Health എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Health എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018 ജനുവരി 31, ബുധനാഴ്‌ച

കുഞ്ഞുങ്ങളാണ്, അവരോടു ദയ കാണിക്കണം


ആശുപത്രികളിൽ, ഒന്നേകാൽ വയസിലെടുക്കുന്ന എം.എം.ആർ കുത്തിവെപ്പിനു (മുണ്ടിനീര്, അഞ്ചാംപനി, റൂബെല്ല എന്നിവക്ക് എതിരെ)  മരുന്നില്ല. എന്റേത് കഴിഞ്ഞ രണ്ടു മാസമായുള്ള തത്രപാടാണ്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആണ് സാധാരണ കുഞ്ഞിന് കുത്തിവെപ്പ് എടുക്കുന്നത്. ഒന്നേകാൽ വയസ്സിന്റെ എം.എം.ആർ കുത്തിവെപ്പ് എടുക്കേണ്ട സമയത്താണ് എം.ആർ( അഞ്ചാംപനി, റൂബെല്ല എന്നിവക്ക് എതിരെ) കാമ്പയിൻ വന്നത്. അത് എടുത്തു. ഒരു മാസം കഴിഞ്ഞുള്ള ഒരു ദിവസം വന്ന് നിർബന്ധമായും എം.എം.ആർ എടുക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു.
എടുക്കാൻ ചെന്നു, നീണ്ട രണ്ടു വരികൾ മറികടന്ന് എത്തിയപ്പോൾ മരുന്നില്ല എന്ന് മനസ്സിലായി. എവിടെയെങ്കിലും അക്കാര്യം ഒന്ന് എഴുതി വെച്ച് കൂടെ. ഈ പൊടിക്കുഞ്ഞുങ്ങളെയും കൊണ്ട് നീണ്ട വരിയിൽ, പല തരം അസുഖങ്ങൾ ഉള്ളവർക്കിടയിൽ ചെന്ന് നിൽക്കേണ്ട വല്ലാത്ത ഗതികേടാണ്. ( വരിയുടെ കാര്യം പറഞ്ഞാൽ ദേഷ്യം വരും. ആ ആശുപത്രിയിൽ ഒരു വ്യവസ്ഥയുമില്ല).
നമ്പർ തന്നു, വിളിച്ചു ചോദിച്ചിട്ട് വാ എന്ന് നിർദേശം കിട്ടി. രണ്ടു മാസം തുടർച്ചയായി എല്ലാ ബുധനാഴ്ചയും ശനിയാഴ്ച്ചയും എനിക്ക് നേർച്ചയാണ്, മുടങ്ങാതെ വിളിക്കും. എന്നാൽ, മരുന്നില്ല എന്ന സ്ഥിരം പല്ലവി. എന്ന് വരും എന്നറിയില്ല. കുറെ ആയപ്പോൾ ഞാൻ സഹപ്രവർത്തകനെ സമീപിച്ചു. അദ്ദേഹം വാർത്ത കൊടുക്കുന്നതിന് മുന്നോടിയായി ആശുപത്രി അധികൃതരുമായി സംസാരിച്ചു. അപ്പോൾ കിട്ടിയ വിവരം ഇങ്ങനെ: "എം.ആർ ബൂസ്റ്റർ കാമ്പയിൻ വന്നത് കൊണ്ടുള്ള ഷോർട്ടേജ് ആണ്. അടുത്ത ദിവസം മരുന്ന് എത്തും" എന്ന്.
അങ്ങനെ 'അടുത്ത ദിവസം ' ഞാൻ ഫോൺ ചെയ്തു. ഇല്ല, മരുന്നില്ല. അതിന്റെ അടുത്ത കുത്തിവെപ്പ് ദിവസം വിളിച്ചു, പലതവണ, ഫോൺ എടുക്കുന്നില്ല. നേരിട്ട് ചെന്ന് നീണ്ട വരിയിൽ നിന്ന് ചീട്ട് എടുത്തു. വീണ്ടും നീണ്ട വരി കടന്ന് ഡോക്ടറെ കണ്ടു. അദ്ദേഹം മരുന്നുണ്ടോ എന്ന് തിരക്കാൻ ആവശ്യപ്പെട്ടു. വീണ്ടും ഒരു വരി, നഴ്സ് പറഞ്ഞു' മരുന്നില്ല'.
ഇന്നും വിളിച്ചിരുന്നു.
അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചെന്നു. അവിടെയും മരുന്നില്ല. എവിടെയും ഇല്ല എന്ന് അവരാണ് പറഞ്ഞത്. ഏറ്റവും എളുപ്പമുള്ള മറ്റൊരു നിർദേശം കൂടി അവർ തന്നു, ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് പോയാലും മതി.
ഇക്കാര്യത്തിൽ ഈ അസുഖം മാറാൻ ആർക്കാ മരുന്ന് കൊടുക്കേണ്ടത്?
ഒന്നുകിൽ സർക്കാർ ഒരു പത്രക്കുറിപ്പ് വഴി വ്യക്തമാക്കണം, മരുന്നില്ലെന്നും അത് എന്ന് വരുമെന്നും. ഇക്കണ്ട അമ്മമാർ വെയിലും കൊണ്ട്, കുഞ്ഞുങ്ങളെ പലവിധ അസുഖങ്ങൾ ബാധിക്കുന്ന വിധമുള്ള അവസ്ഥയിൽ കൊണ്ട് ചെന്ന് ബുദ്ധിമുട്ടേണ്ടി വരില്ല.
അല്ലെങ്കിൽ ആശുപത്രികളിൽ എഴുതി ഒട്ടിക്കണം.
അല്ലെങ്കിൽ ഫോണിൽ മറുപടി തരണം.
വീണ്ടും പറയട്ടെ, കുഞ്ഞുങ്ങളാണ്, അവരോടു ദയ കാണിക്കണം.
എന്ന് ഒരു അമ്മ
വേറെ ആർക്കും ഇതിലെ വിഷമം മനസ്സിലായില്ലെങ്കിലും, അമ്മയായ K K Shailaja Teacher ക്കു ഇക്കാര്യം മനസിലാകുമെന്ന പ്രതീക്ഷയോടെ

--------------------------------------


Madhyamam News on Feb 6

Malayala manorama News on Feb 6

Kerala Koumudi News on Feb 6

2013 ഡിസംബർ 16, തിങ്കളാഴ്‌ച

'ഒരു നിമിഷത്തെക്കാണ്, എങ്കിലും'


ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ജീവിതത്തില്‍ ഒന്നിനെ കുറിച്ചും വ്യാകുലപ്പെടാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര സന്തോഷമായേനെ! ജീവിതം നരകതുല്യമായ അസുഖങ്ങള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കുന്നവര്‍ക്ക് ഈയൊരു ആശ സ്വപ്നം കാണാന്‍ പോലും കഴിയാറില്ല. പക്ഷെ, അങ്ങനെ ഒരു നിമിഷം വന്നെങ്കില്‍ എന്ത് സംഭവിക്കും എന്ന് വെളിവാക്കുന്ന ഒരു വീഡിയോ ഇന്‍്റര്‍നെറ്റ് ലോകത്ത് വൈറല്‍ ആകുകയാണ്.

' if only for a second' എന്ന പേരിലുള്ള ഈ വീഡിയോ ഒരാഴ്ച കൊണ്ട് ഒരു കോടിക്ക് മേല്‍ ആളുകള്‍  കണ്ടു കഴിഞ്ഞു. ബെല്‍ജിയം ആസ്ഥാനമായി കാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മിമി ഫൗണ്ടേഷന്‍ അത്തരമൊരു സന്ദര്‍ഭം ഒരുക്കി. തെരഞ്ഞെടുക്കപ്പെട്ട 20 രോഗികള്‍. അവരെ ഒരു മേക് അപ്പ് സ്റ്റുഡിയോയില്‍ പ്രവേശിപ്പിച്ചു. അവരുടെ ജീവിത കഥ ചോദിച്ചറിഞ്ഞു. ആഗ്രഹങ്ങള്‍ ആരാഞ്ഞു. ഒടുവില്‍ ഓരോരുത്തരെ സ്റ്റുഡിയോയിലെ കണ്ണാടിക്കു മുന്നില്‍ കൊണ്ട് വന്നിരുത്തി . പലര്‍ക്കും അല്പം മുടിയോ ചിലര്‍ക്ക് മൊട്ടത്തലയോ ആയിരുന്നു ഉണ്ടായിരുന്നത് .

 മേക്ക് അപ്പ് അവസാനിച്ച ശേഷം മാത്രമേ കണ്ണ് തുറക്കാവൂ എന്ന് അവരോടു ആവശ്യപ്പെട്ടിരുന്നു. മേക്കപ്പിന് ശേഷം അവരെ മറ്റൊരു വലിയ കണ്ണാടിക്കു മുന്നില്‍ ഇരുത്തി. ആ കണ്ണാടിക്കു പുറകില്‍ ഒരു ക്യാമറ മാന്‍ നിലയുറപ്പിച്ചിരുന്നു. 

കണ്ണ് തുറന്നു സ്വയം കാണുമ്പോള്‍ ഉള്ള അവരുടെ ഭാവം പകര്‍ത്താനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. ഒടുവില്‍ ഊഴം വന്നു. കണ്ണ് തുറന്ന അവര്‍ അത്ഭുതവും സന്തോഷവും അഭിമാനവും കൊണ്ട് കണ്ണ് മിഴിച്ചു. ചിലര്‍ മതി മറന്നു ചിരിച്ചു. അതെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അവ പിന്നീട് രോഗികള്‍ക്ക് മുന്നില്‍ വലിയ കാന്‍വാസുകളിലാക്കി ചുമരില്‍ പ്രകാശിപ്പിച്ചു. ഓരോ ചിത്രങ്ങളില്‍ നിന്നും മറ നീക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ മനസ് നിറഞ്ഞ് ചിരിച്ചു. അത് പുസ്തകമായി ഇറക്കിയത് രോഗികള്‍ ബന്ധുക്കളുമായി നോക്കുന്നതും ആഹ്ളാദിക്കുന്നതുമാണ് അവസാന കാഴ്ച.

മാധ്യമം ഓണ്‍ലൈനില്‍ വാര്‍ത്ത കാണാം 


2013 നവംബർ 17, ഞായറാഴ്‌ച

എച്ച്.ഐ.വി ബാധിതര്‍ക്ക് ഹെല്‍പ് ഡെസ്ക്കുകള്‍


എച്ച്.ഐ.വി ബാധിതര്‍ക്ക് സേവനം നല്‍കുന്നതിന് പ്രത്യാശ കേന്ദ്രങ്ങള്‍ക്ക് പകരം  വിഹാന്‍ എന്ന  പദ്ധതി നടപ്പിലാക്കുന്നു. നാഷണല്‍ എയിഡ്സ് കണ്‍ട്രോള്‍ പ്രോഗ്രാമിന്‍െറ കീഴിലാണ് പദ്ധതി . വീടുകളില്‍ വന്നു സഹായം നല്‍കുന്നതിന് ഒൗട്ട് റീച് സര്‍വീസ്, ഹെല്‍പ് ഡെസ്ക്കുകള്‍, കമ്മ്യൂണിറ്റി അഡൈ്വവസറി ബോര്‍ഡ് എന്നീ സംവിധാനങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യാശ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ജൂണില്‍ നിലച്ചത് ഏറെ  ആരോപണങ്ങള്‍ക്കും ആശങ്കക്കും ഇടയാക്കിയിരുന്നു. എല്ലാ ജില്ലകളിലും ഇതിന്‍െറ സേവനം ലഭിക്കും. തിരുവനന്തപുരം , കോട്ടയം, പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് വിഹാന്‍ പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങള്‍. കൊല്ലം - 9633606956, ആലപ്പുഴ-9847090440, പത്തനംതിട്ട-9495309421, ഇടുക്കി-9495864668, എറണാകുളം- 9995368702, മലപ്പുറം-9645417338, കണ്ണൂര്‍-9846084598, വയനാട്- 8086327466 , കാസര്‍ഗോഡ്- 9562492914എന്നിവിടങ്ങളിലാണ് ഹെല്‍പ് ഡെസ്ക്കുകള്‍.
എയിഡ്സ്, മലേറിയ എന്നിവക്കെതിരെ ആഗോള തലത്തില്‍ പോരാടുന്ന ഫണ്ട് ടു ഫൈറ്റ് എയിഡ്സ്- ടിബി-മലേറിയ എന്ന സംഘടനയുടെയും    അലയന്‍സ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെയും സഹായത്തോടെ  രാജ്യമൊട്ടാകെ നടത്തുന്ന   പദ്ധതി  തുടക്കത്തില്‍ തന്നെ ഏറെ വിജയകരമാണെന്ന് പരിപാടിയുടെ കേരളത്തിലെ നടത്തിപ്പുകാരായ സി.പി.കെ പ്ളസ് ഭാരവാഹികള്‍ 'മാധ്യമ'ത്തോട്   പറഞ്ഞു.  എച്ച്.ഐ.വി രോഗാണു ബാധിതരയവരുടെ നിലനില്‍പ്പും ജീവിത നിലവാരവും ഉയര്‍ത്തുകയാണ് ലക്ഷ്യം. ജൂലൈയില്‍ ആരംഭിച്ച പദ്ധതിയില്‍  നിരവധി  ഗുണഭോക്താക്കള്‍ നിലവിലുണ്ട്.

2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

പോരാടി നേടീ ഡോക്ടര്‍ ഈ വിജയം


വൈദ്യസമൂഹത്തിനകത്ത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി ചികിത്സാ പിഴവിനെതിരെ പോരാടിയ ഡോക്ടര്‍ക്ക് വിജയം.

അമിത വണ്ണംകുറയ്ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയനാവുകയും പണവും ആരോഗ്യവും നഷ്ടപ്പെടുകയും ചെയ്ത എറണാകുളം കോതമംഗലം നെല്ലിമറ്റം മനയത്തുമാരിയില്‍ കുടുംബാംഗമായ ഡോ. രാജേഷാണ് ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം നേടിയത്. ചികിത്സാ പിഴവിലൂടെയുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ജീവിതാന്ത്യം വരെ അനുഭവിക്കാനിടയാകുമെന്ന് മനസ്സിലാക്കിയ ജസ്റ്റിസ് പി.കെ. ബര്‍ക്കത്തലി അധ്യക്ഷനായ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ 95 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

 ഈ ഉത്തരവുപ്രകാരം എതിര്‍കക്ഷികളായ തിരുവനന്തപുരം മെഡിട്രീന ആശുപത്രിയും ശസ്ത്രക്രിയ നടത്തിയ ഡോ. കോശി ജോര്‍ജും ചേര്‍ന്ന് നഷ്ടപരിഹാര തുകക്കൊപ്പം 12 ശതമാനം പലിശയും കോടതി ചെലവായി 5000 രൂപയും ഒടുക്കണം.

റേഡിയോളജി എം.ഡി ബിരുദധാരിയാണ് 37-കാരനായ ഡോ. രാജേഷ്. അമിത വണ്ണവും ഹെര്‍ണിയയും മൂലം ബുദ്ധിമുട്ടിലായ രാജേഷ് വൈദ്യസമൂഹത്തിലെ പലരും ഡോ. കോശിയെ പുകഴ്ത്തി പറഞ്ഞതിനെ തുടര്‍ന്നാണ്  ചികിത്സക്കായി സമീപിച്ചത്. അമിതവണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്താമെന്നും കുറഞ്ഞാല്‍ സ്വാഭാവികമായും ഹെര്‍ണിയ നിയന്ത്രണ വിധേയമാക്കാമെന്നും ഡോ. കോശി ഉറപ്പ് നല്‍കിയിരുന്നുവത്രേ. ചികിത്സാ ചെലവായി 2.5 ലക്ഷമാണ് ആവശ്യപ്പെട്ടത്. 2011 ഡിസംബറില്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന കാലത്ത് ഡോ. രാജേഷിന് 120 കിലോ തൂക്കമുണ്ടായിരുന്നു. ആമാശയത്തിന്‍െറ ആദ്യ ഭാഗമായ ഫന്‍ണ്ടസ് പൂര്‍ണമായലും നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയില്‍ പ്രധാനം. എന്നാല്‍, അശ്രദ്ധമൂലം ഫന്‍ണ്ടസ് നീക്കം ചെയ്തില്ളെന്ന് മാത്രമല്ല സ്റ്റേപ്പിള്‍സ് എന്ന ക്ളിപ്പ് നിരതെറ്റി മുറുക്കുകയും ചെയ്തു. അതിനാല്‍ ഈ ഭാഗം ബാഗ് കണക്കെ വികസിച്ചു. ഇതുമൂലം ആമാശയത്തിന്‍െറ ആദ്യ ഭാഗം ചുരുങ്ങിപ്പോവുകയും ചെയ്തു. ഉമിനീരു പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഡോ. രാജേഷ് എത്തിപ്പെട്ടത്.

ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഡോ. രാജേഷ് തന്നെയാണ് സി.ടി സ്കാന്‍ നടത്താന്‍ ഡോ. കോശിയെ നിര്‍ബന്ധിച്ചത്. പരിശോധനാ ഫലത്തില്‍ ശസ്ത്രക്രിയ ഭാഗത്ത് കുഴപ്പങ്ങളുണ്ടെന്ന് മനസ്സിലാക്കുകയും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2012 ജനുവരിയിലാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഇതുകൊണ്ടും മാറ്റമുണ്ടായില്ല. ഇനിയും പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടറെ അറിയിച്ചെങ്കിലും ചികിത്സ നടത്താനോ രോഗിയെ കാണാനോ ഡോക്ടര്‍ സമ്മതിച്ചില്ല. ഭയംമൂലമാണ് പലതും തോന്നുന്നതെന്ന് ഡോക്ടര്‍ കോശി പറയുകയും ചെയ്തുവത്രേ. ചോര ഛര്‍ദിച്ചുകൊണ്ടിരുന്ന ഡോ. രാജേഷിന് ദിവസവും ഗ്ളൂക്കോസ് കയറ്റേണ്ട സ്ഥിതിയിലേക്ക് കാരങ്ങള്‍ എത്തിയപ്പോള്‍ മെഡിട്രിനയിലെ ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയയിലൂടെയാണ് ഡോ. രാജേഷിന് ജീവന്‍ തിരിച്ചുകിട്ടിയത്. പൂര്‍ണ ആരോഗ്യമില്ലാത്തതിനാല്‍ മുഴുവന്‍ സമയ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ ഡോ. രാജേഷിന് കെല്‍പില്ലാതായി. നിലവില്‍ ഭരണ ചുമതല മാത്രമുള്ള പദവിയില്‍ ഗള്‍ഫിലെ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ചികിത്സാ പിഴവുണ്ടായെന്നും അശ്രദ്ധ സംഭവിച്ചെന്നും തുടക്കത്തില്‍ സമ്മതിച്ചെങ്കിലും പണം തട്ടാനുള്ള ശ്രമമാണെന്ന് ഡോ. കോശി പിന്നീട് ആരോപണം ഉന്നയിച്ചതാണ് നിയമപോരാട്ടത്തിനിറങ്ങാന്‍ ഡോ. രാജേഷിനെ പ്രേരിപ്പിച്ചത്. രാജ്യത്ത് അറിയപ്പെടുന്ന ഡോ. കോശിയെ താറടിച്ച് കാണിക്കാനും പണം പിടുങ്ങാനും നടത്തുന്ന അടവാണിതെന്ന് മറ്റു ചില ഡോക്ടര്‍മാരും ആക്ഷേപമുയര്‍ത്തി. ചികിത്സാ പിഴവുണ്ടെന്ന് മറ്റ് ചില ഡോക്ടര്‍മാര്‍ രഹസ്യമായി സൂചിപ്പിച്ചെങ്കിലും പുറത്തുപറയാനും പിന്തുണക്കാനും തയാറായില്ല. ഡോ. രാജേഷിനെ തളര്‍ത്താന്‍ പല ശ്രമങ്ങളും ഉണ്ടായെങ്കിലും പോരാട്ടം വിഫലമായില്ല.

ചികിത്സാ പിഴവുകള്‍ നേരിടേണ്ടി വന്നിട്ടും നിശബ്ദരാക്കപ്പെടുന്ന രോഗികള്‍ക്കായി ഈ വിധി സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഭാര്യയും പുഷ്പഗിരി മെഡിക്കല്‍ കോളജിലെ പാത്തോളജി എം.ഡി ബിരുദ വിദ്യാര്‍ഥിനിയുമായ ഡോ. രഞ്ജിമ എബ്രഹാം പൂര്‍ണപിന്തുണയുമായി രാജേഷിനൊപ്പമുണ്ട്. മക്കള്‍: ഇസബല്‍, മിറബല്‍.

ഓപറേഷന്‍ തിയേറ്റര്‍ വാടകക്കെടുത്തും അടിസ്ഥാന സൗകര്യങ്ങളില്ലാതെയുമാണ് മെഡിട്രീന ആശുപത്രി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നതെന്ന് ഡോ. രാജേഷ് കുറ്റപ്പെടുത്തി.  ഡോക്ടര്‍മാര്‍ വഴി പ്രചാരണം നടത്തിയാണ് രോഗികളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നത്. പല പരാതികളെ തുടര്‍ന്ന് ഈ ശസ്ത്രക്രിയ ഇപ്പോള്‍ അവര്‍ നടത്തുന്നില്ല. ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങള്‍ നിരവധിയുണ്ടെന്നും പൊതുജനം ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. വാദിക്കുവേണ്ടി അഡ്വ. കെ.എല്‍. ജോസഫ് ഹാജരായി.

അതേസമയം, വിധിയെക്കുറിച്ച് അറിയില്ളെന്നും ഒൗദ്യോഗികമായി അറിയിപ്പ് ലഭിക്കുംവരെ പ്രതികരിക്കുന്നില്ളെന്നും ഡോ. കോശി പറഞ്ഞു.മെഡിട്രീനയില്‍ എത്തുംമുമ്പ് തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അസോസിയേറ്റ് പ്രഫസറായിരുന്നു  അദ്ദേഹം പറഞ്ഞു.

2013 ജൂൺ 26, ബുധനാഴ്‌ച

സാദര്‍ശ്

ഫേസ് ബുക്ക്‌ ലിങ്ക്


രണ്ട് കൈയിലും വാരിയെടുത്താണ് അച്ഛന്‍ കാലിന്‍റെ ചലനശക്തി നഷ്ടപ്പെട്ട സാദര്‍ശിനെ ആള്‍ക്കൂട്ടത്തിന്റെ മുന്നിലത്തെിച്ചത്. അച്ഛന്‍ മോന്‍സിയുടെ കഴുത്തില്‍ ചുറ്റിപിടിക്കണമെന്നുണ്ടെങ്കിലും കൈകള്‍ക്കും ചലനശക്തിയില്ല. ചികിത്സ പിഴവുമൂലം ജീവിതം നിശ്ചലാവസ്ഥയിലായ ഈ പതിനൊന്നുകാരനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അമ്മ സാനിമോള്‍ക്ക് കരച്ചിലടക്കാനായില്ല. നെഞ്ച് തകര്‍ന്ന് രണ്ട് തുള്ളി കണ്ണുനീര്‍ അച്ഛന്‍െറ കണ്ണില്‍ നിന്നും വീണത് കണ്ടുനിന്നവരുടെ കണ്ണുകള്‍ കൂടി നനയിച്ചു.

എല്ലാത്തിനും സാക്ഷിയായി  സാദര്‍ശിന്‍െറ അനുജന്‍ അഭിനന്ദ് നിശബ്ദനായി നിന്നു. ചൊവ്വാഴ്ച കച്ചേരിപ്പടി ഗാന്ധിഭവനില്‍ ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിച്ച ചികിത്സാ പിഴവ് മൂലം ദുരന്തമുണ്ടായവരുടെ സംഗമത്തിലാണ് ഹൃദയഭേദകമായ രംഗം അരങ്ങേറിയത്. പള്ളുരുത്തി സ്വദേശകളാണ് പെയിന്‍റ് പണിക്കാരായ മോന്‍സിയും വീട്ടമ്മയായ സാനിമോളും. മകന് ഒന്നേകാല്‍ വയസില്‍ വന്ന പനിയാണ് എല്ലാത്തിനും തുടക്കമിട്ടത്.

നേരിയ പനി കണ്ടപ്പാടെ ആധിപൂണ്ട മാതാപിതാക്കള്‍ മകനെ ഡോക്ടറുടെ അടുത്തത്തെിച്ചു. പനി മാറാത്തതിനാല്‍ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ 52 ദിവസമാണ് കുഞ്ഞിനെ ഐ.സി.യുവില്‍ കിടത്തിയത്. പനി മാറാത്തതിന്‍െറ കാരണമോ ശരിയായ രോഗവിവരമോ ഡോക്ടര്‍ പറഞ്ഞില്ല. ഇത്രയും ദിവസം ആശുപത്രിയില്‍ കിടന്നിട്ടും കുട്ടിയുടെ പനി മാറിയില്ല. ഇടക്കിടെ പനി വരുമ്പോഴൊക്കെ ഇതേ ഡോക്ടറെ തന്നെയാണ് സമീപിക്കാറുള്ളത്.

 ഡോക്ടര്‍ ആശുപത്രി മാറിയപ്പോഴും ഈ മാതാപിതാക്കള്‍ മകനെ കൂട്ടി ആ ആശുപത്രിയിലുമത്തെി. ഒരിക്കല്‍ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങുന്നതിനിടെയാണ് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസ് കൂടിയ മരുന്നുകളാണ് ഇവയെന്ന് മനസിലായത്. ചികിത്സക്കിടെ സാദര്‍ശിന്‍െറ കവിളുകള്‍  നീരുവന്നു തൂങ്ങി. ഇതിനിടെ കൈകാലുകളുടെ ചലനശേഷി നഷ്ടപെടാന്‍ തുടങ്ങിയിരുന്നു. എട്ടാം വയസില്‍ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടതോടെ നിലവില്‍ ഹോമിയോ ചികിത്സയില്‍ അഭയം തേടിയിരിക്കുകയാണ് ഇവര്‍.


രണ്ടുസെന്‍റ് ഭൂമി മാത്രമുള്ള ഈ കുടുംബം ഇതുവരെ മകന്‍റെ ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവാക്കി. ഇനി വീടിരിക്കുന്ന ഈ ഭൂമി മാത്രമാണ് ബാക്കിയുള്ളത്. സ്കൂളില്‍ പോകാന്‍ പറ്റാത്തതിനാല്‍ വീട്ടിലിരുത്തിയാണ് കുഞ്ഞിനെ പഠിപ്പിക്കുന്നത്.


ചികിത്സ പിഴവ് ദുരിതത്തിലായി മുളന്തുരുത്തി സ്വദേശിയും 36 കാരനുമായ ജോര്‍ജ് മറ്റൊരു കഥയാണ് പറഞ്ഞത്. കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് വന്ന അദ്ദേഹത്തിന് സ്റ്റിയറോയ്ഡ് ഇഞ്ചക്ക്ഷന്‍ നല്‍കിയതോടെ വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. 15 ലക്ഷത്തിലധികം രൂപ ചെലവായി. തിരുവാണിയൂര്‍ സ്വദേശി ടി.വി. ശശി, പൗലോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സ്വകാര്യാശുപത്രിയില്‍ പനിക്ക് ചികിത്സതേടി ശരീരം തളര്‍ന്നുപോയ ഫോട്ടോഗ്രാഫര്‍ വിജയകുമാറിന്‍റെ  മകന്‍ ഡോ. രാഹുലും സംഗമത്തില്‍ പങ്കെടുത്തു. 

2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച

വയോജന ദിനം സ്പെഷല്‍

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
സംസ്ഥാന വയോജന നയത്തില്‍ ഭേദഗതികള്‍ വരുത്തുന്നു. കേരളപ്പിറവി ദിനത്തില്‍ പുതിയ നയം നിലവില്‍ വരും. സംസ്ഥാന വയോജന നയം എന്നതിനു പകരം മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള സംസ്ഥാന നയം എന്ന പേരുമാറ്റത്തോടെയാണ് ഇത് നിലവില്‍ വരിക.

 മുതിര്‍ന്ന സ്ത്രികള്‍ക്കും ഗ്രാമീണ ജനങ്ങള്‍ക്കും നയത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും. സാങ്കേതിക വിദ്യയുടെ മുന്നോട്ടുള്ള കുതിപ്പ്, മുതിര്‍ന്നവര്‍ക്കുള്ള പെന്‍ഷന്‍, സൂക്ഷ്മതല വായ്പകള്‍, ആരോഗ്യവും പോഷണവും, ഭവന നിര്‍മാണം, മുതിര്‍ന്നവരുടെ സേവന വിനിയോഗം, വയോജന ക്ഷേമം, വ്യത്യസ്ത തലമുറകളുടെ സംയോജനം, മാധ്യമങ്ങളുടെ വിനിയോഗം, അത്യാഹിതങ്ങളിലും പ്രകൃതി ക്ഷോഭങ്ങളിലും പ്രത്യേക പരിഗണന, ക്ഷേമ കമീഷന്‍ എന്നിവ പുതിയ നയത്തിന്‍െറ ഭാഗമായി നിലവില്‍ വരും. സംസ്ഥാനത്തെ ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് നയം പരിഷ്കരിക്കുന്നത്.

ഐക്യരാഷ്ട്ര സഭാ തത്വങ്ങള്‍ അനുസരിച്ചുള്ള സ്വാതന്ത്ര്യം, സംരക്ഷണം, അന്തസ്സ്, പങ്കാളിത്തം, ആത്മ സഫലീകരണം എന്നിവ നയത്തിലൂടെ ഊട്ടിയുറപ്പിക്കും. സ്വഗൃഹത്തില്‍ വാര്‍ധക്യകാലം എന്ന തത്വം പ്രോത്സാഹിപ്പിക്കും. പരിശീലനം, തൊഴില്‍ എന്നിവ സംബന്ധിച്ച് കൗണ്‍സലിങ് നല്‍കുന്ന സന്നദ്ധ സംഘടനകളെ പിന്തുണക്കാനും പുതിയ നയത്തില്‍ വകുപ്പുണ്ട്. വീട്ടില്‍നിന്നും പുറന്തള്ളപ്പെട്ട വയോജനങ്ങള്‍ക്ക് താമസിക്കാന്‍ എല്ലാ ജില്ലയിലും ഭവനങ്ങള്‍ സ്ഥാപിക്കും. ഇതിന് ബജറ്റില്‍നിന്ന് തുക വകയിരുത്തും. ഗ്രാമ പ്രദേശങ്ങളിലെ വരുമാനം കുറഞ്ഞ കുടുംബാംഗങ്ങള്‍ക്ക് വാര്‍ധക്യകാലത്തേക്ക് സമ്പാദ്യം ഉണ്ടാക്കാനാകുന്നില്ളെന്ന കാര്യം പരിഗണിച്ച് സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കും.

ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി വൈദ്യ സഹായം ലഭ്യമാക്കും. ചെറുകിട കച്ചവടങ്ങള്‍ക്കായി ന്യായനിരക്കിലുള്ള പലിശ മാത്രം ഈടാക്കി വായ്പ നല്‍കും. താലൂക്കാശുപത്രി തലം വരെ പ്രത്യേക വയോജന വാര്‍ഡുകള്‍ നിര്‍മിക്കും. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സൗജന്യമായി മരുന്ന് നല്‍കും. ഇതിനായി ജില്ലാ- ജനറല്‍ ആശുപത്രികളില്‍ വയോജനാരോഗ്യ യൂനിറ്റുകള്‍ സ്ഥാപിക്കും. കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഡയാലിസിസ്, അങ്കണവാടികള്‍ മുഖേന പ്രത്യേക ഭക്ഷണ ദാന പരിപാടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധന, വിരമിച്ചവര്‍ക്ക് പുനര്‍നിയമനം ലഭ്യമാക്കാന്‍ എംപ്ളോയ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവയുടെ ഗുണവും നയം വഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കും.

മുതിര്‍ന്നവര്‍ക്കെതിരെയുള്ള അവകാശ ലംഘന കേസുകള്‍ കൈകാര്യം ചെയ്യാന്‍ സിവില്‍ കോടതിയുടെ അധികാരമുള്ള കമീഷനെയാണ് നിയമിക്കുക. 2013-14 വര്‍ഷത്തിന്‍െറ അവസാനത്തോടെ വൃദ്ധസദനങ്ങള്‍ പരിഷ്കരിക്കുകയും ജീവനക്കാരെ ശാസ്ത്രീയമായി വിന്യസിക്കുകയും ചെയ്യും. 60 വയസ്സിന് മുകളിലുള്ളവരുടെ സര്‍വേ നടത്തി ഡാറ്റാ ബാങ്ക് രൂപവത്കരിക്കും.

ഇവയെല്ലാം വ്യക്തമാക്കുന്ന കരട് കഴിഞ്ഞദിവസം നടന്ന വയോജന ദിനാഘോഷത്തില്‍ കൊച്ചിയില്‍ മന്ത്രി മുനീര്‍ പൊതുജനങ്ങള്‍ക്കായി പ്രകാശിപ്പിച്ചു. നവംബര്‍ ഒന്നിന് പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പൊതുജനങ്ങള്‍ക്ക് ആവശ്യമായ അഭിപ്രായവും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. 

2012 ജൂലൈ 19, വ്യാഴാഴ്‌ച

ബദാം ഷേയ്ക്കും ഇനി ഷേയ്ക്കും(വിറക്കും )

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായിഇവിടെ ക്ലിക്ക് ചെയ്യുക 
ഹാ..കഷ്ടമേ...ഷവര്‍മ കഴിച്ചില്ലേലും ബദാം ഷേയ്ക്കുണ്ടല്ലോ എന്നായിരുന്നു കുറെ പേരെങ്കിലും ഇത്‌ വരെ കരുതിയത്‌ . പക്ഷെ ഇനി സാക്ഷാല്‍ ഷെയ്ക്ക്  വന്നു   ചോദിച്ചാലും  കൊച്ചിയില്‍ ബദാം ഷെയ്ക്ക് കിട്ടില്ല.  ഷവര്മക്ക്‌ പിന്നാലെ  അതും  നിരോധിച്ചു.  ഹൊ..വെറും പത്തു രൂപയ്ക്ക് പാല് പോലെ വെളുത്ത ഷെയ്ക്ക് ഒരു ഗ്ലാസ്‌ നിറയെ കിട്ടുമ്പോള്‍ പാല്‍പുഞ്ചിരി നിറയുന്ന ഒരുപാട് മുഖങ്ങളെ ദിവസവും കാണാറുണ്ട്. അവരുടെ സന്തോഷം കാണുമ്പോള്‍  ബദാം ഷെയ്ക്ക് കുടിക്കാതെ തന്നെ സന്തോഷം തോന്നുമായിരുന്നു. പ്രസിദ്ധമായ സെന്‍റ് തെരേസാസ് കോളേജിലെ തരുണീമണികള്‍ നിറഞ്ഞൊഴുകുന്ന കോണ്‍വെന്‍റ്  ജങ്ങ്ഷനില്‍ ,അവരും അവരെ കാണാനെത്തുന്ന എതിര്‍കുക്ഷി സുസ്മേരവദനന്മാരും ഇനി എന്ത് ചെയ്യും?  പുതിയ ജീവിതത്തിന്‍റെ ശുഭാരംബം  അല്പം  മധുരം കൊണ്ടാകട്ടെ  എന്ന്‌ ഡയറി മില്‍ക്ക് നല്‍കി  പറയുന്നതിന് പകരം ബദാം ഷെയ്ക്ക് നല്‍കി ആഘോഷിച്ചവരും ഏറെയാണ്‌. ഇനി അതെല്ലാം മറന്നേക്കൂ..  നേരത്തെ, ഒരു സ്കൂപ്പിന്   എഴുപതു രൂപ നിരക്കില്‍ കാമുകിക്കും അവളുടെ കൂട്ടുകാരികള്‍ക്കും പത്തും പന്ത്രണ്ടും  ഐസ്ക്രീം വാങ്ങി പോക്കറ്റ് കീറിയവന് ബദാം ഷെയ്ക്ക് പിന്നീട് ഒരു അനുഗ്രഹമായിരുന്നു. ഞാവല്‍ മരച്ചുവട്ടിലെ കുളിര്‍മയില്‍ പരസ്പരം ചാരി നിന്നു ബദാം ഷെയ്ക്ക് കുടിക്കുമ്പോള്‍ അവരറി ഞ്ഞോ ഇത്‌   റെയില്‍വെ  സ്റേഷന്‍ പരിസരത്തെ ഒരു തുക്കട ലോഡ്ജില്‍ പട്ടികള്‍ രാപ്പാര്‍ക്കുന്ന ഗ്രൌണ്ട് ഫ്ലോറിലെ പൊട്ടിയൊലിച്ചൊഴുകുന്ന   സെപ്ടിക് ടാങ്ക് പരിസരത്തെ ജലസംഭരണിയില്‍   നിന്നുള്ള  വെള്ളം ചേര്‍ത്ത് ഉണ്ടാക്കുന്നതാണെന്ന്!!! എന്തായാലും ഷവര്‍മ വഴി ഒരാള് മരിച്ച  അവസരം മുതലാക്കി ടി വി ചാനലുകളുടെ ഫ്രെയിമിലേക്ക് കേറി നിക്കാനാണെങ്കിലും  കൊച്ചിയിലെ അധികൃതര്‍ ഒടുവില്‍ പരിശോധനക്ക് ഇറങ്ങിയപ്പോള്‍ കണ്ടത് മനം മറിക്കുന്ന കാഴ്ചകള്‍ ! 
ചുരുക്കത്തില്‍.....
റോഡരികിലെ തള്ള് വണ്ടികളിലെ  തണുത്ത ബദാം ഷേയ്ക്കില്‍ വീണ പൂച്ചകള്‍ ഇനി  താജിലെ ചൂടന്‍ വിലയുള്ള ഇറക്കുമതി ചെയ്ത ബദാം ഷെയ്ക്ക് കണ്ടാലും കുടിക്കാന്‍ ഒന്നറക്കും!! 

NB - പതപ്പിച്ച ബദാം  ഷെയ്ക്ക് കുടിക്കുന്നവര്‍ അത് കഴിക്കുന്നതിനു മുന്‍പ് ടോയ് ലറ്റ്  ബുക്ക്‌ ചെയ്യുക -  ഇത് പതപ്പിക്കാന്‍   സര്‍ഫ് എക്സല്‍ ചേര്‍ക്കുന്നതായി കണ്ടെത്തല്‍ 
കടപ്പാട് -മാധ്യമം 


ബദാം ഷെയ്ക്ക് വീട്ടിലുണ്ടാക്കാം
(കടപ്പാട് ഹേമ സോപാനം )
 ബദാം ചൂട് വെള്ളത്തില്‍ ഇട്ടു വച്ച് കുതിര്‍ത്തി എടുക്കുക. ഇത് നന്നായി അരച്ച് വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുക. കാച്ചി തണുപ്പിച്ച ഒരു കപ്പു പാല്‍ ഐസ് ആക്കിയത് പൊടിച്ചു കഷ്ണങ്ങളാക്കിയതും പാകത്തിന് പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പതപ്പിച്ച് വിളമ്പാം. അല്പം പനിനീരോ അല്ലെങ്കില്‍ വാനില എസന്‍സോ കൂടി ചേര്‍ത്താല്‍ രുചി കൂടും. വാനില ഐസ്ക്രീം ചേര്‍ത്താലും നല്ലത്!

2012 ജൂലൈ 18, ബുധനാഴ്‌ച

'ശവ'ര്‍മ



പാവം ഷവര്‍മ! കൊതിയൂറും രുചിയുമായി മലയാളിയുടെ ഫാസ്റ്റ്‌ ഫുഡ്‌ സംസ്കാരത്തിലേക്ക് ഇടിച്ചു കയറിയ ഷവര്‍മക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. കാരണം ഷവര്‍മ കഴിച്ചു കേരളത്തിലല്ലാതെ ലോകത്തു മറ്റൊരിടത്തും ആളു തട്ടിപ്പോയിട്ടുണ്ടാകില്ല. അത് കൊണ്ട് തന്നെ കേരളത്തില്‍ ഷവര്‍മ കടകള്‍ അടി പേടിച്ച് ആരോടും മിണ്ടാതെ ഒരൊറ്റ ദിവസം കൊണ്ട് അടച്ചു പൂട്ടിപ്പോയി. എന്നും കഴിച്ചവര്‍ക്ക് ഒരല്‍പം പേടി ഇല്ലാതില്ല. എങ്കിലും ഷവര്‍മ കഴിക്കാന്‍ കൊതിച്ച ജനം അത് കിട്ടുന്നിടത്തെക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പാപിചെന്നിടം പാതാളം! 
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്തെ സല്‍വ കഫേയില്‍ നിന്നും ഷവര്‍മ കഴിച്ചു മരണപ്പെട്ട ഹരിപ്പാട്‌ സ്വദേശി സച്ചിന് ആദരാജ്ഞലികള്‍ !!!
നടന്‍ തിലകന്‍ അങ്കിളിന്റെ മകന്‍ ഷോബിയും കുടുംബവും 'ശവ'ര്‍മ കഴിച്ച് അവശ നിലയിലാണ് 

സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെയും പൊതു നിരത്തിലെയും ചുമരുകളില്‍ പതിഞ്ഞെക്കാവുന്ന പോസ്റ്റര്‍ മാതൃകകള്‍
 1) "ഷവര്‍മ  വില്‍ക്കുന്ന കേരള സര്‍ക്കാര്‍ രാജി വക്കുക" , 

സുഹൃത്തുക്കളെ, ആഗോളവത്കരണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് നുഴഞ്ഞു കയറിയ ഷവര്‍മയെന്ന വിഷം വില്‍ക്കാന്‍ അനുമതി കൊടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നെരെം നാലിന് സെക്രട്ടറിയെറ്റ്‌ പരിസരത്ത് നിരാഹാര ധര്‍ണ സംഘടിപ്പിക്കുന്നു.  ധര്‍ണ ക്ക് ശേഷം ബദാം ഷേയ്ക്കും ഷവര്‍മയും വിതരണം ചെയ്യുന്നതാണ്. 
2) മത തീവ്രവാദം തടയുക 
ആളെക്കൊല്ലി അറേബ്യന്‍ ഭക്ഷണം ഇറക്കുമതി ചെയ്തു തീവ്രവാദംവളര്‍ത്തുന്നവരെ ചെറുക്കുക .
3) സോഷ്യല്‍ നെറ്റ് വര്‍ക്കിലെ പ്രതി ഷേധം  പേടിച്ചു സര്‍ക്കാര്‍ നടപടി തുടങ്ങി
ഇതിനോടകം ഇത്തരം പോസ്റ്റുകള്‍ വ്യപക മായിട്ടുണ്ട് .

എന്തായാലും മേലനങ്ങാ ആരോഗ്യ വകുപ്പിന് പണിയായെന്നു ചുരുക്കം !! ശവ{ര്‍)))))))}മേ  നിന്നെ കയ്യില്‍ കിട്ടിയാലുണ്ടല്ലോ ,തിന്നു ശരിയാക്കുന്നുണ്ട് എന്നാണു ഇപ്പോള്‍ ആ ഉദ്യോഗസ്ഥരുടെ കലിപ്പ് ! 
_________________________________________________________

ചരിത്രം (കടപ്പാട് - വിക്കിയുടെ പീടിക) 

**********************************************
അറബ് രാജ്യങ്ങളിലെ ഒരു ഭക്ഷണവിഭവമാണ് ഷവർമ്മ അഥവാ ഷ്വാർമ്മ. ഇംഗ്ലീഷ്:Shawarma. തുർക്കിയാണ്‌ ഇതിന്റെ ജന്മദേശം. തുർക്കികളുടെ മൂലവിഭവം ഡോണർ കബാബ് (കറങ്ങുന്ന കബാബ്) എന്നാണ് അറിയപ്പെടുന്നത്. ചുറ്റും കറക്കുവാൻ കഴിയുന്നവിധം ലംബമായി ഉറപ്പിച്ചിരിക്കുന്ന കമ്പിയിൽ ഇറച്ചി കഷണങ്ങൾ കൊരുത്ത് ‍തീ ജ്വാലക്കു മുന്നിലൂടെ കറക്കി പാകം ചെയ്ത്, അവ ചെറുതായി അരിഞ്ഞ് മറ്റു മസാലക്കൂട്ടുകളും ചേർത്ത് റൊട്ടിയിലോ കുബ്ബൂസിലോ പൊതിഞ്ഞാണ്‌  ഷവർമ്മ  തയാറാക്കുന്നത്. ആട്,കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും ടർക്കി,കാള തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിച്ചും ഷവർമ്മ ഉണ്ടാക്കാറുണ്ട്.

തിരിക്കുക എന്നർത്ഥമുള്ള ത്സെവിർമേ എന്ന തുർക്കി പദത്തിൽ നിന്നാണ്‌ ഷവർമ്മ പേരിന്റെ ഉത്ഭവം. ഡോണർ എന്ന പേരും, തുർക്കിഷ് ഭാഷയിൽ കറങ്ങുന്നത് എന്നർത്ഥമുള്ള ഡോന്മെക് (Donmek) എന്ന പദത്തിൽ നിന്നാണ് ഉടലെടുത്തത്. ഓട്ടൊമൻ തുർക്കികളുടെ പ്രഭവകേന്ദ്രമായ തുർക്കിയിലെ ബുർസയാണ് ഡോണർ കബാബിന്റെയും ജന്മദേശം. 1867-ൽ ഇസ്കന്ദർ ഉസ്തയാണ് ഈ ഭക്ഷണവിഭവം കണ്ടെത്തിയത്. വെറൂം റോട്ടിയോടൊപ്പം ചുട്ട ആട്ടിറച്ചി, ഇടയകാലഘട്ടം മുതലേ, തുർക്കികളുടെ ഭക്ഷണരീതിയിലെ അവിഭാജ്യഘടകമാണ്. നാടോടികളായിരുന്ന കാലം മുതൽക്കേ തുർക്കി പോരാളികൾ വലിയ മാംസക്കഷണങ്ങൾ വാളിൽക്കോർത്ത് തീയിൽ ചുട്ടെടുത്തിരുന്നു. ഇറച്ചിയിൽ നിന്നും ഉരുകുന്ന നേയ്യ് തീയിൽ വീഴുകയും അതുകൊണ്ടുതന്നെ ആളിക്കത്തുന്ന തീയിൽ ഇറച്ചി കരിയുകയും ചെയ്യാറുണ്ടായിരുന്നു. ഇതിന് ഒരു പരിഹാരമായാണ് ഉസ്ത കൽക്കരി നിറക്കാവുന്ന കുത്തനെയുള്ള ഒരു അടുപ്പ് രൂപകൽപ്പന ചെയ്തത്. വാളിൽക്കോർത്ത് ഇറച്ചികഷണങ്ങൾ അടുപ്പിന് സമീപം കുത്തി നിർത്തി വേവിക്കുകയും ചെയ്തു. അതോടൊപ്പം ഉരുകുന്ന നെയ്യ് ഇറച്ചിയിൽത്തന്നെ പറ്റുകയും ചെയ്യുന്നു.


ഉണ്ടാക്കുന്നവിധം

മുകൾ ഭാഗത്ത് നിന്ന് താഴോട്ട് കനം കുറഞ്ഞ് വരത്തക്കവിധമാണ് ഷവർമ്മക്കമ്പിയിൽ ഇറച്ചി കൊരുക്കുന്നത്. ഏറ്റവും മുകളിലായി നാരങ്ങ, തക്കാളി, സവാള ഇവയെല്ലാമോ ഏതെങ്കിലുമോ കൊരുക്കുന്നു. പിന്നീട് ഷവർമ്മയുടെ രുചി വർദ്ധിപ്പിക്കുന്നതിനായി മൃഗക്കൊഴുപ്പ് കൊരുക്കും. തീ ജ്വലയിൽ കൊഴുപ്പ് ഉരുകി താഴെയുള്ള ഇറച്ചിയിൽ ചേരുന്നതിനാണിങ്ങനെ ചെയ്യുന്നത്. ഇറച്ചി വേകുന്നതിനനുസരിച്ച് കനം കുറഞ്ഞ കത്തി കൊണ്ട് ചെത്തി അരിഞ്ഞ് മാറ്റി ഷവർമ്മയുടെ എല്ലാ ഭാഗവും വേവുന്നതിനായി കമ്പി തിരിച്ചു കൊണ്ടിരിക്കും. അരിഞ്ഞ ഇറച്ചി നീളമുള്ള ബണ്ണിനകത്തോ, കുബ്ബൂസിനുള്ളിലോ നിറച്ചാണ് ഷവർമ്മ നിർ‍മ്മിക്കുന്നത്.
മദ്ധ്യേഷ്യൻ രാജ്യങ്ങൾക്കു പുറമെ മറ്റ് രാജ്യങ്ങളിലെക്കും ഷവർമ്മയുടെ പ്രചാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

__________________________________________________________________________________

2012 മേയ് 13, ഞായറാഴ്‌ച

പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ തന്നൂടെ?


ഇന്ന്  ലോക  മാതൃദിനം



അമ്മയുടെ കരുതലും സ്നേഹവും വര്‍ണിക്കപ്പെടുന്ന   സുദിനമാണിത്  . പലരും ഈ ദിനം  ആഘോഷിക്കുന്ന സമയത്ത് (ദിനാചരണങ്ങള്‍ പ്രഹസനമാണെന്ന് കരുതുന്നു, എങ്കിലും) വായനക്കാര്‍ക്ക് മുന്നിലേക്ക്‌  ജീവിതം നഷ്ടപ്പെട്ടു  കൊണ്ടിരിക്കുന്ന ഒരമ്മയുടെയും രണ്ട് മാലാഖക്കുരുന്നുകളുടെയും ജീവിത യാതന സമര്‍പ്പിക്കുന്നു.
അവരുടെ കദനം വിവരിക്കുന്ന ഒരു ചിത്രവും ഒപ്പമുണ്ട്. ഭീകരമായ ആ ചിത്രം ഇവിടെ പ്രസിദ്ധീകരിക്കാന്‍ മനസ്സാ തയ്യാറല്ലെങ്കിലും    മറ്റൊരു ചിത്രം കിട്ടാത്തതിനാല്‍ ചേര്‍ക്കേണ്ടി വന്നു. വായിച്ചു പോകുക എന്നതിനുപരി, കഴിയാവുന്നവര്‍ ചെറിയ സഹായമെങ്കിലും ഈ കുരുന്നുകള്‍ക്ക് നല്‍കണമെന്ന് കൂടി അപേക്ഷിക്കുന്നു. കാരണം അവര്‍ക്ക് അവരുടെ ഉമ്മച്ചിയെ വേണം , അവര്‍ അനാഥര്‍ ആകാതിരിക്കാന്‍.....
facebook






""പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ  തന്നൂടെ? ഉമ്മച്ചിയെ  മരിപ്പിക്കല്ലേ ..." --വാപ്പയില്ലാത്ത രണ്ട് കുരുന്നുകളുടെ കരച്ചില്‍ കേട്ടു നില്‍ക്കുന്നവരെ കൂടി കരയിപ്പിക്കും. മുന്‍പില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കട്ടിലില്‍ അവരുടെ ഉമ്മച്ചിയുണ്ട്  , എഴുന്നേല്‍ക്കാന്‍ വയ്യാതെ  ...

കുഞ്ഞുമാലാഖക്കുട്ടികളാണ്  പത്തു വയസ്സുകാരി ഷഹനയും ഏഴു വയസ്സുകാരി  രഹനയും .  പേരു കൊണ്ട്  പോലും രാജകുമാരികള്‍. പഠിക്കാന്‍  മിടുക്കികള്‍ . വീട്ടിലുള്ളവരുടേയും  നാട്ടിലുള്ളവരുടെയും പൊന്നോമനകള്‍. വടക്കാഞ്ചേരിയിലെ പളളിസ്കൂളിലാണ്  പഠനം. ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയമുള്ളവര്‍! എന്നാല്‍ കാലം ഇവര്‍ക്ക് കാത്ത് വച്ചിരിക്കുന്നത്  ഉമ്മയുടെ മരണഭയവും അനാഥത്വവും.

പതിനൊന്നു  കൊല്ലം  മുന്‍പാണ് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനടുത്തുള്ള   മാരത്തുകുന്നു നാരോത്ത്പറമ്പിലെ പരേതനായ  ഉണ്ണിയാന്‍ കുട്ടിയുടെയും വിയ്യുംമയുടെയും എട്ടു മക്കളില്‍ ഇളയവളായ നബീസയുടെ (40 )വിവാഹം കഴിഞ്ഞത്. ഈറോഡ് സ്വദേശിയായിരുന്നു  വരന്‍.
സ്വന്തം നാട്ടുകാരനെ കൊണ്ടു തന്നെ മകളെ വിവാഹം കഴിപ്പിക്കണം എന്നൊക്കെ ആയിരുന്നു ആ പിതാവിന്റെ ആഗ്രഹമെങ്കിലും കൂലിവേലക്കാരനായ  ആ മനുഷ്യന്   ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. മകളുടെ വിവാഹം നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട്  ആലോചനയില്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹം നടത്തി. അന്ന് നബീസക്ക് പ്രായം 29 . മറ്റേതൊരു പെണ്‍കുട്ടിയെയുമെന്ന പോലെ നിറയെ സ്വപ്നങ്ങളുമായാണ് നബീസയും വിവാഹശേഷമുള്ള ജീവിതത്തെ വരവേറ്റത്.  എന്നാല്‍ ഉണ്ടായത് സിനിമ കഥയെ വെല്ലുന്ന ജീവിത ദുരിതങ്ങള്‍....


വിവാഹം കഴിഞ്ഞ്‌ ആദ്യ കണ്മണി പിറന്നു. ആ ഒരു വര്‍ഷം കൊണ്ട്  നബീസയും അവളുടെ വീട്ടുകാരും ഒരു കാര്യം മനസ്സിലാക്കി. ഭര്‍ത്താവിനു പ്രത്യേകിച്ച് ഒരു ജോലിയുമില്ല. നബീസയും വാപ്പയും കൂലിക്ക് പോയി കൊണ്ടു വരുന്ന പണം ഉപയോഗിച്ചു അയാള്‍ കുടിച് ഉന്‍മത്തനായി നടന്നു.
എന്നിട്ട് ഭാര്യയെ പൊതിരെ തല്ലും. എങ്കിലും ''ഭാര്യയല്ലേ, എല്ലാം സഹിക്കേണ്ടവളല്ലേ '' എന്ന്‌ കരുതി നബീസ എല്ലാം സഹിച്ചു ജീവിച്ചു. ആദ്യത്തെ കുഞ്ഞിനു മൂന്നു വയസായപ്പോള്‍  നബീസ വീണ്ടും ഗര്‍ഭവതിയായി    . അതോടെ  ഭര്‍ത്താവിന്റെ പീഡനം വര്‍ധിച്ചു  .  കുഞ്ഞിനെ അലസിപ്പിച്ചു കളയണമെന്നാവശ്യപ്പെട്ട്‌    അയാള്‍ നബീസയെ പൊതിരെ മര്‍ദ്ദിച്ചു. എന്നാല്‍ ദൈവം തന്ന ജീവനെ നശിപ്പിക്കില്ലെന്ന നിലപാടില്‍ നബീസ ഉറച്ചു നിന്നതോടെ അയാള്‍ മറ്റൊന്ന് വെളിപ്പെടുത്തി. അയാള്‍ക്ക്‌ മറ്റൊരിടത്ത് ഭാര്യയും മക്കളും ഉണ്ട്. ഇനി നബീസയെ  വേണ്ടെന്നു പറഞ്ഞ അയാള്‍ വീട് വിട്ടിറങ്ങി.  നിറവയറോടെ നിരാലംബയായി വീട്ടില്‍ വന്നു കയറിയ മകളെ സ്വന്തം വീട്ടുകാര്‍ തള്ളിപ്പറഞ്ഞില്ല.

അങ്ങനെ ദുരിതങ്ങള്‍ക്കിടയിലേക്ക്  സന്തോഷം പകര്‍ന്നു രഹന പിറന്നു വീണു. രണ്ട് കുഞ്ഞുങ്ങളെയും പോറ്റാന്‍ ആ അമ്മ  തൊഴിലുറപ്പ് പദ്ധതിയില്‍  അംഗമായി.  ജീവിതം തിരികെ പിടിക്കണമെന്നും മക്കളെ രാജകുമാരികളായി വളര്‍ത്തണമെന്നും ഉള്ള ആശ കൊണ്ട്  കഠിനമായി ജോലി ചെയ്ത  നബീസക്കു ദൈവം കാത്ത് വച്ചത് തൊഴിലുറപ്പ് പദ്ധതി കൂട്ടത്തിന്റെ നേതൃ പദവി. എന്നാല്‍ അധികം വൈകാതെ ദുരന്തം മറ്റൊരു രൂപത്തില്‍ തിരിച്ചെത്തി.
തൊണ്ടവേദന സഹിക്കാതെ ആയപ്പോഴാണ് നബീസ ഡോക്ടറെ കാണുന്നത്. വെള്ളം പോലും ഇറക്കാന്‍ വയാത്ത അവസ്ഥ. ജോലിഭാരവും കഠിനമായ വെയിലും കൊണ്ട് നീരിറിക്കം വന്നതാണെന്നാണ് എല്ലാവരും കരുതിയത്‌. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് നേരിയ സംശയം. അദ്ദേഹം ഉടനെ മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളെജിലേക്ക്  റഫര്‍ ചെയ്തു. പണിത്തിരക്കുകള്‍    കാരണം നബീസ തല്‍ക്കാലത്തേക്ക്  ജലദോഷത്തിന്റെ  ഗുളിക വാങ്ങി. എന്നാല്‍ ശബ്ദം വരാതായതോടെ നബീസ  മെഡിക്കല്‍ കോളേജിലെത്തി. വിശദമായ പരിശോധനയില്‍ ഡോക്ടര്‍മാര്‍ അക്കാര്യം ഉറപ്പിച്ചു. നബീസക്ക് തലച്ചോറില്‍ കാന്‍സര്‍ ആണ്‌. ദിവസങ്ങള്‍ കടന്നു പോകവേ നബീസക്ക് ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. ഇടതു കണ്ണു പുഴുത്ത് പുറത്തു ചാടി. തലമുടി മൊത്തം കൊഴിഞ്ഞു.
റേഡിയേഷന്‍ നടത്തിയാല്‍ ഒരു പക്ഷെ വലതു കണ്ണിനു കാഴ്ച വീണ്ടെടുക്കാമെന്നാണ്    ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ ദിനം  പ്രതി  അഞ്ഞൂറിലേറെ രൂപ ചികിത്സക്കായി ചെലവുണ്ട്.എന്നാല്‍ രോഗക്കിടക്കയില്‍ തളര്‍ന്നു കിടക്കുന്ന നബീസക്കിനി കൂലി വേലയ്ക്കു എങ്ങനെ പോകാനാണ്. ? കുഞ്ഞ് മക്കള്‍ എന്ത് ചെയ്യാനാണ്. ?? നാട്ടുകാരാണ് ഇപ്പോഴാ മക്കളെ പരിപാലിക്കുന്നത്. നബീസയെ രോഗക്കിടക്കയില്‍ പരിപാലിക്കുന്നതും നാട്ടുകാര്‍ തന്നെ! ഇതിനിടയില്‍  പോലീസുകാര്‍ ഇടപ്പെട്ട്  ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു. പോലിസുകാരോടുള്ള  പേടി കൊണ്ട് ആശുപത്രിയിലെത്തിയെങ്കിലും ക്രൂരനായ ആ മനുഷ്യന്‍ ആ പാവം സ്ത്രീയെ കൊല്ലാക്കൊല ചെയ്തു. മൂക്കിലൂടെ ഭക്ഷണം    നല്കാനിട്ടിരുന്ന ട്യൂബ് അയാള്‍ വലിച്ചു പറിച്ചെറിഞ്ഞു. പരിപാലിക്കാനെത്തിയവരെ  അയാള്‍ ആട്ടിയോടിച്ചു. സമീപത്തെ കിടക്കകളിലുള്ള രോഗികളെയും കൂട്ടിരിപ്പുകാരെയും അയാള്‍ ശല്യം ചെയ്തു. ഒടുവില്‍ ദിവസങ്ങള്‍ക്കകം ആശുപത്രി അധികൃതര്‍ അയാളെ പിടിച്ചു പുറത്താക്കി.

ഇപ്പോള്‍ പഴയ മെഡിക്കല്‍ കോളെജ്  കെട്ടിടത്തിലെ അഞ്ചാം വാര്‍ഡില്‍ പത്തൊമ്പതാം നമ്പര്‍ കട്ടിലില്‍ നബീസ തനിച്ചാണ്

നബീസയെ രക്ഷപ്പെടുത്താന്‍
നാട്ടുകാരും വാര്‍ഡ്‌ മെമ്പര്‍ വിജയും ചേര്‍ന്ന്
നബീസ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ചാലിപ്പാടത്തുള്ള സഹകരണ ബാങ്കില്‍
''നബീസ  സഹായ നിധി 3752 ''  എന്ന പേരില്‍
അക്കൗണ്ട്‌ ഉണ്ട്.  അക്കൌണ്ടിന്റെ  കൂടുതല്‍ വിവരങ്ങള്‍ക്ക് 
ബാങ്ക്  ഫോണ്‍ നമ്പര്‍ - 04884 232 348  


അവധിക്കാലം കഴിയാറായി. പുത്തനുടുപ്പും ബാഗും ചോറ് പാത്രവും നല്‍കി മക്കളെ സ്കൂളിലേക്ക് അയക്കണമെന്ന് ഈ അമ്മക്ക് ആഗ്രഹമുണ്ട്. എന്നാല്‍ വിധിയില്ല. ഇപ്പോള്‍ മക്കളോടൊന്നു  മിണ്ടാനോ അവരെയൊന്നു കാണാനോ കഴിയാത്ത ആ അമ്മ സുമനസ്സുകളുടെ കാരുണ്യം ആഗ്രഹിക്കുന്നുണ്ട്.കമ്മന്റുകളോ  ലൈക്കുകളോ വേണമെന്നില്ല. മനസ്സ് പറയുന്ന സഹായം ചെയ്തു കൊടുക്കാം. ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. എങ്കിലും സ്വന്തം മക്കള്‍ക്കായിരുന്നു ഈ വിധിയെങ്കില്‍ എന്ത് ചെയ്യുമായിരുന്നോ, അതിന്റെ പത്തിലൊന്നെങ്കിലും  ചെയ്തു നല്‍കണേ...




2012 ഏപ്രിൽ 21, ശനിയാഴ്‌ച

ചിരി വാതകം ആവശ്യമുണ്ട്.

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



പുഞ്ചിരി വരാന്‍ എന്തെങ്കിലും മരുന്നുമുണ്ടോ?   കേരള ടൂറിസം വികസന കോരപറേഷനിലെ  ജീവനക്കാര്‍ പരക്കം പാച്ചിലിലാണ്. 

കെ.ടി.ഡി.സി ഹോട്ടലുകളിലെത്തുന്നവരുടെ  മുഖത്ത് നോക്കി ഇടയ്ക്കിടെ പുഞ്ചിരിക്കണമെന്നാണ്  ഫ്രണ്‍ട്    ഓഫീസിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കിട്ടിയ ഓര്‍ഡര്‍!  കടുപ്പിച്ചു നോക്കിയിരുന്നവര്‍ പെട്ടെന്നൊരു ദിവസം രാവിലെ പത്തു മുതല്‍ ഊണ് കഴിക്കാനുള്ള ഒരു മണിക്കൂര്‍ ഒഴികെ അഞ്ചു മണി വരെ ഇപ്പോള്‍ കഷ്ടപ്പെട്ട്  ചിരിച്ചു തുടങ്ങിയിട്ടുണ്ട്. കാരണം കോര്‍പറേഷന്റെ സാമ്പത്തിക നില കാര്യമായി പരുങ്ങലിലാണ്. ആ പരുങ്ങല്‍ മാറ്റാനാണത്രെ , ഈ പുഞ്ചിരി കഷായം!

 സമ്പത്തും പുഞ്ചിരിയും തമ്മിലുള്ള ഇക്കണോമിക്സ്  അടുത്തിടെയാണ് കോര്‍പറേഷന് മനസിലായത്. പുഞ്ചിരിയില്ലാത്തതും മയമില്ലാതെ പെരുമാറുന്നതും കൊണ്ടാണ്  വരുന്ന വിനോദ സഞ്ചാരികളൊക്കെ സ്വകാര്യ ഹോട്ടലുകളിലേക്ക് പോകുന്നതെന്ന് വ്യക്തമായതോടെയാണ്  പെട്ടെന്നുള്ള ഈ തീരുമാനം.

എത്ര തിരക്കുണ്ടായാലും അതിഥിയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ച്, വ്യക്തമായി കാര്യങ്ങള്‍ തിരക്കുകയും സംശയം തീര്‍ക്കുകയും വേണമെന്നാണ് ഓര്‍ഡറിലെ ഉത്തരവ് ! അഥിതികളെത്തിയാല്‍ കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുകയും ഉച്ചത്തില്‍ അഭിസംബോധന ചെയ്യുകയും വേണമത്രേ!

സ്വതേ,  ജോലിയില്‍ പ്രവേശിച്ചാല്‍  കഴുത്ത് മേല്‍പ്പോട്ടു പരമാവധി ഉയര്‍ത്തി കണ്ണടക്കു കീഴെ കൂടി മാത്രം നോക്കുകയും പുഞ്ചിരിച്ചാല്‍  വില കുറയുമെന്നും കരുതുന്ന കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതില്‍ പരം  അപമാനം ഈ അടുത്ത കാലത്തൊന്നും വരാനില്ല.



 അണിയറ വര്‍ത്തമാനം- ചിരി വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ്  കുപ്പിയിലാക്കി വിറ്റാല്‍  ഒരുപക്ഷെ  ഇനി കേരളത്തില്‍  കഷണ്ടിക്കുള്ള മരുന്നിനെക്കളും വലിയ വരുമാനം ഉണ്ടാക്കാമെന്നു ഒരു സരസന്‍ !പൊതുജനത്തിന് സന്തോഷത്തോടെ മനസ് നിറഞ്ഞു ചിരിക്കാനും വകയുണ്ട്- 108 ദിവസത്തിനകം സംസ്ഥാനത്ത് പുതിയ 15 ബിയര്‍ ബാറുകള്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട് .


2012 ഏപ്രിൽ 9, തിങ്കളാഴ്‌ച

പെറരുത്!




ഒച്ചപ്പാടിനു പറയാനുള്ളത്  _ പെണ്ണുങ്ങളുടെ പേറെടുക്കുന്ന  പേറ്റിച്ചികള്‍  പെറരുത്  എന്ന്‌ അഭിനവ കാല പേറ്റു  കേന്ദ്രങ്ങള്‍  പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ  ! ഹാ'ആ ....ഒരു മഗ് കഞ്ഞിക്കു  വിളമ്പല്‍ കൂലി സഹിതം120 രൂപ   വാങ്ങുന്ന ആശുപത്രികളില്‍ , ഇതല്ല , ഇതിലപ്പുറവും നടക്കും.


 

2012 മാർച്ച് 17, ശനിയാഴ്‌ച

പെഡല്‍ പോയ സ്വപ്നം

♫♫എന്റെ സ്വപ്നം ♫♫ എന്റെ സൈക്കിള്‍ ♫♫
*******************************************



ഹേ...പ്രണബ് ജി ... നിങ്ങളെന്റെ സ്വപ്നമാണ്   തകര്‍ത്തത്. ആഡംബര കാറുകളുടെ ചില്ലുക്കൂട്ടിലേക്ക്   സ്വയം പ്രതിഷ്ടിച്ച ഞാനടക്കമുള്ള മലയാളിയുടെ നെഞ്ചത്ത് സൈക്കിള്‍ ചവിട്ടണമെന്ന് കരുതി അതിനുള്ള  ചില്ലറ പൈസയിട്ട്  വച്ച കാശുകുടുക്ക നിറയാറായെന്ന  എന്റെ അഹങ്കാരത്തിനു മേല്‍ നിങ്ങള്‍ ഗ്രീസ്  ഒഴിച്ചിരിക്കുന്നു. ഇനിയും ഒരു സൈക്കിള്‍ വാങ്ങാന്‍ ഞാന്‍ പുതിയൊരു കുടുക്ക കൂടി വാങ്ങേണ്ട ഗതികേടിലായി. സൈക്കിള്‍ ഉപേക്ഷിച്ച് ചെറു കാറുകളോ ഇരുചക്ര വാഹനങ്ങളോ വാങ്ങി മുടിയട്ടെ എന്നാണോ  അങ്ങയുടെ ചിന്ത.  പെട്രോള്‍ കമ്പനികള്‍ ദിനം പ്രതി ഓരോ തുള്ളിക്കും സ്വര്‍ണത്തിനെക്കാളും വില പറയുമ്പോള്‍ 'എന്റെ പൊന്നേ' എന്ന്‌ പറയാനേ എനിക്ക് നിവൃത്തിയുള്ളൂ. (വരും കാലങ്ങളില്‍  ട്യൂബിലാക്കിയ വാഹന ഇന്ധനം സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം കഴുത്തിലിട്ട് മണ്ഡപത്തിലെത്തുന്ന വധുവിനെയാണ് ഞാനിപ്പോള്‍ സ്വപ്നം കാണുന്നത്. )      ഇന്ധന വില കയറ്റം മൂലം കേരളത്തിലെ റോഡുകളിലും വരാനിരിക്കുന്ന ദേശീയ പാതകളിലും ചൈനയില്‍ ഉള്ളത് പോലെ സൈക്കിളുകള്‍ക്ക്  മാത്രം ഒരു പാത വരുമെന്നത്  എന്റെ സ്വപ്നമായിരുന്നു. ടോള്‍   കൊടുക്കാതെ രക്ഷപ്പെടുക എന്നുള്ളതും അതിന്റെ ഒരു ലക്ഷ്യമായിരുന്നു.  എന്റെ സ്വപ്നങ്ങള്‍ക്ക് തല്ക്കാലം വിട കൊടുക്കാം!. സാധാരണക്കാരന്റെ ഉത്തരേന്ത്യയിലെ വാഹനമായ സൈക്കിളിനു വില കൂട്ടിയത് എനിക്കെന്തായാലും ഇഷ്ടപ്പെട്ടു. കാരണം, കേരളത്തിലെ ആളുകള്‍ പൊങ്ങച്ചത്തിന്റെ പേരിലാണെങ്കിലും സൈക്കിള്‍ ഉപേക്ഷിച്ചതാണ്. അങ്ങനിപ്പോ മലയാളികള്‍ ചവിട്ടാത്ത പെഡല്‍ മറ്റാര്‍ക്കും വേണ്ട!
 


2012 മാർച്ച് 6, ചൊവ്വാഴ്ച

പോസ്റ്റുമോര്‍ട്ടം: സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ സാധ്യത






















ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

സ്വകാര്യ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം: സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ സാധ്യത
***************************************************************************
കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയാല്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി റിപ്പോര്‍ട്ടുകള്‍ വളച്ചൊടിക്കപ്പെടുമെന്ന് തന്നെ മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍
. നിലവില്‍ സ്വകാര്യ മേഖലയില്‍ അമൃതയിലും കൊച്ചി കളമശേരി സഹകരണ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടത്തിനുള്ള അനുമതിയുണ്ട്. സ്വകാര്യ മേഖലയില്‍ ഫോറന്‍സിക് വിഷയത്തിലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ വരുന്നത് നല്ലതാണെങ്കിലും മറ്റൊരുതരത്തില്‍ പൊതുതാല്‍പര്യത്തെ ഹനിക്കുന്ന നടപടികള്‍ക്ക് സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടങ്ങള്‍ രണ്ടുതരമുണ്ട്. ബന്ധുക്കളുടെ അനുമതി പ്രകാരം പ്രത്യേക പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ് പാത്തോളജിക്കല്‍ ഓട്ടോപ്സി. പൂര്‍ണമായും മെഡിക്കല്‍ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റുമോര്‍ട്ടം . തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഇത്തരം പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, അസ്വാഭാവിക മരണങ്ങളില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് മെഡിക്കോ ലീഗല്‍ ഓട്ടോപ്സി വഴിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഫോറന്‍സിക് സര്‍ജന്‍െറ മേല്‍നോട്ടത്തിലാണ് ഇത്തരം പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ മാത്രമാണ് ഡെപ്യൂട്ടേഷനില്‍ നിയമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ളത്. അസ്വാഭാവിക മരണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുകൊണ്ട് മെഡിക്കോ ലീഗല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. കൊലപാതകമടക്കമുള്ള കേസുകളില്‍ ഈ റിപ്പോര്‍ട്ടിന് പ്രസക്തി ഏറും. സ്വകാര്യ മേഖലക്ക് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയാല്‍ പുറത്തുനിന്നുള്ളവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടാന്‍ സാധ്യതകളേറെയാണ്.

സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കുകയാണെങ്കില്‍ തന്നെ സര്‍ക്കാര്‍ ഫോറന്‍സിക് സര്‍ജന്‍െറ മേല്‍നോട്ടത്തില്‍ മാത്രമെ നടത്താനാകൂവെന്ന് നിബന്ധന കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ മാധ്യമത്തോട് പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കകത്ത് മരുന്ന് പരീക്ഷണം, അവയവ വാണിഭം, ചികിത്സയിലെ പിഴവ് എന്നിവ മൂലമുണ്ടാകുന്ന അസ്വാഭാവിക മരണങ്ങളിലെ മൃതദേഹങ്ങള്‍ അവിടത്തെന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് അനുവദിക്കരുതെന്നും പൊലീസ് മര്‍ദനം മൂലമുണ്ടാകുന്ന മരണങ്ങളിലും മൃതദേഹം സ്വകാര്യ ആശുപത്രികളിലേക്ക് വിട്ടുകൊടുക്കരുതെന്നും ഇവര്‍ പറയുന്നു.

എന്നാല്‍, സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചവരാണ് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ ഡിപ്പാര്‍ട്ട്മെന്‍റുകളെ നയിക്കുന്നതെന്നതിനാല്‍, റിപ്പോര്‍ട്ടുകള്‍ സത്യസന്ധമായിരിക്കും എന്ന് അമൃത ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍,ഈ കാരണം കൊണ്ട് മാത്രം മാനേജ്മെന്‍റിന്‍െറ സമ്മര്‍ദം ഉണ്ടാകില്ലെന്ന് പറയാനാകില്ലെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു.

കാസര്‍കോട്, കണ്ണുര്‍ പോലുള്ള സ്ഥലങ്ങളില്‍ ഫോറന്‍സിക് സര്‍ജന്മാരുടെ അഭാവമുണ്ട്. എന്നാല്‍, മെഡിക്കല്‍ കോളജിന്‍െറ സൗകര്യങ്ങള്‍ ഉള്ള ജില്ല ജനറല്‍ ആശുപത്രി, മറ്റ് താലൂക്ക് ആശുപത്രികള്‍, സഹകരണ മേഖലയിലെ കളമശേരി ആശുപത്രി എന്നിവിടങ്ങളില്‍ പോസ്റ്റുമോര്‍ട്ടം സൗകര്യം നിലനില്‍ക്കെ അമൃതക്ക് അനുമതി നല്‍കുന്നതിന്‍െറ ആവശ്യകത ചോദ്യം ചെയ്യപ്പെടുന്നു. പ്രതിദിനം ശരാശരി അഞ്ച് മൃതദേഹങ്ങള്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാകുന്നുണ്ട്. 20 വരെ മൃതദേഹങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ള വിശാലമായ മോര്‍ച്ചറി സൗകര്യവും ഇവിടെയുണ്ട്.





അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടം : ഉത്തരവിനെതിരെ മാനേജ്മെന്റ് സംഘടനകള്‍ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിനുള്ള മൃതദേഹങ്ങള്‍ സ്വീകരിക്കാനുള്ള പൊലീസ് സ്റ്റേഷനുകളുടെ പരിധി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനും കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്റ് ഫെഡറേഷനും രംഗത്തെത്തി. ഫോറന്‍സിക് വിഷയത്തില്‍ പി.ജി കോഴ്സുകള്‍ അനുവദിക്കപ്പെട്ട അമൃത മെഡിക്കല്‍ കോളജ് ഈ കോഴ്സിലേക്കുള്ള എല്ലാ സീറ്റുകളും മാനേജ്മെന്റ് ക്വോട്ട വഴിയാണ് നികത്തുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരുടെ ആവശ്യം വളരെയേറെയുണ്ട്. അതുകൊണ്ടുതന്നെ അമൃതയില്‍ നടത്തുന്ന പി.ജി കോഴ്സിനും ഏറെ ആവശ്യക്കാരുണ്ട്. ഇത് നിലനിര്‍ത്താനാണ് ആശുപത്രിയില്‍ തന്നെ മോര്‍ച്ചറിയും പോസ്റ്റുമോര്‍ട്ടം സൗകര്യങ്ങളും വേണമെന്ന് അമൃത ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലക്ക് ഒരുകാലത്തും പോസ്റ്റുമോര്‍ട്ടത്തിനുള്ള അനുമതി കൊടുക്കരുതെന്നാണ് തന്റെ അഭിപ്രായം. കോയമ്പത്തൂരിലെ ഒരു കോളജിന്റെ പേരുപറഞ്ഞ് കല്‍പ്പിത സര്‍വകലാശാല പദവി നേടിയെടുത്ത അമൃത ഒരൊറ്റ വിദ്യാര്‍ഥിക്കുപോലും സര്‍ക്കാര്‍ ക്വോട്ടയില്‍ സീറ്റ് നല്‍കുന്നില്ല. മറ്റ് കോളജുകളില്‍ മൂന്നര ലക്ഷത്തിന് മാനേജ്മെന്റ് സീറ്റ് നല്‍കുമ്പോള്‍ അമൃതയില്‍ ഇത് അഞ്ചര ലക്ഷം വരെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളജുകളോട് വിവേചനപരമായാണ് സര്‍ക്കാര്‍ നിലപാട് എടുക്കുന്നതെന്ന് കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്റ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് പോള്‍ കുറ്റപ്പെടുത്തി. എം.ബി.ബി.എസ് കരിക്കുലത്തിലുള്‍പ്പെടുന്ന ഫോറന്‍സിക് വിഷയം പഠിപ്പിക്കണമെങ്കില്‍ അതിനുള്ള സൗകര്യംകൂടി  വിദ്യാര്‍ഥികള്‍ക്ക് ഒരുക്കേണ്ടതുണ്ട്. അതിന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള അനുമതി കൂടി സര്‍ക്കാര്‍ തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ അന്യ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ കൊണ്ടുപോയാണ് വിദ്യാര്‍ഥികള്‍ക്ക് ഫോറന്‍സിക് വിഷയങ്ങളിലെ പ്രായോഗിക പരിശീലനം നല്‍കുന്നത്.  മെഡിക്കല്‍ വിദ്യാഭ്യാസ  ഡയറക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് തൃപ്തികരമാണെങ്കില്‍ മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.




വാര്‍ത്ത തെറ്റിദ്ധാരണാജനകം - അമൃത മാനേജ്മെന്റ് ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞദിവസം 'മാധ്യമം' പ്രസിദ്ധീകരിച്ച  'എട്ട് പൊലീസ്  സ്റ്റേഷന്‍ പരിധിയിലെ പോസ്റ്റുമോര്‍ട്ടത്തിന് അമൃതക്ക്  അനുമതി'' എന്ന വാര്‍ത്തയിലെ ചില വിവരങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് അമൃത ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 174 ാം വകുപ്പിലാണ് പോസ്റ്റുമോര്‍ട്ടം പരിശോധനയെപ്പറ്റി പ്രതിപാദിക്കുന്നത്.  സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അധികാരപ്പെട്ടവര്‍ എന്ന് ക്രിമിനല്‍ നടപടിച്ചട്ടം പറയുന്നില്ല. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ എല്ലാ ഡോക്ടര്‍മാര്‍ക്കും പോസ്റ്റുമോര്‍ട്ടം പരിശോധന നടത്താം.
കര്‍ണാടകയിലെ 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഇത്തരത്തില്‍ ഫോറന്‍സിക് മെഡിസിന്‍ ബിരുദാനന്തര ബിരുദ കോഴ്സ് നടക്കുന്നുണ്ട്. മൂന്നു പതിറ്റാണ്ടായി ഇവിടെ സ്വാശ്രയ മേഖലയില്‍ പോസ്റ്റുമോര്‍ട്ടവും നടക്കുന്നു. തമിഴ്നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും ഇത്തരം സൗകര്യങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം കൊലപാതകം വരെയുള്ള കേസുകളിലെ പോസ്റ്റുമോര്‍ട്ടം പരിശോധന സര്‍ക്കാറുദ്യോഗസ്ഥരല്ലാത്ത ഫോറന്‍സിക് വിദഗ്ധരാണ് കൈകാര്യം ചെയ്യുന്നത്. എന്നിട്ടും ഇവിടങ്ങളിലൊന്നും കോടതിയില്‍ വാദം നടക്കുന്ന കേസുകളില്‍  ദുരുപയോഗം ചെയ്തുവെന്ന ആരോപണം ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍  വ്യക്തമാക്കി. കേരളത്തില്‍ അമൃതയില്‍ മാത്രമല്ല സ്വകാര്യമേഖലയിലെ പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജ്, കളമശേരി സഹകരണ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. മൂന്നിടങ്ങളിലും സര്‍ക്കാറില്‍ നിന്ന് വിരമിച്ച വിദഗ്ധരാണ് സേവനമനുഷ്ഠിക്കുന്നത്. അത്തരക്കാരുള്ളപ്പോള്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതകളില്ലെന്നും അമൃത ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പൊതുജനങ്ങളുടെയും കുറ്റാന്വേഷകരുടെയും സൗകര്യാര്‍ഥം മുന്‍കാലങ്ങളില്‍ ടാറ്റയുടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ടാറ്റ നിയമിച്ച ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ നിലനില്‍ക്കുന്ന ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി ഭാരം വളരെയേറെയാണ്.  വിദഗ്ധരുടെ എണ്ണം പലമടങ്ങ് വര്‍ധിപ്പിച്ചാലേ ഈ കുറവ് നികത്താനാവൂ. ഇത് നടന്നാല്‍ തന്നെയും കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ പൊതു മേഖലയിലുള്ള ഫോറന്‍സിക് വിദഗ്ധരുടെ അഭാവം തുടരും. അതിനാല്‍, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫോറന്‍സിക് വിദഗ്ധരുടെയും മോര്‍ച്ചറികളുടെയും സേവനം സര്‍ക്കാറിന് ഉപയോഗിക്കാവുന്നതാണെന്നും അമൃത മെഡിക്കല്‍ കോളജ്  ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. അജയ് ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു.  തികച്ചും സൗജന്യമായി പൊതുജനങ്ങള്‍ക്ക് ലഭിക്കാവുന്ന സൗകര്യങ്ങള്‍ നടപ്പാക്കാന്‍ എതിരുനില്‍ക്കുന്നത് ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



2012 മാർച്ച് 5, തിങ്കളാഴ്‌ച

പോസ്റ്റുമോര്‍ട്ടം ടേബിളിലും കച്ചവടം

   സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളജായ അമൃതക്ക് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആഭ്യന്തര വകുപ്പ് പുതുക്കി നല്‍കിയ അനുമതി വിവാദമാകുന്നു. കോടതിയില്‍ വാദം നടക്കുന്ന കേസുകളില്‍ പോലും ദുരുപയോഗം ചെയ്യാവുന്ന വിധത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമക്കാന്‍ സൗകര്യം ഒരുക്കുന്നതിന് ഈ ഉത്തരവ് സഹായകരമാകുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
2004 ഡിസംബറില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് കല്‍പ്പിത സര്‍വകലാശാല പദവിയുള്ള അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയത്. അന്ന് ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനു കീഴില്‍ വരുന്ന മൃതദേഹങ്ങള്‍ മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുമതി നല്‍കിയത്. മറ്റ് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അപേക്ഷ നല്‍കിയെങ്കിലും അവരെ തഴഞ്ഞാണ് അമൃതക്ക് അനുമതി നല്‍കിയതെന്ന് ആരോപണമുണ്ട്.
ഡി.ജി.പി, അമൃത മെഡിക്കല്‍ ഡയറക്ടര്‍, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, അക്കൗണ്ടന്റ് ജനറല്‍ എന്നിവര്‍ക്ക്  ആഭ്യന്തര വകുപ്പ് ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം അഞ്ചുമുതല്‍ 20 വരെ മൃതദേഹങ്ങള്‍ അമൃതയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നുണ്ടെന്നാണ് സൂചന.  അടുത്തിടെ ഇറക്കിയ രണ്ടാം ഉത്തരവ് പ്രകാരം പാലാരിവട്ടം, ഇടപ്പള്ളി, വരാപ്പുഴ, നോര്‍ത്ത് പറവൂര്‍, ബിനാനിപുരം, വടക്കേക്കര, ചിറ്റൂര്‍, മുനമ്പം എന്നീ എട്ട് പൊലീസ് സ്റ്റേഷന്‍ പരിധികളിലേക്കുകൂടി അമൃതക്ക് പോസ്റ്റുമോര്‍ട്ടത്തിനുള്ള അവകാശം നല്‍കി. ജനറല്‍ ആശുപത്രിയില്‍ അമൃതയിലെ രണ്ട് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയും ഡോക്ടര്‍മാരുടെ സേവനവും ഇതിനായി ഉപയോഗിക്കാം. ക്രിമിനല്‍ നടപടി ക്രമത്തിലെ 174 ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അധികാരമുള്ളത്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് സൗകര്യമൊരുക്കിയത് ഇതിന്റെ ലംഘനമാണ്. ചട്ടം നിയമസഭ ഭേദഗതി വരുത്താതെ അനുമതി നല്‍കാനാവില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ ഉത്തരവ്. 
ഇക്കാര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അനുമതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.





2012 ഫെബ്രുവരി 4, ശനിയാഴ്‌ച

WARD to WAR



ത്രിശങ്കു സ്വര്‍ഗമോ  നരകമോ!.
സ്വര്‍ഗം കിട്ടാന്‍ ഭരണം വേണം. ഭരണം കിട്ടാന്‍ വോട്ടു വേണം. വോട്ടു കിട്ടാന്‍ നീര്‍ക്കോലികളായ   നുഴ്സുമാരെയാണോ പരിഗണിക്കേണ്ടത് അതോ അവരെ പെരുമ്പാപുകളായ  ആശുപത്രി മനെജെമെന്റുകളേയോ  എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.. പിറവം തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലാഭമാക്കാന്‍  നഴ്സുമാരെ പിന്തുണക്കേണ്ടി വരുമോ എന്ന് രാഷ്ട്രീയ അണിയറകളില്‍   ചൂട് പിടിച്ച ചര്‍ച്ച നടക്കുകയാണ്. ന്യായമായ ആവശ്യങ്ങള്‍ നല്‍കാന്‍ സഹായം ചെയ്തില്ലെങ്കില്‍ പിറവത്ത് വേണ്ടി വന്നാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് വരെ നഴ്സുമാര്‍   മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. സഭകളെ തന്നെ ഒരു തരത്തില്‍ മെരുക്കിയെന്ന തോന്നലില്‍ നില്‍ക്കുമ്പോഴാണ് പുതിയ പാര. ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തിലാകും   ആരായാലും സീറ്റ് നേടുക എന്നുറപ്പായി കഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ 400  സ്ടാഫ്ഫ് നുഴുമാരുടെയും അവരുടെ കുറഞ്ഞത്‌ 1200 ബന്ധുക്കളുടെയും വോട്ടിനു വലിയ വിലയുണ്ടെന്ന്   രാഷ്ട്രീയക്കാര്‍ക്ക് അറിയാം. 1600 വോട്ടു വേണോ  അതോ ആശുപത്രി മാനേജ്മെന്റിന്റെ കൂട്ട് വേണോ? ആലോചിക്കാന്‍ ഒരല്‍പം സമയം കൂടി നഴ്സുമാര്‍ നല്‍കിയിട്ടുണ്ട്. അപ്പോള്‍, രാഷ്ട്രീയക്കാരെ....നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും.!!!
ഫേസ് ബുക്ക്‌ ചര്‍ച്ച

2012 ജനുവരി 28, ശനിയാഴ്‌ച

അയ്യമ്മേ !!! _ IMA


അയ്യമ്മേ ....ദെന്താ ഇവരൊന്നും മിണ്ടാത്തെ ന്ന് ആലോചിക്ക്യാര്‍ന്നു... ഇപ്പൊ മിണ്ടി ... ആര് ?? പാത്തിക്കിരിമാരുടെ സംഘടനയില്ലേ ?  ഐ.എം.എ !! ശരീരത്തിന്റെ രോഗം മാത്രല്ല, സമൂഹ മനസാക്ഷീടെ രോഗവും മാറണം ലോ! അതല്ലേ ആശുപത്രികള്‍ എസ്മയുടെ കീഴില്‍ കൊണ്ടുവരണം ന്ന് അവര്‍ ഇന്നലെ കോയിക്കോട്ടെ സമ്മേളനത്തില്‍ കൂടിയാലോചിച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്! എല്‍സമ്മ അല്ലാട്ടോ ..'എസ്മ " എസ്..മ' ....

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...