Mother എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Mother എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, മാർച്ച് 5, തിങ്കളാഴ്‌ച

മുലയൂട്ടൽ

"ചെറുപ്പത്തിൽ പാല് കുടിക്കാത്തതു കൊണ്ടാകണം , അയൽ വീട്ടിലെ ചേച്ചി പ്രസവിച്ചപ്പോൾ അരികെ പോയി നിന്നതും പാൽ കുടിക്കാൻ ചോദിച്ചതും"  (ഇതിനോട് ചേർന്ന ആശയം, വരികൾ അപ്പാടെ ഓർമയില്ല)എന്ന് എഴുതിയ ഒരു തീക്ഷ്ണ സാഹിത്യകാരനുണ്ട്.
മുല കുടിക്കുന്നത് കാണണം, പറ്റുമെങ്കിൽ കുടിക്കണം. അത് പാലിന് വേണ്ടിയല്ല എന്ന് ചോറുണ്ണുന്ന ആർക്കും മനസിലാകും. സ്പര്ശനമാണ് ആവശ്യം.  അതു തുറന്നു പറഞ്ഞാൽ വായനക്കാരൻ കഥാകാരന്റെ മഹത്വത്തെ  ഇകഴ്ത്തിയാലോ എന്ന് കരുതിയുള്ള ഒരു മുൻ‌കൂർ ജാമ്യം ആണത്. അമ്മ_പാൽ മഹത്വം_കിട്ടാക്കാനി_ഗൃഹാതുരത്വം" ഒക്കെ ചേർത്ത് വിളമ്പിയത് ആഹഹ എന്ന് പറഞ്ഞു വായിച്ചവരാണ് മലയാളികൾ.
ഏതു കുട്ടിയും പാൽ കുടിച്ചിരുന്നത് , ഒരു പ്രായം കഴിഞ്ഞാൽ മറക്കും എന്നത് കൂടി ചേർത്ത് വായിക്കണം. അപ്പോഴാണ് മുതിർന്ന ഒരാൾ (പ്രായം എഴുതിയിരുന്നത് ഓർമയില്ല) 'ചെറുപ്പത്തിൽ കിട്ടാതെ പോയ അമ്മത്ത'ത്തെ ചൂണ്ടികാണിച്ചു മുൻ‌കൂർ ജാമ്യമെടുത്തു മുലകളെ വായിലെടുക്കുന്നത്.
ഗൃഹലക്ഷ്മി മുലയൂട്ടൽ കവർ പേജ് മുന്നിലേക്ക് നീക്കി വെച്ച് 'അമ്മ മഹത്വം_നല്ല പെണ്ണ്_നാണമുള്ള പെണ്ണ്_കുടുംബത്തിൽ പിറന്ന പെണ്ണ്_ചെയ്യരുതാത്തത്" എന്നൊക്കെ പറഞ്ഞ്  ചർച്ചിക്കുന്നത് കാണുമ്പോൾ ആ കഥാകാരന്റെ മുൻ‌കൂർ ജാമ്യങ്ങൾ ഓർത്തു പോകുന്നു. അത്തരം ജാമ്യങ്ങൾ മുൻ നിറുത്തി 'ഒളിപ്പിച്ചു വച്ചേക്ക്, എങ്ങാനും ഒരു തരി കണ്ടാൽ ഞാൻ തുറിച്ചു നോക്കും, അല്ല പിന്നെ' എന്നാണ് പലരും ഭീഷണി ഉയർത്തുന്നത്. ഒടുവിൽ,  സ്വയം കയ്യിലെടുത്തു സ്ഖലിച്ചു പോകാനുള്ളതാണ് ഈ ചർച്ചകളൊക്കെ എന്ന് സദാചാര കോലു നീട്ടിയോങ്ങുന്ന  ചർച്ച കുലപതികൾക്കും സ്വയം ബോധ്യമുണ്ട്. 
'കുല' ഭാരമില്ലാത്ത സ്ത്രീകൾ വഴിയിലോ വീട്ടിലോ ഇരുന്നു പാൽ കൊടുക്കട്ടെ. അവർ ഉടുപ്പൂരിയോ പകുതി ഉരിഞ്ഞോ ഉടുപ്പ് പൊക്കിയോ ഉടുപ്പ് താഴ്ത്തിയോ പാലൂട്ടട്ടെ..
അവർ എങ്ങനെ ഊട്ടണമെന്നും ഊട്ടുമ്പോൾ നേരെ നോക്കണോ പിന്നിലേക്ക് നോക്കണോ കുഞ്ഞിനെ തന്നെ നോക്കണോ പുസ്തകം വായിക്കണോ മൊബൈലിൽ നോക്കണോ എന്നൊക്കെ ആ പെണ്ണുങ്ങൾ തീരുമാനിക്കട്ടെ.
മുല കണ്ടും മുലയെന്നു കേട്ടും സ്ഖലിക്കുന്നവർ സ്ഖലിക്കട്ടെ.. കാലവും സഹവാസവും നിലപാടുകൾക്ക് പതം വരുത്തും വരെ അവർ മറ്റുള്ളവരെ സദാചാരം പഠിപ്പിക്കട്ടെ...
പിൻ കുറി: മാർക്കറ്റിങ് , അയ്യോ മാർക്കറ്റിങ് എന്ന് പറഞ്ഞില്ലെങ്കിൽ ആരെങ്കിലും എന്നെ മോശക്കാരിയാക്കിയാലോ എന്ന് പേടിയൊന്നും എനിക്കില്ല. അങ്ങനെ അഴിഞ്ഞു വീഴാനുള്ളതാണ് ആ കുലസ്ത്രീ പട്ടമെങ്കിൽ അതങ്ങു വീണു പോകട്ടെ ...
എന്ന്
നഗ്‌നമായ ഉടലിൽ ചേർന്ന്കിടന്നു പാൽ കുടിക്കുന്ന കുഞ്ഞിന്റെ (നാണമില്ലാത്ത) അമ്മ
ഒപ്പ്

2018, മാർച്ച് 4, ഞായറാഴ്‌ച

ഞാനൊരു കുലസ്ത്രീ ആണ്

മുലയൂട്ടൽ സംബന്ധിച്ചുള്ള ഈ തവണത്തെ  അവസാന പോസ്റ്റ്
1..വിവാഹം കഴിക്കാത്തവർക്കു മോഡലിംഗ് പാടില്ല.
2. Wet nursing എന്നൊരു സംവിധാനം ഉണ്ട്. എന്നാലും എതിർക്കും. (A wet nurse is a woman who breast feeds and cares for another's child)
3. Induce lactating എന്താണെന്നു അറിയുക കൂടിയില്ല. ( With considerable dedication and preparation, breast-feeding without pregnancy (induced lactation) might be possible.)
4. പാൽ എവിടെയാണെങ്കിലും ഏതു നേരത്താണെങ്കിലും കുടിക്കാനുള്ള കുഞ്ഞിന്റെ അവകാശം തുലഞ്ഞുപോട്ടെ
5. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിൻ്റെ ഗൈഡ് ലൈൻസ് ടു റെഗുലേറ്റ് ചൈൽഡ് പാർട്ടിസിപ്പേഷൻ ഇൻ ടി.വി സീരിയൽസ്, റിയാലിറ്റി ഷോ, ആൻഡ് അഡ്വർടൈസ്മെൻ്റ്സ് എന്ന 2010 - 2011 ഡോക്യുമെൻ്റിലും അമെൻഡ്മെൻ്റുകളിലും എന്ത് ഉണ്ട വേണമെങ്കിലും പറയട്ടെ. അത് ഗൃഹലക്ഷ്മി പാലിച്ചോ ഇല്ലയോ എന്നതൊന്നും എന്റെ വിഷയമല്ല.
6. കുഞ്ഞുങ്ങളുടെ വായിൽ ചപ്പിക്കുടിക്കാൻ കൊടുക്കുന്ന സൂത്തർ മുതൽ ചായ, ബിസ്കറ്റ്, നിലം തുടക്കുന്ന ലോഷൻ, കക്കൂസ് കഴുകുന്ന ക്ളീനർ അടക്കമുള്ള ഏതു പരസ്യത്തിലും കുട്ടിയെ ഉപയോഗിക്കാം. എന്നാൽ, മുലയൂട്ടണം എന്ന് പറയുന്ന ഒരു പരസ്യത്തിലും പാടില്ല.
7. മുലയൂട്ടൽ സംബന്ധിച്ച് കുഞ്ഞിന് ബാലവകാശങ്ങൾ ഒരുപാടുണ്ട്. എന്നാലും, ഞാൻ പൊടി കലക്കി കുപ്പിയിൽ കൊടുക്കും. എനിക്ക് പൊതു മധ്യത്തിൽ പാൽ കൊടുക്കാൻ കഴിയില്ല. കാരണം ഞാൻ കുല സ്ത്രീ ആണ്. (http://www.wcd.nic.in/sites/default/files/nationalguidelines.pdf)
8. ഏറ്റവും പ്രധാനപ്പെട്ടത്... പുരുഷന്മാർക്ക് ജനനെന്ദ്രിയം പുറത്തെടുത്തു പൊതു മധ്യത്തിൽ മുള്ളാൻ അവകാശമുണ്ട്. അവർ ആണുങ്ങൾ ആണ്. അവർക്കു എന്തുമാകാം. എന്നാൽ, ജീവൻ നിലനിർത്തുന്ന പാലാണെങ്കിൽ കൂടി പൊതു മധ്യത്തിൽ സ്ത്രീ പാൽ കൊടുക്കരുത്. കാരണം അത്തരം സ്ത്രീകൾ പല പുരുഷന്മാർക്കും കണ്ടു രസിക്കാൻ ഉടുപ്പ് പൊക്കുന്നവരാണ്, അതിൽ സന്തോഷം അനുഭവിക്കുന്നവരാണ്.
9. വനിതയും ഗൃഹലക്ഷ്മിയും തുടങ്ങി എല്ലാ പ്രസിദ്ധീകരണങ്ങളും കച്ചവടം ചെയ്യാൻ വേണ്ടി പബ്ലിഷ് ചെയ്യേണ്ടതല്ല.  അവർ അടിച്ച അത്രയും ഗോഡൗണിൽ വെക്കേണ്ടതാണ്.
10. മുലയൂട്ടൽ സംബന്ധിച്ചുള്ള ബോധവൽക്കരണതിനു കസ്തൂരി എന്ന നടി അരക്ക് മുകളിൽ പൂർണമായും വിവസ്ത്ര ആയി കുഞ്ഞിനെ എടുത്തു ഫോട്ടോക്ക് പോസ് ചെയ്തു. അന്ന് അശ്ലീലവും അഭാസവും മാത്രം പറഞ്ഞു. ഇന്ന് ജിലുവിനെ കിട്ടിയതു കൊണ്ട് ഇങ്ങനെ പറയാം "കസ്തൂരി ശരിയാണ്, അവരുടെ സ്വന്തം കുഞ്ഞായിരുന്നു" . എന്നാലും ഇപ്പോഴും കസ്തൂരി ബൂബ്‌സ് എന്ന് സെർച്ച് ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നു എന്ന സത്യത്തിനു നേരെ ഞാൻ കണ്ണടക്കുന്നു.
#IamKulasthree

2013, ഡിസംബർ 19, വ്യാഴാഴ്‌ച

ആലിയും ഒലിവിയയും


കാന്‍സര്‍ ബാധിച്ചു മരിച്ചു പോയ ഭാര്യയുടെ ഓര്‍മകളെ അത്ര വേഗം മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ബെന്നിന് കഴിയില്ല. അത് കൊണ്ട് തന്നെ ഭാര്യ ആലി മരിച്ചു രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ബെന്‍ നനേരി മകള്‍ ഒലിവിയക്കൊപ്പം കൌതുകവും സ്നേഹവും വാല്‍സല്യവും നിറഞ്ഞ ഫോട്ടോ ഷൂട്ട്‌ സംഘടിപ്പിച്ചത്. ആലിയുടെ സഹോദരി മെലാനി പേസ് ആണ് ഫോട്ടോഗ്രാഫര്‍. അവരുടെ വീടും ഈ ചിത്രങ്ങളിലെ ഒരു പ്രധാന കഥാപാത്രമാണ്.
റോക്ക് പിങ്ക് ഫോര്‍ ആലി എന്ന ബ്ലോഗില്‍ ബെന്‍  കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട് 



 മൂന്നു വയസുകാരി ഒലിവിയ ഈ അച്ഛന്റെ പൊന്നുമോളാണ്. ഭാര്യക്കൊപ്പം വിവാഹ ദിവസം എടുത്ത ചിത്രങ്ങളുടെ അതെ പശ്ചാത്തലം ഒരുക്കി മകള്‍ക്കൊപ്പം  പുന:സൃഷ്ടിച്ചപ്പോള്‍ അത്  ഹൃദയസ്പര്‍ശിയായി.      ‘ഇതൊരു സ്നേഹ ഗാഥ’  എന്നാണു ബെന്‍ പറയുന്നത്.  അമേരിക്കയിലെ ഓഹിയോയിലെ സിന്നന്നാട്ടി സിറ്റിയില്‍  വിവാഹത്തിനു തൊട്ടു തലേന്നാണ് ബെന്‍ ഈ വീട് വാങ്ങിയത്. വിവാഹം കഴിഞ്ഞ് പള്ളിമേടയില്‍ നിന്നും ഈ വീട്ടിലേക്കാണ് വന്നത്. അന്ന് മുതല്‍ ആലിയുടെയും ബെന്നിന്റെയും സ്വര്‍ഗമാണ് ആ വീട്. അടുത്തുള്ള ഒരു സ്കൂളില്‍ ടീച്ചറായിരുന്നു ആലി. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഈ സ്വര്‍ഗത്തില്‍ ഒലിവിയ  ജനിച്ചു. അവളുടെ ജനനം കഴിഞ്ഞ് അല്‍പ നാളുകള്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആ ദുഃഖ സത്യം അറിയുന്നത്- ആലിക്ക് ശ്വാസകോശ അര്‍ബുദമാണ്. ബെന്നിന്റെ തന്നെ വാക്കുകളില്‍ ‘’ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു’

ഒലിവിയക്ക് ഒരു വയസായപ്പോള്‍ ആലി മരിച്ചു. തീര്‍ത്തും നിരാശയിലും വേദനയിലും ഓരോ ദിനവും ബെന്‍ തള്ളി നീക്കി. മകളാണ് ഒരേയൊരു ആശ്വാസം. ഡാഡിയെ പിരിഞ്ഞ് ഒരു നിമിഷം പോലും ഈ കുഞ്ഞിനു കഴിയാനാകില്ല. ഇടക്കെപ്പോഴോ വിവാഹ ദിനത്തില്‍ എടുത്ത ഫോട്ടോകള്‍ നിറഞ്ഞ ആല്‍ബം പരിശോധിക്കുമ്പോഴാണ് ഇങ്ങനെയൊരു ആശയം ഉണ്ടായത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും ആലിയുടെ സഹോദരിയുമായ മെലാനിയോടു വിവരം പറഞ്ഞു. മെലാനി തന്നെയാണ് അവരുടെ വിവാഹ ദിനത്തിലും ഫോട്ടോ എടുത്തത്‌. ആഗ്രഹം കേട്ടപ്പോള്‍ മെലാനി ഉടനെത്തി. അച്ഛന്‍ മകളെ ഒരുക്കി. വീടിന്റെ പ്രധാന വാതിലിനു മറവില്‍ നിന്നെടുത്തത്, ചുമരില്‍ ചാരി നിന്ന് പരസ്പരം നോക്കുന്നത്, തലമുടിയില്‍ ചുരുളുകള്‍ ഉണ്ടാക്കുന്നത്, ഗോവണി പടിയില്‍ ഇറങ്ങി വരുന്നത്, കൈകോര്‍ത്ത് ഒരുമിച്ചു നില്‍ക്കുന്നത് തുടങ്ങോയ പടങ്ങള്‍ ഏറെ ഹൃദയഹാരിയാണ്, മകളുമൊത്തുള്ള ഫോട്ടോകള്‍ ഭാര്യ ആലിക്ക് ഈ യുവാവ് സമര്‍പ്പിച്ചിരിക്കുന്നു.









2012, മേയ് 13, ഞായറാഴ്‌ച

പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ തന്നൂടെ?


ഇന്ന്  ലോക  മാതൃദിനം



അമ്മയുടെ കരുതലും സ്നേഹവും വര്‍ണിക്കപ്പെടുന്ന   സുദിനമാണിത്  . പലരും ഈ ദിനം  ആഘോഷിക്കുന്ന സമയത്ത് (ദിനാചരണങ്ങള്‍ പ്രഹസനമാണെന്ന് കരുതുന്നു, എങ്കിലും) വായനക്കാര്‍ക്ക് മുന്നിലേക്ക്‌  ജീവിതം നഷ്ടപ്പെട്ടു  കൊണ്ടിരിക്കുന്ന ഒരമ്മയുടെയും രണ്ട് മാലാഖക്കുരുന്നുകളുടെയും ജീവിത യാതന സമര്‍പ്പിക്കുന്നു.
അവരുടെ കദനം വിവരിക്കുന്ന ഒരു ചിത്രവും ഒപ്പമുണ്ട്. ഭീകരമായ ആ ചിത്രം ഇവിടെ പ്രസിദ്ധീകരിക്കാന്‍ മനസ്സാ തയ്യാറല്ലെങ്കിലും    മറ്റൊരു ചിത്രം കിട്ടാത്തതിനാല്‍ ചേര്‍ക്കേണ്ടി വന്നു. വായിച്ചു പോകുക എന്നതിനുപരി, കഴിയാവുന്നവര്‍ ചെറിയ സഹായമെങ്കിലും ഈ കുരുന്നുകള്‍ക്ക് നല്‍കണമെന്ന് കൂടി അപേക്ഷിക്കുന്നു. കാരണം അവര്‍ക്ക് അവരുടെ ഉമ്മച്ചിയെ വേണം , അവര്‍ അനാഥര്‍ ആകാതിരിക്കാന്‍.....
facebook






""പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ  തന്നൂടെ? ഉമ്മച്ചിയെ  മരിപ്പിക്കല്ലേ ..." --വാപ്പയില്ലാത്ത രണ്ട് കുരുന്നുകളുടെ കരച്ചില്‍ കേട്ടു നില്‍ക്കുന്നവരെ കൂടി കരയിപ്പിക്കും. മുന്‍പില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കട്ടിലില്‍ അവരുടെ ഉമ്മച്ചിയുണ്ട്  , എഴുന്നേല്‍ക്കാന്‍ വയ്യാതെ  ...

കുഞ്ഞുമാലാഖക്കുട്ടികളാണ്  പത്തു വയസ്സുകാരി ഷഹനയും ഏഴു വയസ്സുകാരി  രഹനയും .  പേരു കൊണ്ട്  പോലും രാജകുമാരികള്‍. പഠിക്കാന്‍  മിടുക്കികള്‍ . വീട്ടിലുള്ളവരുടേയും  നാട്ടിലുള്ളവരുടെയും പൊന്നോമനകള്‍. വടക്കാഞ്ചേരിയിലെ പളളിസ്കൂളിലാണ്  പഠനം. ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയമുള്ളവര്‍! എന്നാല്‍ കാലം ഇവര്‍ക്ക് കാത്ത് വച്ചിരിക്കുന്നത്  ഉമ്മയുടെ മരണഭയവും അനാഥത്വവും.

പതിനൊന്നു  കൊല്ലം  മുന്‍പാണ് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനടുത്തുള്ള   മാരത്തുകുന്നു നാരോത്ത്പറമ്പിലെ പരേതനായ  ഉണ്ണിയാന്‍ കുട്ടിയുടെയും വിയ്യുംമയുടെയും എട്ടു മക്കളില്‍ ഇളയവളായ നബീസയുടെ (40 )വിവാഹം കഴിഞ്ഞത്. ഈറോഡ് സ്വദേശിയായിരുന്നു  വരന്‍.
സ്വന്തം നാട്ടുകാരനെ കൊണ്ടു തന്നെ മകളെ വിവാഹം കഴിപ്പിക്കണം എന്നൊക്കെ ആയിരുന്നു ആ പിതാവിന്റെ ആഗ്രഹമെങ്കിലും കൂലിവേലക്കാരനായ  ആ മനുഷ്യന്   ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. മകളുടെ വിവാഹം നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട്  ആലോചനയില്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹം നടത്തി. അന്ന് നബീസക്ക് പ്രായം 29 . മറ്റേതൊരു പെണ്‍കുട്ടിയെയുമെന്ന പോലെ നിറയെ സ്വപ്നങ്ങളുമായാണ് നബീസയും വിവാഹശേഷമുള്ള ജീവിതത്തെ വരവേറ്റത്.  എന്നാല്‍ ഉണ്ടായത് സിനിമ കഥയെ വെല്ലുന്ന ജീവിത ദുരിതങ്ങള്‍....


വിവാഹം കഴിഞ്ഞ്‌ ആദ്യ കണ്മണി പിറന്നു. ആ ഒരു വര്‍ഷം കൊണ്ട്  നബീസയും അവളുടെ വീട്ടുകാരും ഒരു കാര്യം മനസ്സിലാക്കി. ഭര്‍ത്താവിനു പ്രത്യേകിച്ച് ഒരു ജോലിയുമില്ല. നബീസയും വാപ്പയും കൂലിക്ക് പോയി കൊണ്ടു വരുന്ന പണം ഉപയോഗിച്ചു അയാള്‍ കുടിച് ഉന്‍മത്തനായി നടന്നു.
എന്നിട്ട് ഭാര്യയെ പൊതിരെ തല്ലും. എങ്കിലും ''ഭാര്യയല്ലേ, എല്ലാം സഹിക്കേണ്ടവളല്ലേ '' എന്ന്‌ കരുതി നബീസ എല്ലാം സഹിച്ചു ജീവിച്ചു. ആദ്യത്തെ കുഞ്ഞിനു മൂന്നു വയസായപ്പോള്‍  നബീസ വീണ്ടും ഗര്‍ഭവതിയായി    . അതോടെ  ഭര്‍ത്താവിന്റെ പീഡനം വര്‍ധിച്ചു  .  കുഞ്ഞിനെ അലസിപ്പിച്ചു കളയണമെന്നാവശ്യപ്പെട്ട്‌    അയാള്‍ നബീസയെ പൊതിരെ മര്‍ദ്ദിച്ചു. എന്നാല്‍ ദൈവം തന്ന ജീവനെ നശിപ്പിക്കില്ലെന്ന നിലപാടില്‍ നബീസ ഉറച്ചു നിന്നതോടെ അയാള്‍ മറ്റൊന്ന് വെളിപ്പെടുത്തി. അയാള്‍ക്ക്‌ മറ്റൊരിടത്ത് ഭാര്യയും മക്കളും ഉണ്ട്. ഇനി നബീസയെ  വേണ്ടെന്നു പറഞ്ഞ അയാള്‍ വീട് വിട്ടിറങ്ങി.  നിറവയറോടെ നിരാലംബയായി വീട്ടില്‍ വന്നു കയറിയ മകളെ സ്വന്തം വീട്ടുകാര്‍ തള്ളിപ്പറഞ്ഞില്ല.

അങ്ങനെ ദുരിതങ്ങള്‍ക്കിടയിലേക്ക്  സന്തോഷം പകര്‍ന്നു രഹന പിറന്നു വീണു. രണ്ട് കുഞ്ഞുങ്ങളെയും പോറ്റാന്‍ ആ അമ്മ  തൊഴിലുറപ്പ് പദ്ധതിയില്‍  അംഗമായി.  ജീവിതം തിരികെ പിടിക്കണമെന്നും മക്കളെ രാജകുമാരികളായി വളര്‍ത്തണമെന്നും ഉള്ള ആശ കൊണ്ട്  കഠിനമായി ജോലി ചെയ്ത  നബീസക്കു ദൈവം കാത്ത് വച്ചത് തൊഴിലുറപ്പ് പദ്ധതി കൂട്ടത്തിന്റെ നേതൃ പദവി. എന്നാല്‍ അധികം വൈകാതെ ദുരന്തം മറ്റൊരു രൂപത്തില്‍ തിരിച്ചെത്തി.
തൊണ്ടവേദന സഹിക്കാതെ ആയപ്പോഴാണ് നബീസ ഡോക്ടറെ കാണുന്നത്. വെള്ളം പോലും ഇറക്കാന്‍ വയാത്ത അവസ്ഥ. ജോലിഭാരവും കഠിനമായ വെയിലും കൊണ്ട് നീരിറിക്കം വന്നതാണെന്നാണ് എല്ലാവരും കരുതിയത്‌. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് നേരിയ സംശയം. അദ്ദേഹം ഉടനെ മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളെജിലേക്ക്  റഫര്‍ ചെയ്തു. പണിത്തിരക്കുകള്‍    കാരണം നബീസ തല്‍ക്കാലത്തേക്ക്  ജലദോഷത്തിന്റെ  ഗുളിക വാങ്ങി. എന്നാല്‍ ശബ്ദം വരാതായതോടെ നബീസ  മെഡിക്കല്‍ കോളേജിലെത്തി. വിശദമായ പരിശോധനയില്‍ ഡോക്ടര്‍മാര്‍ അക്കാര്യം ഉറപ്പിച്ചു. നബീസക്ക് തലച്ചോറില്‍ കാന്‍സര്‍ ആണ്‌. ദിവസങ്ങള്‍ കടന്നു പോകവേ നബീസക്ക് ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. ഇടതു കണ്ണു പുഴുത്ത് പുറത്തു ചാടി. തലമുടി മൊത്തം കൊഴിഞ്ഞു.
റേഡിയേഷന്‍ നടത്തിയാല്‍ ഒരു പക്ഷെ വലതു കണ്ണിനു കാഴ്ച വീണ്ടെടുക്കാമെന്നാണ്    ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ ദിനം  പ്രതി  അഞ്ഞൂറിലേറെ രൂപ ചികിത്സക്കായി ചെലവുണ്ട്.എന്നാല്‍ രോഗക്കിടക്കയില്‍ തളര്‍ന്നു കിടക്കുന്ന നബീസക്കിനി കൂലി വേലയ്ക്കു എങ്ങനെ പോകാനാണ്. ? കുഞ്ഞ് മക്കള്‍ എന്ത് ചെയ്യാനാണ്. ?? നാട്ടുകാരാണ് ഇപ്പോഴാ മക്കളെ പരിപാലിക്കുന്നത്. നബീസയെ രോഗക്കിടക്കയില്‍ പരിപാലിക്കുന്നതും നാട്ടുകാര്‍ തന്നെ! ഇതിനിടയില്‍  പോലീസുകാര്‍ ഇടപ്പെട്ട്  ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു. പോലിസുകാരോടുള്ള  പേടി കൊണ്ട് ആശുപത്രിയിലെത്തിയെങ്കിലും ക്രൂരനായ ആ മനുഷ്യന്‍ ആ പാവം സ്ത്രീയെ കൊല്ലാക്കൊല ചെയ്തു. മൂക്കിലൂടെ ഭക്ഷണം    നല്കാനിട്ടിരുന്ന ട്യൂബ് അയാള്‍ വലിച്ചു പറിച്ചെറിഞ്ഞു. പരിപാലിക്കാനെത്തിയവരെ  അയാള്‍ ആട്ടിയോടിച്ചു. സമീപത്തെ കിടക്കകളിലുള്ള രോഗികളെയും കൂട്ടിരിപ്പുകാരെയും അയാള്‍ ശല്യം ചെയ്തു. ഒടുവില്‍ ദിവസങ്ങള്‍ക്കകം ആശുപത്രി അധികൃതര്‍ അയാളെ പിടിച്ചു പുറത്താക്കി.

ഇപ്പോള്‍ പഴയ മെഡിക്കല്‍ കോളെജ്  കെട്ടിടത്തിലെ അഞ്ചാം വാര്‍ഡില്‍ പത്തൊമ്പതാം നമ്പര്‍ കട്ടിലില്‍ നബീസ തനിച്ചാണ്

നബീസയെ രക്ഷപ്പെടുത്താന്‍
നാട്ടുകാരും വാര്‍ഡ്‌ മെമ്പര്‍ വിജയും ചേര്‍ന്ന്
നബീസ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ചാലിപ്പാടത്തുള്ള സഹകരണ ബാങ്കില്‍
''നബീസ  സഹായ നിധി 3752 ''  എന്ന പേരില്‍
അക്കൗണ്ട്‌ ഉണ്ട്.  അക്കൌണ്ടിന്റെ  കൂടുതല്‍ വിവരങ്ങള്‍ക്ക് 
ബാങ്ക്  ഫോണ്‍ നമ്പര്‍ - 04884 232 348  


അവധിക്കാലം കഴിയാറായി. പുത്തനുടുപ്പും ബാഗും ചോറ് പാത്രവും നല്‍കി മക്കളെ സ്കൂളിലേക്ക് അയക്കണമെന്ന് ഈ അമ്മക്ക് ആഗ്രഹമുണ്ട്. എന്നാല്‍ വിധിയില്ല. ഇപ്പോള്‍ മക്കളോടൊന്നു  മിണ്ടാനോ അവരെയൊന്നു കാണാനോ കഴിയാത്ത ആ അമ്മ സുമനസ്സുകളുടെ കാരുണ്യം ആഗ്രഹിക്കുന്നുണ്ട്.കമ്മന്റുകളോ  ലൈക്കുകളോ വേണമെന്നില്ല. മനസ്സ് പറയുന്ന സഹായം ചെയ്തു കൊടുക്കാം. ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. എങ്കിലും സ്വന്തം മക്കള്‍ക്കായിരുന്നു ഈ വിധിയെങ്കില്‍ എന്ത് ചെയ്യുമായിരുന്നോ, അതിന്റെ പത്തിലൊന്നെങ്കിലും  ചെയ്തു നല്‍കണേ...




2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

കരയരുത്.... പകരം, കണ്ണീരുരുക്കി കാച്ചി പരത്തി പിച്ചാത്തിയാക്കുക...

IPCNA അവാര്‍ഡ്‌ നേടിയ ആര്‍ട്ടിക്കിള്‍ 

പെണ്‍കുട്ടികളേ, കരയരുത്!
ചതിയുടെ കൂടാരമാണ് ഈ ലോകം. നിഷ്കളങ്കതയുടെ മുഖംമൂടിക്കകത്ത് കൊടുംചതിയുടെ മിഴിമിന്നലുകള്‍ കൊണ്ടു നടക്കുന്നവരുടെ ലോകം! കൂടെ നടക്കുന്നവര്‍ തന്നെ ചെന്നായ്ക്കളാകുമ്പോള്‍ ആര്‍ക്ക് ആരെ എങ്ങനെ ഹൃദയപൂര്‍വ്വം വിശ്വസിക്കാനാകും? ആ മിന്നലുകള്‍ തിരിച്ചറിയാത്തിടത്തോളം കാലം നാം ഓരോരുത്തരും വഞ്ചനയുടെ പടുകുഴിയില്‍ വീണുകിടക്കേണ്ടി വരും. ഷൊര്‍ണൂരില്‍ സൌമ്യയെ മരണത്തിലേക്കു തള്ളിയിട്ടതു പോലെ ചിലരെ നാം മന:പ്പൂര്‍വ്വം തള്ളിയിടുകയും ചെയ്യും.അതിക്രൂരമായ അന്ത്യമാണ് ഷൊര്‍ണൂരില്‍ സൌമ്യക്കുണ്ടായത്. തള്ളിയിട്ട ശേഷം ട്രാക്കില്‍ തലയിടിച്ച് അയാള്‍ ആദ്യം പാതി ജീവന്‍ കവര്‍ന്നു, പിന്നെ മാനവും.

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഈ ഇവിടെ ക്ലിക്ക് ചെയ്യുക
സൌമ്യ ഒരു രക്തസാക്ഷിയാണ്. ആ പെണ്‍കുട്ടിയുടെ മാനവും ജീവനും ഒരു ഒറ്റക്കയ്യന്റെ കാമപരാക്രമങ്ങള്‍ക്കു വേണ്ടി ബലി നല്‍കപ്പെട്ടു. ഞെട്ടലോടെയാണ് മലയാളി ആ വാര്‍ത്ത കേട്ടത്. അതിലധികം രോഷമുണ്ടായത് കണ്ടിട്ടും കാണാത്ത പോലെ യാത്ര തുടര്‍ന്നവരോടാണ്്. പെങ്ങള്‍ മരിച്ചെന്നറിഞ്ഞ നിമിഷം ഇളയ കൂടപ്പിറപ്പിന്റെ ആത്മരോദനം കേട്ടു നിന്നവരുടെ നെഞ്ചു പറിച്ചു കളഞ്ഞു. 'എന്റെ പൊന്നേ, നീ പോയില്ലേ....എന്ന കരച്ചിലില്‍ കരളുടക്കി കുഴഞ്ഞുപോയവര്‍ ഏറെയാണ്. എന്തു തെറ്റു ചെയ്തു ആ അമ്മക്ക് ഈ വിധി വരാന്‍? അയല്‍വീടുകളില്‍ പാത്രം കഴുകിയും മുറ്റമടിച്ചും സമ്പാദിച്ച ഒറ്റരൂപാത്തുട്ടുകള്‍ എണ്ണിപ്പെറുക്കി നല്‍കിയാണ് ആ അമ്മ മകളെ പഠിപ്പിച്ചത്. ഒടുവില്‍ അമ്മയുടെ മേലുവേദനക്ക് മരുന്നു വാങ്ങാന്‍ തികയുന്നത്ര മാത്രം പണം സമ്പാദിച്ചു തുടങ്ങിയപ്പോഴേക്കും വിധി അവളെ ക്രൂരമായി കൊന്നു കളഞ്ഞു. അയാളെ കൊന്നുകളയണമെന്നാണ് കേട്ടവര്‍ കേട്ടവര്‍ പ്രതികരിച്ചത്. പക്ഷേ, നമ്മുടെ പ്രവൃത്തികളും ആ കൊലപാതകത്തിന് തുണയേകിയെന്ന വസ്തുതയില്‍ നിന്നും ആര്‍ക്കും കൈ കഴുകി മാറിനില്‍ക്കാനാകില്ല.
സൌമ്യ മാത്രമല്ല, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ കണക്കനുസരിച്ച് 2000 മുതലുള്ള ഒമ്പത് വര്‍ഷങ്ങള്‍ക്കിടക്ക് രാജ്യമൊട്ടാകെ 289 പെണ്‍കുട്ടികള്‍ക്ക് അവരുടെ മാനം നഷ്ടപ്പെട്ടു. 2009, 2010 വര്‍ഷങ്ങളിലെ കണക്കുകള്‍ ആര്‍.പി.എഫ് ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്രക്കും സുരക്ഷിതമല്ലേ നമ്മുടെ ട്രെയിനുകള്‍? സുരക്ഷിതമല്ലാത്ത യാത്രാസാഹചര്യങ്ങളുണ്ടെന്ന വസ്തുത മാറ്റിവച്ചാലും സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ നമുക്ക് മനസില്ലാത്തതാണ് പ്രധാന പ്രശ്നം. ലേഡീസ് കംപാര്‍ട്മെന്റിലേ പെണ്ണുങ്ങള്‍ കയറാവൂ എന്നു പറഞ്ഞു പഠിപ്പിക്കുന്ന വീട്ടുകാര്‍ മുതല്‍ എല്ലാവരും കുറ്റക്കാരാണ്. പെണ്ണുങ്ങള്‍ ജനറല്‍ കംപാര്‍ട്മെന്റില്‍ കയറി ശീലിക്കട്ടെ! അവളോട് മോശമായി പെരുമാറുന്നവരോട് ചുണയോടെ പ്രതികരിക്കട്ടെ! അതു കണ്ടു നില്‍ക്കുന്നവരില്‍ ചിലരെങ്കിലും അവളെ സഹായിക്കാനുണ്ടാകും. അല്ലാതെ അടങ്ങിയൊതുങ്ങി കരഞ്ഞുപിഴിഞ്ഞ് മൂലക്കിരിക്കാനല്ല നാം പറഞ്ഞുകൊടുക്കേണ്ടത്.
യാത്രക്കാരാ, നിങ്ങളുടെയൊപ്പം ജനറല്‍ കംപാര്‍ട്മെന്റില്‍ കയറുന്ന സ്ത്രീ യാത്രക്കാരികളോട് എന്തിനിവിടെ ഇരിക്കുന്നു, ലേഡീസില്‍ ചെന്നിരിക്കരുതോ എന്നു ചോദിക്കല്ലേ.. ഇന്ത്യന്‍ റെയില്‍വേയുടെ ദുഃശീലങ്ങള്‍ മാറ്റാന്‍ നമുക്ക് കഴിയാത്തിടത്തോളം കാലം അവള്‍ക്കിഷ്ടമുള്ളിടത്ത് ഇരിക്കാന്‍ അവളെ അനുവദിക്കുക. ലേഡീസ് കംപാര്‍ട്മെന്റിലെ അരക്ഷിതാവസ്ഥയിലേക്ക് പറഞ്ഞയച്ച് അവള്‍ക്കൊരു അപകടമുണ്ടാക്കല്ലേ! രാത്രികളില്‍ പുറത്തേക്കിറങ്ങിയാല്‍ പെണ്ണിനെ വെറുതെ വിടാത്തവരാണ് മലയാളി പകല്‍മാന്യന്‍മാര്‍! പ്ലാറ്റ്ഫോമില്ലാത്തയിടങ്ങളില്‍ ട്രാക്കിലേക്കിറങ്ങവേ വീണു പരിക്കേല്‍ക്കുന്ന പെണ്ണ് നമ്മുടെ അമ്മയോ പെങ്ങളോ ആണെങ്കില്‍ ആര്‍ക്കെങ്കിലും സഹിക്കുമോ? അവളുടെ ജീവനും മാനവും നഷ്ടപ്പെട്ടാല്‍ സൌമ്യയുടെ അമ്മയെപ്പോലെ നമുക്കും കരയേണ്ടിവരും. അത്തരം കരച്ചിലുകളൊഴിവാക്കാന്‍ എല്ലാവരും കൈകോര്‍ത്തു പിടിച്ച് അധികൃതരോട് സഹായം അഭ്യര്‍ത്ഥിക്കുക. അപേക്ഷ അവഗണിച്ചാല്‍ കൂടുതല്‍ ശക്തമായി പ്രതിഷേധിക്കുക.
പെണ്‍കുട്ടികളേ, കരയരുത്! ഒരു തുള്ളി കണ്ണീരു പോലും വെറുതെ കളയരുത്. പകരം കണ്ണീരുരുക്കി കാച്ചി പരത്തി പിച്ചാത്തിയുണ്ടാക്കുക. ഈ ഭൂമി സ്ത്രീകള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. അമ്മമാരെ, അനുവാദമില്ലാതെ മേലുതൊടുന്നവരെ ശരിപ്പെടുത്താന്‍ പെണ്‍മക്കള്‍ക്ക് മനക്കരുത്ത് പകരുക! നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞത് അവരുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശമെങ്കിലും നല്‍കുക. ആ ബോധ്യവും ആത്മാഭിമാനവും കൈമുതലാക്കാന്‍ സാഹചര്യമൊരുക്കുക. അല്ലെങ്കില്‍ അക്രമമുണ്ടാകുമ്പോള്‍ അലറിക്കരയാന്‍ മാത്രം പഠിച്ചു വച്ച പെണ്‍പാവക്കുട്ടികള്‍ സമൂഹത്തില്‍ പെരുകും. അങ്ങനെ വന്നാല്‍ പെണ്ണിന്റെ ഉടലിനു വേണ്ടി ഉഴറി നടക്കുന്നവര്‍ നമ്മുടെ സ്വന്തം പെണ്‍കുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയാല്‍ അലറിക്കരയേണ്ടി വരുന്നത് നമുക്കാകുമെന്നോര്‍ക്കുന്നതു നന്ന്!



വൈകുന്നേരങ്ങളില്‍ വരാന്‍ സൌമ്യയില്ല;
ഏകാന്തതയോട് കൂട്ടുകൂടി അമ്മ ഇവിടെയുണ്ട്                                            


കൊച്ചി: ഈ വീട്ടില്‍ ഈ അമ്മ തനിച്ചാണ്. വൈകുന്നേരങ്ങളില്‍ വരാറുള്ള സൌമ്യ ഓര്‍മ മാത്രമായിട്ട് ഇന്നേക്ക് ഒരു മാസം. കുടുംബം പോറ്റാനുള്ള തത്രപ്പാടില്‍ ഷൊര്‍ണൂരിലും പരിസരത്തും കാര്‍ ഓടിക്കുന്ന  മകന്‍ സന്തോഷ് പാതിരാത്രിക്ക് കയറി വരുന്നതു വരെ സുമതിയെന്ന അമ്മക്ക് കൂട്ട് മകളുടെ ഓര്‍മകള്‍ മാത്രം.
വീണ്ടുമൊരു വനിതാ ദിനം കടന്നുപോകുന്നു. ഷൊര്‍ണൂരില്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയ സൌമ്യയെയും ഓര്‍ക്കാന്‍ ഈ വനിതാ ദിനം. ഒരു മാസം പിന്നിടുമ്പോഴും മഞ്ഞക്കാട്ടുള്ള വാടകവീട്ടില്‍ സങ്കടം  പങ്കുവെക്കാന്‍ ആളുകളെത്തുന്നുണ്ട്. അവര്‍ക്കൊപ്പവും ഏകാന്തതയിലും കരഞ്ഞുകരഞ്ഞ് ഈ അമ്മക്കിപ്പോള്‍ കണ്ണുനീര് വറ്റിപ്പോയിരിക്കുന്നു. മരണത്തിന്റെ റെയില്‍വേ പാളത്തിലേക്ക് വീഴുന്നതു വരെ വാതോരാതെ സംസാരിച്ച സൌമ്യയെക്കുറിച്ച് പറയുമ്പോള്‍  സുമതി തളര്‍ന്നുപോകുന്നു. ഇവരിപ്പോള്‍ പുറത്തിറങ്ങാറില്ല. മകളുടെ ദാരുണ അന്ത്യത്തെക്കുറിച്ചുള്ള നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ക്ക് കരളു പിടയുന്നു. 30 ദിവസങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ്  പുറത്തേക്കൊന്നിറങ്ങിയത്. അയല്‍വാസികളുടെയും നാട്ടുകാരുടെയും ദയനീയ നോട്ടങ്ങള്‍ സങ്കടം വര്‍ധിപ്പിക്കുന്നെന്ന് തോന്നിയപ്പോള്‍ ഉടന്‍ മടങ്ങി. ഈ മാസം 18 നാണ് സൌമ്യ മരിച്ചതിന്റെ 41 ാം  ദിനം. അന്നത്തെ ചടങ്ങുകള്‍ക്ക് ശേഷം കഴിയുമെങ്കില്‍ പഴയ വീട്ടുജോലിയിലേക്ക് മടങ്ങണമെന്നുണ്ട്. എന്നാല്‍, മനസ്സിനൊപ്പം തളര്‍ന്ന ശരീരം അനുവദിക്കുമെന്നുറപ്പില്ല.
സൌമ്യ മരിച്ചപ്പോള്‍ മാത്രം അടുത്തുണ്ടായിരുന്ന അച്ഛന്‍ ഈ അമ്മയെ വീണ്ടും തനിച്ചാക്കി മടങ്ങിപ്പോയി. കാണാന്‍ വരുന്നവര്‍ നല്‍കുന്ന ചെറിയ തുക മരുന്നിന് നീക്കി വെക്കും. റെയില്‍വേ തന്ന മൂന്നു ലക്ഷം കൈയിലുണ്ട്. അതുപയോഗിച്ച് ചെറിയൊരു സ്ഥലവും വീടും വാങ്ങണമെന്നുണ്ട്. എന്നാല്‍, അതുകൊണ്ട് മാത്രം തികയില്ല. പ്രതിമാസം 2000 രൂപയാണ് ഇപ്പോഴുള്ള വീടിന്റെ വാടക. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടിയാല്‍ ഈ കുടുംബം രക്ഷപ്പെടുമെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. റെയില്‍വേയുടെ അനാസ്ഥക്കെതിരെയും നഷ്ടപരിഹാരം കൊടുക്കാന്‍ വൈകിയതിനെതിരെയും ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ആരെയും വിഷമിപ്പിച്ചുകൊണ്ടുള്ള പണം വേണ്ടെന്നാണ് സുമതിയുടെ നിലപാട്.സങ്കടം പറയാനും പങ്കുവെക്കാനും സഹായിക്കാനും ഏറെ പേര് കൂട്ടുവന്നു. അതിനാല്‍ ആരോടും ഒന്നും ചോദിക്കാനില്ലെന്നും ഈ അമ്മ പറയുന്നു. എങ്കിലും ഇവരെ സഹായിക്കാന്‍ ഈ വനിതാ ദിനത്തിലെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് സൌമ്യയുടെ കുടുംബത്തിന്റെ അഭ്യുദയകാംക്ഷികള്‍.   ( published in Madhyamam on World Women's Day of  2011)




എന്നിട്ട് എന്തുണ്ടായി?  താഴെ വാര്‍ത്ത വായിക്കൂ...
തൃശൂര്‍ : ഷൊര്‍ണൂരില്‍ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് കൊല ചെയ്ത സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ആശുപത്രി -ശവ സംസ്‌കാ...ര ചെലവുകള്‍ അമ്മ സുമതിയില്‍നിന്ന് ഈടാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു ലക്ഷത്തിന്റെ നഷ്ടപരിഹാര തുകയില്‍ നിന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി ശവ സംസ്‌കാര ചെലവുകളായി 30,000 രൂപ ഈടാക്കിയത്. പ്രഖ്യാപിച്ച മൂന്നു ലക്ഷം ദുരന്തം സംഭവിച്ച് ഒരു മാസം തികഞ്ഞിട്ടും നല്‍കിയില്ലെന്ന വാര്‍ത്ത വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് മൂന്നു ദിവസത്തിന് ശേഷം തുക കൈമാറിയത്.സൗമ്യ മരിച്ചെന്നു തെളിയിക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു ആദ്യ നിലപാട്. ഒടുവില്‍ കഴിഞ്ഞ 11 ന് തുക കൈമാറുമ്പോഴും ഏറെ നിബന്ധനകള്‍ മുന്നോട്ടുവെച്ചു. പത്ത് വര്‍ഷത്തിലധികമായി കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്ന സൗമ്യയുടെ പിതാവ് എന്നു വന്ന് ആവശ്യപ്പെട്ടാലും തുകയില്‍നിന്ന് വിഹിതം നല്‍കണമെന്ന് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കിയാലേ പണം കൈമാറൂ എന്നായിരുന്നു നിബന്ധന.മുദ്രപ്പത്രത്തിന്റെ150 രൂപയും സുമതിയില്‍ നിന്ന് ഈടാക്കി. പുറത്തു നിന്ന് ജാമ്യക്കാരെ കൊണ്ടുവന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിടണമെന്നും ഒറ്റപ്പാലം തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം വില്ലേജോഫിസര്‍ ആവശ്യപ്പെട്ടു. സുമതിയെയും സൗമ്യയുടെ അനുജന്‍ സന്തോഷിനെയും ഏറെ വലച്ചാണ് അധികൃതര്‍ പണം ചെക്കായി നല്‍കിയത്. ഇപ്പോള്‍ വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബം സ്വന്തമായി ഒരു ചെറു കൂരയിലേക്ക് താമസം മാറ്റാനുള്ള ശ്രമത്തിലാണ്.
റെയില്‍വേ നല്‍കിയ മൂന്നു ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതും കൂട്ടിയാണ് വീടുപണി തുടങ്ങുന്നത്. അന്ന് സൗമ്യക്ക് നഷ്ടപരിഹാരത്തുക, സമയത്ത് നല്‍കിയില്ലെന്ന് സംസ്ഥാന സര്‍ക്കാറും റെയില്‍വേയെ കുറ്റപ്പെടുത്തിയിരുന്നു. ജനങ്ങളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ തൊട്ടടുത്ത ദിവസം തന്നെ പണം കൈമാറി. അനുജന്‍ സന്തോഷിന് റെയില്‍വേയില്‍ ജോലി നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സൗമ്യയുടെ വിഷയത്തില്‍ പരസ്‌പരം ചളി വാരിയെറിഞ്ഞ സര്‍ക്കാറും ആഘോഷമാക്കിയ മാധ്യമങ്ങളും പിന്നീട് സുമതിയെ തിരിഞ്ഞു നോക്കിയതേ ഇല്ല. (വി. ആര്‍. രാജമോഹന്‍)



























ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...