2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

കണ്ണുള്ളവരേ കാണൂ, ജീവിതം പ്രത്യാശാഭരിതമാണ്

Face book link 
മാധ്യമം വാർത്ത 

കണ്ണുകള്‍ക്ക് കാഴ്ചയില്ളെങ്കിലും അവര്‍ തമ്മില്‍ കണ്ടു. മനസുകളുടെ ഇഷ്ടം പങ്കുവെച്ചു. പൊരുത്തങ്ങളും പൊരുത്തകേടുകളും കൂട്ടിക്കുറച്ചതിനൊടുവില്‍ ജീവിതം പങ്കുവെക്കാന്‍ ഇരുവരും തീരുമാനിച്ചു. മനകണ്ണ് കൊണ്ട് സാക്ഷ്യം വഹിക്കാന്‍ ചങ്ങാതിയും കൂട്ടുനിന്നു. ജാതിയും മതവും പ്രായവും ഒന്നും തീരുമാനമെടുക്കാന്‍ തടസമായില്ല എന്നതാണ് സവിശേഷത. എറണാകുളം ടൗണ്‍ഹാളില്‍ പ്രത്യാശ ഫൗണ്ടേഷന്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് ജീവിത പങ്കാളിയെ കണ്ടത്തൊന്‍ സംഘടിപ്പിച്ച സംഗമത്തിലാണ് തിരുവനന്തപുരം സ്വദേശി വിന്‍സന്‍റും എറണാകുളം സ്വദേശി സുജയും കണ്ടുമുട്ടിയത്. ആലുവ സെന്‍റ് സേവ്യേഴ്സ് കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും ടെലിഫോണ്‍ ഓപറേറ്റിങ് കോഴ്സും പൂര്‍ത്തിയാക്കിയ സുജക്ക് (45) കാഴ്ചയില്ലാത്തവളെന്ന ഒരൊറ്റ കാരണം കൊണ്ടാണ് വിവാഹം നടക്കാതിരുന്നത്. സാമൂഹ്യ ശാസ്ത്രത്തില്‍ ബി.എഡ് പൂര്‍ത്തിയാക്കിയ വിന്‍സെന്‍റിനും (49) വിവാഹമായില്ല. ഉയര്‍ന്ന വിദ്യാഭ്യാസവും അര്‍ഹതയുമൊക്കെ ഉണ്ടെങ്കിലും വിന്‍സെന്‍റിന് ജോലി ലഭിച്ചില്ല. നിലവില്‍ പാട്ടുകാരനെന്ന നിലയിലാണ് വിന്‍സന്‍റ് ഉപജീവനം കഴിക്കുന്നത്. വീട്ടുകാരറിയാതെ സംഗമത്തിനത്തെിയ സുജക്ക് തീരുമാനത്തില്‍ അല്‍പം ആശങ്കയുണ്ട്. ചങ്ങാതിയും അന്ധനുമായ ശശിയും ഭാര്യ ഉഷയും ചേര്‍ന്നാണ് സുജയെ സംഗമത്തിനത്തെിച്ചത്. വേദിയില്‍ കയറി നിന്ന് പരിചയപ്പെടുത്താന്‍ അല്‍പം മടിയുണ്ടായിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ മരിച്ച സുജക്ക് ഇനിയുള്ള കാലമെങ്കിലും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണമെന്നാണ് ആഗ്രഹം. സ്വന്തം ജീവിതത്തിന് കൂട്ടായി ആരെങ്കിലുമത്തെുമെന്ന ഉറച്ച വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. അങ്ങനെ വേദിയില്‍ കയറി നിന്ന് പരിചയപ്പെടുത്തി. ഇറങ്ങി വന്ന് ഹാളില്‍ ഇരുന്നപ്പോള്‍ വിന്‍സന്‍റ് വന്ന് കാര്യങ്ങളാരാഞ്ഞു. കൂടുതല്‍ സംസാരിച്ചപ്പോള്‍ ഇരുവര്‍ക്കും പൊരുത്തങ്ങളനുഭവപ്പെട്ടു. അങ്ങനെയാണ് ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചത്. ജാതിയും മതവും പ്രശ്നമാകുമെന്നും നാട്ടുകാരും വീട്ടുകാരും തള്ളിപറയുമെന്നുള്ള പേടി സുജ പങ്കുവെച്ചപ്പോള്‍ കേട്ടു നിന്നവരൊക്കെ ആശ്വസിപ്പിച്ചു. പലരും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. വീട്ടില്‍ വന്നു സംസാരിക്കാമെന്ന് പലരും ഉറപ്പ് നല്‍കി. ആ ഉറപ്പിലാണ് സുജ വീട്ടിലേക്ക് മടങ്ങിയത്. സംഘടനയും വിവാഹത്തിനുള്ള സാഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം കുളത്തൂര്‍ മണ്‍വിള സെറ്റില്‍മെന്‍റ് കോളനിയില്‍ ദാസമ്മയുടെയും ബേബിയുടെയും മകനാണ് വിന്‍സെന്‍റ്. പരേതരായ കുമാരന്‍ വൈദ്യരുടെയും ഭാരതിയുടെയും മകളായ സുജ നോര്‍ത് പറവൂര്‍ പെരുമ്പടന്ന കളവമ്പാറ കുടുംബാംഗമാണ്. 

ഇവരെ പോലെ 33 ജോഡികളാണ് വ്യാഴാഴ്ച നടന്ന 12ാം സംഗമത്തില്‍ വിവാഹ തീരുമാനത്തിലത്തെിയത്്. നേരത്തെ , 11ാം സംഗമത്തിലൂടെ 100 ജോഡികള്‍ വിവാഹിതരായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ശാരീരിക വൈകല്യമുള്ള സൈമണ്‍ ജോര്‍ജ് നേതൃത്വം നല്‍കുന്ന പ്രത്യാശ ഫൗണ്ടേഷന്‍ വൈവാഹിക സംഗമം സംഘടിപ്പിച്ചു വരുന്നുണ്ട്. ജോബ്ഫെയര്‍, എക്സിബിഷനുകള്‍, സെമിനാറുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍കരണ പരിപാടികള്‍, ശില്‍പശാലകള്‍, കലാ പരിപാടികള്‍, കൗണ്‍സിലിങ് എന്നിവയും നടത്തി വരുന്നുണ്ട്്. ശാരീരിക വൈകല്യമുള്ളവര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും വീല്‍ചെയര്‍ റാമ്പുകള്‍ നിര്‍മിക്കാനുള്ള പദ്ധതി കൊച്ചിയില്‍ നടപ്പാക്കുമെന്ന് സൈമണ്‍ ജോര്‍ജ് യോഗത്തില്‍ പ്രഖ്യാപിച്ചു. രാവിലെ നടന്ന ചടങ്ങില്‍ മന്ത്രി പി.ജെ. ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. മേയര്‍ ടോണി ചമ്മണി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, കാന്‍സര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡെന്നി ചെമ്പുഴ, സജി മോന്‍ ഇരവിനെല്ലൂര്‍, കെ. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

പ്രസവ മുറിയിലെ ശ്വേതശ്വേതയുടെ പ്രസവം എടുക്കാനും കാണാനും പോയവരൊക്കെ നിരാശരായി. ഞാൻ പണ്ടേ പറഞ്ഞതാ ഇതൊക്കെ ഇങ്ങനെ തന്നെ ആകുമെന്ന് ! ( നേരത്തെ എഴുതിയത് വായിക്കാൻ ലിങ്ക് തന്നേക്കാം ) 
ഒറ്റ വാചകത്തിൽ പറയാം- സിനിമ പരമ ബോറാണ്. 

കാരണം ഇതാണ് -കണ്ടിരിക്കുന്നവന് കാഴ്ചയ്ക്ക് ഒഴുക്ക്  കിട്ടുന്നില്ല.

പ്രസവം കാണിക്കുന്നത് വഴി ലൈംഗിക വികാരംഉണർത്തുന്ന  സീനുകൾ കാണാം എന്ന് മൂളയില്ലാതെ ചിന്തിച്ചവർ പണ്ടേ മണ്ടന്മാർ. പിന്നെയും ബിരിയാണി കിട്ടിയാലോ എന്ന് കരുതിയവർ രണ്ടാം തരാം മണ്ടന്മാർ. സെൻസർ ബോർഡ് , വെറും  45 സെക്കണ്ട് , കച്ചവട തന്ത്രം എന്നൊക്കെ പറഞ്ഞവരെ എതിർകുകയും , ചിലര്  ഒരു പടി കൂടി കടന്നു  സദാചാര പ്രസംഗം നടത്തുകയും ചെയ്തു. അതൊക്കെ തകര്ന്നു തരിപ്പണം ആയെന്നു സിനിമ ഇറങ്ങിയപ്പോൾ മനസിലായി കാണും . തിയറ്ററിൽ ആൾക്കാരെ  ഇടിച്ചിട്ടു നടക്കാൻ വയ്യെന്നെ ! 
 എന്തൊക്കെ ആയിരുന്നു പ്രസവം എന്ന വാക്കിൽ തൂങ്ങി കേരളത്തിൽ നടന്നത്? പൂരപ്പറമ്പിൽ ടിക്കറ്റ് വെക്കട്ടെ എന്ന് വരെ പറഞ്ഞു കളഞ്ഞു. പെണ്ണുങ്ങളുടെ പ്രസവം കാണിക്കാനുള്ളതാണോ എന്ന് ചോദിച്ചു. പ്രായോഗികമായി , കാണിക്കാൻ സാധ്യതയുണ്ടോ എന്ന് തിരിച്ചു  ചോദിച്ചവരെ അടക്കി നിറുത്തി അത്തരം സദാചാര കോപ്പന്മാർ ഉറഞ്ഞു തുള്ളി. 
എന്നിട്ട് എന്തുണ്ടായീ  ?? ഐറ്റം ഡാൻസ് എന്ന് പറഞ്ഞു കൊണ്ട് വന്നത് അട്ടർ ഫ്ലോപ്പ് ആകുകയും ചെയ്തു. ലാലീ  ലാലീ  എന്നതടക്കമുള്ള പാട്ടുകൾ കൊള്ളാം എന്നല്ലാതെ സീനുകൾക്ക്  മേന്മ അവകാശപ്പെടാൻ ഒട്ടും ഇല്ല. 

പ്രസവ മുറിയിലെ ശ്വേതയുടെ യഥാർത്ഥ അവസ്ഥ മാത്രമാണ് സത്യത്തിൽ  നല്ല സീൻ എന്ന് പറയാനുള്ളത് . അത് അഭിനയം ആയിരുന്നില്ലാതാനും. അത് കണ്ടതോടെ  ഇനി ശ്വേതയെ  ചരക്കായി കാണാൻ  കഴിയില്ല,അമ്മയായി മാത്രമേ തോന്നൂ എന്ന് പലരും പറഞ്ഞു. പ്രസവ മുറിയില ഒരു പെണ്ണിന്റെ  പല ഭാഗങ്ങളും കാണാം എന്ന് ആശിച്ചവർക്ക്  കൊടുത്തതാകട്ടെ,   പുരുഷന്റെ ജനനെന്ദ്രിയ കാഴ്ച ! (അത് തന്നെയല്ലേന്ന്  ഒരു തംശയം  ) 

ഏറ്റവും തമാശ ഇതാണ് - തുടക്കം മുതൽ കച്ചവട തന്ത്രത്തിനെതിരെയും കപട സദാചാരാ കൊടുവാളുകൾക്കെതിരെയും പോസ്ടിട്ടു വന്ന എന്നോട് അവർ തന്നെ തിരികെ ചോദിക്കുന്നു- ''എന്തിനാ ജിഷേ നീ സംവിധായകന്റെ മെക്കിട്ടു കേറുന്നത് ? ഒരു പടം പിടിക്കാൻ  എന്ത് പാടാണെന്നോ ? നീ പ്രസവം കാണാൻ പോയിട്ട്  നിരാശയായല്ലേ ? അതൊക്കെ ആരെങ്കിലും കാണിക്കുമോ ?? സിനിമ കാണാതെ വിമർശിക്കാമോ ? കണ്ടാലും വിമർശിക്കാമോ ??''

എന്തൊക്കെ ജാഡ വർത്തമാനം കേള്ക്കണം - എന്റമ്മോ

പഴയ കുറിപ്പുകളിലേക്കൊരു ലിങ്ക് - 

ചിരിയുടെ സന്നദ് ദാനവുമായി മാള

രാഷ്ട്രീയ കുപ്പായത്തിനു മേല് വക്കീല്  ഗൌണ്‍ 
നേട്ടത്തിന്റെ ഉയരങ്ങളിൽ ശിവ ശങ്കരൻ പിള്ള 
ജഡ്ജിമാർ  മനുഷ്യന്മാർ; തെറ്റ് പറ്റാം  - ജ.കെമാൽ പാഷ 2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ബലാൽസംഗികൾക്ക് കൂട്ട് നിൽക്കൂ


ഫേസ് ബുക്ക്‌  ലിങ്ക്  പെണ്ണ് ഒറ്റയ്ക്ക് നടക്കരുത്, പെണ്ണ് പെണ്ണിനൊപ്പം പോകരുത്, പെണ്ണ്  തുണയില്ലാതെ പുറത്തിറങ്ങരുത് എന്നിവ നിയമങ്ങളാണ്. അവ    ലംഘിച്ചാല്‍ അവള്‍ പീഡിപ്പിക്കപ്പെടും തന്നെയാണ് പീഡന കാരണങ്ങള്‍ എന്ന് അലമുറയിടുന്ന ആണുങ്ങളും പെണ്ണുങ്ങളും ആണ്‍പെണ്‍  ആയവരും  ആണ്‍പെണ്‍ അല്ലാത്തവരുമായ എല്ലാവരും  ശ്രദ്ധിക്കുക.ആണ്‍ തുണയോടെ റിപ്പോര്‍ട്ടിങ്ങിനു എത്തിയ    മാധ്യമ ഫോട്ടോഗ്രാഫറെ  മുംബൈയില്‍ എന്ത് ചെയ്തു ?? ബലാല്‍സംഗം ചെയ്ത ഇവരെ 'ആണുങ്ങള്‍ 'എന്ന് വിളിക്കണോ  വേണ്ടയോ  എന്ന് നിങ്ങള്‍ തന്നെ പറയുക . കൂടെ വന്ന ആണിനെ പിടിച്ചു കെട്ടിയിട്ട്   വിലങ്ങും അടിച്ചു, ഇടിച്ചു, ചവിട്ടി, തൊഴിച്ചു. ആ  അക്രമികളെ ആണുങ്ങള്‍ എന്ന് വിളിക്കണോ പെണ്ണുങ്ങള്‍  എന്ന് വിളിക്കണോ ? ഭാര്യയുടെ കൂടെ പോകുന്ന  ഭര്‍ത്താവ് , അമ്മയുടെ കൂടെ പോകുന്ന മകന്‍, പെങ്ങളുടെ കൂടെ പോകുന്ന ആങ്ങള എന്നിവര്‍ക്കും  ഇടി കിട്ടിയാല്‍ ആരും ഒന്നും മിണ്ടരുത് പ്ലീസ് ....അപ്പോഴും ബലാല്സംഗം  അക്രമികളെ ന്യായീകരിക്കണം


മാതൃക സന്ദേശം  'ബലാല്‍ക്കാരം ജീവിതത്തിന്റെ അവസാനമല്ല; പ്രതികള്‍ക്ക് കടുത്തശിക്ഷതന്നെ നല്കണം' ജസ്‌ലോക് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൂട്ട ബലാത്സംഗത്തിനിരയായ 22 കാരിവാർത്ത

മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ അഞ്ചാം പ്രതിയും അറസ്റ്റിലായി. ഇതോടെ ഈ കേസിലെ പ്രതികളെല്ലാം പിടിയിലായി. ഡല്‍ഹിയില്‍ വെച്ചാണ് സലീം ഖുറേഷി എന്ന ഇയാളെ മുംബൈ െ്രെകംബ്രാഞ്ച് അറസ്റ്റ്് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലാകുന്ന രണ്ടാമനാണ് സലീം ഖുറേഷി. മറ്റൊരു പ്രതിയായ കാസിം ബംഗാളിയെ പുലര്‍ച്ചെ മുംബൈയില്‍ നിന്ന് പിടികൂടിയിരുന്നു. വിജയ് ജാധവ്, സിറാജ് റഹ്മാന്‍,ചാന്ദ് എന്ന മുഹമ്മദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ട് ആറിനും 6.30നും ഇടയിലാണ് ഫോട്ടോ എടുക്കാന്‍ മുംബൈ പരേലിലെ ശക്തി മില്‍ കോമ്പൗണ്ടില്‍ എത്തിയ യുവതി പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ കൂടെ സഹപ്രവര്‍ത്തകനുമുണ്ടായിരുന്നു. പഴയ പൊളിഞ്ഞ കെട്ടിടങ്ങള്‍ നിറഞ്ഞ വിജനമായ പ്രദേശത്ത് ഇവരെ കണ്ട രണ്ട് യുവാക്കള്‍ അടുത്തുവന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു.ഇയാളെ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചവശനാക്കി മരത്തില്‍ കെട്ടിയിട്ടു. മറ്റ് മൂന്നുപേരും ചേര്‍ന്ന് യുവതിയെ അടുത്തുള്ള പൊളിഞ്ഞ കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നാണ് മൊഴി.
പെണ്‍കുട്ടി ഒച്ചവെച്ചിട്ടും വിജനമായ സ്ഥലമായതിനാല്‍ ആരും കേട്ടില്ല. രാത്രി എട്ടോടെ പെണ്‍കുട്ടി ജസ്‌ലോക് ആസ്പത്രിയില്‍ എത്തിയശേഷമാണ് പുറംലോകം സംഭവമറിയുന്നത്.


2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

പൊതുജനം നപുംസക ജന്തു; ചാനലുകള്‍ ചായക്കട വിരുതന്മാർ

പൊതുജനത്തെയും മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് സീറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തേലക്കാട്ട് രംഗത്ത്. ഒരു മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘വസന്തകാലത്തിന്‍െറ ഓണസ്വപ്നം’ എന്ന ലേഖനത്തിലാണ് പൊതുജനം നപുംസക ജന്തുവാണെന്നും ആള്‍ക്കൂട്ടം ഉത്തരവാദിത്തരഹിതമായ ജന്തുക്കളാണെന്നും പോള്‍ തേലക്കാട്ട് പറയുന്നത്, ടി.വി ചാനലുകള്‍ പരദൂഷണത്തിന്‍െറ ആഗോള കോളാമ്പികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
എല്ലാ ദിവസവും പരദൂഷണപായസം തീറ്റി, താനല്ലാത്തവരൊക്കെ നാറികളാണെന്ന ആശ്വാസത്തില്‍ ചാനല്‍ പ്രവര്‍ത്തകര്‍ കിടന്നുറങ്ങുകയാണ്. കേരളത്തിന്‍െറ വര്‍ത്തമാന കാലഘട്ടം വല്ലാത്ത ദുരന്ത ബോധത്തിന്‍െറയാണ്. കമ്പോള വ്യവസ്ഥിതി കേരള സമൂഹത്തെ രണ്ടുതരം രോഗികളാക്കി. രോഗങ്ങള്‍ പരദൂഷണവും അസൂയയുമാണ്.അപരനെ കൊച്ചാക്കുന്ന ചായക്കട വിരുതന്മാരുടെ പൈതൃകം ഇന്ന് ടി.വി ചാനലുകള്‍ ഏറ്റെടുത്തിരിക്കുന്നു. നാറ്റിക്കുക എന്ന സുഖവിനോദത്തില്‍നിന്ന് ആരെയും ഒഴിവാക്കുന്നില്ല. ആരുടെ തുണിയഴിക്കാനും ഇവിടെ എല്ലാവര്‍ക്കും മൗലികാവകാശമുണ്ട്. തുണിയഴിച്ചുകാണിക്കുന്നതാണ് സത്യത്തിന്‍െറ വെളിപ്പെടുത്തലെന്ന് നാം വിശ്വസിക്കുന്നു. അയല്‍ക്കാരന്‍െറ തുണിയഴിച്ചുകാണാന്‍ നമുക്കുള്ള ആവേശത്തിന് അതിരില്ല. അതുചെയ്യാന്‍ പൊതുജനം എന്ന നപുംസക ജന്തുവിന്‍െറ കാവല്‍നായകളായി മാധ്യമങ്ങള്‍ കച്ചകെട്ടി നടക്കുന്നു. ആള്‍ക്കൂട്ടം എന്ന ഉത്തരവാദിത്തരഹിതമായ ജന്തുക്കള്‍ കൈയടിക്കുന്നു. ഒരാടിനെയും പട്ടിയാക്കാതെ വിടില്ല എന്ന വാശിയിലാണ് നാം.എല്ലാവരും കള്ളന്മാരും വ്യാജങ്ങളുമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. കള്ളത്തരത്തിന്‍െറ തൊലിയുരിയല്‍ എന്നത് വലിയ ധാര്‍മിക പദ്ധതിയായി സ്വയം അഭിമാനിക്കുന്നുവെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. മകള്‍ വ്യഭിചാരത്തിന് പോയാല്‍ ഉണ്ടാകുന്നതിനെക്കാള്‍ വലിയ വിഷമമായിരിക്കും മകന്‍ മാധ്യമ പ്രവര്‍ത്തകനാണെന്നറിഞ്ഞാല്‍ ഉണ്ടാവുക എന്ന സോറന്‍ കീര്‍ക്കെഗോറിന്‍െറ വാചകങ്ങള്‍ ലേഖനത്തിലുണ്ട്.പരദൂഷണവ്യാപാരം സഹിക്കാനാകാത്ത അസൂയയുടെ രോഗബാധയുള്ളയതുകൊണ്ടാണ്. കുറ്റം പറഞ്ഞാല്‍ കുറ്റമില്ലാതാകില്ല. ഇരുട്ടിനെ പഴിക്കാതെ വിളക്ക് തെളിക്കുക. നാറുന്നുവെന്ന് പറഞ്ഞുനടക്കാതെ സുഗന്ധത്തിന്‍െറ പൂക്കള്‍ വിരിയിക്കണം. വിഖ്യാത എഴുത്തുകാരനായ കാഫ്ക പറഞ്ഞ രാജാവിന്‍െറയും സമരക്കാരുടെയും കഥ ഉദ്ധരിച്ചാണ് ലേഖനം അവസാനിപ്പിക്കുന്നത്. അഴിമതി നീക്കാന്‍ രാജിവിനെ നീക്കിയാല്‍ മതിയെന്നുകരുതി സമരം നടത്താനെത്തി നഗരം നാറ്റിച്ചവരെക്കുറിച്ച കഥയാണിത്. പഴയ കഥ നാം വീണ്ടും ആവര്‍ത്തിക്കുന്നു.നേരത്തേ ഓഫിസിലുള്ളവര്‍ തെറ്റുചെയ്താല്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കള്ളന്മാര്‍ക്ക് കഞ്ഞിവെച്ചുവെന്നും പറയുന്ന ഫാ. പോള്‍ തേലക്കാടിന്‍െറ ലേഖനം വിവാദമായിരുന്നു.ഉദാഹരണമായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രാജിവെച്ച സാഹചര്യം വ്യക്തമാക്കിയതും വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇത് തേലക്കാട്ടച്ചന്‍െറ വ്യക്തിപരമായ അഭിപ്രായമാണെന്നും സഭയുടേതല്ലെന്നുമുള്ള വിശദീകരണവുമായി സിനഡ് സെക്രട്ടറി ബിഷപ് ബോസ്കോ പുത്തൂര്‍ രംഗത്തെത്തിയിരുന്നു.

മംഗളം ലേഖനം 

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

ബാബു സാവിയോ വെഡ്സ് ഷെരോണ്‍
രണ്ടു സന്തോഷങ്ങളാണ് ഇന്നുണ്ടായത്. ഒന്നൊരു അവാര്‍ഡ്‌ ,സ്വാഭാവികമായും സന്തോഷം. എന്നാല്‍ അതിലും വലിയ  സന്തോഷം നല്‍കിയത് ഒരാളുമായി ഉണ്ടായ  കൂടിക്കാഴ്ചയാണ്. ജീവിതത്തില്‍  ഒരിക്കലും മറന്നു പോകാന്‍ ഇടയില്ലാത്ത ഒരാളെ കണ്ടു. ( ഒന്നോ രണ്ടോ വട്ടം കണ്ടു പരിചയപ്പെട്ടിട്ടും മുഖം മറക്കുകയും ,എന്തിനു കൂടെ  പഠിച്ചവരുടെ പേര് മറക്കുകയും ചെയ്യുന്ന ഡിമ്നീഷ്യ എന്ന് ഞാന്‍ തന്നെ പേരിട്ടു വിളിക്കുന്ന അപൂര്‍വമായ ഒരു അസുഖത്തിന്റെ പിടിയിലാണ് ഞാന്‍) -), അത് കൊണ്ടാണ് ജീവിതത്തില്‍ മറക്കാന്‍ ഇടയില്ല എന്ന് പ്രത്യേകം പറഞ്ഞത് )   കൂടിക്കാഴ്ചയുടെ  കഥ വിശദമായി പറയാം.

ഇക്കഴിഞ്ഞ ദിവസം കോര്‍പറേഷനില്‍ കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ എന്നും ലഭിക്കുന്ന അജണ്ടക്കൊപ്പം ഒരു കല്യാണ കത്ത് കൂടി കിട്ടി. ഏതെന്കിലും കൌണ്‍സിലര്‍മാരുടെ, അല്ലെങ്കില്‍ അവരുടെ മക്കളുടെ കല്യാണം എന്നാണു കരുതിയത്‌. .,.എന്നാല്‍ കത്തിനു മുകളില്‍ നഗരസഭ എന്ന് അച്ചടിച്ച്‌ വച്ചത് കണ്ടപ്പോള്‍ കൌതുകമായി. നഗരസഭയാണ് കല്യാണം ക്ഷണിക്കുന്നത്. അതിനു നഗരസഭക്ക് മക്കളുണ്ടോ? കൌതുകം കൊണ്ട് കണ്ണ് മിഴിഞ്ഞു. കത്ത് തുറന്നപ്പോള്‍ കല്യാണം ക്ഷണിക്കുന്നത് മേയറും നഗരസഭ സെക്രട്ടറിയുമാണ്. അതാണ്‌ ആദ്യം കണ്ടത്. പിന്നെയാണ് ചെക്കന്റെയും പെണ്ണിന്റെയും വിവരങ്ങള്‍ വായിച്ചത്.

''ബഹുമാന്യ സുഹൃത്തെ
കൊച്ചി നഗരസഭയുടെ കീഴിലുള്ള സ്നേഹഭവന്‍ അംഗമായ
ഡോ.ബാബു സാവിയോയും M.Com, M.B.A, Ph.D
കുമാരി. ഷെരോണ്‍ ആന്‍ ജോസും M.Com , NET
(D/o ശ്രീ. കെ.ജെ.ജോസഫ്‌ & ശ്രീമതി മേരി , കൈനിക്കുന്നേല്‍ ഹൗസ്, കുടിയാന്മല, കണ്ണൂര്‍ )
തമ്മിലുള്ള വിവാഹം 2013 ആഗസ്റ്റ്‌ 18 ന് ഞായറാഴ്ച 11 മണിക്ക് പള്ളുരുത്തി സെന്റ്‌.തോമസ്‌ മൂര്‍ പള്ളിയില്‍ നടത്തുന്നു.''


ആഹാ കൊള്ളാമല്ലോ ! എന്നാണ് ആദ്യം മനസ്സില്‍ ഉയര്‍ന്നത്. ഉടനെ നമ്പര്‍ തപ്പി. സമയം ഏറെ വൈകിയത് കൊണ്ട് പിറ്റേന്ന് ബാബു മാഷേ കാണാമെന്ന് കരുതി. ( ബാബു മാഷ്‌,അതോ സാവിയോ മാഷ്‌ എന്നാണോ കുട്ടികള്‍ വിളിക്കുന്നത്‌ , ആവോ ??)
പിറ്റേന്നു, അതായത് പതിന്നാലാം തിയതി രാവിലെ പ്രസ്സ്‌ ക്ലബ്‌ ബീറ്റ് അനുസരിച്ച് പ്രസ്സ്‌ മീറ്റും കഴിഞ്ഞാണ് അക്കാര്യം ആലോചിച്ചത്. ഉടനെ മാഷേ വിളിക്കാന്‍ ഫോണെടുത്തു. അപ്പോഴാണ്‌ ക്ലാസില്‍ ആയിരിക്കുമെന്ന് ഓര്‍ത്തത്‌. . ചങ്ങനാശ്ശേരിയില്‍ സി.എം.ഐ സഭയുടെ സ്വകാര്യ കോളജില്‍ അധ്യാപകനാണ് അദ്ദേഹം. അപ്പോള്‍ ഉടനെ ഒരു മെസ്സേജ് കൊടുത്തു. കാണണം, ഇന്ന സ്ഥലത്ത് നിന്നാണ് എന്നുള്ള മെസേജ് അയച്ചു അല്പം കഴിഞ്ഞപ്പോള്‍ മാഷുടെ വിളി വന്നു. നാല്  മണിക്ക് എറണാകുളം  കെ.എസ്.ആര്‍.ടിസി ക്ക് സമീപം ഉള്ള  സ്നേഹഭവന്‍ ആനക്സില്‍ എത്താമോ എന്ന് അദ്ദേഹം ആരാഞ്ഞു.  സംസാരത്തില്‍ വളരെ പാവമെന്നു തോന്നിച്ച ഒരു ശബ്ദം. ജനയുഗത്തിലെ രശ്മി മുസ്കാനെ ഏറെ നിര്‍ബന്ധിച്ചാണ് ഓഫീസില്‍ നിന്നും വിളിച്ചിറക്കിയത്. മനോരമയും മാതൃഭൂമിയും സ്റ്റോറി വീശിയടിച്ചാല്‍ നമ്മുടെ സ്കോര്‍ പോകുമെന്ന് ചെറിയൊരു ഭീഷണി കൂടി ഉണ്ടായിരുന്നു. ( സ്വാഭാവികമായും എല്ലാ പത്ര- ദൃശ്യ മാധ്യമങ്ങളിലെയും ഞങ്ങളുടെ പ്രായത്തിലുള്ളവരുടെ വലിയൊരു ചങ്ങാതിക്കൂട്ടം ഞങ്ങള്‍ക്കുണ്ട്. സ്വാഭാവികമായും ആരോഗ്യകരമായ മത്സരവും ഉണ്ട്) . അത് കൊണ്ട് വെള്ളിയാഴ്ച പോകാമെന്ന് ആദ്യം തീരുമാനിച്ച രശ്മി പിന്നീട് എന്‍റെ സ്വാര്‍ത്ഥതയെ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ വേണ്ടി തീരുമാനം സന്തോഷത്തോടെ മാറ്റി. കെ.എസ്.ആര്‍.ടിസി സ്റാന്‍ഡ് കടന്നു റെയില്‍ വേ പാളം മുറിച്ചു കടക്കാന്‍ ചെന്നിടത് വഴിമുടക്കി ബാംഗ്ലൂര്‍ ട്രെയിന്‍ കിടന്നിരുന്നു. ചാടിക്കേറി ഇറങ്ങിപോകാം എന്ന എന്റെ നിര്‍ദ്ദേശം , പക്ഷെ, അടുത്ത് നിന്ന രണ്ടു പേര്‍ ( അതിലൊരാള്‍ നാലുകാലില്‍ ആയിരുന്നു) വിലക്കി. ഇനി വഴി ചുറ്റി പോകേണ്ടി വരുമോ എന്ന ആധിക്ക് വിരാമമിട്ട് ട്രെയിന്‍ പെട്ടെന്ന് ചൂളം വിളിച്ചു അനങ്ങി മുന്നോട്ടു നീങ്ങി പാഞ്ഞു പോയി. പണ്ടെപ്പോഴോ ആ അനക്സില്‍ വന്ന ഓര്‍മയുണ്ട്. തെറ്റിയില്ല. അത് തന്നെ. ഫോണില്‍ വിളിച്ചറിയിച്ചു- മാഷേ , ഞങ്ങളെത്തി /  കട്ടിക്കണ്ണട വച്ച് ഗൌരവം ഉള്ള ഒരാള്‍ ഇറങ്ങി വരുന്നതും കാത്തു നിന്ന ഞങ്ങള്‍ക്ക് തെറ്റി. വന്നതൊരു സുമുഖനായ  ചെറുപ്പക്കാരന്‍., കണ്ണടപ്പാട് മൂക്കിലോന്നും കണ്ടതേയില്ല.

ഓഫീസിലെ മുറിയില്‍ സ്വീകരിച്ചിരുത്തി. ചോദിച്ചോളൂ എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍, പണ്ടെപ്പോഴോ സ്ലേറ്റിലെഴുതാന്‍ പലവര്‍ണ പെന്‍സില്‍ ഏറെ ആഗ്രഹിച്ചു അപ്പച്ചന്‍ കൊണ്ട് വന്നു തന്നപ്പോള്‍ ഉണ്ടായ സന്തോഷം അനുഭവപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് മനസ്സില്‍ മാത്രമാണ് പറഞ്ഞത് എങ്കിലും സന്തോഷം കൊണ്ടുള്ള ഓരോ തല കുലുക്കലിനും എന്റെ ജിമിക്കി കൊട്ടയുടെ കിങ്ങിണികള്‍ കില് കിലു ചിരിച്ചു.

ബാബു സാവിയോ  മിടുക്കനാണ്, ഷെരോണ്‍ മിടുക്കിയും. പ്രതികൂലമായ കാലാവസ്ഥയിലും രണ്ടു പേരും രണ്ടിടങ്ങളില്‍ പഠിച്ചു മിടുക്കരായി. രണ്ടു പേരും അവരവരുടെ ഇടങ്ങളില്‍ അസി.പ്രൊഫസര്‍മാര്‍. .
സ്വര്‍ഗത്തില്‍ പണ്ടെന്നോ നടന്ന കല്യാണം ഭൂമിയില്‍ നടക്കാന്‍ സമയമായപ്പോള്‍ അവര്‍ പരസ്പരം കണ്ടു. രണ്ടു പെണ്മക്കള്‍ മാത്രമുള്ള ഷെരോണിന്‍റെ അപ്പച്ചന്‍ ജോസഫും അമ്മ മേരിയും സ്വന്തം മകനായി സ്വീകരിച്ചു.  അനുജത്തി ഷെറില്‍ കുഞ്ഞിപ്പെങ്ങളായി.

ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന ഓരോ ചോദ്യം കേള്‍ക്കുമ്പോഴും ഞാനും രശ്മിയും പരസ്പരം നോക്കും. ചോദ്യങ്ങള്‍ വരുന്നില്ല. പക്ഷെ, മനസ്സില്‍ നോവും സന്തോഷവും ഇടകലര്‍ന്ന അനുഭവം ഉണ്ടെന്നു രണ്ടു പേരുടെ കണ്ണിലും നിറഞ്ഞു വെളിപ്പെട്ടിരുന്നു. സംസാരത്തിന് ശേഷം ഇറങ്ങാന്‍ നേരത്തു '' വരണം, കല്യാണത്തിന്'' എന്ന് സ്നേഹപൂര്‍വമായ  ക്ഷണം ഞങ്ങള്‍ മനസ്സാ സ്വീകരിച്ചിരുന്നു. പെങ്ങളായി നില്‍ക്കുമെന്നൊക്കെ വേണമെങ്കില്‍ ഭംഗി വാക്ക് പോലെ  പറയാം. പക്ഷെ ആ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ക്കൊരു സഹോദരനെ കിട്ടി, അദ്ദേഹത്തിന് അതറിയില്ലെങ്കിലും. ! കല്യാണത്തിന് പള്ളുരുത്തിയില്‍ പോകണമെന്ന് വഴി നീളെ പറഞ്ഞു. നെഞ്ചില്‍ കുത്തുന്ന എന്തോ ചില കുരുങ്ങലുകളില്‍ വീണ്ടും വീണ്ടും അദ്ദേഹം കടന്നു വന്നു.

കല്യാണം കൂടാന്‍ പറ്റിയില്ലെങ്കില്‍ വിളിച്ചു ആശംസ അറിയിക്കുകയെങ്കിലും ചെയ്യണം., അല്ലെ? -വേണം.

ആശംസകള്‍ !!
ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ഇടവരട്ടെ !! വിവാഹ മംഗളാശംസകള്‍ ഷെരോണ്‍ ! മാതാപിതാക്കളുടെ, കുടുംബത്തിന്റെ സ്നേഹ നിറവില്‍ ജീവിക്കാന്‍ ബാബു സാവിയോ, നിങ്ങള്‍ക്കും ഇട വരട്ടെ !!

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

പോരാടി നേടീ ഡോക്ടര്‍ ഈ വിജയം


വൈദ്യസമൂഹത്തിനകത്ത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി ചികിത്സാ പിഴവിനെതിരെ പോരാടിയ ഡോക്ടര്‍ക്ക് വിജയം.

അമിത വണ്ണംകുറയ്ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയനാവുകയും പണവും ആരോഗ്യവും നഷ്ടപ്പെടുകയും ചെയ്ത എറണാകുളം കോതമംഗലം നെല്ലിമറ്റം മനയത്തുമാരിയില്‍ കുടുംബാംഗമായ ഡോ. രാജേഷാണ് ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം നേടിയത്. ചികിത്സാ പിഴവിലൂടെയുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ജീവിതാന്ത്യം വരെ അനുഭവിക്കാനിടയാകുമെന്ന് മനസ്സിലാക്കിയ ജസ്റ്റിസ് പി.കെ. ബര്‍ക്കത്തലി അധ്യക്ഷനായ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ 95 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

 ഈ ഉത്തരവുപ്രകാരം എതിര്‍കക്ഷികളായ തിരുവനന്തപുരം മെഡിട്രീന ആശുപത്രിയും ശസ്ത്രക്രിയ നടത്തിയ ഡോ. കോശി ജോര്‍ജും ചേര്‍ന്ന് നഷ്ടപരിഹാര തുകക്കൊപ്പം 12 ശതമാനം പലിശയും കോടതി ചെലവായി 5000 രൂപയും ഒടുക്കണം.

റേഡിയോളജി എം.ഡി ബിരുദധാരിയാണ് 37-കാരനായ ഡോ. രാജേഷ്. അമിത വണ്ണവും ഹെര്‍ണിയയും മൂലം ബുദ്ധിമുട്ടിലായ രാജേഷ് വൈദ്യസമൂഹത്തിലെ പലരും ഡോ. കോശിയെ പുകഴ്ത്തി പറഞ്ഞതിനെ തുടര്‍ന്നാണ്  ചികിത്സക്കായി സമീപിച്ചത്. അമിതവണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്താമെന്നും കുറഞ്ഞാല്‍ സ്വാഭാവികമായും ഹെര്‍ണിയ നിയന്ത്രണ വിധേയമാക്കാമെന്നും ഡോ. കോശി ഉറപ്പ് നല്‍കിയിരുന്നുവത്രേ. ചികിത്സാ ചെലവായി 2.5 ലക്ഷമാണ് ആവശ്യപ്പെട്ടത്. 2011 ഡിസംബറില്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന കാലത്ത് ഡോ. രാജേഷിന് 120 കിലോ തൂക്കമുണ്ടായിരുന്നു. ആമാശയത്തിന്‍െറ ആദ്യ ഭാഗമായ ഫന്‍ണ്ടസ് പൂര്‍ണമായലും നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയില്‍ പ്രധാനം. എന്നാല്‍, അശ്രദ്ധമൂലം ഫന്‍ണ്ടസ് നീക്കം ചെയ്തില്ളെന്ന് മാത്രമല്ല സ്റ്റേപ്പിള്‍സ് എന്ന ക്ളിപ്പ് നിരതെറ്റി മുറുക്കുകയും ചെയ്തു. അതിനാല്‍ ഈ ഭാഗം ബാഗ് കണക്കെ വികസിച്ചു. ഇതുമൂലം ആമാശയത്തിന്‍െറ ആദ്യ ഭാഗം ചുരുങ്ങിപ്പോവുകയും ചെയ്തു. ഉമിനീരു പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഡോ. രാജേഷ് എത്തിപ്പെട്ടത്.

ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഡോ. രാജേഷ് തന്നെയാണ് സി.ടി സ്കാന്‍ നടത്താന്‍ ഡോ. കോശിയെ നിര്‍ബന്ധിച്ചത്. പരിശോധനാ ഫലത്തില്‍ ശസ്ത്രക്രിയ ഭാഗത്ത് കുഴപ്പങ്ങളുണ്ടെന്ന് മനസ്സിലാക്കുകയും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2012 ജനുവരിയിലാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഇതുകൊണ്ടും മാറ്റമുണ്ടായില്ല. ഇനിയും പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടറെ അറിയിച്ചെങ്കിലും ചികിത്സ നടത്താനോ രോഗിയെ കാണാനോ ഡോക്ടര്‍ സമ്മതിച്ചില്ല. ഭയംമൂലമാണ് പലതും തോന്നുന്നതെന്ന് ഡോക്ടര്‍ കോശി പറയുകയും ചെയ്തുവത്രേ. ചോര ഛര്‍ദിച്ചുകൊണ്ടിരുന്ന ഡോ. രാജേഷിന് ദിവസവും ഗ്ളൂക്കോസ് കയറ്റേണ്ട സ്ഥിതിയിലേക്ക് കാരങ്ങള്‍ എത്തിയപ്പോള്‍ മെഡിട്രിനയിലെ ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയയിലൂടെയാണ് ഡോ. രാജേഷിന് ജീവന്‍ തിരിച്ചുകിട്ടിയത്. പൂര്‍ണ ആരോഗ്യമില്ലാത്തതിനാല്‍ മുഴുവന്‍ സമയ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ ഡോ. രാജേഷിന് കെല്‍പില്ലാതായി. നിലവില്‍ ഭരണ ചുമതല മാത്രമുള്ള പദവിയില്‍ ഗള്‍ഫിലെ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ചികിത്സാ പിഴവുണ്ടായെന്നും അശ്രദ്ധ സംഭവിച്ചെന്നും തുടക്കത്തില്‍ സമ്മതിച്ചെങ്കിലും പണം തട്ടാനുള്ള ശ്രമമാണെന്ന് ഡോ. കോശി പിന്നീട് ആരോപണം ഉന്നയിച്ചതാണ് നിയമപോരാട്ടത്തിനിറങ്ങാന്‍ ഡോ. രാജേഷിനെ പ്രേരിപ്പിച്ചത്. രാജ്യത്ത് അറിയപ്പെടുന്ന ഡോ. കോശിയെ താറടിച്ച് കാണിക്കാനും പണം പിടുങ്ങാനും നടത്തുന്ന അടവാണിതെന്ന് മറ്റു ചില ഡോക്ടര്‍മാരും ആക്ഷേപമുയര്‍ത്തി. ചികിത്സാ പിഴവുണ്ടെന്ന് മറ്റ് ചില ഡോക്ടര്‍മാര്‍ രഹസ്യമായി സൂചിപ്പിച്ചെങ്കിലും പുറത്തുപറയാനും പിന്തുണക്കാനും തയാറായില്ല. ഡോ. രാജേഷിനെ തളര്‍ത്താന്‍ പല ശ്രമങ്ങളും ഉണ്ടായെങ്കിലും പോരാട്ടം വിഫലമായില്ല.

ചികിത്സാ പിഴവുകള്‍ നേരിടേണ്ടി വന്നിട്ടും നിശബ്ദരാക്കപ്പെടുന്ന രോഗികള്‍ക്കായി ഈ വിധി സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഭാര്യയും പുഷ്പഗിരി മെഡിക്കല്‍ കോളജിലെ പാത്തോളജി എം.ഡി ബിരുദ വിദ്യാര്‍ഥിനിയുമായ ഡോ. രഞ്ജിമ എബ്രഹാം പൂര്‍ണപിന്തുണയുമായി രാജേഷിനൊപ്പമുണ്ട്. മക്കള്‍: ഇസബല്‍, മിറബല്‍.

ഓപറേഷന്‍ തിയേറ്റര്‍ വാടകക്കെടുത്തും അടിസ്ഥാന സൗകര്യങ്ങളില്ലാതെയുമാണ് മെഡിട്രീന ആശുപത്രി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നതെന്ന് ഡോ. രാജേഷ് കുറ്റപ്പെടുത്തി.  ഡോക്ടര്‍മാര്‍ വഴി പ്രചാരണം നടത്തിയാണ് രോഗികളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നത്. പല പരാതികളെ തുടര്‍ന്ന് ഈ ശസ്ത്രക്രിയ ഇപ്പോള്‍ അവര്‍ നടത്തുന്നില്ല. ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങള്‍ നിരവധിയുണ്ടെന്നും പൊതുജനം ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. വാദിക്കുവേണ്ടി അഡ്വ. കെ.എല്‍. ജോസഫ് ഹാജരായി.

അതേസമയം, വിധിയെക്കുറിച്ച് അറിയില്ളെന്നും ഒൗദ്യോഗികമായി അറിയിപ്പ് ലഭിക്കുംവരെ പ്രതികരിക്കുന്നില്ളെന്നും ഡോ. കോശി പറഞ്ഞു.മെഡിട്രീനയില്‍ എത്തുംമുമ്പ് തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അസോസിയേറ്റ് പ്രഫസറായിരുന്നു  അദ്ദേഹം പറഞ്ഞു.

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

കളിമണ്ണ്‍ പ്രദര്ശനം

 അതിവൈകാരികത നിറഞ്ഞ ബ്ലെസി ചിത്രങ്ങള്   എനിക്ക് ഇഷ്ടമേയല്ല. പക്ഷെ, ബ്ലെസ്സി ഒരുക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളും  മാറുന്നു. നമ്മുടെ നാട്ടുകാള്  ഇടിച്ചു കയറുകയും പുകഴ്ത്തി പറയുകയും ചെയ്യുന്നത് കേള്ക്കാറുണ്ട്. പുറത്തിറങ്ങാന്  പോകുന്ന കളിമണ്ണ് എന്ന ചിത്രത്തിനും ഇതേ  രാജയോഗം ഉറപ്പാണ്  . പക്ഷെ, പെണ്ണിന്റെ പ്രസവം ഉള്പ്പെടുത്തിയെന്ന പ്രചാരണങ്ങള്  ഏറെ വിവാദങ്ങളുണ്ടാക്കി. വീണ്ടും അവസാന ലാപ്പിലും വിവാദങ്ങൾ കൊഴുപ്പിക്കാന് വിലക്കുമായി  ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും  ഹരജിയുമായി പീരുമേട് സ്വദേശിയായ ഗിന്നസ് മാടസ്വാമിയും രംഗത്തെത്തിയിരുന്നു. പ്രസവ രംഗങ്ങള്‍ ഉള്‍പ്പെട്ട ചിത്രം അവ നീക്കം ചെയ്യാതെ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടെടുത്ത  തിയേറ്റര്‍ ഉടമകള്‍ ,മുമ്പ് ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിച്ച രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഉള്‍പ്പെടുത്തി ചിത്രത്തിന്റെ പ്രിവ്യു നടത്തണമെന്നും ഇവ നീക്കം ചെയ്യാതെ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും  പറയുകയും ചെയ്തു  . എന്നാല്   മാടസ്വാമി നല്കിയ  ബ്ലസി ചിത്രമായ കളിമണ്ണ് പ്രദര്‍ശിപ്പിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നു.   ചിത്രത്തിലെ രംഗങ്ങള്‍ ഏതെങ്കിലും മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും  ശ്വേതാ മേനോന്റെ അനുമതിയുടെയാണ് പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചതെന്നും വനിതകളടങ്ങിയ അഞ്ചംഗ സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ പ്രത്യേകം കണ്ടിട്ടാണ് അനുമതി കൊടുത്തതെന്നുംകോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്തേലും ആകട്ടെ തലയില മുണ്ടിട്ടു എല്ലാ കള്ളത്തരവും ചെയ്യുന്ന പക്കാ ടിപ്പിക്കല് മലയാളി  അടുത്ത വിഷയത്തിനായി കാത്തിരിക്കുന്നു

സൈഡ് ഡിഷ്‌ - അഞ്ച് ഗര്‍ഭിണികളും അവരുടെ ഡോക്ടറായ ഗൈനക്കോളജിസ്റ്റിന്റെയും കഥ പറയുന്ന സഖറിയയുടെ ഗര്‍ഭിണികള്‍ ആഗസ്ത് 23 ന് റിലീസ് ചെയ്യും

2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

സ്നേഹപൂര്‍വ്വം’, പാട്ടുമായ് ജെസ്സി


ഏഴു വയസില്‍ തുടങ്ങിയതാണ് ജെസ്സിയുടെ പാട്ട്. ഇപ്പോള്‍ വയസ്സ് പതിനൊന്നേ ആയുള്ളൂ. പക്ഷെ, ആരും കൊതിച്ചു പോകുന്ന വമ്പന്‍ അവസരമാണ് ജെസ്സി ഹില്ളേല്‍ എന്ന മലയാളി പെണ്‍കിടാവിനെ തേടിയത്തെിയത്. സോണി മ്യൂസിക്സിന്‍്റെ 'വിത്ത് ലവ്' എന്ന ആല്‍ബത്തില്‍ 11 പാട്ടുകള്‍ പാടിയ ഈ കൊച്ചു മിടുക്കി ലോകമൊട്ടുക്കുമുളള സംഗീതാസ്വാദകരുടെ കണ്ണിലുണ്ണിയാണ്. ‘പച്ച പനം തത്തെ’ എന്ന മലയാളം പാട്ട് ഏറെ ഇഷ്ടപ്പെടുന്ന ഈ ആറാം ക്ളാസുകാരി മലയാളി പെണ്‍കുട്ടി അങ്ങനെ സംഗീത ലോകത്തിന്‍്റെ നെറുകയിലത്തെിയിരിക്കുന്നു. ന്യൂസിലാന്‍ഡ്സ് ഗോട്ട് ടാലന്‍ഡ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ജെസ്സി. പരിപാടിയില്‍ പാട്ട് പാടി പ്രേക്ഷക മനസ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ത്ഥിയെ കണ്ടപ്പോള്‍ സോണി മ്യൂസിക്ക് മറ്റൊന്നും ആലോചിക്കാന്‍ നിന്നില്ല, കൊത്തിക്കൊണ്ടു പോയി കൂട്ടത്തില്‍ കൂട്ടി.
കോട്ടയം ഒരുവെട്ടിത്ര വീട്ടിലെ ഒ.എം മാത്യൂ ജോളി ദമ്പതികളുടെ മകന്‍ റാബി ഭൃഗു ഹില്ളേല്‍ , കൊച്ചി കലൂര്‍ റെഡ്റോസ് അപാര്‍ട്ട്മെന്‍റിലെ കെ.കെ ജോര്‍ജ് മേഴ്സി ദമ്പതികളുടെ മകള്‍ സിജി സൂസന്‍ എന്നിവരുടെ മകളാണ് ജെസ്സി. സിജിയും റാബിയും ന്യൂസിലാന്‍ഡില്‍ ഐ.ടി ദമ്പതികളാണ്. പാട്ട് മൂളുമെന്നല്ലാതെ പാട്ടിന്‍്റെ എ .ബി.സി.ഡി ,അവര്‍ക്കറിയില്ല. പക്ഷെ ദൈവം അവര്‍ക്ക് കൊടുത്തത് പാട്ട് തോല്‍ക്കുന്ന രണ്ടു കണ്‍മണികളെ. പാട്ടുകാരിയായ ജെസ്സിയെയും പിയാനോ വായനാക്കാരിയായ ചേച്ചി ജൂലിയെയും അറിയാത്തവര്‍ ഇന്ന് ന്യൂസിലാണ്ടില്‍ കുറവാണ്.
നഴ്സറി ക്ളാസില്‍ പഠിക്കുന്ന പ്രായത്തില്‍ കാറിലെ സ്റ്റീരിയോയില്‍ നിന്നും കേള്‍ക്കുന്ന പാട്ടുകള്‍ അതേപടി പാടി ജെസ്സി ആദ്യം മാതാപിതാക്കളെ ഞെട്ടിച്ചു. വലുതായാപ്പോള്‍ ലോകത്തെ മുഴുവനും കയ്യലെടുക്കാന്‍ അവളുടെ ശബ്ദത്തിനു കഴിഞ്ഞു. രണ്ടു സഹോദരിമാരും ചേര്‍ന്ന് നടത്തുന്ന ഷോകള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.
പാട്ടും മലയാളവും പുഴയൊഴുകുന്നതു പോലെയാണ് അവളുടെ തൊണ്ടയില്‍ നിന്നും ഉതിരുന്നത്. ന്യൂസിലാണ്ടിലെ ഏറ്റവും വലിയ മ്യൂസിക് റിയാലിറ്റി ഷോയില്‍ കടന്നു വരുമ്പോള്‍ ഈ കുരുന്ന് പ്രായത്തെ വെല്ലുന്ന മികവോടെ പാട്ട് പാടുമെന്നു ആരും നിനച്ചില്ല.പക്ഷെ, പാടി തുടങ്ങിയപ്പോള്‍ മാര്‍ക്കിടാന്‍ വന്നിരുന്നവര്‍ക്ക് ശ്വാസം വിലങ്ങി . ഇതത്രയും അവളുടെ തൊണ്ടയില്‍ നിന്നും വന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ളെന്നാണ് ജൂറി അംഗങ്ങള്‍ പിന്നീടു പറഞ്ഞത്. ജെസ്സിയുടെ പാട്ടുകള്‍ ന്യൂസിലാണ്ടും കടന്നു ചൈനയിലും തരംഗമായി. ഉടനെ വന്നു ചൈനയിലേക്കുള്ള വിമാന ടിക്കറ്റ് . ചൈനയിലും വിവിധ വേദികളില്‍ ജെസ്സിയുടെ പാട്ടും ഡാന്‍സും വൈറസ് പോലെ പടര്‍ന്നു.
കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് പാര്‍ലിമെന്‍റ് സംഘടിപ്പിച്ച കാരളില്‍ പാടാന്‍ ജെസ്സിക്ക് അവസരം കിട്ടി.ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന വലിയ പാട്ടുകാരും സംഗീത സംവിധായകരും രാഷ്ട്ര തലവന്മാരും പങ്കെടുത്ത പരിപാടിയിലാണ് അവസരം ഒരുങ്ങിയത്. പാട്ട് കഴിഞ്ഞതും ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി ജെസിക്ക് അടുക്കല്‍ ഓടിയത്തെിയാണ് അത്ഭുതവും അഭിനന്ദനവും അറിയിച്ചത്.
ലോസാഞ്ചല്‍സില്‍ നടന്ന കലകളുടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെ പ്രധിനിധീകരിച്ചത് ഈ മലയാളിക്കുട്ടിയാണ്. അന്ന് അവിടെയത്തെിയ വലിയൊരു ഗുരുവിന്‍്റെ ചെറിയ ശിഷ്യ ആകാന്‍ കഴിഞ്ഞതാണ് തന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു ഈ മിടുക്കി പറയുന്നു. മൈക്കിള്‍ ജാക്സണ്‍ , ഹിറ്റ്നി ഹൂസ്ററണ്‍ , ജോണ്‍ കൊര്‍ബല്‍ എന്നിവരുടെ പരിശീലകന്‍ ആയ സേത്റിംഗ്സ് ആണ് ആ ഗുരുവെന്നു കൂടി ഓര്‍ക്കണം.
 

‘സ്നേഹപൂര്‍വ്വം’, പാട്ടുമായ് ജെസ്സി- MADHYAMAM ONLINE 

ജെസ്സിയുടെ പാട്ട് കേള്ക്കാം

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...