2021, നവംബർ 21, ഞായറാഴ്‌ച

അദാനിക്ക് വേണ്ടി ഇറക്കി വിടുമ്പോൾ

മറ്റൊരു മൂലമ്പിള്ളി കൂടി സൃഷ്ടിക്കപ്പെടുന്ന കേരളത്തിൽ. അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി തിരുവനന്തപുരം മംഗലപുരത്തെ 170 ഓളം കുടുംബങ്ങളെ പിറന്ന മണ്ണിൽ നിന്നും ഭരണകൂടം ഇറക്കി വിടാൻ പോകുകയാണ്.


(2021 April 11, Madhyamam)

പേജുകളിൽ ക്ലിക്ക്​ ചെയ്​ത്​ വായിക്കാം.



 

2021, നവംബർ 15, തിങ്കളാഴ്‌ച

കടബാധ്യത തീർക്കാൻ വൃക്ക വിൽക്കേണ്ടി വരുന്ന തീരദേശ ജനത

 Madhyamam Online News


 

 

 

 

തീരദേശത്തു നിന്നും നിസഹായരായ മത്സ്യത്തൊഴിലാളി സ്ത്രീകളെ അവയവ വില്പനക്ക് ഇരകളാക്കി എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ്‌   (2021 നവംബർ 13)  'മാധ്യമം' പുറത്തുവിട്ടത്.  ഇതുവരെ ആറു പേർ വൃക്ക വിറ്റെന്നും രണ്ടു പേർ ഉടൻ ശസ്ത്രക്രിയക്ക് വിധേയരാകുമെന്നും അനവധി സ്ത്രീകൾ  ഇതിനായി ഒരുങ്ങി നിൽക്കുന്നുണ്ടെന്നും മാധ്യമം റിപ്പോർട്ടർ നിഖിൽ പ്രദീപ് തയ്യാറാക്കിയ എക്സ്ക്ലൂസീവ് വാർത്തയിലുണ്ട്. ഇതിനായി വിഴിഞ്ഞത്തു നിന്നുള്ളവരെ തന്നെയാണ് ഇടനിലക്കാരായും  അവയവ മാഫിയ നിയോഗിച്ചിരിക്കുന്നത്.  വൃക്ക വിൽപന കൊഴുക്കുന്നത് ഇവരുടെ ദാരിദ്ര്യവും നിവൃത്തിയില്ലായ്മയും മുതലാക്കിയാണ്. ഇക്കാര്യം വ്യക്തമാക്കുന്ന തുടർ വാർത്തയും പുറത്തു വന്നു.  


വികസന പദ്ധതികൾ എങ്ങനെയാണ് ഒരു ജനതയെ തകർക്കുന്നതെന്നും എങ്ങനെയാണ് അവർ നിസഹായരായി തട്ടിപ്പുകൾക്കു നിന്നുകൊടുക്കുന്നതെന്നും ഉള്ള സത്യങ്ങളാണ് ഈ കഥകളിലൂടെ പുറത്തു വരുന്നത്. ഒപ്പം ആശുപത്രികളുടെ  ഞെട്ടിപ്പിക്കുന്ന അനധികൃത അവയവ കച്ചവടവും.

തുടർ വാർത്തകളിൽ കോട്ടപ്പുറം സ്വദേശിയായ ശാന്തി (42)യുടെ  വെളിപ്പെടുത്തലുകൾ ഇങ്ങനെയാണ്;  ''വീട്ടുകാരറിയാതെ ആണ് വീട്ടമ്മമാർ വൃക്ക വിൽക്കാൻ തയ്യാറാകുന്നത്. അതിനാൽ, ആശുപത്രികളിലേക്കുള്ള യാത്രകളിൽ പ്രദേശവാസികളായ ചിലരെ തന്നെയാണ് കൂട്ടുവിടുന്നത്''.

ഏജന്റാ യ സ്ത്രീ  ശാന്തിയോട്  50000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെന്നും വിവരങ്ങളുണ്ട്. ഇതിനു ശാന്തി തയ്യാറായില്ല. പിന്നീട് മകനാണ്  ഈ കച്ചവടത്തിൽ നിന്നും ശാന്തിയെ രക്ഷിച്ചെടുത്തത്‌. എറണാകുളത്തെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചു നടത്തി  വരുന്ന ഈ അനധികൃത അവയവ വില്പന തീരദേശത്തു മാത്രം ഒതുങ്ങി നിൽക്കില്ല എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാകുന്നത്. എട്ടുലക്ഷം രൂപ വരെയാണ് വൃക്ക വില്പനയിൽ ലഭിക്കുക. ഇതിനു ഇടനില നിൽക്കുന്നവർ ഇതിലിരട്ടി കൈപ്പറ്റുന്നുണ്ടെന്ന പുതിയ വാർത്തകൾ വന്നിട്ടുണ്ട്. 

എന്തിനാണ് ഈ സ്ത്രീകൾ വൃക്ക വിൽക്കാൻ പോയത് എന്ന് കുറ്റപ്പെടുത്തലിന്റെ ഭാഷയിൽ സംസാരിക്കുന്ന നിരവധി പേരെ ഉടൻ നമ്മൾ വായിക്കും. അറിഞ്ഞു കൊണ്ടുള്ള ഈ കുറ്റകൃത്യത്തിനു  പണം മോഹിച്ചാണ് മത്സ്യത്തൊഴിലാളി സ്ത്രീകൾ നിന്ന് കൊടുത്തതെന്ന്  പരിഹസിക്കാനും അനവധി പേർ മുന്നോട്ടുവരും. എന്നാൽ ഈ സ്ത്രീകളെ ഇത്രയും നിസ്സഹായരാക്കി മാറ്റിയ ഘടകങ്ങൾ എന്തൊക്കെ, അവരെ ചൂഷണം ചെയ്തവർ ആരൊക്കെ, അധികാരികളും ഉദ്യോഗസ്ഥരും പൊതുജനവും ഈ കുറ്റകൃത്യത്തിൽ എങ്ങനെയൊക്കെ പങ്കാളികളായി എന്നതുമൊക്കെ സൗകര്യപൂര്വ്വം നമ്മൾ വിസ്മരിക്കും. പകരം, ഓഖി ചുഴലിക്കാറ്റിൻറെ  സമയത്തു കടലിൽ മരിക്കുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികൾ,  സർക്കാർ നൽകിയേക്കാവുന്ന നഷ്ടപരിഹാരം  മോഹിച്ച് മനപ്പൂർവം കടലിൽ സ്വയം അപായപ്പെടുത്താൻ തുനിഞ്ഞതാണെന്ന അതിക്രൂരമായ കഥകളിറക്കി ആനന്ദിക്കും.  അതായതു ഇവരൊക്കെ പണം മോഹിച്ച് എന്തും ചെയ്യുന്നവരാണെന്ന അതിനിന്ദ്യമായ നിലപാടുകൾ ഉറക്കെ പറയുന്നവരാണ് മലയാളികൾ. 

കാലാവസ്ഥാ മുന്നറിയിപ്പുകളും തൊഴിലില്ലായ്മയും 

അടിക്കടിയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളും മത്സ്യബന്ധന നിരോധനവും മൂലം തീരദേശത്തെ ഒട്ടുമിക്ക മത്സ്യതൊഴിലാളി ഗ്രാമങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്.   2017 നവംബർ 29, 30 ദിവസങ്ങളിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ   52 പേര് മരിക്കുകയും  91 പേരെ കാണാതാവുകയും ചെയ്തു എന്നാണ് സർക്കാർ കണക്ക് . അതായത് 143 പേർ അപായപ്പെട്ടു. ഇവരിൽ ഏറ്റവും കൂടുതൽ നാശമുണ്ടായത്  പൂന്തുറയിലും വിഴിഞ്ഞത്തുമാണ്. അന്ന്, കൃത്യമായ കാലാവസ്ഥാ പ്രവചനമോ മുന്നറിയിപ്പുകളോ നൽകിയിരുന്നില്ല എന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. എന്നാൽ, പ്രവചനങ്ങളും മുന്നറിയിപ്പുകളും നല്കിയിരുന്നെന്നും അവ മാധ്യമങ്ങൾ നൽകിയില്ലെന്നുമുള്ള   മറു ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മുന്നറിയിപ്പ് സംവിധാനം വിപുലമാക്കണം എന്ന ആവശ്യവും ഉയർന്നു. മത്സ്യത്തൊഴിലാളികൾക്ക് ദുരന്തമുന്നറിയിപ്പ് നൽകാൻ ഐ.എസ്.ആർ.ഒ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ‘നാവിക്’ സാങ്കേതികവിദ്യ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കണമെന്നു  ശാസ്ത്ര സാങ്കേതിക വിദഗ്ദരുടെ സമ്മേളനം കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെടുകയും ചെയ്തു.  അതിനു ശേഷം, എന്നുമെന്ന നിലയിൽ 'കടലിൽ പോകരുത്' എന്ന തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകി ദുരന്തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും കയ്യൊഴിയാനാണ് സർക്കാർ സംവിധാനങ്ങൾ തയ്യാറായത്. ഫലമോ, അനേകം ദിവസങ്ങൾ തൊഴിൽ നഷ്ടം ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ പരമ്പരാഗത മത്സ്യബന്ധന ഗ്രാമങ്ങൾ കൂടുതൽ വറുതിയുടെ പിടിയിലമർന്നു. 


കാലാവസ്ഥ വ്യതിയാനവും അശാസ്ത്രീയ നിര്മിതികളും 

കാലാവസ്ഥ വ്യതിയാനവും അതിന്റെ കാഠിന്യം കൂട്ടുന്ന കടലിലെ നിര്മിതികളും  മത്സ്യത്തൊഴിലാളി സമൂഹത്തെ തീരദേശ അഭയാര്ഥികളാക്കി മാറ്റുകയാണ്. പരമ്പരാഗത തൊഴിൽ അവസാനിപ്പിച്ച്‌  മറ്റൊരു തൊഴിലിലേക്കു ചേക്കേറുക എളുപ്പമുള്ള കാര്യവുമല്ല. എന്നാൽ, തുടരെ ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങൾ നിമിത്തം കടലിൽ വള്ളമിറക്കാൻ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. കേരളത്തിന്റെ സ്വപ്ന വികസന പദ്ധതികൾ എന്ന നിലയിൽ കൊണ്ട് വരുന്ന വിഴിഞ്ഞം തുറമുഖം അടക്കമുള്ള അശാസ്ത്രീയ നിര്മിതികൾ  ഇത്തരം കാലാവസ്ഥ വ്യതിയാന ദുരന്തങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നു. വിഴിഞ്ഞം തുറമുഖം കടൽ നികത്തി നിർമിക്കുന്ന ഒന്നാണ്. കേരളത്തിന്റെ മറ്റു തീരക്കടലുകളെ അപേക്ഷിച്ച് തിരുവനന്തപുരം ഭാഗത്തുള്ള തീരക്കടലിനു ആഴവും പാറക്കെട്ടുകൾ നിറഞ്ഞ കുത്തനെ ഉള്ള ഭൂപ്രകൃതിയുമാണ് ഉള്ളത്.  ഇവിടെയാണ് കടൽ ചുരണ്ടി മണലെടുത്തും ആ മണൽ കൊണ്ട് വന്നു പദ്ധതി പ്രദേശം നികത്തിയും തുറമുഖം നിർമിക്കുന്നത്. നിലവിൽ അവയവ കച്ചവടത്തിന് ഇരയായ വീട്ടമ്മാർ താമസിക്കുന്ന വീടുകൾക്ക് നേരെ മുന്നിലാണ്  തുറമുഖത്തിന്റെ കിടപ്പ്.  കടൽ തുരക്കലും നിർമാണ പ്രവൃത്തികളും നിമിത്തം മത്സ്യങ്ങളിൽ പലതും തീരത്തേക്ക് വരാതെയായി. ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനമാർഗമായിരുന്നു ചി പ്പികളാണ്.  കടലിനകത്തെ  പാറക്കെട്ടുകളിൽ ഇവ തുറ്റുതുറ്റായി  വളരും. ഇതും ലോബ്സ്റ്ററും എടുക്കാൻ ആഴക്കടലിലേക്ക് , മറ്റൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ ,  ഊളിയിട്ടു പോകുന്ന നിരവധി ചിപ്പി തൊഴിലാളികൾ ഈ പദ്ധതി കൊണ്ട് വഴിയാധാരമായി.  ഏതാണ്ട് ലക്ഷം വരുന്ന പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് അപകടം കൂടാതെ കടലിലേക്ക് പോകാനും തിരിച്ചു കയറാനും ഉണ്ടായിരുന്ന വിഴിഞ്ഞം ഹാർബറും ഫിഷ് ലാൻഡിങ് സെന്ററും മരണക്കെണി ആയിമാറി. ഈ തുറമുഖ നിർമാണം മൂലം തിരമാലകൾ ഗതി മാറിയും മണൽ അടിഞ്ഞു കൂടിയുമാണ് മരണങ്ങൾ ഉണ്ടാകുന്നത്. എത്ര വലിയ അപകടം ഉണ്ടായാലും വിഴിഞ്ഞം ഹാര്ബറിനു രണ്ടു കിലോമീറ്റർ ദൂരത്തിൽ വന്നുപെട്ടാൽ ജീവൻ രക്ഷിക്കാം എന്ന ആത്മവിശ്വാസവും അനുഭവങ്ങളും 2021 മെയ് അവസാന വാരത്തോടെ നഷ്ടമായി.  നിരവധി ബോട്ടുകൾ തകർന്നു, എൻജിനും വളയും അടക്കം ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. ജില്ലാ ഭരണകൂടത്തിന്റെ കണക്കു പ്രകാരം  18 ബോട്ടുകൾ നശിച്ചു. മൂന്നുപേർക്ക് ജീവൻ നഷ്ടമായി.  

തുറമുഖത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മൂന്ന്  കിലോമീറ്റർ നീളമുള്ള പുലിമുട്ട് ആണ്. ആഞ്ഞടിക്കുന്ന തിരമാലകളെ  തടഞ്ഞു നിര്ത്താന് ഇത് വേണം, എങ്കിലേ ശാന്തമായ ബെർത്തുകൾ സ്ഥാപിക്കാനും കപ്പലുകൾക്ക് സുരക്ഷിതമായി തീരമടുക്കാനും കഴിയൂ. എന്നാൽ, തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ 86.53 ലക്ഷം ടൺ പാറ വേണമെന്ന് അദാനി ഗ്രൂപ്പിന്റെ തന്നെ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ മൂന്നുകിലോമീറ്ററിൽ ഒരു കിലോമീറ്റർ പോലും തികയ്ക്കാൻ കടൽ സമ്മതിച്ചില്ല. മൂന്നോ നാലോ തവണകളായി കടൽ അവിടെ ഇട്ട കല്ലുകളെല്ലാം എടുത്തു കൊണ്ട് പോയി. 

ഇതിനൊപ്പം പദ്ധതി പ്രദേശത്തിന്റെ വടക്കു ഭാഗത്തു അഞ്ചു നിരകളിലായി  നൂറുകണക്കിന് വീടുകൾ തകർന്നടിഞ്ഞു.  വർഷങ്ങളുടെ സമ്പാദ്യം മുഴുവൻ കടലെടുത്തു. ഇവരിൽ പലരും സ്‌കൂളുകളിലും ഗോഡൗണുകളിലും ഉള്ള   ക്യാംപുകളിൽ അഭയാർത്ഥികളായി കഴിയുകയാണ്.  അവരുടെ ദുരിത കഥകൾ നിരവധി തവണ 'മാധ്യമം' റിപ്പോർട് ചെയ്തിട്ടുണ്ട്. നിലവിൽ തോപ്പ് സെന്റ് റോക്ക് സ്‌കൂളിലും  കുറെ പേരുണ്ട്.  ലോക്ക്ഡൗൺ  കാലത്തു അവിടെ കഴിയാൻ സ്‌കൂൾ അധികൃതർ സമ്മതിച്ചെങ്കിലും ഇപ്പോൾ സ്‌കൂൾ തുറന്നതോടെ അവിടെ നിന്നും ഇറങ്ങണം എന്ന് ആവശ്യപ്പെട്ടു. ഇവർക്ക് പോകാൻ മറ്റൊരിടമില്ല. സർക്കാർ അവർക്കു വേണ്ട മറ്റു സഹായങ്ങൾ ചെയ്യുന്നുമില്ല. പ്രായവും രോഗവും തളർത്തുന്ന മുതിര്ന്നവരും ഓട്ടിസം ബാധിച്ച കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. അവരെ കൊണ്ട് പെരുവഴിയിലേക്കു ഇറങ്ങേണ്ട ഗതികേടിലാണ് ഈ സമൂഹം. കെട്ടിപ്പൊക്കിയ വീടുകൾ കടലെടുക്കാൻ കാരണമായത് വിഴിഞ്ഞം തുറമുഖത്തിനായി കടൽ തുരക്കുന്നതും  കല്ലിട്ടു കെട്ടുന്നതും ആണെന്ന സത്യാവസ്ഥയെ സർക്കാരുകളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് താല്പര്യക്കാരും ചേർന്ന് മറച്ചു വെക്കുന്നു.  എന്നാൽ, മത്സ്യത്തൊഴിലാളി സമൂഹമോ കേരളത്തിന്റെ പ്രകൃതിയോ  നശിച്ചാലും വേണ്ടില്ല, 'വമ്പൻ' വികസനം വരണം എന്നാണ് മലയാളികളുടെ പൊതുവെയുള്ള നിലപാട്. 

ഇങ്ങനെ ഒരു ഭരണകൂടം തന്നെ തെരുവിലേക്ക് ഇറക്കി വിട്ട 'കേരളത്തിന്റെ സ്വന്തം സേന' ഇപ്പോൾ കുടുംബം പുലരാനും കടം തീർക്കാനും വൃക്ക വിൽക്കേണ്ട ഗതികേടിലേക്കു എത്തിപ്പെട്ടു എന്നതാണ് വാസ്തവം.

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...