2014, ജൂലൈ 31, വ്യാഴാഴ്‌ച

കാഹ്കഹ -ഇങ്ങനെയും ഒരു പ്രതിഷേധം















ടര്‍ക്കിയില്‍ മനോഹരമായൊരു പ്രതിഷേധം നടക്കുകയാണ്. വനിതകള്‍ പൊട്ടിച്ചിരിക്കരുതെന്നു സര്‍ക്കാര്‍.  ആഹാ , എങ്കില്‍ പൊട്ടിച്ചിരിചിട്ട് തന്നെ കാര്യമെന്നായി അവിടെയുള്ള വനിതകള്‍. ഉടനെ മൊബൈലും കാമറയും എടുത്തു പൊട്ടിച്ചിരിക്കുന്ന പടം ക്ലിക്കി. എന്നിട്ടോ, #kahkaha എന്ന ഹാഷ് ടാഗുമിട്ട് കുറെ പടങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റി.  തുര്‍ക്കി ഭാഷയില്‍ കാഹ്കഹ എന്ന് പറഞ്ഞാല്‍ പൊട്ടിച്ചിരി എന്ന് അര്‍ഥം.
പൊട്ടിച്ചിരിക്കുമ്പോള്‍  ഉണ്ടാകുന്ന ശബ്ദം തന്നെ പൊട്ടിച്ചിരിയുടെ പേരാകുന്ന അതി യാദൃശ്ചികത ലോകത്തു മറ്റൊരിടത്തും ഇല്ലെന്നു തോന്നുന്നു


കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ
എന്ന് വായിക്കുമ്പോള്‍ തന്നെ നമുക്കും ഒരു പൊട്ടിച്ചിരി അനുഭവപ്പെടുന്നില്ലേ ??


ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആയിരങ്ങളാണ് ചിരിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.  . സ്ത്രീകളുടെ ചിരിയെ പറ്റിയല്ല മറിച്ച് ബലാത്സംഗം, ശൈശവ വിവാഹം തുടങ്ങിയ വിഷയങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും സ്ത്രീകള്‍ തുറന്നടിച്ചു.

''സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കണം. മാന്യമായ പെരുമാറ്റവും അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് സ്ത്രീകള്‍ക്ക് ധാരണയുണ്ടാകണം. പൊതുയിടങ്ങളില്‍ സ്ത്രീകള്‍ ഉറക്കെ ചിരിക്കരുത്. സ്ത്രീ ഒരിക്കലും തന്‍റെ മാന്യത കൈവിടരുത്'' എന്നിങ്ങനെയാണ് ഉപ പ്രധാനമന്ത്രി ബ്യൂലന്‍ നിര്‍ദേശിച്ചത് . റമസാനിലെ അവസാന നാളില്‍ നടന്ന പ്രസംഗത്തിലായിരുന്നു സ്ത്രീകളോടുള്ള മന്ത്രിയുടെ ഉപദേശം  

2014, ജൂലൈ 27, ഞായറാഴ്‌ച

മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ച കറയുള്ളവന്‍

നാണമില്ലാത്തവന്‍റെ ആസനത്തില്‍ ആല് മുളച്ചാല്‍ മോദി കര്‍ത്താവിന്റെ ദാസന്‍  എന്ന് ഒച്ചപ്പാട് പരിഹസിച്ചപ്പോള്‍ ആ ആലിന്‍റെ തണലില്‍ പോയി നിന്ന കുറെ പേര്‍ കടിച്ചു കീറാന്‍ വന്നു. ഇപ്പോഴിതാ കത്തോലിക്കാ പ്രസിദ്ധീകരണം തന്നെയായ സത്യദീപം ചോദിക്കുന്നു - ''മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ചവന്‍റെ കറ പ്രധാന മന്ത്രി കസേരയില്‍ കയറിയിരുന്നാല്‍ പോകുമോ ''- എന്ന്


ഗുജറാത്തിലെ ഗോദ്രയും ബി.ജെ.പി ഭരിക്കുന്നിടത്തൊക്കെക്രൈസ്തവ മിഷനറിമാര്‍ പീഡിപ്പിക്കപ്പെട്ടതും ഇപ്പോള്‍ പലയിടത്തും പല രൂപത്തിലും ഭാവത്തിലും ന്യൂനപക്ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ പീഡനങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും മോദിയെ മാറ്റി നിര്‍ത്തി അദ്ദേഹത്തിന് രൂപക്കൂട് പണിയുവാന്‍ കത്തോലിക്കാ സഭയ്ക്കു സാധിക്കുമോ എന്നും ചോദിക്കുന്നുണ്ട് സത്യദീപം.

ഒപ്പം പറയുന്നു - ''ഫുള്‍സ്‌റ്റോപ്പ്: അധികാരത്തെ ആദരിക്കണം, പക്ഷേ ആത്മസത്തയെ ബലികഴിച്ചുകൊണ്ടുള്ള ആദരവ് അപകടകരമാണ്. അസത്യത്തെ ശാസ്ത്രീയമായി വ്യാഖ്യാനിച്ചാലും സത്യമാകില്ല.''  എന്ന് .

മുഴുവന്‍ വായിക്കൂ








2014, ജൂലൈ 22, ചൊവ്വാഴ്ച

നട്ടെല്ല് പണത്തിനും മേലെയാണ്

ക്രിസ്പിന്‍ 
അടിച്ചമര്‍ത്താന്‍ നോക്കുന്ന മുതലാളിയുടെ അധികാര പരിധിയില്‍ നിന്നും നട്ടെല്ല് നിവര്‍ത്തി ഇറങ്ങി പോയിട്ടുള്ള നിരവധി പേരുണ്ട്. കവികളും കഥാകാരും അവരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് മേല്‍ പിടുത്തം വീഴ്ത്താനുള്ള മാനേജ്മെന്റ് മുഷ്ടിക്കു വഴങ്ങാതെ രാജി കത്ത് എഴുതി ആണായും പെണ്ണായും തലയുയര്‍ത്തി നിന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. ഇന്ത്യാവിഷനില്‍ വെബ്‌ വിഭാഗത്തില്‍ സീനിയര്‍ സബ് എഡിറ്റര്‍ ആയി പണിയെടുത്തിരുന്ന ക്രിസ്പിനെ ഒരു കവിതയുടെ പേരില്‍ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഒരു സുന്ദര കത്തും കൊണ്ടൊരു കുത്ത് കൊടുത്ത ശേഷം ഇറങ്ങി പോകുന്നത്. രാജികത്ത് കൊടുത്ത ശേഷം ഫേസ്ബുക്കില്‍ കൊടുത്ത പോസ്റ്റും രാജിക്കത്തിലെ  ഒരു ഭാഗവും  ഇവിടെ വായിക്കാം . നേരത്തെ യുവ കഥാകാരി മീരയും മനോരമയിലെ ജോലി രാജി വച്ചിരുന്നു. മറ്റു പ്രസിദ്ധീകരണങ്ങളില്‍ കഥയോ കവിതയോ പ്രസിദ്ധീകരിക്കരുത് എന്ന് മനോരമ പറഞ്ഞതു അനുസരിക്കാന്‍ അവര്‍ നിന്ന് കൊടുത്തില്ല, ഇറങ്ങി പോന്നു. മാധ്യമം ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അവര്‍ അത് വ്യക്‌തമാക്കിയിരുന്നു. ശേഷം അവര്‍ മികച്ച കഥകള്‍ എഴുതി മലയാളി വായനാക്കാരുടെ മനസില്‍ ഇടം നേടി, ഒരു പാട് അംഗീകാരങ്ങളും.


കവിത ഇങ്ങനെ വായിക്കാം 

 


2014, ജൂലൈ 21, തിങ്കളാഴ്‌ച

ന്യൂ ജനറേഷനെ തടയാന്‍ കഴിയുമോ മിസ്റ്റര്‍ അടൂര്‍ ?


ഇന്നലെ വളരെ രസകരമായ ഒരു കുറിപ്പ് വായിക്കാനിടയായി. അത് ഇങ്ങനെയാണ്- മലയാള സിനിമക്ക് മറുഭാഷയില്‍ പേര് വേണ്ട എന്ന് ശിപാര്‍ശ. അങ്ങനെ പേര് കൊടുത്താല്‍ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കേണ്ടെന്നും ശിപാര്‍ശയിലുണ്ട്. 

ആരാണ് ഇങ്ങനെ ഒരു ശിപാര്‍ശ കൊടുത്തതെന്ന് പരിശോധിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും ഷാജി എന്‍ കരുണ്‍ , പന്തളം സുധാകരന്‍,സുരേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളും ആയ സമിതിയാണ് സര്‍ക്കാരിനു ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത് ത്രേ ! സിനിമക്ക് ഇംഗ്ലീഷ് പേരിടുന്നത് ഒരു ഫാഷന്‍ ആയി മാറി എന്നാണു സമിതിയുടെ വിലയിരുത്തല്‍. മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടു. ആ ഭാഷയുടെ വിലയിടിക്കുന്ന തരത്തിലാണ് ഇംഗ്ലിഷ് പേരുകളുടെ പ്രവാഹം എന്ന് സമിതി സര്‍ക്കാരിനോട് പറയുന്നുണ്ട്. പ്രമേയത്തിന് ചേരുന്നു എങ്കില്‍ മാത്രം ഇംഗ്ലിഷ് പേര് അനുവദിക്കാം എന്നാണു സമിതി പറയുന്നത് . തമിഴ്നാട്ടിലൊക്കെ തമിഴ്‌ പേരുള്ള സിനിമക്കെ സബ്സിഡി കൊടുക്കുന്നുള്ളൂത്രേ ! തമിഴരുടെ തമിഴ വാക്കുകളും ബദല്‍ പ്രയോഗങ്ങളും എവിടെ കിടക്കുന്നു, മലയാളിയുടേത് എവിടെ നില്‍ക്കുന്നു എന്നാലോചിച്ചിട്ടു ഒച്ചപ്പാടിനു ഒരെത്തും പിടിയും കിട്ടുന്നില്ല.

സമിതിയിലെ അംഗങ്ങളായ കലാകരന്മാരോടുള്ള സകല ആദരവും വച്ച് കൊണ്ട് തന്നെ ഒരു കാര്യം ഒച്ചപ്പാട് പറയട്ടെ - ഈ പ്രസ്താവന നിങ്ങള്‍ എല്ലാവരോടുമുള്ള ആദരവ് കളയാന്‍ പ്രാപ്തമാണ്.

1950 ല്‍ ഇറങ്ങിയ മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രത്തിനു പേര് - ന്യൂസ്‌ പേപ്പര്‍ ബോയ്‌. അവിടുന്നിങ്ങോട്ടു 1960, 70, 80, 90കളില്‍ ഇംഗ്ലിഷ് പേരുകളില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. 2010 വരെയുള്ള കുറെ സിനിമകളുടെ പട്ടികയും ഒച്ചപ്പാട് കണ്ടുപിടിച്ചു. അത് വായിക്കുന്നതിനു മുന്‍പ്‌ ഒരു ചോദ്യം കൂടി - ഇംഗ്ലിഷ് മാത്രമേ നിരോധിക്കൂ ? അതോ   നാക്കു പെന്റ നാക്കു ടാക്ക ( സ്വാഹിലി , ആഫ്രിക്ക ) , മേരാ നാം ജോക്കര്‍ (ഹിന്ദി, ഇന്ത്യ) പോലെയുള്ള ഭാഷ പേരുകളില്‍ ഇറങ്ങുന്നവക്കും  സബ്സിഡി കളയുമോ ?

 , 

2014, ജൂലൈ 13, ഞായറാഴ്‌ച

നാണമില്ലാത്തവന്‍െറ ആസനത്തില്‍ ആല്‍ മുളച്ചപ്പോള്‍ മോദി കര്‍ത്താവിന്‍െറ ദാസന്‍


നാണമില്ലാത്തവന്‍െറ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ എന്ന് കാര്‍ന്നോന്‍മാര്‍ പറയാറുണ്ട്. കാലാകാലങ്ങളില്‍ അതിനുളള ‘മഹത്തരമായ’ ദൃഷ്ടാന്തങ്ങള്‍ കാണാനുളള ഭാഗ്യം ഓരോ ജനതക്കും ദൈവം നല്‍കാറുണ്ട്, കത്തോലിക്ക സഭക്ക് പ്രത്യേകിച്ചും. നരേന്ദ്രമോദി കര്‍ത്താവിൻറെ  ദാസനെന്നാണ് പുതിയ വെളിപ്പാട്. ഇത് തെളിവ് സഹിതം അതിന്‍െറ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല എന്നാണ് സി.ബി.സി.ഐ പ്രസിഡന്റ്  കര്‍ദ്ദിനാള്‍ ക്ളീമിസ്  ബാവ രക്ഷാധികാരിയായ സണ്‍ഡേ ശാലോം എന്ന കത്തോലിക്ക പ്രസിദ്ധീകരണത്തിന്‍െറ കണ്ടെത്തൽ  . ചീഫ് എഡിറ്റര്‍  ബെന്നി പുന്നത്തറയുടെ പേരിലാണ് ഇത് പ്രസിദ്ധീകരിച്ച് ഉദ്ബോധിപ്പിക്കുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സഭ തയ്യറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ മുഖപ്രസംഗത്തെ കൂട്ടിവായിക്കാന്‍. 
മുഖപ്രസംഗം തുടരുന്നു - ‘‘അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ്. ഒരേ പാര്‍ട്ടി തന്നെ തുടര്‍ച്ചയായി അധികാരം കൈയാളുമ്പോള്‍ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാവുകയും ഭരണം ജീര്‍ണിക്കുകയും ചെയ്യക സ്വാഭാവികമാണ്. അതുകൊണ്ട് അധികാരത്തില്‍നിന്നും ഇടയ്ക്കിടെ മാറിനില്ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനും നല്ലതാണ്. അതിനാല്‍, കോണ്‍ഗ്രസിന്‍്റെയും സഖ്യകക്ഷികളുടെയും പരാജയവും ഇന്ത്യയുടെ ജനാധിപത്യത്തിനും അതതു പാര്‍ട്ടികളുടെ നല്ല ഭാവിക്കും അത്യാവശ്യമാണ്’’ ഇതു വായിക്കുമ്പോള്‍ ‘അധികാരവും അതിലൂടെയുളള ഭരിക്കലും’ ആണ് സഭ ലക്ഷ്യമിടുന്നതെന്ന് ചോറുണ്ണുന്ന കുഞ്ഞാടുകള്‍ക്കും മനസിലാകും.

‘‘രാജ്യത്തിന്‍്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. ദൈവത്തെ അറിയാത്തവരെ പോലും ദൈവം തന്‍്റെ ദൗത്യ നിര്‍വഹണത്തിനായി തെരഞ്ഞെടുക്കുന്ന സംഭവങ്ങള്‍ ബൈബിളില്‍ ധാരാളം ഉണ്ട്. എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്ന് വരുന്നുവെന്നും അതിനാല്‍ ദൈവദത്തമായ അധികാരങ്ങളെ മാനിക്കണമെന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല. തന്മൂലം നരേന്ദ്രമോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണ്. ദൈവം അനുവദിച്ചതാണെങ്കില്‍ അതിനെക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയും ഉണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യത്തിന്‍്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. മോദിയിലൂടെ രാജ്യത്തെയും സഭയേയും ദൈവം രക്ഷിക്കും. ഈ തെരഞ്ഞെടുപ്പ് ഫലം ദൈവകരങ്ങളില്‍ നിന്നുള്ളതാണ്  ’’എന്നിങ്ങനെ നീളുന്നു മുഖപ്രസംഗത്തിലെ സുവിശേഷം.


സഭയെ ഉന്മൂല നാശം വരുത്താന്‍ കച്ചകെട്ടി നടന്ന സാവൂളിനെ പെട്ടെന്നൊരു ദിവസം പൗലോസ് അപ്പോസ്തലനാക്കി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ പാരമ്പര്യം സഭക്കുണ്ട്. അതേപോലെ  ഉത്തരേന്ത്യയില്‍  കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്തും  സഭാമക്കളെ കൊന്നും സഭയെ നശിപ്പിക്കാന്‍ മാത്രം നടന്ന ഒരു പാര്‍ടിയേയും അതിന്‍െറ തലവനേയും അപ്പോസ്തോല വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്താനാണ് ശാലോം ശ്രമിക്കുന്നത്.

 നരേന്ദ്രമോദി സര്‍ക്കാരിനെയും പ്രാര്‍ത്ഥനയില്‍ താങ്ങുക എന്നത് ഓരോ ക്രൈസ്തവവിശ്വാസിയുടെയും കടമയാണെന്നും മുഖപ്രസംഗം പറയുന്നു. ഈ മുഖപ്രസംഗത്തിനെതിരെ ധാരാളം പ്രതിഷേധ കമന്‍റുകള്‍ സണ്‍ഡേ ശാലോമിന്‍െറ വെബ്സൈറ്റില്‍ നിറയുന്നുണ്ട്.

എന്നാല്‍, അനുകൂലിക്കുന്നവരേയും കാണാം. അവരോട് ഒച്ചപ്പാടിന് പറയാനുളളത് ഇതാണ് - ‘‘അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കരുത്’’

ഒപ്പം, അത്തരക്കാര്‍ക്ക് വേണ്ടി പുതിയൊരു ത്രിസന്ധ്യാജപം ഒച്ചപ്പാട് പ്രസിദ്ധീകരിക്കുന്നു.



ത്രിസന്ധ്യാജപം
1 . കര്‍ത്താവിൻറെ  മാലാഖ പരിശുദ്ധ മോഡിയോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മോഡി ധര്‍മം ധരിച്ചു.

നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! കര്‍ത്താവ് നിന്നോട് കൂടെ !  പ്രധാനമന്ത്രിമാരില്‍ നീ അനുഗ്രഹിക്കപ്പെട്ടവന്‍ ! അങ്ങയുടെ ഗുജറാത്തിന്‍ ഫലമായ രക്തസാക്ഷി മിഷനറിമാര്‍ നിഗ്രഹിപ്പെട്ടവരാകുന്നു.
പരിശുദ്ധ മോഡിയേ , ഇന്ത്യാക്കാരുടെ പ്രധാനമന്ത്രിയേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ ! ആമ്മേന്‍.


2 . ഇതാ കര്‍ത്താവിൻറെ ദാസന്‍, നിൻറെ വചനം പോലെ എന്നിലാകട്ടെ.
(നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! ........ആമ്മേന്‍.)

3 . വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.
(നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! .........ആമ്മേന്‍.)


ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
സര്‍വേശ്വരൻറെ  പരിശുദ്ധ മോഡിയേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.


കത്തോലിക്കാ പ്രസിദ്ധീകരണം തന്നെയായ സത്യദീപം ചോദിക്കുന്നു - ''മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ചവന്‍റെ കറ പ്രധാന മന്ത്രി കസേരയില്‍ കയറിയിരുന്നാല്‍ പോകുമോ ''- എന്ന് ( 
മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ച കറയുള്ളവന്‍)

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...