2014, മാർച്ച് 30, ഞായറാഴ്‌ച

പബ്ളിസിറ്റിക്ക് വേണ്ടി പരാതി

ഇന്ത്യൻ ഗാന്ധിയൻ പാർട്ടിക്കാർ  എനിക്കെതിരെ ഇലക്ഷൻ കമ്മീഷനിൽ പരാതി നല്കി. ഒരാഴ്ച കഴിഞ്ഞപ്പോൾ പിൻവലിച്ചു. 


പരാതി നൽകിയതും  പരാതി  പിൻവലിച്ചതും അവരുടെ പാർട്ടിയുടെ  പ്രചാരണത്തിന് ഉപയോഗിക്കാമെന്ന കുരുട്ടു ബുദ്ധി അവര്ക്ക് ആരാണാവോ പറഞ്ഞു കൊടുത്തത് ?? 


ഞാൻ യൂട്ട്യൂബിൽ  പോസ്റ്റിയ  രാഷ്ട്രീയ ആക്ഷേപ ഹാസ്യ  വീഡിയോ ബ്ലോഗ്‌  അവരെ അപകീർത്തിപ്പെടുത്തു ന്നതാണ് എന്നാരോപിച്ചാണ് അവർ ഇലക്ഷൻ കമ്മീഷന് അടക്കം കുറെ പേര്ക്ക് പരാതി നൽകിയത് .

2014, മാർച്ച് 27, വ്യാഴാഴ്‌ച

ഇതൊന്നും ഇലക്ഷന്‍ കമീഷന്‍ കാണുന്നില്ലേ ആവോ !

പാര്‍ട്ടി പിരിവിനു വേണ്ടി വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്ന സംഭവം ആദ്യമായി കേള്‍ക്കുകയാണ്. 400 രൂപ കൂലിയും ഭക്ഷണവും വാഗ്ദാനം . രക്തദാന ക്യാമ്പ്‌ , കാറ്ററിംഗ് സര്‍വീസ്‌ എന്നൊക്കെ പറഞ്ഞ ശേഷം ഓഫീസില്‍ എത്തിച്ച ശേഷം പാര്‍ട്ടി പിരിവു എന്ന് പറഞ്ഞതു കേട്ട് വിദ്യാര്‍ഥികള്‍ പ്രകൊപിതരായി. മുന്നൂറിലധികം പേര്‍ ഓഫീസിലേക്ക് ഇരച്ചു കയറി. ഒടുവില്‍ പോലീസ്‌ എത്തി സംഘര്‍ഷത്തിന് വിരാമം. വൈകുന്നേരം വരെ നിന്ന ഇവരോട് , രണ്ടു ദിവസത്തിനകം  പണം നല്‍കാമെന്ന ഉറപ്പ് നല്‍കിയാണ് പറഞ്ഞയച്ചത്.

2014, മാർച്ച് 20, വ്യാഴാഴ്‌ച

ഭ്രാന്തന്റെ ദൈവം


ഒരു സിനിമ സംവിധായകന്‍ സ്ഥിരം പറഞ്ഞിരുന്ന ഒരു കഥ . ഒരു മനുഷ്യനും  പടച്ചോനും തമ്മില്‍ ഉള്ള സംഭാഷണം ഒറ്റയ്ക്ക് അവതരിപ്പിച്ചിരുന്ന ഒരു ഭ്രാന്തന്‍ പണ്ട് ആ സംവിധായകന്‍റെ ചുറ്റുവട്ടത്ത് ജീവിച്ചിരുന്നു. തൃശൂര്‍ പരിസരങ്ങളില്‍ പൊതു വേദികളില്‍ പ്രസംഗിക്കാന്‍ പോകുമ്പോഴൊക്കെ ആ സംവിധായകന്‍  ആ കഥ പറയുമായിരുന്നു.

ആ കഥയിലെ മനുഷ്യന് പേര് ഉണ്ടായിരുന്നില്ല. പക്ഷെ, അയാള്‍ പടച്ചോനെ, പടച്ചോനെ എന്നാണു ദൈവത്തെ വിളിച്ചിരുന്നത്‌.  ആ വിളി കഴിഞ്ഞാല്‍ മോണോ ആക്റ്റ്‌ കളിക്കുന്നത് പോലെ ആ ഭ്രാന്തന്‍ തന്നെ ദൈവം ആയി മറുപടിയും പറയും. എന്താടാ നായിന്‍റെ മോനെ എന്ന് ദൈവമായി നിന്ന് അയാള്‍ മറുപടി ഉറക്കെ പറയും. ഉടനെ അയാള്‍ മനുഷ്യന്‍ ആകും. ഒരു അയില മുറിച്ചാല്‍ എത്ര എത്ര കഷണമാണ്  - എന്ന് അയാള്‍ ദൈവത്തോട് ചോദിക്കും. ഉടനെ വീണ്ടും ആ ഭ്രാന്തന്‍ ദൈവം ആകും- എന്നിട്ട് പറയും ''മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായെ '' എന്ന്.

2014, മാർച്ച് 19, ബുധനാഴ്‌ച

എന്നെ സ്ഥാനാര്‍ഥി ആക്കുക

ഇന്നും കണ്ടു ഒരു പുതിയ പാര്‍ട്ടി രൂപീകരണ സംഘത്തെ ! പിണറായി വിജയനോട് പറഞ്ഞിട്ടും സ്ഥാനാര്‍ഥി ആക്കാന്‍ അനുമതി തരാത്തത് കൊണ്ടാണ് പാര്‍ടി പുതിയത് ഉണ്ടാക്കുന്നത് എന്നാണു പൊളിറ്റിക്സില്‍ ബിരുദവും  പി.എച്ച്.ഡിയും നേടിയ ഡോ. പി.എ വിശ്വംഭരന്‍ വ്യക്തമാക്കിയത്. കേരള രാഷ്ട്രീയത്തിലെ പിന്നാക്ക ഹിന്ദുക്കളോടുള്ള വര്‍ണവിവേചനം അവസാനിപ്പിക്കണം എന്നാണു അദ്ദേഹം തന്ന കുറിപ്പിലെ യഥാര്‍ത്ഥ വരികള്‍. 

2014, മാർച്ച് 16, ഞായറാഴ്‌ച

ആര്‍ഭാട വിവാഹങ്ങളില്‍ നിന്നും മത മേലധ്യക്ഷന്മാര്‍ മാറി നില്‍ക്കണം - ജസ്റ്റിസ്‌ കെമാല്‍ പാഷ


ആര്‍ഭാട വിവാഹത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി ജസ്ററിസ് കെമാല്‍ പാഷ.

സ്ത്രീധനം പോലുള്ള സാമൂഹികവിപത്തുകള്‍ക്കെതിരെ കര്‍ക്കശമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ജനങ്ങള്‍ പരാതിപ്പെടാതെ കോടതികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിയമം എത്ര കര്‍ക്കശമായാലും ജനം വിചാരിക്കാതെ നടപ്പാക്കാന്‍ പറ്റില്ല.

മുസ്ലിം സമുദായത്തിനകത്തും പുറത്തും നടക്കുന്ന വിവാഹ ദുഷ്പ്രവണതകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മുസ്ളീം സമുദായത്തില്‍ സ്ത്രീധനത്തിന്‍്റെ പേരില്‍ നിരവധി സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 20 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. ഇതില്‍ തന്നെ 40 ശതമാനവും വീടുകളില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ ആനില്‍ സ്ത്രീകള്‍ക്ക്  മാന്യമായ സ്ഥാനം കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ സമുദായ നേതാക്കന്മാരും സമുദായവും ആ സ്ഥാനം സ്ത്രീകള്‍ക്ക്  നല്‍കുന്നില്ല. നല്ല വരന്മാരെ കിട്ടാനാണ് കൂടുതല്‍ സ്ത്രീധനം കൊടുക്കുന്നത് എന്നാണു പറച്ചില്‍. വിവാഹ മാര്‍ക്കറ്റില്‍ മല്‍സരം നടക്കുന്നു. പുരുഷന് വലിയ വില കൊടുക്കാന്‍ തയ്യാറാകുന്നു. സമ്പത്ത് അള്ളാഹു തന്നതാണ് എന്നും അതിന്‍െറ ധൂര്‍ത്ത്  നടത്തിയാല്‍ ദൈവം പൊറുക്കില്ളെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ ധൂര്‍ത്ത്  നടത്തുന്ന വിവാഹങ്ങളില്‍ താന്‍ പങ്കെടുക്കാന്‍ പോകാറില്ലെന്നും   പോയാല്‍ തന്നെ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തു ഭക്ഷണം കഴിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീധനം ആവശ്യപ്പെടുന്നവരെ ഒഴിവാക്കാന്‍ പെണ്‍കുട്ടികളും വീട്ടുകാരും മുന്നോട്ടുവരണം. സ്ത്രീധനം നിയമവിധേയമല്ളെങ്കിലും സ്വകാര്യമായി എല്ലാവരും വാങ്ങുന്നുണ്ട്. സ്ത്രീധനമുള്ള ആര്‍ഭാടപൂര്‍വ്വവുമായ വിവാഹാഘോഷങ്ങളില്‍ നിന്ന് മതമേലധ്യക്ഷന്‍മാരും സമൂഹത്തിലെ ഉന്നതരും മാറി നിന്ന് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രൂപ പോലും സ്ത്രീധനം കൊടുത്തല്ല താന്‍ പെണ്‍മക്കളെ കെട്ടിച്ചു വിട്ടത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ശക്തിയുക്തം പറയാന്‍ ധാര്‍മിക അവകാശം ഉണ്ട്.   

2014, മാർച്ച് 14, വെള്ളിയാഴ്‌ച

സൈക്കോളജിസ്റ്റോ സെക്സ് റാക്കറ്റോ ?


''ഞാന്‍ നിന്നെ പഠിപ്പിച്ച മാഷാ ..ഇപ്പോള്‍ ഫാമിലി കോര്‍ട്ടില്‍ സൈക്കൊളജിസ്റ്റ് ആയി വര്‍ക്ക്‌ ചെയ്യുന്നു''എന്ന് ആരെങ്കിലും പെട്ടെന്ന് എറണാകുളത്തു റോഡിലൂടെ നടന്നു പോകുമ്പോള്‍ തടഞ്ഞു നിറുത്തി ചോദിച്ചത് , ഹേ പെണ്ണുങ്ങളെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ ഇവിടെ ഷെയര്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു.

ആണ്‍ സുഹൃത്തുക്കളോട്- നിങ്ങളുടെ പരിചയത്തിലുള്ള പെണ്‍സുഹൃത്തുക്കളോട് ഈ വിധം ചോദിച്ചിട്ടുണ്ടോ എന്ന് ആരാഞ്ഞു വക്കൂ.. പ്രത്യേകിച്ച് കോളജ്‌ വിദ്യാര്‍ഥിനികളായ , സമ പ്രായക്കാരായ പെണ്‍കുട്ടികളോട്?

2014
മാര്‍ച്ച് 12
കലൂര്‍ ദേശാഭിമാനി ജംഗ്ഷന്‍
സമയം രാവിലെ പത്താകാന്‍ പത്തോ പതിനഞ്ചോ മിനിട്ടുകള്‍ ബാക്കി

ധൃതി പിടിച്ചു ബസ്‌ കയറാന്‍ ഓടി പോകുന്ന ഞാന്‍. വരി വരിയായി വരുന്ന മേനക ബാസുകള്‍ക്കിടയില്‍ എവിടെയെങ്കിലും പത്മ വഴിയുള്ള ബസ്‌ കിടക്കുന്നുണ്ടോ എന്ന് നോക്കി ധൃതിയോടെ മുന്നോട്ടു ഓടുന്നതിനിടയിലാണ് അയാള്‍ എന്നെ വിളിച്ചു നിറുത്തിയത്. പേരാണോ വിളിച്ചത് , അതോ ഡോ എന്നോ ഹേ എന്നാണോ എന്നാണോ വിളിച്ചത് എന്ന് ഒരു തരത്തിലും എനിക്ക് ഓര്മ വരുന്നില്ല. സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നിന്ന ആ സംഭാഷണം അവസാനിച്ച ഉടനെ തന്നെ ആലോചിച്ചു നോക്കിയെങ്കിലും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായില്ല.

കണ്ണില്‍ നോക്കി വളരെയധികം പരിചയ ഭാവത്തില്‍ ആയിരുന്നു സംഭാഷണം. ഡോ താന്‍ എന്താ ഇവിടെ എന്ന് ചോദിച്ച ഉടനെ ഞാന്‍ ആകെ കണ്‍ഫ്യൂഷനില്‍ ആയി. അറിയില്ലല്ലോ എന്ന് എന്റെ മുഖത്തൊരു ഭാവം വരുത്തി ഞാന്‍ എന്റെ പരിചയക്കുറവു പ്രകടിപ്പിച്ചപ്പോള്‍ -'' ഡോ , ഓര്‍മയില്ലേ, ഞാന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇനിയും ഓര്‍മയില്ലേ '' എന്നായി .

എന്റമ്മേ- കൂടെ പഠിച്ച പലരുടെയും മുഖം മറന്നു പോയിട്ടുണ്ടെങ്കിലും മാഷുമാരുടെയും ടീച്ചര്‍മാരുടെയും മുഖം എനിക്ക് നല്ല ഓര്മ ഉണ്ട്. ഇത് പക്ഷെ, ഏതെന്കിലും ഏക ദിന സെമിനാറിനോ  ക്ലാസ്സിനോ പോയപ്പോള്‍ കണ്ടതാകുമോ എന്നായി അടുത്ത ആലോചന.

(പല തരം യോഗങ്ങള്‍ , പല സമ്മേളനങ്ങള്‍ എന്നിവ റിപ്പോര്‍ട്ട്  ചെയ്യാന്‍ സ്ഥിരമായി പോകുന്ന എന്നെ അറിയുന്ന ധാരാളം പേരുണ്ട്. അവരില്‍ പലരും പലയിടത്തും വച്ച് കണ്ടാല്‍ ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യും. ഓര്‍മക്കുറവ് സാരമായി ഉള്ള ഞാന്‍   ഒന്നുകില്‍ മറുപടി ചിരിയില്‍ ഒതുക്കും. പലരും ചിരിച്ചാല്‍ ചിരി പോലും തിരികെ കൊടുക്കാറില്ല. അത് കൊണ്ട് തന്നെ 'ഓ വല്യ പോസുകാരി' എന്ന് പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. )

അടുത്ത സെക്കണ്ടില്‍ വന്നു അടുത്ത ചോദ്യം - താന്‍ ഇവിടെ ?
ഞാന്‍ മാധ്യമത്തിലാ എന്ന് ഞാന്‍
ജോലിയൊക്കെ നന്നായി പോകുന്നോ എന്നായി അടുത്ത ചോദ്യം. സുഖമായി പോകുന്നു എന്ന് ഞാന്‍.
എടോ താന്‍ ഇപ്പോഴും ഓര്‍ക്കുന്നില്ല അല്ലെ ? ഞാന്‍ ഇപ്പോള്‍ ഇവിടെ ഫാമിലി കോര്‍ട്ടില്‍ സൈക്കോളജിസ്റ്റ്‌ ആയി ആണ് ജോലി ചെയ്യുന്നത് എന്നായി അയാള്‍.
ശരി എന്ന മട്ടില്‍ ഞാന്‍ ചിരിച്ചു.
അപ്പോള്‍ ഞാന്‍ മനസില്‍ കരുതിയത്‌ - സൈക്കോളജി വിദ്യാര്‍ഥിയായ ഞാന്‍ എപ്പോഴെന്കിലും സൈക്കോളജി ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ (അപ്പോഴും -മാഷ്‌ അല്ല എന്ന് ഉറപ്പുണ്ട് ) കണ്ട ആരെങ്കിലും ആകുമോ എന്നായി ചിന്ത.
ഇനിയും മനസിലായില്ലേ എന്ന് ചോദിച്ചു അയാള്‍ കളിയാക്കി ചിരിച്ചപ്പോള്‍ ഞാന്‍ 'അയ്യോ പാവം ഞാനേ 'എന്ന പോലെ ചിരിച്ചു കാണിച്ചു.
താന്‍ എവിട്യാ പഠിച്ചേ- അത് പറ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഭവന്‍സ്‌ എന്ന് ഉടനെ പറഞ്ഞു. എന്താ പഠിച്ചേ എന്ന് ചോദിച്ചപ്പോള്‍- ജേണലിസം എന്ന് പറഞ്ഞു. എന്നിട്ടും താന്‍ ഓര്‍ക്കുന്നില്ലേ എന്നായി .

ഉടനെ - ''താന്‍ മാധ്യമത്തില്‍ എന്താ ചെയ്യണേ എന്ന് ചോദ്യം. അപ്പോഴാണ്‌ പെട്ടെന്ന് കള്ളത്തരം മിന്നിയത്. എന്നെ ജേണലിസം ക്ലാസില്‍ പഠിപ്പിച്ചതോ കൂടെ ഏതെന്കിലും സെമിനാറില്‍ ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്തതോ ആയ ആളാണ്‌ എങ്കില്‍ ജേണലിസം പഠിച്ച ഞാന്‍ എന്ത് ജോലി മാധ്യമത്തില്‍ ചെയ്യുണ്ട്നാകും എന്ന് അറിയുമല്ലോ. എന്ന് മനസില്‍ ചോദ്യം ഇരച്ചു വന്നു.
സംശയം മൊത്തം പ്രതിഫലിക്കുന്ന ബവതോടെയാണ് ജേണലിസ്റ്റ്‌ എന്ന് പറഞ്ഞത്.
പറഞ്ഞു തീരുന്നതിനിടെ  വളരെ കാലം മുന്‍പ്‌ പരിചയമുള്ള ഒരാള്‍ കുറെ കൊല്ലം കഴിഞ്ഞു കാണുമ്പോള്‍  അടിമുടി നോക്കി - താനാകെ മാറിയല്ലോ - എന്ന് പറഞ്ഞപ്പോള്‍ ഹീ എന്ന് ചിരിച്ചു കാണിച്ച് 'എന്നാ ശരി, സമയം വൈകി, കണ്ടതില്‍ സന്തോഷം ''എന്ന് പറഞ്ഞു ഞാന്‍ സ്കൂട്ടായി.

വായിക്കുമ്പോള്‍ വായനക്കാരന്‍ ഹി ഹി ഹി എന്ന് ചിരിച്ചേക്കാം. ചിലപ്പോള്‍ നീയൊക്കെ എവിടത്തെ ജേണലിസ്റ്റ്‌ ആണെടി കോപ്പേ എന്നും ചോദിച്ചേക്കും. പക്ഷെ, ഈ വിഷയം അങ്ങനെ വിടാന്‍ ഞാന്‍ ഉദ്ദേശിച്ചില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫാമിലി കോര്‍ട്ടില്‍ അങ്ങനെ ഒരു ആള്‍ ഇല്ലെന്നും എന്റെ തന്നെ പരിചയ വലയത്തിലുള്ള   നാല് വനിതാ ജേണലിസ്റ്റ്‌കള്‍ അടക്കമുള്ള അഞ്ചു പേരോട് മേനക ബസ്‌ സ്റ്റാന്‍ഡ് പരിസരം, നോര്‍ത്ത്‌ ബസ്‌ സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വച്ച് കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ഇതേ ആള്‍ തന്നെ ഇതേ രീതിയില്‍ സംസാരിച്ചതായി അറിവ് കിട്ടി.
കൊച്ചിയിലെ പെന്കുട്ടികള്‍ക്കിടയില്‍ വളരെ തുച്ചം പേര്‍ മാത്രമാണ് വനിതാ പത്രപ്രവര്‍ത്തകര്‍ ഉളളത്. വനിതാ പത്രക്കാരെ മാത്രം തെരഞ്ഞു പിടിച്ചാണോ അയാള്‍ വരുന്നത് എന്നും പരിഹസിക്കാനും ചില വായനക്കാര്‍ മുതിര്‍ന്നേക്കും. പക്ഷെ, ഞാന്‍ ആലോചിക്കുന്നത് അങ്ങനെയല്ല, ഈ തുച്ചം എണ്ണം പത്രക്കാരികളില്‍ നാല് പേര്‍ അയാളെ കണ്ടിട്ടുണ്ട് എങ്കില്‍ അയാള്‍ എത്രയോ അധികം പെണ്ണുങ്ങളുടെ സമീപത്ത് എത്തിയിട്ടുണ്ടാകും. ഞാന്‍ ജേണലിസ്റ്റ്‌ ആണെന്ന് പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു മറ്റുള്ളവരോട് പറഞ്ഞ പോലെ ലൈംഗിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാചകം ചോദിക്കാതിരുന്നത് എന്ന് തോന്നുന്നു.  ഞാന്‍ സംസാരിച്ചപ്പോള്‍ ഈ അഞ്ചു പേരും പറയുന്ന ഒരു കാര്യം ഉണ്ട്- അയാള്‍ വളരെ തീക്ഷണമായ രീതിയില്‍ സൈക്കോളജി ഉപയോഗിക്കുന്നുണ്ട്. അയാള്‍ സംസാരിക്കുന്ന ആ ഏതാനും സെക്കന്‍ഡുകള്‍ മൈന്‍ഡ്‌ കണ്ട്രോളിങ്ങ് നടത്തുന്നുണ്ടെന്ന അവരുടെ പക്ഷത്തോട് ഞാനും യോജിക്കുന്നുണ്ട്.

എന്നാല്‍ ചെറിയ സംശയം തോന്നിയ അതെ മാത്രയില്‍ ഈ അഞ്ചു പേരും അയാളോട് സംസാരം അവസാനിപ്പിച്ച് കടന്നു പോയി. എന്നാല്‍ അതിനു കഴിയാത്ത പെണ്‍കുട്ടികളുടെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കുംപോള്‍ ആശങ്ക തോന്നുന്നു. ലോ കോളജ്‌, മഹാരാജാസ്‌, സെന്റ്‌, തെരേസാസ്‌ , ആല്‍ബര്‍ട്സ് കോളജ്‌ എന്നിവിടങ്ങളില്‍ ഒക്കെ ഈ അനുഭവം ഉള്ള ആരെങ്കിലും ഉണ്ടോ ?? ഉണ്ടെങ്കില്‍ കൃത്യമായ വിവരം അറിയിക്കൂ. നമുക്ക് അയാളെ പിടികൂടാന്‍ പറ്റുമോ എന്ന് നോക്കാം 

2014, മാർച്ച് 13, വ്യാഴാഴ്‌ച

ജിഷ ഓണ്‍ എയര്‍ഇന്നലെ ഞാന്‍ യൂട്യൂബില്‍ കൊണ്ട് വന്നിട്ട വ്ലോഗ് ഇന്ന് മാതൃഭൂമി ലോഗിന്‍ എന്ന പരിപാടിയില്‍ കണ്ടിരുന്നോ ?? എന്റമ്മോ ഓസ്കാര്‍ കിട്ടുന്നവര്‍ക്ക് എന്തോരം സന്തോഷം ഉണ്ടാകുമെന്ന് ആലോചിക്കാന്‍ കൂടി പറ്റണില്ല.

വരുണ്‍ ചേട്ടന്‍ അവതരിപ്പിക്കുന്ന ആ വിഭാഗത്തിലെ ഇന്‍ട്രോ കാണൂ 
ഇതിനു ആധാരമായ വ്ലോഗ്  കാണാം

അള മുട്ടിയാൽ മാധ്യമ പ്രവർത്തകനും കടിക്കും

മാധ്യമ ലോകത്തെ പ്രമുഖരായ ഇന്ത്യാവിഷനില്‍ വാര്‍ത്താ വിഭാഗം അതായത് ജേണലിസ്റ്റുകള്‍ നട്ടെല്ല് ഉള്ളവരാണ് എന്ന് തെളിയിച്ചു. സംപ്രേഷണം നിറുത്തി വച്ചതിനു പുറമേ ഇപ്പോള്‍ ഇന്ത്യവിഷന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അപ്രത്യക്ഷമാക്കുകയും ചെയ്യും. 
മറ്റുള്ളവരുടെ വേദനകള്‍ സമൂഹ മധ്യത്തിൽ എത്തിക്കുന്ന സമയത്തും സ്വന്തം ജീവിതം പ്രതിസന്ധിയിലാക്കുന്ന മാനെജ്‌മെന്റുകൽക്കെതിരെ മിണ്ടാൻ കഴിയാതെ അടിമ വേല ചെയ്യേണ്ടി വരുന്ന മറ്റു ജേണലിസ്റ്റുകൾക്ക് അവർ ഊർജ്ജവും മാതൃകയും പകരുന്നു. അന്യായമായി ഏതൊക്കെ മാനേജ്‌മെന്റുകൾ പ്രവർത്തിക്കുന്നുണ്ടോ അവർക്കെല്ലാം ഇത് പാഠമാകട്ടെ ! 
ലോക മാധ്യമ രംഗത്ത് കേട്ട് കേൾവിയില്ലാത്ത  പ്രതിഷേധം. ലോക മാധ്യമങ്ങൾ ഏറ്റെടുക്കട്ടെ ! 

2014, മാർച്ച് 12, ബുധനാഴ്‌ച

ആവശ്യമായ ജില്ലകളില്‍ വിമാനത്താവളവും തുറമുഖവും സ്ഥാപിക്കാന്‍ ഒരു വോട്ട്

പലപ്പോഴും സായം സന്ധ്യകളിലെ കലാവിരുന്നുകളും സംഗീത സന്ധ്യകളും നഷ്ടപെടുന്നതിന്റെ മുഴുവന്‍ സങ്കടവും തീരുന്നത് പലപ്പോഴും പല തരം വാര്‍ത്താ സമ്മേളനങ്ങളും കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗവും റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴാണ്. തല തെറിച്ച കോമഡികളും ബ്ലണ്ടറുകളും കേട്ടും കണ്ടും തലയറഞ്ഞ് ചിരിക്കാനുള്ള ഇട കിട്ടും.  ഇന്നും ഉണ്ടായി ഒരു തമാശ പരിപാടി. അല്ലെങ്കിലും ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കൂട്ടം തമാശക്കാര്‍ നമ്മുടെ മുന്നിലെത്തും. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി എന്ന പേരില്‍ വന്ന കുറച്ചു പേര്‍ ഈ ഇന്ത്യയെ നന്നാക്കാന്‍ തന്നെയാണ് വന്നിട്ടുള്ളത് എന്നതില്‍ സംശയമില്ല. പക്ഷെ, എന്തൊക്കെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതില്‍ അവര്‍ക്ക് ഒന്നും പറയാനൊന്നുമില്ല. പക്ഷെ , ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ 543 മണ്ഡലങ്ങളിലും  മല്‍സരിക്കുന്നുണ്ടത്രേ !

നല്ല കാര്യം. പക്ഷെ , ഇത് വരെ ഈ പാര്‍ടിയില്‍ ഈ എണ്ണം മെമ്പര്‍മാര്‍ പോലും തികഞ്ഞിട്ടില്ല. അപ്പോള്‍ എങ്ങനെ ഇത്രയും എണ്ണം സ്ഥാനാര്‍ഥികളെ നിറുത്തും? അവര്‍ക്ക് ആശങ്കയൊന്നുമില്ല, കാരണം സ്ഥാനാര്‍ഥി ആകാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് പാര്‍ടിയുടെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. 25-35 നും ഇടയില്‍ പ്രായമുള്ളവരെയാണ് പാര്‍ടി പ്രധാനമായും ആഗ്രഹിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ട്ടി അധ്യക്ഷന്‍  കെ എം ശിവപ്രസാദും വാരണാസിയില്‍ പാര്‍ട്ടി പ്രവര്‍ത്തക അശ്വതി, ഡല്‍ഹിയില്‍ രതീഷ് സി ആര്‍ എന്നിവരും മത്സരിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.  കേരളത്തിലെ സ്ഥാനാര്‍ഥികളുടെ പേര് ഇത് വരെ പ്രഖ്യാപിച്ചില്ല. അമേഠിയിലും ദല്‍ഹിയിലും വാരണാസിയിലും  സ്ഥാനര്തികളെ പ്രഖ്യാപിക്കുന്നതിനു പിന്നില്‍ വലിയൊരു ദൌത്യം ഈ പാര്‍ടി നിര്‍വഹിക്കുന്നുണ്ട്. മലയാളിയുടെ പേരും പ്രശസ്തിയും ഇന്ത്യയോട്ടാകെ പ്രചരിപ്പിക്കുക എന്നതാണ് ഈ ലക്‌ഷ്യം.

ഒപ്പം ഇന്ത്യക്ക് മൊത്തം പ്രതീക്ഷ നല്‍കുന്ന പ്രകടന പത്രികയും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രധാന വാഗ്ദാനങ്ങള്‍ ഇങ്ങനെ :
1. ആവശ്യമായ ജില്ലകളില്‍ വിമാനത്താവളവും തുറമുഖവും സ്ഥാപിക്കും
2.സ്വകാര്യ കമ്പനികള്‍ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനികള്‍ ആക്കും
3.കള്ളപ്പണം കണ്ടുകെട്ടി ഇന്ത്യയുടെ (43 ലക്ഷം കോടി *) കടം വീട്ടുകയും വികസനത്തിനും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യും. ( ഇതില്‍ കോടി രൂപയുടെ മുകളില്‍ ഒരു സ്റ്റാര്‍ ഇട്ടിട്ടുണ്ട്. നോട്ടീസില്‍ സൂക്ഷമായി പരിശോധിച്ചപ്പോള്‍ conditions apply എന്ന് സ്റ്റാര്‍ ഇട്ടു എഴുതിയിട്ടുണ്ട്. കവി എന്താണ് ഉദ്ദേശിച്ചതെന്നു മനസിലായില്ല)
4. ഫോര്‍ ലൈന്‍ ഹൈവേ നിര്‍ബന്ധമാക്കും.
5. എല്ലാ ജില്ലയിലും മെഡിക്കല്‍ കോളജ്‌, അവിടങ്ങളില്‍ വിദേശ രാജ്യങ്ങളിലെ ചികില്‍സാ സൌകര്യവും ലഭ്യമാക്കും.

രാജ്യത്തെ 4120 നിയമ സഭ സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിറുത്തുമെന്നും വ്യക്തമ്മക്കുന്നുണ്ട്. ഉദാരമായ സഹായ സഹകരണങ്ങള്‍ തേടുന്ന പാര്‍ട്ടിക്ക് സ്ഥാനര്തിയാകാന്‍ ആളുകളെയും പ്രവര്‍ത്തനത്തിന് പണവും വേണം. ഒച്ചപ്പടിനു പൊതു ജനത്തോട് പറയാനുള്ളത്- എല്ലാവരും കണ്ടറിഞ്ഞു പാര്‍ട്ടിയെ സഹായിക്കണം.
ഗാന്ധിയന്‍ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടിക്കുന്നത് സെവെന്‍ അപ്പ് ആണെങ്കിലും, നല്ല നാളെക്കായി നമുക്ക് ഇവരെ സഹായിക്കാം.
നമ്മുടെ മുദ്രാവാക്യം. - '86 കോടി ദരിദ്രരുടെ രക്ഷക്കും ഇന്ത്യയെ വികസിത രാജ്യമാക്കാനും ഒരു വോട്ട്'


  താല്‍പ്പര്യമുള്ള യുവതീയുവാക്കള്‍ക്ക്  www.g-d-f.org എന്ന വെബ്്സൈറ്റിലൂടെ അപേക്ഷിക്കാം.

വീഡിയോ കാണാം

2014, മാർച്ച് 1, ശനിയാഴ്‌ച

പോസ്റ്റ്‌ ബാങ്ക് വരുമോ


ത്രീ ഡീ ടാറ്റൂ

പച്ചകുത്തൽ എന്ന കലയിലെ ക്രിയാത്മകത കാണണോ ! താഴെ കൊടുത്ത ചില ചിത്രങ്ങൾ  കണ്ടാൽ മതി. മരത്തിൽ കൊത്തിയെടുത്ത ശിൽപ ചാതുര്യമുള്ള കാൽ കണ്ടാൽ  ആദ്യം ഞെട്ടും, പിന്നെ ആശ്ചര്യപ്പെടും. കഴുത്തിൽ തുറന്നു വച്ച കണ്ണ്,  പെണ്‍കുട്ടി, തലയോട്ടിയിൽ ഇഷ്ടിക ചുമർ ... അങ്ങെനെ എന്തെല്ലാം... കണ്ടു നോക്കൂ...

സത്യമായിട്ടും ഈ പടങ്ങൾ അത്രയും കോപി അടിച്ചതാണ്.   :D


ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...