Friday, December 27, 2013

സ്ത്രീക്ക് അവസര തുല്യത


വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, സ്വത്ത്കൈമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ജാതി മത ഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഒരേ നിയമം മതിയെന്ന് സംസ്ഥാനത്തെ സ്ത്രീകള്‍. ഇക്കാര്യങ്ങളില്‍ സ്ത്രീകളോട് അഭിപ്രായം തിരക്കാതെ വിവിധ മത-രാഷ്ട്രീയ –സാമുദായിക നേതാക്കള്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും വെളിപ്പെടുത്തല്‍.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
പരിഷത്ത് പുറത്തിറക്കിയ ‘ സ്ത്രീ പഠനം- കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു ‘ എന്ന പുസ്തകത്തിലാണ് ഈ സര്‍വേ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സമൂഹത്തിലെ പ്രധാനപ്രശ്‌നങ്ങളില്‍ സ്ത്രീകളുടെ അഭിപ്രായ സമന്വയവും അതിന്റെ പുരോഗമന സ്വഭാവവും പ്രത്യാശ നല്‍കുന്നതാണ് എന്ന് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലെ അംഗങ്ങളായ എന്‍.ശാന്തകുമാരി, ടി. രാധാമണി എന്നിവര്‍ വ്യക്തമാക്കി.
സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗികവിദ്യാഭ്യാസം നല്‍കുക, 
 ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഒരുനിയമം മതി  , സ്ത്രീകള്‍ക്ക് സംവരണം വേണം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ 85 ശതമാനം വരെ സ്ത്രീകള്‍ ഒരേ അഭിപ്രായം രേഖപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.
മുതിര്‍ന്ന സ്ത്രീകളുടെ അവസ്ഥ, യുവതലമുറയുടെ മുഖ്യ പരിഗണന , കുടുംബം, പൊതു ഇടം, തൊഴില്‍ പങ്കാളിത്തം എന്നീ തലക്കെട്ടുകളില്‍ ആണ് സര്‍വേ നടത്തിയത് . പഠനത്തില്‍ കേരളത്തിലെ മൊത്തം കുടുംബങ്ങളെ വരുമാനം, ചെലവ്, ആസ്തികള്‍ തുടങ്ങിയ വ്യത്യസ്ത സൂചകങ്ങളുടെ അടിസ്ഥാനപ്പെടുത്തി.  അതിദരിദ്രര്‍, ദരിദ്രര്‍, താഴ്ന്ന ഇടത്തരക്കാര്‍, ഉയര്‍ന്ന ഇടത്തരക്കാര്‍ എന്നീ വിഭാഗങ്ങളില്‍ തന്നെ മത, ജാതി വിഭാഗങ്ങള്‍ തിരിച്ചും യുവജനങ്ങള്‍, വൃദ്ധജനങ്ങള്‍ എന്നിവ തിരിച്ചുമാണ്  പഠനവിവരങ്ങളെ വിശകലന വിധേയമാക്കിയത്.

സ്ത്രീകളില്‍ ഭൂരിപക്ഷവും വീട്ടമ്മമാരായി  ഒതുങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്നു  . ആധുനിക വിദ്യാഭ്യാസം നേടുന്ന സ്ത്രീകള്‍ പോലും വീട്ടമ്മയാകുന്നതാണ് അഭീലഷണീയം എന്ന രീതിയില്‍ തീരുമാനമെടുക്കുന്നതിലേക്ക് സമൂഹം അവളെ എത്തിക്കുന്നു. തൊഴിലെടുത്ത് സ്വന്തം കാലില്‍ നില്‍ക്കാനല്ല പകരം നല്ല വീട്ടമ്മയാവാനാണ് പരിശീലനം നല്‍കുന്നത്. അതിനായി അവളുടെ സ്‌ത്രൈണതയ്ക്ക് അതിഭാവുകത്വം കല്‍പ്പിക്കുകയും വീട് ഒറ്റയ്ക്ക് ഭരിക്കാനുള്ള ശേഷി ഉള്ളവളാക്കാനുള്ള ശ്രമം നടക്കുകയും ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു .


അധികാരഘടനയില്‍ പങ്കാളികളാവുക വഴി തീരുമാനങ്ങളെടുക്കുന്നതിനും നടപ്പിലാക്കുന്നതിനും അവസരം ലഭിക്കുന്നു.  സാമ്പത്തിക സ്വാശ്രയത്വവും സ്ത്രീകളുടെ സ്വതന്ത്രമായ വികാസത്തിനും മുന്നേറ്റത്തിനും ഈ പങ്കാളിത്തം അനിവാര്യമാണ്. ഇതിനാവശ്യമായ പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയമായി ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും സ്ത്രീപ്രശ്‌നത്തിലെ രാഷ്ട്രീയം  ഇനിയും തിരിച്ചറിയേണ്ടതുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.  ഒമ്പത് മാസം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.


പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളമൊട്ടാകെ ബോധവല്‍ക്കരണം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പരിഷത്ത്‌. രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും വിഷയം ഏറ്റെടുക്കണമെന്നും ഇടപെടലുകള്‍ നടത്തണമെന്നും പരിഷത്ത് ആവശ്യപ്പെടും.  പഠനത്തില്‍ ഉള്‍പ്പെട്ട യുവതലമുറയുടെ പ്രതികരണങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എറ്റവും ഉയര്‍ന്ന പരിഗണന
, വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയും തൊഴില്‍നേടലിനുമാണ്. 85% പേര്‍ ഇങ്ങനെ ചിന്തിക്കുമ്പോള്‍ 10% മാത്രമാണ് വിവാഹത്തിന് മുന്‍ഗണന നല്‍കുന്നത്. 96% യുവതികളും ആര്‍ഭാടവിവാഹത്തെ അനുകൂലിക്കുന്നില്ലായെന്ന അഭിപ്രായവും ശ്രദ്ധേയമാണ്.

No comments:

Post a Comment

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

Related Posts Plugin for WordPress, Blogger...

Facebook Plugin