2014, ജനുവരി 29, ബുധനാഴ്‌ച

വിജിതക്ക് വേണ്ടി ഒരു പോസ്റ്റ്

 ലോകത്ത് എവിടെയും ആണുങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇരകളാകാന്‍ വിധിക്കപ്പെടുന്നത് മിക്കപ്പോഴും സ്ത്രീകളാണ്. ചൂത് തോറ്റ യുധിഷ്ടരന്‍ സ്വന്തം ഭാര്യയെ പണയം വച്ചാണ് അവാസന കളി കളിച്ചത്. തോറ്റപ്പോള്‍ കൗരവര്‍ പൊതു സഭയില്‍ പാഞ്ചാലിയുടെ വസ്ത്രം ഉരിഞ്ഞത് പഞ്ച പാണ്ഡവര്‍ക്ക് നോക്കി നില്‍ക്കേണ്ടി വന്നു.

ഗോത്രങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ വിജയിക്കുന്നവര്‍ പരാജയപ്പെടുന്നവരുടെ ഭാര്യമാരെയും അമ്മമാരെയും  പെണ്‍മക്കളെയും ലൈംഗിക അടിമകള്‍ ആക്കി വെപ്പാട്ടിമാരുടെ എണ്ണം കൂട്ടി.  രാജ്യങ്ങള്‍ പിടിച്ചടക്കുമ്പോള്‍ രാജാക്കന്മാരും സൈനാധിപന്മാരും തോറ്റ രാജ്യത്തെ പെണ്ണുങ്ങളെ കൊണ്ട് സ്വന്തം അന്തപുരം നിറച്ചു.  ഭര്‍ത്താവിന് എതിരെ പരാതി പറയുന്ന സ്ത്രീയെ കൂട്ട ബലാല്‍സംഗം നടത്തി ശിക്ഷിക്കുന്ന പഞ്ചായത്ത് വ്യവസ്ഥ ഇന്ത്യയിലും അയല്‍  രാജ്യങ്ങളിലും പ്രബലം.  വായ്പ തിരിച്ചടക്കാന്‍ നിവൃത്തിയില്ലാത്ത ആണുങ്ങളുടെ ഭാര്യമാര്‍, പെണ്‍ മക്കള്‍, അമ്മമ്മാര്‍ എന്നിവരെ ആ ആണുങ്ങളുടെ മുന്നിലിട്ടു തന്നെ ബലാല്‍സംഘം ചെയ്തു പ്രതികാരം തീര്‍ക്കുന്നവരും ഒരുപാടു ഉണ്ട്.

ഏതെന്കിലും ആണിനെ തോല്‍പ്പിക്കാന്‍ ഏതെന്കിലും പെണ്ണിന്റെ പേര് ചേര്‍ത്ത് കഥയിറക്കി അപവാദം പ്രചരിപ്പിക്കും. അവിടെയും സ്ത്രീകളാണ് ഇരകള്‍. ഇത് വലിയ പുരോഗമന സമൂഹത്തിലും , എന്തിന്,  സമൂഹത്തിനെ മൊത്തം നന്നാക്കാന്‍ നടക്കുന്ന നാലാം തൂണില്‍ വരെ  സംഭവിക്കുന്നു.

ഭൂമി തര്‍ക്കത്തില്‍ വിജയിക്കാന്‍ എതിര്‍കക്ഷിയുടെ വിവാഹിതയായ മകളെ കുറിച്ച് അനാശാസ്യ കഥകളിറക്കി മാനസികമായി തോല്‍പ്പിക്കാന്‍ ഒരു യുവാവ് നടത്തിയ കുപ്രചാരണങ്ങളാണ് കൊച്ചി സ്വദേശിയായ വിജിത എന്ന യുവതിയുടെ മരണത്തില്‍ കലാശിച്ചത് . പല കഥകളും തുടര്‍ന്ന് പുറത്തിറങ്ങി. നിയമപാലനം നടത്തേണ്ട പോലീസ്‌ വരെ കള്ളക്കഥകള്‍ മെനഞ്ഞ് പ്രതിയെ രക്ഷിച്ചു. വിജിതയുടെ അച്ഛനും അമ്പലപ്പുഴ നിവാസിയുമായ  വിജയനും അയല്‍വാസി കുസുമകുമാരിയും തമ്മില്‍ ഭൂമി തര്‍ക്ക കേസ്‌ നിലവില്‍ ഉണ്ടായിരുന്നു. കുസുമാകുമാരിയുടെ മകളുടെ ഭര്‍ത്താവ് രതീഷ്‌ വിജയനെ മാനസികമായി തകര്‍ക്കാന്‍ വേണ്ടിയാണ് വിജയന്‍റെ മകളുടെ പേരില്‍ അശ്ലീല കഥകള്‍ ഇറക്കിയത് . അത് പ്രചരിപ്പിക്കാന്‍ രതീഷ്‌ ഫേസ്‌ ബുക്കും മൊബൈല്‍ എസ്.എം.എസും വഴി അപവാദ കഥകള്‍ പ്രചരിപ്പിച്ചു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിപ്പിച്ചാല്‍ കാട്ടു തീ പോലെ പടരുമെന്ന ധാരണ ഉള്ളത് കൊണ്ട് തന്നെയാണ് അത്തരം പ്രചാരണത്തിനു   മുതിര്‍ന്നതെന്ന് രതീഷിനും പിന്നീട് ആ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട പോലീസുകാര്‍ക്കും അറിയാം. കേസ്‌ രജിസ്റ്റര്‍ ചെയ്യാത്തതിന് കാരണം  ആ പോസ്റ്റുകള്‍ അവിടെ ഇല്ല , അത് ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന് ന്യായീകരണമാണ്  പോലീസ്‌ നിരത്തുന്നത്.

വിജിതയുടെയും ഭര്‍ത്താവ് ബിനുക്കുട്ടന്റെയും സുഹൃദ്‌വലയങ്ങളിലും നാട്ടുകാരുടെയും ബന്ധുക്കളുടെയും ഫെസ്ബുക്കുകളിലും രതീഷ്‌ സന്ദേശം അയച്ചു വിജിതയെ അപകീര്‍ത്തിപ്പെടുത്തി.  ഒപ്പം വിജിതയുടെ സഹോദരന് എസ്.എം.എസ്സും അയച്ചു.

വിഷയമറിഞ്ഞപ്പോള്‍  വിജിത ഇപ്പോള്‍ താമസിച്ചു വന്നിരുന്ന കൊച്ചിയിലെ ചേരാനെല്ലൂര്‍ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി. 2013 ഡിസംബര്‍ 23 നാണ് വിജിത പരാതി നല്‍കിയത്.  അതില്‍ നടപടി ഉണ്ടായില്ലെന്ന് കണ്ടപ്പോള്‍ സിറ്റി പോലീസ്‌ കമീഷനര്‍ക്ക് പരാതി നല്‍കി. ( രണ്ടു പരാതിയുടെയും പകര്‍പ്പുകള്‍ ഈ പോസ്റ്റില്‍ വായിക്കാം)  എന്നിട്ടും ഫലം ഉണ്ടായില്ല. ഇതിനിടയില്‍ ആലപ്പുഴയില്‍ നിന്നും പ്രമുഖനായ ഒരു രാഷ്ട്രീയക്കാരന്‍ കേസില്‍ രതീഷിന് വേണ്ടി ഇടപ്പെട്ടു എന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്.  ന്യായം നടത്തി കിട്ടില്ലെന്നും ചീത്ത പേര് നിമിത്തം സ്വന്തം നാട്ടില്‍ മുഖമുയര്‍ത്തി നടക്കാന്‍ പറ്റില്ലെന്നും വിജിതക്ക് മനസിലായിരുന്നു. അത് തന്നെയാണ് ആത്മഹത്യയില്‍ കലാശിച്ചത് എന്ന് ഒച്ചപ്പാട് ഉറച്ചു കരുതുന്നു.

ആത്മഹത്യ പ്രേരണയ്ക്കു കേസ്‌ എടുക്കേണ്ട പോലീസ്‌ അവിടെയും വഴിവിട്ടു പ്രവര്‍ത്തിച്ചു. കേസ്‌ ഒതുക്കാനാണ് ശ്രമിച്ചത്.

ഏറ്റവും കുറഞ്ഞത് പോലീസിനു ചെയ്യാന്‍ പറ്റുന്ന കാര്യം കേസ്‌ രജിസ്റ്റര്‍ ചെയ്തു ന്യായം നടത്തി കൊടുക്കുകയായിരുന്നു. പത്ര വാര്‍ത്തകള്‍ വരട്ടെ. വിഷയം നാട്ടുകാര്‍ അപ്പോള്‍ മനസിലാക്കുമായിരുന്നു. പക്ഷെ, ചെയ്തത് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ്. അങ്ങനെയെങ്കില്‍ , രതീഷ്‌ അപവാദ കഥകള്‍ അയച്ചു കൊടുത്ത അത്രയും പേര്‍ക്ക് ' വ്യക്തി വിരോധം തീര്‍ക്കാനും ഭൂമി തട്ടിപ്പില്‍ ജയിക്കാനും വേണ്ടി മാത്രമാണ് ഇത്തരം  അശ്ലീല കഥകള്‍ ഇറക്കിയതെന്നും അത് നുണ മാത്രമാണെന്നും ' വ്യകതമാക്കുന്ന സന്ദേശങ്ങള്‍ അയച്ചു കൊടുക്കാന്‍ രതീഷില്‍ സമ്മര്‍ദ്ദം ചെലുത്തണമായിരുന്നു.  ആ പെണ്ണിനെ കുറിച്ച് പ്രചരിപ്പിച്ച കഥകള്‍ നുണ തന്നെയാണ് എന്ന് രതീഷ്‌ തന്നെ പറയണമായിരുന്നു. അത് ചെയ്യിപ്പിക്കാതെ ആ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യിപ്പിക്കാനാണ് പോലീസ്‌ വഴിയൊരുക്കിയത്

എന്തായാലും ഒരു ഭര്‍ത്താവിന് ഭാര്യയെ നഷ്ടപെട്ടു,  രണ്ടു വയസ്സുകാരനായ  മകന് അമ്മ പോയി.  വൃദ്ധനായ ഒരു അച്ഛന് മകള്‍ നഷ്ടപ്പെട്ടു.  പൊതു ജനം പ്രതികരിക്കാതെ ഇരിക്കരുത്. പക്ഷെ, കഷ്ടമെന്നു പറയട്ടെ , സത്യം എന്താണ് എന്ന് ആലോചിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ അപവാദ കഥകള്‍ പരത്താനാണ് നമുക്കൊക്കെ താല്‍പ്പര്യം !
2014, ജനുവരി 17, വെള്ളിയാഴ്‌ച

ഡെന്നിയുടെ കുടുംബത്തിന് നഷ്ടപ്പെട്ടത്അന്ന് ഈ വാര്‍ത്ത എടുക്കാന്‍ ഡെന്നിയുടെ അങ്കിളിനെ വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ മോര്‍ച്ചറിക്കു മുന്നില്‍ നില്‍ക്കുകയായിരുന്നു  പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു ഇപ്പോള്‍ ഡ്രസ്സ് ചയ്തു കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം പറയുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ സങ്കടം തിങ്ങി നില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു. വിവരങ്ങള്‍ എടുത്തു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് കണ്ണില്‍ ഇരുട്ടുകയറി. ലോ പ്രഷര്‍ ആയി പോയത് കൊണ്ടാണ്  തലക്കറക്കവും അനുഭവപ്പെട്ടു. ഉച്ചക്ക് കഴിച്ച മൂന്നു ദോശയും നിമിഷ നേരം കൊണ്ട് ചര്ദ്ദിച്ചു. അന്ന് രാത്രി ഞാന്‍ ഏറെ പണിപ്പെട്ടു, ഒന്ന് ഉറങ്ങിക്കിട്ടാന്‍....


ബാംഗളൂരില്‍ സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ ആണ് 26കാരനായ ഈ മലയാളി യുവാവ്, അപ്പനും അമ്മയും അനുജനും ഉള്ള സന്തുഷ്ട കുടുംബം. പല്ല് അല്പം ഉന്തി നില്‍ക്കുന്നത് കൊണ്ട് നേരത്തെ തിരുവല്ലയില്‍ ഉള്ള ഡോക്ടറെ കണ്ടു കമ്പി ഇട്ടിരുന്നു. താമസം ഇപ്പോള്‍ കൊച്ചിയില്‍ കളമശ്ശേരിയില്‍. ഇക്കഴിഞ്ഞ 11നു വീട്ടില്‍ വന്നതാണ് ഡെന്നി.  കളമശ്ശേരിയില്‍ ഉള്ള ജെ.ജെ ക്ലിനിക്കില്‍ ആണ് തുടര്‍ ചികില്‍സ നടത്താന്‍ തീരുമാനിച്ചിരുന്നത് . രാവിലെ അപ്പനെയും അമ്മയെയും കൂട്ടി കാറെടുത്ത് ഡോക്ടറെ കാണാന്‍ പോയി. താടിയെല്ലിനു ചെറിയ അപാകത ഉണ്ടെന്നും മൈനര്‍ സര്‍ജറി നടത്തിയാല്‍ മാറുമെന്നും ഉടനെ വീട്ടില്‍ മടങ്ങാമെന്നും പറഞ്ഞാണ് ശസ്ത്രക്രിയ നടത്താന്‍ ആലുവ അന്‍വാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ നല്ല രീതിയില്‍ ചെയ്യാന്‍ മെഡിക്കല്‍ ട്രസ്റ്റില്‍ എത്തിക്കേണ്ടതുണ്ട് എന്ന് പറഞ്ഞു. ആംബുലന്സില്‍ കയറ്റി. കൂടെ കേറാന്‍ ഒരുങ്ങിയ മാതാപിതാക്കളെ കയറ്റിയില്ല. കൂടെ കാറില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. ഒരു മണിക്കൂര്‍ കഷ്ടി യാത്ര ചെയ്താണ് അടുത്ത ആശുപത്രിയില്‍ എത്തിയത്. ആംബുലന്‍സില്‍ നിന്നും ഇറക്കുന്നതിനു മുന്‍പ് ആ ആശുപത്രിയിലെ ഡോക്ടര്‍ ആംബുലന്‍സില്‍ കയറി പരിശോധിച്ചു - അപ്പോഴാണ്‌ അറിയുന്നത്- ഡെന്നി മരിച്ചിരിക്കുന്നു.


ഇന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.


ശ്വാസ കോശത്തില്‍ പഞ്ഞി കുടുങ്ങിയതാണ് മരണ കാരണം എന്ന്.

ആശുപത്രികള്‍, ഡോക്ടര്‍മാര്‍ പരസ്പരം പഴി ചാരുന്നു. എന്തായാലും ആ വീട്ടുകാര്‍ക്ക് മകനെ നഷ്ടപ്പെട്ടു . അത്ര തന്നെ !

2014, ജനുവരി 14, ചൊവ്വാഴ്ച

കേരള സ്കൂള്‍ കലോല്‍സവത്തില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട്

കഴിഞ്ഞ വര്‍ഷം മലപ്പുറത്ത·് നടന്ന 53-ാമത് കേരള സ്കൂള്‍ കലോല്‍സവത്ത·ില്‍  ലക്ഷക്കണക്കിന് രൂപയുടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് . കലോത്സവം സംഘടിപ്പിക്കാന്‍ രൂപീകരിച്ച 20 കമ്മറ്റികളില്‍  അറബി കലോത്സവ  കമ്മറ്റി ഒഴികെ എല്ലായിടത്തും സാമ്പ·ത്ത·ിക ക്രമക്കേട് ഉണ്ടെന്നും വഴിവിട്ടു ചെലവഴിച്ച മുഴുവന്‍ തുകയും ഉടന്‍ തിരിച്ചടക്കണമെന്ന നിര്‍ദ്ദേശവും  റിപ്പോര്‍ട്ടില്‍ പറയുന്നു.

 ചെയര്‍മാന്‍ സ്ഥാനത്ത് വനിതയുളള ഒരേയൊരു കമ്മററി  അറബി വിഭാഗത്തില്‍  മാത്രമാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത.   ടെണ്ടര്‍  നടപടികള്‍ സ്വീകരിക്കാതെ സാധന സാമഗ്രികള്‍ വാങ്ങിയെന്നും അനുവദിച്ചതില്‍ കൂടുതല്‍ തുക മുന്‍കൂര്‍ അനുവാദം ഇല്ലാതെ ചെലവാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓഡിറ്റ് വിഭാഗത്ത·ിന്‍െറ കണ്ടത്തെലുകള്‍ ബന്ധപ്പെട്ട കണ്‍വീനര്‍മാര്‍ക്ക്  നല്‍കണമെന്നും തിരികെ രേഖാമൂലം മറുപടി വാങ്ങി വ്യക്തമായ കുറിപ്പോടെ ഓഡിറ്റ് വിഭാഗത്തിന് നല്‍കണമെന്നുമാണ് ഓഡിറ്റ് വിഭാഗം മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ 54-ാമത് കലോത്സവം പാലക്കാട് ഈ മാസം നടക്കാനിരിക്കെ ,ഇത് വരെയും പണം തിരിച്ചടച്ചിട്ടില്ളെന്നാണ് സൂചന. വിവരാവകാശ നിയമപ്രവര്‍ത്തകന്‍ ആയ അഡ്വ. ഡി.ബി ബിനു ശേഖരിച്ച റിപോര്‍ട്ടി ലാണ് ഈ വെളിപ്പെടുത്തല്‍ .

കലോത്സവ ചെലവുകള്‍ക്കായി ആകെ 80.50 ലക്ഷം രൂപ ആകെ ലഭിച്ചെന്നും 79.01 ലക്ഷം രൂപ വിതരണം ചെയ്തെന്നും ജോയിന്‍റ് കണ്‍വീനര്‍മാര്‍ക്ക്  വേണ്ടി 1.07 ലക്ഷം രൂപ ചെലവ് ചെയ്തെന്നും കണക്കിലുണ്ട്. എന്നാല്‍ തുക ചെലവാക്കിയതിന് കണ്‍വീനര്‍മാര്‍ ഹാജരാക്കിയ വൗച്ചറുകളും രേഖകളും പരിശോധിച്ചപ്പോഴാണു അപാകതകള്‍ കണ്ടത്തെിയത്. വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചാല്‍ 41,140 രൂപ മാത്രമാണ് മിച്ചം വന്നത്. ട്രോഫികളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന്  ചെലവാക്കിയത് 42,800 രൂപയാണ്.

ഇത്രയധികം രൂപ ഒരുമിച്ചു ചെലവാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമം പാലിക്കാത്തതിനാല്‍ ട്രോഫി  കമ്മറ്റി  കണ്‍വീനറില്‍ നിന്നും നിയമ പ്രകാരം ആകെ ചെലവിന്‍്റെ 20 ശതമാനം ഈടാക്കാനാണ് ഒരു നിര്‍ദേശം. ഇത്തരത്തില്‍ ഒട്ടുമിക്ക കമ്മററി കണ്‍വീനര്‍മാരും പണം തിരിച്ചടക്കണം.  പുതിയ ട്രോഫികള്‍ വാങ്ങിയതിലും അംഗീകരിച്ചു നല്‍കിയ ബജറ്റ് തുകയേക്കാള്‍ 42,309 രൂപ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ചെലവാക്കിയതിന്‍െറ കാരണം വിശദമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സുവനീര്‍ കമ്മിറ്റി 50,000 രൂപ ചെലവഴിച്ചെങ്കിലും നാളിതു വരെ സുവനീര്‍ പ്രസിദ്ധീകരിച്ചില്ല.

ഭക്ഷണ കമ്മറ്റിയില്‍ വന്ന  രേഖകളും ജനറല്‍ കണ്‍വീനര്‍ അംഗീകരിച്ചു പസാക്കിയിട്ടില്ല. ഈ കമ്മറ്റിയും നടപടി ക്രമങ്ങള്‍ പാലിച്ചില്ല . പഴയിടം മോഹനന്‍െറ  രണ്ടു ലക്ഷം രൂപയുടെ ക്വട്ടേഷന്‍ മാത്രമാണ് അംഗീകരിച്ചത്. എന്നാല്‍  വിവിധ ദിവസങ്ങളില്‍ പ്രഭാത ഭക്ഷണ ഇനത്തില്‍ എസ്.ഡി.എസ് ഫുഡ് കൊച്ചി എന്ന സ്ഥാപനത്തിന് നല്‍കിയ അധിക ചെലവിനെ കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാത്തതിനാല്‍ തടസവാദം നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍  വ്യക്തമാക്കിയിട്ടുണ്ട്. പച്ചക്കറി, കുടിവെള്ളം ,വാഴയില, പലചരക്ക് സാധനങ്ങള്‍ എന്നിവ വാങ്ങിയ വകയിലും ക്രമക്കേട് ഉണ്ട്. കലോത്സവ നടത്തിപ്പിനായി പൊതുജനത്തില്‍ നിന്നും പിരിച്ചെടുക്കുന്ന പണം ‘പൊതു പണം’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നത് കൊണ്ട് അത്തത്തില്‍ സംഭരിച്ച പണത്തിന്‍െറ കണക്ക് കൂടി മറുപടിയില്‍ നല്‍കാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ചില കണക്കുകള്‍ ആവര്‍ത്തിച്ച് ചെലവ് പട്ടികയില്‍ ഉള്‍പ്പെടുത്തി. പ്രോഗ്രാം കമ്മിറ്റി സ്റ്റേഷനറി ചെലവിനത്തിലും ടെലഫോണ്‍ ചാര്‍ജ് ഇനത്തിലും രേഖകളില്ലാത്ത· കണക്കുകള്‍ രേഖപ്പെടുത്തിയതിനാല്‍ മുഴവന്‍ തുകയും തിരിച്ചടക്കണം. കള്‍ച്ചറല്‍ കമ്മിറ്റി, വെല്‍ഫെയര്‍ കമ്മറ്റി, മീഡിയ കമ്മിറ്റി, ആഘോഷ കമ്മിറ്റി, രജിസ്ട്രേഷന്‍ കമ്മിറ്റി, നിയമപാലന കമ്മിറ്റി, എക്സിബിഷന്‍ കമ്മിറ്റി,  സ്വീകരണ കമ്മിറ്റി, പബ്ളിസിറ്റി കമ്മിറ്റി, സംസ്കൃതോത്സവ കമ്മിറ്റി, ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി എന്നിവയില്‍ ലക്ഷക്കണക്കിന് രൂപയാണ് വെട്ടിപ്പ് നടന്നിട്ടുള്ളത്. സക്കീന പുല്‍പാടന്‍ ചെയര്‍മാന്‍ ആയ അറബി കമ്മിറ്റി തൃപ്തികരമായ വിധത്തിലാണ് പണം ചെലവഴിച്ചതെന്നും അതിന്‍്റെ കൃത്യമായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
2014, ജനുവരി 10, വെള്ളിയാഴ്‌ച

കുടുംബശ്രീയുടെ പുതിയ മിഷന്‍ മനുഷ്യക്കടത്തിനെതിരെ


 മനുഷ്യക്കടത്ത് തടയാന്‍ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സ്ത്രീ ശക്തി പ്രസ്ഥാനമായ കുടുംബശ്രീ മുന്നിട്ടിറങ്ങുന്നു. ഈ മാസം 15 ഓടെ ഇതിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ അധികൃതര്‍. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്‍െറ കീഴിലുള്ള നാഷനല്‍ റൂറല്‍ ലൈവ്ലി ഹുഡ്സ് മിഷന്‍ വഴി ലഭിക്കുന്ന രണ്ടര കോടി രൂപയുടെ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുക.

ഇതിന്‍െറ ഭാഗമായി പാലക്കാട് ചിറ്റൂരിലും വയനാട് മാനന്തവാടിയിലും ഇടുക്കി ദേവികുളത്തും മനുഷ്യക്കടത്ത് തടയാനും രക്ഷപ്പെടുത്തുന്നവരെ പുനരധിവസിപ്പിക്കാനും പൊതു സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്താനും കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഈ കേന്ദ്രങ്ങളില്‍  കൗണ്‍സിലര്‍മാരും സെക്യൂരിറ്റി ഓഫിസര്‍മാരും അടക്കം പത്തു വീതം ജീവനക്കാരുടെ സേവനം ലഭ്യമാക്കും. സെക്സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും പ്രതിരോധിക്കാനും നടപടി സ്വകരിക്കും.

മനുഷ്യക്കടത്തില്‍ നിന്നും രക്ഷപെട്ടവരെ ഉള്‍പ്പെടുത്തി റിസോഴ്സ് സംഘങ്ങള്‍ രൂപവല്‍ക്കരിക്കും.  ദേശീയ വനിതാ കമീഷന്‍, യു.എന്‍ വിമന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മനുഷ്യക്കടത്തിനു ഏറ്റവും സാധ്യത കൂടുതലുള്ള ജില്ലകളെ കണ്ടത്തെിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ കുടുംബശ്രീകളെ ഉപയോഗിച്ച് കൂടുതല്‍ സാധ്യത പഠനങ്ങള്‍ ഒരുക്കും. സ്ത്രീകള്‍, കുട്ടികള്‍, പട്ടിക ജാതി/ വര്‍ഗ  വിഭാഗത്തിലെ ആളുകളുടെ എണ്ണം, വിദേശത്തേക്ക് കുടിയേറ്റം നടത്തിയവര്‍ തുടങ്ങിയ അടിസ്ഥാന അളവ് കോലുകള്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തും.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്  പ്രതിരോധ നടപടികളും പുനരധിവാസ  സൗകര്യങ്ങളും ഒരുക്കുക. പ്രതിരോധ നടപടികളുടെ ഭാഗമായി ബോധവല്ക്കരരണ പരിപാടികള്‍ സംഘടിപ്പിക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും  ഷോര്‍ട്ട് സ്റേറ ഹോമുകള്‍ സ്ഥാപിക്കുമെന്ന് കുടുംബശ്രീയുടെ ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ മഞ്ജുള ‘മാധ്യമ’ത്തോട് പറഞ്ഞു .

ഭാവിയില്‍ എല്ലാ പഞ്ചായത്തുകളിലും മുതിര്‍ന്ന  പൗരന്മാരും സ്ത്രീകളും താമസിക്കുന്ന വീടുകളെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ടത്തെി വനിതകള്‍ക്കും  കുട്ടികള്‍ക്കുമുളള  പുനരധിവാസ കേന്ദ്രങ്ങളാക്കി മാറ്റും.  മനുഷ്യവര്‍ഗത്തിന് തന്നെ എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്ത് എന്ന തിരിച്ചറിവിന്‍െറ ഭാഗമായാണ് ഇതിനെതിരെ പോരാടാന്‍ കുടുംബശ്രീ രംഗത്തിറങ്ങുന്നത് .
 


ഓരോ വര്‍ഷവും പതിനെട്ട് വയസ്സിനു താഴെയുള്ള ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും കുട്ടികളും മനുഷ്യക്കടത്തുകാരുടെ കൈകളില്‍ അകപ്പെടുന്നു. ലൈംഗിക ചൂഷണം, നിര്‍ബന്ധിത തൊഴില്‍, പ്രത്യുല്‍പാദനപരമായ അടിമത്തം, ശരീരാവയവങ്ങള്‍ അപഹരിച്ചു വില്‍ക്കല്‍  എന്നിവയാണ് നിയമ വിരുദ്ധമായ ഈ മനുഷ്യ വ്യാപാരത്തിന്‍െറ പരിണിത ഫലമെന്നും കുടുംബശ്രീ വ്യക്തമാക്കുന്നു.  നിര്‍ഭയ, സ്ത്രീ പദവി സ്വയം പഠനപ്രക്രിയ എന്നിവയുടെ പ്രവര്‍ത്തന പശ്ചാത്തലത്തിലാണ് കുടുംബശ്രീ മിഷന്‍  പദ്ധതികള്‍ നടപ്പാക്കുക. ഇതിനു മുന്നോടിയായി കുടുംബശ്രീയുടെ വിഷയ സംവാദത്തിനും  പരസ്പര ആശയവിനിമയത്തിനും    അയല്‍ക്കൂട്ട അംഗങ്ങളുടെ സാങ്കേതിക ജ്ഞാനം വര്‍ധിപ്പിക്കുന്നതിനും തയ്യാറാക്കിയ സ്ത്രീ ശക്തി പോര്‍ട്ടലില്‍ വിഷയം ചര്‍ച്ച  ചെയ്തിരുന്നു.ചര്‍ച്ചയില്‍ സജീവമായ പങ്കാളിത്തം ദൃശ്യമായിരുന്നു.

ഓരോ വാര്‍ഡിലും ജാഗ്രതാസമിതി രൂപീകരിക്കുക, ഓരോ അയല്‍ക്കൂട്ടത്തിലും ബാലസഭ വഴിയും  ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുക എന്നിവ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.  മനുഷ്യക്കടത്ത് കേവലം ഒന്നോ രണ്ടോ വ്യക്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ളെന്നും ലോകമൊട്ടാകെ  വ്യാപിച്ചു കിടക്കുന്ന   ബൃഹത് ശൃംഖലയാണിതെന്നും  ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.  

അറിവില്ലായ്മയും  ഉപജീവനത്തിനായുള്ള പരക്കം പാച്ചിലുമാണ് മനുഷ്യക്കടത്തുകാരുടെ കൈകളില്‍പ്പെടാന്‍ കാരണങ്ങളെന്നും പരിഹാരമായി തദ്ദേശീയമായി തൊഴില്‍ സമ്പാദിക്കാന്‍ സാധിക്കുംവിധം വിദഗ്ധ പരിശീലനം ഒരുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.


 ഹെല്‍പ് ലൈന്‍ , തൊഴില്‍ കാര്‍ഡ്  ,ആദിവാസി മേഖലകളായ ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ കുടുംബശ്രീ മിഷന്‍്റെ മേല്‍നോട്ടത്തില്‍ കൂടുതല്‍ കുടുംബശ്രീ യൂണിറ്റുകള്‍ ,സി ഡി എസ്സുകളിലും ഏകദിന സെമിനാര്‍ , കുട്ടികള്‍ക്കുള്ള സെമിനാറുകള്‍  , ദൃശ്യ  ശ്രവ്യ മാദ്ധ്യമങ്ങളിലൂടെയും കലാപരമായ ആക്ഷേപ ഹാസ്യ പരിപാടികളിലൂടെയും ബോധവത്കരണം  , നിയമങ്ങളും ഓരോ ജോലിക്കുമുള്ള കുറഞ്ഞ വേതനവും പരസ്യമായി പ്രചരിപ്പിക്കുകയും അത് ഓരോരുത്തരുടെയും അവകാശമാണെന്ന ബോധവത്കരണം., നിര്‍ഭയ പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ക്രൈം  മാപ്പിംഗ് നടത്തി കുറ്റകൃത്യങ്ങള്‍ കൂടുതലായി നടക്കുന്ന സ്ഥലം കണ്ടത്തി പോലീസ് പട്രോളിംഗ് , ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളെക്കുറിച്ച് അറിയുന്നതിന് പഞ്ചായത്ത് തലത്തില്‍ സംവിധാനം ,  ജോലി തേടി പോകുന്നവരെ നിര്‍ബന്ധമായും പഞ്ചായത്തില്‍ രജിസ്ററര്‍ ചെയ്യിപ്പിക്കല്‍  എന്നീ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.  ഈ നിര്‍ദേശങ്ങളെല്ലാം പരിഗണിക്കാനും പരമാവധി നടപ്പില്‍ വരുത്താനുമാണ് കുടുംബശ്രീയുടെ ആലോചന.

 പരിപാടി വിജയകരമായാല്‍ ലോകത്തിന് മാതൃകയായ കുടുംബശ്രീയുടെ മറ്റൊരു മാതൃക പദ്ധതി കൂടിയാകും ഇതെന്നു ഉറപ്പാണ്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 


2014, ജനുവരി 4, ശനിയാഴ്‌ച

കൊച്ചു കണ്ടുപിടുത്തങ്ങളുടെ ഒടേതമ്പുരാട്ടി


കഴിഞ്ഞ  ദിവസം ആലപ്പുഴ മാന്നാറില്‍  നിന്ന് വന്ന ഒരച്ഛനെ കണ്ടു ,  വിഷ്ണു നമ്പൂതിരി എന്ന അച്ഛനെ കുറിച്ചാണ് പറയുന്നത് .

ഈ അച്ഛന് രണ്ടു മക്കള്‍ ഉണ്ട്. വാണിയും ഗോപുവും. അച്ഛന്‍ പണ്ടേ ഒരു ഇലക്ട്രീഷ്യന്‍ ആണ്. പലതരം ചെറിയ കണ്ടുപിടുതങ്ങളൊക്കെ പൈപ്പ്‌ ഫിട്ടിങ്ങ്സില്‍ കണ്ടു പിടിച്ചത് ആ മേഖലയില്‍ ഏറെ മാറ്റങ്ങള്‍ക്കും സൌകര്യത്തിനും വഴി വച്ചിട്ടുണ്ട്. ആ അച്ഛന്‍ കഴിജ്ഞ ദിവസം എറണാകുളം പ്രസ്സ്‌ ക്ലബില്‍ വന്നിട്ടുണ്ടായിരുന്നു. ആ അച്ഛന്റെ മുഖത്തെ അഭിമാനം കാണണം. മകള്‍ വാണി രണ്ടു മൂന്നു തരം ഉപകരണങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഒരെണ്ണത്തിനു പേറ്റന്റും നേടി. ഈ ലോകത്ത്‌ അത്തരമൊരു ഉല്‍പ്പന്നം ഉണ്ടാക്കിയതിന്റെ പേര് എന്നും ആ മകള്‍ക്ക് മാത്രമാണ് എന്ന് ആ അച്ഛന് അറിയാം. 
അവള്‍ ഇപ്പോള്‍ രാജസ്ഥാനിലെ പിലാനിയില്‍ ബിര്‍ള ഇന്സ്ട്ടിട്യൂട്ടില്‍ പഠിക്കുകയാണ്. എം.ടെക്കിന് 

ചില പിതാക്കന്മാര്‍ ചെയ്യുന്നത് പോലെ  ചെറിയ പ്രായത്തില്‍ കെട്ടിച്ചു വിടാന്‍  പഠനം പത്തിലോ പ്ലസ്‌ ടുവിലോ അവസാനിപ്പിചിരുന്നെങ്കില്‍ അവള്‍ക്കു ഈ നേട്ടം കൊയ്യാന്‍ പറ്റുമായിരുന്നില്ല. കുറെ നല്ല അച്ഛന്മാരുണ്ട് ഇങ്ങനെ. അവര്‍ക്ക് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. ഇനി വാണിയെ കുറിച്ച് വായിക്കൂ 


വാണി

കൈ അടുപ്പിച്ചാല്‍ വെള്ളമൊഴുകുന്ന തരം  സെന്‍സര്‍ ടാപ്പ് സാങ്കേതിക വിദ്യയില്‍ മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ഥിനിക്ക് അപൂര്‍വ നേട്ടം. ഏതു തരം വാഷ് ബേസിനുകള്‍ക്കും ഘടിപ്പിക്കാവുന്ന വിധത്തിലുള്ള സാങ്കേതിക വിദ്യ കണ്ടത്തെുകയും ഉല്‍പ്പന്നമായി വിപണിയിലിറക്കുകയും ചെയ്ത ആലപ്പുഴ മാന്നാര്‍ സ്വദേശിനി വാണി ഈ സംവിധാനത്തിന് പേറ്റന്‍റും കരസ്ഥമാക്കി.


രാജസ്ഥാന്‍ പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിസില്‍ എം.ടെക് വിദ്യാര്‍ഥിനിയായ വാണി കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജില്‍ ബി.ടെകിന് ചെയ്ത ‘ഓട്ടോമാറ്റിക് വീല്‍ചെയര്‍’ പ്രൊജക്ടിന്‍െറ തുടര്‍ച്ചയാണ് ‘സ്പിന്‍ഫ്ളോ’ എന്ന പേരിലുളള സെന്‍സര്‍ ടാപ്പ്.

യുവ സംരംഭക കൂടിയായ വാണി സ്പിന്‍ടെക്ക് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിന്‍െറ ഡയറക്ടറാണ്. ജലത്തിന്‍െറ അനാവശ്യ നഷ്ടം കുറക്കുക എന്നതാണ് സെന്‍സര്‍ ടാപ്പുകളുടെ നിര്‍മാണലക്ഷ്യം. ഇവ ടാപ്പുകളായും സാധാരണ ടാപ്പുകള്‍ക്ക് ഘടിപ്പിക്കുന്ന പ്രത്യേക സംവിധാനമായും ലഭിക്കും. സെന്‍സര്‍ സംവിധാനം കേടുവന്നാല്‍ സാധാരണ ടാപ്പുകളെ പോലെ വാല്‍വ് തിരിച്ചും ഉപയോഗിക്കാം. നിലവില്‍ മറ്റു കമ്പനികള്‍ പുറത്തിറക്കുന്ന സെന്‍സര്‍ ടാപ്പുകളുടെ പ്രധാന ന്യൂനത അവ ഓട്ടോമാറ്റിക്കായി
മാത്രം പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഇലക്ട്രോണിക്ക്സ് തകരാറുകളോ ബാറ്ററിയുടെ തകരാറുകളോ മൂലം ഓട്ടോമാറ്റിക്ക് സംവിധാനം നിലച്ചാല്‍ വില കൂടുതലുള്ള ഈ ബേസിനുകള്‍ ഉപയോഗശൂന്യമാകും.


 കിച്ചന്‍ സിങ്കിനും വാഷ് ബേസിനുകള്‍ക്കും വാണി ഒരുക്കിയ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.  കളിപ്പാട്ട കാറുകളില്‍ ഉപയോഗിക്കുന്ന ചെറിയ മോട്ടോറുകളാണ് ഇതിലെ പ്രധാന ഘടകം.

എവിടെയും കൊണ്ടുനടക്കാവുന്ന സോളാര്‍ മൊബൈല്‍ ചാര്‍ജറും വാണിയുടെ മറ്റൊരു കണ്ടുപിടുത്തമാണ്. വെറും 400 രൂപക്ക് ഈ ചാര്‍ജര്‍ ലഭിക്കും. എല്ലാത്തരം ഫോണുകളും ചാര്‍ജ് ചെയ്യാനും കഴിയും. പഠനകാലത്ത് റിമോട്ടിലും ജോയ് സ്റ്റിക്കിലും നിയന്ത്രിക്കാന്‍ കഴിയുന്ന വീല്‍ചെയര്‍ നിര്‍മിച്ച് വാണി അക്കാദമികാചാര്യന്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


വാണിയുടെ പിതാവ് ജി. വിഷ്ണു നമ്പൂതിരി കേരളത്തിലെ ആദ്യകാല  സംരംഭകരില്‍ ഒരാളാണ്. സഹോദരനായ പരമേശ്വരന്‍ നമ്പൂതിരിക്കൊപ്പം അദ്ദേഹം 1986 ല്‍ ആരംഭിച്ച വയറിങ്ങ് പൈപ്പ് ഫിറ്റിങ്ങുകളുടെ നിര്‍മാണ യൂനിറ്റ് കേരളത്തിലാദ്യമായി  ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കമ്പനിയാണ്. പൈപ്പ് ഫിറ്റിങ്ങുകളിലെ  സാധാരണ ടിയും, എല്‍ബോയും, ബെന്‍ഡുകളും സ്വന്തമായി  ഡിസൈന്‍ ചെയ്ത ഫാന്‍ഹുക്ക് സര്‍ക്കുലാര്‍ ബോക്സുകളും  ഡീപ്പ് അഡാപ ്റ്ററുകളും വയറിങ്ങ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചു. വാണിയുടെ അനുജനും ഇലക്ട്രിക്ക് എഞ്ചിനീയറിങ്   വിദ്യാര്‍ഥിയുമായ ഗോപുവും  ഇവരുടെ അതേ വഴിയിലാണ്. മാന്നാര്‍ ബുധനൂര്‍ മരങ്ങാട്ട് ഇല്ലം കുടുംബാംഗമാണ് വാണി. അമ്മ രമാദേവി.2014, ജനുവരി 3, വെള്ളിയാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്- പൂര്‍ണ രൂപം
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു .


കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിച്ച്    ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതി സത്യത്തില്‍ എന്താണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും വെട്ടി മാറ്റിയത് ?? കൂട്ടിചേര്‍ത്തത് ??

ഞാന്‍ ആ റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചു. എന്റെ അഭിപ്രായത്തില്‍ ഒന്നും വെട്ടി മാറ്റിയില്ല, (ഖനന - മരം മുറി മാഫിയകള്‍ക്ക് പ്രതികൂലമായ കാര്യങ്ങള്‍ ഒഴികെ ) ഒന്നും കൂട്ടിചേര്‍ത്തിട്ടുമില്ല.പക്ഷെ, ദുരന്തമുണ്ടാക്കുന്ന ഒന്ന് രണ്ടു കാര്യങ്ങള്‍ ഉണ്ട്

1.സ്വകാര്യ ഭൂമിയില്‍ നിന്ന് ആര്‍ക്കും  യഥേഷ്ടം മരം മുറി നടത്താന്‍ കേരളത്തിലെവിടെയും അനുവാദം കൊടുക്കാനാണ് ഒരു ശിപാര്‍ശ.

2.വനമായി സംരക്ഷിക്കുന്ന പ്രദേശത്തില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ അഥവാ അരകിലോമീറ്റര്‍ നീങ്ങിയെ ഖനനം അനുവദിക്കാവൂ ( അതായതു അര കിലോമീറ്റര്‍ അപ്പുറത്ത് ഖനനം നടത്താം )


എന്നിട്ടും , പശുവിന്‍റെചൊറിച്ചിലും മാറി കാക്കയുടെ വിശപ്പും തീര്‍ന്നു. ഇപ്പോള്‍ കര്‍ഷകരെ മുന്നില്‍ നിറുത്തി സര്‍ക്കാര്‍ കാര്യാലയങ്ങള്‍ അടിച്ചു തകര്‍ത്ത ഖനി മാഫിയയും കര്‍ഷകരെ പേടിപ്പിച്ചു കൂടെ നിറുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ച പുരോഹിതന്മാരും പലതും നേടി.


 ഉമ്മന്‍ കമ്മിറ്റി സര്‍ക്കാരിനു കൈമാറിയ  49 പേജുള്ള റിപ്പോര്‍ട്ട് മുഴുവന്‍ വായിക്കാന്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്കൂ


ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...