About Blogഒച്ചയില്ലാത്തവര്‍ ഒച്ച വെച്ചാല്‍ ‘മാററം’ സംഭവിക്കുമോ?ലോകത്തെവിടെയും വിപ്ലവം ആരംഭിക്കുന്നത് തെരുവില്‍ നിന്നല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെട്ടവന്‍റെ
ചിന്തയില്‍ നിന്നാണ്. എല്ലാ വിപ്ലവങ്ങളും ചിന്തയില്‍ നിന്ന് പൊട്ടിത്തെറിക്കുന്നത് ശബ്ദമായാണ്.


ആദ്യം ഒരു തൊണ്ടയില്‍ നിന്നുള്ള ഉറച്ച ഒരൊച്ച , പിന്നെ സംവാദം, വലിയ ഒച്ചപ്പാട് . പിന്നാലെ കടലിരമ്പം പോലെ തൊണ്ടക്കുഴി പൊട്ടുമാറ് അനേകം മുദ്രാവാക്യങ്ങള്‍ ! ആ ഇരമ്പത്തില്‍ അസ്വാതന്ത്ര്യത്തിന്‍റെ ചങ്ങലക്കെട്ടുകള്‍ക്ക് പൊട്ടിത്തകരാതെ വയ്യ!


ചുരുക്കത്തില്‍, മാററത്തിന് ‘മാററം’ സംഭവിക്കാനൊരു ഒച്ച വേണം! ഒച്ച-അതൊരു വാക്ക് ആകാം . അല്ലെങ്കിലൊരു പാട്ട്. അതുമല്ലെങ്കിലൊരു വാര്‍ത്ത !  

എങ്കില്‍.....  വാക്കും പാട്ടും വാര്‍ത്തയും ആയുധമാക്കാന്‍ കഴിയുക ആര്‍ക്കൊക്കെ?

ഇന്‍റര്‍നെററിന്‍റെ കാലത്ത് ഇന്നിപ്പോള്‍ ആര്‍ക്കും വാക്കിന്‍റെ ആയുധമേന്താന്‍ സാഹചര്യങ്ങളുണ്ട്. എന്നാല്‍ വാക്കുകളൊക്കെ ഇന്നിന്‍റെ ലോകത്ത് വെറുംവാക്കുകളാണ്, പാഴ്വാക്കുകള്‍! പാട്ടാകട്ടെ പട്ടുപോയി .പാട്ടിലൂടെ സ്വാതന്ത്ര്യമെന്ന ആശയുടെ ആകാശം തൊട്ട നമ്മുടെ എല്ലാ പൂര്‍വ്വികരും വിപ്ലവം കൊയ്തു. എല്ലാത്തരം നാടന്‍പാട്ടുകളും ജന്മിയെ തോല്‍പ്പിക്കാന്‍ കീഴാള മനസില്‍ കരുത്തിന്‍റെ വിത്ത് പാകി. ലോകത്തിലെ പലയിടത്തും പല പ്രസ്ഥാനങ്ങളും വിപ്ലവഗാനങ്ങളിലൂടെ ജനമുന്നേറ്റം നടത്തി. അപൂര്‍വ്വം ചില ഇടങ്ങളൊഴിച്ചാല്‍ പാട്ടെന്നാല്‍ , ഇക്കാലത്ത് പഞ്ചാര ചാലിച്ച പൈങ്കിളി പാട്ടുകള്‍ മാത്രമായി!


ശബ്ദം കൊണ്ടും കാഴ്ച്ച കൊണ്ടും ലിപിയെഴുത്ത് കൊണ്ടും വാക്കുകള്‍ വാളുകളാക്കി മാററി മാറ്റമുണ്ടാക്കിയവരുടെ പുതുതലമുറ പുതുലോകത്തില്‍ സാമൂഹിക പ്രതിബദ്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത 
കോര്‍പറേററ് ഭീമന്‍മാരുടെ കൂലികള്‍ മാത്രമാകാന്‍ വിധിക്കപ്പെട്ടു. വാക്കും പാട്ടും വാര്‍ത്തയും പകരുന്ന ഒച്ചയില്‍ തരാതരത്തിന് നിറവും പക്ഷവും മസാലകളും ചേര്‍ന്നു! ഒടുവില്‍ അവക്കെല്ലാം അസ്ഥിത്വവും നഷ്ടപ്പെട്ടു !


ഇനിയൊരു മാററം സംഭവിക്കുന്നെങ്കില്‍ അതു ഇന്‍റര്‍നെററും സോഷ്യല്‍ നെററ് വര്‍ക്കിംഗ് സൈററുകളും മാത്രം വഴിയെന്ന് പറയുന്നു ഒരു കൂട്ടര്‍. സത്യമാണ്, സത്യമായിരിക്കാം... കാരണം വാക്കും വാര്‍ത്തയും പാട്ടും വില്‍ക്കാന്‍ പരമ്പരാഗത മാര്‍ഗങ്ങളൊന്നും പോരാതെ വന്നിരിക്കുന്നു. അഥവാ ആളുകള്‍ കൂട്ടത്തോടെ ചേക്കേറുന്ന ഇന്‍റര്‍നെററിന്‍റെ വലക്കണ്ണികളില്‍ പരസ്യവരുമാനം കൂട്ടാന്‍ മാത്രമായി ‘ഒച്ചച്ചിലന്തി’കളെ പാര്‍പ്പിച്ചിരിക്കുന്നു.

വഴിതെറ്റുന്ന ഭരണ-നിയമവ്യവസ്ഥകളെയും തിരുത്തല്‍ശക്തി എന്ന കുപ്പായം യാതൊരു ഉളുപ്പുമില്ലാതെ വലിച്ചെറിഞ്ഞ മാധ്യമങ്ങളെയും വരെ തിരുത്താന്‍ ശാഠ്യം പിടിച്ച് ഇറങ്ങിപ്പുറപ്പെട്ട ഇന്‍റര്‍നെററ് അഞ്ചാംതൂണുകളും ലക്ഷ്യം വക്കുന്നതും മേല്‍പ്പറഞ്ഞ പരസ്യവരുമാനമല്ലാതെ മറെറാന്നുമല്ല!

അപ്പോഴും പണവും അതുവഴി അധികാരവും കുത്തകയാക്കിയവന്‍റെ കയ്യില്‍ തന്നെയാണ് മൂക്കുകയര്‍!
 
പണമുളളവന്‍ നിരങ്ങുന്ന കംപ്യൂട്ടര്‍ തിണ്ണകളില്‍ കച്ചവടം നടത്തുന്ന കോര്‍പറേറ്റ് ഭീമന്‍മാര്‍ക്കറിയാം, കളിക്കാനും കളി പഠിപ്പിക്കാനും! കോര്‍പറേറ്റ് ഭീമന്‍മാരും അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടവും സമാന്തര ഭരണം നടത്തുന്നവരും ചേര്‍ന്ന് തൊണ്ടക്കുഴി ചതച്ചുകളഞ്ഞവന്‍റെ ഒച്ച ശ്രമിച്ചാലും ഉയരില്ല.


എന്നാല്‍......, വൈദ്യുതിയും വിദ്യാഭ്യാസവും പണവും ഭരണഘടന ഉറപ്പു പറയുന്ന മെച്ചപ്പെട്ട ജീവിതവും ഒച്ചയും നിഷേധിക്കപ്പെട്ടവന് ഇന്‍റര്‍നെററും സോഷ്യല്‍ നെററ് വര്‍ക്കിംഗ് സൈററുകളും നൂറുകൊല്ലം കഴിഞ്ഞാലും ഒച്ചപ്പാടുണ്ടാക്കാന്‍ ഇടമാകില്ല. ഇങ്ങനെ അത്യാധുനിക സാങ്കേതികലോകം നൂറു ശതമാനവും കയ്യൊഴിഞ്ഞ നിസഹായ ഇടത്തില്‍ വാക്കിനും പാട്ടിനും വാര്‍ത്തക്കും സ്വന്തം ഒച്ച നല്‍കി  പല ജനതകളും  അവരുടെ അവകാശങ്ങള്‍ തിരികെ പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇനി മാറേണ്ടത് നമ്മളാണ് !

 ____________________________


1 comment:

  1. വാക്കുകളില്‍ തീക്ഷ്ണത തൊട്ടറിയാം . മാറ്റത്തിന് വേണ്ടിയുള്ള കാതിരിപുകള്‍ മുഷിപ്പിക്കുംപോള്‍ കമ്പ്യൂട്ടര്‍ ഗെയിം കള്‍ നമുക്ക് നവരസം പകരാതിരിക്കട്ടെ . ശബ്ദമില്ലാതവന്റെ ശബ്ദം. അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തെരിയുംപോഴേ വേറിട്ടത് സംഭവിക്കൂ .. ചിലപ്പോള്‍ നഷ്ടങ്ങളുടെ അകമ്പടിയോടെ .. പക്ഷെ , ആര്ജവതിന്റെ നെഞ്ച് ഉറപ്പുകളെ ചരിത്രം താലോലിക്കാറുണ്ട് , വര്‍ത്തമാനം ചീത്ത പറഞ്ഞാലും ..പ്രിയ സ്നേഹിതക്ക്‌ ഭാവുകങ്ങള്‍ . സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ .

    ReplyDelete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

Related Posts Plugin for WordPress, Blogger...

Facebook Plugin