Thursday, July 19, 2012

നഴ്സുമാരെ നിരോധിക്കണോ ?


നഴ്സുമാരുടെ സമരം നിരോധിക്കണമെന്ന് ഹരജിയുമായി കേരള സ്വകാര്യ ആശുപത്രി അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ബുധനാഴ്ചയെത്തി .
ഇതിനെതിരെ നഴ്സിംഗ് സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക 

മാധ്യമത്തില്‍ 18/7/12 ന് വന്ന വാര്‍ത്ത താഴെ  വായിക്കാം

കൊച്ചി: ബലരാമന്‍ കമീഷന്‍ നിര്‍ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യവസായ ബന്ധ സമിതി യോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേരാനിരിക്കെ നഴ്സിങ് സമരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി അസോസിയേഷന്‍ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നഴ്സുമാര്‍. ശമ്പളക്കാര്യങ്ങളും സ്റ്റാഫ് കാറ്റഗറിയും ചര്‍ച്ച ചെയ്യാനാണ് വ്യവസായ ബന്ധ സമിതി യോഗം ചേരുന്നത്. യോഗത്തില്‍ മാനേജ്മെന്‍റുകള്‍ക്ക് പ്രതികൂലമായ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെയും സമിതിയെയും പിന്തിരിപ്പിച്ച് കാലതാമസം വരുത്തിപ്പിക്കുകയെന്ന ലക്ഷ്യമാണ് ആശുപത്രി അസോസിയേഷനുള്ളതെന്നും വിവിധ നഴ്സിങ് സംഘടനകള്‍ ആരോപിച്ചു. കോടതിയില്‍ തര്‍ക്കത്തിലിരിക്കുന്ന ഒരു വിഷയമെന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ തീരുമാനങ്ങളെടുക്കാന്‍ സമിതി വിമുഖത കാണിച്ചേക്കും. അങ്ങനെ വന്നാല്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാന്‍ കഴിയും. എന്നാല്‍, ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് നഴ്സിങ് സംഘടനകള്‍.
കേരളത്തില്‍ മെച്ചപ്പെട്ട ശമ്പളം നല്‍കുന്നുണ്ടെന്നും ബോണ്ട് സമ്പ്രദായം ഇല്ളെന്നും കാണിച്ചാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അഭിഭാഷകരുടെ സംഘടനയായ പ്രവാസി ലീഗല്‍ സെല്‍, പ്രഫഷനല്‍ നഴ്സസ് അസോസിയേഷന്‍ എന്നിവ 2011 ല്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍, ആശുപത്രി മാനേജ്മെന്‍റുകള്‍ കക്ഷി ചേര്‍ന്നിരുന്നില്ല.
അതുകൊണ്ടുതന്നെ ആശുപത്രി മാനേജ്മെന്‍റുകളുടെ വിഷമതകള്‍ കോടതിക്ക് മുമ്പാകെ വന്നില്ല. ഇതിനു പരിഹാരമായാണ് അസോസിയേഷന്‍ കക്ഷി ചേരുന്നതെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ വ്യക്തമാക്കി. നഴ്സുമാരും ഡോക്ടര്‍മാരും ഇടക്കിടെ പണിമുടക്കുന്നത് അവശ്യ സര്‍വീസായ ആരോഗ്യ രംഗത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അസോസിയേഷന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മുംബൈ, ബംഗ്ളൂരു, ചെന്നൈ എന്നീ മെട്രോ നഗരങ്ങളില്‍ ജീവിത നിലവാര സൂചിക അനുപാതമായി നല്‍കുന്ന ശമ്പളത്തേക്കാള്‍ കൂടുതലാണ് തിരുവനന്തപുരത്ത് നല്‍കുന്നത്.
ഉത്തരേന്ത്യയിലെ ആശുപത്രികളെ അപേക്ഷിച്ച് കേരളത്തില്‍ സുതാര്യമായാണ് പ്രവര്‍ത്തനം. ബോണ്ട് സംവിധാനമില്ലാത്ത ആശുപത്രികള്‍ കേരളത്തില്‍ മാത്രമാണുള്ളതെന്നും ഈ അവസ്ഥയില്‍ നഴ്സുമാരുടെ സമരം അനാവശ്യമാണെന്നും പരാതിയിലുണ്ട്. നഴ്സുമാരുടെ സമരം നിമിത്തം കേരളത്തില്‍ അമ്പതിലധികം ആശുപത്രികള്‍ അടച്ചുപൂട്ടിയതായും ഈ നില തുടര്‍ന്നാല്‍ ചെറുകിട ആശുപത്രി മാനേജ്മെന്‍റുകള്‍ക്ക് മുന്നോട്ട് പോകാനാകില്ളെന്നും പരാതിയിലുണ്ട്. കേരളത്തിലെ 70 ശതമാനം ജനങ്ങളും സ്വകാര്യ മേഖലയെ ആണ് ആശ്രയിക്കുന്നത് എന്നതിനാല്‍ സമരം മൂലം പൊതുജനാരോഗ്യ പരിപാലന രംഗം തളരുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍, വ്യവസായ ബന്ധ സമിതിയുടെ ചര്‍ച്ച പൊളിക്കാനാണ് യോഗം ചേരുന്നതിന്‍െറ തലേന്ന് മാനേജ്മെന്‍റുകള്‍ കോടതിയിലത്തെിയതെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി. ന്യായമായ വേതനം നല്‍കുകയും ബോണ്ടുകള്‍ അവസാനിപ്പിക്കുകയും ചെയ്താല്‍ സമരത്തിന്‍െറ ആവശ്യം വരുന്നില്ല.
ഇതിനെതിരെ സുപ്രീംകോടതിയില്‍ എതിര്‍വിഭാഗത്തോടൊപ്പം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും വ്യക്തമാക്കി. ബോണ്ട് നിയമങ്ങള്‍ ലംഘിച്ച് കേരളത്തിലെ ഭൂരിഭാഗം ആശുപത്രികളിലും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്നു. കോടതി വിധികളെ വെല്ലുവിളിച്ചാണ് കോര്‍പറേറ്റ് മാനേജ്മെന്‍റുകള്‍ മുന്നോട്ടുപോകുന്നതെന്നും സംഘടനയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രജിത്ത് കൃഷ്ണന്‍കുട്ടി കുറ്റപ്പെടുത്തി. സുപ്രീംകോടതിയില്‍ കക്ഷിചേര്‍ന്ന് നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ ബന്ധ സമിതിയുടെ നാലാമത്തെ യോഗമാണ് വ്യാഴാഴ്ച ചേരുന്നത്. കഴിഞ്ഞ യോഗത്തില്‍ ആശുപത്രികളെ നിലവാരമനുസരിച്ച് തരം തിരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. 12 മാനേജ്മെന്‍റ് സംഘടനകളും ട്രേഡ് യൂനിയനുകളും നഴ്സിങ് സംഘടനകളും ആരോഗ്യ തൊഴില്‍ മന്ത്രിമാരും പങ്കെടുക്കും.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. കോര്‍പ്പറേറ്റ് വിജയം കഥകളി പ്രതീക്ഷിക്കുന്നു

    ReplyDelete
  3. പാവം മാലാഖമാര്‍ സ്വപ്നം കണ്ട ദുബായ്, ജര്‍മ്മനി, അമേരിക്ക എല്ലാം പാഴായി. ഒന്നും നോക്കാതെ മാനേജ്‌മന്റ്‌ പറഞ്ഞ എല്ലാ സ്ഥലത്തും ഒപ്പിട്ടു കൊടുത്തത്, നമ്മുടെ പാവങ്ങളെ സുസ്രുഷിക്കുവാന്‍ ഒന്നുമായിരുന്നില്ല. പകരം പുറത്ത്‌ പോകുവാനുള്ള എക്സ്പീരിയന്‍സ്‌ നേടുവാന്‍ മാത്രമാണ്. അതില്‍ ഭാഗ്യം കെട്ടവര്‍ ഇതില്‍ പെട്ടുപോയി. നമ്മുക്ക് ഇവരോട്‌ സഹതപിക്കാം, എന്നാല്‍ നഴ്സിംഗ് പഠനത്തിനു മുന്‍പേ ഇവര്‍ക്ക് ഈ ജോലിയുടെ മഹത്വം മനസ്സില്ലാക്കി കൊടുക്കണം.എന്നാലേ ഇവരെകൊണ്ട് മനവികതയ്ക്കു യഥാര്‍ത്ഥ ശുശ്രൂഷയും കരുണയും ലഭിയ്കൂ.

    ReplyDelete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

പുള്ളിക്കോര/ Pomadasys Maculatus

പുള്ളിക്കോര അഥവാ Pomadasys Maculated തിരുവനന്തപുരത്തിന്റെ പാറക്കെട്ടുകൾ നിറഞ്ഞ കടലിൽ നിന്നും പിടിച്ചെടുത്ത മൽസ്യം. From Thiruv...