മരണത്തോട് മല്ലടിച്ച് ആശുപത്രിയിലാണ്. അവളുടെ അരികെ വച്ച് കൊടുത്ത ആ പാവക്കുട്ടികളെ പോലെ അവളും മിണ്ടുന്നില്ല.  മിണ്ടാന്‍ അവള്‍ക്കു ആവധില്ല.

ആ ജന്തുവിനെ എന്ത് ചെയ്യണം ?? കൊല്ലണം , മുറിക്കണം എന്നൊക്കെ പറയാം. പക്ഷെ, അങ്ങനെയൊരു ജന്തുവിനെ ഉണ്ടാക്കി തീര്‍ത്ത സമൂഹത്തിന്റെ മനോഭാവത്തെയാണ് ആദ്യം ശിക്ഷിക്കേണ്ടത്.  ആണായാല്‍ ചളി ചവിട്ടാനും കഴുകാനും അധികാരമുള്ളവനാണ് എന്ന മനോഭാവം മാറ്റത്തെ കുഞ്ഞുങ്ങളെ കൂടി രക്ഷിക്കാന്‍ കഴിയില്ല.

പെണ്ണ് മര്യാദക്ക് തുണിയുടുക്കാത്തതാണ് ബാലാല്സംഗങ്ങള്‍ക്ക് കാരണം എന്ന് പറയുന്ന നാറിയ മനസുള്ളവര എവിടെ ? ഇപ്പോള്‍ പറയ്‌ , ആ അഞ്ചു വയസുകാരിയുടെ ഏതു ശരീര ഭാഗം കണ്ടിട്ടാണ് ആ ജന്തു അവളെ കടിച്ചു കീറിയതെന്ന്? നായിന്‍റെ മക്കള്‍ !!

2012 ഒക്‌ടോബർ 14, ഞായറാഴ്‌ച

മലാല




 മലാല ,

അവര്‍ക്ക് നിന്നെ പേടിയാണ് -

കുട്ടിത്തമുള്ള നിന്‍റെ കണ്ണുകള്‍.,

നിഷ്കളങ്കത .



കുട്ടികളെ വഴിതെറ്റിക്കാന്‍ 

എളുപ്പമല്ല.



അവള്‍,

കുട്ടികളെ വഴി തെറ്റിക്കുന്നെന്നു ,

നേരായ വഴിയിലേക്കെന്ന്‍ ,

താലിബാന്‍ 
നിന്‍റെ തോക്കിന്‍കുഴലിന് 
കണ്ണുണ്ട്,
കുട്ടിത്തമില്ല.





ഹേ , താലിബാന്‍ 

നീയൊന്നു കുട്ടിയായി മാറി കാണിക്കൂ,

ഈ വെല്ലുവിളി ഏറ്റെടുക്ക്,

കാണട്ടെ നിന്‍റെ വീറ്.

ലോകം ഇപ്പോള്‍ അവള്‍ക്കു പിന്നിലാണ്.



മലാല, 

അവര്‍ക്കിപ്പോഴും നിന്നോട് പേടി മാത്രമാണ് !








2012 ജൂൺ 9, ശനിയാഴ്‌ച

ലൈംഗികഗുണ്ട ലിസ്റ്റ്

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഗുണ്ട എന്നാല്‍ പിടിച്ചു പറിക്കുന്നയാള്‍, അതിക്രമം കാണിക്കുന്നയാള്‍ എന്നൊക്കെയാണ് അര്‍ത്ഥം.  അപ്പോള്‍ ലൈംഗികഗുണ്ട എന്നാല്‍ ലൈംഗികമായി അതിക്രമം കാണിക്കുന്നയാള്‍ ലൈംഗികമായി പിടിച്ചു പറിക്കുന്നയാള്‍ എന്നൊക്കെയാകണം  അര്‍ത്ഥം.
 
ആരാന്‍റെ സ്ത്രീകളെ തൊടാനും പിടിക്കാനും നില്‍ക്കുന്ന  ആരോടെങ്കിലും " എന്താടാ'' എന്നൊന്ന് തിരികെ പ്രതികരിച്ചാല്‍ മാനക്കേട്‌ ഭയന്നു പിന്മാറുന്നത് സാധാരണമാണ്. അഭിമാനം വലുതല്ലേ ? ആ അഭിമാനത്തെ പരിചയാക്കിയാണ്  ലൈംഗികഗുണ്ട  ലിസ്റ്റ്  പുറത്തിറക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ ആ ലിസ്റ്റിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. സ്ത്രീകളുടെ സുരക്ഷക്കുള്ള പുതിയ നിയമം വരുന്നതോടെ  ഇപ്പോഴുള്ള  ഗുണ്ടാ ലിസ്റ്റിന്‍റെ  മാതൃകയില്‍ ലൈംഗിക കുറ്റവാളികളുടെ പട്ടിക പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ആ ലിസ്റ്റിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.    അപ്പോള്‍ പോലീസ് സ്റ്റേഷനിലെ  നോട്ടീസ് ബോര്‍ഡില്‍ ഗുണ്ടകളുടെ   ഫോട്ടോ പതിക്കുന്നത് പോലെ സ്ത്രീകളോട് മോശമായി പെരുമാറുന്നവരുടെ ഫോട്ടോകളും പതിക്കും. ഇത്‌ നാട്ടുകാര്‍ക്കൊക്കെ കാണാനും കഴിയും. വലിയ നെഞ്ചത്തടിയായി   പോയെന്നു ഇപ്പോള്‍ പലരും ചിന്തിക്കുന്നുണ്ടാകും. ഹാ...അത്തരക്കാരെ അറിഞ്ഞു തന്നെയാണ് ചില വനിതകള്‍ കഴിഞ്ഞ ദിവസം തൈക്കാട് നടന്ന യോഗത്തില്‍ ഇക്കാര്യം പുതിയ നിയമത്തില്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് .
The Kerala Protection of Privacy and Dignity of Women Act
DRAFT
Definition of" Harassment"
ആ യോഗത്തിലെ ചില പ്രധാന ആവശ്യങ്ങള്‍ ഇവയായിരുന്നു
* തുടര്‍ച്ചയായി ലൈംഗിക കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ
* പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍,  മനോവൈകല്യമുള്ള സ്ത്രീകള്‍, കുട്ടികള്‍ എന്നിവരോട് ലൈംഗികാതിക്രമം കാണിക്കുന്നവര്‍ക്ക് കഠിന ശിക്ഷ
* കേന്ദ്ര നിയമമായ ഗാര്‍ഹിക പീഡന നിരോധ നിയമം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കും.
* സ്ഥാപന മേധാവി, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുടെ നേതൃത്വത്തിലാകും പരാതികള്‍ പരിശോധിക്കുക.
* സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ പോകാതെ പരാതി നല്‍കാന്‍ ഹെല്‍പ് ലൈന്‍ പുന:രാരംഭിക്കും.
*വഞ്ചിച്ചും വശീകരിച്ചും സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെ പുതിയ നിയമത്തില്‍ പ്രത്യേക വകുപ്പ്
* ഇരകളാക്കപ്പെട്ട സ്ത്രീകളെ താല്‍കാലിക വസതികളില്‍ താമസിപ്പിക്കും. ഇവരെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വിചാരണക്ക് സൗകര്യമൊരുക്കും.

 തമാശകളും കാര്യ ഗൌരവവും ഉള്ള പല അഭിപ്രായങ്ങളും ആ ചര്‍ച്ചയില്‍ പലരും പറഞ്ഞു.
*കല്ലെറിഞ്ഞു കൊല്ലല്‍ നിയമം കൊണ്ടു വരാനും *കരാട്ടെ പഠിപ്പിക്കാനും * ജെണ്ടെര്‍ സെന്‍സിറ്റിവിറ്റി എന്ന വിഷയത്തില്‍ പോലീസുകാര്‍ക്ക് പരിശീലനം നല്‍കാനും * ശിക്ഷ പരാമാവധി കടുപ്പത്തിലും വേഗത്തിലും നല്‍കാനും * വിചാരണക്ക് അതിവേഗ കോടതികള്‍ സ്ഥാപിക്കാനും* പരാതി പെട്ടികള്‍ കൊണ്ടു വക്കാനും * അമേരിക്കയിലെ പോലെ പോലീസുകാര്‍ അടിമുടി മാറാനും *പൊതു സ്ഥലത്ത് ഏതു വാഹനത്തിലും നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ചെറുക്കാനും * 10 വയസ്സ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് എന്താണ് മോശം പെരുമാറ്റമെന്നു പഠിപ്പിക്കാനും അവയോടു എങ്ങനെ പ്രതികരിക്കണമെന്ന് ബോധ്യപ്പെടുത്താനും പരിശീലനം നല്‍കാനും നിയമത്തില്‍ ചട്ടങ്ങള്‍ എഴുതി ചേര്‍ക്കാന്‍ പലരും ആവശ്യപ്പെട്ടു.

അപ്പോള്‍ ..... ""പെണ്ണുങ്ങളെ....ഗുണ്ട ലിസ്റ്റ് തയ്യാറാക്കിക്കൊള്ളൂ
""

NB - തെറി പറയാന്‍ ഉദ്ദേശിക്കുന്നവര്‍ igpcrimes@keralapolice.gov.in  പോലീസിന്‍റെ മെയില്‍ ഐ ഡി യിലേക്ക് കത്തെഴുതുക.  ഇവിടെ പോസ്റ്റ് ചെയ്താലും മതി. പോലീസ് "പൊക്കി"ക്കൊള്ളും!!!
അപ്പോള്‍ ഉടന്‍ മെയില്‍ തുറക്കൂ...കത്തെഴുതൂ....





ഇതിനെ കുറിച്ചുള്ള മന്ത്രി തിരുവഞ്ചൂരിന്‍റെ 

"സ്ത്രീ സുരക്ഷക്കായി ഒരു നിയമം"  എന്ന ലേഖനം വായിക്കുക




2012 മേയ് 13, ഞായറാഴ്‌ച

പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ തന്നൂടെ?


ഇന്ന്  ലോക  മാതൃദിനം



അമ്മയുടെ കരുതലും സ്നേഹവും വര്‍ണിക്കപ്പെടുന്ന   സുദിനമാണിത്  . പലരും ഈ ദിനം  ആഘോഷിക്കുന്ന സമയത്ത് (ദിനാചരണങ്ങള്‍ പ്രഹസനമാണെന്ന് കരുതുന്നു, എങ്കിലും) വായനക്കാര്‍ക്ക് മുന്നിലേക്ക്‌  ജീവിതം നഷ്ടപ്പെട്ടു  കൊണ്ടിരിക്കുന്ന ഒരമ്മയുടെയും രണ്ട് മാലാഖക്കുരുന്നുകളുടെയും ജീവിത യാതന സമര്‍പ്പിക്കുന്നു.
അവരുടെ കദനം വിവരിക്കുന്ന ഒരു ചിത്രവും ഒപ്പമുണ്ട്. ഭീകരമായ ആ ചിത്രം ഇവിടെ പ്രസിദ്ധീകരിക്കാന്‍ മനസ്സാ തയ്യാറല്ലെങ്കിലും    മറ്റൊരു ചിത്രം കിട്ടാത്തതിനാല്‍ ചേര്‍ക്കേണ്ടി വന്നു. വായിച്ചു പോകുക എന്നതിനുപരി, കഴിയാവുന്നവര്‍ ചെറിയ സഹായമെങ്കിലും ഈ കുരുന്നുകള്‍ക്ക് നല്‍കണമെന്ന് കൂടി അപേക്ഷിക്കുന്നു. കാരണം അവര്‍ക്ക് അവരുടെ ഉമ്മച്ചിയെ വേണം , അവര്‍ അനാഥര്‍ ആകാതിരിക്കാന്‍.....
facebook






""പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ  തന്നൂടെ? ഉമ്മച്ചിയെ  മരിപ്പിക്കല്ലേ ..." --വാപ്പയില്ലാത്ത രണ്ട് കുരുന്നുകളുടെ കരച്ചില്‍ കേട്ടു നില്‍ക്കുന്നവരെ കൂടി കരയിപ്പിക്കും. മുന്‍പില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കട്ടിലില്‍ അവരുടെ ഉമ്മച്ചിയുണ്ട്  , എഴുന്നേല്‍ക്കാന്‍ വയ്യാതെ  ...

കുഞ്ഞുമാലാഖക്കുട്ടികളാണ്  പത്തു വയസ്സുകാരി ഷഹനയും ഏഴു വയസ്സുകാരി  രഹനയും .  പേരു കൊണ്ട്  പോലും രാജകുമാരികള്‍. പഠിക്കാന്‍  മിടുക്കികള്‍ . വീട്ടിലുള്ളവരുടേയും  നാട്ടിലുള്ളവരുടെയും പൊന്നോമനകള്‍. വടക്കാഞ്ചേരിയിലെ പളളിസ്കൂളിലാണ്  പഠനം. ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയമുള്ളവര്‍! എന്നാല്‍ കാലം ഇവര്‍ക്ക് കാത്ത് വച്ചിരിക്കുന്നത്  ഉമ്മയുടെ മരണഭയവും അനാഥത്വവും.

പതിനൊന്നു  കൊല്ലം  മുന്‍പാണ് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനടുത്തുള്ള   മാരത്തുകുന്നു നാരോത്ത്പറമ്പിലെ പരേതനായ  ഉണ്ണിയാന്‍ കുട്ടിയുടെയും വിയ്യുംമയുടെയും എട്ടു മക്കളില്‍ ഇളയവളായ നബീസയുടെ (40 )വിവാഹം കഴിഞ്ഞത്. ഈറോഡ് സ്വദേശിയായിരുന്നു  വരന്‍.
സ്വന്തം നാട്ടുകാരനെ കൊണ്ടു തന്നെ മകളെ വിവാഹം കഴിപ്പിക്കണം എന്നൊക്കെ ആയിരുന്നു ആ പിതാവിന്റെ ആഗ്രഹമെങ്കിലും കൂലിവേലക്കാരനായ  ആ മനുഷ്യന്   ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. മകളുടെ വിവാഹം നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട്  ആലോചനയില്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹം നടത്തി. അന്ന് നബീസക്ക് പ്രായം 29 . മറ്റേതൊരു പെണ്‍കുട്ടിയെയുമെന്ന പോലെ നിറയെ സ്വപ്നങ്ങളുമായാണ് നബീസയും വിവാഹശേഷമുള്ള ജീവിതത്തെ വരവേറ്റത്.  എന്നാല്‍ ഉണ്ടായത് സിനിമ കഥയെ വെല്ലുന്ന ജീവിത ദുരിതങ്ങള്‍....


വിവാഹം കഴിഞ്ഞ്‌ ആദ്യ കണ്മണി പിറന്നു. ആ ഒരു വര്‍ഷം കൊണ്ട്  നബീസയും അവളുടെ വീട്ടുകാരും ഒരു കാര്യം മനസ്സിലാക്കി. ഭര്‍ത്താവിനു പ്രത്യേകിച്ച് ഒരു ജോലിയുമില്ല. നബീസയും വാപ്പയും കൂലിക്ക് പോയി കൊണ്ടു വരുന്ന പണം ഉപയോഗിച്ചു അയാള്‍ കുടിച് ഉന്‍മത്തനായി നടന്നു.
എന്നിട്ട് ഭാര്യയെ പൊതിരെ തല്ലും. എങ്കിലും ''ഭാര്യയല്ലേ, എല്ലാം സഹിക്കേണ്ടവളല്ലേ '' എന്ന്‌ കരുതി നബീസ എല്ലാം സഹിച്ചു ജീവിച്ചു. ആദ്യത്തെ കുഞ്ഞിനു മൂന്നു വയസായപ്പോള്‍  നബീസ വീണ്ടും ഗര്‍ഭവതിയായി    . അതോടെ  ഭര്‍ത്താവിന്റെ പീഡനം വര്‍ധിച്ചു  .  കുഞ്ഞിനെ അലസിപ്പിച്ചു കളയണമെന്നാവശ്യപ്പെട്ട്‌    അയാള്‍ നബീസയെ പൊതിരെ മര്‍ദ്ദിച്ചു. എന്നാല്‍ ദൈവം തന്ന ജീവനെ നശിപ്പിക്കില്ലെന്ന നിലപാടില്‍ നബീസ ഉറച്ചു നിന്നതോടെ അയാള്‍ മറ്റൊന്ന് വെളിപ്പെടുത്തി. അയാള്‍ക്ക്‌ മറ്റൊരിടത്ത് ഭാര്യയും മക്കളും ഉണ്ട്. ഇനി നബീസയെ  വേണ്ടെന്നു പറഞ്ഞ അയാള്‍ വീട് വിട്ടിറങ്ങി.  നിറവയറോടെ നിരാലംബയായി വീട്ടില്‍ വന്നു കയറിയ മകളെ സ്വന്തം വീട്ടുകാര്‍ തള്ളിപ്പറഞ്ഞില്ല.

അങ്ങനെ ദുരിതങ്ങള്‍ക്കിടയിലേക്ക്  സന്തോഷം പകര്‍ന്നു രഹന പിറന്നു വീണു. രണ്ട് കുഞ്ഞുങ്ങളെയും പോറ്റാന്‍ ആ അമ്മ  തൊഴിലുറപ്പ് പദ്ധതിയില്‍  അംഗമായി.  ജീവിതം തിരികെ പിടിക്കണമെന്നും മക്കളെ രാജകുമാരികളായി വളര്‍ത്തണമെന്നും ഉള്ള ആശ കൊണ്ട്  കഠിനമായി ജോലി ചെയ്ത  നബീസക്കു ദൈവം കാത്ത് വച്ചത് തൊഴിലുറപ്പ് പദ്ധതി കൂട്ടത്തിന്റെ നേതൃ പദവി. എന്നാല്‍ അധികം വൈകാതെ ദുരന്തം മറ്റൊരു രൂപത്തില്‍ തിരിച്ചെത്തി.
തൊണ്ടവേദന സഹിക്കാതെ ആയപ്പോഴാണ് നബീസ ഡോക്ടറെ കാണുന്നത്. വെള്ളം പോലും ഇറക്കാന്‍ വയാത്ത അവസ്ഥ. ജോലിഭാരവും കഠിനമായ വെയിലും കൊണ്ട് നീരിറിക്കം വന്നതാണെന്നാണ് എല്ലാവരും കരുതിയത്‌. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് നേരിയ സംശയം. അദ്ദേഹം ഉടനെ മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളെജിലേക്ക്  റഫര്‍ ചെയ്തു. പണിത്തിരക്കുകള്‍    കാരണം നബീസ തല്‍ക്കാലത്തേക്ക്  ജലദോഷത്തിന്റെ  ഗുളിക വാങ്ങി. എന്നാല്‍ ശബ്ദം വരാതായതോടെ നബീസ  മെഡിക്കല്‍ കോളേജിലെത്തി. വിശദമായ പരിശോധനയില്‍ ഡോക്ടര്‍മാര്‍ അക്കാര്യം ഉറപ്പിച്ചു. നബീസക്ക് തലച്ചോറില്‍ കാന്‍സര്‍ ആണ്‌. ദിവസങ്ങള്‍ കടന്നു പോകവേ നബീസക്ക് ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. ഇടതു കണ്ണു പുഴുത്ത് പുറത്തു ചാടി. തലമുടി മൊത്തം കൊഴിഞ്ഞു.
റേഡിയേഷന്‍ നടത്തിയാല്‍ ഒരു പക്ഷെ വലതു കണ്ണിനു കാഴ്ച വീണ്ടെടുക്കാമെന്നാണ്    ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ ദിനം  പ്രതി  അഞ്ഞൂറിലേറെ രൂപ ചികിത്സക്കായി ചെലവുണ്ട്.എന്നാല്‍ രോഗക്കിടക്കയില്‍ തളര്‍ന്നു കിടക്കുന്ന നബീസക്കിനി കൂലി വേലയ്ക്കു എങ്ങനെ പോകാനാണ്. ? കുഞ്ഞ് മക്കള്‍ എന്ത് ചെയ്യാനാണ്. ?? നാട്ടുകാരാണ് ഇപ്പോഴാ മക്കളെ പരിപാലിക്കുന്നത്. നബീസയെ രോഗക്കിടക്കയില്‍ പരിപാലിക്കുന്നതും നാട്ടുകാര്‍ തന്നെ! ഇതിനിടയില്‍  പോലീസുകാര്‍ ഇടപ്പെട്ട്  ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു. പോലിസുകാരോടുള്ള  പേടി കൊണ്ട് ആശുപത്രിയിലെത്തിയെങ്കിലും ക്രൂരനായ ആ മനുഷ്യന്‍ ആ പാവം സ്ത്രീയെ കൊല്ലാക്കൊല ചെയ്തു. മൂക്കിലൂടെ ഭക്ഷണം    നല്കാനിട്ടിരുന്ന ട്യൂബ് അയാള്‍ വലിച്ചു പറിച്ചെറിഞ്ഞു. പരിപാലിക്കാനെത്തിയവരെ  അയാള്‍ ആട്ടിയോടിച്ചു. സമീപത്തെ കിടക്കകളിലുള്ള രോഗികളെയും കൂട്ടിരിപ്പുകാരെയും അയാള്‍ ശല്യം ചെയ്തു. ഒടുവില്‍ ദിവസങ്ങള്‍ക്കകം ആശുപത്രി അധികൃതര്‍ അയാളെ പിടിച്ചു പുറത്താക്കി.

ഇപ്പോള്‍ പഴയ മെഡിക്കല്‍ കോളെജ്  കെട്ടിടത്തിലെ അഞ്ചാം വാര്‍ഡില്‍ പത്തൊമ്പതാം നമ്പര്‍ കട്ടിലില്‍ നബീസ തനിച്ചാണ്

നബീസയെ രക്ഷപ്പെടുത്താന്‍
നാട്ടുകാരും വാര്‍ഡ്‌ മെമ്പര്‍ വിജയും ചേര്‍ന്ന്
നബീസ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ചാലിപ്പാടത്തുള്ള സഹകരണ ബാങ്കില്‍
''നബീസ  സഹായ നിധി 3752 ''  എന്ന പേരില്‍
അക്കൗണ്ട്‌ ഉണ്ട്.  അക്കൌണ്ടിന്റെ  കൂടുതല്‍ വിവരങ്ങള്‍ക്ക് 
ബാങ്ക്  ഫോണ്‍ നമ്പര്‍ - 04884 232 348  


അവധിക്കാലം കഴിയാറായി. പുത്തനുടുപ്പും ബാഗും ചോറ് പാത്രവും നല്‍കി മക്കളെ സ്കൂളിലേക്ക് അയക്കണമെന്ന് ഈ അമ്മക്ക് ആഗ്രഹമുണ്ട്. എന്നാല്‍ വിധിയില്ല. ഇപ്പോള്‍ മക്കളോടൊന്നു  മിണ്ടാനോ അവരെയൊന്നു കാണാനോ കഴിയാത്ത ആ അമ്മ സുമനസ്സുകളുടെ കാരുണ്യം ആഗ്രഹിക്കുന്നുണ്ട്.കമ്മന്റുകളോ  ലൈക്കുകളോ വേണമെന്നില്ല. മനസ്സ് പറയുന്ന സഹായം ചെയ്തു കൊടുക്കാം. ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. എങ്കിലും സ്വന്തം മക്കള്‍ക്കായിരുന്നു ഈ വിധിയെങ്കില്‍ എന്ത് ചെയ്യുമായിരുന്നോ, അതിന്റെ പത്തിലൊന്നെങ്കിലും  ചെയ്തു നല്‍കണേ...




ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...