2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

ഇത്രക്കും സുന്ദരമാണോ പ്രസവം ?

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 


ഒടുവില്‍ ശ്വേത പ്രസവിച്ചു.  പൊന്ന് പോലൊരു പെണ്‍കുഞ്ഞ് . മുംബൈയിലെ നാനാവതി ആശുപത്രിയില്‍. കന്നി മാസത്തിലെ അവിട്ടം നാളില്‍ വൈകുന്നേരം 5.27 ന് സുഖപ്രസവം.  


സിസേറിയനാകുമോ എന്ന ആശങ്ക ആയിരുന്നു മലയാളിക്ക്  ഇത്ര നാളും. അവരുടെ വയര്‍ കീറുമോ എന്ന പേടി കൊണ്ടൊന്നുമല്ല.  വയറു കീറിയാല്‍ സുഖപ്രസവത്തില്‍ കാണാവുന്ന ഭാഗങ്ങള്‍ കാണുന്ന സുഖം കിട്ടില്ലല്ലോ. 

ഇപ്പോള്‍ ആകാംക്ഷ, പ്രസവ മുറിയില്‍ കാമെറ വച്ചപ്പോള്‍ സംവിധായകന്‍ ബ്ലെസി ശ്വേതയുടെ ഉടുപ്പിനടിയില്‍ കാമെറ വച്ചോ എന്നാണ്. എങ്കിലല്ലേ സീനില്‍ എന്തേലും കാണാന്‍ പറ്റൂ..

ഇത്രക്കും സുന്ദരമാണോ പ്രസവം ?  അത്‌ കാണാത്തവര്‍ക്ക് യൂട്യൂബ് എന്നൊരു സ്ഥലമുണ്ടല്ലോ. പോയി ആസ്വദിക്കാമല്ലോ.! ഇതിപ്പോ  ശ്വേത പ്രസവിക്കുന്നത്  കാമസൂത്ര ഗര്‍ഭ നിരോധന ഉറയുടെ പരസ്യത്തില്‍ കണ്ടത്രയും  കാമവികാരത്തോടെ ആകുമെന്നാണോ കരുതുന്നത്? ആഹാ...ആകാംക്ഷ കൂടി അല്ലേ? കൂടും.

അങ്ങനെ കാണാന്‍ മുട്ടി നിക്കുന്നവര്‍ക്കായി രണ്ട് വീഡിയോ പോസ്റ്റ്‌ ചെയ്യുന്നു. കണ്ടു നിര്‍വൃതിയടയ് ! പണ്ടാരമടങ്ങ്  !   ഒടുക്കം വീഡിയോ കണ്ടു  കഴിഞ്ഞിട്ട് ആ വാക്ക് (  പണ്ടാരമടങ്ങ്  ) പറഞ്ഞു പോകാതെ നോക്കിയാല്‍ മതി!

സദാചാര വാദികള്‍ കൊടുവാള്‍ എടുത്തിട്ടുണ്ട്. ( അവര് തന്നെ ആദ്യം തലയില്‍ മുണ്ടിട്ടും അല്ലാതെയും സിനിമ കാണാന്‍ പോകും )  വാളെടുത്തവന്‍ വാളാലെ !! 
അനുബന്ധ പോസ്റ്റ്‌   വായിക്കാം --

ശ്വേത മേനോന്‍റെ പ്രസവം


2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ഹാലെ ലൂയ... ഹാലെ ലൂയ....

പ്രൈസ്  ദ  ലോര്‍ഡ്‌!
ഭക്ത ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്...ഈ ഹാളിന്റെ മുന്‍വശത്ത് പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തില്‍ ബെത് ലേഹം നാഥയുടെ എണ്ണ നല്‍കുന്നുണ്ട്. ഒരു കുപ്പിക്ക്‌ വെറും എഴുപത്തഞ്ചു രൂപ മാത്രമാണ് നല്‍കേണ്ടി വരുന്നത് . ഈസോയുടെ അമ്മയുടെ പ്രത്യേക മാധ്യസ്ഥം കൊണ്ട്  അത്ഭുത രോഗ ശാന്തി നല്‍കുന്ന എണ്ണ  വീട്ടില്‍ സൂക്ഷിക്കുന്നത് വഴി നിങ്ങള്‍ക്കേവര്‍ക്കും അമ്മയുടെ അനുഗ്രാഹാശിസ്സുകള്‍  വര്‍ഷിക്കുമാറാകട്ടെ!
********
എടിയേ ....കുപ്പി നിറച്ചു കഴിഞ്ഞോ? ധ്യാനഗുരുവിനെ നേരിട്ട് ചെന്ന് കണ്ടതിനു ഫലമുണ്ടായിട്ടോ ഡീ... നമ്മളിനി ലക്ഷപ്രഭുക്കളാകും... നീ നോക്കിക്കോ...ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് അറുപതു രൂപ .
25 മില്ലിയുടെ പ്ലാസ്റ്റിക് കുപ്പിയേല്‍ കര്‍ത്താവിന്റെ ചിത്രം ചേര്‍ക്കാന്‍  കുപ്പിയടക്കം വില രണ്ടു രൂപ. ആ കുപ്പിയേല്‍ വെളിച്ചെണ്ണ നിറച്ചാല്‍ ...ആഹാ....എഴുപത്തഞ്ചു രൂപ...ഇതിന്റെ ഒരു വിഹിതം ധ്യാന കേന്ദ്രത്തിനു കൊടുത്താലും......എടിയേ ....
   പ്രൈസ് ദ ലോര്‍ഡ്‌!
_____________________________________________________________
പ്രൈസ്  ദ  ലോര്‍ഡ്‌! 

നട്ടെല്ലിനു വേദനയുള്ള മേരിയുടെ നട്ടെല്ല് വേദന കര്‍ത്താവ്‌ മാറ്റി കൊടുക്കുന്നു...
പ്രൈസ്  ദ  ലോര്‍ഡ്‌! കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന അഞ്ചു ദമ്പതികള്‍ക്ക് കര്‍ത്താവു പുതിയ തലമുറയെ നല്‍കി അനുഗ്രഹിക്കുന്നു.. ഉറക്കെ സ്തുതിക്കാം  ..പ്രൈസ്  ദ  ലോര്‍ഡ്‌! കോട്ടപ്പുറത്ത് നിന്നും വന്ന ജോയിയുടെ മൂലക്കുരു കര്‍ത്താവ്‌ കൈ തൊട്ടു സുഖ പ്പെടുത്തു ന്നു...  പാവറട്ടിയില്‍ നിന്ന് വന്ന അന്തപ്പന്റെ തണ്ടല് വേദനയും കര്‍ത്താവു മാറ്റുന്നു...
വര്‍ഷങ്ങളായി ബെല്‍റ്റ്‌ ധരിച്ചു നടന്ന സഹോദരന്റെ വേദന കര്‍ത്താവ്‌ എടുത്തു കളയുന്നു...
ദൈവത്തിനു സ്തോത്രം!
സ്തുതി...തുതി...തി...തി...തി..തി..തി...ഉച്ചത്തില്‍.....ഹാലെ ലൂയ... ഹാലെ ലൂയ....ലാള്റ് 
ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് .........റ് ..റ് ...റ് ....ശ്...സു....ശു.....ശ് .....ശ്..... സ്ത്രോത്രം സ്തോത്രം,.....
****************
ധ്യാന ഗുരുവിന്റെ സഹായികള്‍ : പത്തയ്യായിരം പേര്‍ ഇവിടെ വന്നിട്ടുണ്ട്. ഇതിലെത്ര മേരി കാണും..കുഞ്ഞുങ്ങളില്ലാത്ത എത്രയോ ദമ്പതികള്‍... എന്തായാലും പ്രാര്‍ഥനാ സഹായം ആവശ്യപ്പെട്ട്‌  കടലാസ്സ്‌ പെട്ടി യിലി ടാന്‍  ധ്യാന ഗുരു പറഞ്ഞത് കലക്കി . മിക്കവരും  പേരും ഊരുമെഴുതിയ കടലാസ്സ്‌ ഇട്ടേ... അത്ഭുത രോഗശാന്തിയില്‍ ആളുകളുടെ പേര് പറയാന്‍ പട്ടിക തന്നെ കിട്ടി !! 
  
___________________________________________________________________

മോചനോല്സവം വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ എന്റെ കണ്ണ് വേദന മാറി. ഇപ്പോള്‍ കണ്ണടയേ  ആവശ്യമില്ല  ( ഒരു വായനാക്കാരി)

* അത് പോലും ഇപ്പോള്‍ ഉപയോഗിക്കാന്‍ പറ്റാതെ കണ്ണ് കുരുടിയായി.
______________________________________________________________________
പട്ടിക്കാംപറമ്പിലച്ചന്റെ  ധ്യാനം കൂടിയെപ്പിന്നെയാ എനിക്ക്  ഭാഷാവരം കിട്ടിയത്. ഇത് കേട്ടോ... "
ഹാലെ ലൂയ... ഹാലെ ലൂയ....ലാള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ്........

* ഇനി ഇനി സെന്റര്‍ ഫ്രെഷിന്റെ പരസ്യത്തിലെ നാവിലെല്ലില്ലാത്തയാളോട്  മല്‍സരിപ്പിക്കാന്‍  ആളായി. 
_______________________________________________________________________

വാര്‍ത്ത (എബി തോമസ്‌ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വായിക്കൂ )
********(അദ്ഭുത രോഗശാന്തി ധ്യാനങ്ങളുടെ പേരില്‍ വ്യാജ സുഖം പ്രാപിക്കലും സാക്ഷ്യങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സീറോ മലബാര്‍ സഭാനേതൃത്വം തീരുമാനിച്ചു. അദ്ഭുത രോഗശാന്തിയെന്ന തരത്തില്‍ പ്രചാരണവും പരസ്യങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് ഇതിന് കടിഞ്ഞാണിടാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി നവംബര്‍ നാലിന് സീറോ മലബാര്‍ സഭക്ക് കീഴിലുള്ള ധ്യാന കേന്ദ്രം ഡയറക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.)

ഒച്ചപ്പാടിന് പറയാനുള്ളത്....
സഭാനേതൃത്വത്തിനു അഭിനന്ദങ്ങള്‍ !! 
ഒച്ചപ്പാട് ഒന്നാം ക്ലാസില്‍ പടിക്കുമ്പോഴാണെന്നു  തോന്നുന്നു....മോണോ ആക്ട്‌ നടത്താന്‍ പള്ളിക്കമ്മിറ്റി  തെരഞ്ഞെടുത്തു തന്ന വിഷയം "പന്തക്കുസ്തക്കാരുടെ കവല പ്രസംഗം" ആണ്. വെള്ളക്കുപ്പായം ധരിച്ചെത്തി കവലകളില്‍ കൈകൊട്ടി പാടി  കര്‍ത്താവിനെ സുവിശേഷിക്കുന്ന ആ കുസ്ഥക്കാരെ അധി ക്ഷേപിക്കുന്ന  എകാഭി നയം  അര്‍ഥം പോലും അറിയാതെ അരങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ പള്ളിയിലച്ചന്‍ വരെ കയ്യടിച്ച ഒരു കാലം.

പിന്നെ, അഞ്ചാം ക്ലാസിലെത്തി യപ്പോഴേക്കും...മോണോ ആക്ട്‌ നടത്തിയ അതെ സ്കൂളിലെ അതെ വേദിയില്‍ ധ്യനങ്ങള്‍ കരിഷ്മ പൊഴിച്ച് ശബ്ദഘോഷമുണ്ടാക്കി. 
 സ്കൂള്‍ മൈതാനിയിലെ   മണലില്‍  വീടുകള്‍ തീര്‍ക്കാന്‍ പറ്റുന്നതിലും  പിയാനോ അകമ്പടിയായുള്ള  പാട്ടുകള്‍ കേള്‍ക്കുന്നതിലും രസം ഉച്ചക്ക് കിട്ടുന്ന  ബ്രെഡ്‌ തിന്നാനാണ്. 

ഇപ്പോഴിതാ ....കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് സഭാ ചട്ടങ്ങള്‍ മറികടന്ന് വന്‍തോതില്‍ മാര്‍ക്കറ്റിങ് ടെക്നിക്കുകള്‍ ഉപയോഗിക്കുന്നതായി സഭ നേതൃത്വം തന്നെ കണ്ടെത്തിയിരിക്കുന്നു. യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് രോഗശാന്തിയെന്ന നിലയിലേക്ക് മാത്രം ഇത്തരം ധ്യാനങ്ങള്‍ മാറുന്നതായും ബോധ്യപ്പെട്ടെന്നാണ്  കഴിഞ്ഞ ദിവസം കെ സി ബി സി യില്‍ നടന്ന സമിതി യോഗം വിലയിരുത്തിയത്. ആത്മീയതക്കപ്പുറം ധനസമ്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ധ്യാനങ്ങളെ വേദിയാക്കുന്നതായും ആ യോഗത്തില്‍ ആരോപണം ഉയര്‍ന്നു. അതിനാല്‍ ഇത്തരം നടപടികള്‍ നിരുല്‍സാഹപ്പെടുത്താനാണ് സഭാ  തീരുമാനം.ഒപ്പം 
അനാവശ്യപ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സഭയുടെ കീഴിലുള്ള 63 ഓളം ധ്യാന കേന്ദ്രം ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. . ധ്യാനകേന്ദ്രങ്ങളിലൂടെ  അബദ്ധ വിശ്വാസങ്ങള്‍ സഭാസമൂഹത്തിനിടയില്‍ പ്രചരിപ്പിക്കാന്‍  ധ്യാനകേന്ദ്ര ങ്ങള്‍ ഇടയാക്കുന്നുവെന്നും ഇതിന്റെ മറവില്‍ മറ്റുപല സഭകളും ധ്യാനങ്ങള്‍ സംഘടിപ്പിച്ച് വിശ്വാസികളെ ചൂഷണം ചെയ്യുന്നതായും സഭക്ക് മനസിലായത്രേ!

പക്ഷെ, ഒച്ചപ്പടുകാരിക്ക് ഒരൊറ്റ സംശയമേ ഉള്ളൂ ... ഇതൊക്കെ മാര്‍ക്കറ്റിംഗ്  നടത്താന്‍ പുസ്തകവും ടി വി ചാനലും  വെബ്‌ സൈറ്റും  ആരംഭിച്ചത് ഇപ്പോഴല്ല. എന്നിട്ട് ഇപ്പോഴാണോ സഭക്ക് മനസിലായത്?  അതോ ഔദ്യോഗിക ധ്യാന കേന്ദ്രങ്ങള്‍  നല്‍കുന്ന പണത്തിന്റെ പങ്കു പോലെ മറ്റു ചില സഭകള്‍ , ചില ധ്യാന കേന്ദ്രങ്ങള്‍ പണം നല്‍കാത്തത് കൊണ്ടോ സഭയുടെ കീഴില്‍ നില്‍ക്കാത്തത് കൊണ്ടോ ആണോ  ഇപ്പോള്‍ ഈ വെളിപാട്‌ ??


അറിയില്ല..... എന്തായാലും 
പ്രൈസ്  ദ  ലോര്‍ഡ്‌! !!!

2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

പൂയ്‌, ചേട്ടോ....

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
''നാട്ടുകാര്‍ക്ക് മുഴുവന്‍ സ്വര്‍ണം വിക്കുന്ന ജോയ്‌ ആലുക്കാസിന്‍റെ മകളുടെ വിവാഹം ഇങ്ങനെയായിരുന്നു . കേരളത്തിലെ മുഴുവന്‍ പെമ്പിള്ളേരും കാണട്ടെ, ഷെയര്‍ ചെയ്യൂ ''---എന്ന അടിക്കുറിപ്പോടെ കുറച്ചു നാളായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍  പെമ്പിള്ളേരെ അടച്ചാക്ഷേപിക്കാന്‍ മാത്രമായി പോസ്റ്റ്‌ ചെയ്ത ഫോട്ടോ പറന്നു നടക്കുകയാണ്. ( ആ ഫോട്ടോ മുകളിലെ ഫോട്ടോയിലെ ആദ്യ ഭാഗത്ത്‌ ചേര്‍ത്തിരിക്കുന്നു)


ആനക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെ സ്വര്‍ണ ആഭരണങ്ങള്‍ അണിഞ്ഞ കല്യാണ പെണ്ണുങ്ങളുള്ള   കേരളത്തില്‍ , അങ്ങനൊരു പെണ്ണിനേം അവളെ കൊണ്ട് പോകാന്‍ ഒരു കാറും തരണേ എന്ന് രഹസ്യമായി പ്രാര്‍ഥിക്കുന്ന ചെട്ടന്മാരുള്ള   കേരളത്തില്‍ ജനിച്ചു വളര്‍ന്ന ആരോ ഒരുത്തനാണ് ഈ പ്രാവിനെ പറത്തി വിട്ടത്‌ എന്നൂഹിക്കാം.

  കുറ്റം പറയരുതല്ലോ!  അതിനൊരു മറുപടി പറയണം എന്ന് കരുതിയല്ല,  ഞാനൊരു പെണ്ണാണല്ലോ ദൈവമേ, എന്‍റെ കല്യാണം  ജോയ്‌ ആലുക്കാസ്‌ ചേട്ടന്‍റെ മകളെ പോലെ  നടക്കണേ എന്ന് ആഗ്രഹിക്കണോ വേണ്ടയോ എന്നറിയാത്തത് കൊണ്ടുള്ള കണ്ഫ്യൂഷനിലാണ് ഈ  പോസ്റ്റിടുന്നത്. ( ഞാനും മേരീടപ്പന്‍  ജോയ്‌ ചേട്ടനും ഒരേ നാട്ടുകാരാണ്. മോശാക്കരുതല്ലോ ! )

മകളായ മേരിയെ അണിയിച്ചൊരുക്കുന്ന മാതാപിതാക്കള്‍ , അപ്പന്‍ ജോയേട്ടന്‍ മേരീടെ കഴുത്തില്‍ കിടക്കുന്ന പാവം പിടിച്ച കനം  കുറഞ്ഞ  ആ വെള്ളക്കല്ല് മാല പിടിച്ചു നോക്കുന്നു..ഇതാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പാറി പറന്നു നടക്കുന്ന ഫോട്ടോ. കണ്ടു പടിക്കെടീ പെണ്ണുങ്ങളെ എന്ന് ആഹ്വാനം ചെയ്ത ആ കുസൃതിക്കാരന്‍റെ വാക്ക് കേട്ട് യൂ ട്യൂബില്‍ കേറി നോക്കിയപ്പോഴുണ്ട്, മേരീടെം ആന്‍റണീടേം ആല്‍ബം സോങ്ങ് കിടക്കുന്നു. കണ്ടേക്കാം, എളിയ രീതിയില്‍ നടത്തണമെങ്കില്‍ അതൊരു മോഡല്‍ ആക്കാമല്ലോ എന്ന് കരുതി കണ്ടപ്പോഴാണ് കഥ മനസിലായത്.

 പൂയ്‌, ചേട്ടോ....( ഇവിടെ പെണ്ണുങ്ങളെ ഉപദേശിക്കാന്‍  അടിക്കുറിപ്പ്  ചേര്‍ത്ത്  ഫോട്ടോ പ്രസിദ്ധീകരിച്ച ചേട്ടനെ തന്നെ/ ചേച്ചിയാണോ? ആരായാലും കൊള്ളാം , നിങ്ങളെ തന്നെയാ) ഉപദേശി കുപ്പായം അണിയുന്നതിനു  മുന്നേ ആ വീഡിയോ ഒന്ന് കാണണം ട്ടോ. കണ്ടില്ലേല്‍ ഈ ബ്ലോഗില്‍ അവസാനം ചേര്‍ത്തിട്ടുണ്ട്.  സയനോര ഇന്ഗ്ലീഷിലും മലയാളത്തിലും പാടി  വിദേശങ്ങളിലും സ്വദേശത്തും ചിത്രീകരിച്ച, ഒരസ്സല്‍  ബോളിവുഡ്‌ സിനിമ ഗാന ചിത്രീകരണത്തെ വെല്ലുന്ന ആ വീഡിയോ കണ്ടപ്പോള്‍ , സത്യത്തില്‍ എന്നെ അത് കാനാനിടയാക്കിയ ചേട്ടന് സ്തുതി പറഞ്ഞു പോയി..  സ്തുതി ,സ്തുതി ....

ഇനി അത് കണ്ട്, ''എനിക്കും നെറ്റിപ്പട്ടം വേണ്ട, പകരം കുറച്ചു കല്ല്‌ പതിച്ച ഒരൊറ്റ പീസ്‌ മാലയും, അതിനു ചേരുന്ന കമ്മലും മോതിരവും വളയും മാത്രം മതീ''ന്നെങ്ങാനും ഏതെങ്കിലും പെ ണ്ണ്പ റഞ്ഞു പോയാല്‍ , ഉപദേശി  പ്രാവിനെ പറത്തി വിട്ട ചേട്ടോ, നിങ്ങള്ക്ക് ആ പെണ്ണിന്‍റെ അപ്പന്റെം അമ്മേടേം പ്രാക്ക് കിട്ടും, ഉറപ്പാ.....

( ഇത് ജോയ്‌ ചേട്ടനോ, മേരിയോ , ആന്‍റണിയോ , മേരീടമ്മയോ വായിക്കുന്നുണ്ടെങ്കില്‍, എന്നോട് പൊറുക്കണം, മേരീടെ ഫോട്ടോ വച്ച് ഉപദേശിക്കുന്ന ഈ തെമ്മാടികളെ തെറി പറയാന്‍ നിങ്ങടെ കല്യാണ ആല്‍ബം പോസ്റ്റ് ചെയ്യേണ്ടി വന്നു, എന്‍റെ ദുരുദ്ദേശം മനസിലാക്കി അവരെ തെറി പറയാന്‍ നിങ്ങള്‍  എതിര് പറയരുത്)

പറഞ്ഞു വന്നത്, ബോളിവുഡ്‌ സിനിമ പോലെ ആയത് കൊണ്ട് ഓരോ സീനിലും പലതരം ഡിസൈനര്‍ വസ്ത്രങ്ങള്‍ , പല മോഡലിലുള്ള ആഭരണം, സഞ്ചരിക്കാന്‍ റോള്‍സ് റോയ്സ് കാറ്, ഇംഗ്ലീഷ് വിവാഹം പോലെ വിവാഹ തോഴിമാരും തോഴന്മാരും , മേശയുടെ വലിപ്പമുള്ള കേക്ക്,  സംഗീത ആല്‍ബം, മകള്‍ക്കും മരുമകനും മാത്രമായി തയ്യാറാക്കിയ പാട്ട്, വിദേശ ലോകെഷനുകളില്‍ ഷൂട്ട്‌.......എന്റമ്മോ!  ഈ കല്യാണം കണ്ടിട്ട് ആര്‍ക്കാ ഇത്ര സിമ്പിള്‍ ആയി തോന്നിയത്???

കൃസ്ത്യാനികള്‍ക്കിടയില്‍ കല്യാണ കെട്ടിന് വെള്ള ഗൌണ്‍ ധരിക്കുമ്പോള്‍ വെള്ള കല്ല്‌ പതിച്ച സിമ്പിള്‍ മാലയെ ധരിക്കൂ.... മൂപ്പരുടെ മോള്‍ക്ക്‌ കഴുത്തില്‍ ഇട്ടു കൊടുത്തിട്ടുള്ളത് നല്ല ഒന്നന്തരം വജ്രമാണ്. സാധാരണക്കാരന്‍ , അവരുടെ മകളെ ആയിരം രൂപയില്‍ ഒതുങ്ങുന്ന വെള്ളക്കല്ല് മാല ധരിപ്പിക്കും.... എന്തായാലും ഈ കല്യാണത്തിന്‍റെ വീഡിയോ മുഴുവന്‍ കണ്ട എനിക്ക് കൃത്യമായി പറയാം,  അവര്‍ അണിഞ്ഞ എല്ലാ സിമ്പിള്‍ മാലകളും ചേര്‍ത്ത് വച്ചാല്‍  നമുക്ക് ഒരു സ്വര്‍ണ കട തന്നെ വാങ്ങാം...!!കല്യാണ വിരുന്നിനു ചക്കപ്പുഴുക്കും കപ്പയില്‍ ചേര്‍ത്ത കോഴിയുടെ വെട്ടിക്കൂട്ടു കറിയും വിളമ്പുന്ന  ഒരുപാടു കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ഏതെങ്കിലും നെറ്റിപ്പട്ടം കണ്ട് എല്ലാവരും ആനയാണെന്നു മാത്രം പറയുന്നവര്‍ക്ക് കണ്ണില്‍ മത്ത കുത്തിയിട്ടിരിക്കുന്നുണ്ടോ, കണ്ണ് കാണാതിരിക്കാന്‍ ?

അല്ല, ഞാനൊന്ന് ചോദിച്ചോട്ടെ നാട്ടാരെ...ഇവിടെ  ഏതു പെങ്കിടാങ്ങളാ " എനിക്ക് ഇത്ര ആഭരണം തന്നാലെ കല്യാണത്തിന് സമ്മതിക്കൂ "" എന്ന് പറയുന്നവര്‍? ചെക്കന്‍റെ വീട്ടുകാര്‍ വരുന്നു, ഇത്ര ഇത്ര സ്വര്‍ണം , ഇത്ര ലക്ഷം പണം എന്നിവയൊക്കെ വേണമെന്ന് പറയുന്നു. കിട്ടിയില്ലേല്‍ കിട്ടുന്ന വേറെ പെണ്ണിനെ കെട്ടുന്നു. അപ്പോള്‍ വരും വേറെ കൊണഷ്ട്ട്ട്!  ''അമ്മായിഅമ്മമാരാണല്ലോ  സ്ത്രീധനം ചോദിക്കുന്നത്, അവരും പെണ്ണുങ്ങള്‍., നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ കേട് പെണ്ണുങ്ങള്‍ തന്നെയാ" എന്ന് .

ഇതങ്ങ്ട് കേക്കുമ്പോഴാ....എന്‍റെ ചേട്ടാ, നിങ്ങള്  '' കെട്ടുന്ന പെണ്ണിന് സ്ത്രീധനം വേണ്ട'' ,' അവള് ഇങ്ങനെ ആഭരണം അണിയണ്ട" ; സ്വന്തം വീട്ടുകാരോട് - " എനിക്ക് പെണ്ണിനെ മതി , സ്ത്രീധനം വേണ്ട, ചോദിച്ചു പോകരുത് " എന്നൊക്കെ പറയാന്‍ നാവില്ലേ?

ആണായാലും പെണ്ണായാലും അവരുടെ അപ്പനും അമ്മയും സമ്പാദിച്ച സ്വത്തിന്‍റെ പങ്കു ഒപ്പം കിട്ടാന്‍ അര്‍ഹതയുണ്ട്. എന്ന് കരുതി- കല്യാണം ഉറപ്പിക്കുന്ന ദിവസം ഇത്ര ലക്ഷം വേണം , ഇല്ലേല്‍ കല്യാണം നടക്കില്ല ' എന്ന് പറയാമോ? അങ്ങനെ പറയുന്നവര്‍ ധാരാളമുണ്ട്, സംശയം വേണ്ട. ഈ തുക കിട്ടിയിട്ട് വേണം ചെക്കന്റെ വീട്ടിലെ കല്യാണ ചെലവ് നോക്കാന്‍..... എന്ന് പറയുന്നവരും ധാരാളം .

അപ്പോള്‍ ഞാനാണേല്‍ പറയും" ആണായാല്‍ പോര, സ്വന്തം വീട്ടിലെ ചെലവ് നടത്താന്‍ പെണ്ണിന്‍റെ സ്ത്രീധന കാശോ സ്വത്തിന്‍റെ ഷെയര്‍ വിറ്റ തുകയോ വേണ്ടെന്നു പറയാന്‍ അന്തസ്സ് കൂടി വേണം" എന്ന്...

ഏതോ സിനിമയില്‍ കേട്ടത്  പോലെ, ''വീട്ടിലെ ഗ്യാസ് ആ വീട്ടിലെ മരുമകളെ മാത്രമേ വിഴുങ്ങൂ. മകളെ തൊടില്ല ."  സ്ത്രീധന കാശ്  വാങ്ങി വാടീ എന്ന് പറയുന്ന എത്രയോ വീട്ടുകാര്‍ ഉണ്ട്. എത്രയോ സ്ത്രീകള്‍ ആ പേരില്‍ മാത്രം ദുരിതം അനുഭവിക്കുന്നുണ്ട് .... ഇതൊന്നും കാണാതെ , ഉപദേശി വര്‍ത്തമാനം പറഞ്ഞാല്‍.... ചേട്ടാ ...നിങ്ങടെ നാവു പുഴുത്തു പോകും, പ്രാക്ക് തന്നെയാ.....
  പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര്... ആലുക്കാസ്‌,....ആലുക്കാസ്‌.....  എന്ന പാട്ട്   കേട്ട് വളര്‍ന്ന എന്‍റെ പ്രായത്തിലുള്ള എല്ലാ പെണ്ണുങ്ങളും കെട്ടാന്‍ കാലത്ത് സുന്ദരിയാകാന്‍ ആലുക്കാസില്‍ നിന്നുള്ള സ്വര്‍ണം വാങ്ങാന്‍ മോഹിച്ചിരുന്നു. ഇപ്പോള്‍ ഒരു ഫോട്ടോ കാണിച്ചിട്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ചേട്ടന്മാരും ചേച്ചിമാരും 'ഇത് പോലെ കണ്ടു പഠിക്ക്' എന്നാണ് ഈ വീഡിയോ കണ്ട ശേഷം പറയുന്നെങ്കില്‍ "സന്തോഷമായി....................""

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഈ റോഡ്‌ നിന്‍റെ തന്തയുടെ വകയാണോ?

''നീ രംഗരാജന്‍റെ മോനാണോ?  ''


എന്ന് ചോദിക്കുമ്പോള്‍ ചിലര്‍ക്ക് പെട്ടെന്ന് ഓടില്ല. എന്നാല്‍  കുരുട്ടുബുദ്ധി യും ഗ്രാസ്പിംഗ് പവറും  അല്‍പ്പം കൂടുതലുള്ളവന് പെട്ടെന്നോടും,  എന്ത്...? തന്തക്കു വിളിച്ചതാണെന്ന് ..


(ആഹാ ..എന്താ പരസ്യം..ഇതാണ് അസ്സല്‍  പരസ്യം. കാറിന്‍റെ പേര് പറയുന്നില്ല എന്നാല്‍ ഇപ്പോഴും ടി വി യില്‍ കാണിക്കുന്നുണ്ട് )
കഥ  ഇങ്ങനെ ...

റോഡില്‍  ഒരാള്‍ ഭാര്യക്കൊപ്പം   കാറോടിച്ച് വരുന്നു . മറ്റൊരു യുവാവ് അയാളുടെ കാര്‍ നടുറോഡില്‍ കൊണ്ട് വന്നിട്ട് മറ്റൊരാളോട് കുശലം പറഞ്ഞു    നിന്ന് ഗതാഗതം മുടക്കുന്ന മറ്റൊരു യുവാവിനോട്  വണ്ടി എടുത്തു മാറ്റാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ അയാള്‍    കൈ കാണിച്ച്  നായകനോട്  കാത്തു നില്‍ക്കാന്‍ ആവശ്യപ്പെടുന്നു .നായകന്‍    ഡോര്‍ വലിച്ചു  തുറന്ന് പുറത്തു കടക്കുമ്പോള്‍  ഭാര്യ പേടിച്ചിരിക്കുന്നത് കാണാം . ഇപ്പോള്‍  തല്ലും  എന്ന പോലെയാണ്  നായകന്‍ പോകുന്നത് .എന്നിട്ട് മറ്റേ യുവാവിനോട് ഒരൊറ്റ ചോദ്യം>>  ''നീ രംഗരാജന്‍റെ മോനാണോ?  '' ( ഹിന്ദി പരസ്യത്തില്‍ ഇത് ദയാല്‍ ബാബുവിന്‍റെ  മോനാണോ എന്നാണ് )
ഏതു  രംഗരാജന്‍  എന്ന് ചോദിക്കുമ്പോള്‍ നായകന്‍ കണ്ണ്  കൊണ്ട് റോഡിന്‍റെ പേരെഴുതിയ  ബോര്‍ഡ് കാണിക്കുന്നു .
അപ്പോള്‍ ഭാര്യക്ക് ചിരി ! നായകന്‍ വിജയസ്മിതത്തോടെ നടന്നു പോകുമ്പോള്‍  മറ്റേയാള്‍ ഉത്തരം മുട്ടി നില്‍ക്കുന്നതാണ്   അവസാന സീന്‍!! !


എന്തൊരു  തല ! ആ  സംവിധായകനോട്   അസൂയ  തോന്നുന്നു !
എന്തായാലും ആ പരസ്യം ഒന്ന് കണ്ടേ ക്കൂ 


കിലുക്കം സിനിമ - അന്നാ ഹസാരെ വേര്‍ഷന്‍

രംഗം ഒന്ന് - ആശുപത്രി
കിടക്കയില്‍ ജഗതിയുടെ കഥാപാത്രം  നിശ്ചല്‍  , സന്ദര്‍ശിക്കാന്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ജോര്‍ജ്ജി എത്തുന്നു ( ഈ വേര്‍ഷനില്‍ നിശ്ചല്‍ ആയി അണ്ണാ ഹസാരെ,  ജോര്‍ജ്ജി  ആയി കേജ്രിവാള്‍ , ഡോക്ടര്‍ സുകുമാരി ആയി കിരണ്‍ ബേദി)


പേം പേം പേം പേം ( ദുഃഖ സാന്ദ്രമായ പശ്ചാത്തല സംഗീതം)

അണ്ണാ ഹസാരെ  :  ചത്തോന്നറിയാന്‍ വന്നതാണ ല്ലേ? ചത്തില്ല ..നീയാ രാഷ്ട്രീയ പാര്‍ട്ടി കൊണ്ട്  എന്തുണ്ടാക്കുമെന്നറിഞ്ഞിട്ടെ ഞാന്‍ ചാകൂ

കേജ്രിവാല്‍ : ദയവായി ഞാന്‍ പറയുന്നതൊന്നു കേക്കണം

അണ്ണ : എനിക്കൊന്നും കേക്കണ്ട... നീ ഞാനിവിടെ നിരാഹാര പന്തലില്‍ നിന്ന് ഇറങ്ങും മുന്‍പ്‌ രാഷ്ട്രീയ പാര്ട്ടിയുണ്ടാക്കാനാണ് മോഹമെങ്കില്‍  ആ മോഹം കയ്യിലിരിക്കത്തെ ഒള്ളൂ ...

കിരണ്‍ ബേദി : അധികം ദേഹമിളക്കണ്ട

കേജ്രി :ഇനി ഇളകാനൊന്നുമില്ല. എല്ലാം അവന്മാര്‍ സത്യാഗ്രഹം കിടത്തി ഇളക്കി കൊണ്ട് പോയി

കിരണ്‍ ബേദി :  ആ..കിടക്ക്

കേജ്രി: ഏയ്‌ ..ഞാന്‍ പറയുന്നതൊന്നു കേക്ക്

അണ്ണ: എന്നെ തൊടരുത്

കേജ്രി : എഹ്..അണ്ണാ ഇത്ര ഇമോഷണലാകരുത്

അണ്ണ: (ആക്രോശം) ആകും ..ആകും.. എടാ നീയും ഈ ടീമും ചേര്‍ന്ന് തിന്നു മുടിച്ചത് എന്റെ പേരില്‍ വന്ന കാശ് ..നീയും അവരും കൂടെ ഉടുത്തൊരുങ്ങി ചാനലില്‍ കേറി നിരങ്ങിയത് എന്‍റെ  പേരില്‍ . ( ദു:ഖത്തോടെ) അവസാനം നീ കാണിച്ച തെണ്ടിത്തരത്തിന് പോയത് എന്‍റെ പേര്, എന്‍റെ  മാനം, എന്‍റെ ആരോഗ്യം ... ഇത്രോക്കെ സംഭവിച്ച എനിക്ക് ഇമോഷണ ലാ കാന്‍  അവകാശമില്ല അല്ലേടാ...

കേജ്രി: ഞാന്‍ അണ്ണായോട് അല്പം സീരിയസ്സായി സംസാരിക്കാനാണ് വന്നത്. ഇങ്ങനൊക്കെ സംഭവിച്ചതില്‍ എനിക്ക് വളരെ വിഷമമുണ്ട്.അണ്ണ: (പുച്ഛം) അതറിഞ്ഞതില്‍ എനിക്ക് വളരെ വിഷമമുണ്ട്.
പക്ഷെ യാതൊരു വിധത്തിലുമുള്ള ഒത്തുതീര്‍പ്പിനും നീ ശ്രമിക്കണ്ട , ഞാനതിനു തയ്യാറല്ലകേജ്രി :ഞാന്‍ പറയുന്നത് അണ്ണായൊന്നു കേള്‍ക്ക്

അണ്ണ: കേള്‍ക്കണ്ട, ഇനി രണ്ടിലോന്നരിഞ്ഞിട്ടു തന്നെ കാര്യം

കേജ്രി : എനിക്ക് പറയാനുള്ളത് എന്താണെന്ന് അണ്ണായൊന്നു കേക്ക്

അണ്ണ: വേണ്ട

കേജ്രി : ദയവായി ഞാന്‍ പറയുന്നതൊന്ന്.....

അണ്ണ: വേണ്ടാ വേണ്ടാ വേണ്ടാ .......

കേജ്രി : എനിക്ക് പറയാനുളളത് ഇത്രേ ഉള്ളൂ..വെട്ടാന്‍ വരുന്ന പോത്തിന്‍റെ ചെവിയില്‍ വേദമോതിയിട്ടു കാര്യമില്ലെന്ന് അണ്ണാ കേട്ടിട്ടുണ്ടോ?

അണ്ണ: ഉണ്ടെങ്കി........?

കേജ്രി : അത് സത്യമാണെന്ന് എനിക്ക് മനസിലായി എന്ന് പറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വന്നത്. അല്ലാതെ അണ്ണായെ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പ്രസിഡണ്ട് ആക്കാന്‍ ക്ഷണിക്കാനോന്നുമല്ല, പോടോ..ഗുഡ് ബൈ

അണ്ണ: പോടാ ....

രംഗം രണ്ട് _ നിരാഹാര കേന്ദ്രം വിട്ട അണ്ണാ പുറത്തേക്കു പോകുന്നു

(ആത്മഗതം ) നാനൂറു രൂപയായി...

ഡോക്ടറോട് - ഡോക്ടറെ ...കുറച്ചു കടുപ്പമാ ഇവിടുത്തെ ബില്ല്

ഡോക്ടര്‍ കിരണ്‍ ബേദി- തല്ലു വാങ്ങിക്കുന്നത് കുറച്ചാല്‍ ബില്ലും കുറയും

അണ്ണാ- ഓ തമാശിച്ചതാണ ല്ലേ..

ഡോക്ടര്‍ - പോടാ തല്ലു കൊള്ളീ...

പെട്ടെന്ന് വില്ലന്‍ (സര്‍ക്കാര്‍)} വണ്ടിയില്‍ വന്നിറങ്ങുന്നു

(പശ്ചാത്തല സംഗീതം - ദ്രുതം " ടേം ടെ ടേം .......ടെടേം ടെടേം ..........)

അണ്ണാ : എഹ് ഏഹ് ...സലാം ...

വില്ലന്‍ : വോ കേജ്രി  കാ ബച്ചാ കഹാം ഹേ?

അണ്ണാ: (പരുങ്ങുന്നു)  അ..വ ...നു..മായിട്ട് ഞാന്‍ ഒടക്കി...

വില്ലന്‍ : ക്യാ?

അണ്ണാ : പോട്ടീ പോട്ടീ .... ചകട ചകട

വില്ലന്‍:: ; തും മുത്സെ ജഗ്ട കരേഗ?

അണ്ണാ;(സന്തോഷത്തോടെ ) ഏ സ്......

വില്ലന്‍: ; തും പാഗലെ ക്യാ?

അണ്ണാ;(സന്തോഷത്തോടെ ) ഹം അണ്ണാ ഹേ...  അതാ...യ്യ..ത്തു .. ഞ്ഞ്യാ നും ക്യെജ്രിയും    അടിച്ചു പിരിഞ്ച് ...ദുശ്മന്‍.....>>>ദുശ്മന്‍....>>ഹ് ഹ് ഹ ഹ

വില്ലന്‍ : ത്തു മേര ദുശ്മന്‍ ഹേ?

അണ്ണാ;(സന്തോഷത്തോടെ ) ഏ സ്......

വില്ലന്‍ : ( താക്കീത്, അണ്ണാ യുടെ കുത്തിനു പിടിച്ച്)    സാലെ കേജ്രിവാല്‍ മേരെ ആദ്മി കോ മാര...അഗര്‍ വോ മേരെ കോ മില്‍ ഗയാ, മേം ഉസ്കോ  മാര്‍ ഡാലെ ഗ...പര്‍ അഗര്‍ വോ മേരെ കോ നഹി മിലാ, മെയ്‌ തെരെ കോ മാര്‍ ഡാലെഗ...
ബോല്‍......... ....

അണ്ണാ: മുജെ മാലും.....അയ്യോ അറിഞ്ഞൂടാ എന്നതിന്റെ ഹിന്ദി എന്താണാവോ ...മുജെ മാലും........
മുജെ മാലൂം....

(വില്ലന്‍ അണ്ണയുടെ കൈ പിടിച്ചു തിരിച്ചു കഴുത്തില്‍ ഇടിച്ചു നിലത്തിട്ടു ചവിട്ടുന്നു)

അണ്ണാ; അയ്യോ എന്‍റെ  ദൈവമേ...എനിക്ക് അറിഞ്ഞൂടാഎന്ന് ഈ മറുതയോട് പറഞ്ഞു കൊടുക്കെടോ ...

( നെഞ്ചില്‍ ഇടി, ചവിട്ട്... വീണ്ടും ആശുപത്രിയില്‍...) }


2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പൊളിറ്റിക്കല്‍ പോളിഷിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
അങ്ങനെ അതും സംഭവിക്കാന്‍ പോകുന്നു. എമേര്‍ജിംഗ് കേരള കൊണ്ട് അങ്ങനെ ഒരു ഗുണമുണ്ടായി. ഒരു കണക്കിന് നല്ലതാണ്. നമ്മള്‍ ചെറുപ്പം മുതലേ കുഞ്ഞുങ്ങളെ ഡോക്ടര്‍ , അല്ലെങ്കില്‍ എന്‍ജിനീയര്‍ എന്നീ നിലക്കാണ് വളര്‍ത്തി കൊണ്ട് വരുന്നത്. ഫുട്ബോള്‍ കളി വികാരമായ നാടുകളില്‍ ചെറിയ പ്രായത്തില്‍ തന്നെ ആ കളി പഠിപ്പിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക്‌ കഠിനമായ കോച്ചിംഗ് നല്‍കും.

 ഇവിടെ ഫുട്ബോളിനെക്കാളും ക്രിക്കറ്റിനെക്കാളും ലാഭമുള്ള മറ്റൊരു കളിയുണ്ട്, രാഷ്ട്രീയം.  അതില്‍ ഇത് വരെ ആരും കോച്ചിംഗ് സെന്‍റ്ര്‍ തുടങ്ങിയിട്ടില്ല. അത് കൊണ്ട് തന്നെ സ്ഥാപനം തുടങ്ങുന്ന ആള്‍ക്കും ആദ്യ പഠിതാക്കള്‍ ആയി വരുന്നവര്‍ക്കും വലിയ മെച്ചങ്ങള്‍ പ്രതീക്ഷിക്കാം. എമേര്‍ജിംഗ് കേരള കൊണ്ട സര്‍ക്കാര്‍ എന്താണോ ഉദ്ദേശിച്ചത് അത് തന്നെ മറ്റൊരു മലയാളിയും ചിന്തിച്ചു,  അമരം ടെക്നോളജിയുടെ സി.ഇ.ഓ വിത്സണ്‍ പാലത്തിങ്കല്‍  .  അങ്ങനെയാണ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഇങ്ങനെ ഒരു സ്ഥാപനം കൊണ്ടുവരാന്‍ തീരുമാനമുണ്ടായത്.
ഒന്നാം ക്ലാസില്‍ തന്നെ കമ്മ്യൂണിസം വേണോ കോണ്ഗ്രസ്സീയം വേണോ അതോ താമര ഇലയില്‍ എഴുതണോ എന്നൊക്കെ തീരുമാനിച്ച് സിലബസ്‌ തെരെഞ്ഞെടുക്കാമോ  എന്നാണോ ഉദ്ദേശിച്ചത് എന്നറിയില്ല. എന്തായാലും ഇക്കാര്യത്തെ കുറിച്ച് ടി വി ചാനലിന് കമന്‍റ് നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരല്‍പം കുസൃതി ഉണ്ടായിരുന്നില്ലേ എന്ന് തോന്നി പോകുന്നു.(ഇന്ത്യാവിഷന്റെ ആ വീഡിയോ ക്ലിപ്പ്‌ ഇപ്പോള്‍ തിരഞ്ഞിട്ടു കാണുന്നില്ല, ഇല്ലെങ്കില്‍ രസകരമായ ആ ക്ലിപ്പ് ഇവിടെ ചേര്‍ക്കാമായിരുന്നു ) മൂപ്പര്  സര്‍ക്കാരിനെ കളിയാക്കിയതാണോ എന്നൊരല്‍പ്പം സംശയം ഇല്ലാതില്ല.  ഇടയ്ക്കു കാമറയിലേക്ക് കേറി വന്ന വേറൊരു ചങ്ങാതി അന്ധാളിച്ചു നില്‍ക്കുന്നതും കണ്ടു.  ചെറുപ്പം മുതലേ മികച്ച പരിശീലനം മികച്ച രാഷ്ട്രീയക്കാരെ വാര്‍ത്തെടുക്കാന്‍ പൊളിറ്റിക്കല്‍ മാനേജ്മെന്‍റ്  ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലാണ് സ്ഥാപനം വരുന്നത്രേ!

വാഷിങ്ങ്ടന്‍ ഡി സി യിലെ    ജി ഡബ്ല്യൂ യൂനിവേഴ്സിറ്റിയുടെ   ദി ഗ്രാജുവേറ്റ്‌  സ്കൂള്‍ ഓഫ് പൊളിറ്റിക്കല്‍ മാനേജ്മെന്റ്   എന്നാ സ്ഥാപനവുമായി സഹകരിച്ചാണ് മൂന്നു വര്‍ഷ പരിശീലനം സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറയുന്നുണ്ട്.
നമുക്കറിയേണ്ടത്-  വെട്ടാനും കുത്താനും ബോംബ്‌ എറിയാനും ഹര്‍ത്താല്‍ നടത്താനും മുണ്ട് ഉരിയാനും ബ്ലോഗ്‌ എഴുതാനും  മൂക്കിള ഒലിപ്പിക്കുന്ന കുട്ടിയായാലും എടുത്തുയര്‍ത്തി ഉളുപ്പില്ലാതെ മൂക്കില്‍ തന്നെ ഉമ്മ വക്കാനും   പഠിപ്പിക്കുമോ എന്ന് മാത്രമാണ്. കാശ് കൊടുത്തു പഠിക്കുമ്പോള്‍ ഇതൊന്നും സിലബസില്‍ ഇല്ലെങ്കില്‍ നമുക്കെന്താ മെച്ചം? അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയിട്ടും പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ല , ഉവ്വോ?
എന്തായാലും ശ്രീനിവാസന്‍റെ സന്ദേശം എന്ന സിനിമയും കൂടി കാണിച്ചു കൊടുക്കണം.


ഓ...ഒടുവില്‍ ആ ലിങ്ക്കിട്ടി... ഇന്ത്യവിഷന്‍ വാര്‍ത്ത കാണൂ 

2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

വൈവാഹിക സ്വത്താവകാശ നിയമം
വൈവാഹിക സ്വത്താവകാശ നിയമം
*ഗുണം ലഭിക്കുക -രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ രണ്ടാംകിടക്കാരായി തരംതാഴ്ത്തപ്പെട്ട സ്ത്രീകള്‍ക്ക്

*സ്വത്തവകാശത്തില്‍ ജനാധിപത്യ തുല്യത ഉറപ്പ് വരുത്തും 
*ഏതാനും മാസങ്ങള്‍ക്കകം ബില്ലായി അവതരിപ്പിക്കും.

*80 ശതമാനം സ്ത്രീകളും സാമ്പത്തികമായും സാമൂഹികമായും പിന്നിലെന്ന് പഠനങ്ങള്‍.. >സ്ത്രീ ജോലിക്ക് പോകാതെ വീട് നോക്കുന്നത് കൊണ്ടാണ് ഭര്‍ത്താവിന് പുറത്തു പോയി സമ്പാദിക്കാന്‍ കഴിയുന്നതെന്നും അതിനാല്‍ ആ സമ്പാദ്യത്തില്‍ സ്ത്രീക്കും അവകാശമുണ്ടെന്നും നിയമം നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തും.
*നിയമം വരുന്നതോട് കൂടി വിവാഹിതരാകുന്ന ദിവസം മുതല്‍ വിവാഹമോചിതയാകുന്ന ദിവസം വരെ ഭര്‍ത്താവ് സമ്പാദിക്കുന്ന സ്ഥാവര -ജംഗമ സ്വത്തുക്കളില്‍ സ്ത്രീക്ക് തുല്യ അവകാശം ലഭിക്കും.
ഭര്‍ത്താവിന്‍െറ സ്വത്തുക്കളില്‍ 50 ശതമാനം പങ്കുവെക്കണമെന്ന ബില്ല് കേന്ദ്രസര്‍ക്കാര്‍ നാലുമാസം മുമ്പ് അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ ബില്ല് പ്രകാരം സ്ഥാവര സ്വത്തുക്കളില്‍ മാത്രമാണ് അവകാശം ലഭിക്കുക. അതിനും മുമ്പേയുള്ള നിയമപ്രകാരം സ്ത്രീക്ക് ‘മെയിന്‍റനന്‍സ്’ തുക മാത്രമാണ് നഷ്ട പരിഹാരമായി ലഭിക്കാന്‍ അവകാശമുണ്ടായിരുന്നത്.

*പുതിയ നിയമപ്രകാരം ഭര്‍ത്താവിന്‍റെ  സ്വത്തുപയോഗിച്ചോ ഭര്‍ത്താവിന്‍െറ കൂട്ടുകുടുംബ ഭൂമിയോ ബിസിനസോ ഉപയോഗിച്ചോ ലഭിക്കുന്ന സമ്പാദ്യത്തിന്‍െറ പകുതിക്കും സ്ത്രീ അര്‍ഹയാകും. മറ്റുതരത്തിലുള്ള ജോലിയാണെങ്കില്‍ പ്രൊവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയവയിലും ഭാര്യക്ക് പകുതി അവകാശം ലഭിക്കും. 
*കൂടാതെ, വൈവാഹിക സ്വത്ത് എന്ന് നിര്‍വചിക്കപ്പെടുന്ന സ്വത്തിന്മേല്‍ കടമെടുക്കാനോ വില്‍ക്കാനോ ഭാര്യയുടെ രേഖാമൂലമുള്ള സമ്മതവും വാങ്ങേണ്ടിവരും. ഭാര്യ ഒപ്പിട്ട് നല്‍കാതെ ഇത്തരം ക്രയവിക്രയങ്ങള്‍ക്ക് നിയമ സാധുത ലഭിക്കില്ല.

*എന്നാല്‍, ഭാര്യ ദുരുദ്ദേശത്തോടെ ക്രയവിക്രയങ്ങള്‍ക്ക് അനുവാദം നല്‍കിയില്ളെങ്കിലോ അനുവാദം നല്‍കാന്‍ തക്ക മാനസിക ശാരീരിക അവശതകള്‍ ഉണ്ടെങ്കിലോ ഭര്‍ത്താവിന് കുടുംബ കോടതിയെ സമീപിക്കാം. ഭാര്യയുടേയൊ മക്കളുടെയോ ക്ഷേമത്തിന് വിരുദ്ധമായി ഭര്‍ത്താവ് ക്രയവിക്രയം നടത്തിയാല്‍ ഭാര്യക്കും കോടതിയെ സമീപിക്കാം

*
വിവാഹശേഷം ജോലിയുള്ളവര്‍ ജോലിയുപേക്ഷിക്കുകയോ ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടെങ്കിലും ജോലിക്ക് ശ്രമിക്കാതിരിക്കാതിരിക്കുകയോ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളം പോലുള്ള സംസ്ഥാനങ്ങളിലും കൂടുതലാണ്. ഫലത്തില്‍ വിവാഹമോചിതയാകേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ സ്വന്തമായി വരുമാനമോ സ്വത്തോ ഇല്ലാത്ത ഗതികേടുണ്ടാകുന്നു. ഇതിന് പരിഹാരമായാണ് നിയമം കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. പോര്‍ച്ചുഗീസ് കാലഘട്ടം മുതല്‍ ഗോവയില്‍ സ്ത്രീക്ക് സ്വത്തില്‍ തുല്യ അവകാശം ഉറപ്പുവരുത്തുന്ന നിയമം പ്രാബല്യത്തില്‍ ഉണ്ട്. മഹാരാഷ്ട്രയില്‍ ബില്ല് കൊണ്ടുവന്നുവെങ്കിലും മറ്റു ചില പോരായ്മകള്‍ അതിലുണ്ട്. പൈതൃക സ്വത്ത്, ഹിന്ദു കൂട്ടുകുടുംബങ്ങളിലെ സ്വത്തിന്‍െറ വിഹിതം, വ്യക്തിഗത ഇന്‍ഷുറന്‍സ് തുക, ആഭരണം എന്നീ വിഭാഗങ്ങളില്‍ ഭര്‍ത്താവിനുള്ള ആസ്തികള്‍ വൈവാഹിക സ്വത്തായി പരിഗണിക്കില്ല.  ഈ നിയമപഴുതിലൂടെ സ്ത്രീയെ വിദഗ്ധമായി ഒഴിവാക്കാനാകും.  

*
എങ്കിലും വിവാഹകാലാവധി, ദമ്പതികളുടെ പ്രായം, രണ്ടുപേരുടെയും വരുമാനശേഷി, സ്വത്തിന്‍െറ മൂല്യം, കടബാധ്യതകള്‍, ഇരുകൂട്ടരുടെയോ മക്കളുടേയൊ ശാരീരിക വൈകല്യങ്ങള്‍, ഭാര്യയുടെ കൂലിയില്ലാ വേല എന്നിവ കണക്കിലെടുത്ത് കോടതിക്ക് കാര്യങ്ങള്‍ തീരുമാനിക്കാം. ഇക്കാര്യങ്ങളെല്ലാം സര്‍വേ നടത്തി ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കരട് ബില്ല് തയാറാക്കാനാണ് സര്‍ക്കാറിന്‍െറ നീക്കം. ഇതിനായി കേരളത്തില്‍ പ്രചാര പരിപാടികള്‍ നടത്തുന്നത് ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്കാണ്. 


*
കഴിഞ്ഞമാസം കൂലിയില്ലാ വേലയെടുക്കുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവ് ശമ്പളം നല്‍കുന്ന ബില്ല് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഈ ബില്ല് ആറുമാസത്തിനകം നിയമമാക്കുമെന്നാണ് സൂചന. ഈ ബില്ലനുസരിച്ച് ഭര്‍ത്താവിന്‍റെ  സമ്പാദ്യത്തിന്‍റെ  20 ശതമാനം കൂലിയില്ലാ വേലയെടുക്കുന്ന ഭാര്യക്ക് നല്‍കേണ്ടിവരും. വീട്ടമ്മമാര്‍ക്ക് മിനിമം കൂലി ഉറപ്പാക്കണം എന്ന വിഷയം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാറില്‍ കരട് ബില്ല് സമര്‍പ്പിക്കാന്‍ വയനാട് കേന്ദ്രമായ വുമന്‍സ് വോയ്സ് ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം മുതല്‍ പ്രചാര പരിപാടികളും സര്‍വേയും ഒപ്പുശേഖരണവും നടത്തിവരുന്നുണ്ട്്. ഇതുവരെ ശേഖരിച്ച റിപ്പോര്‍ട്ടുകളും ഒപ്പും ഒക്ടോബര്‍ പകുതിയോടെ  നേരിട്ട് സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിക്കും. ഇതേവിഷയത്തില്‍ ഹൈകോടതിയില്‍ റിട്ട് നല്‍കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. വിവാഹ മോചന സമയത്തോ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ പിടഞ്ഞ് ഇന്‍ഷുറന്‍സ് തുക കണക്കാക്കുന്ന സമയത്തോ സ്ഥിര ശമ്പളമുള്ള ജോലിയില്ല എന്ന കാരണത്താല്‍ ലഭിക്കുന്ന നഷ്ട പരിഹാര തുക കുറവാണ്. ഈ തുക കൊണ്ട് ഭാവിയില്‍ ജീവിക്കാന്‍ സ്ത്രീക്ക് കഴിയില്ല. ഇതിന് പരിഹാരമായാണ് കൂലിയില്ലാ വേലക്ക് ശമ്പളം നല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാ പൗരനും ജാതി- മത- വര്‍ഗ- വര്‍ണ- ലിംഗ വ്യത്യാസമില്ലാതെ തുല്യത ഉറപ്പ് വരുത്തുന്ന ഭരണഘടനയുണ്ട്. എന്നിട്ടും സ്വത്തവകാശത്തിന്‍െറ പേരില്‍ സ്ത്രീകള്‍ക്കെതിരെ വലിയ വിവേചനമാണ് നടക്കുന്നത്. ഒരേ ജോലിക്ക് തുല്യ ശമ്പളം ഉറപ്പുവരുത്തുന്ന രാജ്യമായിട്ടുകൂടി  ഇന്ത്യയില്‍ ഇപ്പോഴും സ്വത്തിന്‍റെ  കാര്യത്തില്‍ മത- സാമുദായിക- ഗോത്രപരമായ വിതരണ വിവേചനം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം പരിഗണിച്ച്  കേന്ദ്ര നിയമ കമീഷനാണ്  പുതിയ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് വിവിധ മത- വ്യക്തി നിയമങ്ങള്‍ ഉണ്ടെങ്കിലും സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിന്‍റെ  അളവും ഗുണവും വളരെ തുച്ഛമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥയായ സ്ത്രീക്കുപോലും അവള്‍ സമ്പാദിക്കുന്ന സ്വത്തിന് ഭര്‍ത്താവിനോടോ കുടുംബക്കാരോടോ കണക്ക് ബോധിപ്പിക്കേണ്ടതുമുണ്ട്. ജോലിയില്ലാത്ത സ്ത്രീയാണെങ്കിലും വീടിനകത്തെ കൂലിയില്ലാ വേലക്ക് നിര്‍ബന്ധിതരാണ് 


ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

ഫാഷന്‍

ഫോട്ടോസ് - സിലിയ ക്രിയേഷന്‍സ്‌ 


Faces ..???

$nap by :- Pranji Jijasal
In screen :-Aun Gopan
Stylist :- Ben10,Dennichan
Final Touching :-Josettan(Geo)
 


Faces ..???

$nap by :- Pranji Jijasal
In screen :-Aun Gopan
Stylist :- Ben10,Dennichan
Final Touching :-Josettan(Geo)
 THE MASK....;>

snap's by:- pranji jijasal
in screen :- sajan jose
vettikoott by:- josettan(geo)
stylist:- ben10,dennichan
final touching: - arun gopan
 

2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

പി എസ് സി പരീക്ഷക്ക്‌ വരാവുന്ന എമേര്‍ജിംഗ് കേരള ചോദ്യങ്ങള്‍... !!


(തലയുള്ളവന്‍ മനസിലാക്കട്ടെ)

   ചോദ്യം : എമേര്‍ജിംഗ് കേരളയും നേരത്തെ നടന്ന ജിം നിക്ഷേപക സംഗമവും തമ്മിലുള്ള  ബന്ധം? 


ഉത്തരം : രണ്ടിലും 'ജിം' ഉണ്ട് 


ചോദ്യം : പുതിയ ബാര്‍ ലൈസന്‍സിനു പകരംകേരളത്തിന്‌  അഭിമാനപൂര്‍വ്വം  വാഗ്ദാനം ചെയ്യപ്പെട്ട പദ്ധതി ? 
ഉത്തരം :  കാബറേ അടക്കമുള്ള നിശാ നൃത്ത മദ്യ ശാല 


 ചോദ്യം : എമേര്‍ജിംഗ്  കേരളയുടെ  ലോഗോ ?
ഉത്തരം : ഷോക്കേറ്റ്‌ തൂവല്‍ എഴുന്നു നില്‍ക്കുന്ന  പ്രാവ്‌

ചോദ്യം : വി വി ഐ പി കള്‍ വരുമ്പോള്‍ നിരോധിക്കേണ്ട കോര്‍പറേറ്റ് ഉല്‍പ്പന്നം   ?'
ഉത്തരം : കരിക്ക്‌


സമ്മേളന സ്ഥലത്തിന്‍റെ
ആകാശ ചിത്രം 
ചോദ്യം : ഉര്‍വശീ ശാപം ഉപകാരം - ഇതില്‍ പദ്ധതിക്ക് ഉപകാരമായ ഉര്‍വശി (മാര്‍ ) ആര്?
ഉത്തരം : ഹരിത എം. എല്‍ .എ മാര്‍


   ചോദ്യം : കേരളത്തെ ഭൂമാഫിയയില്‍ നിന്ന് രക്ഷിച്ച് ഉടമകളെ സഹായിക്കുന്ന പദ്ധതി ?
   ഉത്തരം : ലാന്‍ഡ്‌ ബാങ്ക് 


   ചോദ്യം :  പദ്ധതി നടത്തിപ്പിലും സമ്മേളനം നടക്കുന്ന സ്ഥലത്തിന്‍റെ   ആകാശചിത്രത്തിലും  തെളിഞ്ഞു കാണുന്നത് എന്ത് ?     ഉത്തരം : ചോദ്യ ചിഹ്നം !കോണ്‍ഗ്രസ്സുകാര്‍ക്ക് എന്നെ തെറി വിളിക്കാനും  അല്ലാത്തവര്‍ക്ക് എന്നെ സപ്പോര്‍ട്ട് ചെയ്യാനുമായി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു !

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

ആണ്‍ വാണിഭം- സര്‍വ്വേ - ചോദ്യം ഒന്ന്

കേരളത്തില്‍ ആണ്‍കുട്ടികള്‍ക്ക്  നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു      
ശരിയോ തെറ്റോ? (ചോദ്യം 1)                          ___________________________________________________________________________________________


'രാജ്യത്ത് വര്‍ദ്ധിക്കുന്ന ആണ്‍വാണിഭവും അനന്തരഫലങ്ങളും പ്രതിവിധികളും''-എന്ന വിഷയത്തില്‍  ഉയര്‍ന്ന വിദ്യാഭ്യാസവും ബൌദ്ധികനിലവാരവുമുള്ള കേരളത്തിലെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുളള പഠനത്തിന്‍റെ  ഭാഗമായുള്ള സര്‍വ്വേ ( നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ ഇന്ത്യ ) 
സ്ത്രീകള്‍ ഉപഭോക്താക്കള്‍  ആയ ആണ്‍വാണിഭ മാര്‍ക്കറ്റുകള്‍ വ്യാപിക്കുകയാണ്. ഫലമോ,കൂടുതല്‍ ബാലന്മാരും യുവാക്കളും ഇരകളാകുന്നു. ഒപ്പം അവര്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ അതേ പടി തരം കിട്ടിയാല്‍ മറ്റുള്ളവരുടെ മേല്‍ പ്രയോഗിക്കുന്നു. സ്വാഭാവികമായും കുട്ടികള്‍ തന്നെയാണ് പ്രധാന ഇരകള്‍. പെണ്‍ വാണിഭത്തെക്കാളും അപകടകരമാണ് ആണ്‍വാണിഭം. നേരത്തേ നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ മാത്രം രണ്ടു ലക്ഷത്തിലധികം ആണ്‍വേശ്യകളുണ്ടെന്ന അവിശ്വസനീയമായ കണക്കുകളാണ് ലഭിച്ചത് . ലോകത്തിന്റെയും ഭാരതത്തിന്‍റെ യും വിവിധ ഭാഗങ്ങളില്‍  കുറെ നാളായി നടന്നു വരുന്നുണ്ട്.
അത്യന്തം ഗൌരവമാര്‍ന്ന പഠനത്തിന്റെ അന്തിമ ഫലം 
നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ ഇന്ത്യ സര്‍ക്കാരില്‍ സമര്‍പ്പിക്കും 
അത്യന്തം ഗൌരവമാര്‍ന്ന പഠനത്തിന്റെ അന്തിമ ഫലം നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ ഇന്ത്യ സര്‍ക്കാരില്‍ സമര്‍പ്പിക്കും 

അവിടങ്ങളിലെ അവസ്ഥകളുടെ ചെറുവിവരണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആണ്‍വാണിഭസാഹചര്യങ്ങളെ കുറിച്ചാണ് പഠനം. ശാരീരികമാനസിക ആരോഗ്യം നഷ്ടപ്പെടല്‍, ധാര്‍മിക അധഃപതനം, സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കല്‍, സാമ്പത്തിക ചൂഷണം, ലഹരി ഉപയോഗം, നിര്‍ബന്ധിത അശ്ലീല ദൃശ്യ ചിത്രീകരണം,എയ്ഡ്സ് പോലുള്ള ലൈംഗിക രോഗങ്ങള്‍എന്നിവയുടെ വ്യാപനം താരതമ്യേന കൂടുതലാണ്

2012, സെപ്റ്റംബർ 2, ഞായറാഴ്‌ച

എല്ലാ പ്രാര്‍ഥനയും ഫലിക്കും !!

പടച്ചോനെ.....വലുതാകുമ്പോ ആ മൊഞ്ചത്തിയെ  എനിക്ക് കെട്ടിച്ചു തരണേ....

റിയാലിറ്റി ഷോയില്‍ രതിലീല സമാനമുള്ള  നൃത്തം ചെയ്ത രണ്ടാം ക്ലാസ്സുകാരിയായ കണ്ടസ്റ്റന്‍റിനോടു  വിധികര്‍ത്താക്കള്‍ പറയുന്ന പോലെ 'മോനെ, നീ നിന്‍റെ പ്രായത്തിനു ചേരാത്ത ഡയലോഗ്  ആണ് ഇപ്പൊ പറഞ്ഞത്. അത് നിന്‍റെ കുഴപ്പമല്ല, നിന്‍റെ മാസ്റ്റര്‍ടെ കൊഴപ്പാണ്‌.എന്നാലും നീ നന്നായി ചെയ്തു "  (സംഭവം ,അവരത് ടിവിയില്‍ വീണ്ടും വീണ്ടും കാണിക്കുമെങ്കിലും, അങ്ങനെ പറയുക എന്നതാണ് അവരുടെ കടമ , എന്നിട്ട് നാലാളെ കൂടുതല്‍ പരിപാടി കാണാന്‍ പ്രേരിപ്പിക്കും )  കേരളത്തില്‍ കുറെ പേരെ കൂടി കുറി കമ്പനിയില്‍ ചേര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഇറങ്ങിയ  പുതിയ പരസ്യത്തിലാണ് നാലാം ക്ലാസ്സില്‍ പഠിക്കാന്‍ പ്രായമുള്ള കൊച്ചു പെണ്‍കുട്ടിയെ കെട്ടിച്ചു തരാന്‍ ഈ ചെറുക്കന്‍ പടച്ചോനോട് പറയുന്നത്.

അല്ലെങ്കിലും ഈ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന   ചെക്കനെ കൊണ്ട് റസാക്ക് ഡോക്ടറുടെ മോളെ കെട്ടിക്കണം എന്ന് കൂട്ടുകാരനോട് ആശ പറയിപ്പിക്കാമോ , സംവിധായകന്‍ ?  ദൈവത്തെ  പടച്ചോനെ എന്ന് വിളിക്കുന്ന സമൂഹത്തിലെ കുറെ പേര്‍ ചെറിയ പ്രായത്തില്‍ കല്യാണം കഴിക്കുമെന്നും അപ്പോള്‍ അവരെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കണമെന്നും അതിനു കാശിന്‍റെ മുടക്കം ഉണ്ടെങ്കില്‍ തീര്‍ത്തു കൊടുക്കാന്‍ കുറി കമ്പനി  ഉണ്ടെന്നുമാണ് സംവിധായകന്‍ പറഞ്ഞു വക്കുന്നത്.സിനിമയിലെ സുന്ദരനായ നായകന്‍റെ കൂടെ എപ്പോഴും കാണുന്ന തടിച്ച തമാശക്കാരനായ കൂടുകാരന്‍റെ  പോലത്തെ ചങ്ങാതി അവനുമുണ്ട്.  ''എടാ ഓള്  ആ റസാക്ക് ഡോക്ടര്‍ടെ മോളാ..ഡോക്ടര്‍ടെ മോളെ ഡോക്ടറെ കൊണ്ടല്ലേ കല്യാണം കഴിപ്പിക്കൂ ....''എന്ന്  ആ ചങ്ങാതി പറഞ്ഞു മനസിലാക്കി കൊടുക്കുന്നുണ്ട് .


പരസ്യത്തിന്‍റെ രണ്ടാം ഭാഗത്തില്‍ പടച്ചോന്‍ പ്രാര്‍ത്ഥന കേട്ടെന്നും ചെറുക്കനെ ഡോക്ടറാക്കാന്‍ ഉപ്പ  സമ്മതിച്ചെന്നും നായകന്‍. ലോട്ടറിയടിച്ചോ നിന്‍റെ ഉപ്പക്ക് എന്ന് കണ്ണ് മിഴിച്ചു ചോദിക്കുന്ന കൂട്ടുകാരനോട്  അതെ, ******കുറീസിന്‍റെ പ്രിവിലേജ് കാര്‍ഡ്  സ്വന്തംമാക്കി    എന്ന് നായകന്‍. "" എങ്കില്‍ പടച്ചോനെ, റസാക്ക് ഡോക്ടരുടെ രണ്ടാമത്തെ മോളെ എനിക്ക് കെട്ടിച്ചു തരണേ.." എന്ന് കൂട്ടുകാരനും അവനു വേണ്ടി നായകനും പ്രാര്‍ഥിക്കുന്ന സീനോടെയാണ്  പരസ്യം അവസാനിക്കുന്നത്. പലിശ ഹറാം ആയ  ഒരു കൂട്ടരേ കൊണ്ട് കുറി കമ്പനിയില്‍ ചേരാന്‍ പ്രകോപിപ്പിക്കുക എന്നതാണ് പരസ്യത്തിന്‍റെ മറ്റൊരു  ലക്‌ഷ്യം . 


അതും കൂടാതെ  ഡോക്ടറോ  എഞ്ചിനീയറോ ആകാന്‍ വീട്ടുകാരെ കൊണ്ട് കുറിക്ക മ്പ നിയില്‍ നിന്ന്   പലിശക്ക് പണ മെടുത്താ ല്‍ മതിയെന്നും കുഞ്ഞു മനസുകള്‍ക്ക് സന്ദേശം ക്കൊടുക്കുന്നുണ്ട് . ഇപ്പോള്‍ തന്നെ പലിശക്ക് പണമെടുത്തു പഠിച്ചവര് പെരുവഴിയിലും കയറിന്‍റെ തുമ്പിലുമാണ് ജീവിതം കൊണ്ട് ചെന്നെത്തിക്കുന്നത്.


2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

പുളിക്കലി
തെറ്റീതല്ലാ  ട്ടാ.. വേണംന്നച്ച്  തന്ന്യ  അങ്ങനെ പറഞ്ഞത്...അല്ലേലും ത്രിശൂക്കാര്‍ക്ക്  ആദ്യം ആന, പിന്നെ പൂരം, ഒപ്പം ചെണ്ടമേളം, വെടിക്കെട്ട്, പുലിക്കളി , ഓണത്തല്ല്  ഇതൊക്കെ രക്തത്തില്‍ അലിഞ്ഞതാണ്. അപ്പൊ തെറ്റില്ല. ഒരു സ്റ്റയ് ലിന്  മാററിപ്പിടിച്ചതാ...  ന്തൂട്ടിസ്റ്റാ...ഇനീം സംശയാ?? വെര്‍തെ പര്‍ഞ്ഞതാന്നേ...
ഇന്നിപ്പോ മഴ പെയ്യല്ലേ ന്നാര്‍ന്നു  എല്ലാ ത്രിശൂക്കാര്‍ടേം പ്രാര്‍ത്ഥന..അതിപ്പോ വടക്കുന്നാഥനും കിട്ടിക്കാണും ഒരു പങ്ക്, പുത്തന്‍ പള്ളീലെ വ്യാകുല മാതാവിനും പാറേമേക്കവിലമ്മക്കും തിരുവമ്പാടി കണ്ണനും കിട്ടിയിട്ടുണ്ടാകും.. പോസ്റ്റ് ഓഫീസ് റോഡിലെ ഹനഫി പള്ളി വഴിക്കും കുറെ പ്രാര്‍ത്ഥന അങ്ങ് മുകളിലെത്തും. ഞങ്ങള് ത്രി ശൂ ക്കാര്‍ക്ക്  ജാതീം മതോം ഒന്നുമില്ല, ഭേദം. ഇനീപ്പോ ഇത് വായിച്ചിട്ട് 'ആഹാ എന്നാ വേര്‍തിരിവ് ഉണ്ടാക്കിയിട്ട് തന്നെ കാര്യം ' എന്ന് ചിന്തിച്ചു ആ വഴിക്കൊന്നും വരണ്ട ട്ടാ.. ചുട്ട പെട കിട്ടും..ഗെഡീ....

അപ്പൊ പുലിക്കളിയിലേക്ക്  വരാം... 

വിക്കീടെ പീടികയില്‍ നിന്നു കിട്ടിയ റെഡിമെയ്ഡ് ഡീറ്റേയ് ല്‍സ്    ''അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് സ്ഥലങ്ങള്‍. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന് പൂരത്തിനുംഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണം വൈകിട്ടാണ് പുലിക്കളി. വേഷം കെട്ടല്‍ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. ശരീരമാകെ വടിച്ച് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍കൃത്രിമമായി നിര്‍മ്മിച്ച വനത്തില്‍ നിന്ന് ചാടിയിറങ്ങുന്ന നൂറുകണക്കിന് പുലികള്‍ നടുവിലാര്‍ഗണപതിക്ക് മുമ്പില്‍ നാളീകേരമുടച്ചാണ് കളി തുടങ്ങുന്നത്.''


ഇങ്ങനോന്നുമല്ല ത്രിശൂക്കാര്   പര്‍യാ.. അത്ത് അനുഭവിച്ചെന്നെ   അറിയണം. 
പുലിക്കളി നാലാം ഓണ നാളിലാണ് നടക്കുക. അതിലും ഉണ്ട് രസം.നമ്മളു മലയാളികള്‍ക്ക് കലണ്ടര്‍ പ്രകാരം ഉത്രാടം ഒന്നാം ഓണവും ചതയം നാലാം ഓണവുമാണ്. എന്നാല്‍ ഞങ്ങള്  ത്രിശൂക്കാര്‍ക്ക്  ഒന്നാം ഓണം എന്നത് തിരുവോണമാണ്. അവിട്ന്ന ങ്ങ് ട്  എണ്ണിയാല്‍ പുരൂരുട്ടതി ആണ് നാലാം ഓണം.
വെളിയന്നൂര്‍, പൂത്തോള്‍, പടിഞ്ഞാറെ കോട്ട, പൂങ്കുന്നം, വിയ്യൂര്‍, മൈലിപ്പാടം എന്നീ ആറ് ടീമാണ് ഇത്തവണ . ഇന്നിപ്പോ എന്നത്തേയും പോലെ നാലു മണിക്ക്  പുലികള്‍ മടയില്‍ നിന്നിറങ്ങി  . ഓരോ ടീമിലും അമ്പതു വരെ പുലികള്‍. തൃശ്ശൂരിന്റെ പല വഴികളിലൂടെ ഇവര്‍   റൌണ്ടിലെത്തി. സ്വാരാജ് റൌണ്ടില്‍... ,  അവിടെ നടുവിലാലിലെ ഗണപതിക്ക് മുന്നില്‍ നാളികേരമുടച്ചു. എന്നിട്ട്  '' ണ്ടു ണ്ടു ണ്ട്   ...ണ്ടു ണ്ടു ണ്ട്  ....ണ്ടും ,   ണ്ടു ണ്ടു ണ്ട്   ...ണ്ടു ണ്ടു ണ്ട്  ....ണ്ടും , '' എന്ന കൊട്ടലിനൊപ്പം കുമ്പ കുലുക്കി ( ഹാ, ഇപ്പോഴാ ഓര്‍ത്തത്. കുമ്പയുളളവനാണ്  തൃശ്ശൂരിലെ 'പുലി' . അത് കൊണ്ട് കുറച്ചു കുമ്പ ഉണ്ടായാലും കല്യാണ പ്രായമായ പെമ്പിള്ളേര്‍ക്ക് പെണ്ണു കാണാന്‍ വരുന്ന  ചെറുക്കന്മാരോട്  ഇഷ്ട്ടക്കുറവോന്നും തോന്നാറില്ല. ) , അങ്ങനെ കുമ്പ കുലുക്കി  കാലുറപ്പിച്ചുച്ചവിട്ടി  അര മണി കിലുക്കി  നൃത്തം ചവിട്ടി..ആഹ് ഹ ഹ ഹ ....     ഗണപതിക്ക്   കാഴ്ച...

അതങ്ങ് ട് കഴിഞ്ഞാപ്പോ  ആര്‍പ്പു വിളികളോടെ അടുത്ത ടീമിന് തേങ്ങയുടക്കാന്‍ വഴിമാറി കൊടുത്തു മുന്നോട്ട്. എന്നിട്ട് എല്ലാ ടീമും സെറ്റ് സെറ്റായി സ്വാരാജ് റൌണ്ട് നിരഞ്ഞ്ങ്ങനെ കുലുങ്ങി കുലുങ്ങി പുലികാല്‍ വെപ്പുകള്‍  . കുറെ കുട്ടി പുലികളും പെണ്‍കുട്ടി പുലികളും ഉണ്ടാകാറുണ്ട്. ഇത്തവണയും ഉണ്ടായിരുന്നു. സാധാരണ ഉണ്ടാക ണത് ഇങ്ങനെ  കാണാന്‍ വന്ന കുട്ടികള്‍ കുമ്പ തൊട്ട് രസിക്കും. മറ്റുള്ളവര്‍   പൊക്കിളില്‍ വരച്ച പുലി വായില്‍ നോക്കി അലറും, ചിലര്‍ കാറിക്കരയും, പെടിച്ചിട്ടേയ്  ...  ( അടുത്ത കൊല്ലം ഈ സമയം വരെ അമ്മമാര്‍ 'ദേ, പുലി വരുന്നൂ'എന്ന്  പറഞ്ഞു പേടിപ്പിച്ച് മാമുണ്ണിപ്പിക്കും , ''പുലികളി കാണാന്‍ പൂണ്ടെ '' ന്നു ചോദിച്ചും പറ്റിക്കും  )  കുറെ പേര്‍ ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കും. ഇപ്പോക്കേ  തൃശൂരിലെ ചുള്ളന്മാരും ചുള്ളികളും കൂടെ നിന്നു ഫോട്ടോ എടുത്ത് ഫേസ് ബുക്കിലും ഇടും.

പത്തിരുന്നൂറ് കൊല്ലം മുന്‍പ്‌ ടൌണിലെ ഒരു മുസ്ലിം പള്ളിയിലെ കുറെ പട്ടാണികളാണ് 'പുലി കെട്ടു കളി' എന്ന ഒരു കലാരൂപം തുടങ്ങി വച്ചത്. ഇടക്കാലത്ത് നിന്ന് പോയെങ്കിലും പിന്നേം കുറെ ചെറുപ്പക്കാര്‍  തുടങ്ങി. അപ്പൊ പിന്നെ മറ്റുള്ളോര്‍ക്ക് നോക്കിരിക്ക്യാന്‍ പറ്റുമോ? അവരും ഇറക്കി മൂന്നാല് പുലികളെ... അങ്ങനെ കൂടി കൂടി ഇപ്പൊ ആറേഴു കൂട്ടവും ഓരോ കൂട്ടത്തിലും പത്തമ്പത് പുലികളും...

ഇപ്പൊ കൂട്ടത്തില്‍ കുറെ ടാബ്ലോകളും ഉണ്ട്..

മഴ പെയ്തില്ലല്ലോ, തൃശൂര് പോകാന്‍ പറ്റിയില്ല...ടിവിക്കാരോട്ടു പറഞ്ഞു കേട്ടുമില്ല. ഞാനും മിസ്സ്‌ ചെയ്തു. ടിവിയില്‍ കളി കണ്ടിട്ടൊന്നും കാര്യല്ല്യ ഗെഡീ... 
അത്ത് അനുഭവിച്ചെന്നെ   അറിയണം. സാരല്ല്യാ....അടുത്ത തവണ ആകട്ടെ.....റൗണ്ടില്‍, അല്ലെങ്കില്‍ തേക്കിന്‍കാട്ടില്‍..... ... .... ഇപ്പോഴേ മൊബൈലില്‍ മെമ്മോ ഓണ്‍ ആക്കിക്കോ  ട്ടോ...

പുലിയാകാന്‍ മ്മക്ക് ഇത്രേ ക്കെ ചെയ്യാന്‍ പറ്റൂ.....
ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...