Health care എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Health care എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, ജനുവരി 31, ബുധനാഴ്‌ച

കുഞ്ഞുങ്ങളാണ്, അവരോടു ദയ കാണിക്കണം


ആശുപത്രികളിൽ, ഒന്നേകാൽ വയസിലെടുക്കുന്ന എം.എം.ആർ കുത്തിവെപ്പിനു (മുണ്ടിനീര്, അഞ്ചാംപനി, റൂബെല്ല എന്നിവക്ക് എതിരെ)  മരുന്നില്ല. എന്റേത് കഴിഞ്ഞ രണ്ടു മാസമായുള്ള തത്രപാടാണ്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആണ് സാധാരണ കുഞ്ഞിന് കുത്തിവെപ്പ് എടുക്കുന്നത്. ഒന്നേകാൽ വയസ്സിന്റെ എം.എം.ആർ കുത്തിവെപ്പ് എടുക്കേണ്ട സമയത്താണ് എം.ആർ( അഞ്ചാംപനി, റൂബെല്ല എന്നിവക്ക് എതിരെ) കാമ്പയിൻ വന്നത്. അത് എടുത്തു. ഒരു മാസം കഴിഞ്ഞുള്ള ഒരു ദിവസം വന്ന് നിർബന്ധമായും എം.എം.ആർ എടുക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു.
എടുക്കാൻ ചെന്നു, നീണ്ട രണ്ടു വരികൾ മറികടന്ന് എത്തിയപ്പോൾ മരുന്നില്ല എന്ന് മനസ്സിലായി. എവിടെയെങ്കിലും അക്കാര്യം ഒന്ന് എഴുതി വെച്ച് കൂടെ. ഈ പൊടിക്കുഞ്ഞുങ്ങളെയും കൊണ്ട് നീണ്ട വരിയിൽ, പല തരം അസുഖങ്ങൾ ഉള്ളവർക്കിടയിൽ ചെന്ന് നിൽക്കേണ്ട വല്ലാത്ത ഗതികേടാണ്. ( വരിയുടെ കാര്യം പറഞ്ഞാൽ ദേഷ്യം വരും. ആ ആശുപത്രിയിൽ ഒരു വ്യവസ്ഥയുമില്ല).
നമ്പർ തന്നു, വിളിച്ചു ചോദിച്ചിട്ട് വാ എന്ന് നിർദേശം കിട്ടി. രണ്ടു മാസം തുടർച്ചയായി എല്ലാ ബുധനാഴ്ചയും ശനിയാഴ്ച്ചയും എനിക്ക് നേർച്ചയാണ്, മുടങ്ങാതെ വിളിക്കും. എന്നാൽ, മരുന്നില്ല എന്ന സ്ഥിരം പല്ലവി. എന്ന് വരും എന്നറിയില്ല. കുറെ ആയപ്പോൾ ഞാൻ സഹപ്രവർത്തകനെ സമീപിച്ചു. അദ്ദേഹം വാർത്ത കൊടുക്കുന്നതിന് മുന്നോടിയായി ആശുപത്രി അധികൃതരുമായി സംസാരിച്ചു. അപ്പോൾ കിട്ടിയ വിവരം ഇങ്ങനെ: "എം.ആർ ബൂസ്റ്റർ കാമ്പയിൻ വന്നത് കൊണ്ടുള്ള ഷോർട്ടേജ് ആണ്. അടുത്ത ദിവസം മരുന്ന് എത്തും" എന്ന്.
അങ്ങനെ 'അടുത്ത ദിവസം ' ഞാൻ ഫോൺ ചെയ്തു. ഇല്ല, മരുന്നില്ല. അതിന്റെ അടുത്ത കുത്തിവെപ്പ് ദിവസം വിളിച്ചു, പലതവണ, ഫോൺ എടുക്കുന്നില്ല. നേരിട്ട് ചെന്ന് നീണ്ട വരിയിൽ നിന്ന് ചീട്ട് എടുത്തു. വീണ്ടും നീണ്ട വരി കടന്ന് ഡോക്ടറെ കണ്ടു. അദ്ദേഹം മരുന്നുണ്ടോ എന്ന് തിരക്കാൻ ആവശ്യപ്പെട്ടു. വീണ്ടും ഒരു വരി, നഴ്സ് പറഞ്ഞു' മരുന്നില്ല'.
ഇന്നും വിളിച്ചിരുന്നു.
അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചെന്നു. അവിടെയും മരുന്നില്ല. എവിടെയും ഇല്ല എന്ന് അവരാണ് പറഞ്ഞത്. ഏറ്റവും എളുപ്പമുള്ള മറ്റൊരു നിർദേശം കൂടി അവർ തന്നു, ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് പോയാലും മതി.
ഇക്കാര്യത്തിൽ ഈ അസുഖം മാറാൻ ആർക്കാ മരുന്ന് കൊടുക്കേണ്ടത്?
ഒന്നുകിൽ സർക്കാർ ഒരു പത്രക്കുറിപ്പ് വഴി വ്യക്തമാക്കണം, മരുന്നില്ലെന്നും അത് എന്ന് വരുമെന്നും. ഇക്കണ്ട അമ്മമാർ വെയിലും കൊണ്ട്, കുഞ്ഞുങ്ങളെ പലവിധ അസുഖങ്ങൾ ബാധിക്കുന്ന വിധമുള്ള അവസ്ഥയിൽ കൊണ്ട് ചെന്ന് ബുദ്ധിമുട്ടേണ്ടി വരില്ല.
അല്ലെങ്കിൽ ആശുപത്രികളിൽ എഴുതി ഒട്ടിക്കണം.
അല്ലെങ്കിൽ ഫോണിൽ മറുപടി തരണം.
വീണ്ടും പറയട്ടെ, കുഞ്ഞുങ്ങളാണ്, അവരോടു ദയ കാണിക്കണം.
എന്ന് ഒരു അമ്മ
വേറെ ആർക്കും ഇതിലെ വിഷമം മനസ്സിലായില്ലെങ്കിലും, അമ്മയായ K K Shailaja Teacher ക്കു ഇക്കാര്യം മനസിലാകുമെന്ന പ്രതീക്ഷയോടെ

--------------------------------------


Madhyamam News on Feb 6

Malayala manorama News on Feb 6

Kerala Koumudi News on Feb 6

2013, ഡിസംബർ 16, തിങ്കളാഴ്‌ച

'ഒരു നിമിഷത്തെക്കാണ്, എങ്കിലും'


ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ജീവിതത്തില്‍ ഒന്നിനെ കുറിച്ചും വ്യാകുലപ്പെടാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര സന്തോഷമായേനെ! ജീവിതം നരകതുല്യമായ അസുഖങ്ങള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കുന്നവര്‍ക്ക് ഈയൊരു ആശ സ്വപ്നം കാണാന്‍ പോലും കഴിയാറില്ല. പക്ഷെ, അങ്ങനെ ഒരു നിമിഷം വന്നെങ്കില്‍ എന്ത് സംഭവിക്കും എന്ന് വെളിവാക്കുന്ന ഒരു വീഡിയോ ഇന്‍്റര്‍നെറ്റ് ലോകത്ത് വൈറല്‍ ആകുകയാണ്.

' if only for a second' എന്ന പേരിലുള്ള ഈ വീഡിയോ ഒരാഴ്ച കൊണ്ട് ഒരു കോടിക്ക് മേല്‍ ആളുകള്‍  കണ്ടു കഴിഞ്ഞു. ബെല്‍ജിയം ആസ്ഥാനമായി കാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മിമി ഫൗണ്ടേഷന്‍ അത്തരമൊരു സന്ദര്‍ഭം ഒരുക്കി. തെരഞ്ഞെടുക്കപ്പെട്ട 20 രോഗികള്‍. അവരെ ഒരു മേക് അപ്പ് സ്റ്റുഡിയോയില്‍ പ്രവേശിപ്പിച്ചു. അവരുടെ ജീവിത കഥ ചോദിച്ചറിഞ്ഞു. ആഗ്രഹങ്ങള്‍ ആരാഞ്ഞു. ഒടുവില്‍ ഓരോരുത്തരെ സ്റ്റുഡിയോയിലെ കണ്ണാടിക്കു മുന്നില്‍ കൊണ്ട് വന്നിരുത്തി . പലര്‍ക്കും അല്പം മുടിയോ ചിലര്‍ക്ക് മൊട്ടത്തലയോ ആയിരുന്നു ഉണ്ടായിരുന്നത് .

 മേക്ക് അപ്പ് അവസാനിച്ച ശേഷം മാത്രമേ കണ്ണ് തുറക്കാവൂ എന്ന് അവരോടു ആവശ്യപ്പെട്ടിരുന്നു. മേക്കപ്പിന് ശേഷം അവരെ മറ്റൊരു വലിയ കണ്ണാടിക്കു മുന്നില്‍ ഇരുത്തി. ആ കണ്ണാടിക്കു പുറകില്‍ ഒരു ക്യാമറ മാന്‍ നിലയുറപ്പിച്ചിരുന്നു. 

കണ്ണ് തുറന്നു സ്വയം കാണുമ്പോള്‍ ഉള്ള അവരുടെ ഭാവം പകര്‍ത്താനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. ഒടുവില്‍ ഊഴം വന്നു. കണ്ണ് തുറന്ന അവര്‍ അത്ഭുതവും സന്തോഷവും അഭിമാനവും കൊണ്ട് കണ്ണ് മിഴിച്ചു. ചിലര്‍ മതി മറന്നു ചിരിച്ചു. അതെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അവ പിന്നീട് രോഗികള്‍ക്ക് മുന്നില്‍ വലിയ കാന്‍വാസുകളിലാക്കി ചുമരില്‍ പ്രകാശിപ്പിച്ചു. ഓരോ ചിത്രങ്ങളില്‍ നിന്നും മറ നീക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ മനസ് നിറഞ്ഞ് ചിരിച്ചു. അത് പുസ്തകമായി ഇറക്കിയത് രോഗികള്‍ ബന്ധുക്കളുമായി നോക്കുന്നതും ആഹ്ളാദിക്കുന്നതുമാണ് അവസാന കാഴ്ച.

മാധ്യമം ഓണ്‍ലൈനില്‍ വാര്‍ത്ത കാണാം 


2013, നവംബർ 24, ഞായറാഴ്‌ച

ഗര്‍ഭണന്‍

ഫേസ് ബുക്ക്‌ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക 
പുരുഷന്മാര്‍ ഗര്‍ഭം ധരിച്ചാല്‍ ഗര്‍ഭിണി എന്നാണോ ഗര്‍ഭണന്‍ എന്നാണോ വിളിക്കുക? അതിനു പുരുഷന്മാര്‍ ഗര്‍ഭം ധരിക്കാറില്ലെന്നു  പറയാന്‍ വരട്ടെ ! അമേരിക്കയില്‍ അത് സംഭവിച്ചു. ചിക്കഗോയിലാണ് സംഭവം. 


കഴിഞ്ഞ ജൂണില്‍ ബസുകളിലും റെയില്‍ വേ സ്റ്റെഷനുകളിലും സ്കൂള്‍ - കോളജ്‌ പരിസരങ്ങളിലും ഗര്‍ഭിണികള്‍ ആയ ആണ്‍കുട്ടികളുടെ ചിത്രം പതിച്ച വലിയ പോസ്റ്ററുകള്‍ നിറഞ്ഞിരുന്നു. ചിക്കാഗോയിലെ ഭരണ കൂടം തന്നെയാണ് ഇവരുടെ ചിത്രങ്ങള്‍ തെരുവില്‍ പതിച്ചത്. കണ്ടവര്‍ കണ്ടവര്‍ പോസ്റ്ററുകള്‍ക്ക് മുന്‍പില്‍ തടിച്ചു കൂടി. ആ ആണ്‍കുട്ടികളെ കണ്ടവര്‍ അന്ധാളിച്ചു.  സംശയിക്കേണ്ട , എല്ലാം വച്ചു കെട്ടല്‍ തന്നെയാണ് .  പൊതുജനം പോസ്റ്റര്‍ കണ്ടു ഞെട്ടാന്‍ വേണ്ടി തന്നെയാണ് ഗര്‍ഭിണി ആയ പുരുഷ മോഡലുകളെ രംഗത്തിറക്കിയത്. അങ്ങനെ  പരസ്യത്തിലേക്ക് കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും പറയാനുള്ള സന്ദേശം ആഴത്തില്‍ മനസുകളിലേക്ക് പടര്‍ത്തുകയും ആയിരുന്നു ലക്‌ഷ്യം. 12.32 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പ്രചാരണത്തിന് വേണ്ടി നീക്കി വച്ചത്. 
ജൂണില്‍ കഴിഞ്ഞ സംഭവം ആണെങ്കിലും ഒച്ചപ്പാട് കൌതുകം കൊണ്ട് ചിക്കാഗോയിലെ ഭരണകൂടത്തിനു ഇമെയില്‍ അയച്ചു.
നമ്മുടെ നാട്ടിലെ പോലെയല്ലാ, ഇമെയില്‍ അയച്ചു പിറ്റേന്ന്  മറുപടി വന്നു. ഇന്ത്യയില്‍ അങ്ങനെയൊന്ന് പ്രതീക്ഷിക്കുകയെ വേണ്ട. എങ്ങനെയുണ്ട് പരസ്യത്തിന്റെ  ഇമ്പാക്റ്റ്‌  എന്ന് ചോദിച്ചു. പലയിടത്തും നല്ല റിസള്‍ട്ട് ഉണ്ടായെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.


ടീനേജ് കാലത്തെ പ്രസവങ്ങളുടെ നിരക്ക് കൂടുതലുള്ള നാടാണ് ചിക്കാഗോ. സ്കൂളിലും കോളജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മറ്റു ചിലപ്പോള്‍ കുഞ്ഞുങ്ങളെ ഉദരത്തില്‍ നിന്ന് കശാപ്പ് ചെയ്യുകയും പതിവാണ് ഇവിടെ. 

അമേരിക്കയുടെ ദേശീയ ശരാശരിയേക്കാള്‍ 57 ശതമാനം ഇരട്ടിയാണ് ചിക്കാഗോയിലെ ടീനേജ് അമ്മമാരുടെ എണ്ണം. ആരോഗ്യവകുപ്പും ഭരണകൂടവും ഏറെ നാളുകളായി ഈ നിരക്ക് കുറച്ചു  കൊണ്ട് വരുന്നതിനുള്ള പരിശ്രമത്തില്‍ ആയിരുന്നു. അമേരിക്കയിലെ തന്നെ മില്‍വാക്കീ എന്ന നാട്ടില്‍ 2009 ല്‍  ഇത്തരത്തിലുള്ള കണ്ണഞ്ചിപ്പിക്കും പരസ്യങ്ങള്‍ നല്‍കിയപ്പോള്‍ ടീനേജ് കാലത്തെ ഗര്‍ഭം ധര്ക്കലിന്റെ നിരക്ക് പത്തു ശതമാനം കുറഞ്ഞിരുന്നു. അതിനെ തുടര്‍ന്നാണ് ചിക്കാഗോ ഭരണകൂടവും ഇതേ വഴി പിന്തുടര്‍ന്നത്.  അപ്രതീക്ഷിത ടീനേജ് ഗര്‍ഭധാരണം പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ബാധ്യതയും പ്രശ്നവും ആണെന്നും ആണ്‍കുട്ടികളും ഉത്തരവാദികള്‍ ആണെന്നും പരസ്യത്തിലൂടെ സന്ദേശം നല്‍കുന്നു. ഒപ്പം സ്കൂള്‍- കോളജുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില വര്‍ധിപ്പിക്കുകയും ലക്ഷ്യമാണ്.  ടീനേജ് ഗര്‍ഭധാരണ നിരക്കുകള്‍ നിലവിലുള്ള കണക്കുകളേക്കാള്‍ അമ്പതു ശതമാനം കുറയുമെന്നാണ് പ്രതീക്ഷ.എന്തായാലും പരസ്യങ്ങള്‍ ജനശ്രദ്ധ നേടിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതായി അധികൃതര്‍ അവകാശപ്പെടുന്നുണ്ട്

.

2013, നവംബർ 17, ഞായറാഴ്‌ച

എച്ച്.ഐ.വി ബാധിതര്‍ക്ക് ഹെല്‍പ് ഡെസ്ക്കുകള്‍


എച്ച്.ഐ.വി ബാധിതര്‍ക്ക് സേവനം നല്‍കുന്നതിന് പ്രത്യാശ കേന്ദ്രങ്ങള്‍ക്ക് പകരം  വിഹാന്‍ എന്ന  പദ്ധതി നടപ്പിലാക്കുന്നു. നാഷണല്‍ എയിഡ്സ് കണ്‍ട്രോള്‍ പ്രോഗ്രാമിന്‍െറ കീഴിലാണ് പദ്ധതി . വീടുകളില്‍ വന്നു സഹായം നല്‍കുന്നതിന് ഒൗട്ട് റീച് സര്‍വീസ്, ഹെല്‍പ് ഡെസ്ക്കുകള്‍, കമ്മ്യൂണിറ്റി അഡൈ്വവസറി ബോര്‍ഡ് എന്നീ സംവിധാനങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യാശ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ജൂണില്‍ നിലച്ചത് ഏറെ  ആരോപണങ്ങള്‍ക്കും ആശങ്കക്കും ഇടയാക്കിയിരുന്നു. എല്ലാ ജില്ലകളിലും ഇതിന്‍െറ സേവനം ലഭിക്കും. തിരുവനന്തപുരം , കോട്ടയം, പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് വിഹാന്‍ പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങള്‍. കൊല്ലം - 9633606956, ആലപ്പുഴ-9847090440, പത്തനംതിട്ട-9495309421, ഇടുക്കി-9495864668, എറണാകുളം- 9995368702, മലപ്പുറം-9645417338, കണ്ണൂര്‍-9846084598, വയനാട്- 8086327466 , കാസര്‍ഗോഡ്- 9562492914എന്നിവിടങ്ങളിലാണ് ഹെല്‍പ് ഡെസ്ക്കുകള്‍.
എയിഡ്സ്, മലേറിയ എന്നിവക്കെതിരെ ആഗോള തലത്തില്‍ പോരാടുന്ന ഫണ്ട് ടു ഫൈറ്റ് എയിഡ്സ്- ടിബി-മലേറിയ എന്ന സംഘടനയുടെയും    അലയന്‍സ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെയും സഹായത്തോടെ  രാജ്യമൊട്ടാകെ നടത്തുന്ന   പദ്ധതി  തുടക്കത്തില്‍ തന്നെ ഏറെ വിജയകരമാണെന്ന് പരിപാടിയുടെ കേരളത്തിലെ നടത്തിപ്പുകാരായ സി.പി.കെ പ്ളസ് ഭാരവാഹികള്‍ 'മാധ്യമ'ത്തോട്   പറഞ്ഞു.  എച്ച്.ഐ.വി രോഗാണു ബാധിതരയവരുടെ നിലനില്‍പ്പും ജീവിത നിലവാരവും ഉയര്‍ത്തുകയാണ് ലക്ഷ്യം. ജൂലൈയില്‍ ആരംഭിച്ച പദ്ധതിയില്‍  നിരവധി  ഗുണഭോക്താക്കള്‍ നിലവിലുണ്ട്.

2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

പോരാടി നേടീ ഡോക്ടര്‍ ഈ വിജയം


വൈദ്യസമൂഹത്തിനകത്ത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി ചികിത്സാ പിഴവിനെതിരെ പോരാടിയ ഡോക്ടര്‍ക്ക് വിജയം.

അമിത വണ്ണംകുറയ്ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയനാവുകയും പണവും ആരോഗ്യവും നഷ്ടപ്പെടുകയും ചെയ്ത എറണാകുളം കോതമംഗലം നെല്ലിമറ്റം മനയത്തുമാരിയില്‍ കുടുംബാംഗമായ ഡോ. രാജേഷാണ് ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം നേടിയത്. ചികിത്സാ പിഴവിലൂടെയുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ജീവിതാന്ത്യം വരെ അനുഭവിക്കാനിടയാകുമെന്ന് മനസ്സിലാക്കിയ ജസ്റ്റിസ് പി.കെ. ബര്‍ക്കത്തലി അധ്യക്ഷനായ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ 95 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

 ഈ ഉത്തരവുപ്രകാരം എതിര്‍കക്ഷികളായ തിരുവനന്തപുരം മെഡിട്രീന ആശുപത്രിയും ശസ്ത്രക്രിയ നടത്തിയ ഡോ. കോശി ജോര്‍ജും ചേര്‍ന്ന് നഷ്ടപരിഹാര തുകക്കൊപ്പം 12 ശതമാനം പലിശയും കോടതി ചെലവായി 5000 രൂപയും ഒടുക്കണം.

റേഡിയോളജി എം.ഡി ബിരുദധാരിയാണ് 37-കാരനായ ഡോ. രാജേഷ്. അമിത വണ്ണവും ഹെര്‍ണിയയും മൂലം ബുദ്ധിമുട്ടിലായ രാജേഷ് വൈദ്യസമൂഹത്തിലെ പലരും ഡോ. കോശിയെ പുകഴ്ത്തി പറഞ്ഞതിനെ തുടര്‍ന്നാണ്  ചികിത്സക്കായി സമീപിച്ചത്. അമിതവണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്താമെന്നും കുറഞ്ഞാല്‍ സ്വാഭാവികമായും ഹെര്‍ണിയ നിയന്ത്രണ വിധേയമാക്കാമെന്നും ഡോ. കോശി ഉറപ്പ് നല്‍കിയിരുന്നുവത്രേ. ചികിത്സാ ചെലവായി 2.5 ലക്ഷമാണ് ആവശ്യപ്പെട്ടത്. 2011 ഡിസംബറില്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന കാലത്ത് ഡോ. രാജേഷിന് 120 കിലോ തൂക്കമുണ്ടായിരുന്നു. ആമാശയത്തിന്‍െറ ആദ്യ ഭാഗമായ ഫന്‍ണ്ടസ് പൂര്‍ണമായലും നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയില്‍ പ്രധാനം. എന്നാല്‍, അശ്രദ്ധമൂലം ഫന്‍ണ്ടസ് നീക്കം ചെയ്തില്ളെന്ന് മാത്രമല്ല സ്റ്റേപ്പിള്‍സ് എന്ന ക്ളിപ്പ് നിരതെറ്റി മുറുക്കുകയും ചെയ്തു. അതിനാല്‍ ഈ ഭാഗം ബാഗ് കണക്കെ വികസിച്ചു. ഇതുമൂലം ആമാശയത്തിന്‍െറ ആദ്യ ഭാഗം ചുരുങ്ങിപ്പോവുകയും ചെയ്തു. ഉമിനീരു പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഡോ. രാജേഷ് എത്തിപ്പെട്ടത്.

ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഡോ. രാജേഷ് തന്നെയാണ് സി.ടി സ്കാന്‍ നടത്താന്‍ ഡോ. കോശിയെ നിര്‍ബന്ധിച്ചത്. പരിശോധനാ ഫലത്തില്‍ ശസ്ത്രക്രിയ ഭാഗത്ത് കുഴപ്പങ്ങളുണ്ടെന്ന് മനസ്സിലാക്കുകയും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2012 ജനുവരിയിലാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഇതുകൊണ്ടും മാറ്റമുണ്ടായില്ല. ഇനിയും പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടറെ അറിയിച്ചെങ്കിലും ചികിത്സ നടത്താനോ രോഗിയെ കാണാനോ ഡോക്ടര്‍ സമ്മതിച്ചില്ല. ഭയംമൂലമാണ് പലതും തോന്നുന്നതെന്ന് ഡോക്ടര്‍ കോശി പറയുകയും ചെയ്തുവത്രേ. ചോര ഛര്‍ദിച്ചുകൊണ്ടിരുന്ന ഡോ. രാജേഷിന് ദിവസവും ഗ്ളൂക്കോസ് കയറ്റേണ്ട സ്ഥിതിയിലേക്ക് കാരങ്ങള്‍ എത്തിയപ്പോള്‍ മെഡിട്രിനയിലെ ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയയിലൂടെയാണ് ഡോ. രാജേഷിന് ജീവന്‍ തിരിച്ചുകിട്ടിയത്. പൂര്‍ണ ആരോഗ്യമില്ലാത്തതിനാല്‍ മുഴുവന്‍ സമയ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ ഡോ. രാജേഷിന് കെല്‍പില്ലാതായി. നിലവില്‍ ഭരണ ചുമതല മാത്രമുള്ള പദവിയില്‍ ഗള്‍ഫിലെ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ചികിത്സാ പിഴവുണ്ടായെന്നും അശ്രദ്ധ സംഭവിച്ചെന്നും തുടക്കത്തില്‍ സമ്മതിച്ചെങ്കിലും പണം തട്ടാനുള്ള ശ്രമമാണെന്ന് ഡോ. കോശി പിന്നീട് ആരോപണം ഉന്നയിച്ചതാണ് നിയമപോരാട്ടത്തിനിറങ്ങാന്‍ ഡോ. രാജേഷിനെ പ്രേരിപ്പിച്ചത്. രാജ്യത്ത് അറിയപ്പെടുന്ന ഡോ. കോശിയെ താറടിച്ച് കാണിക്കാനും പണം പിടുങ്ങാനും നടത്തുന്ന അടവാണിതെന്ന് മറ്റു ചില ഡോക്ടര്‍മാരും ആക്ഷേപമുയര്‍ത്തി. ചികിത്സാ പിഴവുണ്ടെന്ന് മറ്റ് ചില ഡോക്ടര്‍മാര്‍ രഹസ്യമായി സൂചിപ്പിച്ചെങ്കിലും പുറത്തുപറയാനും പിന്തുണക്കാനും തയാറായില്ല. ഡോ. രാജേഷിനെ തളര്‍ത്താന്‍ പല ശ്രമങ്ങളും ഉണ്ടായെങ്കിലും പോരാട്ടം വിഫലമായില്ല.

ചികിത്സാ പിഴവുകള്‍ നേരിടേണ്ടി വന്നിട്ടും നിശബ്ദരാക്കപ്പെടുന്ന രോഗികള്‍ക്കായി ഈ വിധി സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഭാര്യയും പുഷ്പഗിരി മെഡിക്കല്‍ കോളജിലെ പാത്തോളജി എം.ഡി ബിരുദ വിദ്യാര്‍ഥിനിയുമായ ഡോ. രഞ്ജിമ എബ്രഹാം പൂര്‍ണപിന്തുണയുമായി രാജേഷിനൊപ്പമുണ്ട്. മക്കള്‍: ഇസബല്‍, മിറബല്‍.

ഓപറേഷന്‍ തിയേറ്റര്‍ വാടകക്കെടുത്തും അടിസ്ഥാന സൗകര്യങ്ങളില്ലാതെയുമാണ് മെഡിട്രീന ആശുപത്രി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നതെന്ന് ഡോ. രാജേഷ് കുറ്റപ്പെടുത്തി.  ഡോക്ടര്‍മാര്‍ വഴി പ്രചാരണം നടത്തിയാണ് രോഗികളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നത്. പല പരാതികളെ തുടര്‍ന്ന് ഈ ശസ്ത്രക്രിയ ഇപ്പോള്‍ അവര്‍ നടത്തുന്നില്ല. ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങള്‍ നിരവധിയുണ്ടെന്നും പൊതുജനം ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. വാദിക്കുവേണ്ടി അഡ്വ. കെ.എല്‍. ജോസഫ് ഹാജരായി.

അതേസമയം, വിധിയെക്കുറിച്ച് അറിയില്ളെന്നും ഒൗദ്യോഗികമായി അറിയിപ്പ് ലഭിക്കുംവരെ പ്രതികരിക്കുന്നില്ളെന്നും ഡോ. കോശി പറഞ്ഞു.മെഡിട്രീനയില്‍ എത്തുംമുമ്പ് തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അസോസിയേറ്റ് പ്രഫസറായിരുന്നു  അദ്ദേഹം പറഞ്ഞു.

2013, ജൂൺ 26, ബുധനാഴ്‌ച

സാദര്‍ശ്

ഫേസ് ബുക്ക്‌ ലിങ്ക്


രണ്ട് കൈയിലും വാരിയെടുത്താണ് അച്ഛന്‍ കാലിന്‍റെ ചലനശക്തി നഷ്ടപ്പെട്ട സാദര്‍ശിനെ ആള്‍ക്കൂട്ടത്തിന്റെ മുന്നിലത്തെിച്ചത്. അച്ഛന്‍ മോന്‍സിയുടെ കഴുത്തില്‍ ചുറ്റിപിടിക്കണമെന്നുണ്ടെങ്കിലും കൈകള്‍ക്കും ചലനശക്തിയില്ല. ചികിത്സ പിഴവുമൂലം ജീവിതം നിശ്ചലാവസ്ഥയിലായ ഈ പതിനൊന്നുകാരനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അമ്മ സാനിമോള്‍ക്ക് കരച്ചിലടക്കാനായില്ല. നെഞ്ച് തകര്‍ന്ന് രണ്ട് തുള്ളി കണ്ണുനീര്‍ അച്ഛന്‍െറ കണ്ണില്‍ നിന്നും വീണത് കണ്ടുനിന്നവരുടെ കണ്ണുകള്‍ കൂടി നനയിച്ചു.

എല്ലാത്തിനും സാക്ഷിയായി  സാദര്‍ശിന്‍െറ അനുജന്‍ അഭിനന്ദ് നിശബ്ദനായി നിന്നു. ചൊവ്വാഴ്ച കച്ചേരിപ്പടി ഗാന്ധിഭവനില്‍ ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിച്ച ചികിത്സാ പിഴവ് മൂലം ദുരന്തമുണ്ടായവരുടെ സംഗമത്തിലാണ് ഹൃദയഭേദകമായ രംഗം അരങ്ങേറിയത്. പള്ളുരുത്തി സ്വദേശകളാണ് പെയിന്‍റ് പണിക്കാരായ മോന്‍സിയും വീട്ടമ്മയായ സാനിമോളും. മകന് ഒന്നേകാല്‍ വയസില്‍ വന്ന പനിയാണ് എല്ലാത്തിനും തുടക്കമിട്ടത്.

നേരിയ പനി കണ്ടപ്പാടെ ആധിപൂണ്ട മാതാപിതാക്കള്‍ മകനെ ഡോക്ടറുടെ അടുത്തത്തെിച്ചു. പനി മാറാത്തതിനാല്‍ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ 52 ദിവസമാണ് കുഞ്ഞിനെ ഐ.സി.യുവില്‍ കിടത്തിയത്. പനി മാറാത്തതിന്‍െറ കാരണമോ ശരിയായ രോഗവിവരമോ ഡോക്ടര്‍ പറഞ്ഞില്ല. ഇത്രയും ദിവസം ആശുപത്രിയില്‍ കിടന്നിട്ടും കുട്ടിയുടെ പനി മാറിയില്ല. ഇടക്കിടെ പനി വരുമ്പോഴൊക്കെ ഇതേ ഡോക്ടറെ തന്നെയാണ് സമീപിക്കാറുള്ളത്.

 ഡോക്ടര്‍ ആശുപത്രി മാറിയപ്പോഴും ഈ മാതാപിതാക്കള്‍ മകനെ കൂട്ടി ആ ആശുപത്രിയിലുമത്തെി. ഒരിക്കല്‍ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങുന്നതിനിടെയാണ് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസ് കൂടിയ മരുന്നുകളാണ് ഇവയെന്ന് മനസിലായത്. ചികിത്സക്കിടെ സാദര്‍ശിന്‍െറ കവിളുകള്‍  നീരുവന്നു തൂങ്ങി. ഇതിനിടെ കൈകാലുകളുടെ ചലനശേഷി നഷ്ടപെടാന്‍ തുടങ്ങിയിരുന്നു. എട്ടാം വയസില്‍ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടതോടെ നിലവില്‍ ഹോമിയോ ചികിത്സയില്‍ അഭയം തേടിയിരിക്കുകയാണ് ഇവര്‍.


രണ്ടുസെന്‍റ് ഭൂമി മാത്രമുള്ള ഈ കുടുംബം ഇതുവരെ മകന്‍റെ ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവാക്കി. ഇനി വീടിരിക്കുന്ന ഈ ഭൂമി മാത്രമാണ് ബാക്കിയുള്ളത്. സ്കൂളില്‍ പോകാന്‍ പറ്റാത്തതിനാല്‍ വീട്ടിലിരുത്തിയാണ് കുഞ്ഞിനെ പഠിപ്പിക്കുന്നത്.


ചികിത്സ പിഴവ് ദുരിതത്തിലായി മുളന്തുരുത്തി സ്വദേശിയും 36 കാരനുമായ ജോര്‍ജ് മറ്റൊരു കഥയാണ് പറഞ്ഞത്. കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് വന്ന അദ്ദേഹത്തിന് സ്റ്റിയറോയ്ഡ് ഇഞ്ചക്ക്ഷന്‍ നല്‍കിയതോടെ വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. 15 ലക്ഷത്തിലധികം രൂപ ചെലവായി. തിരുവാണിയൂര്‍ സ്വദേശി ടി.വി. ശശി, പൗലോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സ്വകാര്യാശുപത്രിയില്‍ പനിക്ക് ചികിത്സതേടി ശരീരം തളര്‍ന്നുപോയ ഫോട്ടോഗ്രാഫര്‍ വിജയകുമാറിന്‍റെ  മകന്‍ ഡോ. രാഹുലും സംഗമത്തില്‍ പങ്കെടുത്തു. 

2013, ജൂൺ 19, ബുധനാഴ്‌ച

രോഗികളെ കൊന്ന് കാശു പിടുങ്ങുന്ന ആശുപത്രികള്‍ !

ഫേസ് ബുക്ക്‌ ലിങ്ക്
നിസാര അസുഖങ്ങള്‍ക്ക് ചികിത്സ തേടി നഗരത്തിലെ പ്രമുഖ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളിലത്തെുന്ന രോഗികളില്‍ മാറാരോഗങ്ങള്‍ക്കുള്ള നിര്‍ബന്ധിത ചികിത്സയും അനധികൃത മരുന്ന് പരീക്ഷണവും നടത്തുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.



 പനി ബാധിതനായ പിതാവിനെ ബല പ്രയോഗത്തിലൂടെ കിടത്തിചികിത്സക്ക് വിധേയനാക്കുകയും മാനസിക രോഗിയാക്കാന്‍ മരുന്ന് നല്‍കുകയും അനുവാദമില്ലാതെ മരുന്ന് പരീക്ഷണം നടത്തുകയും ചെയ്ത നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി ഡോക്ടറായ മകന്‍ രംഗത്തത്തെി.

ആശുപത്രികള്‍ക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് ഈ യുവാവ്.
അനാവശ്യ ചികിത്സകളെ കുറിച്ചാരാഞ്ഞപ്പോള്‍ പിതാവിന്‍റെ ജീവന്‍ നഷ്ടപ്പെടുത്തുമെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.


കേരള ടൈംസില്‍ ഫോട്ടോ ജേണലിസ്റ്റ് ആയിരുന്ന എറണാകുളം പച്ചാളം ആതിരയില്‍ ആര്‍. വിജയകുമാര്‍ (51) ഇപ്പോള്‍ എഴുന്നേല്‍ക്കാനാകാതെ വീല്‍ചെയറിലാണ് കഴിയുന്നത്. 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ച ശേഷം ഇനി ചികിത്സക്ക് പണമില്ളെന്ന് അറിയിക്കുന്നത് വരെ ആശുപത്രിയില്‍ നിന്നും വിജയകുമാറിനെ വിട്ടുനല്‍കിയില്ലെന്ന് മകനായ ഡോ. രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഫെബ്രുവരിയിലാണ് വിജയകുമാറിനെ നിര്‍ബന്ധപൂര്‍വം ചികിത്സക്ക് പ്രവേശിപ്പിച്ചത്. തലയിടിച്ച് വീണ ഡോ. രാഹുല്‍ ഇതേ ആശുപത്രിയില്‍ കിടത്തി ചികിത്സയില്‍ കഴിയുന്നതിനിടെ പരിചരിക്കാന്‍ വന്നപ്പോഴാണ് സംഭവം. മകനെ പരിചരിക്കാന്‍ നിന്നിരുന്ന വിജയകുമാറിനെ ബലം പ്രയോഗിച്ച് സ്ട്രക്ചറില്‍ കിടത്തി ഡോക്ടറുടെ പക്കലത്തെിച്ചു. മയക്കുന്നതിനുള്ള കുത്തിവെപ്പ് നല്‍കിയ വിജയകുമാറിനെ പിന്നീട് ഐ.സി.യുവിലേക്ക് മാറ്റി. സാധാരണ പനി മാത്രമുള്ള വിജയകുമാറിന് മാനസിക വിഭ്രാന്തി ബാധിച്ചവര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ഡോസിലുള്ള മരുന്ന് കുത്തിവെച്ചതായി ഡോ. രാഹുല്‍ പിന്നീട് കണ്ടത്തെിയിരുന്നു. വിജയകുമാര്‍ മയക്കം വിട്ടുണരുന്ന എല്ലാ സമയത്തും ഈ മരുന്ന് കുത്തിവെക്കും. 11 ദിവസം ഈ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞതോടെ കോമ അവസ്ഥയിലേക്കത്തെി.

 തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഹുലിനോട് മനോവിഷമം ഉണ്ടാകരുതെന്ന് കരുതി വീട്ടുകാര്‍ വിവരമറിയിച്ചിരുന്നില്ല. മാനസിക രോഗമാണ് വിജയകുമാറിനെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ വീട്ടുകാര്‍ വിജയകുമാറിനെ മാനസിക രോഗാശുപത്രിയിലത്തെിച്ചു. എന്നാല്‍, അദ്ദേഹം മാനസിക രോഗിയല്ളെന്നും ഞരമ്പുകള്‍ക്കുണ്ടായ ബലക്കുറവ് മൂലമാണ് അസുഖം വഷളായതെന്നും അവിടെയുള്ള ഡോക്ടര്‍ വ്യക്തമാക്കിയതത്രെ.

പിന്നീട് തുടര്‍ചികിത്സകള്‍ക്കായി വിജയകുമാറിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലത്തെിച്ചു. അവിടെ അപൂര്‍വം ചിലരില്‍ കാണുന്ന പ്രത്യേകതരം അസുഖമാണെന്ന് പറഞ്ഞ ഡോക്ടര്‍ ന്യൂറോ സര്‍ജിക്കല്‍ വിഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് അനുമതി വാങ്ങാതെ തുടക്കം കുറിച്ചു.  ഉയര്‍ന്ന ഡോസിലുള്ള സ്റ്റിയറോയ്ഡുകള്‍ നല്‍കിയ ഡോക്ടര്‍ പെട്ടെന്നൊരുദിവസം എല്ലാം നിര്‍ത്തിവെച്ചു. പതിയെ ഡോസ് കുറച്ച് കൊണ്ട് വരേണ്ട ഇത്തരം മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തലാക്കുന്നത് രോഗിയെ ദോഷകരമായി ബാധിക്കും. മുഴുവന്‍ ശരീരവും സ്കാന്‍ ചെയ്ത് ഫലം വരുന്നതുവരെ കാത്തിരിക്കാതെ വീണ്ടും ഉയര്‍ന്ന ഡോസിലുള്ള മരുന്നുകള്‍ നല്‍കി.


തീര്‍ത്തും അവശനായ രോഗിയെ ആദ്യം ചികിത്സിച്ച് ആശുപത്രിയിലേക്ക് വീട്ടുകാരുടെ സമ്മതമില്ലാതെ കൊണ്ടുപോവുകയും വെന്‍റിലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാന്‍സര്‍ രോഗികള്‍ക്ക് ചെയ്യുന്ന വിധം കഴുത്തില്‍ ദ്വാരമിടുന്ന ശസ്ത്രക്രിയ നടത്തി. ഈ സമയത്താണ് മരുന്നുകളുടെ വിവരമാരാഞ്ഞ ഡോക്ടര്‍ രാഹുലിനെ പിതാവിന്‍റെ ജീവന്‍െറ പേരില്‍ ഭീഷണിപ്പെടുത്തിയതെന്നും രാഹുല്‍ പറഞ്ഞു. 32 ദിവസമായി ഐ.സി.യുവില്‍ കഴിയുന്നതിനിടെ പണം തീര്‍ന്നെന്ന് അറിയിച്ച ശേഷം വിട്ടുകിട്ടിയ പിതാവിനെ കഴിഞ്ഞ ഒരു മാസമായി ആയുര്‍വേദ ചികിത്സക്ക് പ്രവേശിപ്പിച്ചു. രോഗി ഇപ്പോള്‍ എഴുന്നേറ്റിരിക്കാന്‍ പ്രാപ്തനാണ്.


ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ ജീവനക്കാരനായി പ്രവേശിക്കാന്‍ അഭിമുഖം കഴിഞ്ഞിരിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ജോലി വേണ്ടെന്ന് വെച്ച രാഹുലിന് തുടര്‍ പഠനത്തിന് പോകാന്‍ അവസരം കിട്ടിയെങ്കിലും പിതാവിന്‍റെ   ദാരുണാവസ്ഥ മൂലം കഴിഞ്ഞില്ല. പിതാവിന്‍റെ   ഫോട്ടോ സ്റ്റുഡിയോ നോക്കി നടത്തുന്ന അമ്മ ബിന്ദു ഇപ്പോള്‍ മാനസികമായി തകര്‍ന്നു. അനുജനും ഇന്‍ഫോപാര്‍ക്കില്‍ എന്‍ജിനീയറുമായ റൂബനും ഇപ്പോള്‍ ജോലി പാതി വഴിയില്‍ ഉപേക്ഷിച്ച് പിതാവിന്‍റെ പരിചരണത്തിലാണ്.

ഒട്ടുമിക്ക രോഗികള്‍ക്കും ഇതേ അവസ്ഥ തന്നെയാണെന്നും കൂടുതല്‍ പേരെ രക്ഷിക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഡോക്ടര്‍ രാഹുലിനൊപ്പമത്തെിയ ജനാരോഗ്യ പ്രസ്ഥാന പ്രവര്‍ത്തകര്‍ കെ.വി. സുധന്‍ വ്യക്തമാക്കി.






ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...