സ്ത്രീധനം പോലുള്ള സാമൂഹികവിപത്തുകള്‍ക്കെതിരെ കര്‍ക്കശമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ജനങ്ങള്‍ പരാതിപ്പെടാതെ കോടതികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിയമം എത്ര കര്‍ക്കശമായാലും ജനം വിചാരിക്കാതെ നടപ്പാക്കാന്‍ പറ്റില്ല.
മുസ്ലിം സമുദായത്തിനകത്തും പുറത്തും നടക്കുന്ന വിവാഹ ദുഷ്പ്രവണതകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മുസ്ളീം സമുദായത്തില്‍ സ്ത്രീധനത്തിന്‍്റെ പേരില്‍ നിരവധി സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 20 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. ഇതില്‍ തന്നെ 40 ശതമാനവും വീടുകളില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖുര്‍ ആനില്‍ സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ സമുദായ നേതാക്കന്മാരും സമുദായവും ആ സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കുന്നില്ല. നല്ല വരന്മാരെ കിട്ടാനാണ് കൂടുതല്‍ സ്ത്രീധനം കൊടുക്കുന്നത് എന്നാണു പറച്ചില്‍. വിവാഹ മാര്‍ക്കറ്റില്‍ മല്‍സരം നടക്കുന്നു. പുരുഷന് വലിയ വില കൊടുക്കാന്‍ തയ്യാറാകുന്നു. സമ്പത്ത് അള്ളാഹു തന്നതാണ് എന്നും അതിന്‍െറ ധൂര്‍ത്ത് നടത്തിയാല്‍ ദൈവം പൊറുക്കില്ളെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ ധൂര്‍ത്ത് നടത്തുന്ന വിവാഹങ്ങളില്‍ താന്‍ പങ്കെടുക്കാന്‍ പോകാറില്ലെന്നും പോയാല്‍ തന്നെ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തു ഭക്ഷണം കഴിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീധനം ആവശ്യപ്പെടുന്നവരെ ഒഴിവാക്കാന്‍ പെണ്‍കുട്ടികളും വീട്ടുകാരും മുന്നോട്ടുവരണം. സ്ത്രീധനം നിയമവിധേയമല്ളെങ്കിലും സ്വകാര്യമായി എല്ലാവരും വാങ്ങുന്നുണ്ട്. സ്ത്രീധനമുള്ള ആര്‍ഭാടപൂര്‍വ്വവുമായ വിവാഹാഘോഷങ്ങളില്‍ നിന്ന് മതമേലധ്യക്ഷന്‍മാരും സമൂഹത്തിലെ ഉന്നതരും മാറി നിന്ന് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു രൂപ പോലും സ്ത്രീധനം കൊടുത്തല്ല താന്‍ പെണ്‍മക്കളെ കെട്ടിച്ചു വിട്ടത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ശക്തിയുക്തം പറയാന്‍ ധാര്‍മിക അവകാശം ഉണ്ട്.
മനുഷ്യക്കടത്ത് തടയാന്‍ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സ്ത്രീ ശക്തി പ്രസ്ഥാനമായ കുടുംബശ്രീ മുന്നിട്ടിറങ്ങുന്നു. ഈ മാസം 15 ഓടെ ഇതിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ അധികൃതര്‍. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്‍െറ കീഴിലുള്ള നാഷനല്‍ റൂറല്‍ ലൈവ്ലി ഹുഡ്സ് മിഷന്‍ വഴി ലഭിക്കുന്ന രണ്ടര കോടി രൂപയുടെ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുക.
ഇതിന്‍െറ ഭാഗമായി പാലക്കാട് ചിറ്റൂരിലും വയനാട് മാനന്തവാടിയിലും ഇടുക്കി ദേവികുളത്തും മനുഷ്യക്കടത്ത് തടയാനും രക്ഷപ്പെടുത്തുന്നവരെ പുനരധിവസിപ്പിക്കാനും പൊതു സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്താനും കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഈ കേന്ദ്രങ്ങളില്‍ കൗണ്‍സിലര്‍മാരും സെക്യൂരിറ്റി ഓഫിസര്‍മാരും അടക്കം പത്തു വീതം ജീവനക്കാരുടെ സേവനം ലഭ്യമാക്കും. സെക്സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും പ്രതിരോധിക്കാനും നടപടി സ്വകരിക്കും.
മനുഷ്യക്കടത്തില്‍ നിന്നും രക്ഷപെട്ടവരെ ഉള്‍പ്പെടുത്തി റിസോഴ്സ് സംഘങ്ങള്‍ രൂപവല്‍ക്കരിക്കും. ദേശീയ വനിതാ കമീഷന്‍, യു.എന്‍ വിമന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മനുഷ്യക്കടത്തിനു ഏറ്റവും സാധ്യത കൂടുതലുള്ള ജില്ലകളെ കണ്ടത്തെിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ കുടുംബശ്രീകളെ ഉപയോഗിച്ച് കൂടുതല്‍ സാധ്യത പഠനങ്ങള്‍ ഒരുക്കും. സ്ത്രീകള്‍, കുട്ടികള്‍, പട്ടിക ജാതി/ വര്‍ഗ വിഭാഗത്തിലെ ആളുകളുടെ എണ്ണം, വിദേശത്തേക്ക് കുടിയേറ്റം നടത്തിയവര്‍ തുടങ്ങിയ അടിസ്ഥാന അളവ് കോലുകള്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തും.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിരോധ നടപടികളും പുനരധിവാസ സൗകര്യങ്ങളും ഒരുക്കുക. പ്രതിരോധ നടപടികളുടെ ഭാഗമായി ബോധവല്ക്കരരണ പരിപാടികള്‍ സംഘടിപ്പിക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഷോര്‍ട്ട് സ്റേറ ഹോമുകള്‍ സ്ഥാപിക്കുമെന്ന് കുടുംബശ്രീയുടെ ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ മഞ്ജുള ‘മാധ്യമ’ത്തോട് പറഞ്ഞു .
ഭാവിയില്‍ എല്ലാ പഞ്ചായത്തുകളിലും മുതിര്‍ന്ന പൗരന്മാരും സ്ത്രീകളും താമസിക്കുന്ന വീടുകളെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ടത്തെി വനിതകള്‍ക്കും കുട്ടികള്‍ക്കുമുളള പുനരധിവാസ കേന്ദ്രങ്ങളാക്കി മാറ്റും. മനുഷ്യവര്‍ഗത്തിന് തന്നെ എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്ത് എന്ന തിരിച്ചറിവിന്‍െറ ഭാഗമായാണ് ഇതിനെതിരെ പോരാടാന്‍ കുടുംബശ്രീ രംഗത്തിറങ്ങുന്നത് .
ഓരോ വര്‍ഷവും പതിനെട്ട് വയസ്സിനു താഴെയുള്ള ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും കുട്ടികളും മനുഷ്യക്കടത്തുകാരുടെ കൈകളില്‍ അകപ്പെടുന്നു. ലൈംഗിക ചൂഷണം, നിര്‍ബന്ധിത തൊഴില്‍, പ്രത്യുല്‍പാദനപരമായ അടിമത്തം, ശരീരാവയവങ്ങള്‍ അപഹരിച്ചു വില്‍ക്കല്‍ എന്നിവയാണ് നിയമ വിരുദ്ധമായ ഈ മനുഷ്യ വ്യാപാരത്തിന്‍െറ പരിണിത ഫലമെന്നും കുടുംബശ്രീ വ്യക്തമാക്കുന്നു. നിര്‍ഭയ, സ്ത്രീ പദവി സ്വയം പഠനപ്രക്രിയ എന്നിവയുടെ പ്രവര്‍ത്തന പശ്ചാത്തലത്തിലാണ് കുടുംബശ്രീ മിഷന്‍ പദ്ധതികള്‍ നടപ്പാക്കുക. ഇതിനു മുന്നോടിയായി കുടുംബശ്രീയുടെ വിഷയ സംവാദത്തിനും പരസ്പര ആശയവിനിമയത്തിനും അയല്‍ക്കൂട്ട അംഗങ്ങളുടെ സാങ്കേതിക ജ്ഞാനം വര്‍ധിപ്പിക്കുന്നതിനും തയ്യാറാക്കിയ സ്ത്രീ ശക്തി പോര്‍ട്ടലില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു.ചര്‍ച്ചയില്‍ സജീവമായ പങ്കാളിത്തം ദൃശ്യമായിരുന്നു.
ഓരോ വാര്‍ഡിലും ജാഗ്രതാസമിതി രൂപീകരിക്കുക, ഓരോ അയല്‍ക്കൂട്ടത്തിലും ബാലസഭ വഴിയും ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുക എന്നിവ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. മനുഷ്യക്കടത്ത് കേവലം ഒന്നോ രണ്ടോ വ്യക്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ളെന്നും ലോകമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന ബൃഹത് ശൃംഖലയാണിതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
അറിവില്ലായ്മയും ഉപജീവനത്തിനായുള്ള പരക്കം പാച്ചിലുമാണ് മനുഷ്യക്കടത്തുകാരുടെ കൈകളില്‍പ്പെടാന്‍ കാരണങ്ങളെന്നും പരിഹാരമായി തദ്ദേശീയമായി തൊഴില്‍ സമ്പാദിക്കാന്‍ സാധിക്കുംവിധം വിദഗ്ധ പരിശീലനം ഒരുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഹെല്‍പ് ലൈന്‍ , തൊഴില്‍ കാര്‍ഡ് ,ആദിവാസി മേഖലകളായ ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ കുടുംബശ്രീ മിഷന്‍്റെ മേല്‍നോട്ടത്തില്‍ കൂടുതല്‍ കുടുംബശ്രീ യൂണിറ്റുകള്‍ ,സി ഡി എസ്സുകളിലും ഏകദിന സെമിനാര്‍ , കുട്ടികള്‍ക്കുള്ള സെമിനാറുകള്‍ , ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളിലൂടെയും കലാപരമായ ആക്ഷേപ ഹാസ്യ പരിപാടികളിലൂടെയും ബോധവത്കരണം , നിയമങ്ങളും ഓരോ ജോലിക്കുമുള്ള കുറഞ്ഞ വേതനവും പരസ്യമായി പ്രചരിപ്പിക്കുകയും അത് ഓരോരുത്തരുടെയും അവകാശമാണെന്ന ബോധവത്കരണം., നിര്‍ഭയ പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ക്രൈം മാപ്പിംഗ് നടത്തി കുറ്റകൃത്യങ്ങള്‍ കൂടുതലായി നടക്കുന്ന സ്ഥലം കണ്ടത്തി പോലീസ് പട്രോളിംഗ് , ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളെക്കുറിച്ച് അറിയുന്നതിന് പഞ്ചായത്ത് തലത്തില്‍ സംവിധാനം , ജോലി തേടി പോകുന്നവരെ നിര്‍ബന്ധമായും പഞ്ചായത്തില്‍ രജിസ്ററര്‍ ചെയ്യിപ്പിക്കല്‍ എന്നീ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ നിര്‍ദേശങ്ങളെല്ലാം പരിഗണിക്കാനും പരമാവധി നടപ്പില്‍ വരുത്താനുമാണ് കുടുംബശ്രീയുടെ ആലോചന.
പരിപാടി വിജയകരമായാല്‍ ലോകത്തിന് മാതൃകയായ കുടുംബശ്രീയുടെ മറ്റൊരു മാതൃക പദ്ധതി കൂടിയാകും ഇതെന്നു ഉറപ്പാണ്.
വിദ്യാഭ്യാസം, തൊഴില്‍, വിവാഹം,
സ്വത്ത്കൈമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ജാതി മത ഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും
ഒരേ നിയമം മതിയെന്ന് സംസ്ഥാനത്തെ സ്ത്രീകള്‍. ഇക്കാര്യങ്ങളില്‍ സ്ത്രീകളോട്
അഭിപ്രായം തിരക്കാതെ വിവിധ മത-രാഷ്ട്രീയ –സാമുദായിക നേതാക്കള്‍ പുറപ്പെടുവിക്കുന്ന
പ്രസ്താവനകള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും വെളിപ്പെടുത്തല്‍.
കേരള ശാസ്ത്ര
സാഹിത്യ പരിഷത്ത് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.പരിഷത്ത് പുറത്തിറക്കിയ ‘ സ്ത്രീ പഠനം- കേരള സ്ത്രീ എങ്ങനെ
ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു ‘ എന്ന പുസ്തകത്തിലാണ് ഈ സര്‍വേ ഫലം
പ്രസിദ്ധീകരിച്ചിട്ടുള്ളത്. സമൂഹത്തിലെ പ്രധാനപ്രശ്‌നങ്ങളില്‍ സ്ത്രീകളുടെ
അഭിപ്രായ സമന്വയവും അതിന്റെ പുരോഗമന സ്വഭാവവും പ്രത്യാശ നല്‍കുന്നതാണ് എന്ന് പഠന
റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലെ അംഗങ്ങളായ എന്‍.ശാന്തകുമാരി,
ടി. രാധാമണി എന്നിവര്‍ വ്യക്തമാക്കി. സ്‌കൂള്‍
പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗികവിദ്യാഭ്യാസം നല്‍കുക, ജാതിമതഭേദമന്യേ എല്ലാവര്‍ക്കും
ഒരുനിയമം മതി , സ്ത്രീകള്‍ക്ക്
സംവരണം വേണം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ 85 ശതമാനം വരെ സ്ത്രീകള്‍ ഒരേ അഭിപ്രായം
രേഖപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.
മുതിര്‍ന്ന സ്ത്രീകളുടെ അവസ്ഥ, യുവതലമുറയുടെ
മുഖ്യ പരിഗണന , കുടുംബം, പൊതു ഇടം, തൊഴില്‍ പങ്കാളിത്തംഎന്നീ തലക്കെട്ടുകളില്‍ ആണ് സര്‍വേ നടത്തിയത് .പഠനത്തില്‍ കേരളത്തിലെ മൊത്തം കുടുംബങ്ങളെ വരുമാനം, ചെലവ്, ആസ്തികള്‍ തുടങ്ങിയ വ്യത്യസ്ത
സൂചകങ്ങളുടെ അടിസ്ഥാനപ്പെടുത്തി. അതിദരിദ്രര്‍,
ദരിദ്രര്‍, താഴ്ന്ന ഇടത്തരക്കാര്‍,
ഉയര്‍ന്ന ഇടത്തരക്കാര്‍ എന്നീ വിഭാഗങ്ങളില്‍ തന്നെ മത, ജാതി വിഭാഗങ്ങള്‍
തിരിച്ചും യുവജനങ്ങള്‍, വൃദ്ധജനങ്ങള്‍ എന്നിവ തിരിച്ചുമാണ് പഠനവിവരങ്ങളെ വിശകലന വിധേയമാക്കിയത്.
സ്ത്രീകളില്‍ ഭൂരിപക്ഷവും
വീട്ടമ്മമാരായി ഒതുങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്നു
. ആധുനിക വിദ്യാഭ്യാസം നേടുന്ന സ്ത്രീകള്‍
പോലും വീട്ടമ്മയാകുന്നതാണ് അഭീലഷണീയം എന്ന രീതിയില്‍ തീരുമാനമെടുക്കുന്നതിലേക്ക്
സമൂഹം അവളെ എത്തിക്കുന്നു. തൊഴിലെടുത്ത് സ്വന്തം കാലില്‍ നില്‍ക്കാനല്ല പകരം നല്ല
വീട്ടമ്മയാവാനാണ് പരിശീലനം നല്‍കുന്നത്. അതിനായി അവളുടെ സ്‌ത്രൈണതയ്ക്ക്
അതിഭാവുകത്വം കല്‍പ്പിക്കുകയും വീട് ഒറ്റയ്ക്ക് ഭരിക്കാനുള്ള ശേഷി
ഉള്ളവളാക്കാനുള്ള ശ്രമം നടക്കുകയും ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു .
അധികാരഘടനയില്‍ പങ്കാളികളാവുക വഴി
തീരുമാനങ്ങളെടുക്കുന്നതിനും നടപ്പിലാക്കുന്നതിനും അവസരം ലഭിക്കുന്നു. സാമ്പത്തിക സ്വാശ്രയത്വവും സ്ത്രീകളുടെ
സ്വതന്ത്രമായ വികാസത്തിനും മുന്നേറ്റത്തിനും ഈ പങ്കാളിത്തം അനിവാര്യമാണ്.
ഇതിനാവശ്യമായ പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയമായി ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും
സ്ത്രീപ്രശ്‌നത്തിലെ രാഷ്ട്രീയം ഇനിയും
തിരിച്ചറിയേണ്ടതുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. ഒമ്പത് മാസം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളമൊട്ടാകെ ബോധവല്‍ക്കരണം സംഘടിപ്പിക്കാന്‍
ഒരുങ്ങുകയാണ് പരിഷത്ത്. രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും വിഷയം
ഏറ്റെടുക്കണമെന്നും ഇടപെടലുകള്‍ നടത്തണമെന്നും പരിഷത്ത് ആവശ്യപ്പെടും. പഠനത്തില്‍ ഉള്‍പ്പെട്ട യുവതലമുറയുടെ
പ്രതികരണങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എറ്റവും ഉയര്‍ന്ന പരിഗണന,
വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയും തൊഴില്‍നേടലിനുമാണ്. 85% പേര്‍
ഇങ്ങനെ ചിന്തിക്കുമ്പോള്‍ 10% മാത്രമാണ് വിവാഹത്തിന് മുന്‍ഗണന നല്‍കുന്നത്. 96% യുവതികളും
ആര്‍ഭാടവിവാഹത്തെ അനുകൂലിക്കുന്നില്ലായെന്ന അഭിപ്രായവും ശ്രദ്ധേയമാണ്.
മുസ്ലിം സ്ത്രീകളുടെ വിവാഹമോചനം ഷബ്ന സിയാദ് ( മാധ്യമ പ്രവര്‍ത്തക , തേജസ് ദിനപത്രം )
പത്രങ്ങളുടെ ക്ലാസിഫൈഡ് കോളങ്ങളില്‍ ഇടയ്ക്കിടെ 'ഫസ്ഖ് പരസ്യം ' എന്ന തലക്കെട്ടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇസ്ലാം മുസ്ലിം സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന ഒരു അവകാശമായി പറയപ്പെടുന്ന വിവാഹമോചന നിയമത്തിന്റെ ബലത്തിലാണ് ഈ പരസ്യങ്ങള്‍. ഭര്‍ത്താവില്‍ നിന്നും ലഭിക്കേണ്ട സംരക്ഷണവും നീതിയും അവകാശവും ലഭിക്കാത്ത പക്ഷം മുസ്ലിം സ്ത്രീക്ക് വിവാഹമോചനമാകാം. ഇതിനുള്ള രണ്ട് സംവിധാനങ്ങളാണ് ഫസ്ഖ്, ഖുല്‍അ എന്നിവ.യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക വിധി പ്രകാരം പുരുഷന് വിവാഹമോചനം നടത്താനുള്ള കടമ്പകളേക്കാള്‍ ലളിതമാണ് മുസ്ലിം സ്ത്രീക്കുള്ള വിവാഹമോചനം. എന്നാല്‍ ഈ പത്രങ്ങളിലെ പരസ്യവാചകങ്ങള്‍ക്കപ്പുറത്ത് മുസ്ലിം സ്ത്രീകള്‍ക്ക് ഇസ്ലാമിക രീതിയിലുള്ള വിവാഹമോചന സാധ്യതയുടെ അവസ്ഥയെന്താണ് ? ഇന്ത്യന്‍ നിയമവ്യവസ്ഥ അംഗീകരിക്കാത്ത മുസ്ലിം സ്ത്രീയുടെ വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ എന്തുകൊണ്ട് ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നില്ല.
വിത്യസ്ത മാര്‍ഗത്തിലുള്ള വിവാഹമോചനത്തെ കുറിച്ച് മുസ്ലിം വ്യക്തി നിയമം പറയുന്നുണ്ട് . ത്വലാഖ്, സിഹര്‍, ഇല, ഖുല്‍അ തുടങ്ങിയവയാണ് ഇത്. എന്നാല്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനെ, ഭര്‍ത്താവിന്റെ അനുമതിയില്ലാതെ വേണ്ടെന്ന വെയ്ക്കാനുള്ള ഏക മാര്‍ഗമാണ് ഫസ്ഖ്. വ്യക്തമായ കാരണങ്ങളുള്ളപ്പോള്‍ ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ഇസ്ലാമിക വിധിപ്രകാരം വിവാഹമോചനം നേടാം. ഖുര്‍ആനിലെ അല്‍-ബഖ്‌റ, അന്‍-നിസ തുടങ്ങിയ അധ്യായങ്ങളിലാണ് ഫസ്ഖ് സംബന്ധിച്ച വ്യക്തമാക്കുന്നത്. മധ്യസ്ഥരുടെ സാനിധ്യത്തില്‍ സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും മോചനം തേടി പുനര്‍ വിവാഹം ചെയ്യാമെന്നാണ് ഫസ്ഖ് പറയപ്പെടുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഡിസല്യൂഷന്‍ ഓഫ് മുസ്ലിം മ്യാരേജ് ആക്ട് -1939 അനുസരിച്ച് ഫസ്ഖ് ചെയ്യല്‍ മുസ്ലിം സ്ത്രീക്ക് അനുവദിനീയമല്ല. ശരീഅത്ത് നിയമത്തിന്‍മേലുള്ള കടന്നുകയറ്റമായി ഇതിനെ എന്തുകൊണ്ട് സമുദായനേത്യത്വം കാണുന്നില്ല.
മുസ്ലിം സ്ത്രീകള്‍ വിവാഹമോചനം നേടണമെങ്കില്‍ കോടതിയെ സമീപിക്കുകയും വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ കോടതിയെ ബോധിപ്പിക്കുകയും വേണം. ശേഷം കോടതി തീരുമാന പ്രകാരം മാത്രമായിരിക്കും വിവാഹമോചനം സാധ്യമാകുക..അടുത്തകാലത്തായി മധ്യപ്രദേശിലെ ഇസ്ലാം ഹിക്ക്ഹ് അക്കാദമി സംഘടിപ്പിച്ച സെമിനാറില്‍ മതപണ്ഡിതര്‍ മുസ്ലിം സ്ത്രീക്കും പുരുഷനെപോലെ വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഏതു രീതിയില്‍ എന്നതിനെ കുറിച്ച് ഒരു ചര്‍ച്ചകളും ഉയര്‍ന്നില്ല.
മുസ്ലിം സമുദായത്തിലെ പുരുഷനെ പോലെ അനുവദിനീയമായ വിവാഹമോചനം നേടാന്‍ സ്ത്രീക്ക് കഴിയാതെ വരുന്നതിലെ നിയമപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്ന് പലരും അജ്ഞരാണ്. അതുകൊണ്ടാണ് പലപ്പോഴും ഫസ്ഖ് പരസ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണം. വിവാഹമോചനം നടത്തിയെന്നത് പൊതുസമൂഹത്തെ അറിയിക്കുക എന്നതിനപ്പുറം ഈ പരസ്യങ്ങള്‍ക്ക് മറ്റ് മൂല്യമൊന്നും തന്നെയില്ല. ചിലര്‍ നിയമപ്രകാരം വിവാഹമോചനം നേടിയാലും സംത്യപ്തിക്ക് വേണ്ടി ഇസ്ലാമിക രീതിയില്‍ വിവാഹമോചനം നേടുന്നതിനായാണ് ഫസ്ഖ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് നിയമരംഗത്തുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. നിയമത്തിന്റെ മാര്‍ഗത്തിലൂടെ വിവാഹമോചനം നേടുക എന്നതായിരിക്കും സ്ത്രീകളുടെ സുരക്ഷയ്ക്കും ജീവനാംശം സംബന്ധിച്ച മറ്റ് കാര്യങ്ങള്‍ക്കും ഉചിതമെന്ന വാദമുയരുന്നുണ്ട്.എന്നാല്‍ മുസ്ലിം സ്ത്രീക്ക് ശരീഅത്ത് നല്‍കിയിരിക്കുന്ന അവകാശം അനുവദിക്കാതിരിക്കുകയും ഇവിടെ അവകാശങ്ങള്‍ പുരുഷന് മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍ ഏറ്റവുമധികം മാനുഷിക പരിഗണനയുള്ള നീതിയുക്തമായ വിവാഹമോചന രീതിയാണ് ഇസ്ലാമില്‍ നിലവിലുള്ളത്. വിവാഹമോചനം തീരുമാനിക്കുന്നതിന് മുമ്പ് മറ്റ് പലശ്രമങ്ങളും നടത്തേണ്ടതുണ്ട്. ദാമ്പത്യ ജീവിതം ഒരുതരത്തിലും സാധ്യമാകില്ലെന്ന് ഭാര്യയും ഭര്‍ത്താവും തീരുമാനിച്ചാല്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ നിന്നെ വിവാഹമോചനം ചെയ്തിരിക്കുന്നുവെന്ന ഭര്‍ത്താവിന് പറയാം. അതുമുതല്‍ മൂന്ന് ആര്‍ത്തവ ചക്രത്തിന്റെ കാലയളവാണ് കാത്തിരിപ്പ്, സ്ത്രീ ഗര്‍ഭിണിയല്ല എന്നുറപ്പാക്കുന്നതിനു കൂടിയാണ്. സ്ത്രീ ഗര്‍ഭിണിയാണെന്ന വ്യക്തമായാല്‍ ഗര്‍ഭകാലം കഴിയുന്നത് വരെ വിവാഹമോചനത്തിന് കാത്തുനില്‍ക്കണം. വിവാഹമോചനത്തിന് മുമ്പുള്ള ഈ കാത്തിരിപ്പിന്റെ കാലയളവില്‍ (ഗര്‍ഭിണിയാണെങ്കിലും അല്ലെങ്കിലും ) അവള്‍ക്കുവേണ്ട ഭക്ഷണം, വസ്ത്രം, താമസം എന്നിവ എപ്രകാരമായിരുന്നോ അതുപോലെ തന്നെ നല്‍കണം.പ്രസവാനന്തരമുള്ള വിവാഹമോചനത്തിന് കുട്ടിക്കും സ്ത്രീക്കും ഭര്‍ത്താവ് ചെലവ് നല്‍കണം. മുലകുടി പ്രായത്തിന് ശേഷവും കുട്ടിക്ക് സ്വന്തമായി ജീവിക്കാവുന്ന അവസ്ഥവരെ പിതാവാണ് സംരക്ഷണം നല്‍കേണ്ടത്. ഇത്തരത്തില്‍ നിബന്ധനകള്‍ പലതുമുണ്ടെങ്കിലും അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല.വീട്ടിലിരുന്ന് എസ്.എം.എസ് വഴിയോ ഇ-മെയില്‍ വഴിയോ ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ മുസ്ലിം പുരുഷന് കഴിയുന്നു. എന്നാല്‍ മുസ്ലിം സ്ത്രീയെ സംബന്ധിച്ച എത്ര ക്രൂരനായ ഭര്‍ത്താവാണെങ്കിലും അയാളെ ഉപേക്ഷിക്കണമെങ്കില്‍ കോടതിയെ സമീപിക്കണം.മജിസ്‌ട്രേറ്റിനെ കാര്യങ്ങള്‍ ബോധിപ്പിക്കണം, കോടതി നടപടികള്‍ പൂര്‍ത്തിയാക്കണം. ഇന്ത്യന്‍ നിയമമോ ശരീഅത്ത് നിയമമോ സ്ത്രീകളുടെ വിവാഹമോചനത്തിന് നിലവിലെ അവസ്ഥയില്‍ ഉത്തമമെന്നത് ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടതാണ്. ശരീഅത്ത് നിയമത്തിന്റെ പിന്‍ബലത്തില്‍ ' ത്വലാഖ് ' എന്ന സമ്പ്രദായത്തെ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഫസ്ഖ്' കോടതി മുറിക്കുള്ളിലാക്കുകയും 'ത്വലാഖും' ഇഷ്ടാനുസരണം നടത്തുകയും ചെയ്യുന്നു.
''ദമ്പതികള്‍ തമ്മില്‍ ഭിന്നിച്ചുപോകുമെന്ന നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആളുകളില്‍ നിന്നും ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനേയും നിങ്ങള്‍ നിയോഗിക്കുക, ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്'' ( സൂറത്ത് നിസാഅ് -35). ഈ ഖൂര്‍ആന്‍ വചനത്തെയൊക്കെ മറികടന്ന തന്നിഷ്ടപ്രകാരം നടത്തുന്ന ത്വലാഖുകളെ ഇവിടെ നിയന്ത്രിക്കാന്‍ കഴിയാത്തതെ പോകുന്നു. ഈ അടുത്തിടെ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഖാദിമാര്‍ക്ക് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി വന്നിട്ടുണ്ട്. തമിഴ്‌നാട് വഖഫ് ബോര്‍ഡ് മുന്‍ അധ്യക്ഷയും മുന്‍ എം.എല്‍.എയുമായ അഡ്വ.ഖദര്‍ സെയ്താ ഹരജി നല്‍കിയത്. മറ്റു മതങ്ങളിലെ സ്ത്രീകള്‍ക്ക് ഏകപക്ഷീയവും അനിയന്ത്രിതവുമായ വിവാഹമോചനങ്ങളില്‍ നിന്ന നിയമപരിരക്ഷ ലഭിക്കുന്നെണ്ടെന്നും മുസ്ലിം സ്ത്രീക്കും അതുവേണമെന്നുമായിരുന്നു അവരുടെ ആവശ്യം.കോടതിയുടെ പരിഗണനയിലാണ് ഈ വിഷയം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള ഹൈക്കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയപ്പോള്‍ തന്നെ അതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ഇസ്ലാമിക ശരീഅത്ത് ഉറപ്പു നല്‍കുന്ന അവകാശം ലഭിക്കാത്ത 'ഫസ്ഖ്' നെ ചൊല്ലി ഇന്നുവരെയും ഒരു പ്രതിഷേധവും ഉയര്‍ന്നിട്ടില്ല.
ഡിസൊല്യൂഷന്‍ ഓഫ് മുസ്ലിം മാര്യേജ് ആക്ട് 1939 പ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനം നേടാനാവുന്നത് ചില പ്രത്യേക വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ്. നാല് വര്‍ഷത്തില്‍ കൂടുതല്‍ ഭര്‍ത്താവിനെ സംബന്ധിച്ച് വിവരമില്ലാതിരിക്കുക, രണ്ട് വര്‍ഷത്തിലധികമായി ചിലവിന് നല്‍കാതിരിക്കുക, മുസ്ലിം ഫാമില ലോ ഓഡിനന്‍സ് 1961 ലെ വ്യവസ്ഥകള്‍ക്ക് വിഭിന്നമായി ഭര്‍ത്തിവിന് വേറെ ഭാര്യയുണ്ടായിരിക്കുക, ഏഴു വര്‍ഷത്തില്‍ കൂടുതല്‍ തടവ് അനുഭവിക്കുക, കുടുംബപമായ ബാധ്യതകള്‍ നിറവേറ്റാന്‍ ഭര്‍ത്താവിന് കഴിയാതിരിക്കുക, മാരക രോഗങ്ങള്‍ പിടിപെടുക, ഭര്‍ത്താവില്‍ നിന്ന ക്രൂരതയനുഭവിക്കുക തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് ഭാര്യയ്ക്ക് വിവാഹമോചനം നേടാവുന്നതാണ്. പ്രായപൂര്‍ത്തിയാകാതെ വിവാഹിതയായ പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ക്ക് 18 വയസ് തികയുമ്പോള്‍ വിവാഹം വേണ്ടെന്ന വെയ്ക്കാനും നിയമം അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം വ്യവസ്ഥകള്‍ക്ക് വിധേയമായി അവള്‍ കോടതിയെ സമീപിക്കുകയും ജഡ്ജിയെ കാരണം ബോധിപ്പിക്കുകയും വേണമെന്നാണ് മുസ്ലിം വിവാഹമോചന നിയമം പറയുന്നത്.
വിവാഹപ്രായം നിജപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകളില്‍ ഉരുതിരിഞ്ഞു വരുന്നത് ഇത് ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്ന രീതിയിലാണ്. എങ്കില്‍ വിവാഹം ചെയ്തയക്കാന്‍ തിടുക്കപ്പെടുന്നവര്‍ പല സാഹചര്യങ്ങള്‍കൊണ്ടും വിവാഹ കെണിയില്‍ അകപ്പെട്ടുപോയ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് രക്ഷപെടുന്നതിനായി ശരീഅത്ത് അനുവദിച്ച 'ഫസ്ഖ്' പ്രാബല്യത്തില്‍ വരുത്തുകയും ശരീഅത്തിന് വിരുദ്ധമായി വിവാഹമോചനം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് വേണ്ടിയിരുന്നത്. അറബി കല്യാണം, മൈസൂര്‍ കല്യാണം തുടങ്ങിയ വിവിധ പേരുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ പല ചതിക്കുഴികളിലും പെട്ട് പോകുന്നുണ്ട്. ഇതില്‍ നിന്ന് ഇസ്ലാം അനുവദിക്കുന്ന രീതിയിലുള്ള മോചനം അവര്‍ക്ക് ലഭ്യമാക്കേണ്ട ബാധ്യത മുസ്ലിം സമുദായ നേത്യത്വത്തിനുണ്ട്. പലപ്പോഴും ഇത്തരക്കാര്‍ക്ക് കോടതിയെ ആശ്രയിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ശരീഅത്ത് നിയമം പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കുന്ന രാജ്യത്ത് സ്ത്രീക്കും പുരുഷനും വിവേചനമില്ലാതെ നീതി നടപ്പാക്കി കിട്ടുന്നു.എന്നാല്‍ ഇന്ത്യയില്‍ മുസ്ലിം സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാനും ചിലര്‍ക്ക് മുതലെടുപ്പ് നടത്താനും കഴിയുന്നതിന്റെ കാരണം ശരീഅത്തിന് പകരം അപൂര്‍ണമായി നടപ്പാക്കുന്ന വ്യക്തി നിയമങ്ങളാണ്.
കൊല്ലത്ത് അടുത്തകാലത്തായി ഫസ്ഖ് നടത്തിയതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിക്കെതിരെ പോലിസ് കേസെടുത്തു. കേസ് കോടതിയിലെത്തിയെങ്കിലും കോടതിയും പെണ്‍കുട്ടിയുടെ ഫസ്ഖിനെ അംഗീകരിച്ചില്ല. പത്രപരസ്യം നല്‍കി മഹല്ലില്‍ അറിയിച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹമോചനം നടത്തിയ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു. എന്നാല്‍ ഫസ്ഖ് ഇന്ത്യയില്‍ അനുവദിനീയമല്ലെന്നും ആദ്യ ഭര്‍ത്താവുള്ളപ്പോള്‍ രണ്ടാമതൊരാളെ വിവാഹം ചെയ്തതിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തത്. രണ്ടാം വിവാഹത്തിന്റെ മഹല്ല് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് രജിസ്‌ട്രേഷനും വിവാഹസര്‍ട്ടിഫിക്കറ്റും റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ പെണ്‍കുട്ടി സമര്‍പിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. ശൈശവ വിവാഹത്തിന്റെ പേരില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന ആവശ്യപ്പെടുന്നവര്‍ എന്തുകൊണ്ട് ഫസ്ഖ് ചെയ്‌തെന്ന പേരില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ കേസെടുക്കരുതെന്ന ആവശ്യപ്പെടുന്നില്ല. ?
ആയിഷയെ ഓര്‍മയില്ലേ? മൂക്കിന്റെ സ്ഥാനത്ത് ഒരു ദ്വാരം മാത്രമായി ടൈം മാഗസിന്റെ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചു വന്ന ആ ആയിഷ തന്നെ ! അഫ്ഗാനിസ്ഥാനില്‍ ഭര്‍ത്താവ് മൂക്കരിഞ്ഞു തള്ളിയ അവളിപ്പോള്‍ വീണ്ടും സുന്ദരിയായി. ആയിഷയുടെ യാത്ര എന്ന പേരില്‍ ആയിഷയുടെ ചിന്തകള്‍ കുറിച്ചിടാനും ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണം സ്വരൂപിക്കാനും വെബ്സൈറ്റ് തുറന്നിരുന്നു. ഈ ഇരുപത്തിരണ്ടുകാരിക്ക് ലോകമെമ്പാടും നിന്ന് സഹായം ലഭിച്ചു. ഇപ്പോള്‍ അവള്‍ സന്തോഷത്തിലാണ്. ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്നു. ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ആയിഷയുടെ ഉമ്മ മരിച്ചു. ചെറിയ പ്രായത്തില്‍ അവളുടെ വിവാഹവും കഴിഞ്ഞു. ആയിഷയുടെ അമ്മാവന്‍ അവളെ കൊടുത്തു കടം വീട്ടി. വിവാഹം കഴിച്ചെത്തിയ വീട്ടില്‍ അവളെ കാത്തിരുന്നത് കൊടും ദുരിതങ്ങളാണ്. ഒടുവില്‍ വീട് വിട്ടു ഓടി പോയന്‍ അവള്‍ തീരുമാനിച്ചു. അതിനു ശിക്ഷയായി അഞ്ചു മാസം ജയിലിലും കഴിയേണ്ടി വന്നു. ജയില്‍ വിമോചിതയായ ശേഷം ആയിഷ സ്വന്തം പിതാവിനരികിലെത്തി. എന്നാല്‍ കടം വീട്ടാന്‍ കൊടുത്ത വസ്തു എന്ന നിലയില്‍ ആയിഷയെ അവളുടെ ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. മനസില്ല മനസോടെ മകളെ വിട്ടു കൊടുത്ത പിതാവിന് കേള്‍ക്കേണ്ടി വന്നത് - അവള്‍ മൂക്കും ചെവിയും ചെത്തിയ നിലയില്‍ കുന്നിന്‍ ചെരുവില്‍ മരണാസന്നയായി കിടക്കുന്നു എന്നാണു. ഇന്നിപ്പോള്‍ അവള്‍ പഠനം തുടരുന്നു, ജീവിക്കുന്നു. ആയിഷയെ കുറിച്ചുള്ള വീഡിയോ കാണാം - ഇവിടെ
സൂര്യ നെല്ലി പെണ്‍കുട്ടിയെ പള്ളിക്കും പരിസര പ്രദേശങ്ങളിലും കാണുന്നവര്‍ ഉടനെ പള്ളിയിലെ വികാരിയെ അറിയിക്കുക.
പണ്ട് വികാരം മൂത്ത ചിലരുടെ കാമവെറിക്ക് ഇരയായി എന്ന കൊടുപാപം ചെയ്ത ഇവളെ പള്ളിയുടെ നാലയലത്ത് പോലും അടുപ്പിക്കരുത് . അമ്പലങ്ങളില്‍ പുണ്യാഹം തെളിച്ച് ശുദ്ധി വരുത്താന്‍ സജ്ജീകരണം ഉള്ളത് പോലെ പള്ളികളില്‍ സൗകര്യവും സാഹചര്യവും ഇല്ലാത്തതു കൊണ്ട് മാത്രമാണ് ഇത് ആവശ്യപ്പെടുന്നത്. കുടുംബത്തെ ആളുകള്‍ തിരിച്ചറിഞ്ഞെന്ന മറ്റൊരു പാപം കൂടി ചെയ്തതിനാല്‍ കുറിച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയിലേക്ക് പ്രവേശിക്കരുതെന്ന വിലക്കിനെ എല്ലാ കുഞ്ഞാടുകളും മുട്ട് കുത്തി കുരിശു വരച്ച് ബൈബിളില്‍ തൊട്ടു പിന്തുണ പ്രഖ്യാപിക്കണം. അവളെ കണ്ടാലുടന്‍ ' സ്ത്രീയെ , എനിക്കും നിനക്കും എന്ത് ' എന്ന് ചോദിച്ച് വഴി മാറി നടക്കണം. വിവാദം ഉയരുമ്പോള്‍ വിലക്ക് കല്‍പ്പിച്ച അച്ചനെ 'നിന്നെ ഞാന്‍ അറിയുക കൂടിയില്ല' എന്ന് പീലാത്തോസ് കൈകഴുകിയ പോലെയോ പത്രോസ് തള്ളി പറഞ്ഞത് പോലെയോ ചെയ്താലും കുഴപ്പമില്ല. ഈ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നശിച്ചാല്‍ എന്ത് ഫലം എന്ന് ചോദിച്ച ഫ്രാന്‍സിസ് സേവ്യാര്‍ മധ്യസ്ഥനായ പള്ളിയില്‍ കയറ്റാതെ നോക്കുക വഴി ചിലത് നമുക്ക് നേടാനുണ്ട്. നീതിമാനെയല്ല, പാപികളെ തേടിയാണ് ഈശോ വന്നതെന്ന ദൈവ വചനം ഓര്‍മയില്‍ സൂക്ഷിച്ചു ഒരു നിമിഷം ധ്യാനിക്കാം. പാപികളെ മാനസാന്തരപ്പെടുത്തി അവരുടെ ആത്മാവിനെ തിരികെയെതിക്കാന്‍ നമുക്ക് കടമയുണ്ട്. സൂര്യ നെല്ലി കേസില്‍ ഉള്‍പ്പെട്ടെന്കിലും രക്ഷപ്പെട്ട ചിലരുടെ ആത്മാവ് വീണ്ടും കേസ് കുത്തി പൊക്കിയപ്പോള്‍ കിളി പോലെ പ റന്നു പോയതായി നാം മനസിലാക്കണം. അവരുടെ ആത്മാവ് തിരികെ പിടിക്കാന്‍ ഇങ്ങനെ ചിലത് നാം ചെയ്യേണ്ടതുണ്ട് എന്നോര്‍ക്കണം കുഞ്ഞാടുകളെ...
ചോദിക്കാതെ അഭിപ്രായം പറയരുത്, ഉപദേശം കൊടുക്കരുത് !
മറ്റുള്ളവര്‍ കേള്‍ക്കുമെന്ന് ഉറപ്പില്ലാത്ത വിഷമതകള്‍ അവരുമായി പങ്കു വയ്ക്കരുത്
മറ്റുള്ളവരുടെ വീട്ടില്‍ ആയിരിക്കുമ്പോള്‍ അവരെ ആദരിക്കുക, അതിനു കഴിയില്ലെങ്കില്‍ അവിടെ പോകരുത്
ആരെങ്കിലും സ്വന്തം വീട്ടില്‍ വന്നു ശല്യം ഉണ്ടാക്കിയാല്‍ അവരെ വെറുതെ വിടരുത്.
ഭോഗ സംബന്ധിയായ സൂചന കിട്ടിയില്ലെങ്കില്‍ ലൈംഗിക മുന്നേറ്റം നടത്തരുത്
എടുത്തു നീക്കിതരൂ എന്ന് വിലപിക്കാതെയോ അത് വലിയ ദുരിതമായി അനുഭവപ്പെടുന്നില്ലെങ്കിലോ നിങ്ങളുടേത് അല്ലാത്ത യാതൊരു വിഷമതകളും അന്യനില്‍ നിന്നും നിങ്ങള്‍ ഏറ്റെടുക്കരുത്
ആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചു കിട്ടിയാല്‍ മാന്ത്രികതയുടെ സാക്ഷ്യം നടത്തണം. അത് സാക്ഷ്യപ്പെടുത്തിയില്ലെങ്കില്‍ നേടിയത് മുഴുവന്‍ നഷ്ടപ്പെടും.
നിങ്ങളെ ബാധിക്കാത്ത കാര്യങ്ങളെ കുറിച്ച് പരാതി പറയരുത്
കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത്, അവരാണ് ഭാവി.
നിങ്ങളെ ആക്രമിക്കാതെ മറ്റു മൃഗങ്ങളെ കൊല്ലരുത്
തുറന്ന വേദിയില്‍ ആയിരിക്കുമ്പോള്‍, ആരെയും കൂസരുത്. ആരെങ്കിലും താങ്കളെ ബുദ്ധിമുട്ടിച്ചാല്‍ അത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക, അവരത് അവസാനിപ്പിച്ചില്ലെങ്കില്‍ അവരെ അവസാനിപ്പിക്കുക.
ഇതെല്ലം വായിച്ചു കഴിഞ്ഞപ്പോള്‍ കടുത്ത സംശയം- ഇവിടെയുള്ള പല മതാനുയായികളും പിന്‍പറ്റുന്നത് ഈ സാത്താന്‍ നിയമങ്ങളാണോ എന്ന്!! ഏതു മതമാണ് എന്ന് ചോദിക്കുന്നവര്‍ സ്വയം ചോദിച്ചു ഉത്തരം കണ്ടെത്തുക! എല്ലാ മതങ്ങളിലും ഇതുണ്ടെന്നാണ് ഒച്ചപ്പാടിന്‍റെ വിശ്വാസം!
വാര്‍ത്ത - അയര്‍ലണ്ടില്‍ ഇന്ത്യാക്കാരിയായ ദന്ത ഡോക്ടര്‍ സവിതയുടെ (30) ജീവന്‍ നഷ്ടപ്പെട്ടത് 17 ആഴ്ച്ച പ്രായമായ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ മത നിയമങ്ങള്‍ അനുവദിക്കാത്തതിനാല്‍ ..
മിസ്സ് ഇന്ത്യ ആകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളുടെയും അവരുടെ ബന്ധുക്കളുടെയും പ്രത്യേക ശ്രദ്ധക്ക്! ഐ.എ.എസ് പരീക്ഷ പരിശീലനത്തിന് ഡല്‍ഹിയിലും നഴ്സിംഗ് പഠനത്തിന് കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും അനുകൂല സാഹചര്യങ്ങള്‍ ഉള്ളത് പോലെ ശരീര സൌന്ദര്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ഉള്ള അനുകൂല സാഹചര്യങ്ങളുമായി ഒരു സംസ്ഥാന സര്‍ക്കാര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന അഭിമുഖത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്നെ ഇക്കാര്യം തെളിവ് നിരത്തി വ്യക്തമാക്കി. സംസ്ഥാനത്ത് ഏറെ ഉള്ളത് മധ്യവര്‍ഗ സമൂഹമാണ്. തടി കൂടുമെന്ന് കരുതി അമ്മ നല്‍കുന്ന പാല് പോലും കുടിക്കാത്ത സുന്ദരികളാണ് സംസ്ഥാനത്ത് നിറയെ എന്നും അദ്ദേഹം പറയുന്നു. . ആരോഗ്യം ഇല്ലെങ്കിലും സൌന്ദര്യത്തിനു പ്രാധാന്യം നല്‍കുന്ന ഒരു ജനത ഉള്ള തന്‍റെ നാടിനെ കുറിച്ച് അദ്ദേഹത്തിന്‍റെ വാചകങ്ങള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ രോമാഞ്ചം തോന്നി. കുറച്ചു കാലം ജോലിയില്‍ നിന്നു ലീവ് എടുത്തു ഗുജറാത്തിലെ ആദിവാസി സമൂഹത്തില്‍ പോയി താമസിച്ചു അവരുടെ പ്രത്യേക ഡയറ്റ് പിന്തുടര്‍ന്നാല്‍ എന്താണെന്ന് കൂടി ആലോചന വന്നു. ചുളുവില്‍ ഒരു സുന്ദരി ആകാന്‍ പറ്റുമെങ്കില്‍ സന്തോഷമായി. സ്ത്രീ ശാക്തീകരണം എന്നാല്‍ ഇതാണെന്ന് അവിടെ ച്ചെന്നു കണ്ടു ഒരു റിപ്പോര്‍ട്ട് മലയാള പത്രങ്ങളില്‍ കൊടുക്കാനുള്ള ഒരു അസുലഭ അവസരവും ലഭിക്കുമല്ലോ എന്നോര്‍ത്ത് സന്തോഷം പെരുക്കുന്നുണ്ട് . മോഡി മഹാന്‍റെ നാട്ടിലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പരിശോധിച്ചാല്‍ ഇക്കാര്യം തെളിവ് സഹിതം ലഭിക്കും.'മോഡി മഹാന്‍റെ നാട്ടിലെ 52 ശതമാനം കുട്ടികളും പ്രായത്തിനു അനുപാതമായി വളര്‍ച്ച ഇല്ലാത്തവരാണ് . അതായത് പതിനെട്ടു വയസായാലും പത്തു വയസായി തോന്നും. മുപ്പത്തഞ്ചു വയസായാലും 18 വയസായി തോന്നും. സന്തൂറും പിയെഴ്സുമോന്നും ഇല്ലെങ്കിലും പ്രകൃതി ദത്ത ഡയറ്റിങ്ങിലൂടെ കാര്യം നേടാമെന്ന് ചുരുക്കം. അനീമിക് * എന്ന സൌന്ദര്യ പരിചരണ മാര്‍ഗ്ഗത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത് . പക്കാ വെജിറ്റെറിയന്‍ എന്ന ഹെര്‍ബല്‍ ഡയറ്റിംഗ് പാക്കേജില്‍ വെളിഞ്ചേമ്പ് , കാട്ടുകിഴങ്ങുകള്‍, കപ്പ, എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പാക്കേജ് ബുക്ക് ചെയ്‌താല്‍ മറ്റൊന്ന് ഫ്രീ * ( കണ്ടീഷന്‍സ് അപ്ലൈഡ് )
* അനീമിക് = രക്തമില്ലാതെ വിളര്‍ച്ച ഉണ്ടാകുന്ന സ്ഥിതി
Film maker Blessy is going to shoot the pregnancy period and the delivery of the actress and Kamasutra Ad fame Swetha Menon! The debate is growing hot in Kerala! Morality of the attitude has invited the controversy!
ഗുണ്ട എന്നാല്‍ പിടിച്ചു പറിക്കുന്നയാള്‍, അതിക്രമം കാണിക്കുന്നയാള്‍ എന്നൊക്കെയാണ് അര്‍ത്ഥം. അപ്പോള്‍
ലൈംഗികഗുണ്ട എന്നാല്‍ ലൈംഗികമായി അതിക്രമം കാണിക്കുന്നയാള്‍ ലൈംഗികമായി
പിടിച്ചു പറിക്കുന്നയാള്‍ എന്നൊക്കെയാകണം അര്‍ത്ഥം.
ആരാന്‍റെ സ്ത്രീകളെ തൊടാനും പിടിക്കാനും നില്‍ക്കുന്ന ആരോടെങ്കിലും "
എന്താടാ'' എന്നൊന്ന് തിരികെ പ്രതികരിച്ചാല്‍ മാനക്കേട് ഭയന്നു
പിന്മാറുന്നത് സാധാരണമാണ്. അഭിമാനം വലുതല്ലേ ? ആ അഭിമാനത്തെ
പരിചയാക്കിയാണ് ലൈംഗികഗുണ്ട ലിസ്റ്റ് പുറത്തിറക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ ആ ലിസ്റ്റിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. സ്ത്രീകളുടെ സുരക്ഷക്കുള്ള
പുതിയ നിയമം വരുന്നതോടെ ഇപ്പോഴുള്ള ഗുണ്ടാ ലിസ്റ്റിന്‍റെ മാതൃകയില്‍ ലൈംഗിക കുറ്റവാളികളുടെ പട്ടിക
പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ആ ലിസ്റ്റിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. അപ്പോള്‍ പോലീസ് സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍ ഗുണ്ടകളുടെ ഫോട്ടോ
പതിക്കുന്നത് പോലെ സ്ത്രീകളോട് മോശമായി പെരുമാറുന്നവരുടെ ഫോട്ടോകളും
പതിക്കും. ഇത് നാട്ടുകാര്‍ക്കൊക്കെ കാണാനും കഴിയും. വലിയ നെഞ്ചത്തടിയായി
പോയെന്നു ഇപ്പോള്‍ പലരും ചിന്തിക്കുന്നുണ്ടാകും. ഹാ...അത്തരക്കാരെ
അറിഞ്ഞു തന്നെയാണ് ചില വനിതകള്‍ കഴിഞ്ഞ ദിവസം തൈക്കാട് നടന്ന യോഗത്തില്‍
ഇക്കാര്യം പുതിയ നിയമത്തില്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് .
The Kerala Protection of Privacy and Dignity of Women Act DRAFT Definition of" Harassment"
ആ യോഗത്തിലെ ചില പ്രധാന ആവശ്യങ്ങള്‍ ഇവയായിരുന്നു
* തുടര്‍ച്ചയായി ലൈംഗിക കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത
ശിക്ഷ
* പ്രായപൂര്‍ത്തിയാവാത്ത
കുട്ടികള്‍, മനോവൈകല്യമുള്ള സ്ത്രീകള്‍, കുട്ടികള്‍ എന്നിവരോട്
ലൈംഗികാതിക്രമം കാണിക്കുന്നവര്‍ക്ക് കഠിന ശിക്ഷ
* കേന്ദ്ര നിയമമായ ഗാര്‍ഹിക പീഡന നിരോധ നിയമം പൂര്‍ണാര്‍ഥത്തില്‍
നടപ്പാക്കും.
* സ്ഥാപന മേധാവി,
പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുടെ നേതൃത്വത്തിലാകും പരാതികള്‍ പരിശോധിക്കുക.
* സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ പോകാതെ പരാതി നല്‍കാന്‍
ഹെല്‍പ് ലൈന്‍ പുന:രാരംഭിക്കും.
*വഞ്ചിച്ചും വശീകരിച്ചും സ്ത്രീകളെ ചൂഷണം
ചെയ്യുന്നതിനെതിരെ പുതിയ നിയമത്തില്‍ പ്രത്യേക വകുപ്പ്
* ഇരകളാക്കപ്പെട്ട സ്ത്രീകളെ താല്‍കാലിക വസതികളില്‍ താമസിപ്പിക്കും. ഇവരെ
കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വിചാരണക്ക് സൗകര്യമൊരുക്കും.
തമാശകളും കാര്യ ഗൌരവവും ഉള്ള പല അഭിപ്രായങ്ങളും ആ ചര്‍ച്ചയില്‍ പലരും
പറഞ്ഞു.
*കല്ലെറിഞ്ഞു കൊല്ലല്‍ നിയമം കൊണ്ടു വരാനും *കരാട്ടെ പഠിപ്പിക്കാനും *
ജെണ്ടെര്‍ സെന്‍സിറ്റിവിറ്റി എന്ന വിഷയത്തില്‍ പോലീസുകാര്‍ക്ക് പരിശീലനം
നല്‍കാനും * ശിക്ഷ പരാമാവധി കടുപ്പത്തിലും
വേഗത്തിലും നല്‍കാനും * വിചാരണക്ക് അതിവേഗ കോടതികള്‍ സ്ഥാപിക്കാനും* പരാതി
പെട്ടികള്‍ കൊണ്ടു വക്കാനും * അമേരിക്കയിലെ പോലെ പോലീസുകാര്‍ അടിമുടി മാറാനും
*പൊതു സ്ഥലത്ത് ഏതു വാഹനത്തിലും നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍
ചെറുക്കാനും * 10 വയസ്സ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് എന്താണ് മോശം
പെരുമാറ്റമെന്നു പഠിപ്പിക്കാനും അവയോടു എങ്ങനെ പ്രതികരിക്കണമെന്ന്
ബോധ്യപ്പെടുത്താനും പരിശീലനം നല്‍കാനും നിയമത്തില്‍ ചട്ടങ്ങള്‍ എഴുതി ചേര്‍ക്കാന്‍ പലരും ആവശ്യപ്പെട്ടു.
അപ്പോള്‍ ..... ""പെണ്ണുങ്ങളെ....ഗുണ്ട ലിസ്റ്റ് തയ്യാറാക്കിക്കൊള്ളൂ""
NB - തെറി പറയാന്‍ ഉദ്ദേശിക്കുന്നവര്‍ igpcrimes@keralapolice.gov.in പോലീസിന്‍റെ മെയില്‍ ഐ ഡി യിലേക്ക് കത്തെഴുതുക. ഇവിടെ പോസ്റ്റ് ചെയ്താലും മതി. പോലീസ് "പൊക്കി"ക്കൊള്ളും!!!
അപ്പോള്‍ ഉടന്‍ മെയില്‍ തുറക്കൂ...കത്തെഴുതൂ....
ജീന്‍സ് എന്നത് സഭ്യമാണോ എന്നതാണ് ഈ ആഴ്ചത്തെ വെള്ളിക്കിഴമൈ കിന്റലിന്റെ വിഷയം. ജോലി
സ്ഥലങ്ങളില്‍ സ്ത്രീകള്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് നിരോധിച്ചു
കൊണ്ട് ഹരിയാനയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഉത്തരവ് രാജ്യത്ത് പ്രതിഷേധ തിരമാലകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ജോലി സ്ഥലങ്ങളിലെ മാന്യമായ
വസ്ത്രധാരണം എന്ന തലക്കെട്ടോടെയുള്ള ഉത്തരവില്‍ സ്ത്രീകള്‍ ജീന്‍സ്
ധരിക്കുന്നത് മാന്യമല്ലെന്ന് പറയന്നു.. സാരി
അല്ലെങ്കില്‍ സല്‍വാര്‍ കമ്മീസാണ് മാന്യമായ
വസ്ത്രമത്രേ ! സല്‍വാര്‍ ധരിക്കുന്നെങ്കില്‍ ഒപ്പം ദുപ്പട്ട കൂടി
ധരിച്ചില്ലെങ്കില്‍ മാന്യതയില്ലെന്നും പറയുന്നു. പാശ്ചാത്യ
രിതിയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് അഭംഗിയാണെന്നതിനു പുറമെ
വസ്ത്രധാരണം സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ചട്ടങ്ങള്‍ക്ക്
വിരുദ്ധമാണെന്നും ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
പുരുഷന്മാര്‍ പാന്റ്സും ഷര്‍ട്ടും മാത്രമേ ധരിക്കാവൂ എന്നും ഉത്തരവ്
പറയുന്നു.
അതെല്ലാം വായനക്കാരന്‍ തീരുമാനിക്ക്, സഭ്യമോ അസഭ്യമോ എന്ന്. അതിനു മുന്‍പ് ചില ചിത്രങ്ങള്‍ കാണുക. സാരിയും ചുരിദാറും പര്‍ദയും തന്നെ!
പുതിയ അവകാശത്തിനു വേണ്ടി ബില്‍ കൊണ്ട് വരാന്‍ ശ്രമം തുടങ്ങി *വീട്ടമ്മമാര്‍ അസംഘടിത തൊഴിലാളികള്‍ *സര്‍ക്കാര്‍ മിനിമം കൂലി നല്‍കണം *വെനിസ്വലന്‍ മാതൃക പിന്തുടരണം *വീട്ടമ്മമാര്‍ക്ക് യൂണിയന്‍
face book link വനിതാ ദിനത്തില്‍ നടന്ന യോഗത്തിലെ പ്രസക്ത ഭാഗം. ......................................................................................................................................................................................
രംഗം :2015 ലെ ഒരു പെണ്ണ് കാണല്‍ ചടങ്ങ്
ചെറുക്കനും പെണ്ണും തനിച്ചായപ്പോള്‍ അവളൊരു കേട്ട് പേപ്പര്‍ എടുത്തു നല്‍കുന്നു. വീട്ടമ്മമാര്‍ക്ക് വീട്ടു വേലയ്ക്കു മിനിമം കൂലി ഉറപ്പു വരുത്തുന്ന ബില്ലിന്റെ കോപ്പിയാണ്. ഇത് വായിച്ച് ഓക്കേ ആണെങ്കില്‍ കല്യാണ എഗ്രിമെന്റില്‍ ഒപ്പിടാമെന്നു പെണ്ണ്.
.................................................................................................................................................
മുകളിലെഴുതിയത് വായിച്ച് ഊറിച്ചിരിക്കാന്‍ വരട്ടെ!!
രാപ്പകല്‍ വീടിനകത്ത് ജോലിയെടുക്കുകയും നയാ പൈസ വരുമാനം കൊണ്ടുവരുന്നില്ലെന്ന് പരാതി കേള്‍ക്കേണ്ടി വരികയും ചെയ്യുന്ന വീട്ടമ്മമാര്‍ക്കൊരു സന്തോഷ വാര്‍ത്തയുമായാണ് ഇന്നലത്തെ വനിതാ ദിനം കടന്നു പോയത് !
വേലയില്ലാ കൂലിയെടുക്കേണ്ടി വരുന്ന വീട്ടമ്മമാര്‍ക്ക് മിനിമം കൂലി ഉറപ്പു വരുത്തുന്ന ബില്‍ കൊണ്ടു വരാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ വനിതാദിനത്തില്‍ കൊച്ചിയില്‍ തുടക്കമായി. ഇതുവഴി സ്ത്രീകള്‍ക്ക് കുടുംബത്തിലും സമൂഹത്തിലും അന്തസും അംഗീകാരവും വര്‍ധിക്കുമെന്നും കുടുംബത്തിന്‍െറ സാമ്പത്തിക വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നും ബില്‍ രൂപവത്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വയനാടന്‍ സ്ത്രീ സംഘടനയായ വിമന്‍സ് വോയ്സ് പറയുന്നു. സമൂഹത്തിന് സ്ത്രീ ബാധ്യതയല്ല, മുതല്‍ക്കൂട്ടാണെന്നുള്ള കാഴ്ചപ്പാട് രൂപപ്പെടുമെന്നും ഈ വര്‍ഷം അവസാനത്തോടെ ബില്‍ തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിക്കുമെന്നും വിമന്‍സ് വോയ്സ് ഭാരവാഹികള്‍ കൊച്ചിയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വലെയില്‍ 2006 ല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തിന്‍െറ ചുവടു പിടിച്ചാണ് രാജ്യത്ത് ആദ്യമായി കേരളത്തില്‍ സ്ത്രീകള്‍ക്കായി പുതിയ അവകാശ നിയമം കൊണ്ടു വരാന്‍ നീക്കം ആരംഭിച്ചത്. . ഒരു വീട്ടമ്മ ദിവസത്തില്‍ 16 മണിക്കൂറെങ്കിലും കാണാപണികളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ വ്യക്തി എന്ന നിലയില്‍ ഒരു മണിക്കൂര്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല. വീട്ടമ്മമാര്‍ വിശ്രമ രഹിതമായ ജോലി ചെയ്യുന്നത് കൊണ്ടാണ് പുരുഷന്മാര്‍ക്ക് വേതനം ലഭിക്കുന്ന ജോലിക്ക് പോകാനും രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളികളാകാനും സാധിക്കുന്നതെന്നും വിമന്‍സ് വോയ്സ് ചൂണ്ടിക്കാണിക്കുന്നു .
വീട്ടു ജോലിക്കായി വിനിയോഗിക്കുന്ന സമയം മറ്റൊരു ജോലിക്കായി ഉപയോഗപ്പെടുത്തിയാല്‍ ലഭിക്കുന്ന കൂലിക്ക് തുല്യമായ കുറഞ്ഞ വേതനം നല്‍കണമെന്നാണ് ഇവര്‍ മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യം. അതല്ലെങ്കില്‍, വീട്ടു ജോലിക്കായി ഒരു വേലക്കാരിയെയോ വേലക്കാരനെയോ നിയമിച്ചാല്‍ അവര്‍ക്ക് നല്‍കേണ്ടി വരുന്ന കൂലിക്ക് തുല്യമായി കണക്കു കൂട്ടാമെന്നും സംഘടന നിര്‍ദേശിക്കുന്നു. പാചകക്കാരന്‍, അടിച്ചു തളിക്കാരി, അലക്കുകാരി, പൂന്തോട്ടക്കാരന്‍, കണക്കപിള്ള, വിപണിയില്‍ പോകുന്നയാള്‍, ടീച്ചര്‍, നഴ്സ് എന്നിവരുടെ വേലക്ക് തുല്യമായ ജോലി ഒരു വീട്ടമ്മ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇങ്ങനെ കണക്ക് കൂട്ടുമ്പോള്‍ രാജ്യത്ത് നിലവിലുള്ള അസംഘടിത തൊഴിലാളികളുടെ മണിക്കൂറിനുള്ള കൂലി നല്‍കണമെന്ന ആവശ്യവും സംഘടന മുന്നോട്ടു വെക്കുന്നു.
ജനസംഖ്യയുടെ പകുതിയില്‍ അധികം പേരും സ്ത്രീകളായ, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വീട്ടമ്മാരുടെ ജോലിയുടെ മൂല്യം കണക്കാക്കിയാല്‍ വരുമാന കണക്ക് ഭീമമായിരിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. എന്നാല്‍ രാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിതി വിവരണ കണക്കുകളില്‍ വീട്ടമ്മമാരുടെ സേവന മൂല്യം ഉള്‍പ്പെടുത്തുന്നില്ല. ഇതിന് പരിഹാരം കൂടിയാണ് വീട്ടമ്മമാര്‍ക്കുള്ള യൂനിയനും മിനിമം കൂലിയുമെന്നും സംഘടന പറയുന്നു. ബില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാനതല പ്രചാരണ പരിപാടികള്‍ നടക്കും. ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് കാണിച്ച് ഒരു ലക്ഷം വീട്ടമ്മാരുടെ ഒപ്പ് ശേഖരിക്കുന്നത്തിനും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തുടക്കമായി. വരും മാസങ്ങളില്‍ 14 ജില്ലയില്‍ നിന്ന് 20 വീതം വീട്ടമ്മമാരെ ഉള്‍പ്പെടുത്തി സര്‍വേ നടക്കും. സമൂഹത്തിലെ മൂന്നു ജീവിത വിഭാഗങ്ങളില്‍ പെടുന്ന വീട്ടമ്മമാരെ ഇതിനായി തെരഞ്ഞെടുക്കും. സ്ത്രീകളുടെ വീട് ജോലി ഒരു തൊഴിലായി ദേശീയ തലത്തില്‍ അംഗീകരിക്കുക, വീട്ടമ്മയെ തൊഴിലാളിയും സര്‍ക്കാറിനെ തൊഴിലുടമയുമായി കണക്കുകൂട്ടുക, 12 മുതല്‍ 16 മണിക്കൂര്‍ വരെയുള്ള വീട്ടു ജോലികള്‍ വീടിനും നാടിനും പുരോഗതിക്ക് കാരണമാകുന്നുണ്ടെന്ന് അംഗീകരിക്കുക, ഇതിനായി പ്രത്യകേ നയവും നിയമവും രൂപവത്കരിക്കുക, 60 വയസ് കഴിഞ്ഞ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.
പ്രചാരണത്തിന്റെ ഭാഗമായി ഇറക്കിയ പുസ്തകത്തിന്റെ പുറംചട്ട
ആവശ്യങ്ങള്‍ ന്യായമാണെന്നും നിയമം വന്നാല്‍ ആരുടെയും ദയാദാക്ഷിണ്യത്തിന് വീട്ടമ്മമാര്‍ക്കു കൈ നീട്ടേണ്ടി വരില്ലെന്നും സംസ്ഥാനതല പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. മരിച്ചു പോയ വീട്ടമ്മമാരുടെ സേവനം മരണാനന്തരം ഓര്‍മിക്കപ്പെടുക തന്നെ ചെയ്യം. വീടുകളില്‍ സര്‍വ ജോലിയുമെടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യവും ന്യായമാണ്-അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന്‍െറ ഭാഗമായുള്ള പുസ്തകം നാഷനല്‍ വിമന്‍സ് കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഗൗരി ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് സമര്‍പ്പിച്ചു. വിമന്‍സ് വോയ്സ് സെക്രട്ടറി സുലോചന രാമകൃഷ്ണന്‍ , പ്രോജക്ട് ഓഫിസര്‍ ലൂയിസ് ബി. ഫിഗരെദോ , കാതറിന്‍ ഡിസൂസ, പെണ്ണമ്മ ജോസ്, സി.കമലം, മേരി തോമസ് എന്നിവരാണ് ബില്ലിന് വേണ്ടി രംഗത്തിറങ്ങുന്നത്.
ഒച്ചപ്പാടിന് പറയാനുള്ളത്
ഏറെ വൃദ്ധ സദനങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിന്നാണ് വിമന്‍സ് വോയ്സ് മിനിമം കൂലി എന്നാ ആശയം നടപ്പാക്കേണ്ടതിന്റെ ആവശ്യകത രൂപവല്‍ക്കരിച്ചത്. വിദ്യാഭ്യാസ പരമായും ഉന്നത ചിന്തകളാലും പരിലസിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം ഒരു കൂലി വേണോയെന്ന സംശയം ഉന്നയിച്ചു . അതിനു അവര്‍ പറഞ്ഞ മറുപടി - ''നമ്മളില്‍ കുറച്ചു പേര്‍ക്ക് ആ പ്രശ്നം ഇല്ല. എന്നാല്‍ ചെറിയ പ്രായത്തില്‍ വിവാഹിതരാകുകയും അമ്മമാരാകുകയും ചെയ്യുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ട്. വടക്കന്‍ കേരളത്തില്‍ സ്ഥിതി ഏറെ ആശങ്കാജനകം ആണ്. ഒരു പക്ഷെ നമുക്കൊന്നും ചിന്തിക്കാന്‍ പറ്റാത്ത രീതിയിലാണ് അവരുടെ ജീവിതങ്ങള്‍. അത്തരക്കാരെ മുന്നില്‍ കണ്ടു കൊണ്ടാണ് ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്. പെണ്‍കുട്ടികളെ ഉയര്‍ന്ന സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചു കൊണ്ട് വരികയും ഭാര്യ ധര്‍മ്മത്തിന്റെ പേരില്‍ വീട്ടില്‍ തന്നെ അടച്ചിടുകയും ചെയ്യുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിക്ക് പോകാന്‍ ആഗ്രഹവും ഉണ്ടായിട്ടു കൂടി അവര്‍ക്ക് വീട്ടില്‍ ഇരിക്കേണ്ടി വരുന്നു. എന്നിട്ടും, പണം സമ്പാദിക്കുകയും അത് കൈകാര്യം ചെയ്യുകയും ചെയ്യുന്ന വീട്ടിലെ മറ്റു കുടുംബാംഗങ്ങളുടെ മുന്നില്‍ അടിവസ്ത്രം വാങ്ങാനുള്ള കുറച്ചു പണത്തിനു പോലും കൈനീട്ടെണ്ടി വരുന്നത് ഏറെ അപമാനകരമാണ്. ഭാര്യ ധര്‍മത്തിന്റെയും സ്നേഹത്തിന്റെയും കടപ്പാടിന്റെയും പേരില്‍ ഒരു പക്ഷെ അപമാനത്തെ അഭിമാനമായി പുറത്തു കാട്ടൂകയാനു ഭൂരിഭാഗം സ്ത്രീകളും ചെയ്യുന്നത്. എന്നാല്‍, എപ്പോഴെങ്കിലും ഏതെങ്കിലും തര്‍ക്കത്തിന്റെ പേരില്‍ 'ഞാന്‍ സമ്പാദിക്കുന്നു , നീ അനുസരിച്ചാല്‍ മതി' എന്ന വാചകം കേള്‍ക്കേണ്ടി വരുന്നത് ഏറെ അപമാനകരം തന്നെയാണ്. അത് പുറത്തു പറഞ്ഞില്ലേലും ഉള്ളില്‍ ഒരു അടിമയുടെ മനസ്ഥിതിയാണ്. ധര്‍മം എന്ന പേരില്‍ ധര്‍മം തെണ്ടേണ്ടി വരുന്ന അവസ്ഥ. ഒരുകാലത്ത് ഒറ്റപെട്ടു പോകുന്ന കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന മിനിമം കൂലി അവര്‍ക്ക് ഉപകാരപ്പെടും. നിലവില്‍ തൊഴിലില്ലായ്മ വേതനം ആണും പെണ്ണും വാങ്ങുന്ന നാടാണ് കേരളം. അത് പോലെ പല തരാം വേതനങ്ങള്‍ വാങ്ങുന്നുണ്ട് . എതിര്‍ക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലിനു പോകണം എന്നുണ്ടെങ്കില്‍ അനുവദിക്കുക. കുഞ്ഞിനെ പ്രസവിക്കലും പരിചരിക്കലും തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ആരുടേയും നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ അവള്‍ ചെയ്യുക തന്നെ ചെയ്യും. എന്നാല്‍ 'എന്റെ വീട്ടിലെ സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ താല്‍പ്പര്യമില്ല, അവള്‍ക്കു വീട്ടു പരിചരണത്തിനാണ് താല്‍പ്പര്യം'' എന്ന് അവള്‍ പറയുന്നതിന് മുന്‍പേ പറയുന്നവര്‍ -സ്വകാര്യമായി അവളോട് ഒന്ന് ചോദിക്കുനന്തു നല്ലതാണ്. ""
ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടാവുന്ന ഒരു വിഷയമാണ് മേല്‍പറഞ്ഞത്. ഒച്ചപ്പാടിന് ഇക്കാര്യത്തില്‍ ചില കാര്യങ്ങളില്‍ എതിര്‍പ്പുകളുണ്ടെങ്കിലും - വേതനത്തില്‍ പ്രലോഭിതയായി സ്ത്രീകള്‍ വീട്ടിനുള്ളിലേക്ക് സ്വയം ചുരുങ്ങി പോകാന്‍ ഇടയാകും - ചര്‍ച്ച നടക്കട്ടെ എന്ന് കരുതുന്നു. പരസ്പര തെറ്റിധാരണകള്‍ ഒഴിവാക്കാന്‍ ചര്‍ച്ച ഇപ്പോഴും നല്ലതാണ് . വീട്ടിലെ ജോലികള്‍ മൂല്യം കല്‍പ്പിക്കാനാകുന്നതിലും മേലെയാണ്. പുതിയ കാലത്ത് ആണും പെണ്ണും വീട്ടുജോലികള്‍ ചെയ്യുന്നവരാണ്. പരസ്പര ധാരണയിലൂന്നിയ നിലപാടുകള്‍ ശ്രദ്ധിക്കപ്പെടെണ്ടതുണ്ട് .
എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍, എന്റെ കുഞ്ഞുങ്ങളുടെ എല്ലാ ചെലവും വഹിക്കാന്‍ സഭ തയ്യാറാവുകയാണേല്‍ , എത്ര കുഞ്ഞുങ്ങളെ വേണേലും പ്രസവിക്കാന്‍ ഞാന്‍ തയ്യാറാണെന്ന്, ഇതിനാല്‍ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു !! സഭ നീണാള്‍ വാഴട്ടെ!
(എല്ലാവരും ഈ പ്രതിജ്ഞ ഏറ്റു ചൊല്ലണമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു... വലിയ കുടുംബം സംതൃപ്ത കുടുംബം കീ ജയ് !! )*
*(condition applied already)
ചെലവു പട്ടിക(ചുരുക്ക രൂപം)സഭക്ക് സമര്‍പ്പിക്കുന്നു
***********************************
'പെണ്ണായി പിറന്നാല്‍ മണ്ണായി തീരുവോളം കണ്ണീരു കുടിപ്പാനോ' എന്നു തുടങ്ങുന്ന ഹൃദയ സ്പര്‍ശിയായ പഴയൊരു പാട്ടുണ്ട് മലയാള സിനിമയില്‍. റിപ്പോര്‍ട്ടിങ്ങിനായി വനിത കമ്മീഷന്‍ അദാലത്തുകളില്‍ പോകുമ്പോ ഴൊക്കെ ഈ പാട്ട് മനസിലേക്ക് തിര തല്ലി വരും. അത്രക്കും ദയനീയമാണ് അവിടുത്തെ അവസ്ഥ. ഓരോ മാസവും നൂറിലധികം പരാതികളാണ് വനിത കമ്മീഷനു ഓരോ ജില്ലയിലും കിട്ടുന്നത്. ഒരു കഥ പറയാം.
പെണ്‍കുട്ടികളേ, കരയരുത്! ചതിയുടെ കൂടാരമാണ് ഈ ലോകം. നിഷ്കളങ്കതയുടെ മുഖംമൂടിക്കകത്ത് കൊടുംചതിയുടെ മിഴിമിന്നലുകള്‍ കൊണ്ടു നടക്കുന്നവരുടെ ലോകം! കൂടെ നടക്കുന്നവര്‍ തന്നെ ചെന്നായ്ക്കളാകുമ്പോള്‍ ആര്‍ക്ക് ആരെ എങ്ങനെ ഹൃദയപൂര്‍വ്വം വിശ്വസിക്കാനാകും? ആ മിന്നലുകള്‍ തിരിച്ചറിയാത്തിടത്തോളം കാലം നാം ഓരോരുത്തരും വഞ്ചനയുടെ പടുകുഴിയില്‍ വീണുകിടക്കേണ്ടി വരും. ഷൊര്‍ണൂരില്‍ സൌമ്യയെ മരണത്തിലേക്കു തള്ളിയിട്ടതു പോലെ ചിലരെ നാം മന:പ്പൂര്‍വ്വം തള്ളിയിടുകയും ചെയ്യും.അതിക്രൂരമായ അന്ത്യമാണ് ഷൊര്‍ണൂരില്‍ സൌമ്യക്കുണ്ടായത്. തള്ളിയിട്ട ശേഷം ട്രാക്കില്‍ തലയിടിച്ച് അയാള്‍ ആദ്യം പാതി ജീവന്‍ കവര്‍ന്നു, പിന്നെ മാനവും.
ഫേസ് ബുക്ക് ചര്‍ച്ചക്കായി ഈ ഇവിടെ ക്ലിക്ക് ചെയ്യുക
സൌമ്യ ഒരു രക്തസാക്ഷിയാണ്. ആ പെണ്‍കുട്ടിയുടെ മാനവും ജീവനും ഒരു ഒറ്റക്കയ്യന്റെ കാമപരാക്രമങ്ങള്‍ക്കു വേണ്ടി ബലി നല്‍കപ്പെട്ടു. ഞെട്ടലോടെയാണ് മലയാളി ആ വാര്‍ത്ത കേട്ടത്. അതിലധികം രോഷമുണ്ടായത് കണ്ടിട്ടും കാണാത്ത പോലെ യാത്ര തുടര്‍ന്നവരോടാണ്്. പെങ്ങള്‍ മരിച്ചെന്നറിഞ്ഞ നിമിഷം ഇളയ കൂടപ്പിറപ്പിന്റെ ആത്മരോദനം കേട്ടു നിന്നവരുടെ നെഞ്ചു പറിച്ചു കളഞ്ഞു. 'എന്റെ പൊന്നേ, നീ പോയില്ലേ....എന്ന കരച്ചിലില്‍ കരളുടക്കി കുഴഞ്ഞുപോയവര്‍ ഏറെയാണ്. എന്തു തെറ്റു ചെയ്തു ആ അമ്മക്ക് ഈ വിധി വരാന്‍? അയല്‍വീടുകളില്‍ പാത്രം കഴുകിയും മുറ്റമടിച്ചും സമ്പാദിച്ച ഒറ്റരൂപാത്തുട്ടുകള്‍ എണ്ണിപ്പെറുക്കി നല്‍കിയാണ് ആ അമ്മ മകളെ പഠിപ്പിച്ചത്. ഒടുവില്‍ അമ്മയുടെ മേലുവേദനക്ക് മരുന്നു വാങ്ങാന്‍ തികയുന്നത്ര മാത്രം പണം സമ്പാദിച്ചു തുടങ്ങിയപ്പോഴേക്കും വിധി അവളെ ക്രൂരമായി കൊന്നു കളഞ്ഞു. അയാളെ കൊന്നുകളയണമെന്നാണ് കേട്ടവര്‍ കേട്ടവര്‍ പ്രതികരിച്ചത്. പക്ഷേ, നമ്മുടെ പ്രവൃത്തികളും ആ കൊലപാതകത്തിന് തുണയേകിയെന്ന വസ്തുതയില്‍ നിന്നും ആര്‍ക്കും കൈ കഴുകി മാറിനില്‍ക്കാനാകില്ല.
സൌമ്യ മാത്രമല്ല, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ കണക്കനുസരിച്ച് 2000 മുതലുള്ള ഒമ്പത് വര്‍ഷങ്ങള്‍ക്കിടക്ക് രാജ്യമൊട്ടാകെ 289 പെണ്‍കുട്ടികള്‍ക്ക് അവരുടെ മാനം നഷ്ടപ്പെട്ടു. 2009, 2010 വര്‍ഷങ്ങളിലെ കണക്കുകള്‍ ആര്‍.പി.എഫ് ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്രക്കും സുരക്ഷിതമല്ലേ നമ്മുടെ ട്രെയിനുകള്‍? സുരക്ഷിതമല്ലാത്ത യാത്രാസാഹചര്യങ്ങളുണ്ടെന്ന വസ്തുത മാറ്റിവച്ചാലും സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ നമുക്ക് മനസില്ലാത്തതാണ് പ്രധാന പ്രശ്നം. ലേഡീസ് കംപാര്‍ട്മെന്റിലേ പെണ്ണുങ്ങള്‍ കയറാവൂ എന്നു പറഞ്ഞു പഠിപ്പിക്കുന്ന വീട്ടുകാര്‍ മുതല്‍ എല്ലാവരും കുറ്റക്കാരാണ്. പെണ്ണുങ്ങള്‍ ജനറല്‍ കംപാര്‍ട്മെന്റില്‍ കയറി ശീലിക്കട്ടെ! അവളോട് മോശമായി പെരുമാറുന്നവരോട് ചുണയോടെ പ്രതികരിക്കട്ടെ! അതു കണ്ടു നില്‍ക്കുന്നവരില്‍ ചിലരെങ്കിലും അവളെ സഹായിക്കാനുണ്ടാകും. അല്ലാതെ അടങ്ങിയൊതുങ്ങി കരഞ്ഞുപിഴിഞ്ഞ് മൂലക്കിരിക്കാനല്ല നാം പറഞ്ഞുകൊടുക്കേണ്ടത്.
യാത്രക്കാരാ, നിങ്ങളുടെയൊപ്പം ജനറല്‍ കംപാര്‍ട്മെന്റില്‍ കയറുന്ന സ്ത്രീ യാത്രക്കാരികളോട് എന്തിനിവിടെ ഇരിക്കുന്നു, ലേഡീസില്‍ ചെന്നിരിക്കരുതോ എന്നു ചോദിക്കല്ലേ.. ഇന്ത്യന്‍ റെയില്‍വേയുടെ ദുഃശീലങ്ങള്‍ മാറ്റാന്‍ നമുക്ക് കഴിയാത്തിടത്തോളം കാലം അവള്‍ക്കിഷ്ടമുള്ളിടത്ത് ഇരിക്കാന്‍ അവളെ അനുവദിക്കുക. ലേഡീസ് കംപാര്‍ട്മെന്റിലെ അരക്ഷിതാവസ്ഥയിലേക്ക് പറഞ്ഞയച്ച് അവള്‍ക്കൊരു അപകടമുണ്ടാക്കല്ലേ! രാത്രികളില്‍ പുറത്തേക്കിറങ്ങിയാല്‍ പെണ്ണിനെ വെറുതെ വിടാത്തവരാണ് മലയാളി പകല്‍മാന്യന്‍മാര്‍! പ്ലാറ്റ്ഫോമില്ലാത്തയിടങ്ങളില്‍ ട്രാക്കിലേക്കിറങ്ങവേ വീണു പരിക്കേല്‍ക്കുന്ന പെണ്ണ് നമ്മുടെ അമ്മയോ പെങ്ങളോ ആണെങ്കില്‍ ആര്‍ക്കെങ്കിലും സഹിക്കുമോ? അവളുടെ ജീവനും മാനവും നഷ്ടപ്പെട്ടാല്‍ സൌമ്യയുടെ അമ്മയെപ്പോലെ നമുക്കും കരയേണ്ടിവരും. അത്തരം കരച്ചിലുകളൊഴിവാക്കാന്‍ എല്ലാവരും കൈകോര്‍ത്തു പിടിച്ച് അധികൃതരോട് സഹായം അഭ്യര്‍ത്ഥിക്കുക. അപേക്ഷ അവഗണിച്ചാല്‍ കൂടുതല്‍ ശക്തമായി പ്രതിഷേധിക്കുക.
പെണ്‍കുട്ടികളേ, കരയരുത്! ഒരു തുള്ളി കണ്ണീരു പോലും വെറുതെ കളയരുത്. പകരം കണ്ണീരുരുക്കി കാച്ചി പരത്തി പിച്ചാത്തിയുണ്ടാക്കുക. ഈ ഭൂമി സ്ത്രീകള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. അമ്മമാരെ, അനുവാദമില്ലാതെ മേലുതൊടുന്നവരെ ശരിപ്പെടുത്താന്‍ പെണ്‍മക്കള്‍ക്ക് മനക്കരുത്ത് പകരുക! നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞത് അവരുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശമെങ്കിലും നല്‍കുക. ആ ബോധ്യവും ആത്മാഭിമാനവും കൈമുതലാക്കാന്‍ സാഹചര്യമൊരുക്കുക. അല്ലെങ്കില്‍ അക്രമമുണ്ടാകുമ്പോള്‍ അലറിക്കരയാന്‍ മാത്രം പഠിച്ചു വച്ച പെണ്‍പാവക്കുട്ടികള്‍ സമൂഹത്തില്‍ പെരുകും. അങ്ങനെ വന്നാല്‍ പെണ്ണിന്റെ ഉടലിനു വേണ്ടി ഉഴറി നടക്കുന്നവര്‍ നമ്മുടെ സ്വന്തം പെണ്‍കുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയാല്‍ അലറിക്കരയേണ്ടി വരുന്നത് നമുക്കാകുമെന്നോര്‍ക്കുന്നതു നന്ന്!
വൈകുന്നേരങ്ങളില്‍ വരാന്‍ സൌമ്യയില്ല;
ഏകാന്തതയോട് കൂട്ടുകൂടി അമ്മ ഇവിടെയുണ്ട്
കൊച്ചി: ഈ വീട്ടില്‍ ഈ അമ്മ തനിച്ചാണ്. വൈകുന്നേരങ്ങളില്‍ വരാറുള്ള സൌമ്യ ഓര്‍മ മാത്രമായിട്ട് ഇന്നേക്ക് ഒരു മാസം. കുടുംബം പോറ്റാനുള്ള തത്രപ്പാടില്‍ ഷൊര്‍ണൂരിലും പരിസരത്തും കാര്‍ ഓടിക്കുന്ന മകന്‍ സന്തോഷ് പാതിരാത്രിക്ക് കയറി വരുന്നതു വരെ സുമതിയെന്ന അമ്മക്ക് കൂട്ട് മകളുടെ ഓര്‍മകള്‍ മാത്രം.
വീണ്ടുമൊരു വനിതാ ദിനം കടന്നുപോകുന്നു. ഷൊര്‍ണൂരില്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയ സൌമ്യയെയും ഓര്‍ക്കാന്‍ ഈ വനിതാ ദിനം. ഒരു മാസം പിന്നിടുമ്പോഴും മഞ്ഞക്കാട്ടുള്ള വാടകവീട്ടില്‍ സങ്കടം പങ്കുവെക്കാന്‍ ആളുകളെത്തുന്നുണ്ട്. അവര്‍ക്കൊപ്പവും ഏകാന്തതയിലും കരഞ്ഞുകരഞ്ഞ് ഈ അമ്മക്കിപ്പോള്‍ കണ്ണുനീര് വറ്റിപ്പോയിരിക്കുന്നു. മരണത്തിന്റെ റെയില്‍വേ പാളത്തിലേക്ക് വീഴുന്നതു വരെ വാതോരാതെ സംസാരിച്ച സൌമ്യയെക്കുറിച്ച് പറയുമ്പോള്‍ സുമതി തളര്‍ന്നുപോകുന്നു. ഇവരിപ്പോള്‍ പുറത്തിറങ്ങാറില്ല. മകളുടെ ദാരുണ അന്ത്യത്തെക്കുറിച്ചുള്ള നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ക്ക് കരളു പിടയുന്നു. 30 ദിവസങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് പുറത്തേക്കൊന്നിറങ്ങിയത്. അയല്‍വാസികളുടെയും നാട്ടുകാരുടെയും ദയനീയ നോട്ടങ്ങള്‍ സങ്കടം വര്‍ധിപ്പിക്കുന്നെന്ന് തോന്നിയപ്പോള്‍ ഉടന്‍ മടങ്ങി. ഈ മാസം 18 നാണ് സൌമ്യ മരിച്ചതിന്റെ 41 ാം ദിനം. അന്നത്തെ ചടങ്ങുകള്‍ക്ക് ശേഷം കഴിയുമെങ്കില്‍ പഴയ വീട്ടുജോലിയിലേക്ക് മടങ്ങണമെന്നുണ്ട്. എന്നാല്‍, മനസ്സിനൊപ്പം തളര്‍ന്ന ശരീരം അനുവദിക്കുമെന്നുറപ്പില്ല.
സൌമ്യ മരിച്ചപ്പോള്‍ മാത്രം അടുത്തുണ്ടായിരുന്ന അച്ഛന്‍ ഈ അമ്മയെ വീണ്ടും തനിച്ചാക്കി മടങ്ങിപ്പോയി. കാണാന്‍ വരുന്നവര്‍ നല്‍കുന്ന ചെറിയ തുക മരുന്നിന് നീക്കി വെക്കും. റെയില്‍വേ തന്ന മൂന്നു ലക്ഷം കൈയിലുണ്ട്. അതുപയോഗിച്ച് ചെറിയൊരു സ്ഥലവും വീടും വാങ്ങണമെന്നുണ്ട്. എന്നാല്‍, അതുകൊണ്ട് മാത്രം തികയില്ല. പ്രതിമാസം 2000 രൂപയാണ് ഇപ്പോഴുള്ള വീടിന്റെ വാടക. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടിയാല്‍ ഈ കുടുംബം രക്ഷപ്പെടുമെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. റെയില്‍വേയുടെ അനാസ്ഥക്കെതിരെയും നഷ്ടപരിഹാരം കൊടുക്കാന്‍ വൈകിയതിനെതിരെയും ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ആരെയും വിഷമിപ്പിച്ചുകൊണ്ടുള്ള പണം വേണ്ടെന്നാണ് സുമതിയുടെ നിലപാട്.സങ്കടം പറയാനും പങ്കുവെക്കാനും സഹായിക്കാനും ഏറെ പേര് കൂട്ടുവന്നു. അതിനാല്‍ ആരോടും ഒന്നും ചോദിക്കാനില്ലെന്നും ഈ അമ്മ പറയുന്നു. എങ്കിലും ഇവരെ സഹായിക്കാന്‍ ഈ വനിതാ ദിനത്തിലെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് സൌമ്യയുടെ കുടുംബത്തിന്റെ അഭ്യുദയകാംക്ഷികള്‍. ( published in Madhyamam on World Women's Day of 2011)
എന്നിട്ട് എന്തുണ്ടായി? താഴെ വാര്‍ത്ത വായിക്കൂ... തൃശൂര്‍ : ഷൊര്‍ണൂരില്‍ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് കൊല ചെയ്ത സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ആശുപത്രി -ശവ സംസ്‌കാ...ര ചെലവുകള്‍ അമ്മ സുമതിയില്‍നിന്ന് ഈടാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു ലക്ഷത്തിന്റെ നഷ്ടപരിഹാര തുകയില്‍ നിന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി ശവ സംസ്‌കാര ചെലവുകളായി 30,000 രൂപ ഈടാക്കിയത്. പ്രഖ്യാപിച്ച മൂന്നു ലക്ഷം ദുരന്തം സംഭവിച്ച് ഒരു മാസം തികഞ്ഞിട്ടും നല്‍കിയില്ലെന്ന വാര്‍ത്ത വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് മൂന്നു ദിവസത്തിന് ശേഷം തുക കൈമാറിയത്.സൗമ്യ മരിച്ചെന്നു തെളിയിക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു ആദ്യ നിലപാട്. ഒടുവില്‍ കഴിഞ്ഞ 11 ന് തുക കൈമാറുമ്പോഴും ഏറെ നിബന്ധനകള്‍ മുന്നോട്ടുവെച്ചു. പത്ത് വര്‍ഷത്തിലധികമായി കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്ന സൗമ്യയുടെ പിതാവ് എന്നു വന്ന് ആവശ്യപ്പെട്ടാലും തുകയില്‍നിന്ന് വിഹിതം നല്‍കണമെന്ന് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കിയാലേ പണം കൈമാറൂ എന്നായിരുന്നു നിബന്ധന.മുദ്രപ്പത്രത്തിന്റെ150 രൂപയും സുമതിയില്‍ നിന്ന് ഈടാക്കി. പുറത്തു നിന്ന് ജാമ്യക്കാരെ കൊണ്ടുവന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിടണമെന്നും ഒറ്റപ്പാലം തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം വില്ലേജോഫിസര്‍ ആവശ്യപ്പെട്ടു. സുമതിയെയും സൗമ്യയുടെ അനുജന്‍ സന്തോഷിനെയും ഏറെ വലച്ചാണ് അധികൃതര്‍ പണം ചെക്കായി നല്‍കിയത്. ഇപ്പോള്‍ വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബം സ്വന്തമായി ഒരു ചെറു കൂരയിലേക്ക് താമസം മാറ്റാനുള്ള ശ്രമത്തിലാണ്. റെയില്‍വേ നല്‍കിയ മൂന്നു ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതും കൂട്ടിയാണ് വീടുപണി തുടങ്ങുന്നത്. അന്ന് സൗമ്യക്ക് നഷ്ടപരിഹാരത്തുക, സമയത്ത് നല്‍കിയില്ലെന്ന് സംസ്ഥാന സര്‍ക്കാറും റെയില്‍വേയെ കുറ്റപ്പെടുത്തിയിരുന്നു. ജനങ്ങളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ തൊട്ടടുത്ത ദിവസം തന്നെ പണം കൈമാറി. അനുജന്‍ സന്തോഷിന് റെയില്‍വേയില്‍ ജോലി നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സൗമ്യയുടെ വിഷയത്തില്‍ പരസ്‌പരം ചളി വാരിയെറിഞ്ഞ സര്‍ക്കാറും ആഘോഷമാക്കിയ മാധ്യമങ്ങളും പിന്നീട് സുമതിയെ തിരിഞ്ഞു നോക്കിയതേ ഇല്ല. (വി. ആര്‍. രാജമോഹന്‍)