2014, ഫെബ്രുവരി 19, ബുധനാഴ്‌ച

കൊച്ചി നഗരസഭയിലെ മാപ്പിളപാട്ട്

കൊച്ചി കോര്‍പറേഷനില്‍ പ്രതിപക്ഷ കൌണ്‍സിലര്‍ മുംതാസ് ടീച്ചര്‍ വക മാപ്പിളപാട്ട് - അതിനു കൈകൊട്ടി കളി ഭരണപക്ഷ വനിതാ കൌണ്‍സിലര്‍മാര്‍

ചാനലുകാര്‍ മിസ്സാക്കിയത് കൊണ്ട് നാട്ടുകാര്‍ക്ക് കാണാന്‍ പറ്റില്ല. വേണേല്‍ ഇവിടെ കാണാം 


''പൂരം കാണണ ചേല്ക്ക് ഞമ്മളെ
പാട്ടിലാക്കണ ഡെപ്യൂട്ടി മേയറെ
സ്വര്‍ണം പൂശിയ വാക്കുകള്‍ കൊണ്ട് മയക്കണ്ടാ
തല്ക്കാലം ഈ ബജറ്റ് കൊച്ചിയില്‍ വേവൂലാ
ഇതെന്റെ വീട്, കൊച്ചി പാക്കേജ്‌
കുടിവെള്ള പദ്ധതി, റോ-റോ ബോട്ട്
സബല, തബല, സ്ത്രീ സുരക്ഷ

എവിടെപ്പോയ്...?? 

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

സെക്സ് ഓണ്‍ ദ ബീച്ച്



സെക്സ് ഓണ്‍ ദി ബീച്ച് എന്ന് റീമ കല്ലിങ്കല്‍ സ്വന്തം ഫേസ്‌ ബുക്ക്‌ പേജില്‍ പറഞ്ഞത് ആര്‍ക്കൊക്കെയോ എന്തൊക്കെയോ വികാരം ഉണര്‍ത്തിയിരിക്കുന്നു. വാലന്റൈന്‍സ്‌ ഡേയില്‍ ഇണ പിരിഞ്ഞു കിടക്കുന്ന രണ്ടു സ്ട്രോകള്‍ ഇട്ട ഒരു ഡ്രിങ്ക്ന്റെ പടം റീമ പോസ്റ്റ് ചെയ്തത് ബല്ലാത്ത പോല്ലാപ്പിലാണ് പലരെയും എത്തിച്ചത്. യാത്രയില്‍( വേണമെങ്കില്‍ ഹണിമൂണ്‍ യാത്ര എന്ന് തന്നെ പറയാം ) ഏതോ ഒരു ബീച്ചില്‍ വാലന്റൈന്‍സ്‌ ദിവസത്തില്‍ റീമയും ആഷിക്കും കൂടി ഏതോ ബീച്ച് ഓപ്പണ്‍ എയര്‍ മണിയറ ആക്കിയെന്നാണ് ആദ്യ വിവരം വന്നത്. റീമക്ക് കളി കുറച്ചു കൂടുന്നുണ്ടെന്നു ചിലര്‍. ഇതൊക്കെ ഭാര്യേം ഭര്‍ത്താവും ഒറ്റയ്ക്ക് ആഘോഷിച്ചാല്‍ പോരെ, നാട്ടുകാരെ വിളിച്ചു അറിയിക്കണോ എന്ന് വേറെ ചിലര്‍. മാതൃക കല്യാണം നടത്തിയത് തന്നെ പേരുണ്ടാക്കാനാണെന്നും ഇത് പോസ്റ്റിനു ലൈക്ക്‌ കൂടാനുള്ള വെറും ഗിമ്മിക്കുകള്‍ മാത്രമാണെന്നും വേറെ കുറെ പേര്‍ കമന്റോടടി. ന്യൂ ജെനറേഷന്‍ ടീമായ ആഷിക്കും റീമയും ഇത് പബ്ലിക്കായി പറഞ്ഞില്ലെന്കിലെ അത്ഭുതം ഉള്ളൂ എന്നും കുറെ പേര്‍.  ബീച്ചില്‍ നടന്നതൊക്കെ മൊബൈലില്‍ പിടിച്ചു നെറ്റില്‍ ഇട്ടാല്‍ കൊള്ളാമെന്നു കുറെ പേര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വേറെ കുറച്ചു പേര്‍ ഏതു ബീച്ചിലാ എന്ന് വരെ ചോദിച്ചു, (നേരിട്ട് കാണാന്‍ ആയിരിക്കും.) 

സംഭവം എന്തായാലും കലക്കി. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സംഭവം ഏറ്റെടുത്തു. ഹോട്ട് ഡോഗ് തിന്നുന്ന മത്സരത്തെ കുറിച്ച് മലയാളത്തിലെ ഒരു മുഖ്യധാര ചുകപ്പന്‍ പത്രം ''പട്ടിയെ തിന്നു റെക്കോഡ്‌ ഇട്ടു' എന്ന് ഒന്നാം പേജ് വാര്‍ത്ത നല്‍കിയ പോലെയായി പോയി ഇതും. സെക്സ് ഓണ്‍ ബീച്ച് എന്നത് ഒരു വോഡ്ക മിക്സഡ്‌ ഡ്രിങ്ക് ആണെന്ന് അറിയാത്ത കൂതറ രാമന്മാര്‍ ( രാമിമാരെ കണ്ടില്ല പരിസരത്ത്) അതറിഞ്ഞു വന്നപ്പോള്‍ ഇട്ട കമന്റ് കുറെ ന്യൂ ജെനറേഷന്‍ ബീപ് സഹിതം മാത്രം വായിക്കാവുന്ന കമന്റുകള്‍ ആയിരുന്നു. വിവരക്കേട് മുതലെടുത്തു കളിയാക്കാന്‍ നടക്കുന്നോടീ എന്നാണു ഒരു മാന്യന്‍ എഴുതിയത്. 

എന്തായാലും കമന്റുകള്‍ വായിച്ച് റീമയും ആഷിക്കും തല കുത്തി മറിഞ്ഞ് ചിരിച്ചു കാണണം. പലരുടെയും മുഖത്തേക്ക്  തിരിച്ചു വച്ച കണ്ണാടി പിടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നാണ് റീമയുടെ വിഷയത്തിലെ പ്രതികരണം 

സെക്സ് ഓണ്‍ ബീച്ച് തയ്യാറാക്കുന്ന വിധം 

One of the most popular cocktails, a Sex on the Beach is a delicious fruity drink that almost anyone will like. It's a great tropical highball that is wonderful on hot summer nights or afternoons at the beach.
Beginning bartenders should place Sex on the Beach on their list of drinks to know.
Prep Time: minutesTotal Time: 3 minutes
Yield: 1 CocktailIngredients:
Preparation:
  1. Pour all the ingredients into a cocktail shaker with ice cubes.
  1. Shake well.
  1. Strain into a highball glass.
  1. Garnish with the orange slice and maraschino cherry.

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

പൊന്നും പുടവയും മേളപ്പെരുമയും; സമൂഹ വിവാഹപ്പുതുമയില്‍ ആദിവാസികള്‍


കദംബവും ചുവന്ന റോസാപ്പൂക്കളും കൊരുത്ത വരണമാല്യം ചാര്‍ത്തുമ്പോള്‍ 14 വധുക്കളുടെയും മുഖത്ത് സന്തോഷം നിറഞ്ഞു. ആദിവാസി ഊരുകളിലെ തീര്‍ത്തും ലളിതമായ വിവാഹവേദിക്ക് പകരം പൂക്കളും പക്കമേളവും ആര്‍ഭാടം തീര്‍ത്ത കൊച്ചി കടവന്ത്രയിലെ വിനായക കല്യാണമണ്ഡപത്തില്‍ വെള്ളിവെളിച്ചം വിതറുന്ന വേദിയിലായിരുന്നു ആദിവാസി യുവതികള്‍ നിന്നത്. പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ചേര്‍ത്തുനിര്‍ത്താന്‍ തയാറായ 14 വരന്മാരും ഏറെ സന്തോഷത്തിലായിരുന്നു. തനത് കേരള ശൈലിയിലുള്ള കസവുസാരിയും മുല്ലപ്പൂവും അണിഞ്ഞാണ് വധുക്കള്‍ വേദിയിലത്തെിയത്. കോടിമുണ്ടും കസവ് ഷര്‍ട്ടുമായിരുന്നു വരന്മാരുടെ വേഷം. പൂയംകുട്ടി തലവച്ചപ്പാറയിലെ വനിതകള്‍ ചൊല്ലിയ ഊരുകളിലെ ആചാരപ്രകാരമുള്ള പ്രാര്‍ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു.
കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ദമ്പതികളെ ആശീര്‍വദിച്ചു.സുഖത്തിലും ദു$ഖത്തിലും പങ്കാളിയാകുമെന്ന വാഗ്ദാനത്തോടെ ഇവരെ പുതുജീവിതത്തിലേക്ക് പടികയറ്റിവിട്ടത് ലയണ്‍സ് ക്ളബ് ഓഫ് മെട്രോ സിറ്റിയാണ്. ‘ഹൃദയസംഗമം 2014’ എന്ന പേരില്‍ സംഘടിപ്പിച്ച ആദിവാസി സമൂഹവിവാഹത്തില്‍ ഓരോ വധുവിനും ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും മന്ത്രകോടിയും സമ്മാനിച്ചു.ആദിവാസികള്‍ക്കിടയിലെ ശൈശവ വിവാഹം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സമൂഹവിവാഹത്തില്‍ എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലെ ആദിവാസി ഊരില്‍ നിന്നുള്ളവരാണ് വിവാഹിതരായത്. 

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

ഫേസ്‌ ബുക്ക്‌ ലൈക്കുകളുടെ രാഷ്ട്രീയം




 ''നമുക്കിനി കുറച്ചു നേരം ഫേസ്‌ ബുക്ക്‌ ലൈക്കുകളുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാം. ലൈക്ക്‌ എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് എന്താണ് ?  നിങ്ങള്‍ എന്തിനൊക്കെയാണ്  ലൈക്കുകള്‍ ഉപയോഗിക്കുന്നത് ? '' എന്നൊരു ചര്‍ച്ച വേദി ഫേസ്‌ ബുക്കില്‍ ഒരുക്കിയിരുന്നു. ( പോസ്റ്റ് കാണാം )

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പലരും പല അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കിയിരുന്നു.

വിനോദ് ജി പത്മനാഭന്‍  എഴുതിയ കമന്റ് ആണ് ഏറ്റവും മനോഹരമായി തോന്നിയത് . '' ഞാൻ ശ്രദ്ധിക്കേണ്ടതും, ശ്രദ്ധിച്ചതുമായ കാര്യങ്ങളെയാണ് ലൈക് ചെയ്യുന്നത്'' - എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

നമ്മുടെ ഒരു സുഹൃത്തിനു നമുക്ക് കൊടുക്കാന്‍ കഴിയുന്ന ചെലവില്ലാത്ത ഒരേയൊരു ഉപഹാരം എന്നായിരുന്നു  അസ്‌ലം മൂരാട്  അഭിപ്രായപ്പെട്ടത്.


ആശയങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നും സമ്മതത്തോടെ താങ്കളുടെ ആശയം പങ്കുവെക്കുന്നുവെന്നും പറയാന്‍ ലൈക്ക്‌ ഉപയോഗിക്കുന്നു എന്നാണു ഉണ്ണി കൃഷ്ണന്‍റെ  പക്ഷം .


ലൈക്കുകള്‍  ഏറ്റവും കൂടുതൽ മിസ് യുസ് ചെയുക യാണ് പലരുമെന്നാണ് മാവേലിക്കരയില്‍ നിന്നുള്ള ലിജു സാമിന്റെ കമന്റ്.  ഒരു പെണ്ണ് എന്തെഴുതിയാലും ലൈക് കൊടുക്കുന്നവർ ആണ് മഹാ ഭൂരിപക്ഷവും , എന്തെങ്കിലും എഗൈൻസ്റ്റ് പറയണം എന്നുണ്ടെങ്കിലും പറയില്ല ,പകരം ഒരു ലൈക് കൊടുക്കുമെന്നാണ് അദ്ദേഹം പറയുന്നത് . പക്ഷെ .താൻ അങ്ങനെയല്ല കേട്ടോ എന്ന മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട് അദ്ദേഹം.

ലിജുവിനെ പിന്തുണച്ചു ശ്രീജേഷ്‌ അറക്കലും  പറയുന്നത് മേല്‍പ്പറഞ്ഞ പോലെയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ - '' എന്തൊക്കെയായാലും പെണ്ണ് ഒരു സ്മൈലി ഇട്ടാലും ലൈക്കിനു  ഒരു പഞ്ഞം ഉണ്ടാകില്ല...അതിപ്പോ എന്ത് വിളിച്ച് കൂവിയാലും..''

''കൂട്ടുകാര്‍ക്ക് ലൈക്കുകള്‍ കൊടുത്തു  കൊണ്ടിരിക്കുക... പുതിയ എഴുത്തുകാര്‍ പിറക്കട്ടെ...''- എന്ന് സയീദ്‌ ഉമ്മര്‍ . പ്രത്യേകിച്ച് ഒരു കാശ് മുടക്കും ഇല്ലാത്ത സാധനം ആണ് ലൈക്ക്. അതുപോലും വെറുതെ തരാത്ത ആളുകളെ എന്തിനാ ഫ്രണ്ട് ആക്കി വച്ചേക്കുന്നത്..... എല്ലാത്തിനേം അണ്‍ ഫ്രണ്ട്‌  ചെയ്തു അക്കൌണ്ടും റിപ്പോര്ട്ട് ചെയ്തു വിട്- എന്ന് തമാശ പറയാനും അദ്ദേഹം മറക്കുന്നില്ല .

കൃഷ്ണ രാജ് മാഹി പറയുന്നു- '' പ്ലീസ് ലൈക് മൈ പോസ്റ്റ് എന്ന് മെസ്സേജ് അയക്കുന്നവർ അവർക്കും ലൈക് കൊടുക്കാറുണ്ട് സൗഹൃദങ്ങൾ ഒഴുകാൻ വേണ്ടി.

ഫേസ്ബുക്കിൽ സ്ക്രോളുമ്പോൾ സുഹൃത്തുകൾ അല്ലാത്തവരുടെ നല്ല പോസ്റ്റുകൾ കണ്ടാൽ ചിലപ്പോൾ ലൈക്കും. അടുത്ത സുഹൃത്തുകൾക്ക് ഒരു പരിധി വരെ വാരിക്കോരി കൊടുക്കും. പക്ഷെ ലൈക്ക് തായോ എന്നും പറഞ്ഞ് ചാറ്റ് ബോക്സിൽ വന്ന് ഇരക്കുന്നവരെ എനിക്കിഷ്ടമല്ല.- ജാഫര്‍ മുഹമ്മദ്‌ 


കൊടുത്തു വാങ്ങാനാണ് അസീം മുഹമ്മദിന് താല്‍പ്പര്യം
വായിക്കൂ -പ്രതീക്ഷ. നാളെ ഞാന്‍ ഇടുന്ന പോസ്റ്റിന് ഒരു ലൈക്ക് കിട്ടും എന്ന പ്രതീക്ഷ..അനുഭവം ഗുരു..ഇല്ലെങ്കില്‍ ചന്തയില്‍ വില്‍ക്കാന്‍ വെച്ച മീന്‍ പോലെ ഈച്ച അടിച്ച് ഇരിക്കേണ്ടിവരും..



ഒച്ചപ്പാടിനു ഈ വിഷയത്തില്‍ പറയാനുള്ളത് ഇതാണ്

1. നമുക്ക് ഇഷ്ടപെടുന്ന പോസ്റ്റുകള്‍, (പോസ്റ്റുകള്‍ മുഴുവനായോ ഭാഗികമായോ ) ഇഷ്ടപ്പെട്ടു എന്നറിയിക്കാന്‍

2.പിന്തുണ നല്‍കുന്നു എന്നറിയിക്കാന്‍

3. ഞാന്‍ ഇത് വായിച്ചു എന്നറിയിക്കാന്‍ ( കമന്റ് ഇടാതെ തന്നെ പോസ്റ്റിന്റെ ഉടമ മനസിലാക്കും  )

ഇനിയാണ് പ്രധാനം ---

4. ടാഗ് ചെയ്യാതെയും ഷെയര്‍ ചെയ്യാതെയും കമന്റ് ചെയ്യാതെയും ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഒരു ലൈക്‌ ചെയ്യലാണ്.  എന്റെ ടൈം ലൈനില്‍ വരാതെ തന്നെ എനിക്ക് അവയുടെ നോട്ടിഫിക്കേഷന്‍ ലഭിക്കും . അവിടെ വേറെ ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അതിന്റെ നോട്ടിഫിക്കേഷന്‍ വരും. വായന സുഗമം ആകും.

( നോട്ടിഫിക്കെഷനുകള്‍ സെറ്റിംഗ്സ് വഴി നിയന്ത്രിച്ച എന്നെ പോലുള്ളവര്‍ക്ക് ലൈക്ക്‌ ചെയ്യല്‍ തന്നെയാണ് താല്‍പ്പര്യമുള്ള വിഷയത്തിലെ സംവാദങ്ങളെ എളുപ്പം ആക്കുന്നത് )
വേറൊരു തരത്തില്‍ പറഞ്ഞാല്‍ - ജി പ്ലസ്സില്‍ കുത്തിട്ടും ട്രാക്ക്‌ എന്നെഴുതിയും ചര്‍ച്ചയില്‍ വായനക്കായി വരുന്നവരുടെ അതേ വഴി തന്നെ !


5. പത്രക്കാരി എന്ന നിലയില്‍ പ്രമുഖരും രാഷ്ട്രീയക്കാരും സിനിമ താരങ്ങളും എഴുതുന്ന സ്റ്റാറ്റസുകള്‍ ഉടനെ ലഭിക്കാന്‍ ( പേജുകളില്‍ നിന്നും ) - എന്നിട്ട് വേണം എനിക്ക് വാര്‍ത്ത തയ്യാറാക്കാന്‍ . അവരുടെ നിലപാടുകളോട് ആഭിമുഖ്യം ഉണ്ടായാലും ഇല്ലെങ്കിലും അപ്പ്‌ഡേറ്റ്സ് എളുപ്പത്തില്‍ കിട്ടാനുള്ള എളുപപ്‌ വഴിയാണ്  ലൈക്‌ ബട്ടന്‍ ക്ലിക്ക്‌ .

6. ആരെങ്കിലും എഴുതിയ പോസ്റ്റുകള്‍ എന്റെ ചങ്ങാതി പട്ടികയില്‍ ഉള്ളവര്‍ വായിക്കണമെന്ന് കരുതിയാല്‍   ഒരു ലൈക്‌ അടിച്ചാല്‍ മതി. ഞാന്‍ ഏതെന്കിലും ഒരു പോസ്റ്റില്‍ ലൈക്കടിച്ചാല്‍ എന്റെ  ചങ്ങാതിതിമാര്‍ക്കെല്ലാം ( നോട്ടിഫിക്കേഷന്‍ നിയന്ത്രിക്കാന്‍ സെറ്റിംഗ്സ് ചെയ്യാത്ത ചങ്ങാതിമാര്‍ക്ക്) നോട്ടിഫിക്കേഷന്‍ കിട്ടും. താല്പര്യം ഉള്ളവര്‍ക്ക് ആ ചര്‍ച്ചയില്‍ വന്നു പങ്കെടുക്കാന്‍ പറ്റും.

ഉദാഹരണം - ഒരാള്‍ക്ക്‌ അടിയന്തിരമായി ബ്ലഡ്‌ വേണം - ആ പോസ്റ്റില്‍ ഒരു ലൈക്ക്‌ അടിച്ചാല്‍ നമ്മുടെ ചങ്ങാതിമാര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. അപ്പോള്‍ പിന്നെ പ്രത്യേക മെസ്സേജ് ആയി ആരോടും ആവശ്യപ്പെടേണ്ടതില്ല.

 ചിലര്‍ പരിഹസിക്കുന്നത് കേട്ടിട്ടുണ്ട് - ചത്തെന്നും  മരിക്കാന്‍ കിടക്കുന്നെവെന്നു പറഞ്ഞു പോസ്റ്റ് ഇട്ടാലും ലൈക്ക്‌ അടിക്കുന്നവര്‍ ക്രൂരന്മാരും ദയ ഇല്ലാത്തവരും ആണെന്ന്.  അത്തരം  പരിഹാസം പറയുന്ന ചങ്ങാതിമാരോട് ഇത് വായിക്കാന്‍ പറയണം.

7. പെണ്ണുങ്ങള്‍ എന്ത് പറഞ്ഞാലും കുറെ ലൈക്ക്‌ കിട്ടും എന്ന് പരിഹസിക്കുന്നവര്‍ ഉണ്ട്. അത്തരക്കാര്‍ പെണ്ണുങ്ങളെ കുറച്ചു കാണാന്‍ എന്ത് വഴിയും തേടുന്നവരാണ്. നന്നായി പ്രതികരിക്കുകയും സാമോഹിക വിഷയങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന പെണ്ണുങ്ങള്മുണ്ട് എന്ന് സമ്മതിക്കാന്‍ അത്തരക്കാര്‍ക്ക് വലിയ പ്രയാസമാണ്. വലിയ ഗൌരവമായ പോസ്റ്റുകള്‍ ഇട്ടാലും  ഇതേ വളിച്ച കമന്റു പറയുന്നവര്‍ ഏറെയാണ്. അവര്‍ക്ക് മരുന്നില്ല. എന്തായാലും അവര്‍ അറിഞ്ഞോ അറിയാതെയോ പറയുന്ന ഒന്നുണ്ട്- ഈ ലൈക്ക്‌ അടിക്കുന്ന ആണുങ്ങള്‍ കോന്തന്മാര്‍ ആണെന്ന്. അത് സ്വന്തം സത്വത്തില്‍  അപമാനം തോന്നുന്നവര മാത്രമാണ്. അവരെ മൈന്‍ഡ്‌ ചെയ്യേണ്ടതില്ല.






2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

കോമള്‍ - കുട്ടികള്‍ക്ക് വേണ്ടി


ആണ്‍ കുഞ്ഞുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും ലൈംഗികമായി ദുരുപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കുഞ്ഞുങ്ങളെ സ്കൂളില്‍ വിടാന്‍ പോലും മാതാപിതാക്കള്‍ പേടിക്കുന്നു. ഒന്നുമറിയാത്ത പ്രായത്തില്‍ ഏതു തരം തൊടല്‍ ആണ് നല്ലത് അല്ലങ്കില്‍ ചീത്ത എന്ന് വേര്‍തിരിച്ചറിയാന്‍ കുഞ്ഞുങ്ങള്‍ക്ക്‌ സാധിക്കാറില്ല. അരുത് എന്ന് പറയേണ്ട അവസ്ഥ ഏതാണ് എന്ന് ശരിയായ വിധത്തില്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ മാതാ പിതാക്കള്‍ക്കും പലപ്പോഴും കഴിയാറില്ല. ദുരുപയോഗിക്കുന്ന അവസ്ഥ കണ്ടാല്‍ ഏറ്റവും വിശ്വസ്തരായവരെ അറിയിക്കാന്‍ കുട്ടികള്‍ക്കും സാധിക്കാറില്ല. ഈ വിഷയത്തില്‍ കോമള്‍ എന്ന പെണ്‍കുട്ടിയുടെ കഥ അനിമേഷന്‍ ചിത്രമാക്കി സമര്‍പ്പിക്കുകയാണ് ചൈല്‍ഡ്‌ ലൈന്‍. ഈ അനിമേഷന്‍ വീഡിയോ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ഒരേ പോലെ ഉപയോഗ പ്രദമാണ്








മലയാളത്തിലുള്ള വീഡിയോ കാണാം 

 

അപ്പച്ചനും ഞാനും

ഇക്കഴിഞ്ഞ റിപ്പബ്ലിക്‌ ദിനത്തില്‍ പ്രസ്സ്‌ ക്ലബ്‌ ദിനാഘോഷത്തില്‍ വനിതാ പത്ര പ്രവര്‍ത്തക സുഹൃത്തുക്കളുടെ കൂടെ നാടകം  അവതരിപ്പിച്ചത് ഞാന്‍ പങ്കു വച്ചിരുന്നല്ലോ !
അന്നുണ്ടായ അതി ഭീകരമായ സന്തോഷത്തിന്റെ മറ്റൊരു വിശേഷമാണ് ഇനി പറയാന്‍ പോകുന്നത്. വായിച്ചു കഴിയുമ്പോള്‍ 'ഇതാണോ ഇത്ര വലിയ കാര്യം' എന്ന് ചോദിയ്ക്കാന്‍ പലരും ക്യൂ നിന്നേക്കാം. പക്ഷെ , എനിക്കത് വലിയ കാര്യം തന്നെയായിരുന്നു .

രണ്ടു തരത്തിലാണ് ആ അനുഭവം എന്നെ സ്വാധീനിച്ചത് . ഇതിനിടെ ഇപ്പോള്‍ ഈ നാടകവുമായി ബന്ധമില്ല എന്ന് തോന്നുന്ന ഒരു കാര്യം കൂടി ഇടയ്ക്കു പറയട്ടെ  - ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളും വാര്‍ത്തയെഴുത്തില്‍ കയറി വന്ന ചില ദുരന്ത കഥാപാത്രങ്ങളും ഒക്കെ കൂടി എന്റെ മനസ്സമാധാനം കളയുകയും ജീവിതത്തോടുള്ള പ്രതിപത്തി ഇല്ലാതാകുകയും ചെയ്തപ്പോള്‍ ഞാന്‍ ആളുകളുമായി മിണ്ടുന്നത് നിറുത്തുകയും അതിന്റെ ഭാഗമായി ഫേസ്‌ ബുക്ക്‌ ഡീ ആക്ടിവേറ്റ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. നാടക കളരി നടക്കുന്ന ഒരാഴ്ച ഞാന്‍ ഫേസ്‌ ബുക്കില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു.

----ഇനി വീണ്ടും നാടകത്തിലേക്ക് തിരികെ വരാം

കഥ ഇങ്ങനെ ....
സംവിധായിക ആശ ചേച്ചി നാടക കളരിക്കിടെ പറയുമായിരുന്നു- മേക്‌ അപ്പ്‌ ചെയ്തു കഴിയുമ്പോഴേ നിങ്ങള്ക്ക് സ്വയം തോന്നും- നിങ്ങള്‍ ആ കഥാപാത്രം ആണെന്ന്. മേക്ക്‌ അപ്പിന് അങ്ങനെ ഒരു കഴിവുണ്ട്. സത്യമായിരുന്നു മകന്‍ മരിച്ച അമ്മ, പുഴയില്‍ ചാടാന്‍ ഒരുങ്ങി നില്‍ക്കുന്ന പെണ്‍കുട്ടി, വൃദ്ധന്‍, പുഴയുടമ ആയി വരുന്ന സമ്പന്നന്‍ എന്നീ റോളുകള്‍ അഭിനയിക്കാന്‍ നിന്നിരുന്ന ചങ്ങാതിമാരില്‍  ആ കഥാപാത്രങ്ങള്‍ അല്ലാതെ വേറെ ആരെയും കാണാന്‍ പറ്റിയില്ല.

പട്ടണം റുഷിദയും( പട്ടണം റഷീദിന്റെ സഹോദരി)  സംഘവുമാണ് മേക്ക്‌ അപ്പ് ചെയ്യുന്നത്. ട്രാക്ക്‌ സ്യൂട്ട് ആണ് കാലന്‍ എന്ന എന്റെ കഥാപാത്രത്തിന്റെ വേഷം. ആ വേഷം ധരിച്ചപ്പോഴും ജിഷയെന്ന എനിക്ക് ജിഷയായി തന്നെയാണ് തോന്നിയത്. മാറ്റമൊന്നും തോന്നിയില്ല.

പക്ഷെ, മേക്ക്‌ അപ്പ് ചെയ്യാന്‍ കസേരയില്‍ ഇരുന്നു കൊടുത്തു പത്തു മിനിറ്റ് കഴിഞ്ഞു എഴുന്നേറ്റ ഞാന്‍ കണ്ണാടിയില്‍ നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി.

ആറേഴു കൊല്ലം മുന്‍പ് മരിച്ചു പോയ എന്റെ അപ്പച്ചന്‍ അതാ അപ്പുറത്ത് നില്‍ക്കുന്നു. എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു. കണ്ണ് നിറഞ്ഞു . മനസ്സ് നിറഞ്ഞു.  ഞാന്‍ ചിരിച്ചു. അപ്പച്ചന്‍ കണ്ണാടിക്കു അപ്പുറത്ത് നിന്നും എന്നെ നോക്കി ചിരിച്ചു. ഞാന്‍ കയ്യടിച്ചപ്പോള്‍ അപ്പച്ചനും കയ്യടിച്ചു. ഞാന്‍ ഷര്‍ട്ട്‌ നേരെ ആക്കിയപ്പോള്‍ അപ്പച്ചനും ഷര്‍ട്ട്‌ നേരെയാക്കി.

ഞാന്‍ ശരിക്കും അപ്പച്ചനെ പോലെ തന്നെയുണ്ട് എന്ന് പലരോടും പല തവണ ഞാന്‍ വിളിച്ചു പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

സാധാരണ എന്‍റെ ഫോട്ടോയില്‍ നോക്കിയാല്‍ 'അമ്മയെ പോലെ ഉണ്ട്' എന്നാണു എല്ലാവരും പറയുക. പക്ഷെ, ഈ വേഷത്തില്‍ ഒരു ഫോട്ടോ എടുത്തു നോക്കിയപ്പോള്‍ എനിക്ക് സന്തോഷം കോടന് ചാടിതുള്ളാന്‍ തോന്നി- അപ്പച്ചനെ പോലെ തന്നെ ഇരിക്കുന്നു.

അങ്ങനെ ഒരു കാഴ്ച കൊണ്ട്  മനസ്സില്‍ വന്ന രണ്ടു കാര്യങ്ങള്‍ ഇങ്ങനെയാണ്. ' ജിഷേ , ഞാന്‍ നിന്റെ ഒപ്പമുണ്ട്, ഞാന്‍ തന്നെയാണ് നീ   ' എന്ന് അപ്പച്ചന്‍ പറഞ്ഞത് പോലെ തോന്നി.  അതിനാല്‍ എന്ത് വിഷമത്തിലും അപ്പച്ചന്‍ ഒപ്പമുണ്ട് എന്ന തോന്നല്‍ കൂടെ വന്നു ചേര്‍ന്നു. അത് കൊണ്ട് തന്നെ ഫേസ്‌ബുക്ക്‌ ഡീ ആക്ടിവേറ്റ് ചെയ്യാനും ആളുകളോട് മിണ്ടാതെ നടക്കാനും എനിക്ക് തോന്നിയ എല്ലാ കാരണങ്ങളെയും ഞാന്‍ അതിജീവിച്ചു എന്ന് തോന്നി. വീണ്ടും പിറ്റേന്ന് ആള്‍ക്കൂട്ടത്തില്‍ തിരിച്ചെത്തി .

രണ്ടാമത്തെ കാര്യം
ആ സന്തോഷം മൂത്ത് അന്ന് ഗാനമേളയില്‍ പാട്ടുകാര്‍ നില്‍ക്കുന്ന വേദിയില്‍ കയറി കൂളിംഗ് ഗ്ലാസ്സും വച്ച് ഞാന്‍ തിമിര്‍ത്തു ഡാന്‍സ്‌ കളിച്ചു. ജിഷ ആണ് എന്ന് അപ്പോള്‍ എന്‍റെ മനസില്‍ ഉണ്ടായിരുന്നില്ല. ( ജിഷ വെള്ളമടിച്ചോ എന്ന് പലരും പലയിടത്തും പറയുന്നുണ്ടായിരുന്നു) എന്‍റെ കൂടെ സ്മിതി- സുജ ജേര്‍ണലിസ്റ്റ് ദമ്പതികളുടെ ഇളയ മകന്‍ രണ്ടു വയസ്സുകാരനും തിമിര്‍ത്തു ഡാന്‍സ്‌ ചെയ്തു. പൊതു വേദികളില്‍ പരസ്യമായി സ്വയം മറന്നു ഞാന്‍  ഡാന്‍സ്‌ കളിക്കുന്നത് 'അയ്യേ മോശം 'എന്ന് സ്വയം കരുതുന്ന എനിക്ക് ( പണ്ട് ചെറിയ കാലത്ത് ഗ്രൂപ്‌ഡാന്സോക്കെ ചെയ്തിട്ടുണ്ട്- അത് പക്ഷെ വളരെ കോണ്‍ഷ്യസ് -സ്വയം മറക്കാതെ  ആണ്) ഈ അനുഭവം കൊണ്ട് ഉണ്ടായ എനര്‍ജി വളരെ വലുതാണ്‌.

നന്ദി ആശ ചേച്ചി - പട്ടണം റുഷിദ- എന്‍റെ പ്രിയ നാടക കൂട്ടുകാര്‍

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

ജനകീയ തെളിവെടുപ്പ്- നിങ്ങള്‍ തയ്യാറാണോ ?

 അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ സംബന്ധിച്ച് എറണാകുളം ആസ്ഥാനമായി അന്വേഷണ കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. തെളിവെടുപ്പ്  സംബന്ധിച്ച് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ കമ്മീഷന്‍  വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് ചന്ദ്രശേഖരദാസാണ് അന്വേഷണ കമ്മീഷന്‍. 2013 നവംബര്‍ ഒന്നുമുതല്‍ കമ്മീഷന്‍ നിലവില്‍ വന്നതായി 2013 ഒക്ടോബര്‍ 10നിറങ്ങിയ 14472/D3/13/Trans എന്ന  സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.


വിജ്ഞാപനം പരസ്യപ്പെടുത്തിയ തീയതി മുതല്‍ മൂന്നാഴ്ച വരെയാണ് കമ്മീഷന്‍ വിശദാംശങ്ങള്‍ അടങ്ങിയ പത്രിക സ്വീകരിക്കുന്നത്. അതുപ്രകാരം ഈ മാസം 26 വരെ ജനകീയ തെളിവെടുപ്പ് നടക്കും. പിന്നീട് എറണാകുളത്തും കമ്മീഷന്‍ നിശ്ചയിക്കുന്ന മറ്റിടങ്ങളിലും സിറ്റിങ്ങുകളും നടക്കും. തുടര്‍ന്ന് വാഹനാപകടങ്ങളുടെ സാഹചര്യങ്ങളും വസ്തുതകളും അവ ഒഴിവാക്കാനുള്ള പരിഹാര മാര്‍ഗങ്ങളും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ സെക്രട്ടറി പി.സി. ഷെല്ലി ‘മാധ്യമ’ത്തോട് പറഞ്ഞു.

കക്ഷികള്‍ക്ക് നേരിട്ടോ അല്ളെങ്കില്‍ അധികാരപ്പെടുത്തിയ അഭിഭാഷകനോ ഏജന്‍േറാ മുഖേനെയോ കമ്മീഷന്‍ മുമ്പാകെ ഹാജരാകാം. അന്വേഷണ വിധേയമായ കാര്യങ്ങളില്‍ അറിവും താല്‍പര്യവും ഉള്ളവര്‍ക്കും അതുസംബന്ധിച്ച് ഫലപ്രദമായ തെളിവ് നല്‍കാന്‍ കഴിവുള്ളവര്‍ക്കും തപാലിലോ commissionmotoraccidents@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ വിശദാംശങ്ങള്‍ അയക്കാം.

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30നും വൈകുന്നേരം നാലിനും ഇടയില്‍ എന്‍ക്വയറി കമ്മീഷന്‍ ഓഫിസ്, നന്ദനം, ജവഹര്‍ നഗര്‍, കടവന്ത്ര പി.ഒ, കൊച്ചി-682020 എന്ന വിലാസത്തില്‍  കമ്മീഷന്‍ സെക്രട്ടറി മുമ്പാകെ നേരിട്ടും സമര്‍പ്പിക്കാം. ഫോണ്‍: 0484 2206168


കമ്മീഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതിക്ക് മുമ്പ് ഒരു വര്‍ഷക്കാലത്തിനിടയില്‍ നടന്ന ഏതെങ്കിലും വാഹനാപകടവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവര്‍ക്കും വിവരങ്ങള്‍ നല്‍കും. അപകടം നടന്ന തീയതി, അതുമൂലം സംഭവിച്ച മരണങ്ങള്‍, നാശനഷ്ടങ്ങള്‍, അപകടം നടന്ന രീതി, അപകടകാരണങ്ങള്‍ എന്നിവയും നല്‍കാം.

വ്യക്തികള്‍, വ്യക്തിസമൂഹങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങി അന്വേഷണ നടപടികളില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും സമയപരിധിക്കുള്ളില്‍ കമ്മീഷനെ സമീപിക്കാം. നേരത്തേ പെരിന്തല്‍മണ്ണ തേലക്കാട് ബസ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ബസപകടങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭ നിയോഗിച്ചിരുന്നത് ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മിഷനെയാണ്.


2014, ഫെബ്രുവരി 5, ബുധനാഴ്‌ച

ഇ-മെയില്‍ ദുരുപയോഗം



ഇ-മെയില്‍ ചീറ്റിംഗ് എന്ന പദം എല്ലാവര്ക്കും സുപരിചിതമാണ്. കഴിഞ്ഞ മാസം ഒരു സംഭവം ഉണ്ടായി . തിരക്കുകള്‍ കഴിഞ്ഞ് ഇപ്പോഴാണ് പറയാന്‍ സമയവും സന്ദര്‍ഭവും ഒത്തു വന്നത്.

സംഭവം ഇങ്ങനെ :

എനിക്കൊരു മെയില്‍ വരുന്നു. മെസ്സേജ് ബോക്സില്‍ ഒന്നുമില്ല. പകരം സബ്ജെക്റ്റ് ബോക്സില്‍ നല്ല ഒന്നാംതരം പച്ചത്തെറി നല്ല ഇംഗ്ലീഷില്‍...

സാധാരണ ഫേസ്ബുക്കില്‍ ഞരമ്പ്‌ രോഗികളും മനോ രോഗികളുമായവര്‍ പല തരം ആഭാസം കാണിക്കുന്ന മെസ്സേജുകള്‍ അയച്ച്  'സ്വയം തരം താഴ്ന്നവര്‍' എന്ന് തെളിയിക്കാറുണ്ടെങ്കിലും ജി മെയിലില്‍ ഇന്‍ബോക്സില്‍ അത്തരം വ്യക്തിഗത ആഭാസത്തരങ്ങള്‍ വന്നിട്ടില്ലെന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ ഇങ്ങനൊരു മെയില്‍ വന്നപ്പോള്‍ ഞാന്‍ അന്ധാളിച്ചു പോയി. മിക്സ് ഓഫ് മംഗ്ലീഷ് - മലയാളം തെറി ആയത് കൊണ്ട് എന്റെ ജി മെയില്‍ അക്കൌണ്ടിന്റെ ഫില്‍ട്ടര്‍ സംവിധാനത്തിന് അത് അസഭ്യം ആണെന്ന് മനസിലാകാതെ പോയതാകും , ഒരു പക്ഷെ ആ മെസ്സേജ് എനിക്ക് വായിക്കാന്‍ ഇടയാക്കിയത്.

എന്തായാലും ഞാന്‍ ഉടനെ ആ മെയില്‍ ഐഡി കോപി പേസ്റ്റ് ചെയ്ത് ഫേസ്‌ ബുക്കില്‍ തപ്പി. ഉടനെ വന്നു പ്രൊഫൈല്‍. എനിക്ക് പരിചയം ഉള്ളതായി തോന്നിയില്ല. എന്ന്റെ ചങ്ങാതി പട്ടികയിലും  ഫോളോവാര്‍ ലിസ്റ്റിലും ഇല്ല. ഉടനെ സ്വാഭാവികമായി ദേഷ്യം വന്നു. അവനു പണി കൊടുത്തിട്ടേ കാര്യമുള്ളൂ എന്ന് മനസ്സില്‍ ചിന്തിച്ചു. ഉടനെ തോന്നി,  ഗൂഗിള്‍ വഴിയല്ലേ വന്നത്, എങ്കില്‍ ജി പ്ലസില്‍ ഒന്ന് തപ്പിക്കളയാം എന്ന്.

ഉടനെ ഒരു തപ്പല്‍, രണ്ടു സെക്കന്‍ഡ്‌ കൊണ്ട് പ്രൊഫൈല്‍ മുന്നിലെത്തി.

പ്രൊഫൈലില്‍ ആ പയ്യന്‍സിന്റെ വിവരങ്ങള്‍ വായിച്ചപ്പോഴാണ് ഞാന്‍ ശരിക്കും അന്ധാളിച്ചത്. ആ കുട്ടിയെ എനിക്കറിയാം. ഒരു സ്കൂള്‍ കലോല്‍സവ റിപ്പോര്‍ട്ടിങ്ങില്‍ ഞാന്‍ ചെയ്ത സ്പെഷല്‍ റിപ്പോര്‍ട്ടിലെ കഥാ നായകനാണ്. തിരുവനന്തപുരം സ്വദേശി.  തീരെ ഗതിയില്ലാത്ത മാതാപിതാക്കളുടെ ആ മകന്റെ കഴിവ് കണ്ട് ശിഷ്യനായി ഏറ്റെടുത്ത് കലാ രൂപത്തില്‍  ശിക്ഷണം കൊടുത്തു വളര്‍ത്തി, ഒടുവില്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ആ മകന്റെ മുഖം അപ്പോഴാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്. ഏതാനും മണിക്കൂറുകള്‍ മാത്രമാന്  പരിചയം ഉണ്ടായിരുന്നതെങ്കിലും  ആ കുട്ടിയേയും വീട്ടുകാരെയും  കുറിച്ച് അഭിമാനവും സന്തോഷവും തോന്നുന്ന വിധത്തിലായിരുന്നു അവരുടെ പെരുമാറ്റം.

അത് കൊണ്ട് തന്നെ ഈ മെയില്‍ അയച്ചത് ആ കുട്ടി ആകാനിടയില്ല എന്ന് മനസില്‍ തോന്നി. ഉടനെ , പഴയ ഡയറികള്‍ തപ്പി ആ കുട്ടിയുടെ പിതാവിനെയും, പിന്നീട് ആ കുട്ടിയേയും ഫോണില്‍ വിളിച്ചു.
പരിചയം പുതുക്കലിന് ശേഷം വിഷയം അവതരിച്ചപ്പോള്‍ അവന്‍ ഞെട്ടി പോയി. സംസാരത്തില്‍ നിന്നും അവനല്ല ആ അസഭ്യ മെയില്‍ അയച്ചതെന്ന്  എനിക്ക് ഉറപ്പായി.



പക്ഷെ, അവന്‍ വലിയ  കെണിയിലാണ് ചെന്ന് പെട്ടിരിക്കുന്നതെന്നും തോന്നി. കാരണം അവന്‍ അറിയാതെ അവന്‍റെ ജിമെയിലില്‍ നിന്നും പലര്‍ക്കും ഇത്തരത്തില്‍ അസഭ്യ മെയിലുകള്‍ പോയിട്ടുണ്ടാകും. അത് കിട്ടിയവര്‍ ചിലപ്പോള്‍ ഡിലീറ്റ് ചെയ്തേക്കും. പക്ഷെ, ചിലര്‍ പോലീസിനെ സമീപിക്കാന്‍ സാധ്യതയുണ്ട്. പതിനെട്ടു വയസു കഴിഞ്ഞതിനാല്‍ ഈ കുട്ടിയെ പോലീസ്‌ അറസ്റ്റ് ചെയ്യാനും പ്രതി എന്ന നിലയില്‍ പത്രങ്ങളില്‍ പേര് വരാനും സാധ്യതയുണ്ട്. കൂലി വേലക്കാരായ മാതാപിതാക്കളും പണം വാങ്ങാതെ അറിവ് പകര്‍ന്നു നല്‍കിയ ഗുരുവും സമൂഹത്തില്‍  ഇളി ഭ്യരാകും. എന്നാല്‍ കുറ്റം ചെയ്ത ആള്‍ രക്ഷപ്പെടുകയും ചെയ്യും. . അയാള്‍ ആരുമാകട്ടെ, നാളെയും ഈ പരിപാടി തുടരും. അതില്‍ ആ മെയില്‍ അക്കൌണ്ട് ഉടമകള്‍ പിടിക്കപ്പെടുകയോ അപഹാസ്യരാവുകയോ ചെയ്യും. ബന്ധങ്ങള്‍ കൂട്ടിചെര്‍ക്കനാകാത്ത വിധം മുറിഞ്ഞു പോകുകയും ചെയ്യും.

ഒടുക്കം, അവന്‍ ചെന്നിരുന്ന ഇന്റെര്‍നെറ്റ് കഫേയുടെ ഉടമയെ വിളിച്ചു. കാര്യം പറഞ്ഞു. അയാള്‍ ഉടനെ സി.സി ടിവി പരിശോധിച്ചു. കാബിനില്‍ നിന്നും ഓരോരുത്തരും ഇറങ്ങി പോയ സമയം പരിശോധിച്ചു. സത്യത്തില്‍ സൈന്‍ ഔട്ട്‌ ചെയ്യാന്‍ മറന്നു പോയ മെയില്‍ അക്കൌണ്ട് ഇന്റര്‍ നെറ്റ കഫേയില്‍ വന്ന  വേറെ ഒരാള്‍ ദുരുപയോഗം ചെയ്തതാണ്.  അത് ചെയ്ത ആളെയും കണ്ടെത്തി. ആ കഫേയുടെ പരിസരവാസിയായ ഒരു വിദ്യാര്‍ഥി. ഇരയായവനും പ്രതിയായവനും ഒരേ പ്രായക്കാര്‍.

ഒപ്പം ഈ മെയില്‍ അക്കൌണ്ടില്‍ ആകെ ഉണ്ടായിരുന്നത് രണ്ടു സ്ത്രീകളുടെ മെയില്‍ വിലാസങ്ങളായിരുന്നു. പല സമയങ്ങളില്‍ ആ കുട്ടിയെ കുറിച്ചും അവന്‍റെ ഗുരുവിനെയും സ്ഥാപനത്തെയും കുറിച്ച് വാര്‍ത്ത തയ്യാറാക്കാന്‍ വിവരങ്ങള്‍ അയച്ചു കൊടുത്ത രണ്ടു വനിതാ പത്രപ്രവര്‍ത്തകര്‍. ആ പത്രക്കാരിയെ നേരിട്ട് എനിക്ക് പരിചയമില്ല. അതിനാല്‍ അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് ധാരണയുമില്ല. അവരെങ്ങാനും പോലീസില്‍ പരാതി കൊടുത്താല്‍ ഈ പാവം കുട്ടി കുടുങ്ങും എന്ന് എനിക്ക് തോന്നി. ഒപ്പം പോലീസ്‌ അന്വേഷണം വന്നാല്‍ ശരിക്കും മെയില്‍ അയച്ച കുട്ടിയും കുടുങ്ങും. രണ്ടു വീട്ടുകാരും നാറും.

ഞാന്‍  ഉടനെ മെയില്‍ ദുരുപയോഗം ചെയ്ത കുട്ടിയുടെ പേര് ചോദിച്ചു. ഫേസ്‌ ബുക്കില്‍ സേര്‍ച്ച്‌ ചെയ്തു. അവന്‍റെ സഹോദരന്റെ പ്രൊഫൈല്‍ കണ്ടു. അതില്‍ മെസ്സേജ് അയച്ചു കാര്യം പറഞ്ഞു. ആദ്യം സഹോദരന്‍ വെറും ചാറ്റ് എന്ന് കരുതിയെങ്കിലും വിഷയം അവതരിപ്പിച്ചപ്പോള്‍ അയാള്‍ക്ക്‌ സംഗതിഉടെ ഗൌരവം മനസിലായി. പോലീസില്‍ കേസ് നല്‍കരുതെന്നും അനിയന്‍ കുട്ടിയാണെന്നും അവന്‍റെ ഭാവി പോകുമെന്നും അവന്‍ അങ്ങനെ ചെയ്തിട്ടുണ്ടാകില്ലെന്നുമൊക്കെ എന്നോട് പറഞ്ഞു.

അനിയന്‍ കുട്ടിയുടെ അതെ പോലെ തന്നയല്ലേ നിരപരാധിയായ മറ്റേ കുട്ടി എന്ന് ഞാന്‍ ചോദിച്ചു. അനിയനോട് സംസാരിക്കാമെന്നും വിഷയം പറയാമെന്നും പറഞ്ഞാണ് ആ സഹോദരന്‍ സംഭാഷണം അവസാനിപ്പിച്ചത്. പിന്നീട്  അതെ കുറിച്ച് ആ സഹോദരന്‍ എന്നോട് ഒന്നും പറഞ്ഞില്ലെങ്കിലും, വിഷയം നല്ല രീതിയില്‍ തീര്‍ന്നു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഗുണപാഠം : സൈന്‍ ഔട്ട്‌ ചെയ്താലും ഹാക്ക്‌ ചെയ്യപ്പെടാം. എന്ന് കരുതി സൈന്‍ ഔട്ട്‌ ചെയ്യാതെ പൊതു കമ്പ്യൂട്ടറില്‍ നിന്നും ഇറങ്ങി പോകരുത്. 

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...