Daughter എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Daughter എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജനുവരി 4, ശനിയാഴ്‌ച

കൊച്ചു കണ്ടുപിടുത്തങ്ങളുടെ ഒടേതമ്പുരാട്ടി


കഴിഞ്ഞ  ദിവസം ആലപ്പുഴ മാന്നാറില്‍  നിന്ന് വന്ന ഒരച്ഛനെ കണ്ടു ,  വിഷ്ണു നമ്പൂതിരി എന്ന അച്ഛനെ കുറിച്ചാണ് പറയുന്നത് .

ഈ അച്ഛന് രണ്ടു മക്കള്‍ ഉണ്ട്. വാണിയും ഗോപുവും. അച്ഛന്‍ പണ്ടേ ഒരു ഇലക്ട്രീഷ്യന്‍ ആണ്. പലതരം ചെറിയ കണ്ടുപിടുതങ്ങളൊക്കെ പൈപ്പ്‌ ഫിട്ടിങ്ങ്സില്‍ കണ്ടു പിടിച്ചത് ആ മേഖലയില്‍ ഏറെ മാറ്റങ്ങള്‍ക്കും സൌകര്യത്തിനും വഴി വച്ചിട്ടുണ്ട്. ആ അച്ഛന്‍ കഴിജ്ഞ ദിവസം എറണാകുളം പ്രസ്സ്‌ ക്ലബില്‍ വന്നിട്ടുണ്ടായിരുന്നു. ആ അച്ഛന്റെ മുഖത്തെ അഭിമാനം കാണണം. മകള്‍ വാണി രണ്ടു മൂന്നു തരം ഉപകരണങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഒരെണ്ണത്തിനു പേറ്റന്റും നേടി. ഈ ലോകത്ത്‌ അത്തരമൊരു ഉല്‍പ്പന്നം ഉണ്ടാക്കിയതിന്റെ പേര് എന്നും ആ മകള്‍ക്ക് മാത്രമാണ് എന്ന് ആ അച്ഛന് അറിയാം. 
അവള്‍ ഇപ്പോള്‍ രാജസ്ഥാനിലെ പിലാനിയില്‍ ബിര്‍ള ഇന്സ്ട്ടിട്യൂട്ടില്‍ പഠിക്കുകയാണ്. എം.ടെക്കിന് 

ചില പിതാക്കന്മാര്‍ ചെയ്യുന്നത് പോലെ  ചെറിയ പ്രായത്തില്‍ കെട്ടിച്ചു വിടാന്‍  പഠനം പത്തിലോ പ്ലസ്‌ ടുവിലോ അവസാനിപ്പിചിരുന്നെങ്കില്‍ അവള്‍ക്കു ഈ നേട്ടം കൊയ്യാന്‍ പറ്റുമായിരുന്നില്ല. കുറെ നല്ല അച്ഛന്മാരുണ്ട് ഇങ്ങനെ. അവര്‍ക്ക് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. ഇനി വാണിയെ കുറിച്ച് വായിക്കൂ 


വാണി

കൈ അടുപ്പിച്ചാല്‍ വെള്ളമൊഴുകുന്ന തരം  സെന്‍സര്‍ ടാപ്പ് സാങ്കേതിക വിദ്യയില്‍ മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ഥിനിക്ക് അപൂര്‍വ നേട്ടം. ഏതു തരം വാഷ് ബേസിനുകള്‍ക്കും ഘടിപ്പിക്കാവുന്ന വിധത്തിലുള്ള സാങ്കേതിക വിദ്യ കണ്ടത്തെുകയും ഉല്‍പ്പന്നമായി വിപണിയിലിറക്കുകയും ചെയ്ത ആലപ്പുഴ മാന്നാര്‍ സ്വദേശിനി വാണി ഈ സംവിധാനത്തിന് പേറ്റന്‍റും കരസ്ഥമാക്കി.


രാജസ്ഥാന്‍ പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിസില്‍ എം.ടെക് വിദ്യാര്‍ഥിനിയായ വാണി കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജില്‍ ബി.ടെകിന് ചെയ്ത ‘ഓട്ടോമാറ്റിക് വീല്‍ചെയര്‍’ പ്രൊജക്ടിന്‍െറ തുടര്‍ച്ചയാണ് ‘സ്പിന്‍ഫ്ളോ’ എന്ന പേരിലുളള സെന്‍സര്‍ ടാപ്പ്.

യുവ സംരംഭക കൂടിയായ വാണി സ്പിന്‍ടെക്ക് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിന്‍െറ ഡയറക്ടറാണ്. ജലത്തിന്‍െറ അനാവശ്യ നഷ്ടം കുറക്കുക എന്നതാണ് സെന്‍സര്‍ ടാപ്പുകളുടെ നിര്‍മാണലക്ഷ്യം. ഇവ ടാപ്പുകളായും സാധാരണ ടാപ്പുകള്‍ക്ക് ഘടിപ്പിക്കുന്ന പ്രത്യേക സംവിധാനമായും ലഭിക്കും. സെന്‍സര്‍ സംവിധാനം കേടുവന്നാല്‍ സാധാരണ ടാപ്പുകളെ പോലെ വാല്‍വ് തിരിച്ചും ഉപയോഗിക്കാം. നിലവില്‍ മറ്റു കമ്പനികള്‍ പുറത്തിറക്കുന്ന സെന്‍സര്‍ ടാപ്പുകളുടെ പ്രധാന ന്യൂനത അവ ഓട്ടോമാറ്റിക്കായി
മാത്രം പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഇലക്ട്രോണിക്ക്സ് തകരാറുകളോ ബാറ്ററിയുടെ തകരാറുകളോ മൂലം ഓട്ടോമാറ്റിക്ക് സംവിധാനം നിലച്ചാല്‍ വില കൂടുതലുള്ള ഈ ബേസിനുകള്‍ ഉപയോഗശൂന്യമാകും.


 കിച്ചന്‍ സിങ്കിനും വാഷ് ബേസിനുകള്‍ക്കും വാണി ഒരുക്കിയ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.  കളിപ്പാട്ട കാറുകളില്‍ ഉപയോഗിക്കുന്ന ചെറിയ മോട്ടോറുകളാണ് ഇതിലെ പ്രധാന ഘടകം.

എവിടെയും കൊണ്ടുനടക്കാവുന്ന സോളാര്‍ മൊബൈല്‍ ചാര്‍ജറും വാണിയുടെ മറ്റൊരു കണ്ടുപിടുത്തമാണ്. വെറും 400 രൂപക്ക് ഈ ചാര്‍ജര്‍ ലഭിക്കും. എല്ലാത്തരം ഫോണുകളും ചാര്‍ജ് ചെയ്യാനും കഴിയും. പഠനകാലത്ത് റിമോട്ടിലും ജോയ് സ്റ്റിക്കിലും നിയന്ത്രിക്കാന്‍ കഴിയുന്ന വീല്‍ചെയര്‍ നിര്‍മിച്ച് വാണി അക്കാദമികാചാര്യന്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


വാണിയുടെ പിതാവ് ജി. വിഷ്ണു നമ്പൂതിരി കേരളത്തിലെ ആദ്യകാല  സംരംഭകരില്‍ ഒരാളാണ്. സഹോദരനായ പരമേശ്വരന്‍ നമ്പൂതിരിക്കൊപ്പം അദ്ദേഹം 1986 ല്‍ ആരംഭിച്ച വയറിങ്ങ് പൈപ്പ് ഫിറ്റിങ്ങുകളുടെ നിര്‍മാണ യൂനിറ്റ് കേരളത്തിലാദ്യമായി  ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കമ്പനിയാണ്. പൈപ്പ് ഫിറ്റിങ്ങുകളിലെ  സാധാരണ ടിയും, എല്‍ബോയും, ബെന്‍ഡുകളും സ്വന്തമായി  ഡിസൈന്‍ ചെയ്ത ഫാന്‍ഹുക്ക് സര്‍ക്കുലാര്‍ ബോക്സുകളും  ഡീപ്പ് അഡാപ ്റ്ററുകളും വയറിങ്ങ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചു. വാണിയുടെ അനുജനും ഇലക്ട്രിക്ക് എഞ്ചിനീയറിങ്   വിദ്യാര്‍ഥിയുമായ ഗോപുവും  ഇവരുടെ അതേ വഴിയിലാണ്. മാന്നാര്‍ ബുധനൂര്‍ മരങ്ങാട്ട് ഇല്ലം കുടുംബാംഗമാണ് വാണി. അമ്മ രമാദേവി.



2013 ഡിസംബർ 19, വ്യാഴാഴ്‌ച

ആലിയും ഒലിവിയയും


കാന്‍സര്‍ ബാധിച്ചു മരിച്ചു പോയ ഭാര്യയുടെ ഓര്‍മകളെ അത്ര വേഗം മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ബെന്നിന് കഴിയില്ല. അത് കൊണ്ട് തന്നെ ഭാര്യ ആലി മരിച്ചു രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ബെന്‍ നനേരി മകള്‍ ഒലിവിയക്കൊപ്പം കൌതുകവും സ്നേഹവും വാല്‍സല്യവും നിറഞ്ഞ ഫോട്ടോ ഷൂട്ട്‌ സംഘടിപ്പിച്ചത്. ആലിയുടെ സഹോദരി മെലാനി പേസ് ആണ് ഫോട്ടോഗ്രാഫര്‍. അവരുടെ വീടും ഈ ചിത്രങ്ങളിലെ ഒരു പ്രധാന കഥാപാത്രമാണ്.
റോക്ക് പിങ്ക് ഫോര്‍ ആലി എന്ന ബ്ലോഗില്‍ ബെന്‍  കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട് 



 മൂന്നു വയസുകാരി ഒലിവിയ ഈ അച്ഛന്റെ പൊന്നുമോളാണ്. ഭാര്യക്കൊപ്പം വിവാഹ ദിവസം എടുത്ത ചിത്രങ്ങളുടെ അതെ പശ്ചാത്തലം ഒരുക്കി മകള്‍ക്കൊപ്പം  പുന:സൃഷ്ടിച്ചപ്പോള്‍ അത്  ഹൃദയസ്പര്‍ശിയായി.      ‘ഇതൊരു സ്നേഹ ഗാഥ’  എന്നാണു ബെന്‍ പറയുന്നത്.  അമേരിക്കയിലെ ഓഹിയോയിലെ സിന്നന്നാട്ടി സിറ്റിയില്‍  വിവാഹത്തിനു തൊട്ടു തലേന്നാണ് ബെന്‍ ഈ വീട് വാങ്ങിയത്. വിവാഹം കഴിഞ്ഞ് പള്ളിമേടയില്‍ നിന്നും ഈ വീട്ടിലേക്കാണ് വന്നത്. അന്ന് മുതല്‍ ആലിയുടെയും ബെന്നിന്റെയും സ്വര്‍ഗമാണ് ആ വീട്. അടുത്തുള്ള ഒരു സ്കൂളില്‍ ടീച്ചറായിരുന്നു ആലി. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഈ സ്വര്‍ഗത്തില്‍ ഒലിവിയ  ജനിച്ചു. അവളുടെ ജനനം കഴിഞ്ഞ് അല്‍പ നാളുകള്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആ ദുഃഖ സത്യം അറിയുന്നത്- ആലിക്ക് ശ്വാസകോശ അര്‍ബുദമാണ്. ബെന്നിന്റെ തന്നെ വാക്കുകളില്‍ ‘’ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു’

ഒലിവിയക്ക് ഒരു വയസായപ്പോള്‍ ആലി മരിച്ചു. തീര്‍ത്തും നിരാശയിലും വേദനയിലും ഓരോ ദിനവും ബെന്‍ തള്ളി നീക്കി. മകളാണ് ഒരേയൊരു ആശ്വാസം. ഡാഡിയെ പിരിഞ്ഞ് ഒരു നിമിഷം പോലും ഈ കുഞ്ഞിനു കഴിയാനാകില്ല. ഇടക്കെപ്പോഴോ വിവാഹ ദിനത്തില്‍ എടുത്ത ഫോട്ടോകള്‍ നിറഞ്ഞ ആല്‍ബം പരിശോധിക്കുമ്പോഴാണ് ഇങ്ങനെയൊരു ആശയം ഉണ്ടായത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും ആലിയുടെ സഹോദരിയുമായ മെലാനിയോടു വിവരം പറഞ്ഞു. മെലാനി തന്നെയാണ് അവരുടെ വിവാഹ ദിനത്തിലും ഫോട്ടോ എടുത്തത്‌. ആഗ്രഹം കേട്ടപ്പോള്‍ മെലാനി ഉടനെത്തി. അച്ഛന്‍ മകളെ ഒരുക്കി. വീടിന്റെ പ്രധാന വാതിലിനു മറവില്‍ നിന്നെടുത്തത്, ചുമരില്‍ ചാരി നിന്ന് പരസ്പരം നോക്കുന്നത്, തലമുടിയില്‍ ചുരുളുകള്‍ ഉണ്ടാക്കുന്നത്, ഗോവണി പടിയില്‍ ഇറങ്ങി വരുന്നത്, കൈകോര്‍ത്ത് ഒരുമിച്ചു നില്‍ക്കുന്നത് തുടങ്ങോയ പടങ്ങള്‍ ഏറെ ഹൃദയഹാരിയാണ്, മകളുമൊത്തുള്ള ഫോട്ടോകള്‍ ഭാര്യ ആലിക്ക് ഈ യുവാവ് സമര്‍പ്പിച്ചിരിക്കുന്നു.









2013 ജനുവരി 16, ബുധനാഴ്‌ച

മാളൂന് അച്ഛനെ കാണണം

ഫേസ് ബുക്കിലേക്കൊരു ലിങ്ക്
'മാളൂന് അച്ഛനെ കാണണം '  എന്ന് പറഞ്ഞു പെട്ടെന്നാണ് മാളവിക കരഞ്ഞത്. ഭരതനാട്യം ഹൈസ്കൂള്‍ വിഭാഗം മല്‍സരം നടക്കുന്ന ഒന്നാം വേദിക്ക് പിന്നിലാണ് സംഭവം.  മാളുവിന്‍്റെ കരച്ചില്‍ കണ്ട മാഷ് പ്രമോദ്‌ ദാസും  അമ്മ ഉഷയും പെട്ടെന്ന് പതറി തരിച്ചു നിന്നു പോയി. റിയാലിറ്റി ഷോകളിലും സ്കൂള്‍ മല്‍സരങ്ങളിലും നൃത്തവേദികളില്‍ മാളവികക്കു കൂട്ട് പോയിരുന്ന അച്ഛന്‍ കൃഷ്ണദാസ് ഇത് പോലൊരു നൃത്ത മല്‍സര വേദിയില്‍ മകളുടെ ഗംഭീര പ്രകടനം കണ്ടു മടങ്ങും വഴിയാണ് ഒന്നര കൊല്ലം മുന്‍പ് മരിച്ചത്. അന്ന് വിട്ടെറിഞ്ഞ ചിലങ്ക വീണ്ടുമണിഞ്ഞ് ഗുരുവിന്‍്റെ കാല്‍ തൊട്ടു വന്ദിക്കുമ്പോള്‍ മാളവികയുടെ കണ്ണ് നിറഞ്ഞൊഴുകി. ഗുരുവിനൊപ്പം കാല്‍ തൊട്ടു വന്ദിക്കേണ്ട അച്ഛന്‍ നിഴല്‍ പോലുമല്ലാതായിരിക്കുന്നു. അമ്മയുടെ അനുഗ്രഹം വാങ്ങി വേദിയിലേക്ക് കയറും മുന്‍പ് അമ്മ മകളെ ആഞ്ഞു പുല്‍കി . മാളൂ,  ഒക്കേം അച്ഛന്‍ കാണുന്നുണ്ടെന്ന് ആ  അമ്മ മകളെ ആശ്വസിപ്പിച്ചു. നൃത്ത സമയത്ത് കരച്ചില്‍ മുഖത്തു വരുത്തരുതെന്നും അച്ഛന് അതിഷ്ടപ്പെടില്ളെന്നും പറഞ്ഞാണ് ആ അമ്മ മകളെ വേദിയിലേക്ക് കയറ്റി വിട്ടത്. മാളവിക കണ്ണിന്‍ മുന്നില്‍ നിന്നും മാറുമ്പോഴേക്കും അടക്കി വച്ച സങ്കടം കണ്ണീര്‍ തുള്ളികളായി അമ്മ ഉഷയുടെ മുഖത്ത് ചാലിട്ടൊഴുകി. സ്വകാര്യ ടി വി ചാനലുകളിലെ റിയാലിറ്റി ഷോ താരമായിരുന്നു മാളവിക. രണ്ടു റിയാലിറ്റി ഷോയിലും ഫസ്റ്റ് റണ്ണര്‍ അപ്പായി മാളവിക തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടാം മല്‍സരത്തില്‍ വിജയിസ്ഥാനം പ്രഖ്യാപിക്കപ്പെട്ട ശേഷം മടങ്ങി വീട്ടിലേക്ക് വരുമ്പോഴായിരുന്നു മരണം ഹൃദയാഘാതത്തിന്‍െറ രൂപത്തില്‍ കൃഷ്ണദാസിനെ കൊണ്ട് പോയത്. അതോടെ ഉഷയും മാളവികയും ഒറ്റക്കായി. കൃഷ്ണദാസ് നടത്തിവന്നിരുന്ന മെഡിക്കല്‍ ഷോപ്പ് വേറെയാളുകള്‍ക്ക് കൈമാറി. ഇരുവരും ഉഷയുടെ വീട്ടിലേക്ക് താമസവും മാറ്റി. എങ്കിലും സംസ്ഥാന യുവജനോത്സവത്തില്‍ പങ്കടെുക്കണമെന്ന കൃഷ്ണദാസിന്‍്റെ മോഹം സാധിച്ചു കൊടുക്കാന്‍ കഴിയില്ളെന്ന ചിന്ത വന്നപ്പോഴാണ് ഉഷ മകളോട് വീണ്ടും ചിലങ്കയണിയാന്‍ ആവശ്യപ്പെട്ടത്. നേരത്തേ സി ബി എസ് ഇ സ്കൂളിലായിരുന്ന മാളുവിനെ സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുപ്പിക്കണമെന്ന ലക്ഷ്യത്തോടെ കൃഷ്ണദാസ് തന്നെയാണ് ഇപ്പോള്‍ പഠിക്കുന്ന പാലക്കാട്  വാണിയംകുളം ടി ആര്‍ കെ എച്ച് എസ് എസില്‍ ചേര്‍ത്തത്. അതോര്‍ത്ത മാളു അമ്മയോട് സമ്മതം മൂളി. അങ്ങനെ വീണ്ടും മല്‍സര വേദിയില്‍ എത്തിയെങ്കിലും മാളുവിനെ കാത്തിരുന്നത് വിധികര്‍ത്താക്കളുടെ കാര്‍ക്കശ്യവും മറ്റു ചില മല്‍സരാര്‍ഥികളുടെ അനധികൃത മേല്‍ക്കോയ്മയുമാണ്. അവിടെ നിന്നും കോടതിയിലത്തെി . അ ര്‍ഹത ഉള്ള കുട്ടിയെ  പിതാവിന്‍്റെ മോഹം സാധിക്കാനെങ്കിലും സംസ്ഥാന മലസരത്തില്‍ പങ്കെടുപ്പിക്കാന്‍ അപ്പീല്‍ അനുവദിക്കണമെന്നായിരുന്നു അമ്മ അപേക്ഷിച്ചത്.   അനുവദിച്ചു കിട്ടുമെന്ന് കരുതിയില്ളെങ്കിലും മജിസ്ട്രേററിന് ഈ കലാകാരിയെ കാണാതിരിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് മാളവിക വീണ്ടും വേദിയില്‍ എത്തിയത്.  മല്‍സര ഫലം വന്നപ്പോള്‍ ഭദ്രകാളിയായി അരങ്ങ് തകര്‍ത്താടിയ മാളുവിന് ‘എ’ ഗ്രേഡ്.  ഉയര്‍ന്ന സ്ഥാനങ്ങള്‍ കിട്ടിയില്ലങ്കെിലും മത്സരിക്കാനും അച്ഛന്‍്റെ ആഗ്രഹം നിറവേറ്റാനും കഴിഞ്ഞെന്ന സായൂജ്യവുമായാണ്  മാളു അമ്മക്കൊപ്പം മടങ്ങുന്നത്.  ഏട്ടാം ക്ളാസ്സ് വിദ്യാര്‍ഥിയാണ് മാളവിക. കുച്ചപ്പുടിയിലും അപ്പീല്‍ വഴി നാടോടി നൃത്തത്തിലും മാളവിക മല്‍സരിക്കുന്നുണ്ട്.

മലപ്പുറം  കലോല്‍സവം 

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...