തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെരുവ് ബാല്യ നിര്‍മാര്‍ജനം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ശരണബാല്യം പദ്ധതി ഇഴയുന്നു. ഇവ തടയാൻ വനിതാ ശിശു വികസന വകുപ്പ് 2017 ഡിസംബറിലാണ് കർമപദ്ധതി നടപ്പിലാക്കിയത്. തുടക്കത്തിൽ നാല് ജില്ലകളിൽ നടപ്പാക്കിയ പദ്ധതി മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. വിവിധ തീർഥാടനകേന്ദ്രങ്ങളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും ഭിക്ഷാടനത്തിനും ബാലവേലക്കുമായി ഇതരസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനം ശരണബാല്യം പദ്ധതി നടപ്പാക്കിയത്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ ഇതിനായി രൂപവത്കരിച്ചിരുന്നു. ചൈല്‍ഡ് റസ്‌ക്യു ടീമുകള്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുന്ന കുട്ടികളുടെ ഡി.എന്‍.എ ടെസ്റ്റുകള്‍ നടത്തി കൂടെയുള്ളത് രക്ഷാകര്‍ത്താക്കളാണെന്ന് ഉറപ്പു വരുത്താനും സർക്കാർ നിശ്ചയിച്ചിരുന്നു.
എന്നാൽ, പിടികൂടുന്നവരെ ആധാർ കാർഡ് പരിശോധിച്ച് പറഞ്ഞുവിടുകയാണ് നിലവിൽ ചെയ്യുന്നത്. ഇത്തരം ആധാർ കാർഡുകൾ ഭിക്ഷാടന മാഫിയ വ്യാജവിവരങ്ങൾ നൽകി കൈപ്പറ്റുന്നതാണെന്ന് ബാലഭിക്ഷാടന വിരുദ്ധ സംഘടനകൾ പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശോധന നടത്തി കണ്ടെത്തുന്ന കുട്ടികളെ ശരണബാല്യം പദ്ധതിയിലൂടെ പുനരധിവസിപ്പിക്കാനും വിദ്യാഭ്യാസം നൽകാനും തീരുമാനിച്ചിരുന്നു.
എന്നാൽ 2021ൽ, ബാലഭിക്ഷാടനത്തിന്‍റെ പേരില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയ രണ്ട് ആൺകുട്ടികളെ വിട്ടയക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രാജസ്ഥാന്‍ സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ടനുസരിച്ച്, കുട്ടികളുടെ ക്ഷേമത്തിനാണ് പരിഗണന നൽകേണ്ടതെന്നാണ് ഹൈകോടതി നിരീക്ഷിച്ചത്. ഈ പശ്ചാത്തലത്തിലാണ് കണ്ടെത്തുന്ന കുട്ടികളെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്നവർക്കൊപ്പം പറഞ്ഞുവിടുന്നതെന്ന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിലെ പേരുവെളിപ്പെടുത്താത്ത ജീവനക്കാരൻ പറയുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു കുങ്കുമം വില്പന നടത്തുന്ന രണ്ടു കുട്ടികളെയും ശിശുക്കൾക്കൊപ്പം ഭിക്ഷാടനം നടത്തുന്ന രണ്ടു നാടോടി സ്ത്രീകളെയും സ്‌ക്വാഡ് പിടികൂടിയിരുന്നു. ഇങ്ങനെ കണ്ടെത്തിയ പത്തു കുട്ടികളെയും ആദ്യം ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ എത്തിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. ആധാർ കാർഡ് കാണിച്ചതിനാലാണ് കുട്ടികളെ വിട്ടയച്ചതെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ ഷാനിബ ബീഗം ’മാധ്യമ’ത്തോട് പറഞ്ഞു. ഫലത്തിൽ, വീണ്ടും അവർ തെരുവുകളിലേക്കു തന്നെ മടങ്ങേണ്ട സ്ഥിതിയാണ്.
2018 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെ രക്ഷിച്ചത് 565 കുട്ടികളെ
തെലങ്കാന, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽനിന്ന് ശബരിമല തീർഥാടനകാലത്ത് കളിപ്പാട്ടങ്ങളും വളകളും വിൽക്കാൻ കുട്ടികളെ കൊണ്ടുവരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു. 2018 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെ 565 കുട്ടികള്‍ക്കാണ് ശരണബാല്യം പദ്ധതി തുണയായെന്നാണ് സർക്കാർ കണക്കുകൾ. എങ്കിലും, അതിലിരട്ടി കുട്ടികൾ കോവിഡ് കാലത്തിനുശേഷം സംസ്ഥാനത്തെത്തിയിട്ടുണ്ട്. സിഗ്നലുകളിലും പാലങ്ങളുടെ ചുവട്ടിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ആരാധനാലയങ്ങളുടെ സമീപത്തും നിരവധി കുട്ടികൾ ഭിക്ഷാടനവും ബാലവേലയും നടത്തുന്നുണ്ട്. പെണ്‍കുട്ടികളടക്കമുളളവർ മതിയായ സുരക്ഷിതത്വമില്ലാത്ത ഇടങ്ങളിലാണ് താമസമെന്നതിനാൽ പലരും ലൈംഗീകചൂഷണത്തിനടക്കം വിധേയരാകുന്നുണ്ട്.
ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരമറിയിച്ചാല്‍ വനിത ശിശു വികസന വകുപ്പ് 2500 രൂപ പാരിതോഷികം നല്‍കുന്ന പദ്ധതിയും നടപ്പാക്കിയിരുന്നു. 2020 ൽ ശരണബാല്യം പദ്ധതിയെ കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം നൂതനപദ്ധതിയായി അംഗീകരിച്ച് ഇന്നവേഷന്‍ ഗ്രാന്റിന് തെരഞ്ഞെടുത്തിരുന്നു.
2023ൽ ബാലസംരക്ഷണം ലക്ഷ്യമാക്കി വനിതാ ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ ‘കുഞ്ഞാപ്പ്’ കൊണ്ടുവന്നിരുന്നു. ക്ലേശകരമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണാനിടയായാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും ഓൺലൈൻ അതിക്രമം ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാനും ആപ്പിലൂടെ സാധിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!