2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

പട്ടിക്കൂട്ടില്‍ കുട്ടി

















ഇന്നത്തെ കാലത്ത് എല്ലാം കച്ചവടമാണെന്ന മുഖവരയോടെയാണ് ഒച്ചപ്പാട് ഈ വിഷയത്തില്‍ സംസാരം തുടങ്ങുന്നത്. തിരുവനന്തപുരത്ത് യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടെന്ന വാര്‍ത്ത സത്യമാണെങ്കില്‍ മൂപ്പത്തെും മുമ്പേ പഴുപ്പിക്കണമെന്ന മനോഭാവമുള്ള സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ അത്ഭുതമല്ല എന്ന് പറയേണ്ടി വരും. അതല്ല, ഇതൊരു വ്യാജ സംഭവം ആണെങ്കില്‍ അത്തരം പ്രചരണം നടത്തുന്നവര്‍ ‘ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാം’ എന്നാണ് പുതുതലമുറയെ പഠിപ്പിക്കുന്നത് എന്ന് ഖേദപൂര്‍വ്വം പറയണം. സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികലയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് അവസാന വിവരം. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുന്നത് നോക്കിയിരിപ്പാണ് ഒച്ചപ്പാട്.
തിരുവനന്തപുരം കുടപ്പനക്കുന്നിനടുത്തെ ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ അടുത്തിരിക്കുന്ന കുട്ടിയോട് സംസാരിച്ചന്നെ കുറ്റത്തിന് വിദ്യാര്‍ഥിയായ അഞ്ചു വയസ്സുകാരനായ അഭിഷേകിനെ പട്ടിക്കൂട്ടില്‍ അടച്ചെന്നാണ് ആരോപണം. പാതിരപ്പള്ളിയിലെ ജോമോന്‍- സിമി ദമ്പതികളുടെ മകനാണ്. ഇതേ സ്കൂളില്‍ തന്നെ പഠിക്കുന്ന കുട്ടിയുടെ ചേച്ചിയോട് ശിക്ഷയെ കുറിച്ച് പുറത്തു പറയരുതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികല ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുണ്ട്.  കഴിഞ്ഞ ദിവസം അച്ഛനും അമ്മക്കുമൊപ്പം കോവളത്തെ ബന്ധുവീട്ടില്‍ പോയപ്പോള്‍ കുട്ടികള്‍ തമ്മില്‍ സംസാരിക്കുന്നതു കേട്ടാണ് വിവരം പുറത്തറിഞ്ഞതെന്നും തുടര്‍ന്ന് പരാതി നല്‍കുകയും ചെയ്തെന്നാണ് വിവരം.

പരീക്ഷയില്‍ കുട്ടികള്‍ക്ക് മാര്‍ക്ക് കുറയുമെന്ന് തോന്നിയാല്‍ എഴുതിയത് മായ്ച്ച് ശരിയായ ഉത്തരമെഴുതാന്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുള്ള സ്വകാര്യ സ്കൂളുകള്‍ മലയാളനാട്ടിലും പുറത്തും ഏറെയുണ്ട്. വളരെക്കുറഞ്ഞ കാലം മാത്രമാണെങ്കിലും സ്കൂള്‍ അധ്യാപിക ആയിരുന്ന ഒച്ചപ്പാടിനിക്കാര്യം കേട്ടുകേള്‍വിയല്ല. മാര്‍ക്ക് കുറഞ്ഞാല്‍ സ്ഥാപനത്തിന്‍െറ ‘സല്‍പ്പേര്’ പൊയ്പ്പോകുമെന്ന അബദ്ധധാരണയുള്ള സ്കൂള്‍ അധികൃതരും മാതാപിതാക്കളും മക്കളെ ഏതുവിധേനയും ഉന്നതമാര്‍ക്കുകാരാക്കാന്‍ എന്തും ചെയ്യുന്നവരാണ്. പണം മാത്രം ലക്ഷ്യമിടുന്ന ഒന്നിനും ധാര്‍മികത വേണമെന്ന് നമ്മുക്ക് ആഗ്രഹിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു. ഇതിപ്പോള്‍ തുടങ്ങിയതാണെന്ന തെറ്റിദ്ധാരണയും വേണ്ട. മലയാളത്തില്‍ സംസാരിച്ചതിന് തലമൊട്ടയടിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളിനെ കുറിച്ച് നമ്മള്‍ പണ്ടേക്ക് പണ്ടേ കേട്ടിട്ടുണ്ട്. അന്നും നമ്മള്‍ മലയാളികള്‍ ഏറെ ധാര്‍മ്മിക രോഷം കൊണ്ടിട്ടുമുണ്ട്. എന്നിട്ടും ഒട്ടും മാറിയിട്ടില്ല, ഒന്നും.

നമ്മള്‍ ഓര്‍ക്കേണ്ട പല കാര്യങ്ങളുമുണ്ട്. കുഞ്ഞുങ്ങള്‍ യന്ത്രങ്ങളല്ല. ഓരോ കുഞ്ഞും മറ്റ് കുഞ്ഞുങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തരാണ്. അവരുടെ പ്രത്യേക കഴിവുകളും അഭിരുചികളും എന്തെന്ന് കണ്ടത്തെുകയാണ് മാതാപിതാക്കളുടേയും അധ്യാപകരുടേയും പ്രധാനവും ആത്യന്തികവുമായ കടമ ആയിരിക്കേണ്ടത്. അല്ലാതെ അച്ച്കൂട്ടില്‍ ഒരേ മുഖവും മുന്‍ നിശ്ചയിക്കപ്പെട്ട കഴിവുകളും ഒരേ സ്വരവും ഉള്ള കുഞ്ഞുങ്ങളെയാണ് നമുക്ക് വേണ്ടതെങ്കില്‍ ഡി.എന്‍.എ തിരുത്തിയ ശേഷം ക്ളോണ്‍ ചെയ്ത് സൃഷ്ടിച്ചാല്‍ മതിയാകുമല്ളോ!  അപ്പോള്‍ പക്ഷേ, റോബോട്ട് കുഞ്ഞുങ്ങള്‍ക്ക് സ്കൂളിന്‍െറ ആവശ്യവും വേണ്ടിവരില്ല.

പട്ടിയെ കൂട്ടില്‍ നിന്നും പുറത്തിറക്കിയതിനുശേഷമായിരുന്നു ശിക്ഷയെന്ന് തിരുവനന്തപുരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു .  പട്ടിയുടെ കൂടെ നിറുത്തിയില്ലല്ളോ , അതിനെങ്കിലുമുള്ള കരുണ അവശേഷിച്ചല്ളോ എന്ന സമാധാനവുമായി ഒച്ചപ്പാട് ഉറങ്ങാന്‍ പോകുന്നു.

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...