2012, മേയ് 13, ഞായറാഴ്‌ച

പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ തന്നൂടെ?


ഇന്ന്  ലോക  മാതൃദിനം



അമ്മയുടെ കരുതലും സ്നേഹവും വര്‍ണിക്കപ്പെടുന്ന   സുദിനമാണിത്  . പലരും ഈ ദിനം  ആഘോഷിക്കുന്ന സമയത്ത് (ദിനാചരണങ്ങള്‍ പ്രഹസനമാണെന്ന് കരുതുന്നു, എങ്കിലും) വായനക്കാര്‍ക്ക് മുന്നിലേക്ക്‌  ജീവിതം നഷ്ടപ്പെട്ടു  കൊണ്ടിരിക്കുന്ന ഒരമ്മയുടെയും രണ്ട് മാലാഖക്കുരുന്നുകളുടെയും ജീവിത യാതന സമര്‍പ്പിക്കുന്നു.
അവരുടെ കദനം വിവരിക്കുന്ന ഒരു ചിത്രവും ഒപ്പമുണ്ട്. ഭീകരമായ ആ ചിത്രം ഇവിടെ പ്രസിദ്ധീകരിക്കാന്‍ മനസ്സാ തയ്യാറല്ലെങ്കിലും    മറ്റൊരു ചിത്രം കിട്ടാത്തതിനാല്‍ ചേര്‍ക്കേണ്ടി വന്നു. വായിച്ചു പോകുക എന്നതിനുപരി, കഴിയാവുന്നവര്‍ ചെറിയ സഹായമെങ്കിലും ഈ കുരുന്നുകള്‍ക്ക് നല്‍കണമെന്ന് കൂടി അപേക്ഷിക്കുന്നു. കാരണം അവര്‍ക്ക് അവരുടെ ഉമ്മച്ചിയെ വേണം , അവര്‍ അനാഥര്‍ ആകാതിരിക്കാന്‍.....
facebook






""പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ  തന്നൂടെ? ഉമ്മച്ചിയെ  മരിപ്പിക്കല്ലേ ..." --വാപ്പയില്ലാത്ത രണ്ട് കുരുന്നുകളുടെ കരച്ചില്‍ കേട്ടു നില്‍ക്കുന്നവരെ കൂടി കരയിപ്പിക്കും. മുന്‍പില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കട്ടിലില്‍ അവരുടെ ഉമ്മച്ചിയുണ്ട്  , എഴുന്നേല്‍ക്കാന്‍ വയ്യാതെ  ...

കുഞ്ഞുമാലാഖക്കുട്ടികളാണ്  പത്തു വയസ്സുകാരി ഷഹനയും ഏഴു വയസ്സുകാരി  രഹനയും .  പേരു കൊണ്ട്  പോലും രാജകുമാരികള്‍. പഠിക്കാന്‍  മിടുക്കികള്‍ . വീട്ടിലുള്ളവരുടേയും  നാട്ടിലുള്ളവരുടെയും പൊന്നോമനകള്‍. വടക്കാഞ്ചേരിയിലെ പളളിസ്കൂളിലാണ്  പഠനം. ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയമുള്ളവര്‍! എന്നാല്‍ കാലം ഇവര്‍ക്ക് കാത്ത് വച്ചിരിക്കുന്നത്  ഉമ്മയുടെ മരണഭയവും അനാഥത്വവും.

പതിനൊന്നു  കൊല്ലം  മുന്‍പാണ് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനടുത്തുള്ള   മാരത്തുകുന്നു നാരോത്ത്പറമ്പിലെ പരേതനായ  ഉണ്ണിയാന്‍ കുട്ടിയുടെയും വിയ്യുംമയുടെയും എട്ടു മക്കളില്‍ ഇളയവളായ നബീസയുടെ (40 )വിവാഹം കഴിഞ്ഞത്. ഈറോഡ് സ്വദേശിയായിരുന്നു  വരന്‍.
സ്വന്തം നാട്ടുകാരനെ കൊണ്ടു തന്നെ മകളെ വിവാഹം കഴിപ്പിക്കണം എന്നൊക്കെ ആയിരുന്നു ആ പിതാവിന്റെ ആഗ്രഹമെങ്കിലും കൂലിവേലക്കാരനായ  ആ മനുഷ്യന്   ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. മകളുടെ വിവാഹം നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട്  ആലോചനയില്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹം നടത്തി. അന്ന് നബീസക്ക് പ്രായം 29 . മറ്റേതൊരു പെണ്‍കുട്ടിയെയുമെന്ന പോലെ നിറയെ സ്വപ്നങ്ങളുമായാണ് നബീസയും വിവാഹശേഷമുള്ള ജീവിതത്തെ വരവേറ്റത്.  എന്നാല്‍ ഉണ്ടായത് സിനിമ കഥയെ വെല്ലുന്ന ജീവിത ദുരിതങ്ങള്‍....


വിവാഹം കഴിഞ്ഞ്‌ ആദ്യ കണ്മണി പിറന്നു. ആ ഒരു വര്‍ഷം കൊണ്ട്  നബീസയും അവളുടെ വീട്ടുകാരും ഒരു കാര്യം മനസ്സിലാക്കി. ഭര്‍ത്താവിനു പ്രത്യേകിച്ച് ഒരു ജോലിയുമില്ല. നബീസയും വാപ്പയും കൂലിക്ക് പോയി കൊണ്ടു വരുന്ന പണം ഉപയോഗിച്ചു അയാള്‍ കുടിച് ഉന്‍മത്തനായി നടന്നു.
എന്നിട്ട് ഭാര്യയെ പൊതിരെ തല്ലും. എങ്കിലും ''ഭാര്യയല്ലേ, എല്ലാം സഹിക്കേണ്ടവളല്ലേ '' എന്ന്‌ കരുതി നബീസ എല്ലാം സഹിച്ചു ജീവിച്ചു. ആദ്യത്തെ കുഞ്ഞിനു മൂന്നു വയസായപ്പോള്‍  നബീസ വീണ്ടും ഗര്‍ഭവതിയായി    . അതോടെ  ഭര്‍ത്താവിന്റെ പീഡനം വര്‍ധിച്ചു  .  കുഞ്ഞിനെ അലസിപ്പിച്ചു കളയണമെന്നാവശ്യപ്പെട്ട്‌    അയാള്‍ നബീസയെ പൊതിരെ മര്‍ദ്ദിച്ചു. എന്നാല്‍ ദൈവം തന്ന ജീവനെ നശിപ്പിക്കില്ലെന്ന നിലപാടില്‍ നബീസ ഉറച്ചു നിന്നതോടെ അയാള്‍ മറ്റൊന്ന് വെളിപ്പെടുത്തി. അയാള്‍ക്ക്‌ മറ്റൊരിടത്ത് ഭാര്യയും മക്കളും ഉണ്ട്. ഇനി നബീസയെ  വേണ്ടെന്നു പറഞ്ഞ അയാള്‍ വീട് വിട്ടിറങ്ങി.  നിറവയറോടെ നിരാലംബയായി വീട്ടില്‍ വന്നു കയറിയ മകളെ സ്വന്തം വീട്ടുകാര്‍ തള്ളിപ്പറഞ്ഞില്ല.

അങ്ങനെ ദുരിതങ്ങള്‍ക്കിടയിലേക്ക്  സന്തോഷം പകര്‍ന്നു രഹന പിറന്നു വീണു. രണ്ട് കുഞ്ഞുങ്ങളെയും പോറ്റാന്‍ ആ അമ്മ  തൊഴിലുറപ്പ് പദ്ധതിയില്‍  അംഗമായി.  ജീവിതം തിരികെ പിടിക്കണമെന്നും മക്കളെ രാജകുമാരികളായി വളര്‍ത്തണമെന്നും ഉള്ള ആശ കൊണ്ട്  കഠിനമായി ജോലി ചെയ്ത  നബീസക്കു ദൈവം കാത്ത് വച്ചത് തൊഴിലുറപ്പ് പദ്ധതി കൂട്ടത്തിന്റെ നേതൃ പദവി. എന്നാല്‍ അധികം വൈകാതെ ദുരന്തം മറ്റൊരു രൂപത്തില്‍ തിരിച്ചെത്തി.
തൊണ്ടവേദന സഹിക്കാതെ ആയപ്പോഴാണ് നബീസ ഡോക്ടറെ കാണുന്നത്. വെള്ളം പോലും ഇറക്കാന്‍ വയാത്ത അവസ്ഥ. ജോലിഭാരവും കഠിനമായ വെയിലും കൊണ്ട് നീരിറിക്കം വന്നതാണെന്നാണ് എല്ലാവരും കരുതിയത്‌. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് നേരിയ സംശയം. അദ്ദേഹം ഉടനെ മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളെജിലേക്ക്  റഫര്‍ ചെയ്തു. പണിത്തിരക്കുകള്‍    കാരണം നബീസ തല്‍ക്കാലത്തേക്ക്  ജലദോഷത്തിന്റെ  ഗുളിക വാങ്ങി. എന്നാല്‍ ശബ്ദം വരാതായതോടെ നബീസ  മെഡിക്കല്‍ കോളേജിലെത്തി. വിശദമായ പരിശോധനയില്‍ ഡോക്ടര്‍മാര്‍ അക്കാര്യം ഉറപ്പിച്ചു. നബീസക്ക് തലച്ചോറില്‍ കാന്‍സര്‍ ആണ്‌. ദിവസങ്ങള്‍ കടന്നു പോകവേ നബീസക്ക് ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. ഇടതു കണ്ണു പുഴുത്ത് പുറത്തു ചാടി. തലമുടി മൊത്തം കൊഴിഞ്ഞു.
റേഡിയേഷന്‍ നടത്തിയാല്‍ ഒരു പക്ഷെ വലതു കണ്ണിനു കാഴ്ച വീണ്ടെടുക്കാമെന്നാണ്    ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ ദിനം  പ്രതി  അഞ്ഞൂറിലേറെ രൂപ ചികിത്സക്കായി ചെലവുണ്ട്.എന്നാല്‍ രോഗക്കിടക്കയില്‍ തളര്‍ന്നു കിടക്കുന്ന നബീസക്കിനി കൂലി വേലയ്ക്കു എങ്ങനെ പോകാനാണ്. ? കുഞ്ഞ് മക്കള്‍ എന്ത് ചെയ്യാനാണ്. ?? നാട്ടുകാരാണ് ഇപ്പോഴാ മക്കളെ പരിപാലിക്കുന്നത്. നബീസയെ രോഗക്കിടക്കയില്‍ പരിപാലിക്കുന്നതും നാട്ടുകാര്‍ തന്നെ! ഇതിനിടയില്‍  പോലീസുകാര്‍ ഇടപ്പെട്ട്  ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു. പോലിസുകാരോടുള്ള  പേടി കൊണ്ട് ആശുപത്രിയിലെത്തിയെങ്കിലും ക്രൂരനായ ആ മനുഷ്യന്‍ ആ പാവം സ്ത്രീയെ കൊല്ലാക്കൊല ചെയ്തു. മൂക്കിലൂടെ ഭക്ഷണം    നല്കാനിട്ടിരുന്ന ട്യൂബ് അയാള്‍ വലിച്ചു പറിച്ചെറിഞ്ഞു. പരിപാലിക്കാനെത്തിയവരെ  അയാള്‍ ആട്ടിയോടിച്ചു. സമീപത്തെ കിടക്കകളിലുള്ള രോഗികളെയും കൂട്ടിരിപ്പുകാരെയും അയാള്‍ ശല്യം ചെയ്തു. ഒടുവില്‍ ദിവസങ്ങള്‍ക്കകം ആശുപത്രി അധികൃതര്‍ അയാളെ പിടിച്ചു പുറത്താക്കി.

ഇപ്പോള്‍ പഴയ മെഡിക്കല്‍ കോളെജ്  കെട്ടിടത്തിലെ അഞ്ചാം വാര്‍ഡില്‍ പത്തൊമ്പതാം നമ്പര്‍ കട്ടിലില്‍ നബീസ തനിച്ചാണ്

നബീസയെ രക്ഷപ്പെടുത്താന്‍
നാട്ടുകാരും വാര്‍ഡ്‌ മെമ്പര്‍ വിജയും ചേര്‍ന്ന്
നബീസ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ചാലിപ്പാടത്തുള്ള സഹകരണ ബാങ്കില്‍
''നബീസ  സഹായ നിധി 3752 ''  എന്ന പേരില്‍
അക്കൗണ്ട്‌ ഉണ്ട്.  അക്കൌണ്ടിന്റെ  കൂടുതല്‍ വിവരങ്ങള്‍ക്ക് 
ബാങ്ക്  ഫോണ്‍ നമ്പര്‍ - 04884 232 348  


അവധിക്കാലം കഴിയാറായി. പുത്തനുടുപ്പും ബാഗും ചോറ് പാത്രവും നല്‍കി മക്കളെ സ്കൂളിലേക്ക് അയക്കണമെന്ന് ഈ അമ്മക്ക് ആഗ്രഹമുണ്ട്. എന്നാല്‍ വിധിയില്ല. ഇപ്പോള്‍ മക്കളോടൊന്നു  മിണ്ടാനോ അവരെയൊന്നു കാണാനോ കഴിയാത്ത ആ അമ്മ സുമനസ്സുകളുടെ കാരുണ്യം ആഗ്രഹിക്കുന്നുണ്ട്.കമ്മന്റുകളോ  ലൈക്കുകളോ വേണമെന്നില്ല. മനസ്സ് പറയുന്ന സഹായം ചെയ്തു കൊടുക്കാം. ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. എങ്കിലും സ്വന്തം മക്കള്‍ക്കായിരുന്നു ഈ വിധിയെങ്കില്‍ എന്ത് ചെയ്യുമായിരുന്നോ, അതിന്റെ പത്തിലൊന്നെങ്കിലും  ചെയ്തു നല്‍കണേ...




8 അഭിപ്രായങ്ങൾ:

  1. തീർച്ചയായും സഹായിക്കണം.

    മറുപടിഇല്ലാതാക്കൂ
  2. ഇന്ഷാ അല്ലാഹ്. സഹായിക്കും ജിഷാ!

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012, മേയ് 13 10:35 PM

    adutha 5 daysinullil ente sahaayam avide ethiyirikkum........pray for me

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. Allahumma Rabban-nasi Azhibil-ba-sa, ishfihi, wa antash-shafi la shifa a illa shifa uka shifaul-la yughadiru saqman

    മറുപടിഇല്ലാതാക്കൂ
  8. തീര്‍ച്ചയായും സഹായിക്കാം.ഈ വാര്‍ത്ത കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ശ്രമിച്ചതിനു നന്ദി !

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...