2013, ഏപ്രിൽ 24, ബുധനാഴ്‌ച

എസ്.എസ്.എല്‍.സി വിജയം ആഘോഷിക്കാനാകാതെ അലീന

ജയിന്‍ ബാബുവും ലിനറ്റും എറണാകുളം പ്രസ്സ്‌ ക്ലബില്‍
ഇന്‍സെറ്റില്‍ അലീന
ഫേസ് ബുക്ക്‌ ലിങ്ക്

 മാഫിയയുടെ തട്ടിപ്പില്‍ വീടും ഭൂമിയും നഷ്ടമായി 

മരിക്കാന്‍ എളുപ്പമാണ്, പക്ഷെ ഞങ്ങള്‍ക്ക് ജീവിക്കണം - അലീനയെന്ന പത്താം ക്ലാസുകാരിക്ക് കണ്ണീര്‍ തോരുന്നില്ല. ബുധനാഴ്ച എസ്.എസ്.എല്‍.. .സി  പരീക്ഷ ഫലം വന്നപ്പോള്‍ എ പ്ലസുകളടക്കം മികച്ച ഗ്രേഡുകള്‍ നേടി വിജയം കൈവരിച്ചതിന്റെ സന്തോഷമൊന്നും ഈ പെണ്‍കുട്ടിക്കില്ല. കാരണം അവളുടെ കുഞ്ഞനുജന്‍ ജോസഫ്‌ ആഡ് ലിന്‍റെ പാവക്കുട്ടികള്‍ മറ്റൊരാള്‍ തട്ടിയെടുത്തിരിക്കുന്നു.  ആ പാവക്കുട്ടികള്‍ ഉള്ള വീടും അയാള്‍ തട്ടിയെടുത്തു.

എല്‍.ഐ.സി ഏജന്റ് ആയ   പപ്പ  ജയിന്‍ ബാബുവും  അമ്മ ലിനറ്റും കൂടി സ്വപ്നങ്ങളും മിച്ചം പിടിച്ചുണ്ടാക്കിയ പണവും ചേര്‍ത്ത് പണിത വീട് ഇപ്പോള്‍ മറ്റാരൊക്കെയോ കൈവശം വച്ചിരിക്കുന്നു. നിയമ പോരാട്ടം നടത്തി കൊണ്ടിരിക്കുമ്പോഴും ന്യായം നടത്തേണ്ടവര്‍ തന്നെ  മുഖം മൂടികള്‍ ധരിച്ച് ചതിക്കുന്നു . ഇപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ചിതലരിച്ച  വാടക കെട്ടിടത്തിലെ കണ്ണീര്‍കൂരയില്‍ അവര്‍ നാല് പേരും  നിശബ്ദരായി ജീവിക്കുന്നു. ഒന്നരകൊല്ലം മുന്‍പ് അലീന ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്  ഭൂമാഫിയയുടെ ചതിയില്‍ പെട്ട് ഇവര്‍ക്ക് എറണാകുളം വൈപ്പിന്കരയിലെ ഞാറക്കലില്‍ ഉണ്ടായിരുന്ന 19 സെന്റ്‌ പുരയിടവും 1450 ചതുരശ്ര അടിയുള്ള പുതിയ വീടും നഷ്ടമായത്. അതോടെ പഠനം അവതാളത്തിലായി.  അതു കൊണ്ട് തന്നെ പത്തില്‍ ജയിക്കുമെന്ന വിശ്വാസം അലീനക്ക് നഷ്ടപ്പെട്ടിരുന്നു.
വീട് വയ്ക്കുന്നതിനു നാല് സെന്റ്‌ ഭൂമി ഈടായി നല്‍കി  ജയിന്‍ ബാബു കൊള്ളപലിശക്ക് വായ്പ എടുത്തിരുന്നു. കരാറില്‍ പറഞ്ഞ സമയത്തിന് പണം കൊടുത്ത് ഭൂമി തിരിച്ചെടുക്കാനുള്ള നെട്ടോട്ടത്തില്‍ ഇവര്‍ക്ക് നഷ്ടമായത് ഇവരുടെ മുഴുവന്‍ ഭൂമിയും വീടും ജീവിതവുമാണ്. പ്രോപര്‍ടി ലോണ്‍ എന്ന പരസ്യ ബോര്‍ഡ്‌ വച്ച് ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാന്‍ സഹായിക്കുന്ന  ഏജന്റ് ആയി നടക്കുന്ന പുല്ലേപ്പടിയിലുള്ള ബാബുരാജിന്റെ വലയില്‍ വീണതും അങ്ങനെയാണ്.

ജയിന്‍ ബാബുവിന്റെ കയ്യിലെ രേഖകള്‍ ലോണ്‍ എടുക്കാന്‍ പര്യാപ്തമല്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ച ബാബുരാജ് നികുതി രേഖകള്‍ തന്നു സഹായിക്കുമെന്ന് പറഞ്ഞു ആലപ്പുഴയിലെ മാത്യു ജേക്കബ്‌ എന്നയാളെ പരിചയപ്പെടുത്തി. എന്തായാലും വായ്പ ശരിയാകണമെന്നും അങ്ങനെയെങ്കില്‍ വീട് പണി പൂര്‍ത്തിയാക്കാന്‍ വായ്പ എടുത്ത വകയില്‍ ഫെഡറല്‍ ബാങ്കില്‍ പണയം വച്ച ആധാരം തിരിചെടുക്കുന്നതിനുള്ള പണം കൂടി കൂട്ടി എടുക്കാന്‍ ഏജന്റ് ബാബുരാജ്‌ നിര്‍ദ്ദേശിച്ചു. ഈ ആറു ലക്ഷത്തിനുള്ള  പലിശയായി അയ്യായിരം രൂപ  വീതം ആക്സിസ്‌ ബാങ്ക് വഴി നല്‍കിയാല്‍ മതിയെന്നും പറഞ്ഞു. ആറു ലക്ഷം രൂപ പൂര്‍ത്തിയാകുമ്പോള്‍ ആധാരം തിരിച്ചു കൊടുക്കാമെന്നും വ്യക്തമാക്കി. ഈ വ്യവസ്ഥകള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് കൊള്ളപലിശക്കാരെ വിളിച്ചു വരുത്തി   പണം കൊടുത്ത് തീര്‍ക്കുകയും ഫെഡറ ല്‍ ബാങ്കില്‍ നിന്നും ആധാരം തിരിച്ചെടുക്കുകയും ചെയ്തു.

ലിനറ്റും ജയിന്‍ ബാബുവും അറിയാതെ മാത്യു ഇവരുടെ ആധാരം എറണാകുളം  എം ജി റോഡിലെ എസ്.ബി.ടിയില്‍ നിന്നും 25 ലക്ഷം രൂപ വായ്പയെടുത്തെന്നും ഇത് തിരിച്ചടക്കാത്തതിനാല്‍ 40 ലക്ഷം രൂപ ബാധ്യതയായെന്നും ജപ്തി ചെയ്യുമെന്നുമുള്ള വിവരമാണ് പിന്നീട് അറിഞ്ഞത്.  പോലീസ് ഇടപെട്ട് മാത്യുവില്‍ നിന്നും അത്രയും തുകക്കുള്ള കടപത്രം എഴുതി വാങ്ങി എന്നാല്‍ 2012 ഫെബ്രുവരി പതിനെട്ടിന് എസ്.ബി.ടി ബാങ്ക് ഈ കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. പോലിസ്‌ വീണ്ടു ഇടപെട്ട് ഈ കുടുംബത്തെ ആലപ്പുഴയിലുള്ള മാത്യുവിന്റെ വീട്ടില്‍ താമസിപ്പിച്ചു.
 തുടര്‍ന്ന് കേസ്‌ കൊടുത്തപ്പോള്‍ മാത്യുവിന്റെ വീട് കോടതി കണ്ടു കെട്ടുകയും ചെയ്തു. ആധാരം വ്യാജമായി ഉണ്ടാക്കിയതാണെന്നും റദ്ദു ചെയ്യണമെന്നും ആവശ്യപ്പെടുന്ന കേസ്‌ നിലവിലിരിക്കെ പത്ര പരസ്യം പോലും നല്‍കാതെ 90 ലക്ഷം വിലമതിക്കുന്ന ഭൂമിയും വീടും 40 ലക്ഷം രൂപയ്ക്കു ബാങ്ക് അധികൃതര്‍  വിറ്റു. ഇതിനെതിരെ മറ്റൊരു കേസും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം എട്ടിന് ഏജന്റ് ബാബുരാജും ഭാര്യ രാജമ്മയും സമാനമായ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലിലായി. ഇതോടെ കേസ്‌ കോടതിക്ക് ബോധ്യപ്പെടുമെന്നും വീടും സ്ഥലവും തിരിച്ചു കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം.

നീതി കിട്ടിയില്ലേല്‍ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ട് പോകണമെന്ന് ഇവര്‍ക്ക് അറിയില്ല. അലീനക്ക് പ്ലസ്‌ ടുവിന് ചേരണം എന്നുണ്ട്. എന്നാല്‍ ജീവിതത്തിലെ അനിശ്ചിതാവസ്ഥ പഠനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് അലീന.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...