2011, ഏപ്രിൽ 16, ശനിയാഴ്‌ച

ആത്മ ബോധം കൊണ്ട് കരുത്ത് നേടുക

സൈകതംസൈകതം ഏപ്രില്‍2011
'പെണ്ണായി പിറന്നാല്‍ മണ്ണായി തീരുവോളം കണ്ണീരു കുടിപ്പാനോ' എന്നു തുടങ്ങുന്ന ഹൃദയ  സ്പര്‍ശിയായ പഴയൊരു പാട്ടുണ്ട് മലയാള സിനിമയില്‍.  റിപ്പോര്‍ട്ടിങ്ങിനായി  വനിത കമ്മീഷന്‍ അദാലത്തുകളില്‍  പോകുമ്പോ ഴൊക്കെ ഈ പാട്ട് മനസിലേക്ക് തിര തല്ലി വരും. അത്രക്കും ദയനീയമാണ് അവിടുത്തെ അവസ്ഥ. ഓരോ മാസവും നൂറിലധികം പരാതികളാണ് വനിത കമ്മീഷനു ഓരോ ജില്ലയിലും കിട്ടുന്നത്. ഒരു കഥ പറയാം.പേരുകള്‍ സാങ്കല്‍പ്പികം എങ്കിലും കഥാപാത്രങ്ങള്‍ ജീവനോടെയുള്ളവര്‍ തന്നെ. പേരു കേട്ട   സമ്പന്ന കുടുംബത്തിലെ ഏറ്റവും ഇളയ മകനായ ജീവന്റെ ഭാര്യയാണ്  ആനീ. ജീവന്‍ അല്പം ബുദ്ധി സ്ഥിരത കുറഞ്ഞയാളാണ് . ആനീ സുന്ദരിയും വിദ്യാ സമ്പന്നയും എന്നാല്‍ തീരെ ദരിദ്രരായ മാതാപിതാക്കളുടെ ഏക മകളുമാണ്. വീട്ടിലെ കഷ്ടപാ ടുകള്‍ കൊണ്ടു തന്നെയാണ്  ജീവന്റെ ആലോചന വന്നപ്പോള്‍ ആനിയുടെ വീട്ടുകാര്‍ കല്യാണത്തിന് സമ്മതിച്ചത്. രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ അവര്‍ക്കൊരു കുഞ്ഞുണ്ടായി. അത് വരെയും സ്നേഹത്തോടെ പെരുമാറിയിരുന്ന ഭര്‍തൃ വീട്ടുകാര്‍ അപ്പോള്‍  മുതല്‍  തനി നിറം കാണിക്കാന്‍ തുടങ്ങി. ജീവന് കുഞ്ഞുണ്ടാകില്ലെന്നും അവന്റെ സ്വത്തു മുഴുവന്‍ മരണ ശേഷം തങ്ങള്‍ക്കു സ്വന്തമാക്കാം എന്നും കരുതിയിരുന്ന ജേഷ്ഠന്മാര്‍ കുഞ്ഞിന്റെ മുഖത്ത്  നനഞ്ഞ തുണിയിട്ട്  കൊല്ലാന്‍ വരെ ശ്രമിച്ചു. ആ പാവം സ്ത്രീ കുഞ്ഞിനേയും കൊണ്ട് രായ്ക്കു രാമാനം ഓടി രക്ഷപ്പെടുന്ന വരെ അവര്‍ പീഡനങ്ങള്‍ തുടര്‍ന്നു. കുഞ്ഞിനുള്ള സംരക്ഷണ ചെലവ്  നല്‍കാന്‍ സഹായം ചെയ്യണം എന്നാവശ്യ പ്പെട്ടാണ്  ആനി  വനിത കമ്മീഷനെ സമീപിപ്പിച്ചത്. കരഞ്ഞു കരഞ്ഞ്  അവരുടെ സുന്ദരമായ കണ്ണുകള്‍ വലി യൊരു കുഴിയിലേക്ക് താണു പോയിരുന്നു. പഠിപ്പുണ്ടായിട്ടും ഒരു ജോലിക്ക് പോകാന്‍  കഴിയാത്തതിന്റെ സങ്കടം മുഴുവന്‍ അവര്‍ കമ്മീഷനു മുന്നില്‍ കരഞ്ഞു ബോധിപ്പിച്ചു. എവിടെ ജോലിക്ക് കയറിയാലും ഭര്‍ത്താവിന്റെ വീട്ടുകാര്‍  ആ ജോലി കളയുന്ന വിധം ഇടപെടും. കുഞ്ഞിനെ ഓര്‍ക്കുന്നതിനാല്‍ ആത്മഹത്യ  ചെയ്യാന്‍  തോന്നുന്നില്ലെന്നും അവര്‍ പറയുന്നുണ്ടായിരുന്നു. കേട്ടിരുന്നതല്ലാതെ പരിഹാരം പറയാനാകാതെ കമ്മീഷനും വിഷമിച്ചു. കേറി താമസിച്ചോളൂ എന്നു പറഞ്ഞാലും ജീവന് സംരക്ഷണം ഉറപ്പു നല്‍കാന്‍ കമ്മീഷനും കഴിഞ്ഞില്ല. അമ്മ എന്ന പദത്തിനു ഏറെ മഹത്വം നമ്മള്‍ മലയാളികള്‍ കല്‍പ്പിച്ചു വച്ചിട്ടുണ്ട്. ആ അമ്മക്ക് വരെ സ്വന്തം കുഞ്ഞിനെ പോറ്റാന്‍ മറ്റൊരാളുടെ കാലു പിടിക്കേണ്ടി വരുന്നു എന്ന അവസ്ഥ  അതി ദയനീയമാണ് . ഏറെ പ്രബുദ്ധമെന്നു അവകാശപ്പെടുന്ന കേരളത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്. ആരാണ് ഇതിനൊക്കെ ഉത്തരവാദി? പെണ്ണോ? ആണോ? സമൂഹമോ? സര്‍ക്കാരോ?  ആദ്യമേ വിരല്‍  നീളുക പെണ്ണിന് നേരെ തന്നെ ആയിരിക്കും, സംശയമില്ല.
മറ്റൊന്ന്, ആലുവയില്‍ 12 വയസുകാരിയെ സ്വന്തം പിതാവ് തന്നെ  മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചെന്ന വാര്‍ത്ത വന്നത് അടുത്ത കാലത്താണ്. ആ അച്ഛനും സ്വന്തം കാമ പൂരണത്തിനായി മകളെ ഉപയോഗിച്ചത്രേ! അമ്മക്ക് ഇതൊക്കെ അറിയാമായിരുന്നു എന്നും പറയപ്പെടുന്നു. മകളുടെ മാനം കാത്തു സംരക്ഷിക്കേണ്ട പിതാവ് തന്നെ ഇവിടെ വില്ലനായി. അപ്പോഴും കേട്ട ഒരു ചോദ്യമുണ്ട്. ആ പെണ്‍കുട്ടി എന്തേ ആരോടും പറഞ്ഞില്ല? അവളാരോട് പറയാന്‍?  ഇന്നയാളോട് പറയണം എന്നു ചൂണ്ടിക്കാട്ടാന്‍ നമുക്ക്  മുന്നില്‍ ആരാണുള്ളത്? അച്ഛനോ? അമ്മയോ? നമ്മളും നിസഹായരാകുന്നു.
യു.പി സ്കൂളില്‍ പഠിക്കുന്ന കുറച്ചു നാടോടി പെണ്‍കിടാങ്ങളെ സ്ക്കൂളിനു സമീപം സി.ഡി. ഷോപ്പ് നടത്തുന്ന മധ്യ വയസ്ക്കന്‍ പീഡിപ്പിച്ചെന്നും മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചെന്നും വാര്‍ത്ത വന്നപ്പോഴും നമ്മള്‍ ചോദിച്ചു, ആ പെമ്പിള്ളേര്‍ എന്തിനവിടെ പോയെന്നു. എന്താണ് നമുക്ക് സംഭവിക്കുന്നത്?  നമ്മുടെ ബോധം എപ്പോഴും പെണ്‍കുട്ടികള്‍ കാമാര്‍ത്തരായി ഏതേലും പുരുഷന്റെ ലൈംഗിക ലാളനക്ക് മോഹിച്ചു നടക്കുന്നു എന്നാണോ? ഛെ, ഈ എഴുതുന്നവള്‍ എല്ലാരേയും ഇങ്ങനെയാണോ കാണുന്നത് എന്നാരും ചോദിക്കല്ലേ. സമീപ കാല സംഭവങ്ങളും അവയോടുള്ള നമ്മുടെ പ്രതികരണങ്ങളും കാണുമ്പോള്‍ അതാണ് പൊതു സമൂഹത്തിന്റെ മനസിലിരിപ്പ് എന്നു തോന്നിപ്പോകുന്നു. പട്ടി കടിച്ചാല്‍ കടി കിട്ടിയ ആളോട് എന്തിനവിടെ പോയെന്നു ചോദിക്കുന്നതിനു പകരം  പട്ടിയെ തുടലിലിടാന്‍ ആരെങ്കിലും ശ്രമിച്ചു കണ്ടിട്ടില്ല. ബസില്‍ കയറിയാല്‍ പെണ്ണിനെ തോണ്ടിയെന്നിരിക്കട്ടെ. എന്തിനാ നീ നിന്നുകൊടുത്തത്? എന്തിനാ നീ ശബ്ദം ഉയര്‍ത്തി പ്രതികരിച്ചത്? നിന്റെ പേരു തന്നെയല്ലേ ചീത്തയായത്? ആണുങ്ങളായാല്‍ തോണ്ടിയെന്നും പിടിച്ചെന്നും ഇരിക്കും, എന്തിനാ അവിടെ പോയി നിന്നത്?  എന്നൊക്കെ ഒരു പാട് ചോദ്യങ്ങള്‍ പെണ്ണിന് നേരെ പാഞ്ഞു വരും. ആരും ആ തോണ്ടിയവനോട്  നീ എന്തിനാ തോണ്ടിയത് എന്നു ചോദിച്ചു കണ്ടിട്ടുണ്ടോ? ഉണ്ടോ? ഇല്ല. പെണ്ണുങ്ങള്‍ വഴിയെ പോകുന്ന ഏതേലും ആണുങ്ങളെ കേറി പിടിച്ചെന്നോ തുണി പൊക്കി കാട്ടിയെന്നോ ആരേലും എവിടേലും വാര്‍ത്ത വായിച്ചിട്ടുണ്ടോ? ഇല്ല എന്നു ഉത്തരം പറയും മുന്‍പ് ഒന്ന് ആലോചിക്കുക, അപ്പോള്‍ ആര്‍ക്കാണ് കുഴപ്പം? അടുത്തിടെ ഒരു ഇമെയില്‍ വായിക്കാ നിടയായി. പുരുഷന്മാര്‍ വിദേശത്ത് പോയാല്‍ ആറു മാസത്തിലൊരിക്കല്‍ നാട്ടിലെത്തണമത്രേ! അല്ലെങ്കില്‍ ഭാര്യ വേലി ചാടുമെന്ന്! പുറത്തു പോകുന്ന പുരുഷന്‍ വികാരം ശമിപ്പിക്കാന്‍ മറ്റു പെണ്ണുങ്ങളെ തേടുന്നവര്‍ ഉണ്ടാകാം. അതു തന്നെ സ്ത്രീ ചെയ്യുമെന്നാണോ ? എനിക്കറിയില്ല.                                                                                                                       ജനിക്കുന്നത് മുതല്‍ പെണ്ണു 'എന്തോ' ആണ്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയപ്പോള്‍ ഒരു നവ പിതാവ് വിഷമത്തോടെ പറയുന്നത് കേട്ടു, പെണ്ണു പെറ്റു, പെണ്ണാണ്.  പെണ്ണാണെങ്കില്‍ എന്ത്?  എന്തൊരു മാനസികാ വസ്ഥയാണ്! കേരളത്തില്‍ പെണ്‍കുഞ്ഞു ജനിക്കുന്നതില്‍ ആരും എതിരില്ല. എന്നാല്‍ ജനിച്ചാല്‍ വളരെ വിഷമ ത്തോടെയാണ്  ആ വിശേഷം പറയുക.മറ്റു സംസ്ഥാനങ്ങളെ  അപേക്ഷിച്ച്  കേരളത്തില്‍  പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം  ലഭിക്കുന്നുണ്ട്.  എന്നാല്‍ രണ്ടു മാസം മുന്‍പ്  തൃശãൂരില്‍ ഉണ്ടായ സംഭവം കേള്‍ക്കുക. എല്‍.കെ.ജി  വിദ്യാര്‍ഥിനിയെ   ഓട്ടോ ഡ്രെവര്‍ പീഡിപ്പിച്ചുവത്രേ! എങ്ങനെ നമ്മള്‍ പെണ്‍കുട്ടികളെ സ്കൂളില്‍ അയക്കും എന്നാണ് സുഹൃത്തായ ഒരു പിതാവ് ചോദിച്ചത്.ലൈംഗിക ബന്ധത്തിന് ഒരു എല്‍.കെ.ജി  വിദ്യാര്‍ഥിനിയുടെ  മനസും ശരീരവും എത്രത്തോളം  വളര്‍ച്ച എത്തിയിട്ടുണ്ടാകും? ആര്‍ക്കെന്തു  പറയാനുണ്ട്?  ഇത്രയും പെണ്ണിന്റെ  മാനം പെട്ടിയില്‍ അടച്ചു താഴിട്ടു പൂട്ടി സൂക്ഷിക്കേണ്ടി വരുന്നെങ്കില്‍ ആരാണ് ഉത്തരവാദി?
വീട്ടില്‍ പതിവായി  എന്റെ അനുജന്‍ തര്‍ക്കിക്കുന്ന ഒരു കാര്യമുണ്ട്. ബസിലെ സ്ത്രീകളുടെ സീറ്റ്. എന്തിനാ പെണ്ണിന് മാത്രം പ്രത്യേക സീറ്റ്? പുരുഷന്മാര്‍ക്കില്ലാത്തത്  എന്ത് കൊണ്ട്? തുടങ്ങി വളരെ രോഷത്തോടെയാണ്  അവന്‍ പ്രതികരിക്കാറ്. എന്തിനാ പെണ്ണിന് സംവരണം? അത് വേണമെന്നില്ല എന്നു തന്നെയാണ് അഭിപ്രായം. എന്നാല്‍ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരാത്തിടത്തോളം കാലം സംവരണം വേണ്ടി വരും.                                                                                               സ്ത്രീക്ക്  ശാരീരികമായി ബലക്കുറവ്  ഉണ്ടാകാം. എന്നാല്‍ ആ ബലക്കുറവ് അവളുടെ വ്യക്തിത്വത്തിലും ഉണ്ടെന്നു വാശി പിടിക്കുന്ന ചിലരെ കാണാം.അത്തരം ബലക്കുറവുണ്ടെങ്കില്‍ അതിനു കാരണം അവളെ വളര്‍ത്തിയവരാണ്. ശീലങ്ങള്‍ ഒരു മനുഷ്യന്റെ ജീവിത കാലം മുഴുവന്‍ അവനോടൊപ്പവും അവളോടൊപ്പവും ഉണ്ടാകും. ഈ ശീലങ്ങള്‍ ഒരു കുഞ്ഞിന്റെ ആറ് വയസു വരെയുള്ള  കാലഘട്ടത്തിലാണ്  ഉരുവപ്പെടുന്നത് . ഇത് ഉരുവപ്പെടുത്തേണ്ടവര്‍ മാതാപിതാക്കളും അധ്യാപകരും സമൂഹവുമാണ്. പുതിയ കാലഘട്ടത്തില്‍  പെണ്‍കുട്ടികള്‍ക്ക്   മാനം മര്യാദക്ക് ജീവിക്കണമെങ്കില്‍  സ്വന്തം കാലില്‍ നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കണം. ചെറിയ കാലം മുതലേ ഇതിനുള്ള പരിശീലനം നല്‍കണം. തെറ്റിനോട്  പ്രതികരിക്കുമ്പോള്‍ 'നല്ലതാണ് ' എന്ന ചിന്തക്ക് പകരം എന്തോ മഹാ പാപം ചെയ്തെന്ന രീതിയിലാണ്  നമ്മള്‍ പെണ്‍കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്. സ്വന്തം തീരുമാനം ഒരു കാലത്തും അവളുടെ അവകാശമല്ലാതെ വരുന്നു. അച്ഛനോ, സഹോദരനോ  ഭര്‍ത്താവോ  മക്കളോ പറയുന്നതിന് അനുസരിച്ച്  ജീവിക്കേണ്ടി വരുന്നു. ഇക്കാലത്ത് ഉന്നത ഉദ്യാഗസ്ഥ ആയിരിക്കുന്ന ഒരുവള്‍ക്കും കിട്ടുന്ന പണം മുഴുവന്‍ എണ്ണി തിട്ടപ്പെടുത്തി ഭര്‍ത്താവിനെയോ ഭര്‍തൃ മാതാവിനെയോ എല്‍പ്പിക്കേണ്ടതുണ്ട്. അവളുടെ അധ്വാനത്തിന്റെ  ഫലം അവളുടെതല്ലാത്ത അവസ്ഥ! ജോലി സ്ഥലത്തും കാര്യങ്ങള്‍ വ്യത്യസ്തമല്ല. പെണ്ണാണെന്ന ഒരൊറ്റ കാരണം കൊണ്ട് അര്‍ഹതയുണ്ടായിട്ടും പ്രൊമോഷന്‍ ലഭിക്കാത്തവരുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയര്‍ ആകേണ്ടി വരുന്നവരുണ്ട്. എതിര്‍ത്താല്‍ കാത്തിരിക്കുന്നത് ചൂടേറിയ അപവാദങ്ങള്‍ ആയിരിക്കും. പ്രാഥമിക ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനാകാത്ത  അവസ്ഥയും പതിവ്. മിക്കയിടത്തും മൂത്രപ്പുരകള്‍ ഉണ്ടാകില്ല. പുരുഷന്‍ പുറത്തു നിന്ന്  മൂത്രമൊഴിക്കുന്നത് പോലെ സ്ത്രീകള്‍ക്ക് സാധ്യമല്ല. പുറത്തു നിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്‍ ചെയ്യുന്നത് തെറ്റല്ലാതെ വരികയും സ്ത്രീയുടെ സാരീ അല്‍പ്പമൊന്നു നീങ്ങി വയറു പുറത്തു കണ്ടാല്‍ അവള്‍ ആഭാസക്കാരിയും ആകുന്ന വൈരുധ്യം ഇവിടെ മാത്രമേ നടക്കൂ. സൌകര്യങ്ങളില്ലാതതിനാല്‍ മൂത്രമൊഴി ക്കാതിരിക്കാന്‍ അവള്‍ക്കു വെള്ളം കുടിക്കുന്നത് കുറക്കേണ്ടി വരും. ഇത് അവളുടെ ശാരീരിക അവസ്ഥകളെ മുഴുവന്‍ ഗുരുതരമായി ബാധിക്കുമെന്ന് ആരും കാണുന്നില്ല. കുഞ്ഞിനെ പോറ്റാന്‍ പ്രകൃത്യാ ചുമതലയേറ്റിട്ടുള്ള പെണ്ണിന് ജോലി സ്ഥലത്ത് സൌകര്യമൊരുക്കണമെന്ന് നിയമം അനുശാസിക്കുന്നു. ക്രഷുകള്‍  ഒരുക്കണമെന്ന്  ആരും പറയുന്നില്ല . പ്രസവിക്കാന്‍ പോകുന്ന പെണ്ണിന് മറ്റേണിറ്റി നിയമപ്രകാരം  ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്നുണ്ട്. ഇതു കൂടി ലാഭിക്കാന്‍  അവള്‍ ഗര്‍ഭിണിയല്ലെന്ന് ഉറപ്പു വരുത്താന്‍ ആര്‍ത്തവ കണക്കുകള്‍ കൂടി  എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട പൊതു മേഖലാ ബാങ്കും കേരളത്തിലാണുള്ളത്. പ്രസവം എന്നതു പെണ്ണിനു മാത്രം കഴിയുന്ന ഒന്നാണ്. പുരുഷന് അതു സാധ്യമാകുന്ന കാലം വരെയെങ്കിലും പ്രസവിക്കാനുള്ള സൌകര്യം നല്‍കുന്നതില്‍ എന്തു പോരായ്മയാണുള്ളത്?  തുല്യ ജോലിക്കു തുല്യ വേതനം നല്‍കാന്‍ തയ്യാറുള്ള എത്ര സ്ഥാപനങ്ങളുണ്ടിവിടെ?   ആര്‍ക്കു വേണം സംവരണം?  എല്ലാ പൌരനും കിട്ടുന്ന അതേ അവകാശ ആനൂകൂല്യങ്ങള്‍  സ്ത്രീക്കും കിട്ടണം എന്നെ അഭിപ്രായമുള്ളൂ. ഇനിയിപ്പോള്‍ പെണ്ണു പൌരനെന്ന ഗണത്തില്‍ പെടുന്നില്ലെന്ന് വരുമോ? പെണ്ണെന്ന നിലയില്‍, പെണ്ണിനെ പ്രതിനിധീകരിച്ചു സംസാരിച്ചാല്‍ കടുത്ത പുരുഷ  വിദ്വേഷിയാക്കിക്കളയും ചിലര്‍.  ഞാനൊരു പുരുഷ വിദ്വേഷിയല്ല എന്നു സ്ഥാപിക്കാന്‍ എന്ത് ചെയ്യണം എന്നു അറിയില്ല.
ഈ ലോകത്ത് അവകാശങ്ങളില്ലാത്തതും അതിനു വേണ്ടി സമരം ചെയ്യാന്‍ അര്‍ഹാതയില്ലാത്തതും രണ്ടേ രണ്ടു കൂട്ടരാണ്. ഒന്ന് പെണ്ണും മറ്റൊന്ന്  പണമില്ലാത്തവനും . രണ്ടു കൂട്ടരും ഇനിയും അടിച്ചമര്‍ത്തപ്പെട്ടു  കൊണ്ടിരിക്കും. മാറ്റം വേണമെന്ന്  സ്വയം ചിന്തിക്കാന്‍ കൂടി കഴിയാത്ത അവസ്ഥയിലാണ് ഈ രണ്ടു കൂട്ടരും. 'രക്ഷാപ്രവര്‍ത്തനം' അത് കൊണ്ടു തന്നെ ദുര്‍ഘടമാണ്. നിയമങ്ങളല്ല, പരസ്പര സഹകരണ മനോഭാവമാണ്  പാലിക്കപ്പെടേണ്ടത്. സ്ത്രീക്കു അഭിമാനബോധം ഉണ്ടാകണം. അതു പകര്‍ന്നു നല്‍കാന്‍ പെണ്ണു മാത്രമല്ല, പുരുഷനടങ്ങുന്ന സമൂഹവും ബാധ്യസ്ഥരാണ്. വീട്ടിലും പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും അഭിമാനത്തോടെ ജീവിക്കാന്‍ ആത്മ വിശ്വാസമു ണ്ടാക്കണം. അതിനു സുസ്സജ്ജമാകുന്ന അവസ്ഥ ഉണ്ടാക്കാന്‍ നാം ഓരോരുത്തരും  പരിശ്രമിക്കാതെ ലോകം നന്നാകുമെന്ന് കണക്കു  കൂട്ടുന്നതില്‍ അര്‍ത്ഥമില്ല.

2 അഭിപ്രായങ്ങൾ:

  1. Jisha, samoohathinte(njanum ningalum adangunna) kazhchapadu ennu marunnuvo, annu maatam varum........IT 'MAY' TAKE AGES......

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012, ജൂലൈ 17 4:54 AM

    ഇന്നത്തെ മാതൃഭൂമിയില്‍ ഒരു വാര്‍ത്ത‍ കണ്ടു. ഒരു മാസം മുന്‍പ് വ്യാജ പാസ്പോര്‍ട്ടില്‍ ദുബായ് പോയ ഒരു യുവതിയെ ഒരു മാസം കൊണ്ട് 150 പേര്‍ പീഡിപ്പിച്ചു എന്ന്!! മറ്റൊരാളുടെ പാസ്പോര്‍ട്ടില്‍ ഫോട്ടോ മാറ്റിയൊട്ടിച്ചു എന്തിന്നാണ് ഈ യുവതി ദുബായില്‍ പോയത്? 150 പേര്‍ പീഡിപ്പിക്കുന്നത് വരെ ഈ യുവതി എന്തിനാണ് നിന്ന് കൊടുത്തത്? വേശ്യാവൃത്തിക്ക് വേണ്ടി തുനിഞ്ഞിറങ്ങിയിട്ടു 'എന്നെ പീടിപ്പിച്ചേ, പീടിപ്പിച്ചേ ..' എന്ന് നിലവിളിക്കുന്നതെന്തിന്?

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...