2013, ഡിസംബർ 27, വെള്ളിയാഴ്‌ച

സ്ത്രീക്ക് അവസര തുല്യത


വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, സ്വത്ത്കൈമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ജാതി മത ഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഒരേ നിയമം മതിയെന്ന് സംസ്ഥാനത്തെ സ്ത്രീകള്‍. ഇക്കാര്യങ്ങളില്‍ സ്ത്രീകളോട് അഭിപ്രായം തിരക്കാതെ വിവിധ മത-രാഷ്ട്രീയ –സാമുദായിക നേതാക്കള്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും വെളിപ്പെടുത്തല്‍.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
പരിഷത്ത് പുറത്തിറക്കിയ ‘ സ്ത്രീ പഠനം- കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു ‘ എന്ന പുസ്തകത്തിലാണ് ഈ സര്‍വേ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സമൂഹത്തിലെ പ്രധാനപ്രശ്‌നങ്ങളില്‍ സ്ത്രീകളുടെ അഭിപ്രായ സമന്വയവും അതിന്റെ പുരോഗമന സ്വഭാവവും പ്രത്യാശ നല്‍കുന്നതാണ് എന്ന് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലെ അംഗങ്ങളായ എന്‍.ശാന്തകുമാരി, ടി. രാധാമണി എന്നിവര്‍ വ്യക്തമാക്കി.
സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗികവിദ്യാഭ്യാസം നല്‍കുക, 
 ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഒരുനിയമം മതി  , സ്ത്രീകള്‍ക്ക് സംവരണം വേണം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ 85 ശതമാനം വരെ സ്ത്രീകള്‍ ഒരേ അഭിപ്രായം രേഖപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.
മുതിര്‍ന്ന സ്ത്രീകളുടെ അവസ്ഥ, യുവതലമുറയുടെ മുഖ്യ പരിഗണന , കുടുംബം, പൊതു ഇടം, തൊഴില്‍ പങ്കാളിത്തം എന്നീ തലക്കെട്ടുകളില്‍ ആണ് സര്‍വേ നടത്തിയത് . പഠനത്തില്‍ കേരളത്തിലെ മൊത്തം കുടുംബങ്ങളെ വരുമാനം, ചെലവ്, ആസ്തികള്‍ തുടങ്ങിയ വ്യത്യസ്ത സൂചകങ്ങളുടെ അടിസ്ഥാനപ്പെടുത്തി.  അതിദരിദ്രര്‍, ദരിദ്രര്‍, താഴ്ന്ന ഇടത്തരക്കാര്‍, ഉയര്‍ന്ന ഇടത്തരക്കാര്‍ എന്നീ വിഭാഗങ്ങളില്‍ തന്നെ മത, ജാതി വിഭാഗങ്ങള്‍ തിരിച്ചും യുവജനങ്ങള്‍, വൃദ്ധജനങ്ങള്‍ എന്നിവ തിരിച്ചുമാണ്  പഠനവിവരങ്ങളെ വിശകലന വിധേയമാക്കിയത്.

സ്ത്രീകളില്‍ ഭൂരിപക്ഷവും വീട്ടമ്മമാരായി  ഒതുങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്നു  . ആധുനിക വിദ്യാഭ്യാസം നേടുന്ന സ്ത്രീകള്‍ പോലും വീട്ടമ്മയാകുന്നതാണ് അഭീലഷണീയം എന്ന രീതിയില്‍ തീരുമാനമെടുക്കുന്നതിലേക്ക് സമൂഹം അവളെ എത്തിക്കുന്നു. തൊഴിലെടുത്ത് സ്വന്തം കാലില്‍ നില്‍ക്കാനല്ല പകരം നല്ല വീട്ടമ്മയാവാനാണ് പരിശീലനം നല്‍കുന്നത്. അതിനായി അവളുടെ സ്‌ത്രൈണതയ്ക്ക് അതിഭാവുകത്വം കല്‍പ്പിക്കുകയും വീട് ഒറ്റയ്ക്ക് ഭരിക്കാനുള്ള ശേഷി ഉള്ളവളാക്കാനുള്ള ശ്രമം നടക്കുകയും ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു .


അധികാരഘടനയില്‍ പങ്കാളികളാവുക വഴി തീരുമാനങ്ങളെടുക്കുന്നതിനും നടപ്പിലാക്കുന്നതിനും അവസരം ലഭിക്കുന്നു.  സാമ്പത്തിക സ്വാശ്രയത്വവും സ്ത്രീകളുടെ സ്വതന്ത്രമായ വികാസത്തിനും മുന്നേറ്റത്തിനും ഈ പങ്കാളിത്തം അനിവാര്യമാണ്. ഇതിനാവശ്യമായ പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയമായി ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും സ്ത്രീപ്രശ്‌നത്തിലെ രാഷ്ട്രീയം  ഇനിയും തിരിച്ചറിയേണ്ടതുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.  ഒമ്പത് മാസം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.


പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളമൊട്ടാകെ ബോധവല്‍ക്കരണം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പരിഷത്ത്‌. രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും വിഷയം ഏറ്റെടുക്കണമെന്നും ഇടപെടലുകള്‍ നടത്തണമെന്നും പരിഷത്ത് ആവശ്യപ്പെടും.  പഠനത്തില്‍ ഉള്‍പ്പെട്ട യുവതലമുറയുടെ പ്രതികരണങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എറ്റവും ഉയര്‍ന്ന പരിഗണന
, വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയും തൊഴില്‍നേടലിനുമാണ്. 85% പേര്‍ ഇങ്ങനെ ചിന്തിക്കുമ്പോള്‍ 10% മാത്രമാണ് വിവാഹത്തിന് മുന്‍ഗണന നല്‍കുന്നത്. 96% യുവതികളും ആര്‍ഭാടവിവാഹത്തെ അനുകൂലിക്കുന്നില്ലായെന്ന അഭിപ്രായവും ശ്രദ്ധേയമാണ്.

2013, ഡിസംബർ 19, വ്യാഴാഴ്‌ച

ആലിയും ഒലിവിയയും


കാന്‍സര്‍ ബാധിച്ചു മരിച്ചു പോയ ഭാര്യയുടെ ഓര്‍മകളെ അത്ര വേഗം മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ബെന്നിന് കഴിയില്ല. അത് കൊണ്ട് തന്നെ ഭാര്യ ആലി മരിച്ചു രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ബെന്‍ നനേരി മകള്‍ ഒലിവിയക്കൊപ്പം കൌതുകവും സ്നേഹവും വാല്‍സല്യവും നിറഞ്ഞ ഫോട്ടോ ഷൂട്ട്‌ സംഘടിപ്പിച്ചത്. ആലിയുടെ സഹോദരി മെലാനി പേസ് ആണ് ഫോട്ടോഗ്രാഫര്‍. അവരുടെ വീടും ഈ ചിത്രങ്ങളിലെ ഒരു പ്രധാന കഥാപാത്രമാണ്.
റോക്ക് പിങ്ക് ഫോര്‍ ആലി എന്ന ബ്ലോഗില്‍ ബെന്‍  കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്  മൂന്നു വയസുകാരി ഒലിവിയ ഈ അച്ഛന്റെ പൊന്നുമോളാണ്. ഭാര്യക്കൊപ്പം വിവാഹ ദിവസം എടുത്ത ചിത്രങ്ങളുടെ അതെ പശ്ചാത്തലം ഒരുക്കി മകള്‍ക്കൊപ്പം  പുന:സൃഷ്ടിച്ചപ്പോള്‍ അത്  ഹൃദയസ്പര്‍ശിയായി.      ‘ഇതൊരു സ്നേഹ ഗാഥ’  എന്നാണു ബെന്‍ പറയുന്നത്.  അമേരിക്കയിലെ ഓഹിയോയിലെ സിന്നന്നാട്ടി സിറ്റിയില്‍  വിവാഹത്തിനു തൊട്ടു തലേന്നാണ് ബെന്‍ ഈ വീട് വാങ്ങിയത്. വിവാഹം കഴിഞ്ഞ് പള്ളിമേടയില്‍ നിന്നും ഈ വീട്ടിലേക്കാണ് വന്നത്. അന്ന് മുതല്‍ ആലിയുടെയും ബെന്നിന്റെയും സ്വര്‍ഗമാണ് ആ വീട്. അടുത്തുള്ള ഒരു സ്കൂളില്‍ ടീച്ചറായിരുന്നു ആലി. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഈ സ്വര്‍ഗത്തില്‍ ഒലിവിയ  ജനിച്ചു. അവളുടെ ജനനം കഴിഞ്ഞ് അല്‍പ നാളുകള്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആ ദുഃഖ സത്യം അറിയുന്നത്- ആലിക്ക് ശ്വാസകോശ അര്‍ബുദമാണ്. ബെന്നിന്റെ തന്നെ വാക്കുകളില്‍ ‘’ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു’

ഒലിവിയക്ക് ഒരു വയസായപ്പോള്‍ ആലി മരിച്ചു. തീര്‍ത്തും നിരാശയിലും വേദനയിലും ഓരോ ദിനവും ബെന്‍ തള്ളി നീക്കി. മകളാണ് ഒരേയൊരു ആശ്വാസം. ഡാഡിയെ പിരിഞ്ഞ് ഒരു നിമിഷം പോലും ഈ കുഞ്ഞിനു കഴിയാനാകില്ല. ഇടക്കെപ്പോഴോ വിവാഹ ദിനത്തില്‍ എടുത്ത ഫോട്ടോകള്‍ നിറഞ്ഞ ആല്‍ബം പരിശോധിക്കുമ്പോഴാണ് ഇങ്ങനെയൊരു ആശയം ഉണ്ടായത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും ആലിയുടെ സഹോദരിയുമായ മെലാനിയോടു വിവരം പറഞ്ഞു. മെലാനി തന്നെയാണ് അവരുടെ വിവാഹ ദിനത്തിലും ഫോട്ടോ എടുത്തത്‌. ആഗ്രഹം കേട്ടപ്പോള്‍ മെലാനി ഉടനെത്തി. അച്ഛന്‍ മകളെ ഒരുക്കി. വീടിന്റെ പ്രധാന വാതിലിനു മറവില്‍ നിന്നെടുത്തത്, ചുമരില്‍ ചാരി നിന്ന് പരസ്പരം നോക്കുന്നത്, തലമുടിയില്‍ ചുരുളുകള്‍ ഉണ്ടാക്കുന്നത്, ഗോവണി പടിയില്‍ ഇറങ്ങി വരുന്നത്, കൈകോര്‍ത്ത് ഒരുമിച്ചു നില്‍ക്കുന്നത് തുടങ്ങോയ പടങ്ങള്‍ ഏറെ ഹൃദയഹാരിയാണ്, മകളുമൊത്തുള്ള ഫോട്ടോകള്‍ ഭാര്യ ആലിക്ക് ഈ യുവാവ് സമര്‍പ്പിച്ചിരിക്കുന്നു.

2013, ഡിസംബർ 16, തിങ്കളാഴ്‌ച

'ഒരു നിമിഷത്തെക്കാണ്, എങ്കിലും'


ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ജീവിതത്തില്‍ ഒന്നിനെ കുറിച്ചും വ്യാകുലപ്പെടാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര സന്തോഷമായേനെ! ജീവിതം നരകതുല്യമായ അസുഖങ്ങള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കുന്നവര്‍ക്ക് ഈയൊരു ആശ സ്വപ്നം കാണാന്‍ പോലും കഴിയാറില്ല. പക്ഷെ, അങ്ങനെ ഒരു നിമിഷം വന്നെങ്കില്‍ എന്ത് സംഭവിക്കും എന്ന് വെളിവാക്കുന്ന ഒരു വീഡിയോ ഇന്‍്റര്‍നെറ്റ് ലോകത്ത് വൈറല്‍ ആകുകയാണ്.

' if only for a second' എന്ന പേരിലുള്ള ഈ വീഡിയോ ഒരാഴ്ച കൊണ്ട് ഒരു കോടിക്ക് മേല്‍ ആളുകള്‍  കണ്ടു കഴിഞ്ഞു. ബെല്‍ജിയം ആസ്ഥാനമായി കാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മിമി ഫൗണ്ടേഷന്‍ അത്തരമൊരു സന്ദര്‍ഭം ഒരുക്കി. തെരഞ്ഞെടുക്കപ്പെട്ട 20 രോഗികള്‍. അവരെ ഒരു മേക് അപ്പ് സ്റ്റുഡിയോയില്‍ പ്രവേശിപ്പിച്ചു. അവരുടെ ജീവിത കഥ ചോദിച്ചറിഞ്ഞു. ആഗ്രഹങ്ങള്‍ ആരാഞ്ഞു. ഒടുവില്‍ ഓരോരുത്തരെ സ്റ്റുഡിയോയിലെ കണ്ണാടിക്കു മുന്നില്‍ കൊണ്ട് വന്നിരുത്തി . പലര്‍ക്കും അല്പം മുടിയോ ചിലര്‍ക്ക് മൊട്ടത്തലയോ ആയിരുന്നു ഉണ്ടായിരുന്നത് .

 മേക്ക് അപ്പ് അവസാനിച്ച ശേഷം മാത്രമേ കണ്ണ് തുറക്കാവൂ എന്ന് അവരോടു ആവശ്യപ്പെട്ടിരുന്നു. മേക്കപ്പിന് ശേഷം അവരെ മറ്റൊരു വലിയ കണ്ണാടിക്കു മുന്നില്‍ ഇരുത്തി. ആ കണ്ണാടിക്കു പുറകില്‍ ഒരു ക്യാമറ മാന്‍ നിലയുറപ്പിച്ചിരുന്നു. 

കണ്ണ് തുറന്നു സ്വയം കാണുമ്പോള്‍ ഉള്ള അവരുടെ ഭാവം പകര്‍ത്താനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. ഒടുവില്‍ ഊഴം വന്നു. കണ്ണ് തുറന്ന അവര്‍ അത്ഭുതവും സന്തോഷവും അഭിമാനവും കൊണ്ട് കണ്ണ് മിഴിച്ചു. ചിലര്‍ മതി മറന്നു ചിരിച്ചു. അതെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അവ പിന്നീട് രോഗികള്‍ക്ക് മുന്നില്‍ വലിയ കാന്‍വാസുകളിലാക്കി ചുമരില്‍ പ്രകാശിപ്പിച്ചു. ഓരോ ചിത്രങ്ങളില്‍ നിന്നും മറ നീക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ മനസ് നിറഞ്ഞ് ചിരിച്ചു. അത് പുസ്തകമായി ഇറക്കിയത് രോഗികള്‍ ബന്ധുക്കളുമായി നോക്കുന്നതും ആഹ്ളാദിക്കുന്നതുമാണ് അവസാന കാഴ്ച.

മാധ്യമം ഓണ്‍ലൈനില്‍ വാര്‍ത്ത കാണാം 


2013, ഡിസംബർ 15, ഞായറാഴ്‌ച

തെരുവ് ഫാഷന്‍ ഷോ

ഹോളിവുഡ്‌ ചിത്രങ്ങളിലേതു പോലെ വിരിഞ്ഞ, വര്‍ണശബളിമായാര്‍ന്ന തൊപ്പിയും വസ്ത്രങ്ങളും ധരിച്ച് ആ മോഡലുകള്‍  നടന്നപ്പോള്‍ കൊച്ചിയില്‍ ജനം സ്തംഭിച്ചു. ചെണ്ട മേളം കേട്ടാണ് പലരും അവര്‍ നില്‍ക്കുന്നിടത്തെക്ക് ശ്രദ്ധിച്ചത്. ബസില്‍ നിന്നും തല നീട്ടിയ പലരും ആ കാഴ്ച കണ്ടു അമ്പരന്നു. കുറെ മോഡലുകള്‍ അതാ,  നടുറോഡില്‍ ട്രാഫിക്‌ മീഡിയന് അരികിലൂടെ ക്യാറ്റ് വാക്ക്‌ നടത്തുന്നു. അതുകണ്ട ചിലര്‍ ഉടനെ ബസ്സില്‍ നിന്നും ചാടിയിറങ്ങി. ബൈക്കിലും കാറിലും പോകുന്നവരില്‍ ചിലര്‍ വാഹനം തെരുവോരത്തു പാര്‍ക്ക് ചെയ്ത് റാമ്പിനടുത്തേക്ക് അതിവേഗം നടന്നു. വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ ആ കാഴ്ച കാണാനായി വാഹനങ്ങളുടെ വേഗം കുറച്ചു. കാണികള്‍ നിറഞ്ഞപ്പോള്‍ വലഞ്ഞത് ട്രാഫിക്‌ വാര്‍ഡന്‍ ആണ്. ഏറെ നേരം പണിപ്പെട്ടാണ് അദ്ദേഹം ഗതാഗതം നിയന്ത്രിച്ചത്. അടുത്ത് വന്നു നോക്കിയപ്പോഴാണ് എല്ലാവര്ക്കും ഒരു കാര്യം വ്യക്തമായത്. വസ്ത്രങ്ങള്‍ മുഴുവന്‍ നിര്‍മിച്ചിരിക്കുന്നത് പ്ലാസ്റ്റിക്‌ കവറുകളും കുപ്പികളും ഗ്ലാസുകളും ഉപയോഗിച്ചാണ്. കണ്ടു നിന്നവരുടെ കണ്ണ് മിഴിഞ്ഞു പോയി . ഹമ്പോ എന്ന് പലരും മനസ്സില്‍ പറഞ്ഞു. ഈ വസ്ത്രങ്ങള്‍ ഒക്കെയും  അക്സ് അജിയെന്ന അജികുമാര്‍ സുധാകരന്റെ കരവിരുതാണ്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 

 
ഫാഷന്‍ ഷോ കാണാന്‍ മേനക ജംഗഷനില്‍ കാണികള്‍ തടിച്ചു കൂടിയപ്പോള്‍ 

തെരുവ് ഫാഷന്‍ ഷോ  
നാല് മാസങ്ങള്‍ കൊണ്ടാണ് അജി ഇത്രയും വസ്ത്രങ്ങള്‍ ഉണ്ടാക്കിയത്. പ്ലാസ്റ്റിക്ക് കവറുകള്‍ പ്രത്യേക രീതിയില്‍ ഒന്നിച്ചു ചേര്‍ത്ത് നിര്‍മിച്ച ഇംഗ്ലീഷ്‌ മോഡല്‍ തൊപ്പികള്‍, കുപ്പികള്‍ മുഴുവനായും പകുതി മുറിച്ചും ഉണ്ടാക്കിയ നീളന്‍ ഉടുപ്പുകള്‍, പാനീയം കുടിക്കുന്ന സ്ട്രോ നിരത്തി വച്ച മിഡിയും ടോപ്പും, പ്ലാസ്റ്റിക്‌ ഷീറ്റുകളും ചാക്കും കൂട്ടിച്ചേര്‍ത്ത കോട്ടുകള്‍, ഐസ്ക്രീം സ്റ്റിക്കുകളും ഷട്ടില്‍കോക്കും കൊണ്ടുള്ള മോഡേണ്‍ തൊപ്പികള്‍, പ്ലാസ്റ്റിക്‌ സ്പൂണ്‌കള്‍ നിരത്തിയ മേല്‍ക്കുപ്പായങ്ങള്‍, ചീട്ടു കൊണ്ടുള്ള വിശറിയും ഗൌണും , പ്ലാസ്റ്റിക്‌ ഗ്ലാസ്സുകളും കുപ്പികളുടെ മൂടികളും കൊണ്ടുള്ള പെണ്ണുടുപ്പുകള്‍, കൂള്ട്രിംഗ്സ് കാനുകള്‍ കൊണ്ടുള്ള പുറം കുപ്പായങ്ങള്‍, വിവിധ തരം സ്നാക്ക് കവറുകള്‍ കൊണ്ടുള്ള ഷര്‍ട്ടുകള്‍ എന്നിവയാണ് അജി കൊച്ചിയില്‍ അവതരിപ്പിച്ച വസ്ത്രങ്ങള്‍  


ലക്‌ഷ്യം
 ഏറെ കഷ്ടപ്പാടുകള്‍ക്കിടയില്‍ പരുവപ്പെടുത്തിയെടുത്ത ഈ വസ്ത്രങ്ങള്‍ കൊണ്ട് നൂതനമായ സന്ദേശ പ്രചരണം സംഘടിപ്പിക്കാനാണ് അജി  ഈ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്‌ നാടിന്റെയും സമൂഹത്തിന്റെയും വില്ലനാണ് എന്ന് കരുതുന്ന  അജി ഫാഷന്‍ ഷോയിലൂടെ ആകര്‍ഷിക്കപ്പെടുന്ന ജനത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നു.


ഫ്ലാഷ് ബാക്ക്
അജി
തിരുവനന്തപുരം  കടക്കാവൂര്‍ അഞ്ചു തെങ്ങ് സ്വദേശിയാണ് അജി. മാടന്‍വിളാകം വീട്ടില്‍ തയ്യല്‍ക്കാരായ സുധാകരനും മറിയാമ്മയും ആണ് മാതാപിതാക്കള്‍.  ഏതൊരു മാതാപിതാക്കളെയും പോലെ അജിയെയും അവര്‍  കോളജില്‍ അയച്ചു പഠിപ്പിച്ചു. കൊമേഴ്സ്‌ ആയിരുന്നു അജിയുടെ വിഷയം. തങ്ങള്‍ കഷ്ട്ടപെടുന്നത് പോലെ മകന്‍ കഷ്ടപെടരുത് എന്ന് ആ അച്ഛനമ്മമാര്‍ കരുതി. അതിനു വേണ്ടി സകല ത്യാഗവും സഹിച്ചാണ് ആ മാതാപിതാക്കള്‍ മകനെ വളര്‍ത്തിയത്‌. മകന് ഉയര്‍ന്ന ഉദ്യോഗം കിട്ടുന്നതായും എസി ഓഫീസില്‍ ജോലി ചെയ്യുന്നതായും വലിയ കാറില്‍ സഞ്ചരിക്കുന്നതായുമൊക്കെ അവര്‍ സ്വപ്നം കണ്ടു. അവരുടെ ഇഷ്ടം നിറവേറ്റാന്‍ മകന്‍ കോളജില്‍ പോയി . പക്ഷെ, മനസ്സില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യണം എന്ന് ആഗ്രഹം ഒളിപ്പിച്ചു വച്ചു. ആരോടും പറഞ്ഞതുമില്ല. അത് കൊണ്ട് തന്നെ ഡിസൈനിംഗ് മേഖലയില്‍ പഠനം നടത്താനോ ഏതെങ്കിലും ഡിസൈനറുടെ കീഴില്‍ പോയി നിന്ന് പ്രാക്ടീസ് നടത്താനോ തുനിഞ്ഞതുമില്ല.

പാവപ്പെട്ടവന്‍റെ ഡിസൈനര്‍
ഏതൊരാള്‍ക്കും അവരവരുടെ ശരീരത്തിന് ഇണങ്ങുന്ന രീതിയില്‍ വസ്ത്രം തുന്നണം എന്നതാണ് ഓരോ ഫാഷന്‍ ഡിസൈനര്‍മാരും ആദ്യം പഠിക്കുന്ന പാഠം. വിദേശങ്ങളില്‍ അതൊക്കെ സര്‍വസാധാരണമാണ്. എന്നാല്‍ ഈ കൊച്ചു കേരളത്തില്‍ അത്തരത്തില്‍ ഒരു ആഗ്രഹം നടപ്പില്ല. ഡിസൈനര്‍മാര്‍ അവരുടെ ഇഷ്ടത്തിനുള്ള വസ്ത്രം തുന്നും. നമുക്ക് വേണമെങ്കില്‍ ഇഷ്ടപെടാം. ആവശ്യമെങ്കില്‍ വാങ്ങാം. അതിനപ്പുറം ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല. പക്ഷെ, അജി കൂട്ടുകാര്‍ക്കിടയില്‍ ഹീറോ ആകുന്നത് അവര്‍ക്കിഷ്ടപെടുന്നതും അവരുടെ ശരീരത്തിന് ഇണങ്ങുന്നതുമായ വസ്ത്രങ്ങള്‍ രൂപ കല്‍പ്പന ചെയ്താണ്. അല്ലെങ്കിലും , അജിയുടെ മനസ് നിറയെ വിവിധ രൂപങ്ങളാണ്. കസവ് തുണിത്തരത്തില്‍ ചെയ്തെടുക്കുന്ന വിവധ ഡിസൈനുകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.  കുറഞ്ഞ ചെലവില്‍ മനോഹരമായ വസ്ത്രം എന്നതാണ്  അജിയുടെ പോളിസി. മോഡേണ്‍ വസ്ത്രങ്ങളും നാടന്‍ വസ്ത്രങ്ങളും ഒരേ പോലെ രൂപകല്‍പ്പന ചെയ്യാന്‍ അജിക്ക് കഴിയും.


പ്രദര്‍ശനത്തിന്റെ വഴി
രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ നാട്ടുകാരെ കാണിക്കാന്‍ എന്ത് വഴി എന്ന് കുറെ ആലോചിച്ചു അജി. ടി.വി ചാനലുകളിലെ എന്റര്‍ടൈന്‍മെന്റ് ഡസ്ക്കുകളില്‍ വിഷയം സമര്‍പ്പിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. അകാദമിക യോഗ്യതകള്‍ തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ സ്പോണ്സര്‍ഷിപ്‌ നല്‍കാനും ആരും മുന്നോട്ടു വന്നില്ല. അങ്ങനെയാണ് ആദ്യമായി  കൂട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞ വര്ഷം തിരുവനന്തപുരത്ത് നടുറോഡില്‍ റാമ്പ് തീര്‍ക്കാന്‍ തുനിഞ്ഞത്. അന്ന് ഇടതുപക്ഷത്തിന്റെ സമരം നടക്കുന്ന സമയം. ചാക്ക് കൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ പുരുഷ മോഡലുകള്‍ നടന്നെത്തിയപ്പോള്‍ കാണികള്‍ അത്ഭുതത്തോടെ വഴി മാറി കൊടുത്തു. മറ്റേതോ സമരം വരുന്നു എന്നാണു ആദ്യം എല്ലാവരും കരുതിയത്‌. പിന്നെയാണ് ഫാഷന്‍ ഷോ ആണെന്ന് മനസിലായത്. അപ്പോള്‍ നിറഞ്ഞ കയ്യടികളോടെയും ആര്‍പ്പ് വിളികളോടെയും മോഡലുകളെ വരവേറ്റു. അജിക്കും സന്തോഷം. പക്ഷെ, അന്നത്തെ ആ ഷോ പോരാ എന്ന് മനസ്സില്‍ തോന്നിയത് കൊണ്ടാണ് കൊച്ചിയില്‍ റാമ്പ് ഒരുക്കാമെന്ന് അജി തീരുമാനിച്ചത്. ഷോ നടത്തി. അത് തകര്‍ത്തു. ചങ്ങാതിയും 27പൌലോ എന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി സാരഥിയുമായ സുനില്‍ ജോണ്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.  


എല്ലാം അമ്മ
അമ്മയാണ് എല്ലാം. അജി പറയുന്നു- ‘’അമ്മക്കാണ് ഈ ഷോ സമര്‍പ്പിക്കുന്നത്. എനിക്ക് ഇങ്ങനെ ഒരു ഷോ ചെയ്യുന്നതിന് അമ്മ ഏറെ പരിശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസമായി രാവും പകലുമില്ലാതെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോഴും തുന്നിയെടുക്കുമ്പോഴും എനിക്കും കൂട്ടുകാര്‍ക്കും പ്രോത്സാഹനവും  ഭക്ഷണവും തന്നു അമ്മ കൂടെ നിന്നു. ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ മുഴുവന്‍ ക്രെഡിറ്റും അമ്മയ്ക്കാണ്’’2013, ഡിസംബർ 10, ചൊവ്വാഴ്ച

ആപ്പ്‌ വച്ച ആപ്പ്കമ്പ്യൂട്ടറിനെ പണ്ട് എതിര്‍ത്തവരും  സോഷ്യല്‍ മീഡിയ കൊണ്ട് എന്ത് കുന്തം ഉണ്ടാക്കാം എന്ന് ഇപ്പോള്‍ പറയുന്നവരും  ഡല്‍ഹിയിലേക്ക് നോക്കുക.

എങ്ങനെ സോഷ്യല്‍  മീഡിയ വഴി ജനവികാരം ഉണര്‍ത്താമെന്നും അത് നിലനിറുത്തി അധികാരം പിടിച്ചെടുക്കാമെന്നും ആപ്പ്‌ വച്ചവരെ നോക്കിയാല്‍ മനസിലാക്കാം.

ആപ്പ് വക്കുക തന്നെയാണ് അവര്‍ ഉദ്ദേശിച്ചത് . സോഷ്യല്‍ മീഡിയ    വഴി അവര്‍ അത് നേടി. അവര്‍ ആദ്യം വലയിലാക്കിയത് മാധ്യമങ്ങളെ ആണ്. ടാം റേറ്റിംഗ് കൂടാന്‍ കൂടുതല്‍ മാധ്യമ മാനേജ്‌മെന്റുകള്‍ മാധ്യമ പ്രവര്‍ത്തകരെ വിന്യസിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെന്കിലും  മനസ്സില്‍ കരുതിയത് അവരെ ഏതെങ്കിലും മൂലക്കിട്ട് പിന്നീട് ഒതുക്കാം എന്ന് തന്നെയാണ്. അതുകൊണ്ട് ആയത് പോലെ മാധ്യമങ്ങള്‍ രാംലീല മൈതാനിയില്‍ നടന്ന സമര പ്രഹസനത്തെ മാധ്യമങ്ങള്‍ നിറം , രുചി, കടുപ്പം എന്നിവ നല്‍കി ആഘോഷമാക്കി. അതിനാല്‍ കോര്‍പറേറ്റുകള്‍ കളിക്കുന്ന കളിയില്‍ ശിഖണ്ഡി ആയ  അന്ന ഹാസാരെയേയും  അല്പം അധികാര ഭ്രമം ഉള്ള കേജ്രിവാളിനെയും പൊതു ജനത്തിന് മനസിലാകാതെ പോയി.

ബദല്‍ രാഷ്ട്രീയം, മൂന്നാം മുന്നണി എന്നൊക്കെ പറഞ്ഞു നടന്ന ഇടതു പക്ഷത്തിനു കഴിയാത്തത് രണ്ടു കൊല്ലം കൊണ്ട് അവര്‍ നേടി.  അത്രക്കും അഴിമതി നിറഞ്ഞ    ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വന്തം ഇടം കണ്ടെത്താന്‍ ഇടതു പാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല. കമ്പ്യൂട്ടറിനെ എതിര്‍ത്ത കാലത്തു അത് ശരിയെന്നും പിന്നീട് തെറ്റെന്നും സമ്മതിച്ച ഇടതു പക്ഷം , ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയാന്‍ ഇനിയും പഠിച്ചിട്ടില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സാധ്യതകളെ അവര്‍ക്ക് ഇപ്പോഴും പുച്ഛമാണ്.

അഴിമതിയുടെ കുത്തകയും പേറ്റന്റും  എടുത്തു വച്ചത് കോണ്ഗ്രസ് പാര്‍ട്ടി തന്നെയാണ്. ആരെങ്കിലും നക്കാപ്പിച്ച കൊടുത്താല്‍ എന്തും ചെയ്തു കൊടുക്കാന്‍ അവര്‍ റെഡി ആണ്. അതാണ് ആ പാര്‍ട്ടിയുടെ ഇന്നത്തെ സംസ്‌കാരം. കക്കാനും നിക്കാനും അറിയുന്ന ബി.ജെപി കാരും അഴിമതിയില്‍ മോശമല്ല. അധികാരം കിട്ടിയയിടത്തോക്കെ പാവങ്ങളെ കുടിയിറക്കി  ഖനനവും അത് വഴി സമ്പാദിച്ച കോടിക്കണക്കിനു രൂപയും സ്വരണവും ലോറിയില്‍ കടത്തിയും അവര്‍ തിളങ്ങുന്നുണ്ട്.


ബിജെപിക്ക്  കേരളത്തില്‍ അക്കൌണ്ട് കിട്ടാത്തത് പോലെ ആപ്പിനും കേരളത്തില്‍ അക്കൌണ്ട് കിട്ടില്ല എന്നുറപ്പാണ്. പക്ഷെ, ഡല്‍ഹിയില്‍ സംഭവിച്ച കുറ്റിച്ചൂല്‍ അക്കൌണ്ട് കൊണ്ട് ബിജെപിക്കും കൊണ്ഗ്രസ്സിനും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ രാജ്യത്തെ കള്ളപ്പണക്കാരായ കോര്‍പറേട്ടുകള്‍ക്ക് കഴിഞ്ഞെങ്കില്‍  അത് സൂക്ഷിക്കണം.

ഒരിക്കല്‍ കേരളത്തില്‍ കൊച്ചിയില്‍ വന്ന സ്വാമി അഗ്‌നിവേശിനോടും ജസ്റ്റിസ് ഹേഗ്‌ഡേയോടും  (  ഇരുവരും പണ്ട് കേജ്രിവാളിനോപ്പം ഉണ്ടായിരുന്നു.)  ആപ്പുകാര്‍ എന്ത് കൊണ്ട് കോര്‍പരേറ്റുകളെ തൊടുന്നില്ല എന്ന ചോദ്യത്തിന് നിസഹായമായ തലക്കുലുക്കല്‍ മാത്രമാണ് മറുപടിയായി കിട്ടിയത്. ഓര്‍ക്കണം, പരസ്യം തരുന്നവരെ കുറിച്ച് എതിര്‍ വാര്‍ത്തകള്‍ എഴുതാതിരിക്കാനും ഇല്ലാത്ത പൊങ്ങച്ച കഥകള്‍ ഉണ്ടാക്കിയെഴുതാനും മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്ന വിഭാഗത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകരുടെ ഗതി തന്നെയാണ് ആപ്പിനും ഉള്ളത് എന്ന് കാലം തെളിയിക്കും. പക്ഷെ, അപ്പോഴേക്കും അവര്‍ വഴി പിഴിയപ്പെടുന്ന പൊതു ജനം ശരിക്കും ജീവച്ചവങ്ങളായി മാറി കഴിഞ്ഞിരിക്കും.

2013, ഡിസംബർ 2, തിങ്കളാഴ്‌ച

എപ്പിക്‌ ഓഫ് എപ്പിസ്കോപ്പനമ്മുടെ കഥ ആരംഭിക്കുകയാണ്. കഥയിലെ നായകന്‍ അല്ലാ വില്ലന്‍ ഒരു എപ്പിസ്കോപ്പയാണ്. അതെന്തു കോപ്പ എന്ന് ചോദിക്കരുത്. മതവികാരം വൃണപ്പെടുത്തരുത്. അവസാനം കഥ വായിച്ചു കഴിഞ്ഞിട്ട് എന്താടോ കോപ്പാ എന്ന് വിളിക്കുകയും അരുത്. നല്ല നിലക്ക് നടക്കുന്ന മറ്റു കോപ്പാമാര്‍ക്ക് ഇതൊരു നാണക്കേട് തന്നെയാണ്. അത് കൊണ്ട് ശവത്തില്‍ കുത്തരുത്.

കഥയുടെ പേരാണ് എപ്പിക്‌ ഓഫ് എപ്പിസ്കോപ്പ ( സിംബല്‍ ....)

""കാഥികയല്ല കഥാകാരിയല്ല  ഞാന്‍
കേവലം ഞാനൊരു കൊച്ചു ബാലിക
അറ്റകുറ്റങ്ങളും തെറ്റും പിഴകളും
 വന്നാലോ നിങ്ങള്‍ പൊറുത്തിടേണം ""

അങ്ങ് ദൂരെ ചെങ്ങന്നൂര്‍ എന്നൊരു ഗ്രാമം . അവിടെ  ചെറിയനാട് കൊല്ലക്കടവില്‍ കളീക്കല്‍ എന്നൊരു വീടുണ്ട്. അവിടെയാണ് നമ്മുടെ കഥാനായകന്‍ ജീവിക്കുന്നത്. മാവേലിക്കര കൊറ്റാര്‍കാവ് പള്ളിയിലെ എപ്പിസ്കൊപ്പയായി നമ്മുടെ കഥാനായകന്‍ ജീവിക്കുന്ന കാലം. അദേഹത്തിന്റെ പേരാണ് ഫാ.ഗീവര്‍ഗീസ്‌. ( സിംബല്‍... )

പാതിരിയാണ് ഞാന്‍
ലാളിത്യം പുകള്‍പ്പെറ്റ
ക്രിസ്തുവിന്റെ പിന്‍ഗാമി......
കാണിക്കയാണ് ഞാന്‍
കര്‍ത്താവേ,
നിന്റെ അഭിഷിക്തന്‍ ...

പ്രഭാതം പൊട്ടി വിടരുന്ന സുന്ദര ദിനം. സെന്റ്‌ ജോര്‍ജ്‌ പള്ളിയിലെ പാട്ട് കുര്‍ബാന കഴിഞ്ഞു ഗീവര്‍ഗീസച്ചന്‍ നേരെ പള്ളിമേടയിലേക്ക് നടന്നു.  പള്ളിയില്‍ നിന്നും ഇറങ്ങി പോകുന്നവര്‍ അദ്ദേഹത്തെ നോക്കി 'ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ ' എന്ന് ഭയഭക്തി പുരസ്സരം പറഞ്ഞു .

എപ്പോഴും ( സിംബല്‍ ) ഇപ്പോഴും( സിംബല്‍) സ്തുതിയായിരിക്കട്ടെ ( സിംബല്‍)


പെട്ടെന്നാണ് അച്ചന് ഒരു വെളിപാട് ഉണ്ടായത്.  ആരോ മതില്‍ ചാടിയിരിക്കുന്നു. അച്ചന്‍ ധ്യാനിച്ചു. മനസ്സ് കടുപ്പിച്ച് ധ്യാനിച്ചു... അതെ, അതൊരു സ്ത്രീയാണ്. അതെ ഒരു സ്ത്രീ മതില്‍ ചാടിയിരിക്കുന്നു ( സിംബല്‍ )

പാതിരി കഴുത്തില്‍ കിടന്ന കുരിശു മാലയില്‍ മുറുക്കെ പിടിച്ചു. ഒന്ന് കൂടി കണ്ണുകളിറുക്കി പൂട്ടി ആവേശത്തോടെ ധ്യാനിച്ചു. അതൊരു അധ്യാപികയാണ്. ങേ... മാതൃക ആകേണ്ട അധ്യാപിക ഇതാ മതില് ചാടിയിരിക്കുന്നു.

ആശാനക്ഷരമൊന്നു പിഴച്ചാല്‍ ....
അമ്പത്തെട്ടു പിഴക്കും ശിഷ്യന്....

അതെ , ആശാട്ടി പിഴച്ചാല്‍ ശിഷ്യ ഗണം എവിടെയെത്തും. ഇല്ല..ഇല്ല..ഇത് അനുവദിച്ചു കൂടാ. .തെറ്റ് പറ്റിയവരെ തിരുത്തണം. ക്രിസ്തുവിന്റെ വചനങ്ങള്‍ അവര്‍ക്ക് പകരണം. ഞാന്‍ ഇതാ വരികയായി...

;'' കത്തനാര്‍ കത്തനാര്‍
കടമറ്റത്ത് കത്തനാര്‍ കത്തനാര്‍
സത്യമോ ഇത് മിഥ്യയോ...''

കത്തനാര്‍ സ്ലോ മോഷനില്‍ സ്വന്തം വീട് ലക്ഷ്യമാക്കി  പാഞ്ഞു. അങ്ങ് ദൂരെ നിന്നു തന്നെ അദ്ദേഹം ഹൃദയം തകര്‍ക്കുന്ന ആ കാഴ്ച കണ്ടു.
അതാ അങ്ങോട്ട്‌ നോക്കൂ...

''അക്ഷര നക്ഷത്രം കോര്‍ത്ത
ജപമാലയും കൈകളിലേന്തി
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത
മനസ്സാം ശംഖുമൂതി
ജന്മഗേഹം വളഞ്ഞു വച്ച നാട്ടുകാരെ
കണ്ടുപേടിച്ചോരഭയാര്‍ഥിയാമെന്‍
ഭിക്ഷാപാത്രത്തില്‍ നിറക്കുക
നിങ്ങളിത്തിരി സ്നേഹാമൃതം ""

അവിടെയതാ, നാലാള്‍ പൊക്കത്തില്‍ കെട്ടിപ്പൊക്കിയ മണിമാളികക്ക് മുന്നില്‍ നാട്ടുകാര്‍ കടലിരമ്പം പോലെ അലറുകയാണ്

''വരിക വരിക സഹജരെ
വരിക വരിക മോദമായ്‌
വഴി പിഴക്കും വാഴ്വിനെ
നേര്‍വഴിക്ക് തീര്‍ക്ക  നാം ''


സത്യത്തില്‍ കഥാപ്രസംഗം കേട്ടിട്ട് നിങ്ങള്ക്ക് ബോറടിച്ചു ഇല്ലേ? ഇല്ലെങ്കില്‍ വേണ്ട, പറഞ്ഞ എനിക്ക് ബോറടിച്ചു. അതിനാല്‍ കഥ ഇനി ന്യൂ ജെനറേഷന്‍ ടൈപ്പ് സ്പീഡില്‍ വിടാം.

കത്തനാര്‍ പെട്ടെന്ന് കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയെ പോലെ മുരണ്ടു പാഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ ശക്തിമാന്‍ പമ്പരം കറങ്ങുന്ന പോലെ അയാള്‍ കറങ്ങി. പടിവാതില്‍ തുറന്നതും അടഞ്ഞതും നിമിഷ നേരം കൊണ്ടായിരുന്നു.  മൈഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കണ്ട പോലെ ടും, ടും പുറത്തു നിന്ന അച്ഛന്‍ ഇപ്പോള്‍ അതാ അകത്ത്... അദ്ദേഹം ദുര്‍മന്ത്രവാദിയെ പോലെ ആര്‍ത്തു അട്ടഹസിച്ചു. എന്നിട്ട് കക്കൂസ നില്‍ക്കുന്നിടതെക്ക്  പറന്നു  ചെന്നു. അവിടെ ഒരു ഷെഡില്‍ വിവസ്ത്രയായി നിലം പറ്റിക്കിടക്കുന്ന സ്വന്തം പെങ്ങളെ അയാള്‍ രൂക്ഷമായി നോക്കി. വാതില്‍ ചവുട്ടി തുറന്നു. ആ സ്ത്രീയുടെ കാലുകളില്‍ പിടിച്ചു അയാള്‍ വലിച്ചിഴച്ചു വീട്ടിനകത്ത് വലിച്ചു കേറ്റി. അലമാരയില്‍ നിന്നും ഒരു മാക്സി എടുത്തു അവരെ ധരിപ്പിച്ചു. ഇടയ്ക്കു നാല് കുത്തു കൊടുക്കാനും മറന്നില്ല.

ഇതിനിടക്ക്‌ നിയമത്തിന്റെ കാവല്‍ ഭടന്മാര്‍ ക്യോം..ക്യോം...മുഴക്കി വന്നു നിന്നു.  ചാടിയിറങ്ങിയ എസ്.ഐ ഗെയ്റ്റ് മലക്കെ തുറന്നു. എന്നിട്ട് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു....ഗബ്ബര്‍ സിംഗ്.......മേം ആയാ....


എന്റെ സാമ്രാജ്യത്തില്‍ നിനക്ക് എന്ത് കാര്യം ?? ഞാന്‍ നിന്നെ എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും - ഗബ്ബര്‍ സിംഗ് മിസ്റ്റര്‍ പെരേരയായി.

എസ്.ഐ പേടിച്ചു. വിറച്ചു. ക്രിസ്തുവിന്റെ അഭിഷിക്തനോടാണ് കളി. നേരിട്ടു കര്‍ത്താവ്‌  ഇറങ്ങി വന്നു കൊട്ടേഷന്‍ തന്നാലോ എന്ന് കരുതി എസ്.ഐ ചൂണ്ടു വിരല്‍ ചുണ്ടിന് മുകളില്‍ വച്ച് വായടച്ചു.

ഇതാണോ നിങ്ങള്‍ അന്വേഷിക്കുന്ന സ്ത്രീ..? കത്തനാര്‍ പെങ്ങളെ മുന്നോട്ടു നീക്കി നിറുത്തി ജനക്കൂട്ടത്തോട് ഉറക്കെ ചോദിച്ചു. ഹേ..സ്ത്രീയെ എനിക്കും നിനക്കുമെന്ത്... അനന്തരം പുരോഹിതന്‍ മുറ്റത്തെ ടാപ്പ്‌ തുറന്നു അദ്ദേഹത്തിന്റെ കയ്യില്‍ പറ്റിയ ചെളി കഴുകി കളഞ്ഞു.

അവനെ വിട്ടു തരിക , അവനെ വിട്ടു തരിക.....ജനക്കൂട്ടം കത്തനാരെ ചൂണ്ടിക്കാട്ടി  എസ്.ഐയോട് ആവശ്യപ്പെട്ടു .

 കത്തനാര്‍ അപ്പോള്‍ ശപിച്ചു - എന്നാലും  മതില് ചാടി പെങ്ങളുടെ അവസ്ഥ കണ്ടെത്തി നാട്ടുകാരെ അറിയിച്ച ആ ടീച്ചര്‍ ശപിക്കപ്പെട്ടവള്‍ !


ഒച്ചപ്പാട് - മാനസിക രോഗം ഉണ്ടെന്നു പറഞ്ഞ് വീടിനു പുറത്തെ ഷെഡില്‍   സഹോദരിയെ  തിന്നാനും ഉടുക്കാനും നല്‍കാതെ കിടത്തിയ കത്തനാരെ പ്രോസിക്യൂട്ട് ചെയ്യുക. മലവും മൂത്രവും ആ ഷെഡില്‍ അവിടവിടെ കിടന്നിരുന്നു. അതിനു പോലും സൗകര്യം ചെയ്യാത്ത അയാള്‍ കത്തനാര് തന്നെയോ ??

2013, നവംബർ 28, വ്യാഴാഴ്‌ച

പോലീസ്‌ മൂത്രം കുടിപ്പിച്ചെന്ന്


 കഴിഞ്ഞ പകലില്‍ കണ്ടു മുട്ടിയ അന്നയെ കുറിച്ച് നാളെ പറയാം  
എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ! 
അന്ന പറഞ്ഞ ഒരു വരി മാത്രം അപ്പോള്‍ പറഞ്ഞിരുന്നു. അതിങ്ങനെ  '' പോലീസുകാര്‍ എന്റെ ഭര്‍ത്താവിനെ മൂത്രം കുടിപ്പിച്ചു. മര്‍ദ്ദനംമൂലം  നട്ടെല്ലിന് അഞ്ചു ചിന്നല്‍ പറ്റിയിട്ടുണ്ട് . ഞാന്‍ ഈ രണ്ടു കുഞ്ഞുങ്ങളെ കൂട്ടി എവിടെ പോകും ''??


ബാക്കി മുഴുവന്‍ വായിക്കണോ ??

കൊച്ചി: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് അവശനാക്കിയെന്ന് യുവതിയുടെ പരാതി.
ഇക്കാര്യം വിശദീകരിക്കാന്‍ പ്രസ്‌ക്‌ളബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെയെത്തിയ യുവതി കുഴഞ്ഞുവീണു.

 കസ്റ്റഡിയിലെടുത്ത ചേര്‍ത്തല എഴുപുന്ന ജൂബിലിനഗര്‍ കോളിനിയില്‍ വളാന്തറ വീട്ടില്‍ റോജന്‍ പോളിനെ മൂത്രം കുടിപ്പിക്കുകയും മര്‍ദിച്ച് നട്ടെല്ല് തകര്‍ക്കുകയും ചെയ്തതായി ഭാര്യ അന്ന റോഷ്മിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
നട്ടെല്ലിനും ചെവിക്കും മാരകമായി പരിക്കേറ്റ റോജന്‍ പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 തങ്ങളുടെ കുഞ്ഞിന്റെ മുക്കാല്‍ പവന്റെ സ്വര്‍ണമാല ആറുമാസം മുമ്പ് കാണാതായതാണ് സംഭവങ്ങളുടെ തുടക്കമെന്നും അന്ന പറഞ്ഞു. കുഞ്ഞിനോട് ചോദിച്ചപ്പോള്‍ അയല്‍വാസിയായ അധ്യാപിക മാല ഊരി വാങ്ങിയെന്നാണ് പറഞ്ഞത്. ഇക്കാര്യം ചോദിച്ചതോടെ, അതുവരെ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ അകല്‍ച്ചയിലായി. പിന്നീട് ടീച്ചറും ഭര്‍ത്താവും പലകാരണങ്ങള്‍ പറഞ്ഞ് അവഹേളിക്കുകയും അശ്‌ളീലം പറയുകയും പതിവായിരുന്നെന്നും അന്ന പറയുന്നു.

നവംബര്‍ 14ന് വൈകുന്നേരം ആറിന് അരൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയും പൊലീസുകാരുമെത്തി റോജനെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ഏറെ വൈകിയിട്ടും കാണാതായപ്പോള്‍ അന്ന സ്‌റ്റേഷനിലെത്തി . വിലങ്ങുവെച്ച് ജനലില്‍ പൂട്ടിയിട്ട നിലയിലാണ് റോജനെ കണ്ടത്. തന്നോട് എസ്. ഐ മോശമായി പെരുമാറിയതായും വ്യഭിചാരക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
രാത്രി പന്ത്രണ്ടേമുക്കാല്‍ വരെ എസ്.ഐയും സംഘവും മാറിമാറി റോജനെ മര്‍ദിച്ചു. ഇത് കണ്ടുനില്‍ക്കാനാകാതെയാണ് തിരിച്ചുപോന്നതെന്നും പിറ്റേന്ന് ജാമ്യമെടുക്കാന്‍ സ്‌റ്റേഷനിലത്തെിയപ്പോള്‍ തളര്‍ന്നുകിടക്കുന്ന റോജനെയാണ് കണ്ടതെന്നും അന്ന പറയുന്നു.

വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചതായും കാല്‍വെള്ളയില്‍ അടിച്ചതായും റോജന്‍ പറഞ്ഞത്രേ. ജാമ്യമെടുത്തശേഷം കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. റോജനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും വനിതകമീഷനും ആലപ്പുഴ ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. റോജന്റെ സുഹൃത്ത് സെജിനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

2013, നവംബർ 27, ബുധനാഴ്‌ച

അമ്മാമ്മക്ക് ഇപ്പോള്‍ ആണുങ്ങളുടെ മുഖത്ത് നോക്കാന്‍ തന്നെ പേടിയാ

അമ്മൂമ്മ പ്രസ്സ്‌ ക്ലബില്‍ നിന്നും ഇറങ്ങുന്നു  
''അമ്മാമ്മക്ക് ഇത്രേ പറയാനുള്ളൂ.. അമ്മാമ്മയെ ഒരുത്തന്‍ വേണ്ടാത്തതൊക്കെ ചെയ്തു.   അമ്മാമ്മയെ ഈ നിലക്ക് ആക്കിയ അവനെ ജയിലില്‍ നിന്നും വിടരുത്.അമ്മാമ്മയെ നിങ്ങള് കണ്ടില്ലേ ?  അമ്മാമ്മയുടെ മക്കള് അതിനു വേണ്ടി എഴുതണം.''  കഴിഞ്ഞ മാസം ഒല്ലൂര്‍ അഞ്ചേരിയില്‍ ലൈംഗിക പീഡനത്തിനു ശേഷം വഴിവക്കില്‍ അവശ നിലയില്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധയുടെതാന് ഈ വാക്കുകള്‍. 

ചൊവ്വാഴ്ച എറണാകുളം പ്രസ്സ് ക്ലബിന്റെ ചവിട്ടു പടികള്‍ താണ്ടി പ്രസ്സ് മീറ്റ് നടക്കുന്ന ഹാളില്‍ എത്തിയ അമ്മൂമ്മയെ കണ്ടവരെല്ലാം ഞെട്ടി.   
തല മുഴുവന്‍ കുമ്പളങ്ങ പോലെ നരച്ച ഒരമ്മൂമ്മ .
ആരോ കൊടുത്ത ഒരു മാക്‌സിയാണ് വേഷം. അരയില്‍ ഒരു ചരട് കൊണ്ട് അത് കെട്ടി വച്ചിട്ടുണ്ട്. പത്ര സമ്മേളനത്തിലേക്ക് കയറി വന്ന ഒരു വനിതാ ജേണലിസ്റ്റും അമ്മൂമ്മയെ ഇപ്പോള്‍ പരിപാലിക്കുന്ന സ്ത്രീയും ആ പടുവൃദ്ധയെ താങ്ങി പിടിച്ചാണ് കയറ്റി കൊണ്ട് വന്നത്. 


' അമ്മാമ്മ പത്രമൊക്കെ വായിച്ചു കേള്‍ക്കാറുണ്ട്. അതാ ഇവിടെ വരണമെന്ന് തോന്നിയത്. '' അങ്ങനെ പറഞ്ഞാണ് അമ്മൂമ്മ സംസാരം തുടങ്ങിയത് .  

''അമ്മാമ്മക്ക് ആരുമില്ല്യ . അപ്പാപ്പന്‍ ( ഭര്‍ത്താവ് ) പട്ടാളക്കാരന്‍ ആയിരുന്നു. കൊല്ലം കുറെ മുന്‍പ് കാന്‍സര്‍ പിടിച്ചു മരിച്ചു. അമ്മാമ്മക്ക് മക്കളുമില്ല്യ. ഈ പ്രായത്തില്‍  അധ്വാനിക്കാന്‍ ആവതില്ല. പലരോടും സഹായം ചോദിക്കും.  ആരെങ്കിലുമൊക്കെ എന്തെങ്കിലും തിന്നാന്‍ തരും. അങ്ങനെയുള്ള അമ്മാമ്മയോടാണ് ആ പരമ ദുഷ്ട പിശാച് ഈ ദുഷ്ടത്തരം കാണിച്ചത്. അവനുള്ള ശിക്ഷ ദൈവം കൊടുക്കും''  അമ്മൂമ്മക്ക് സങ്കടം തീരുന്നില്ല.  
ഒക്ടോബര്‍ പത്തിന് വൈകുന്നേരമാണ്   വൃദ്ധയെ കഞ്ചാവിന്റെ ലഹരിയിലായിരുന്ന കാച്ചേരി കൊള്ളന്നൂര്‍ വീട്ടില്‍   വിത്സണ്‍ (50) ലൈംഗിക പീഡനത്തിനു ഇരയാക്കിയത്.  പള്ളിയിലേക്ക് പോകും വഴി പലപ്പോഴും സഹായം ചോദിച്ച് വൃദ്ധ വില്‍സന്‍ അടക്കമുള്ള ആളുകളുടെ വീടുകളില്‍ അവര്‍ പോകാറുണ്ട്. സംഭവം നടന്ന ദിവസം വിത്സണ്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന് അസുഖം ആയതിനാല്‍ ഭാര്യ ആ വീട്ടില്‍ പോയിരുന്നു. ഭക്ഷണം തരാം എന്ന് പറഞ്ഞ് വൃദ്ധയെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി
വില്‍സന്‍ 
പീഡിപ്പിക്കുകയായിരുന്നു.  എതിര്‍ത്ത വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച വിത്സണ്‍ ശബ്ദം പുറത്തു പോകാതിരിക്കാന്‍ വൃദ്ധയുടെ വായില്‍ തുണി തിരുകി. ആക്രമണത്തില്‍ നെറ്റിയില്‍ ആഴത്തില്‍ മുറിവ് പറ്റിയ വൃദ്ധയുടെ ബോധം നശിച്ചു. ലൈംഗിക പീഡനത്തിനു  ശേഷം തോര്‍ത്ത് മുണ്ട് കഴുത്തില്‍ ചുറ്റി കൊല്ലാനും ശ്രമിച്ചു. പിന്നീട് വൃദ്ധയെ വലിച്ചിഴച്ചു വഴിയില്‍ കൊണ്ടിട്ടു. വിവസ്ത്രയായി വഴിയരികില്‍ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വിത്സണ്‍ ഇപ്പോള്‍ വിയ്യൂര്‍  ജയിലില്‍ റിമാന്റിലാണ്

''പത്രത്തില്‍  കുട്ടികളെ വേണ്ടാത്തതൊക്കെ  ചെയ്തതൊക്കെ കേള്‍ക്കാറുണ്ട്. അങ്ങനെയുള്ളവരെയൊന്നും വെറുതെ വിടരുത്. '' എറണാകുളം ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സയില്‍ കഴിഞ്ഞിരുന്ന അവര്‍ ആശുപത്രി വിട്ട ശേഷമാണ് എറണാകുളം പ്രസ് ക്ലബില്‍ എത്തിയത്. അപകടത്തിനു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കിടത്തി ചികില്‍സയില്‍ കഴിഞ്ഞിരുന്ന വൃദ്ധയുടെ പരിപാലനം ഏറ്റെടുത്ത സന്നദ്ധ പ്രവര്‍ത്തക   കൂടുതല്‍ പരിചരണം നല്‍കുന്നതിന് എറണാകുളത്തു എത്തിക്കുകയായിരുന്നു. 

സങ്കടം കുറെ പറഞ്ഞ് കഴിഞ്ഞപ്പോള്‍ അമ്മൂമ്മ പോകാനൊരുങ്ങി . കുത്തിപ്പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അമ്മൂമ്മ പറഞ്ഞു ''മക്കളെ ഈ വയസ്സാംകാലത്ത് അമ്മാമ്മക്ക് ഇപ്പോള്‍ ആണുങ്ങളുടെ മുഖത്ത് നോക്കാന്‍ തന്നെ പേടിയാകുന്നു'

2013, നവംബർ 24, ഞായറാഴ്‌ച

ഗര്‍ഭണന്‍

ഫേസ് ബുക്ക്‌ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക 
പുരുഷന്മാര്‍ ഗര്‍ഭം ധരിച്ചാല്‍ ഗര്‍ഭിണി എന്നാണോ ഗര്‍ഭണന്‍ എന്നാണോ വിളിക്കുക? അതിനു പുരുഷന്മാര്‍ ഗര്‍ഭം ധരിക്കാറില്ലെന്നു  പറയാന്‍ വരട്ടെ ! അമേരിക്കയില്‍ അത് സംഭവിച്ചു. ചിക്കഗോയിലാണ് സംഭവം. 


കഴിഞ്ഞ ജൂണില്‍ ബസുകളിലും റെയില്‍ വേ സ്റ്റെഷനുകളിലും സ്കൂള്‍ - കോളജ്‌ പരിസരങ്ങളിലും ഗര്‍ഭിണികള്‍ ആയ ആണ്‍കുട്ടികളുടെ ചിത്രം പതിച്ച വലിയ പോസ്റ്ററുകള്‍ നിറഞ്ഞിരുന്നു. ചിക്കാഗോയിലെ ഭരണ കൂടം തന്നെയാണ് ഇവരുടെ ചിത്രങ്ങള്‍ തെരുവില്‍ പതിച്ചത്. കണ്ടവര്‍ കണ്ടവര്‍ പോസ്റ്ററുകള്‍ക്ക് മുന്‍പില്‍ തടിച്ചു കൂടി. ആ ആണ്‍കുട്ടികളെ കണ്ടവര്‍ അന്ധാളിച്ചു.  സംശയിക്കേണ്ട , എല്ലാം വച്ചു കെട്ടല്‍ തന്നെയാണ് .  പൊതുജനം പോസ്റ്റര്‍ കണ്ടു ഞെട്ടാന്‍ വേണ്ടി തന്നെയാണ് ഗര്‍ഭിണി ആയ പുരുഷ മോഡലുകളെ രംഗത്തിറക്കിയത്. അങ്ങനെ  പരസ്യത്തിലേക്ക് കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും പറയാനുള്ള സന്ദേശം ആഴത്തില്‍ മനസുകളിലേക്ക് പടര്‍ത്തുകയും ആയിരുന്നു ലക്‌ഷ്യം. 12.32 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പ്രചാരണത്തിന് വേണ്ടി നീക്കി വച്ചത്. 
ജൂണില്‍ കഴിഞ്ഞ സംഭവം ആണെങ്കിലും ഒച്ചപ്പാട് കൌതുകം കൊണ്ട് ചിക്കാഗോയിലെ ഭരണകൂടത്തിനു ഇമെയില്‍ അയച്ചു.
നമ്മുടെ നാട്ടിലെ പോലെയല്ലാ, ഇമെയില്‍ അയച്ചു പിറ്റേന്ന്  മറുപടി വന്നു. ഇന്ത്യയില്‍ അങ്ങനെയൊന്ന് പ്രതീക്ഷിക്കുകയെ വേണ്ട. എങ്ങനെയുണ്ട് പരസ്യത്തിന്റെ  ഇമ്പാക്റ്റ്‌  എന്ന് ചോദിച്ചു. പലയിടത്തും നല്ല റിസള്‍ട്ട് ഉണ്ടായെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.


ടീനേജ് കാലത്തെ പ്രസവങ്ങളുടെ നിരക്ക് കൂടുതലുള്ള നാടാണ് ചിക്കാഗോ. സ്കൂളിലും കോളജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മറ്റു ചിലപ്പോള്‍ കുഞ്ഞുങ്ങളെ ഉദരത്തില്‍ നിന്ന് കശാപ്പ് ചെയ്യുകയും പതിവാണ് ഇവിടെ. 

അമേരിക്കയുടെ ദേശീയ ശരാശരിയേക്കാള്‍ 57 ശതമാനം ഇരട്ടിയാണ് ചിക്കാഗോയിലെ ടീനേജ് അമ്മമാരുടെ എണ്ണം. ആരോഗ്യവകുപ്പും ഭരണകൂടവും ഏറെ നാളുകളായി ഈ നിരക്ക് കുറച്ചു  കൊണ്ട് വരുന്നതിനുള്ള പരിശ്രമത്തില്‍ ആയിരുന്നു. അമേരിക്കയിലെ തന്നെ മില്‍വാക്കീ എന്ന നാട്ടില്‍ 2009 ല്‍  ഇത്തരത്തിലുള്ള കണ്ണഞ്ചിപ്പിക്കും പരസ്യങ്ങള്‍ നല്‍കിയപ്പോള്‍ ടീനേജ് കാലത്തെ ഗര്‍ഭം ധര്ക്കലിന്റെ നിരക്ക് പത്തു ശതമാനം കുറഞ്ഞിരുന്നു. അതിനെ തുടര്‍ന്നാണ് ചിക്കാഗോ ഭരണകൂടവും ഇതേ വഴി പിന്തുടര്‍ന്നത്.  അപ്രതീക്ഷിത ടീനേജ് ഗര്‍ഭധാരണം പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ബാധ്യതയും പ്രശ്നവും ആണെന്നും ആണ്‍കുട്ടികളും ഉത്തരവാദികള്‍ ആണെന്നും പരസ്യത്തിലൂടെ സന്ദേശം നല്‍കുന്നു. ഒപ്പം സ്കൂള്‍- കോളജുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില വര്‍ധിപ്പിക്കുകയും ലക്ഷ്യമാണ്.  ടീനേജ് ഗര്‍ഭധാരണ നിരക്കുകള്‍ നിലവിലുള്ള കണക്കുകളേക്കാള്‍ അമ്പതു ശതമാനം കുറയുമെന്നാണ് പ്രതീക്ഷ.എന്തായാലും പരസ്യങ്ങള്‍ ജനശ്രദ്ധ നേടിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതായി അധികൃതര്‍ അവകാശപ്പെടുന്നുണ്ട്

.

സള്‍ഫ്യൂരിക് ആസിഡ്‌ കൊണ്ട് വിനാഗിരി

ഫേസ് ബുക്ക്‌ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക സള്‍ഫ്യൂരിക് ആസിഡ്‌ കൊണ്ട് ഉണ്ടാക്കിയ വിനാഗിരി കഴിച്ചിട്ടുണ്ടോ ??

 കല്‍ക്കരി കത്തിച്ച് ഇസ്തിരി ഇട്ടിട്ടുണ്ടോ? 
പെട്രോളിയം ഖനന സ്ഥലത്ത് നിന്ന് നേരിട്ട് വാഹനത്തില്‍ പെട്രോള്‍ അടിച്ചിട്ടുണ്ടോ?
ടയര്‍ പഞ്ചര്‍ ഒട്ടിക്കാന്‍ ടയര്‍ നിര്‍മാണ കമ്പനിയില്‍ പോയിട്ടുണ്ടോ ?
ആണവ ഊര്‍ജ്ജം ഉപയോഗിച്ച് പറമ്പുകളില്‍ വെള്ളം പമ്പ് ചെയ്യുന്ന ജെനെറേറ്റര്‍ നിങ്ങള്‍ക്കുണ്ടോ ?

ഇല്ല എന്നാണു ഉത്തരമെന്കില്‍ നിങ്ങള്‍ ഈ ജീവിതത്തില്‍ ഒന്നും നേടിയിട്ടില്ല 

ഉണ്ട് എന്നാണു ഉത്തരമെന്കില്‍ തീര്‍ച്ചയായും കസ്തൂരിരംഗന്‍ - ഗാട്ഗില്‍ റിപ്പോര്‍ട്ടുകളെ എതിര്‍ക്കണം 

വായിക്കുക -കസ്തൂരിരംഗൻ  റിപ്പോർട്ടിനെ കുറിച്ചുള്ള ഭീകര തമാശകൾ ( സീരിയസ്  മാറ്റർ ) കസ്തൂരി രംഗ്ഗന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തിക്കോണ്ടുള്ള പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ ഉത്തരവില്‍ ഇപ്രകാരം പറയുന്നു എന്ന് പറഞ്ഞു കുറെയധികം തെറ്റിധാരണകൾ പലരും പരത്തി വരുന്നുണ്ട്. ഈ ബ്ലോഗ്‌ പോസ്റ്റിൽ ആദ്യഭാഗത്ത്‌ അവർ പറയുന്ന ബ്ലണ്ടർ  വ്യാഖാനങ്ങളും രണ്ടാം ഭാഗത്ത്‌ അതിനുള്ള ശരിയായ വ്യാഖാനവും നല്കിയിട്ടുണ്ട് 

 ബ്ലണ്ടർ  വ്യാഖാനങ്ങൾ 
1. Hospitals: രോഗം വന്നാൽ  മനുഷ്യൻ  ചികിത്സിക്കാതെ ചാകണോ?
2. Petroleum products involving storage, transfer or processing: പെട്രോൾ  പമ്പ്, പാചകവാതകം. പാടില്ല.
3. Slaughter houses and meat processing units: ഇറച്ചി കറി ഉണ്ടാക്കാഫ  പറ്റില്ല. കാരണം ഇറച്ചി കട പൂട്ടും.
4. Milk processing and dairy products: പാല്‍ സംഭരണവും വിതരണവും നില്കും
5. Industry or process involving metal treatment or process such as picking, surface coating, paint baking, paint stripping, heat treatment, phosphating or finishing etc. കത്തി കാച്ചല്‍.മൂര്‍ച്ച കൂട്ടല്‍, കൊല്ലപ്പണി, വാഹന വര്‍ക്ക് ഷോപ്പ്, പെയിന്‍്റടി തുടങ്ങിയവ പാടില്ല. .
6. Coke making, coal liquefaction, coaltar distillation or fuel gas making: ബയോഗ്യാസ് പ്ലാന്‍്റ് പാടില്ല. ചിരട്ടക്കരി ഉണ്ടാക്കാന്‍ പാടില്ല. 
7. Fertiliser. ജൈവ വളനിര്‍മ്മാണം എങ്കിലും ഒഴിവാക്കാമായിരുന്നു. 
8. Pharmaceuticals (Basic) ആയുര്‍വേദ മരുന്നെങ്കിലും ഒഴിവാക്കാമായിരുന്നു
9. Tyres and tubes Vulcanisation/Retreading/ moulding). ടയര്‍ കട്ടചെയ്യന്‍ പാടില്ല. തേഞ്ഞു തീര്‍ന്നാല്‍ പുതിയതു വാങ്ങിക്കൊണം
10. Glass and fibre glass production and processing. കണ്ണാടി ഉണ്ടാക്കാന്‍ പാടില്ല. 
11. Chemical, petrochemical and electrochemicals including manufacture of acids such as Sulphuric Acid, Nitric Acid, Phosphoric Acid etc. വിന്നാഗിരി ഉണ്ടാക്കാന്‍ പാടില്ല.
12. Glue and gelatin പശയുണ്ടാക്കാന്‍ പാടില്ല. 
13. Power generating plants (excluding D.G. Sets). മണ്ണെണ, ബയോഗ്യാസ്, പെട്രോൾ  മുതലായവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ പാടില്ല. 
14. Lime manufacturing ചുണ്ണാമ്പ് ഉണ്ടാക്കാന്‍ പാടില്ല. 
15. Industry or process involving foundry operations. കൊല്ലപ്പണി, തട്ടാന്‍, സ്വര്‍ണക്കട പാടില്ല. 
16. Hot Mix plants ടാര്‍ ഉരുക്കാന്‍ പാടില്ല. (റോഡു പണി നടപ്പില്ല)
ഇതൊന്നും ഇല്ലാതെ മനുഷ്യനായി ജീവിക്കാന്‍ പറ്റുമോ?ശരിയായ വ്യാഖാനങ്ങൾ ക്രമ പ്രകാരം 

1. Hospitals : കസ്തൂരി രംഗൻ  മലയാളം പരിഭാഷയിൽ നിന്നുള്ള വാക്യം ചിത്രമായി നല്കിയത് നോക്കുക
2.Petroleum products involving storage, transfer or processing : പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്കരിക്കുന്നതും അവ സംഭ രിക്കുന്നതും  പെട്രോൾ പമ്പ്  നടത്തുന്ന പോലെ അത്ര ചെറിയ സംഭവം അല്ല.പെട്രോൾ  പമ്പ് / പാ ചകവാതകം. പാടില്ല.'  എന്നൊക്കെ  വിവരം കെട്ട  വ്യാഖാനം നല്കി ആളുകളെ പേടിപ്പിച്ചു കാര്യം നേടാൻ ശ്രമിക്കുന്നവർക്കായി താഴെയുള്ള ചിത്രം സമര്പ്പിക്കുന്നു


3.  Slaughter houses and meat processing units : ഇറച്ചി കറി ഉണ്ടാക്കാൻ   പറ്റില്ല. കാരണം ഇറച്ചി കട പൂട്ടും എന്നൊക്കെ ശുദ്ധ അസംബന്ധം പറയുന്നവർക്ക് ഇറച്ചിവെട്ടു പ്ലാന്റുകൾ എന്തെന്നോ ഇറച്ചി സംസ്കരണ ശാല എന്താണെന്നോ ആ ലങ്ടുകൾ ഉണ്ടാക്കുന്ന മാലിന്യക്കുന്നിന്റെ വലിപ്പം എത്രയാണെന്നോ ഒരറിവും ഇല്ല എന്ന് പറയേണ്ടി വരും അത്തരം ഒരു പ്ലാന്റിന്റെ ചിത്രം കാണുക
4. Milk processing and dairy products: പാല്‍ സംഭരണവും വിതരണവും നില്കുമെന്നു പറഞ്ഞ്  മേഖലയിലെ ക്ഷീര കര്ഷകരെ ഭീതിപ്പെടുത്തുന്നവർക്കു  ആ കർഷകരുടെ  നന്മയല്ല ലക്ഷ്യമിടുന്നത്. കസ്തൂരി രംഗൻ റിപ്പോര്ട്ടിനെ ചൊല്ലി ഇടുക്കിയിൽ  ഉപരോധം നടത്തിയവർ മിൽമയുടെ പാൽ  സംഭരണടാങ്കറുകൾ ഉപരോധ ദിനങ്ങളിൽ കടത്തി വിട്ടില്ല. ഏറ്റവും കൂടുതൽ പാൽ  സംഭരണം നടക്കുന്ന മലയോര മേഖലകളിലെ ക്ഷീര കർഷകരാണ്  ദുരിതത്തിൽ ആയതു. ഒപ്പം കോട്ടയത്ത്‌ പാൽ  സംഭരിച്ച ടാങ്കർ കല്ലെറിഞ്ഞു തകര്ക്കുകയും ചെയ്തു.

5. 
5. Industry or process involving metal treatment or process such as picking, surface coating, paint baking, paint stripping, heat treatment, phosphating or finishing etc. കത്തി കാച്ചല്‍.മൂര്‍ച്ച കൂട്ടല്‍, കൊല്ലപ്പണി, വാഹന വര്‍ക്ക് ഷോപ്പ്, പെയിന്‍്റടി തുടങ്ങിയവ പാടില്ല എന്ന വിവരംകെട്ട തർജ്ജമ  നല്കിയത് പ്രകോപിപ്പിക്കാൻ വേണ്ടി തന്നെയാണ് 

6. Coke making, coal liquefaction, coal tar distillation or fuel gas making: ബയോഗ്യാസ് പ്ലാന്‍്റ് പാടില്ല. ചിരട്ടക്കരി ഉണ്ടാക്കാന്‍ പാടില്ല.
കോക്ക്  എന്ന് പറഞ്ഞാൽ  പെട്രോളിയം കോക്ക്  ആണ്. ദുഷ് പ്രചാരകർക്ക് അത് ചിരട്ടകരി ആണ്. അതായത് അവർ ഉദ്ദേശിക്കുന്നത് ചിരട്ട കത്തിക്കാൻ പോലും പാടില്ല. അപ്പോൾ എങ്ങനെ അടുപ്പ് കൂട്ടും? ചിരട്ട കരി ഉപയോഗിക്കുന്ന ഇസ്തിരി കട, സ്വർണ പണി എന്നിവ പോലും നടത്താൻ പാടില്ലെന്നാണ് കുറെ തെമ്മാടികൾ ഭീതി പരത്താൻ പറയുന്നത് .

കൽക്കരിയിൽ നിന്നും ഉണ്ടാക്കുന്ന കോൾ ടാർ  എങ്ങനെ ചിരട്ട കരി ആകും ? ഫ്യുവൽ ഗ്യാസ് ബയോ ഗ്യാസ്  
ആണോ  ? പെട്രോളും കൽക്കരിയുമൊക്കെ ഉപയോഗിച്ച് ബയോ ഗ്യാസ് പ്ലാന്റ് ഉണ്ടാക്കിയത് ആരെങ്കിലും കണ്ടിട്ടുണ്ടോ ??

7. Fertiliser. ജൈവ വളനിര്‍മ്മാണം എങ്കിലും ഒഴിവാക്കാമായിരുന്നുവെന്നാണ് അടുത്ത വ്യാഖ്യാനം നല്കിയിട്ടുള്ളത് . താഴെ കാണുന്ന പടം നോക്കിയിട്ട് വീട്ടില് പുകയില ഉണ്ടാക്കാനും ചാണക പൊടി നിർമിക്കാനും  ഇത്ര വലിയ പ്ലാന്റ് വേണോ എന്ന് നോക്കുക

 
8. Pharmaceuticals (Basic) ആയുര്‍വേദ മരുന്നെങ്കിലും ഒഴിവാക്കാമായിരുന്നു എന്ന് പരയുനന്വർ കണ്ണ് തുറന്നു കാണണം എന്താണ് ഫാർമസ്യൂട്ടിക്കൽ  നിർമാണ കമ്പനികളുടെ രൂപം എന്ന്. താഴെ കാണാം

9. Tyres and tubes Vulcanisation/Retreading/ moulding). ടയര്‍ കട്ടചെയ്യന്‍ പാടില്ല. തേഞ്ഞു തീര്‍ന്നാല്‍ പുതിയതു വാങ്ങണം എന്ന് ആരെയാണ് ഇവര പറഞ്ഞു പൊട്ടൻ  കളിപ്പിക്കുന്നത് ? പഞ്ചർ അടക്കരുത്  എന്നാണോ  റിപ്പോർട്ടിൽ പറയുന്നത് ?? ഒരു ടയർ എടുത്തു കത്തിച്ചു നോക്കൂ..എത്ര പുക വമിക്കും എന്ന് അപ്പോൾ കാണാം.  അതെത്ര മാത്രം മനുഷ്യനെ അവശനാക്കുമെന്നു  പന്തം കൊളുത്തി പ്രകടനം നടത്തി പുക ശ്വസിച്ചു ശ്വാസം മുട്ടിയവർക്കെങ്കിലും  മനസിലാകും. ILO  പരയുനന്തു വായിച്ചു നോക്കൂ..


അപ്പോൾ ടയർ നിർമാണ കമ്പനി എങ്ങനെയിരിക്കും ??
10. Glass and fibre glass production and processing. കണ്ണാടി ഉണ്ടാക്കാന്‍ പാടില്ല എന്നാണു വ്യാഖാനം. കണ്ണാടി നോക്കാൻ പാടില്ലെന്ന് വ്യാഖ്യാനിച്ചില്ലല്ലോ , ഭാഗ്യം !


11. Chemical, petrochemical and electrochemicals including manufacture of acids such as Sulphuric Acid, Nitric Acid, Phosphoric Acid etc. വിന്നാഗിരി ഉണ്ടാക്കാന്‍ പാടില്ല എന്നത് വായിച്ചിട്ട് എനിക്ക് ചിരി വന്നു .  വിനാഗിരി എന്ന് പറഞ്ഞ്  സൾഫ്യൂരിക് ആസിഡ് കഴിക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ ...ചൈനയിൽ സൾഫ്യൂരിക് ആസിഡ് ചോർന്നു : മൂന്നു പേർ  മരിച്ചു എന്ന് ഇതെഴുതുമ്പോൾ പഴയൊരു വാര്ത്ത ഞാൻ വായിച്ചു. . കാളികാവ് [പുല്ലങ്കോട് എസ്റ്റേറ്റിൽ നിന്നും പത്തു ടണ്‍ സൾഫ്യൂരിക് ആസിഡ് ചോർന്ന് ചോക്കാടൻ പുഴയില കലര്ന്നത് പരിബ്രാന്തിക്ക് ഇടയാക്കി എന്നും വായിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ ഏറ്റവും മാരകമായ ആസിഡ് എന്ന് പഠിച്ചിട്ടുമുണ്ട് ( തെറ്റിയാൽ തിരുത്തണേ )  
വളവും സ്ഫോടക വസ്തുക്കളുമൊക്കെ ഉണ്ടാക്കാനാണ് പൊതുവെ നൈട്രിക്ക് ആസിഡ് ഉപയോഗിക്കുന്നത്. തുരുമ്പ് കളയുന്നതിനും മെഡിസിൻ മേഖലയിൽ  വസ്തുകക്ൽ വ്രുത്തിയാക്കുന്നതിനുമൊക്കെ ആണ് ഫോസ്ഫോറിക്  ആസിഡ് ഉപയോഗിക്കുന്നത്. ഇവയുടെ ന്ര്മാനവും വിനാഗിരിയും തമ്മിൽ എന്താണ് ബന്ധം എന്ന് പ്രചാരകർ പറയട്ടെ

12. Glue and gelatin പശയുണ്ടാക്കാന്‍ പാടില്ല എന്ന് പറയുമ്പോൾ നമ്മുടെ കർഷകർ പശ നിർമാണത്തിൽ കുറെ കാലങ്ങളായി മുഴുകി ഇരിക്കുന്നുവെന്നും അതൊക്കെ കസ്തൂരി രംഗൻ  റിപ്പോര്ട്ടോടെ അവസാനിക്കുമെന്നും  തോന്നും 

13. Power generating plants (excluding D.G. Sets). മണ്ണെണ, ബയോഗ്യാസ്, പെട്രോൾ  മുതലായവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ പാടില്ല- എന്ന് പറഞ്ഞാൽ മോട്ടോര് പമ്പ്  സെറ്റുകൾ ഉപയോഗിക്കരുത് , വൈദ്യുതി ഇല്ലെങ്കിൽ ജനറെറ്റർ പ്രവര്ത്തിപ്പിക്കരുത് എന്നൊക്കെയാണ് പ്രചരണം. ഡീസൽ ജനറെറ്റർ ഒഴിവാക്കിയെന്ന ബ്രാക്കറ്റിൽ ഉള്ള സംഭവം കണ്ണടച്ച് കളയുന്നത് എന്തിനു വേണ്ടിയാണാവോ ! ആണവ നിലയങ്ങൾ അടക്കമുള്ള വൻകിട വൈദ്യുത നിലയങ്ങൾ സ്ഥാപിക്കരുത് എന്നാണു യഥാർത്ഥ  വിവക്ഷ.14. Lime manufacturing ചുണ്ണാമ്പ് ഉണ്ടാക്കാന്‍ പാടില്ല എന്നാണു ദുർവ്യാഖ്യാനം . ചുണ്ണാമ്പ് കൂട്ടി വെറ്റില മുറുക്കരുത് എന്ന് പറഞ്ഞാൽ  അപ്പോൾ വെറ്റില വില്പ്പന ഇടിഞ്ഞു വെറ്റില കർഷകർ നാമാവശേഷമാകും  എന്ന കുപ്രചരണങ്ങളും  ഉണ്ട്.  പാറ മടകൾ നടത്തി,കല്ല്‌ പൊട്ടിച്ച് , വളരെ വലിയ പ്രോസസ്സിംഗ് നടത്തുന്ന പരിപാടിയാണിത് . മനസിലാകാത്ത വർക്ക്   വീഡിയോ കാണാം 

15. Industry or process involving foundry operations. കൊല്ലപ്പണി, തട്ടാന്‍, സ്വര്‍ണക്കട പാടില്ല എന്ന് പറഞ്ഞാൽ  ആ മേഖലയിലെ തൊഴിലാളികളെ ഇളക്കിവിടാം എന്ന് കുപ്രചരണം നടത്തുന്നവർക്ക് ബോധ്യം ഉണ്ട്. വൻകിട  പരിപാടിയാണ് ഫൗണ്ട്രി  എന്നതിൽ  വരുന്നത് . അത്തരം വ്യവസായം കോടിക്കണക്കിന് രൂപ ചെലവിൽ നടത്താൻ മലയോര കര്ഷകന് സാധിക്കുമോ ?

 
16. Hot Mix plants ടാര്‍ ഉരുക്കാന്‍ പാടില്ലെന്നും റോഡു പണി നടപ്പില്ലെന്നുമാണ് കുപ്രചരണം. സത്യം എന്താണ്?  പടം കാണൂ.. ഒരു ഹോട്ട്  മിക്സ് പ്ലാന്റിന്റെ പടമാണ് .

 


ഇനി നിങ്ങൾ പറയൂ..ആര് പരയുന്നതാണ് സത്യം ? എന്തിനാണ് ജനങ്ങളെ നുണ പറഞ്ഞു ഇളക്കി വിടുന്നത്?? ആരാണ് ഇങ്ങനെ ദുഷ്പ്രചരണം നടത്തുന്നത് ?? ആര്ക്ക് വേണ്ടി?? സ്വയം വിലയിരുത്തുക.

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...