Friday, April 12, 2013

സിന്ധു ജോയിയുടെ വെളിപ്പെടുത്തലുകള്‍

ഫേസ് ബുക്ക്‌ പേജ് 

വരും ദിനങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍  കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന മുന്നറിയിപ്പുമായി സിന്ധു  ജോയ് എഴുത്തിന്‍റെ  വഴിയിലേക്ക് .കുറെ നാളായി സ്വയം തീര്‍ത്ത  തടവറയില്‍ കഴിയുകയായിരുന്നു എന്ന് സമ്മതിക്കുന്ന സിന്ധു ഇതുവരെ  ജീവിതത്തില്‍ അനുഭവിച്ചതും എന്നാല്‍  പൊതു ജനം  അറിയാത്തതുമായ പല കാര്യങ്ങളും  എഴുത്തില്‍ വെളിപ്പെടുത്തുമെന്ന പ്രസ്താവന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഫേസ് ബുക്കിലാണ് ആദ്യം അവര്‍ ഇക്കാര്യം വ്യക്തമാക്കിയത് തുറന്നെഴുത്തിന്‍റെ  എതിര്‍പ്പുകള്‍  ഉയര്‍ന്നേക്കുമെന്നും എന്നാല്‍  അവയെ തെല്ലും കൂസാന്‍ തയാറല്ലെന്നും സിന്ധു പറയുന്നു. മലയാളത്തിലുള്ള ഇന്‍റര്‍നെറ്റ് പോര്‍ട്ടലില്‍ ‘ഇടം - വലം ’ എന്ന പേരിലെഴുതുന്ന 
കോളം ഇപ്പോള്‍ തന്നെ നല്ല എഴുത്തുകാരി എന്ന പേരുണ്ടാക്കി കൊടുത്തതായി പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്. പഠനകാലത്ത് ഒന്നിച്ചുണ്ടായിരുന്ന സോണി എം. ഭട്ടതിരിപ്പാട് എന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍റെ  തിരോധാനം സംഭവിച്ച കുറിപ്പാണ് ഇതില്‍ ആദ്യത്തേത്.


 ഇടതു പക്ഷക്കാരിയായി രാഷ്ട്രീയജീവിതം ആരംഭിക്കുകയും നിരവധി സമരങ്ങളില്‍ പങ്കെടുക്കുകയും പൊലീസ് മര്‍ദനത്തില്‍ പരിക്കേല്‍ക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തത് വഴി 
വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് സിന്ധു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ്, സി.പി.എം  ജില്ലാ കമ്മിറ്റിയംഗം എന്ന നിലകളില്‍ പ്രവര്‍ത്തിച്ച  സിന്ധു നിയമസഭ തെരഞ്ഞെടുപ്പില്‍  പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും എറണാകുളം ലോക്സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി കെ.വി. തോമസിനെതിരെയും സ്ഥാനാര്‍ഥിയായി നിന്ന് കടുത്ത മത്സരം സൃഷ്ടിച്ചിരുന്നു.


2011 ല്‍  എസ്.എഫ്.ഐയുടെ ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനവും സി.പി.എം അംഗത്വവും രാജിവെച്ചാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. സിന്ധുവിന്‍റെ കൂടെ നിന്ന പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍  തന്നെ വ്യക്തിഹത്യയും അപകീര്‍ത്തികരമായ പ്രചാരണങ്ങളുമായി മാനസികമായി സൈബര്‍ ഇടങ്ങളിലും പൊതുവേദികളിലും ആക്രമിച്ചു.


പിന്നീട് രാഷ്ട്രീയ കളത്തില്‍ നിന്നും വിട്ടു നിന്ന സിന്ധു
പഠനവും മറ്റുമായി കഴിയുകയായിരുന്നു.  പിന്നീട് വി.എസ് അച്യുതാനന്ദന്‍ സിന്ധുവിനെ അഭിസാരിക എന്ന് വിളിച്ചത് ഏറെ വിവാദമുണ്ടാക്കി. കറിവേപ്പില എന്ന അര്‍ഥത്തിലാണ് അതുപയോഗിച്ചതെന്ന് വി.എസ് പിന്നീട് വിശദീകരണം നല്‍കി. ഇടക്കാലത്ത്  സൈബര്‍ ലോകത്ത് ഏറെ സജീവമായ സിന്ധു തന്‍െറ രാഷ്ട്രീയ ചിന്തകള്‍ പൂര്‍ണമായും മാറ്റി വച്ച് പാചക കുറിപ്പുകളും സ്വന്തം യാത്രകളും മാത്രമായി പങ്കുവച്ചു. അന്ന് പരിഹസിച്ചവരെ കൂടി അമ്പരപ്പിച്ചാണ് സിന്ധു ഗൗരവമായ എഴുത്തിലേക്ക് കടക്കുന്നത്.

ജീവിതാനുഭവങ്ങള്‍ മറ്റുള്ളവരോട് പങ്കുവെക്കുക എന്നതിലപ്പുറം
ചുറ്റുപാടുമുള്ള നന്മകളും തിന്മകളും വരച്ചു കാട്ടുമെന്നും സിന്ധു വ്യക്തമാക്കുന്നു.  രാഷ്ട്രീയ ജീവിതം മാത്രം വച്ച് വിധിക്കുന്നവരുടെ മുന്നിലേക്ക് വ്യക്തി എന്ന നിലയിലുള്ള അമര്‍ഷവും പ്രതിഷേധവും അറിയിക്കാനും ഈ കോളമെഴുത്ത് ഉപയോഗിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Posts Plugin for WordPress, Blogger...

Facebook Plugin