Social Responsibility എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Social Responsibility എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, ഫെബ്രുവരി 9, വെള്ളിയാഴ്‌ച

കറുത്ത സ്ത്രീയുടെ കയ്യിൽ വെളുത്ത കുഞ്ഞ്

 
കറുത്ത സ്ത്രീയുടെ കയ്യിൽ വെളുത്ത കുഞ്ഞ് _തട്ടിയെടുത്താതാണെന്നു സംശയം _ഷെയർ പ്ലീസ്....
കുട്ടിയുടെ മുഖത്തെ ദൈന്യത കണ്ടാൽ അറിയാം, ഈ കുഞ്ഞിന്റെ അമ്മയല്ല എന്ന്. കുഞ്ഞ് നല്ല ബ്രാൻഡഡ് വസ്ത്രങ്ങളാണ് ധരിച്ചിട്ടുള്ളത്. ഏതോ നല്ല കുടുംബത്തിലെ കുട്ടിയാണെന്നു ഉറപ്പാണ്.....
Share please...

ഈ രീതിയിൽ നിരവധി മെസ്സേജുകൾ വാട്സ് ആപ്പിലും ഫേസ്ബുക്കിലും പറന്നു വരുന്നുണ്ട്. കുറെ ഓഡിയോ, വീഡിയോ, ഫോട്ടോകൾ തുടങ്ങി എല്ലാ തരത്തിലും മെസ്സേജുകൾ ഉണ്ട്.    ഇതൊക്കെ കേട്ടിട്ട് തന്നെ പേടിയാകുന്നു... എനിക്കും ഒരു കുഞ്ഞുണ്ട്... 

പക്ഷെ, അവളെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്നല്ല പേടി. ഞാൻ അവളെയും കൊണ്ട് പുറത്തു പോകേണ്ടി വരുമ്പോൾ കറുത്ത സ്ത്രീയുടെ കയ്യിൽ കറുപ്പില്ലാത്ത കുഞ്ഞിനെ കണ്ട്‌ എന്നെ ആരെങ്കിലും തടഞ്ഞു വെച്ച് മർദ്ദിക്കുമോ എന്നാണ്. 

ഇതളിന്റെ തന്നെ തിരിച്ചറിവിൽ അവൾ ബ്രൗൺ നിറമാണ്. അമ്മയുടെ തിരിച്ചറിവിൽ അമ്മ കറുമ്പിയും.  അവൾ നല്ല ബ്രാൻഡഡ് വസ്ത്രങ്ങളാണ് ധരിക്കുന്നത്. അമ്മ അത്ര ബ്രാൻഡഡ് അല്ല. സൗത്ത് ഇന്ത്യൻ, ദ്രവീഡിയൻ രൂപ പ്രകൃതിയാണ് അമ്മക്ക്. കുറിയ ശരീരം, കറുത്ത തൊലി, പോരാത്തതിന് ഇപ്പോൾ ദേ പറ്റെ വെട്ടിയ മുടി. മകൾക്കാണെങ്കിൽ അമ്മയുടെ ഒരു ഛായയും ഇല്ല.  
ആർക്കെങ്കിലും ഈ സ്ത്രീ ഈ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയാണ് എന്നൊക്കെ തോന്നിയാൽ അടി പറന്നു വരും. ഒരാൾ അടിച്ചാൽ, നാട്ടുകാർ നോക്കി നിൽക്കില്ല. കൂട്ടം കൂട്ടമായി വെട്ടുകിളികളെ പോലെ പറന്നു വന്നു തല്ലും.

ഒടുക്കം, മിന്നാരം സിനിമയിൽ ജഗതിയുടെ കഥാപാത്രം സ്വന്തമായി ആംബുലൻസ് വിളിച്ചു വരുത്തി സ്ട്രക്ച്ചറിൽ കേറിക്കിടന്ന പോലെ, ഞാൻ തന്നെയാ രോഗി എന്ന് പറഞ്ഞു എനിക്കും കേറിക്കിടക്കേണ്ടി വരും. ഇതൊക്കെ ആലോചിച്ചുകിടക്കുന്ന ഞാൻ പലപ്പോഴും ദുസ്വപനങ്ങൾ കണ്ടു ഞെട്ടി ഉണരുന്നത്, ഒരു രോഗമാണോ ഡോക്ടർ?

തമാശയൊക്കെ തോന്നാം. എന്നാൽ, അത്ര തമാശയോ നിഷ്കളങ്കമോ അല്ല ഈ ഫോർവേഡ് പരിപാടി. നമ്മുടെ പൊതുബോധത്തിലേക്കു പതുക്കെ വിഷം ഇന്ജെക്റ്റ് ചെയ്തു കയറ്റുന്നതാണ്‌ ഈ പരിപാടി. ഒരിക്കൽ അത്തരം ഓഡിയോ കേട്ട ഓരോരുത്തരുടെയും തലച്ചോറിൽ ഇത് ഒരു കോറിവര ഇടുന്നുണ്ട്. ചില അനുകൂല സന്ദർഭങ്ങൾ വരുമ്പോൾ, ഈ കോറിവര കത്തും. സംശയം ഉണരും. കറുത്ത അമ്മമാരെ തടഞ്ഞു നിറുത്തും. അവർ മലയാളി അല്ലാത്തവരോ, ബ്രാൻഡഡ് ഉടുപ്പിടാത്തവരോ, മുഷിഞ്ഞ വസ്ത്രം ഉള്ളവരോ ആണെങ്കിൽ സംശയം രൂക്ഷമാകും. ചിലപ്പോൾ 'സാമൂഹിക പ്രതിബദ്ധത ' മനസിൽ ഒതുക്കാൻ പറ്റാതെ പൊട്ടിത്തെറിക്കും. അത് ഒരു അടിയായി ആ അമ്മയുടെ മേൽ പതിക്കും. നാട്ടുകാർ നോക്കി നിൽക്കില്ല, അവർ ഓടി വരും, കൂട്ടം കൂട്ടമായി , വെട്ടുകിളികളെ പോലെ ആക്രമിക്കും. അത് മൊബ് വയലൻസ് എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന ജനക്കൂട്ട ആക്രമണങ്ങളിൽ കലാശിക്കും. ഇതെല്ലാം കൃത്യമായി വീഡിയോ, ഓഡിയോ, ഫോട്ടോസ് ആയോ അപ്പപ്പോൾ മെസ്സേജുകൾ പറക്കും. പത്തു കൊല്ലം കഴിയുമ്പോഴും ഇത് ചൂടോടെ പറന്നു നടക്കും. അടി, ഐഡി, കുത്ത്, ചവിട്ട് ഒക്കെ കഴിഞ്ഞ് ഇഞ്ചപരുവം ആകുമ്പോഴായിരിക്കും പോലീസ് എത്തുക. പിന്നീട് ആധാർ തപ്പലായി. തുപ്പലായി. തലോടലായി. ഒടുക്കം, ഈ തള്ള ഈ കുഞ്ഞിന്റേത് തന്നെ എന്ന് വിധി വരും. ആൾക്കൂട്ടം ഒരു മനസാക്ഷി കുത്തുമില്ലാതെ പിരിഞ്ഞു പോകും. 

മെസ്സേജുകൾ വീണ്ടും പറക്കും. നമ്മൾ വീണ്ടും കണ്ണും പൂട്ടി ഷെയർ ചെയ്യും. ആരെങ്കിലും എപ്പോഴെങ്കിലും 'സത്യമാണോ' എന്ന് ചോദിച്ചാൽ വളരെ നിസാരമായി 'ഫോർവേഡ് ചെയ്തു കിട്ടിയതാ' എന്ന് മറുപടി തരും.

ശരിക്കും നമ്മൾ ചെയ്യേണ്ടത് ഇങ്ങനെയാണ്: സംശയം തോന്നിയാൽ ഉടനെ, (പടമെടുത്തോളൂ, പ്രചരിപ്പിക്കരുത്) പോലീസിനെ വിളിക്കുക. അതാണ് ശരിയായ മാർഗം.  പോലീസ് നല്ല പുള്ളികളാണോ എന്ന് മറുചോദ്യം വരാം. എന്നാലും, അതാണ് ശരിയായ മാർഗം. 

ഇതിനിയും തുടരും. മാനസികാരോഗ്യം ഇല്ലാത്ത സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കുന്ന ഈ നിഷകളങ്ക മെസ്സേജുകൾ ഇനിയും അയക്കും. 

ആ നിർദ്ദോഷികൾക്കു, നല്ല നമസ്കാരം

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

കന്യകാ മോഡി

നരേന്ദ്ര മോഡി

കന്യകാ മേരി എന്നല്ല കന്യകാമോഡി എന്ന് തന്നെയാണ് തലക്കെട്ട്‌.

പതിനേഴാം വയസ്സില്‍ കല്യാണം കഴിക്കുകയും എന്നാല്‍ ഇത് വരെ വിവാഹം എന്ന വാക്ക് ഉച്ചരിക്കുക കൂടി ചെയ്യാതെ ബ്രഹ്മചര്യം കാത്തു പരിപാലിക്കുകയും  ആ  വ്യക്തി   വിവാഹത്തിനു 46 കൊല്ലങ്ങള്‍ക്ക് ശേഷം  ഭാര്യ എന്ന കോളത്തില്‍ യശോദാ ബെന്‍ എന്ന് പേര് ചേര്‍ത്തിരിക്കുന്നു.  ( സത്യവാങ്ങ്മൂലം ഈ പോസ്റ്റിന്റെ ഏറ്റവും താഴെ വായിക്കാം)   പ്രധാന മന്ത്രി സ്ഥാനാര്‍ഥിത്വ പരിവേഷത്തില്‍ നില്‍ക്കെ 2014 ഏപ്രില്‍ ഒമ്പതിന് തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ആണ് ഇങ്ങനെ രേഖപ്പെടുത്തിയത്.

അദ്ദേഹം വിവാഹിതന്‍ തന്നെ എന്ന് ഒറ്റ ദിവസം കൊണ്ട് വിക്കി പീഡിയയില്‍ വരെ തിരുത്തല്‍ വന്നു. തിരുത്തിയ ആള്‍ മോഡി വിരുദ്ധന്‍ ആണോ എന്നറിയില്ല. എന്നാല്‍ കണ്‍സംമേറ്റ് നടന്നിട്ടില്ല എന്ന് കൂടെ ഒരു വരി കൂടി ചേര്‍ത്ത് വന്നിട്ടുണ്ട്. അത് മിക്കവാറും ഏതോ മോഡി ഭക്തന്‍ ആയിരിക്കാം തിരുത്തിയതെന്നു ആരെങ്കിലും ആരോപിച്ചാല്‍ നമുക്കവരെ കുറ്റം പറയാനുമാകില്ല. ആ വരി ചേര്‍ക്കാന്‍ ആ തിരുത്തല്‍ വാദി ചെയ്ത ശ്രമവും കുറ്റകരം ആണെന്ന് പറയാന്‍ കഴിയില്ല. മോഡിക്ക് ഒരു പ്രശ്നം വരുമ്പോള്‍ നമ്മള് വേണ്ടേ കൂടെ നില്‍ക്കാന്‍ ! ,അല്ലെ ??

ഈ കണ്‍സംമേറ്റ് എന്ന് പറഞ്ഞാല്‍ തമിഴര്‍ പറയുന്ന  ശാന്തിമുഹൂര്‍ത്തം പോലൊക്കെ വ്യാഖ്യാനിക്കാം. കല്യാണം നടന്നെങ്കിലും കണ്‍സംമേറ്റ്  നടക്കാത്ത വിവാഹം  . അതായതു  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് അന്തസത്ത.

സത്യത്തില്‍ ഇലക്ഷന്‍ കമ്മീഷനാണ് ഈ പണി ഒപ്പിച്ചത് . ഇത്തവണ എല്ലാ കോലവും പൂരിപ്പിച്ചു നല്‍കിയില്ലെങ്കില്‍ നാമനിര്‍ദ്ദേശം തള്ളും. വെറുതെ വരച്ചു വിട്ടാലും തള്ളും. അതിനാല്‍ ഒന്നുകില്‍- വിവാഹിതന്‍, അല്ലെങ്കില്‍ അവിവാഹിതന്‍ എന്ന് രേഖപ്പെടുതെണ്ടിയിരുന്നു. അത് സത്യമല്ല എങ്കില്‍ സത്യവാങ്ങ്മൂലം വഴി മൂപ്പര് കുടുങ്ങിയേനെ !

ഫേസ്‌ ബുക്ക്‌, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയ നവ മാധ്യമ ചര്‍ച്ചാ വേദികളിലും ദൃശ്യമാധ്യമങ്ങളിലും കൂലങ്കുഷമായ സംവാദം നടക്കുകയാണ് . ''ഒടുവില്‍ നരേന്ദ്ര മോഡി സമ്മതിച്ചു- യശോദാ ബെന്‍ ഭാര്യ എന്ന് ' എന്ന പോസ്റ്റുകളില്‍ എന്താ ഒരു ചര്‍ച്ച ? അതിനിപ്പോള്‍ എന്താ - കല്യാണം കഴിച്ചില്ല എന്ന് മോഡി ഇത് വരെ എവിടെങ്കിലും പറഞ്ഞോഎന്നാണു  മോഡി ഭക്തരുടെ  മറു ചോദ്യം.

ഇല്ല, കല്യാണം കഴിച്ചില്ല എന്ന് മോഡി ഇതുവരെ പറഞ്ഞില്ല . എന്നാല്‍ ഇത് വരെയും ' കല്യാണം കഴിച്ചിട്ടുണ്ട്' എന്ന് പറഞ്ഞില്ല എന്നതാണ് ചര്‍ച്ചക്ക് വെക്കേണ്ടത്. കൊല്ലങ്ങള്‍ക്ക് മുന്‍പേ  യശോദാ ബെന്‍ ഭാര്യയാണെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ ഒന്നും പ്രതികരിച്ചില്ല എന്നതും ചര്‍ച്ചിക്കണം.

അവരെ സംരക്ഷിക്കാന്‍ നടപടി എടുത്തതുമില്ല. ഈ കാര്യം ചൂണ്ടിക്കാട്ടുന്നവരോട് മോഡി ഭക്തര്‍ പറയുന്നത് ഇങ്ങനെയാണ്- മോഡി ഭാര്യയെ ഉപേക്ഷിച്ചത് നാടിനു വേണ്ടി മുഴുജീവിതം ഉഴിഞ്ഞു വക്കാനാണ് ! എന്ന്. ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത ആളാണോ ഇന്ത്യയിലെ പെണ്ണുങ്ങളെ സംരക്ഷിക്കുക എന്ന മറുചോദ്യത്തിനും ഭാര്യയെ ഉപേക്ഷിക്കല്‍ അല്ല ഹിന്ദുത്വ ധര്‍മം എന്ന് മോഡി മനസിലാക്കണം എന്ന പ്രസ്താവനക്കും മോഡി ഭക്തര്‍ മറുപടി കൊടുക്കാന്‍ തയ്യാറായിട്ടില്ല.

എന്തൊക്കെ പറഞ്ഞാലും മോഡി ബാച്ചിലര്‍ തന്നെയാണ്, അദ്ദേഹം കല്യാണം കഴിച്ചെങ്കിലും എന്ന് മറ്റൊരു ഫാന്‍. അങ്ങനെയെങ്കില്‍ ഇനി മുതല്‍ ഇങ്ങനെ പ്രാര്‍ഥിക്കാം-  'വിശുദ്ധ കന്യകാ മോദി ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ' 











2014, ഫെബ്രുവരി 5, ബുധനാഴ്‌ച

ഇ-മെയില്‍ ദുരുപയോഗം



ഇ-മെയില്‍ ചീറ്റിംഗ് എന്ന പദം എല്ലാവര്ക്കും സുപരിചിതമാണ്. കഴിഞ്ഞ മാസം ഒരു സംഭവം ഉണ്ടായി . തിരക്കുകള്‍ കഴിഞ്ഞ് ഇപ്പോഴാണ് പറയാന്‍ സമയവും സന്ദര്‍ഭവും ഒത്തു വന്നത്.

സംഭവം ഇങ്ങനെ :

എനിക്കൊരു മെയില്‍ വരുന്നു. മെസ്സേജ് ബോക്സില്‍ ഒന്നുമില്ല. പകരം സബ്ജെക്റ്റ് ബോക്സില്‍ നല്ല ഒന്നാംതരം പച്ചത്തെറി നല്ല ഇംഗ്ലീഷില്‍...

സാധാരണ ഫേസ്ബുക്കില്‍ ഞരമ്പ്‌ രോഗികളും മനോ രോഗികളുമായവര്‍ പല തരം ആഭാസം കാണിക്കുന്ന മെസ്സേജുകള്‍ അയച്ച്  'സ്വയം തരം താഴ്ന്നവര്‍' എന്ന് തെളിയിക്കാറുണ്ടെങ്കിലും ജി മെയിലില്‍ ഇന്‍ബോക്സില്‍ അത്തരം വ്യക്തിഗത ആഭാസത്തരങ്ങള്‍ വന്നിട്ടില്ലെന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ ഇങ്ങനൊരു മെയില്‍ വന്നപ്പോള്‍ ഞാന്‍ അന്ധാളിച്ചു പോയി. മിക്സ് ഓഫ് മംഗ്ലീഷ് - മലയാളം തെറി ആയത് കൊണ്ട് എന്റെ ജി മെയില്‍ അക്കൌണ്ടിന്റെ ഫില്‍ട്ടര്‍ സംവിധാനത്തിന് അത് അസഭ്യം ആണെന്ന് മനസിലാകാതെ പോയതാകും , ഒരു പക്ഷെ ആ മെസ്സേജ് എനിക്ക് വായിക്കാന്‍ ഇടയാക്കിയത്.

എന്തായാലും ഞാന്‍ ഉടനെ ആ മെയില്‍ ഐഡി കോപി പേസ്റ്റ് ചെയ്ത് ഫേസ്‌ ബുക്കില്‍ തപ്പി. ഉടനെ വന്നു പ്രൊഫൈല്‍. എനിക്ക് പരിചയം ഉള്ളതായി തോന്നിയില്ല. എന്ന്റെ ചങ്ങാതി പട്ടികയിലും  ഫോളോവാര്‍ ലിസ്റ്റിലും ഇല്ല. ഉടനെ സ്വാഭാവികമായി ദേഷ്യം വന്നു. അവനു പണി കൊടുത്തിട്ടേ കാര്യമുള്ളൂ എന്ന് മനസ്സില്‍ ചിന്തിച്ചു. ഉടനെ തോന്നി,  ഗൂഗിള്‍ വഴിയല്ലേ വന്നത്, എങ്കില്‍ ജി പ്ലസില്‍ ഒന്ന് തപ്പിക്കളയാം എന്ന്.

ഉടനെ ഒരു തപ്പല്‍, രണ്ടു സെക്കന്‍ഡ്‌ കൊണ്ട് പ്രൊഫൈല്‍ മുന്നിലെത്തി.

പ്രൊഫൈലില്‍ ആ പയ്യന്‍സിന്റെ വിവരങ്ങള്‍ വായിച്ചപ്പോഴാണ് ഞാന്‍ ശരിക്കും അന്ധാളിച്ചത്. ആ കുട്ടിയെ എനിക്കറിയാം. ഒരു സ്കൂള്‍ കലോല്‍സവ റിപ്പോര്‍ട്ടിങ്ങില്‍ ഞാന്‍ ചെയ്ത സ്പെഷല്‍ റിപ്പോര്‍ട്ടിലെ കഥാ നായകനാണ്. തിരുവനന്തപുരം സ്വദേശി.  തീരെ ഗതിയില്ലാത്ത മാതാപിതാക്കളുടെ ആ മകന്റെ കഴിവ് കണ്ട് ശിഷ്യനായി ഏറ്റെടുത്ത് കലാ രൂപത്തില്‍  ശിക്ഷണം കൊടുത്തു വളര്‍ത്തി, ഒടുവില്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ആ മകന്റെ മുഖം അപ്പോഴാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്. ഏതാനും മണിക്കൂറുകള്‍ മാത്രമാന്  പരിചയം ഉണ്ടായിരുന്നതെങ്കിലും  ആ കുട്ടിയേയും വീട്ടുകാരെയും  കുറിച്ച് അഭിമാനവും സന്തോഷവും തോന്നുന്ന വിധത്തിലായിരുന്നു അവരുടെ പെരുമാറ്റം.

അത് കൊണ്ട് തന്നെ ഈ മെയില്‍ അയച്ചത് ആ കുട്ടി ആകാനിടയില്ല എന്ന് മനസില്‍ തോന്നി. ഉടനെ , പഴയ ഡയറികള്‍ തപ്പി ആ കുട്ടിയുടെ പിതാവിനെയും, പിന്നീട് ആ കുട്ടിയേയും ഫോണില്‍ വിളിച്ചു.
പരിചയം പുതുക്കലിന് ശേഷം വിഷയം അവതരിച്ചപ്പോള്‍ അവന്‍ ഞെട്ടി പോയി. സംസാരത്തില്‍ നിന്നും അവനല്ല ആ അസഭ്യ മെയില്‍ അയച്ചതെന്ന്  എനിക്ക് ഉറപ്പായി.



പക്ഷെ, അവന്‍ വലിയ  കെണിയിലാണ് ചെന്ന് പെട്ടിരിക്കുന്നതെന്നും തോന്നി. കാരണം അവന്‍ അറിയാതെ അവന്‍റെ ജിമെയിലില്‍ നിന്നും പലര്‍ക്കും ഇത്തരത്തില്‍ അസഭ്യ മെയിലുകള്‍ പോയിട്ടുണ്ടാകും. അത് കിട്ടിയവര്‍ ചിലപ്പോള്‍ ഡിലീറ്റ് ചെയ്തേക്കും. പക്ഷെ, ചിലര്‍ പോലീസിനെ സമീപിക്കാന്‍ സാധ്യതയുണ്ട്. പതിനെട്ടു വയസു കഴിഞ്ഞതിനാല്‍ ഈ കുട്ടിയെ പോലീസ്‌ അറസ്റ്റ് ചെയ്യാനും പ്രതി എന്ന നിലയില്‍ പത്രങ്ങളില്‍ പേര് വരാനും സാധ്യതയുണ്ട്. കൂലി വേലക്കാരായ മാതാപിതാക്കളും പണം വാങ്ങാതെ അറിവ് പകര്‍ന്നു നല്‍കിയ ഗുരുവും സമൂഹത്തില്‍  ഇളി ഭ്യരാകും. എന്നാല്‍ കുറ്റം ചെയ്ത ആള്‍ രക്ഷപ്പെടുകയും ചെയ്യും. . അയാള്‍ ആരുമാകട്ടെ, നാളെയും ഈ പരിപാടി തുടരും. അതില്‍ ആ മെയില്‍ അക്കൌണ്ട് ഉടമകള്‍ പിടിക്കപ്പെടുകയോ അപഹാസ്യരാവുകയോ ചെയ്യും. ബന്ധങ്ങള്‍ കൂട്ടിചെര്‍ക്കനാകാത്ത വിധം മുറിഞ്ഞു പോകുകയും ചെയ്യും.

ഒടുക്കം, അവന്‍ ചെന്നിരുന്ന ഇന്റെര്‍നെറ്റ് കഫേയുടെ ഉടമയെ വിളിച്ചു. കാര്യം പറഞ്ഞു. അയാള്‍ ഉടനെ സി.സി ടിവി പരിശോധിച്ചു. കാബിനില്‍ നിന്നും ഓരോരുത്തരും ഇറങ്ങി പോയ സമയം പരിശോധിച്ചു. സത്യത്തില്‍ സൈന്‍ ഔട്ട്‌ ചെയ്യാന്‍ മറന്നു പോയ മെയില്‍ അക്കൌണ്ട് ഇന്റര്‍ നെറ്റ കഫേയില്‍ വന്ന  വേറെ ഒരാള്‍ ദുരുപയോഗം ചെയ്തതാണ്.  അത് ചെയ്ത ആളെയും കണ്ടെത്തി. ആ കഫേയുടെ പരിസരവാസിയായ ഒരു വിദ്യാര്‍ഥി. ഇരയായവനും പ്രതിയായവനും ഒരേ പ്രായക്കാര്‍.

ഒപ്പം ഈ മെയില്‍ അക്കൌണ്ടില്‍ ആകെ ഉണ്ടായിരുന്നത് രണ്ടു സ്ത്രീകളുടെ മെയില്‍ വിലാസങ്ങളായിരുന്നു. പല സമയങ്ങളില്‍ ആ കുട്ടിയെ കുറിച്ചും അവന്‍റെ ഗുരുവിനെയും സ്ഥാപനത്തെയും കുറിച്ച് വാര്‍ത്ത തയ്യാറാക്കാന്‍ വിവരങ്ങള്‍ അയച്ചു കൊടുത്ത രണ്ടു വനിതാ പത്രപ്രവര്‍ത്തകര്‍. ആ പത്രക്കാരിയെ നേരിട്ട് എനിക്ക് പരിചയമില്ല. അതിനാല്‍ അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് ധാരണയുമില്ല. അവരെങ്ങാനും പോലീസില്‍ പരാതി കൊടുത്താല്‍ ഈ പാവം കുട്ടി കുടുങ്ങും എന്ന് എനിക്ക് തോന്നി. ഒപ്പം പോലീസ്‌ അന്വേഷണം വന്നാല്‍ ശരിക്കും മെയില്‍ അയച്ച കുട്ടിയും കുടുങ്ങും. രണ്ടു വീട്ടുകാരും നാറും.

ഞാന്‍  ഉടനെ മെയില്‍ ദുരുപയോഗം ചെയ്ത കുട്ടിയുടെ പേര് ചോദിച്ചു. ഫേസ്‌ ബുക്കില്‍ സേര്‍ച്ച്‌ ചെയ്തു. അവന്‍റെ സഹോദരന്റെ പ്രൊഫൈല്‍ കണ്ടു. അതില്‍ മെസ്സേജ് അയച്ചു കാര്യം പറഞ്ഞു. ആദ്യം സഹോദരന്‍ വെറും ചാറ്റ് എന്ന് കരുതിയെങ്കിലും വിഷയം അവതരിപ്പിച്ചപ്പോള്‍ അയാള്‍ക്ക്‌ സംഗതിഉടെ ഗൌരവം മനസിലായി. പോലീസില്‍ കേസ് നല്‍കരുതെന്നും അനിയന്‍ കുട്ടിയാണെന്നും അവന്‍റെ ഭാവി പോകുമെന്നും അവന്‍ അങ്ങനെ ചെയ്തിട്ടുണ്ടാകില്ലെന്നുമൊക്കെ എന്നോട് പറഞ്ഞു.

അനിയന്‍ കുട്ടിയുടെ അതെ പോലെ തന്നയല്ലേ നിരപരാധിയായ മറ്റേ കുട്ടി എന്ന് ഞാന്‍ ചോദിച്ചു. അനിയനോട് സംസാരിക്കാമെന്നും വിഷയം പറയാമെന്നും പറഞ്ഞാണ് ആ സഹോദരന്‍ സംഭാഷണം അവസാനിപ്പിച്ചത്. പിന്നീട്  അതെ കുറിച്ച് ആ സഹോദരന്‍ എന്നോട് ഒന്നും പറഞ്ഞില്ലെങ്കിലും, വിഷയം നല്ല രീതിയില്‍ തീര്‍ന്നു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഗുണപാഠം : സൈന്‍ ഔട്ട്‌ ചെയ്താലും ഹാക്ക്‌ ചെയ്യപ്പെടാം. എന്ന് കരുതി സൈന്‍ ഔട്ട്‌ ചെയ്യാതെ പൊതു കമ്പ്യൂട്ടറില്‍ നിന്നും ഇറങ്ങി പോകരുത്. 

2014, ജനുവരി 3, വെള്ളിയാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്- പൂര്‍ണ രൂപം








കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു .


കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിച്ച്    ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതി സത്യത്തില്‍ എന്താണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും വെട്ടി മാറ്റിയത് ?? കൂട്ടിചേര്‍ത്തത് ??

ഞാന്‍ ആ റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചു. എന്റെ അഭിപ്രായത്തില്‍ ഒന്നും വെട്ടി മാറ്റിയില്ല, (ഖനന - മരം മുറി മാഫിയകള്‍ക്ക് പ്രതികൂലമായ കാര്യങ്ങള്‍ ഒഴികെ ) ഒന്നും കൂട്ടിചേര്‍ത്തിട്ടുമില്ല.



പക്ഷെ, ദുരന്തമുണ്ടാക്കുന്ന ഒന്ന് രണ്ടു കാര്യങ്ങള്‍ ഉണ്ട്

1.സ്വകാര്യ ഭൂമിയില്‍ നിന്ന് ആര്‍ക്കും  യഥേഷ്ടം മരം മുറി നടത്താന്‍ കേരളത്തിലെവിടെയും അനുവാദം കൊടുക്കാനാണ് ഒരു ശിപാര്‍ശ.

2.വനമായി സംരക്ഷിക്കുന്ന പ്രദേശത്തില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ അഥവാ അരകിലോമീറ്റര്‍ നീങ്ങിയെ ഖനനം അനുവദിക്കാവൂ ( അതായതു അര കിലോമീറ്റര്‍ അപ്പുറത്ത് ഖനനം നടത്താം )


എന്നിട്ടും , പശുവിന്‍റെചൊറിച്ചിലും മാറി കാക്കയുടെ വിശപ്പും തീര്‍ന്നു. ഇപ്പോള്‍ കര്‍ഷകരെ മുന്നില്‍ നിറുത്തി സര്‍ക്കാര്‍ കാര്യാലയങ്ങള്‍ അടിച്ചു തകര്‍ത്ത ഖനി മാഫിയയും കര്‍ഷകരെ പേടിപ്പിച്ചു കൂടെ നിറുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ച പുരോഹിതന്മാരും പലതും നേടി.


 ഉമ്മന്‍ കമ്മിറ്റി സര്‍ക്കാരിനു കൈമാറിയ  49 പേജുള്ള റിപ്പോര്‍ട്ട് മുഴുവന്‍ വായിക്കാന്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്കൂ


2013, ഡിസംബർ 16, തിങ്കളാഴ്‌ച

'ഒരു നിമിഷത്തെക്കാണ്, എങ്കിലും'


ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ജീവിതത്തില്‍ ഒന്നിനെ കുറിച്ചും വ്യാകുലപ്പെടാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര സന്തോഷമായേനെ! ജീവിതം നരകതുല്യമായ അസുഖങ്ങള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കുന്നവര്‍ക്ക് ഈയൊരു ആശ സ്വപ്നം കാണാന്‍ പോലും കഴിയാറില്ല. പക്ഷെ, അങ്ങനെ ഒരു നിമിഷം വന്നെങ്കില്‍ എന്ത് സംഭവിക്കും എന്ന് വെളിവാക്കുന്ന ഒരു വീഡിയോ ഇന്‍്റര്‍നെറ്റ് ലോകത്ത് വൈറല്‍ ആകുകയാണ്.

' if only for a second' എന്ന പേരിലുള്ള ഈ വീഡിയോ ഒരാഴ്ച കൊണ്ട് ഒരു കോടിക്ക് മേല്‍ ആളുകള്‍  കണ്ടു കഴിഞ്ഞു. ബെല്‍ജിയം ആസ്ഥാനമായി കാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മിമി ഫൗണ്ടേഷന്‍ അത്തരമൊരു സന്ദര്‍ഭം ഒരുക്കി. തെരഞ്ഞെടുക്കപ്പെട്ട 20 രോഗികള്‍. അവരെ ഒരു മേക് അപ്പ് സ്റ്റുഡിയോയില്‍ പ്രവേശിപ്പിച്ചു. അവരുടെ ജീവിത കഥ ചോദിച്ചറിഞ്ഞു. ആഗ്രഹങ്ങള്‍ ആരാഞ്ഞു. ഒടുവില്‍ ഓരോരുത്തരെ സ്റ്റുഡിയോയിലെ കണ്ണാടിക്കു മുന്നില്‍ കൊണ്ട് വന്നിരുത്തി . പലര്‍ക്കും അല്പം മുടിയോ ചിലര്‍ക്ക് മൊട്ടത്തലയോ ആയിരുന്നു ഉണ്ടായിരുന്നത് .

 മേക്ക് അപ്പ് അവസാനിച്ച ശേഷം മാത്രമേ കണ്ണ് തുറക്കാവൂ എന്ന് അവരോടു ആവശ്യപ്പെട്ടിരുന്നു. മേക്കപ്പിന് ശേഷം അവരെ മറ്റൊരു വലിയ കണ്ണാടിക്കു മുന്നില്‍ ഇരുത്തി. ആ കണ്ണാടിക്കു പുറകില്‍ ഒരു ക്യാമറ മാന്‍ നിലയുറപ്പിച്ചിരുന്നു. 

കണ്ണ് തുറന്നു സ്വയം കാണുമ്പോള്‍ ഉള്ള അവരുടെ ഭാവം പകര്‍ത്താനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. ഒടുവില്‍ ഊഴം വന്നു. കണ്ണ് തുറന്ന അവര്‍ അത്ഭുതവും സന്തോഷവും അഭിമാനവും കൊണ്ട് കണ്ണ് മിഴിച്ചു. ചിലര്‍ മതി മറന്നു ചിരിച്ചു. അതെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അവ പിന്നീട് രോഗികള്‍ക്ക് മുന്നില്‍ വലിയ കാന്‍വാസുകളിലാക്കി ചുമരില്‍ പ്രകാശിപ്പിച്ചു. ഓരോ ചിത്രങ്ങളില്‍ നിന്നും മറ നീക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ മനസ് നിറഞ്ഞ് ചിരിച്ചു. അത് പുസ്തകമായി ഇറക്കിയത് രോഗികള്‍ ബന്ധുക്കളുമായി നോക്കുന്നതും ആഹ്ളാദിക്കുന്നതുമാണ് അവസാന കാഴ്ച.

മാധ്യമം ഓണ്‍ലൈനില്‍ വാര്‍ത്ത കാണാം 


2013, ഡിസംബർ 15, ഞായറാഴ്‌ച

തെരുവ് ഫാഷന്‍ ഷോ





ഹോളിവുഡ്‌ ചിത്രങ്ങളിലേതു പോലെ വിരിഞ്ഞ, വര്‍ണശബളിമായാര്‍ന്ന തൊപ്പിയും വസ്ത്രങ്ങളും ധരിച്ച് ആ മോഡലുകള്‍  നടന്നപ്പോള്‍ കൊച്ചിയില്‍ ജനം സ്തംഭിച്ചു. ചെണ്ട മേളം കേട്ടാണ് പലരും അവര്‍ നില്‍ക്കുന്നിടത്തെക്ക് ശ്രദ്ധിച്ചത്. ബസില്‍ നിന്നും തല നീട്ടിയ പലരും ആ കാഴ്ച കണ്ടു അമ്പരന്നു. കുറെ മോഡലുകള്‍ അതാ,  നടുറോഡില്‍ ട്രാഫിക്‌ മീഡിയന് അരികിലൂടെ ക്യാറ്റ് വാക്ക്‌ നടത്തുന്നു. അതുകണ്ട ചിലര്‍ ഉടനെ ബസ്സില്‍ നിന്നും ചാടിയിറങ്ങി. ബൈക്കിലും കാറിലും പോകുന്നവരില്‍ ചിലര്‍ വാഹനം തെരുവോരത്തു പാര്‍ക്ക് ചെയ്ത് റാമ്പിനടുത്തേക്ക് അതിവേഗം നടന്നു. വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ ആ കാഴ്ച കാണാനായി വാഹനങ്ങളുടെ വേഗം കുറച്ചു. കാണികള്‍ നിറഞ്ഞപ്പോള്‍ വലഞ്ഞത് ട്രാഫിക്‌ വാര്‍ഡന്‍ ആണ്. ഏറെ നേരം പണിപ്പെട്ടാണ് അദ്ദേഹം ഗതാഗതം നിയന്ത്രിച്ചത്. അടുത്ത് വന്നു നോക്കിയപ്പോഴാണ് എല്ലാവര്ക്കും ഒരു കാര്യം വ്യക്തമായത്. വസ്ത്രങ്ങള്‍ മുഴുവന്‍ നിര്‍മിച്ചിരിക്കുന്നത് പ്ലാസ്റ്റിക്‌ കവറുകളും കുപ്പികളും ഗ്ലാസുകളും ഉപയോഗിച്ചാണ്. കണ്ടു നിന്നവരുടെ കണ്ണ് മിഴിഞ്ഞു പോയി . ഹമ്പോ എന്ന് പലരും മനസ്സില്‍ പറഞ്ഞു. ഈ വസ്ത്രങ്ങള്‍ ഒക്കെയും  അക്സ് അജിയെന്ന അജികുമാര്‍ സുധാകരന്റെ കരവിരുതാണ്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 

 
ഫാഷന്‍ ഷോ കാണാന്‍ മേനക ജംഗഷനില്‍ കാണികള്‍ തടിച്ചു കൂടിയപ്പോള്‍ 

തെരുവ് ഫാഷന്‍ ഷോ  
നാല് മാസങ്ങള്‍ കൊണ്ടാണ് അജി ഇത്രയും വസ്ത്രങ്ങള്‍ ഉണ്ടാക്കിയത്. പ്ലാസ്റ്റിക്ക് കവറുകള്‍ പ്രത്യേക രീതിയില്‍ ഒന്നിച്ചു ചേര്‍ത്ത് നിര്‍മിച്ച ഇംഗ്ലീഷ്‌ മോഡല്‍ തൊപ്പികള്‍, കുപ്പികള്‍ മുഴുവനായും പകുതി മുറിച്ചും ഉണ്ടാക്കിയ നീളന്‍ ഉടുപ്പുകള്‍, പാനീയം കുടിക്കുന്ന സ്ട്രോ നിരത്തി വച്ച മിഡിയും ടോപ്പും, പ്ലാസ്റ്റിക്‌ ഷീറ്റുകളും ചാക്കും കൂട്ടിച്ചേര്‍ത്ത കോട്ടുകള്‍, ഐസ്ക്രീം സ്റ്റിക്കുകളും ഷട്ടില്‍കോക്കും കൊണ്ടുള്ള മോഡേണ്‍ തൊപ്പികള്‍, പ്ലാസ്റ്റിക്‌ സ്പൂണ്‌കള്‍ നിരത്തിയ മേല്‍ക്കുപ്പായങ്ങള്‍, ചീട്ടു കൊണ്ടുള്ള വിശറിയും ഗൌണും , പ്ലാസ്റ്റിക്‌ ഗ്ലാസ്സുകളും കുപ്പികളുടെ മൂടികളും കൊണ്ടുള്ള പെണ്ണുടുപ്പുകള്‍, കൂള്ട്രിംഗ്സ് കാനുകള്‍ കൊണ്ടുള്ള പുറം കുപ്പായങ്ങള്‍, വിവിധ തരം സ്നാക്ക് കവറുകള്‍ കൊണ്ടുള്ള ഷര്‍ട്ടുകള്‍ എന്നിവയാണ് അജി കൊച്ചിയില്‍ അവതരിപ്പിച്ച വസ്ത്രങ്ങള്‍  


ലക്‌ഷ്യം
 ഏറെ കഷ്ടപ്പാടുകള്‍ക്കിടയില്‍ പരുവപ്പെടുത്തിയെടുത്ത ഈ വസ്ത്രങ്ങള്‍ കൊണ്ട് നൂതനമായ സന്ദേശ പ്രചരണം സംഘടിപ്പിക്കാനാണ് അജി  ഈ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്‌ നാടിന്റെയും സമൂഹത്തിന്റെയും വില്ലനാണ് എന്ന് കരുതുന്ന  അജി ഫാഷന്‍ ഷോയിലൂടെ ആകര്‍ഷിക്കപ്പെടുന്ന ജനത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നു.


ഫ്ലാഷ് ബാക്ക്
അജി
തിരുവനന്തപുരം  കടക്കാവൂര്‍ അഞ്ചു തെങ്ങ് സ്വദേശിയാണ് അജി. മാടന്‍വിളാകം വീട്ടില്‍ തയ്യല്‍ക്കാരായ സുധാകരനും മറിയാമ്മയും ആണ് മാതാപിതാക്കള്‍.  ഏതൊരു മാതാപിതാക്കളെയും പോലെ അജിയെയും അവര്‍  കോളജില്‍ അയച്ചു പഠിപ്പിച്ചു. കൊമേഴ്സ്‌ ആയിരുന്നു അജിയുടെ വിഷയം. തങ്ങള്‍ കഷ്ട്ടപെടുന്നത് പോലെ മകന്‍ കഷ്ടപെടരുത് എന്ന് ആ അച്ഛനമ്മമാര്‍ കരുതി. അതിനു വേണ്ടി സകല ത്യാഗവും സഹിച്ചാണ് ആ മാതാപിതാക്കള്‍ മകനെ വളര്‍ത്തിയത്‌. മകന് ഉയര്‍ന്ന ഉദ്യോഗം കിട്ടുന്നതായും എസി ഓഫീസില്‍ ജോലി ചെയ്യുന്നതായും വലിയ കാറില്‍ സഞ്ചരിക്കുന്നതായുമൊക്കെ അവര്‍ സ്വപ്നം കണ്ടു. അവരുടെ ഇഷ്ടം നിറവേറ്റാന്‍ മകന്‍ കോളജില്‍ പോയി . പക്ഷെ, മനസ്സില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യണം എന്ന് ആഗ്രഹം ഒളിപ്പിച്ചു വച്ചു. ആരോടും പറഞ്ഞതുമില്ല. അത് കൊണ്ട് തന്നെ ഡിസൈനിംഗ് മേഖലയില്‍ പഠനം നടത്താനോ ഏതെങ്കിലും ഡിസൈനറുടെ കീഴില്‍ പോയി നിന്ന് പ്രാക്ടീസ് നടത്താനോ തുനിഞ്ഞതുമില്ല.

പാവപ്പെട്ടവന്‍റെ ഡിസൈനര്‍
ഏതൊരാള്‍ക്കും അവരവരുടെ ശരീരത്തിന് ഇണങ്ങുന്ന രീതിയില്‍ വസ്ത്രം തുന്നണം എന്നതാണ് ഓരോ ഫാഷന്‍ ഡിസൈനര്‍മാരും ആദ്യം പഠിക്കുന്ന പാഠം. വിദേശങ്ങളില്‍ അതൊക്കെ സര്‍വസാധാരണമാണ്. എന്നാല്‍ ഈ കൊച്ചു കേരളത്തില്‍ അത്തരത്തില്‍ ഒരു ആഗ്രഹം നടപ്പില്ല. ഡിസൈനര്‍മാര്‍ അവരുടെ ഇഷ്ടത്തിനുള്ള വസ്ത്രം തുന്നും. നമുക്ക് വേണമെങ്കില്‍ ഇഷ്ടപെടാം. ആവശ്യമെങ്കില്‍ വാങ്ങാം. അതിനപ്പുറം ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല. പക്ഷെ, അജി കൂട്ടുകാര്‍ക്കിടയില്‍ ഹീറോ ആകുന്നത് അവര്‍ക്കിഷ്ടപെടുന്നതും അവരുടെ ശരീരത്തിന് ഇണങ്ങുന്നതുമായ വസ്ത്രങ്ങള്‍ രൂപ കല്‍പ്പന ചെയ്താണ്. അല്ലെങ്കിലും , അജിയുടെ മനസ് നിറയെ വിവിധ രൂപങ്ങളാണ്. കസവ് തുണിത്തരത്തില്‍ ചെയ്തെടുക്കുന്ന വിവധ ഡിസൈനുകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.  കുറഞ്ഞ ചെലവില്‍ മനോഹരമായ വസ്ത്രം എന്നതാണ്  അജിയുടെ പോളിസി. മോഡേണ്‍ വസ്ത്രങ്ങളും നാടന്‍ വസ്ത്രങ്ങളും ഒരേ പോലെ രൂപകല്‍പ്പന ചെയ്യാന്‍ അജിക്ക് കഴിയും.


പ്രദര്‍ശനത്തിന്റെ വഴി
രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ നാട്ടുകാരെ കാണിക്കാന്‍ എന്ത് വഴി എന്ന് കുറെ ആലോചിച്ചു അജി. ടി.വി ചാനലുകളിലെ എന്റര്‍ടൈന്‍മെന്റ് ഡസ്ക്കുകളില്‍ വിഷയം സമര്‍പ്പിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. അകാദമിക യോഗ്യതകള്‍ തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ സ്പോണ്സര്‍ഷിപ്‌ നല്‍കാനും ആരും മുന്നോട്ടു വന്നില്ല. അങ്ങനെയാണ് ആദ്യമായി  കൂട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞ വര്ഷം തിരുവനന്തപുരത്ത് നടുറോഡില്‍ റാമ്പ് തീര്‍ക്കാന്‍ തുനിഞ്ഞത്. അന്ന് ഇടതുപക്ഷത്തിന്റെ സമരം നടക്കുന്ന സമയം. ചാക്ക് കൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ പുരുഷ മോഡലുകള്‍ നടന്നെത്തിയപ്പോള്‍ കാണികള്‍ അത്ഭുതത്തോടെ വഴി മാറി കൊടുത്തു. മറ്റേതോ സമരം വരുന്നു എന്നാണു ആദ്യം എല്ലാവരും കരുതിയത്‌. പിന്നെയാണ് ഫാഷന്‍ ഷോ ആണെന്ന് മനസിലായത്. അപ്പോള്‍ നിറഞ്ഞ കയ്യടികളോടെയും ആര്‍പ്പ് വിളികളോടെയും മോഡലുകളെ വരവേറ്റു. അജിക്കും സന്തോഷം. പക്ഷെ, അന്നത്തെ ആ ഷോ പോരാ എന്ന് മനസ്സില്‍ തോന്നിയത് കൊണ്ടാണ് കൊച്ചിയില്‍ റാമ്പ് ഒരുക്കാമെന്ന് അജി തീരുമാനിച്ചത്. ഷോ നടത്തി. അത് തകര്‍ത്തു. ചങ്ങാതിയും 27പൌലോ എന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി സാരഥിയുമായ സുനില്‍ ജോണ്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.  


എല്ലാം അമ്മ
അമ്മയാണ് എല്ലാം. അജി പറയുന്നു- ‘’അമ്മക്കാണ് ഈ ഷോ സമര്‍പ്പിക്കുന്നത്. എനിക്ക് ഇങ്ങനെ ഒരു ഷോ ചെയ്യുന്നതിന് അമ്മ ഏറെ പരിശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസമായി രാവും പകലുമില്ലാതെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോഴും തുന്നിയെടുക്കുമ്പോഴും എനിക്കും കൂട്ടുകാര്‍ക്കും പ്രോത്സാഹനവും  ഭക്ഷണവും തന്നു അമ്മ കൂടെ നിന്നു. ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ മുഴുവന്‍ ക്രെഡിറ്റും അമ്മയ്ക്കാണ്’’







2013, നവംബർ 24, ഞായറാഴ്‌ച

സള്‍ഫ്യൂരിക് ആസിഡ്‌ കൊണ്ട് വിനാഗിരി

ഫേസ് ബുക്ക്‌ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക 



സള്‍ഫ്യൂരിക് ആസിഡ്‌ കൊണ്ട് ഉണ്ടാക്കിയ വിനാഗിരി കഴിച്ചിട്ടുണ്ടോ ??

 കല്‍ക്കരി കത്തിച്ച് ഇസ്തിരി ഇട്ടിട്ടുണ്ടോ? 
പെട്രോളിയം ഖനന സ്ഥലത്ത് നിന്ന് നേരിട്ട് വാഹനത്തില്‍ പെട്രോള്‍ അടിച്ചിട്ടുണ്ടോ?
ടയര്‍ പഞ്ചര്‍ ഒട്ടിക്കാന്‍ ടയര്‍ നിര്‍മാണ കമ്പനിയില്‍ പോയിട്ടുണ്ടോ ?
ആണവ ഊര്‍ജ്ജം ഉപയോഗിച്ച് പറമ്പുകളില്‍ വെള്ളം പമ്പ് ചെയ്യുന്ന ജെനെറേറ്റര്‍ നിങ്ങള്‍ക്കുണ്ടോ ?

ഇല്ല എന്നാണു ഉത്തരമെന്കില്‍ നിങ്ങള്‍ ഈ ജീവിതത്തില്‍ ഒന്നും നേടിയിട്ടില്ല 

ഉണ്ട് എന്നാണു ഉത്തരമെന്കില്‍ തീര്‍ച്ചയായും കസ്തൂരിരംഗന്‍ - ഗാട്ഗില്‍ റിപ്പോര്‍ട്ടുകളെ എതിര്‍ക്കണം 

വായിക്കുക -കസ്തൂരിരംഗൻ  റിപ്പോർട്ടിനെ കുറിച്ചുള്ള ഭീകര തമാശകൾ ( സീരിയസ്  മാറ്റർ ) 



കസ്തൂരി രംഗ്ഗന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തിക്കോണ്ടുള്ള പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ ഉത്തരവില്‍ ഇപ്രകാരം പറയുന്നു എന്ന് പറഞ്ഞു കുറെയധികം തെറ്റിധാരണകൾ പലരും പരത്തി വരുന്നുണ്ട്. ഈ ബ്ലോഗ്‌ പോസ്റ്റിൽ ആദ്യഭാഗത്ത്‌ അവർ പറയുന്ന ബ്ലണ്ടർ  വ്യാഖാനങ്ങളും രണ്ടാം ഭാഗത്ത്‌ അതിനുള്ള ശരിയായ വ്യാഖാനവും നല്കിയിട്ടുണ്ട് 

 ബ്ലണ്ടർ  വ്യാഖാനങ്ങൾ 
1. Hospitals: രോഗം വന്നാൽ  മനുഷ്യൻ  ചികിത്സിക്കാതെ ചാകണോ?
2. Petroleum products involving storage, transfer or processing: പെട്രോൾ  പമ്പ്, പാചകവാതകം. പാടില്ല.
3. Slaughter houses and meat processing units: ഇറച്ചി കറി ഉണ്ടാക്കാഫ  പറ്റില്ല. കാരണം ഇറച്ചി കട പൂട്ടും.
4. Milk processing and dairy products: പാല്‍ സംഭരണവും വിതരണവും നില്കും
5. Industry or process involving metal treatment or process such as picking, surface coating, paint baking, paint stripping, heat treatment, phosphating or finishing etc. കത്തി കാച്ചല്‍.മൂര്‍ച്ച കൂട്ടല്‍, കൊല്ലപ്പണി, വാഹന വര്‍ക്ക് ഷോപ്പ്, പെയിന്‍്റടി തുടങ്ങിയവ പാടില്ല. .
6. Coke making, coal liquefaction, coaltar distillation or fuel gas making: ബയോഗ്യാസ് പ്ലാന്‍്റ് പാടില്ല. ചിരട്ടക്കരി ഉണ്ടാക്കാന്‍ പാടില്ല. 
7. Fertiliser. ജൈവ വളനിര്‍മ്മാണം എങ്കിലും ഒഴിവാക്കാമായിരുന്നു. 
8. Pharmaceuticals (Basic) ആയുര്‍വേദ മരുന്നെങ്കിലും ഒഴിവാക്കാമായിരുന്നു
9. Tyres and tubes Vulcanisation/Retreading/ moulding). ടയര്‍ കട്ടചെയ്യന്‍ പാടില്ല. തേഞ്ഞു തീര്‍ന്നാല്‍ പുതിയതു വാങ്ങിക്കൊണം
10. Glass and fibre glass production and processing. കണ്ണാടി ഉണ്ടാക്കാന്‍ പാടില്ല. 
11. Chemical, petrochemical and electrochemicals including manufacture of acids such as Sulphuric Acid, Nitric Acid, Phosphoric Acid etc. വിന്നാഗിരി ഉണ്ടാക്കാന്‍ പാടില്ല.
12. Glue and gelatin പശയുണ്ടാക്കാന്‍ പാടില്ല. 
13. Power generating plants (excluding D.G. Sets). മണ്ണെണ, ബയോഗ്യാസ്, പെട്രോൾ  മുതലായവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ പാടില്ല. 
14. Lime manufacturing ചുണ്ണാമ്പ് ഉണ്ടാക്കാന്‍ പാടില്ല. 
15. Industry or process involving foundry operations. കൊല്ലപ്പണി, തട്ടാന്‍, സ്വര്‍ണക്കട പാടില്ല. 
16. Hot Mix plants ടാര്‍ ഉരുക്കാന്‍ പാടില്ല. (റോഡു പണി നടപ്പില്ല)
ഇതൊന്നും ഇല്ലാതെ മനുഷ്യനായി ജീവിക്കാന്‍ പറ്റുമോ?



ശരിയായ വ്യാഖാനങ്ങൾ ക്രമ പ്രകാരം 

1. Hospitals : കസ്തൂരി രംഗൻ  മലയാളം പരിഭാഷയിൽ നിന്നുള്ള വാക്യം ചിത്രമായി നല്കിയത് നോക്കുക




2.Petroleum products involving storage, transfer or processing : പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്കരിക്കുന്നതും അവ സംഭ രിക്കുന്നതും  പെട്രോൾ പമ്പ്  നടത്തുന്ന പോലെ അത്ര ചെറിയ സംഭവം അല്ല.പെട്രോൾ  പമ്പ് / പാ ചകവാതകം. പാടില്ല.'  എന്നൊക്കെ  വിവരം കെട്ട  വ്യാഖാനം നല്കി ആളുകളെ പേടിപ്പിച്ചു കാര്യം നേടാൻ ശ്രമിക്കുന്നവർക്കായി താഴെയുള്ള ചിത്രം സമര്പ്പിക്കുന്നു






3.  Slaughter houses and meat processing units : ഇറച്ചി കറി ഉണ്ടാക്കാൻ   പറ്റില്ല. കാരണം ഇറച്ചി കട പൂട്ടും എന്നൊക്കെ ശുദ്ധ അസംബന്ധം പറയുന്നവർക്ക് ഇറച്ചിവെട്ടു പ്ലാന്റുകൾ എന്തെന്നോ ഇറച്ചി സംസ്കരണ ശാല എന്താണെന്നോ ആ ലങ്ടുകൾ ഉണ്ടാക്കുന്ന മാലിന്യക്കുന്നിന്റെ വലിപ്പം എത്രയാണെന്നോ ഒരറിവും ഇല്ല എന്ന് പറയേണ്ടി വരും അത്തരം ഒരു പ്ലാന്റിന്റെ ചിത്രം കാണുക




4. Milk processing and dairy products: പാല്‍ സംഭരണവും വിതരണവും നില്കുമെന്നു പറഞ്ഞ്  മേഖലയിലെ ക്ഷീര കര്ഷകരെ ഭീതിപ്പെടുത്തുന്നവർക്കു  ആ കർഷകരുടെ  നന്മയല്ല ലക്ഷ്യമിടുന്നത്. കസ്തൂരി രംഗൻ റിപ്പോര്ട്ടിനെ ചൊല്ലി ഇടുക്കിയിൽ  ഉപരോധം നടത്തിയവർ മിൽമയുടെ പാൽ  സംഭരണടാങ്കറുകൾ ഉപരോധ ദിനങ്ങളിൽ കടത്തി വിട്ടില്ല. ഏറ്റവും കൂടുതൽ പാൽ  സംഭരണം നടക്കുന്ന മലയോര മേഖലകളിലെ ക്ഷീര കർഷകരാണ്  ദുരിതത്തിൽ ആയതു. ഒപ്പം കോട്ടയത്ത്‌ പാൽ  സംഭരിച്ച ടാങ്കർ കല്ലെറിഞ്ഞു തകര്ക്കുകയും ചെയ്തു.

5. 
5. Industry or process involving metal treatment or process such as picking, surface coating, paint baking, paint stripping, heat treatment, phosphating or finishing etc. കത്തി കാച്ചല്‍.മൂര്‍ച്ച കൂട്ടല്‍, കൊല്ലപ്പണി, വാഹന വര്‍ക്ക് ഷോപ്പ്, പെയിന്‍്റടി തുടങ്ങിയവ പാടില്ല എന്ന വിവരംകെട്ട തർജ്ജമ  നല്കിയത് പ്രകോപിപ്പിക്കാൻ വേണ്ടി തന്നെയാണ് 

6. Coke making, coal liquefaction, coal tar distillation or fuel gas making: ബയോഗ്യാസ് പ്ലാന്‍്റ് പാടില്ല. ചിരട്ടക്കരി ഉണ്ടാക്കാന്‍ പാടില്ല.
കോക്ക്  എന്ന് പറഞ്ഞാൽ  പെട്രോളിയം കോക്ക്  ആണ്. ദുഷ് പ്രചാരകർക്ക് അത് ചിരട്ടകരി ആണ്. അതായത് അവർ ഉദ്ദേശിക്കുന്നത് ചിരട്ട കത്തിക്കാൻ പോലും പാടില്ല. അപ്പോൾ എങ്ങനെ അടുപ്പ് കൂട്ടും? ചിരട്ട കരി ഉപയോഗിക്കുന്ന ഇസ്തിരി കട, സ്വർണ പണി എന്നിവ പോലും നടത്താൻ പാടില്ലെന്നാണ് കുറെ തെമ്മാടികൾ ഭീതി പരത്താൻ പറയുന്നത് .

കൽക്കരിയിൽ നിന്നും ഉണ്ടാക്കുന്ന കോൾ ടാർ  എങ്ങനെ ചിരട്ട കരി ആകും ? ഫ്യുവൽ ഗ്യാസ് ബയോ ഗ്യാസ്  
ആണോ  ? പെട്രോളും കൽക്കരിയുമൊക്കെ ഉപയോഗിച്ച് ബയോ ഗ്യാസ് പ്ലാന്റ് ഉണ്ടാക്കിയത് ആരെങ്കിലും കണ്ടിട്ടുണ്ടോ ??

7. Fertiliser. ജൈവ വളനിര്‍മ്മാണം എങ്കിലും ഒഴിവാക്കാമായിരുന്നുവെന്നാണ് അടുത്ത വ്യാഖ്യാനം നല്കിയിട്ടുള്ളത് . താഴെ കാണുന്ന പടം നോക്കിയിട്ട് വീട്ടില് പുകയില ഉണ്ടാക്കാനും ചാണക പൊടി നിർമിക്കാനും  ഇത്ര വലിയ പ്ലാന്റ് വേണോ എന്ന് നോക്കുക

 
8. Pharmaceuticals (Basic) ആയുര്‍വേദ മരുന്നെങ്കിലും ഒഴിവാക്കാമായിരുന്നു എന്ന് പരയുനന്വർ കണ്ണ് തുറന്നു കാണണം എന്താണ് ഫാർമസ്യൂട്ടിക്കൽ  നിർമാണ കമ്പനികളുടെ രൂപം എന്ന്. താഴെ കാണാം

9. Tyres and tubes Vulcanisation/Retreading/ moulding). ടയര്‍ കട്ടചെയ്യന്‍ പാടില്ല. തേഞ്ഞു തീര്‍ന്നാല്‍ പുതിയതു വാങ്ങണം എന്ന് ആരെയാണ് ഇവര പറഞ്ഞു പൊട്ടൻ  കളിപ്പിക്കുന്നത് ? പഞ്ചർ അടക്കരുത്  എന്നാണോ  റിപ്പോർട്ടിൽ പറയുന്നത് ?? ഒരു ടയർ എടുത്തു കത്തിച്ചു നോക്കൂ..എത്ര പുക വമിക്കും എന്ന് അപ്പോൾ കാണാം.  അതെത്ര മാത്രം മനുഷ്യനെ അവശനാക്കുമെന്നു  പന്തം കൊളുത്തി പ്രകടനം നടത്തി പുക ശ്വസിച്ചു ശ്വാസം മുട്ടിയവർക്കെങ്കിലും  മനസിലാകും. ILO  പരയുനന്തു വായിച്ചു നോക്കൂ..


അപ്പോൾ ടയർ നിർമാണ കമ്പനി എങ്ങനെയിരിക്കും ??
10. Glass and fibre glass production and processing. കണ്ണാടി ഉണ്ടാക്കാന്‍ പാടില്ല എന്നാണു വ്യാഖാനം. കണ്ണാടി നോക്കാൻ പാടില്ലെന്ന് വ്യാഖ്യാനിച്ചില്ലല്ലോ , ഭാഗ്യം !


11. Chemical, petrochemical and electrochemicals including manufacture of acids such as Sulphuric Acid, Nitric Acid, Phosphoric Acid etc. വിന്നാഗിരി ഉണ്ടാക്കാന്‍ പാടില്ല എന്നത് വായിച്ചിട്ട് എനിക്ക് ചിരി വന്നു .  വിനാഗിരി എന്ന് പറഞ്ഞ്  സൾഫ്യൂരിക് ആസിഡ് കഴിക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ ...ചൈനയിൽ സൾഫ്യൂരിക് ആസിഡ് ചോർന്നു : മൂന്നു പേർ  മരിച്ചു എന്ന് ഇതെഴുതുമ്പോൾ പഴയൊരു വാര്ത്ത ഞാൻ വായിച്ചു. . കാളികാവ് [പുല്ലങ്കോട് എസ്റ്റേറ്റിൽ നിന്നും പത്തു ടണ്‍ സൾഫ്യൂരിക് ആസിഡ് ചോർന്ന് ചോക്കാടൻ പുഴയില കലര്ന്നത് പരിബ്രാന്തിക്ക് ഇടയാക്കി എന്നും വായിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ ഏറ്റവും മാരകമായ ആസിഡ് എന്ന് പഠിച്ചിട്ടുമുണ്ട് ( തെറ്റിയാൽ തിരുത്തണേ )  
വളവും സ്ഫോടക വസ്തുക്കളുമൊക്കെ ഉണ്ടാക്കാനാണ് പൊതുവെ നൈട്രിക്ക് ആസിഡ് ഉപയോഗിക്കുന്നത്. തുരുമ്പ് കളയുന്നതിനും മെഡിസിൻ മേഖലയിൽ  വസ്തുകക്ൽ വ്രുത്തിയാക്കുന്നതിനുമൊക്കെ ആണ് ഫോസ്ഫോറിക്  ആസിഡ് ഉപയോഗിക്കുന്നത്. ഇവയുടെ ന്ര്മാനവും വിനാഗിരിയും തമ്മിൽ എന്താണ് ബന്ധം എന്ന് പ്രചാരകർ പറയട്ടെ

12. Glue and gelatin പശയുണ്ടാക്കാന്‍ പാടില്ല എന്ന് പറയുമ്പോൾ നമ്മുടെ കർഷകർ പശ നിർമാണത്തിൽ കുറെ കാലങ്ങളായി മുഴുകി ഇരിക്കുന്നുവെന്നും അതൊക്കെ കസ്തൂരി രംഗൻ  റിപ്പോര്ട്ടോടെ അവസാനിക്കുമെന്നും  തോന്നും 

13. Power generating plants (excluding D.G. Sets). മണ്ണെണ, ബയോഗ്യാസ്, പെട്രോൾ  മുതലായവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ പാടില്ല- എന്ന് പറഞ്ഞാൽ മോട്ടോര് പമ്പ്  സെറ്റുകൾ ഉപയോഗിക്കരുത് , വൈദ്യുതി ഇല്ലെങ്കിൽ ജനറെറ്റർ പ്രവര്ത്തിപ്പിക്കരുത് എന്നൊക്കെയാണ് പ്രചരണം. ഡീസൽ ജനറെറ്റർ ഒഴിവാക്കിയെന്ന ബ്രാക്കറ്റിൽ ഉള്ള സംഭവം കണ്ണടച്ച് കളയുന്നത് എന്തിനു വേണ്ടിയാണാവോ ! ആണവ നിലയങ്ങൾ അടക്കമുള്ള വൻകിട വൈദ്യുത നിലയങ്ങൾ സ്ഥാപിക്കരുത് എന്നാണു യഥാർത്ഥ  വിവക്ഷ.14. Lime manufacturing ചുണ്ണാമ്പ് ഉണ്ടാക്കാന്‍ പാടില്ല എന്നാണു ദുർവ്യാഖ്യാനം . ചുണ്ണാമ്പ് കൂട്ടി വെറ്റില മുറുക്കരുത് എന്ന് പറഞ്ഞാൽ  അപ്പോൾ വെറ്റില വില്പ്പന ഇടിഞ്ഞു വെറ്റില കർഷകർ നാമാവശേഷമാകും  എന്ന കുപ്രചരണങ്ങളും  ഉണ്ട്.  പാറ മടകൾ നടത്തി,കല്ല്‌ പൊട്ടിച്ച് , വളരെ വലിയ പ്രോസസ്സിംഗ് നടത്തുന്ന പരിപാടിയാണിത് . മനസിലാകാത്ത വർക്ക്   വീഡിയോ കാണാം 





15. Industry or process involving foundry operations. കൊല്ലപ്പണി, തട്ടാന്‍, സ്വര്‍ണക്കട പാടില്ല എന്ന് പറഞ്ഞാൽ  ആ മേഖലയിലെ തൊഴിലാളികളെ ഇളക്കിവിടാം എന്ന് കുപ്രചരണം നടത്തുന്നവർക്ക് ബോധ്യം ഉണ്ട്. വൻകിട  പരിപാടിയാണ് ഫൗണ്ട്രി  എന്നതിൽ  വരുന്നത് . അത്തരം വ്യവസായം കോടിക്കണക്കിന് രൂപ ചെലവിൽ നടത്താൻ മലയോര കര്ഷകന് സാധിക്കുമോ ?

 
16. Hot Mix plants ടാര്‍ ഉരുക്കാന്‍ പാടില്ലെന്നും റോഡു പണി നടപ്പില്ലെന്നുമാണ് കുപ്രചരണം. സത്യം എന്താണ്?  പടം കാണൂ.. ഒരു ഹോട്ട്  മിക്സ് പ്ലാന്റിന്റെ പടമാണ് .

 


ഇനി നിങ്ങൾ പറയൂ..ആര് പരയുന്നതാണ് സത്യം ? എന്തിനാണ് ജനങ്ങളെ നുണ പറഞ്ഞു ഇളക്കി വിടുന്നത്?? ആരാണ് ഇങ്ങനെ ദുഷ്പ്രചരണം നടത്തുന്നത് ?? ആര്ക്ക് വേണ്ടി?? സ്വയം വിലയിരുത്തുക.

2013, നവംബർ 22, വെള്ളിയാഴ്‌ച

മെത്രാന്‍മാര്‍ക്ക്‌ എതിരെ മാര്‍പാപ്പയോട് പരാതി




കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍   കുറച്ചു ദിവസങ്ങളായി കേരളത്തില്‍ ആഭ്യന്തര കലാപം അരങ്ങേറുകയാണ് .


രാജ്യത്ത് രക്തരൂഷിത ആഭ്യന്തര കലാപം സൃഷ്ടിക്കുന്ന വിധം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ താമരശ്ശേരി , ഇടുക്കി മെത്രാന്മാരെ തല്‍സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പക്ക് കേരളത്തില്‍ നിന്നും  പരാതി പോയിട്ടുണ്ട്

ഇടയ ലേഖനങ്ങളിലും പ്രസംഗങ്ങളിലും ഇടയന്മാര്‍ പ്രകോപനം തുടരുന്നു . ഒന്ന് ചോദിക്കട്ടെ , ഏതു കര്‍ഷകനാണ് രണ്ടു ലക്ഷം ചതുരശ്ര അടിക്കു മേല്‍ കെട്ടിടം നിര്‍മിച്ചു കാര്‍ഷിക വേല ചെയ്യുന്നത് ?? ഏതു കര്‍ഷകനാണ് താപ വൈദ്യുത നിലയം ഉണ്ടാക്കി കൃഷി ചെയ്യുന്നത് ?
ഏതു കര്‍ഷകനാണ് പാറ മട കൃഷി നടത്തുക? ഏതു കര്‍ഷകനാണ് തൃശ്ശൂരിലെ ശോഭ സിറ്റി പോലുള്ള ടൌണ്‍ഷിപ്പുകള്‍ കൃഷി ചെയ്യുന്നത് ??? 

ഏതു കുഞ്ഞാടുകള്‍ ആണ് ഭൂ മാഫിയകളെ തകര്‍ക്കാന്‍ സൂക്ഷിച്ചു വച്ച വിലപ്പെട്ട രേഖകള്‍ ഉള്ള ഓഫീസുകള്‍ തീ വച്ച് ചാമ്പലക്കിയത് ??

ഇതൊക്കെ ആര്‍ക്കു വേണ്ടി ??

 

ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സിലാണ് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഇടുക്കി മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വര്‍ഗീയ കലാപത്തിനു ആഹ്വാനം ചെയ്ത ബിഷപ്പുമാരെ അറസ്റ്റ് ചെയ്യണമെന്നു കൗണ്‍സില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട് .

 പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട അബ്ദുന്നാസിര്‍ മദ്‌നി , എം.എം. മണി എന്നിവരെ ദീര്‍ഘകാലം ജയിലിലടച്ച സംസ്ഥാന സര്‍ക്കാറും പൊലീസും കത്തോലിക്കാ മെത്രാന്റെ നക്‌സല്‍ ശൈലി കണ്ടില്ലെണെന്നാണ് കൌണ്‍സിലിന്റെ പക്ഷം.

അവര്‍ പരയുനന്തു ശരിയല്ലേ എന്ന് അല്പം ആലോചിച്ചാല്‍ ബോധ്യപ്പെടുകയും ചെയ്യും .
''പശ്ചിമഘട്ട മേഖലയിലെ ജനങ്ങള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കത്തോലിക്കാ സഭ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി വെട്ടിപ്പിടിച്ച് പണിത കുരിശടികളും പാസ്റ്ററല്‍ സെന്ററുകളും മറ്റു സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്ന് സഭക്ക് ഭീതിയുണ്ട്. ഇതാണ് തെരുവിലിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. സമരം ചെയ്യലല്ല മെത്രാന്മാരുടെ ദൗത്യം ''എന്നൊക്കെയും കൌണ്‍സില്‍ രൂക്ഷമായി ആഞ്ഞടിക്കുന്നുണ്ട്.

തോട്ടം തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍ എന്നിവര്‍ക്കുവേണ്ടി സമരം നയിച്ച വൈദികരെയും സന്യാസിനികളെയും കര്‍ശന നടപടിയിലൂടെ തകര്‍ത്ത കത്തോലിക്കാ സഭ ഇപ്പോള്‍ അക്രമ സമരങ്ങള്‍ നടത്തുന്നത് അപഹാസ്യംമാണെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.


അവസാനം സര്‍ക്കാര്‍ മലയാളം പരിഭാഷ ഇറക്കി. അപ്പോള്‍ കുഴപ്പം ഇങ്ങനെയായി..
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ : പേജുകളുടെ എണ്ണം ഇംഗ്ലീഷ് റിപ്പോര്‍ട്ടില്‍ അഞ്ഞൂറിന് മേലെ , മലയാളത്തില്‍ വെറും 25 എന്നൊക്കെ പലയിടത്തും പലരും പറയുന്നത് കേട്ടു . പലര്‍ക്കും ഇപ്പോള്‍ അതാണ് വിഷയം. 
സത്യത്തില്‍ ഈ ഇംഗ്ലീഷ് റിപ്പോര്‍ട്ട് മുഴുവന്‍ കേരളത്തെ കുറിച്ചാണോ?? പദ്ധതിക്ക് കീഴെ വരുന്ന സംസ്ഥാനങ്ങളിലെ , ജില്ലകളുടെ മാപ്പുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതൊക്കെ കേരളത്തെ കുറിച്ചാണോ ??

അപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ ഭൂഘടന ചിത്രങ്ങള്‍ മാറ്റിയാല്‍ മലയാളത്തില്‍ പേജിന്റെ എണ്ണം കുറവ് ആയിരിക്കും... അല്ല എന്നുണ്ടോ ???


കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ



കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത് ഇവിടെ നല്‍കുന്നു. JPEG ഫോര്‍മാറ്റില്‍ ആണ് ഇവിടെ നല്കിയിട്ടുള്ളത്. ( കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ പരിഭാഷപ്പെടുത്തി പുറത്തിറക്കി. ജൈവ വൈവിധ്യ ബോര്‍ഡാണ് പരിഭാഷ പുറത്തിറക്കിയത്. റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാര്‍ നിലപാട് രൂപീകരിക്കാനുള്ള വിദഗ്ദ സമിതി 26 ന് സന്ദര്‍ശനം തുടങ്ങും.
കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിന്റെ പരിഭാഷ പുറത്തിറക്കുന്നത്. 500 പേജുള്ള റിപ്പോര്‍ട്ട് പൂര്‍ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട പ്രസക്തഭാഗങ്ങളാണ് രണ്ട് ഭാഗങ്ങളാക്കി പുറത്തിറക്കിയിട്ടുള്ളത്. ആദ്യ ഭാഗത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അവലോകനമാണ്. റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിശദമായ വിവരങ്ങളും കൊടുത്തിട്ടുണ്ട്. 123 വില്ലേജുകളുടെ പട്ടികയും കൊടുത്തിട്ടുണ്ട്.
രണ്ടാം ഭാഗത്ത് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടും നിര്‍ദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ താരതമ്യമാണ്. ജില്ല തിരിച്ചാണ് ഇത് നല്‍കിയിരിക്കുന്നത്. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിഞ്ജാപനവും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.)

മുഴുവന്‍ വായിക്കാന്‍ താഴെ
ഒപ്പം ഫേസ് ബുക്ക് ചർച്ച  കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
ഷാ ഫി പറമ്പിൽ  MLAയുടെ  പേജിലെ ഷെയർ കാണാം

2013, നവംബർ 21, വ്യാഴാഴ്‌ച

സച്ചിന്‍ വെളിച്ചം ആണെന്ന് മോഹന്‍ലാല്‍

madhyamam online news 


വാംഖഡേ
 സ്റ്റേഡിയത്തിലെ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പ്രജ്വലമായ അവസാന പ്രകടനത്തെ കുറിച്ചുള്ള പോസ്റ്റ്‌ 'ദ കംപ്ലീറ്റ് ആക്ടര്‍ ' എന്ന ബ്ലോഗിലാണ്   പ്രസിദ്ധീകരിച്ചിട്ടുള്ളത്. 
മോഹന്‍ ലാലിന്റെ പോസ്റ്റിന്റെ മുഴുവന്‍ രൂപം :
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിട വാങ്ങല്‍ പ്രസംഗം കാണാനോ കേള്‍ക്കാനോ എനിക്ക് സാധിചില്ല. ഞാന്‍ അപ്പോള്‍ ഷൂട്ടിങ്ങിലായിരുന്നു. പിന്നീട് രാത്രി അതിന്റെ ചില ഭാഗങ്ങള്‍ ടി.വിയില്‍ വാര്‍ത്തകള്‍ക്കിടെ കണ്ടു. പിറ്റേന്ന് പത്രത്തില്‍ പ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിച്ചു. അപ്പോള്‍ ഒരു കാര്യം എനിക്ക് ബോധ്യമായി. ഏതു കാര്യത്തിനും ആരംഭം പോലെ തന്നെ പ്രധാനമാണ് അവസാനവും. എവിടെ തുടങ്ങുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എവിടെ അവസാനിപ്പിക്കുന്നു എന്നതും. പ്രത്യേകിച്ചും കായികക്ഷമതക്ക് വളരെ പ്രാധാന്യമുള്ള സ്പോര്‍ട്സ്‌ മേഖലകളില്‍.  തുടങ്ങിയതിനേക്കാള്‍ മനോഹരമായി സച്ചിന്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചു. സുഖകരമായ ഒരു മഴ പെയ്തു തോര്ന്നത് പോലെ , മധുരമായ ഒരു പാട്ട് പടി തീര്‍ന്നത് പോലെ.....






സച്ചിനെ പറ്റിയും അദ്ദേഹത്തിന്റെ കളിയെ പറ്റിയും കഴിഞ്ഞ ഇത്രയും വര്‍ഷങ്ങളായി എത്രയോ പേര്‍ എഴുതിക്കഴിഞ്ഞതാണ്. പുതുതായി ഒന്നും അതില്‍ ഇനി പറയാനുണ്ട് എന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് എന്നെ പോലുള്ള ഒരാള്‍ക്ക്‌ . എന്നാല്‍ അദ്ദേഹത്തിന്റെ വിട വാങ്ങലിനെ കുറിച്ചും ആ അവസരത്തില്‍ അദ്ദേഹം ചെയ്ത പ്രസംഗത്തെക്കുറിച്ചും ചില കാര്യങ്ങള്‍ പറയണമെന്നുണ്ട്.

നമ്മുടെ കാലഘട്ടം മാത്രമല്ല, ചരിത്രത്തിലേയും ഏറ്റവും മഹത്തായ ഒരു പ്രസംഗമായിരുന്നു വാംഖഡേ സ്റ്റേഡിയത്തില്‍ വച്ച് സച്ചിന്‍ ചെയ്തത് എന്ന് ഞാന്‍  വിശ്വസിക്കുന്നു. കാരണം ആ വാക്കുകളില്‍ പല കാര്യങ്ങള്‍ ഒരേ സമയം വന്ന് സംഗമിച്ചിരുന്നു. ഏതു മേഖലയിലെയും പ്രോഫഷനലിനു അതില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. ..എങ്ങനെ ഒരു കരിയറിനെ കറ വീഴാതെ ഒരു പ്രാര്‍ത്ഥന പോലെ കൊണ്ട് നടക്കാം എന്ന കാര്യം...യുവജനതക്ക് പഠിക്കാനുണ്ട്...സമര്‍പ്പണം എന്നത് എന്താണ് എന്ന്....പ്രതിഭകള്‍ക്ക് പഠിക്കാനുണ്ട്...പ്രതിഭ എന്നത് നിരന്തരം തേച്ചു മിനുക്കി ഏകാഗ്രമായി കാത്തു സൂക്ഷിക്കേണ്ടതാണ് എന്ന് ....അമ്മമാരെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക്‌ പഠിക്കാനുണ്ട്...അമ്മയുടെ അനുഗ്രഹമില്ലാതെ ഒരു വിജയവുമില്ല എന്ന്.( അദ്ദേഹം തന്റെ ഭാരതരത്ന ..എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിച്ചു)  എല്ലാവര്ക്കും പഠിക്കാനുണ്ട്. വന്ന വഴികള്‍ മറക്കാന്‍ പാടില്ല എന്നത്. നമ്മള്‍ എന്നത് നാം മാത്രമല്ല ,ഒരുപാട് പേരുടെ പ്രാര്‍ത്ഥന കൂടിയാണ് എന്നത്..അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തെ നൂറ്റാണ്ടിന്റെ പ്രഭാഷണങ്ങളിലൊന്നായി കണക്കാക്കുന്നു.

കഴിഞ്ഞ മുപ്പത്തി മൂന്നു വര്‍ഷങ്ങളായി ഒരേ ജോലി തന്നെ ചെയ്യുന്ന ഒരാളാണ് ഞാന്‍. മലയാളം എന്ന ചെറിയ ( സംസാരിക്കുന്നവരുടെ എണ്ണം കൊണ്ട്) ഭാഷയിലെ ഒരു നടന്‍ സച്ചിനെ പോലെ ലോകം മുഴുവനുമൊന്നും ഉറ്റു നോക്കുന്നില്ല. എന്നിട്ട് പോലും എത്ര മാത്രം ഏകാഗ്രത ...ഇങ്ങനെ നില നിന്ന് പോകാന്‍ ആവശ്യമാണ്‌ എന്ന് ഓരോ നിമിഷവും ഞാന്‍ അറിയുന്നു. അത് ഞാന്‍ ആസ്വദിക്കുന്നു. ഓരോ സിനിമയും എനിക്ക് ആദ്യത്തെ സിനിമയാണ്. ആദ്യ ഷോട്ട് അഭിനയിക്കുമ്പോള്‍ ഉണ്ടായ അതെ മാനസികാവസ്ഥ ഇപ്പോഴും ഒരു പുതിയ സിനിമയുടെ ഷോട്ടുകളില്‍ ഞാന്‍ അനുഭവിക്കുന്നു. തന്റെ മേഖലകളില്‍ സച്ചിനും ഇങ്ങനെ അനുഭവിചിരിക്കും എന്ന് എനിക്കുറപ്പുണ്ട്. അതില്ലെങ്കില്‍ ഇഷ്ടപ്പെടുന്ന തൊഴിലിന്റെ ആനന്ദമില്ല. 



സച്ചിന്‍ നേടിയ ധനത്തെ കുറിച്ചും പ്രശസ്തിയെക്കുറിച്ചുമാണ് എല്ലാവരും പറഞ്ഞു കേള്‍ക്കാറുള്ളത്. ഈ ഉയരങ്ങളിലേക്കെത്താന്‍ അദ്ദേഹം ത്യജിച്ച കാര്യങ്ങളുടെ കണക്കെടുത്താല്‍ അതിനായിരിക്കും ജീവിതത്തിന്‍റെ തുലാസില്‍ കാണാം കൂടുക. എന്താലാം സുഖങ്ങള്‍! അത്രയും വിലപ്പെട്ട സ്വകാര്യ ജീവിതം! കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ ! സ്വാതന്ത്ര്യങ്ങള്‍ ! അത് അധിക പേര്‍ക്കും മനസിലാകില്ല. പണവും പ്രശസ്തിയും എല്ലാം തന്ന കളിയെ നെഞ്ചോടു ചേര്‍ത്ത് നിറുത്താനുള്ള അധ്വാനത്തിന്റെ കാഠിന്യം, ഭാരം...അത് അനുഭവിച്ചവനെ  അറിയൂ...

സച്ചിന്‍റെ പ്രസംഗം നമ്മുടെ സ്കൂളുകളില്‍ പഠിപ്പിക്കേണ്ടതാണ്, എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിലെ നന്മകള്‍, നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. ''ലക്ഷ്യത്തിലേക്കെത്താന്‍ കുറുക്കു വഴികള്‍ സ്വീകരിക്കരുത്'' എന്ന് ഉപദേശിച്ച അദ്ദേഹത്തിന്‍റെ അച്ഛന്‍റെ വാക്കുകളും അത് അക്ഷരം പ്രതി അനുസരിച്ച സച്ചിന്‍റെ ജീവിതവും പറഞ്ഞു മനസിലാക്കി കൊടുക്കണം. ആ വാക്കുകളിലെ വെളിച്ചങ്ങള്‍ അവര്‍ക്ക് കാണിച്ചു കൊടുക്കണം. ഓരോ നിമിഷവും നന്മ മാത്രം ചിന്തിച്ചും ,ചെയ്തും പ്രവര്‍ത്തിച്ചും തേച്ചു തിളക്കിയെടുത്ത ഒരു ആത്മാവിന്‍റെ വെളിച്ചമാണത് . വഴിയില്‍ ഇരുള്‍ മൂടുമ്പോള്‍ ആ വെളിച്ചം തീര്‍ച്ചയായും വഴി കാട്ടും. ആ വെളിച്ചത്തിന്‍റെ കൂടി പ്രബയിലും അനുഗ്രഹത്തിലുമായിരിക്കും ഇനി ഞാനും മുന്നോട്ടു യാത്ര ചെയ്യുക...


2013, നവംബർ 20, ബുധനാഴ്‌ച

കേരളത്തെ കുറിച്ചുള്ള നിങ്ങളുടെ സ്വപ്നം രേഖപ്പെടുത്തുക

കേരളം 2030ൽ എങ്ങനെയായിരിക്കണം?
അതേക്കുറിച്ചു് നിങ്ങൾക്കുമുണ്ടാവില്ലേ ചില സ്വപ്നങ്ങൾ?

എന്നാല്‍ സ്വപ്‌നങ്ങള്‍ പങ്കു വക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം വളരെ കുറവാണ്. http://kerala2030.blogspot.in/ എന്ന ബ്ലോഗില്‍ കയറി ഒരു വോട്ടു ചെയ്യുന്നതും കമന്റ് ചെയ്യുന്നതും നമ്മളെ തന്നെ സഹായിക്കലാണ്. നമ്മുടെ നാട് എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഇപ്പോഴല്ലാതെ സാധിക്കില്ല. ഇപ്പോള്‍ പറയാന്‍ സമയം തന്നത് വെറും 19 ദിവസം. അത് തീര്‍ന്നു. അത് പോരാ... വേണം എന്ന് പറയാന്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ http://kerala2030.blogspot.in/എന്ന ലിങ്ക് തുറക്കുമല്ലോ. രണ്ടു മിനിറ്റ് ചെലവഴിക്കുക, കേരളത്തെ സഹായിക്കുക


മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത കാണാം

കേരളം 2030-ല്‍ എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാട് രൂപവല്‍ക്കരിക്കുന്നതിന് സംസ്ഥാന ആസൂത്രണ കമീഷന്‍ തയ്യറാക്കിയ കേരള പരിപ്രേക്ഷ്യ നയം എന്ന രേഖയുടെ കരട് പതിപ്പില്‍ ചര്‍ച്ച ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും പൊതു ജനത്തിന് നല്‍കിയ സമയം അപര്യാപതമാണെന്ന് വിവിധ മലയാളി സമൂഹങ്ങളില്‍ നിന്നും ശബ്ദമുയരുന്നു.

 ഭാവിയിലേക്കുള്ള വികസനത്തിന്‍െറ മാര്‍ഗരേഖ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരടിന്മേല്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ എട്ട് വരെയാണ് സമയം അനുവദിച്ചിരുന്നത്. സംസ്ഥാനത്തിന്‍െറ ഗുണം ലക്ഷ്യമിടുന്ന ഒരു നയം എന്ന നിലയില്‍ പൊതുജനങ്ങള്‍ക്ക വെറും 19 ദിവസം മാത്രം നല്‍കിയത് പരിമിതമാണെന്നും നാലോ അഞ്ചോ മാസം നല്‍കണമെന്നും ആവശ്യപ്പെട്ടു ഇന്‍റര്‍നെറ്റില്‍ സംഘടിച്ച ഒരു കൂട്ടം മലയാളികള്‍ മുഖ്യമന്ത്രിക്ക് ഭീമ ഹരജി നല്‍കാനുള്ള തയ്യറെടുപ്പിലാണ്.  http://kerala2030.blogspot.in/  എന്നതാണ്  ഭീമ ഹരജി പ്രസിദ്ധീകരിച്ച  ബ്ളോഗിന്‍െറ വിലാസം .

രേഖയുടെ കരടു പതിപ്പ് കേരള സര്‍ക്കാറിന്‍െറ ഒൗദ്യോഗിക പോര്‍ട്ടലിലും അനുബന്ധ വെബ്സൈററുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്ര വ്യാപ്തിയും ഗൗരവവുമുള്ള വിഷയത്തില്‍ സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നുമുള്ള പൊതുജനങ്ങള്‍ക്ക് വ്യാപകമായി ഇടപെടുന്നതിനും സക്രിയമായി ആശയങ്ങള്‍ പരസ്പരം പങ്കു വയ്ക്കുന്നതിനും സമയം നല്‍കിയില്ളെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിനകത്തും പുറത്തും വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന നിരവധി മലയാളികളുണ്ട് .കേരളത്തിന്‍െറ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മലയാളികളില്‍ ഒട്ടനവധി വിദഗ്ദ്ധരും പരിചയസമ്പന്നരും ഉണ്ട്.

  ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, വ്യവസായം, പരിസ്ഥിതി, മാലിന്യനിര്‍മ്മാര്‍ജ്ജനം, കൃഷി, വാണിജ്യം, ബാങ്കിങ്ങ്, വിവരസാങ്കേതികവിദ്യ തുടങ്ങിയ എല്ലാ  വിഷയങ്ങളിലും ആഗോളനിലവാരത്തില്‍  പ്രാഗത്ഭ്യം നേടിയ ആയിരക്കണക്കിന് മലയാളികള്‍ ലോകമൊട്ടാകെയുണ്ട്. കേരളത്തിന്‍െറ ഭരണകൂടം ഇപ്പോള്‍ തയ്യറാക്കിക്കൊണ്ടിരിക്കുന്ന വികസനമാര്‍ഗരേഖയില്‍ സജീവമായി പങ്കാളികളാകാന്‍ അത്തരം പരിചയ സമ്പന്നര്‍ക്ക്  ഇടമൊരുക്കണം എന്നാണ് അവരുടെ ആവശ്യം.

പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരമാര്‍ജ്ജിച്ച ചര്‍ച്ചയാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് വേണ്ടത്ര മുന്‍കൈയെടുത്തിട്ടില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി.   ഇപ്പോഴുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപൈ്ളഡ് ഇക്കണോമിക് റിസര്‍ച്ച്  തയ്യറാക്കിയ കരടുരേഖയില്‍ സാംസ്കാരികം പോലുള്ള പല സുപ്രധാനവിഷയങ്ങളും വിട്ടുപോയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി . 20 വര്‍ഷം കൊണ്ട് സംഭവിക്കാവുന്ന ശാസ്ത്രസാങ്കതേികപുരോഗതികളും വിഭവ ലഭ്യതയിലെ മാറ്റങ്ങളും   മാര്‍ഗനിര്‍ദ്ദേശ രേഖയില്‍ പരിഗണിക്കണം.   ഇത്രയും ദീര്‍ഘദര്‍ശനം ആവശ്യമുള്ള  വികസനപരിപ്രേക്ഷ്യം ഉണ്ടാക്കുമ്പോള്‍ കുറഞ്ഞത് ആറു മാസത്തെ സമയമെങ്കിലും അഭിപ്രായരൂപീകരണത്തിനും പൊതു ചര്‍ച്ചകള്‍ക്കും  അനുവദിക്കണം .

 മലയാളികള്‍ക്കും അനായാസമായി പഠിച്ചെടുക്കാനും പ്രതികരിക്കാനും മാതൃഭാഷ തന്നെയാണ് അഭികാമ്യം എന്നതിനാല്‍  ഭരണഭാഷയായ മലയാളത്തിലേക്കു കൂടി പരിഭാഷപ്പെടുത്തണം. നിലവില്‍ ഇംഗ്ളീഷില്‍ മാത്രമാണ് രേഖ. കേരള പേഴ്സ്പെക്റ്റീവ് പ്ളാന്‍ എന്നാണ് പേരും നല്‍കിയിട്ടുളളത്.

 ചര്‍ച്ചക്കായി ഇന്‍റര്‍നെററ് വെബ് സംവിധാനം ഒരുക്കണം.  തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകള്‍  കേന്ദ്രീകരിച്ചും സംസ്ഥാനതലത്തിലും ഓരോ വിഷയത്തിലും അധിഷ്ഠിതമായി ചര്‍ച്ചാവേദികള്‍ ഒരുക്കണം. ഓണ്‍ലൈന്‍  മാധ്യമങ്ങളുടെ പുതിയ സാധ്യതകള്‍  പ്രയോജനപ്പെടുത്തണമെന്നും ഭീമ ഹരജിയില്‍ പറയുന്നു.



ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...