2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

കരയരുത്.... പകരം, കണ്ണീരുരുക്കി കാച്ചി പരത്തി പിച്ചാത്തിയാക്കുക...

IPCNA അവാര്‍ഡ്‌ നേടിയ ആര്‍ട്ടിക്കിള്‍ 

പെണ്‍കുട്ടികളേ, കരയരുത്!
ചതിയുടെ കൂടാരമാണ് ഈ ലോകം. നിഷ്കളങ്കതയുടെ മുഖംമൂടിക്കകത്ത് കൊടുംചതിയുടെ മിഴിമിന്നലുകള്‍ കൊണ്ടു നടക്കുന്നവരുടെ ലോകം! കൂടെ നടക്കുന്നവര്‍ തന്നെ ചെന്നായ്ക്കളാകുമ്പോള്‍ ആര്‍ക്ക് ആരെ എങ്ങനെ ഹൃദയപൂര്‍വ്വം വിശ്വസിക്കാനാകും? ആ മിന്നലുകള്‍ തിരിച്ചറിയാത്തിടത്തോളം കാലം നാം ഓരോരുത്തരും വഞ്ചനയുടെ പടുകുഴിയില്‍ വീണുകിടക്കേണ്ടി വരും. ഷൊര്‍ണൂരില്‍ സൌമ്യയെ മരണത്തിലേക്കു തള്ളിയിട്ടതു പോലെ ചിലരെ നാം മന:പ്പൂര്‍വ്വം തള്ളിയിടുകയും ചെയ്യും.അതിക്രൂരമായ അന്ത്യമാണ് ഷൊര്‍ണൂരില്‍ സൌമ്യക്കുണ്ടായത്. തള്ളിയിട്ട ശേഷം ട്രാക്കില്‍ തലയിടിച്ച് അയാള്‍ ആദ്യം പാതി ജീവന്‍ കവര്‍ന്നു, പിന്നെ മാനവും.

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഈ ഇവിടെ ക്ലിക്ക് ചെയ്യുക
സൌമ്യ ഒരു രക്തസാക്ഷിയാണ്. ആ പെണ്‍കുട്ടിയുടെ മാനവും ജീവനും ഒരു ഒറ്റക്കയ്യന്റെ കാമപരാക്രമങ്ങള്‍ക്കു വേണ്ടി ബലി നല്‍കപ്പെട്ടു. ഞെട്ടലോടെയാണ് മലയാളി ആ വാര്‍ത്ത കേട്ടത്. അതിലധികം രോഷമുണ്ടായത് കണ്ടിട്ടും കാണാത്ത പോലെ യാത്ര തുടര്‍ന്നവരോടാണ്്. പെങ്ങള്‍ മരിച്ചെന്നറിഞ്ഞ നിമിഷം ഇളയ കൂടപ്പിറപ്പിന്റെ ആത്മരോദനം കേട്ടു നിന്നവരുടെ നെഞ്ചു പറിച്ചു കളഞ്ഞു. 'എന്റെ പൊന്നേ, നീ പോയില്ലേ....എന്ന കരച്ചിലില്‍ കരളുടക്കി കുഴഞ്ഞുപോയവര്‍ ഏറെയാണ്. എന്തു തെറ്റു ചെയ്തു ആ അമ്മക്ക് ഈ വിധി വരാന്‍? അയല്‍വീടുകളില്‍ പാത്രം കഴുകിയും മുറ്റമടിച്ചും സമ്പാദിച്ച ഒറ്റരൂപാത്തുട്ടുകള്‍ എണ്ണിപ്പെറുക്കി നല്‍കിയാണ് ആ അമ്മ മകളെ പഠിപ്പിച്ചത്. ഒടുവില്‍ അമ്മയുടെ മേലുവേദനക്ക് മരുന്നു വാങ്ങാന്‍ തികയുന്നത്ര മാത്രം പണം സമ്പാദിച്ചു തുടങ്ങിയപ്പോഴേക്കും വിധി അവളെ ക്രൂരമായി കൊന്നു കളഞ്ഞു. അയാളെ കൊന്നുകളയണമെന്നാണ് കേട്ടവര്‍ കേട്ടവര്‍ പ്രതികരിച്ചത്. പക്ഷേ, നമ്മുടെ പ്രവൃത്തികളും ആ കൊലപാതകത്തിന് തുണയേകിയെന്ന വസ്തുതയില്‍ നിന്നും ആര്‍ക്കും കൈ കഴുകി മാറിനില്‍ക്കാനാകില്ല.
സൌമ്യ മാത്രമല്ല, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ കണക്കനുസരിച്ച് 2000 മുതലുള്ള ഒമ്പത് വര്‍ഷങ്ങള്‍ക്കിടക്ക് രാജ്യമൊട്ടാകെ 289 പെണ്‍കുട്ടികള്‍ക്ക് അവരുടെ മാനം നഷ്ടപ്പെട്ടു. 2009, 2010 വര്‍ഷങ്ങളിലെ കണക്കുകള്‍ ആര്‍.പി.എഫ് ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്രക്കും സുരക്ഷിതമല്ലേ നമ്മുടെ ട്രെയിനുകള്‍? സുരക്ഷിതമല്ലാത്ത യാത്രാസാഹചര്യങ്ങളുണ്ടെന്ന വസ്തുത മാറ്റിവച്ചാലും സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ നമുക്ക് മനസില്ലാത്തതാണ് പ്രധാന പ്രശ്നം. ലേഡീസ് കംപാര്‍ട്മെന്റിലേ പെണ്ണുങ്ങള്‍ കയറാവൂ എന്നു പറഞ്ഞു പഠിപ്പിക്കുന്ന വീട്ടുകാര്‍ മുതല്‍ എല്ലാവരും കുറ്റക്കാരാണ്. പെണ്ണുങ്ങള്‍ ജനറല്‍ കംപാര്‍ട്മെന്റില്‍ കയറി ശീലിക്കട്ടെ! അവളോട് മോശമായി പെരുമാറുന്നവരോട് ചുണയോടെ പ്രതികരിക്കട്ടെ! അതു കണ്ടു നില്‍ക്കുന്നവരില്‍ ചിലരെങ്കിലും അവളെ സഹായിക്കാനുണ്ടാകും. അല്ലാതെ അടങ്ങിയൊതുങ്ങി കരഞ്ഞുപിഴിഞ്ഞ് മൂലക്കിരിക്കാനല്ല നാം പറഞ്ഞുകൊടുക്കേണ്ടത്.
യാത്രക്കാരാ, നിങ്ങളുടെയൊപ്പം ജനറല്‍ കംപാര്‍ട്മെന്റില്‍ കയറുന്ന സ്ത്രീ യാത്രക്കാരികളോട് എന്തിനിവിടെ ഇരിക്കുന്നു, ലേഡീസില്‍ ചെന്നിരിക്കരുതോ എന്നു ചോദിക്കല്ലേ.. ഇന്ത്യന്‍ റെയില്‍വേയുടെ ദുഃശീലങ്ങള്‍ മാറ്റാന്‍ നമുക്ക് കഴിയാത്തിടത്തോളം കാലം അവള്‍ക്കിഷ്ടമുള്ളിടത്ത് ഇരിക്കാന്‍ അവളെ അനുവദിക്കുക. ലേഡീസ് കംപാര്‍ട്മെന്റിലെ അരക്ഷിതാവസ്ഥയിലേക്ക് പറഞ്ഞയച്ച് അവള്‍ക്കൊരു അപകടമുണ്ടാക്കല്ലേ! രാത്രികളില്‍ പുറത്തേക്കിറങ്ങിയാല്‍ പെണ്ണിനെ വെറുതെ വിടാത്തവരാണ് മലയാളി പകല്‍മാന്യന്‍മാര്‍! പ്ലാറ്റ്ഫോമില്ലാത്തയിടങ്ങളില്‍ ട്രാക്കിലേക്കിറങ്ങവേ വീണു പരിക്കേല്‍ക്കുന്ന പെണ്ണ് നമ്മുടെ അമ്മയോ പെങ്ങളോ ആണെങ്കില്‍ ആര്‍ക്കെങ്കിലും സഹിക്കുമോ? അവളുടെ ജീവനും മാനവും നഷ്ടപ്പെട്ടാല്‍ സൌമ്യയുടെ അമ്മയെപ്പോലെ നമുക്കും കരയേണ്ടിവരും. അത്തരം കരച്ചിലുകളൊഴിവാക്കാന്‍ എല്ലാവരും കൈകോര്‍ത്തു പിടിച്ച് അധികൃതരോട് സഹായം അഭ്യര്‍ത്ഥിക്കുക. അപേക്ഷ അവഗണിച്ചാല്‍ കൂടുതല്‍ ശക്തമായി പ്രതിഷേധിക്കുക.
പെണ്‍കുട്ടികളേ, കരയരുത്! ഒരു തുള്ളി കണ്ണീരു പോലും വെറുതെ കളയരുത്. പകരം കണ്ണീരുരുക്കി കാച്ചി പരത്തി പിച്ചാത്തിയുണ്ടാക്കുക. ഈ ഭൂമി സ്ത്രീകള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. അമ്മമാരെ, അനുവാദമില്ലാതെ മേലുതൊടുന്നവരെ ശരിപ്പെടുത്താന്‍ പെണ്‍മക്കള്‍ക്ക് മനക്കരുത്ത് പകരുക! നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞത് അവരുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശമെങ്കിലും നല്‍കുക. ആ ബോധ്യവും ആത്മാഭിമാനവും കൈമുതലാക്കാന്‍ സാഹചര്യമൊരുക്കുക. അല്ലെങ്കില്‍ അക്രമമുണ്ടാകുമ്പോള്‍ അലറിക്കരയാന്‍ മാത്രം പഠിച്ചു വച്ച പെണ്‍പാവക്കുട്ടികള്‍ സമൂഹത്തില്‍ പെരുകും. അങ്ങനെ വന്നാല്‍ പെണ്ണിന്റെ ഉടലിനു വേണ്ടി ഉഴറി നടക്കുന്നവര്‍ നമ്മുടെ സ്വന്തം പെണ്‍കുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയാല്‍ അലറിക്കരയേണ്ടി വരുന്നത് നമുക്കാകുമെന്നോര്‍ക്കുന്നതു നന്ന്!വൈകുന്നേരങ്ങളില്‍ വരാന്‍ സൌമ്യയില്ല;
ഏകാന്തതയോട് കൂട്ടുകൂടി അമ്മ ഇവിടെയുണ്ട്                                            


കൊച്ചി: ഈ വീട്ടില്‍ ഈ അമ്മ തനിച്ചാണ്. വൈകുന്നേരങ്ങളില്‍ വരാറുള്ള സൌമ്യ ഓര്‍മ മാത്രമായിട്ട് ഇന്നേക്ക് ഒരു മാസം. കുടുംബം പോറ്റാനുള്ള തത്രപ്പാടില്‍ ഷൊര്‍ണൂരിലും പരിസരത്തും കാര്‍ ഓടിക്കുന്ന  മകന്‍ സന്തോഷ് പാതിരാത്രിക്ക് കയറി വരുന്നതു വരെ സുമതിയെന്ന അമ്മക്ക് കൂട്ട് മകളുടെ ഓര്‍മകള്‍ മാത്രം.
വീണ്ടുമൊരു വനിതാ ദിനം കടന്നുപോകുന്നു. ഷൊര്‍ണൂരില്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയ സൌമ്യയെയും ഓര്‍ക്കാന്‍ ഈ വനിതാ ദിനം. ഒരു മാസം പിന്നിടുമ്പോഴും മഞ്ഞക്കാട്ടുള്ള വാടകവീട്ടില്‍ സങ്കടം  പങ്കുവെക്കാന്‍ ആളുകളെത്തുന്നുണ്ട്. അവര്‍ക്കൊപ്പവും ഏകാന്തതയിലും കരഞ്ഞുകരഞ്ഞ് ഈ അമ്മക്കിപ്പോള്‍ കണ്ണുനീര് വറ്റിപ്പോയിരിക്കുന്നു. മരണത്തിന്റെ റെയില്‍വേ പാളത്തിലേക്ക് വീഴുന്നതു വരെ വാതോരാതെ സംസാരിച്ച സൌമ്യയെക്കുറിച്ച് പറയുമ്പോള്‍  സുമതി തളര്‍ന്നുപോകുന്നു. ഇവരിപ്പോള്‍ പുറത്തിറങ്ങാറില്ല. മകളുടെ ദാരുണ അന്ത്യത്തെക്കുറിച്ചുള്ള നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ക്ക് കരളു പിടയുന്നു. 30 ദിവസങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ്  പുറത്തേക്കൊന്നിറങ്ങിയത്. അയല്‍വാസികളുടെയും നാട്ടുകാരുടെയും ദയനീയ നോട്ടങ്ങള്‍ സങ്കടം വര്‍ധിപ്പിക്കുന്നെന്ന് തോന്നിയപ്പോള്‍ ഉടന്‍ മടങ്ങി. ഈ മാസം 18 നാണ് സൌമ്യ മരിച്ചതിന്റെ 41 ാം  ദിനം. അന്നത്തെ ചടങ്ങുകള്‍ക്ക് ശേഷം കഴിയുമെങ്കില്‍ പഴയ വീട്ടുജോലിയിലേക്ക് മടങ്ങണമെന്നുണ്ട്. എന്നാല്‍, മനസ്സിനൊപ്പം തളര്‍ന്ന ശരീരം അനുവദിക്കുമെന്നുറപ്പില്ല.
സൌമ്യ മരിച്ചപ്പോള്‍ മാത്രം അടുത്തുണ്ടായിരുന്ന അച്ഛന്‍ ഈ അമ്മയെ വീണ്ടും തനിച്ചാക്കി മടങ്ങിപ്പോയി. കാണാന്‍ വരുന്നവര്‍ നല്‍കുന്ന ചെറിയ തുക മരുന്നിന് നീക്കി വെക്കും. റെയില്‍വേ തന്ന മൂന്നു ലക്ഷം കൈയിലുണ്ട്. അതുപയോഗിച്ച് ചെറിയൊരു സ്ഥലവും വീടും വാങ്ങണമെന്നുണ്ട്. എന്നാല്‍, അതുകൊണ്ട് മാത്രം തികയില്ല. പ്രതിമാസം 2000 രൂപയാണ് ഇപ്പോഴുള്ള വീടിന്റെ വാടക. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടിയാല്‍ ഈ കുടുംബം രക്ഷപ്പെടുമെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. റെയില്‍വേയുടെ അനാസ്ഥക്കെതിരെയും നഷ്ടപരിഹാരം കൊടുക്കാന്‍ വൈകിയതിനെതിരെയും ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ആരെയും വിഷമിപ്പിച്ചുകൊണ്ടുള്ള പണം വേണ്ടെന്നാണ് സുമതിയുടെ നിലപാട്.സങ്കടം പറയാനും പങ്കുവെക്കാനും സഹായിക്കാനും ഏറെ പേര് കൂട്ടുവന്നു. അതിനാല്‍ ആരോടും ഒന്നും ചോദിക്കാനില്ലെന്നും ഈ അമ്മ പറയുന്നു. എങ്കിലും ഇവരെ സഹായിക്കാന്‍ ഈ വനിതാ ദിനത്തിലെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് സൌമ്യയുടെ കുടുംബത്തിന്റെ അഭ്യുദയകാംക്ഷികള്‍.   ( published in Madhyamam on World Women's Day of  2011)
എന്നിട്ട് എന്തുണ്ടായി?  താഴെ വാര്‍ത്ത വായിക്കൂ...
തൃശൂര്‍ : ഷൊര്‍ണൂരില്‍ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് കൊല ചെയ്ത സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ആശുപത്രി -ശവ സംസ്‌കാ...ര ചെലവുകള്‍ അമ്മ സുമതിയില്‍നിന്ന് ഈടാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു ലക്ഷത്തിന്റെ നഷ്ടപരിഹാര തുകയില്‍ നിന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി ശവ സംസ്‌കാര ചെലവുകളായി 30,000 രൂപ ഈടാക്കിയത്. പ്രഖ്യാപിച്ച മൂന്നു ലക്ഷം ദുരന്തം സംഭവിച്ച് ഒരു മാസം തികഞ്ഞിട്ടും നല്‍കിയില്ലെന്ന വാര്‍ത്ത വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് മൂന്നു ദിവസത്തിന് ശേഷം തുക കൈമാറിയത്.സൗമ്യ മരിച്ചെന്നു തെളിയിക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു ആദ്യ നിലപാട്. ഒടുവില്‍ കഴിഞ്ഞ 11 ന് തുക കൈമാറുമ്പോഴും ഏറെ നിബന്ധനകള്‍ മുന്നോട്ടുവെച്ചു. പത്ത് വര്‍ഷത്തിലധികമായി കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്ന സൗമ്യയുടെ പിതാവ് എന്നു വന്ന് ആവശ്യപ്പെട്ടാലും തുകയില്‍നിന്ന് വിഹിതം നല്‍കണമെന്ന് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കിയാലേ പണം കൈമാറൂ എന്നായിരുന്നു നിബന്ധന.മുദ്രപ്പത്രത്തിന്റെ150 രൂപയും സുമതിയില്‍ നിന്ന് ഈടാക്കി. പുറത്തു നിന്ന് ജാമ്യക്കാരെ കൊണ്ടുവന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിടണമെന്നും ഒറ്റപ്പാലം തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം വില്ലേജോഫിസര്‍ ആവശ്യപ്പെട്ടു. സുമതിയെയും സൗമ്യയുടെ അനുജന്‍ സന്തോഷിനെയും ഏറെ വലച്ചാണ് അധികൃതര്‍ പണം ചെക്കായി നല്‍കിയത്. ഇപ്പോള്‍ വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബം സ്വന്തമായി ഒരു ചെറു കൂരയിലേക്ക് താമസം മാറ്റാനുള്ള ശ്രമത്തിലാണ്.
റെയില്‍വേ നല്‍കിയ മൂന്നു ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതും കൂട്ടിയാണ് വീടുപണി തുടങ്ങുന്നത്. അന്ന് സൗമ്യക്ക് നഷ്ടപരിഹാരത്തുക, സമയത്ത് നല്‍കിയില്ലെന്ന് സംസ്ഥാന സര്‍ക്കാറും റെയില്‍വേയെ കുറ്റപ്പെടുത്തിയിരുന്നു. ജനങ്ങളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ തൊട്ടടുത്ത ദിവസം തന്നെ പണം കൈമാറി. അനുജന്‍ സന്തോഷിന് റെയില്‍വേയില്‍ ജോലി നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സൗമ്യയുടെ വിഷയത്തില്‍ പരസ്‌പരം ചളി വാരിയെറിഞ്ഞ സര്‍ക്കാറും ആഘോഷമാക്കിയ മാധ്യമങ്ങളും പിന്നീട് സുമതിയെ തിരിഞ്ഞു നോക്കിയതേ ഇല്ല. (വി. ആര്‍. രാജമോഹന്‍)The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...