Friday, April 13, 2012

നേര്‍ച്ച കന്യകകള്‍
കര്‍ത്താവിന്റെ മണവാട്ടിമാരാണ്  കന്യാസ്ത്രീകള്‍. അതോ കര്‍ത്താവിന്റെ  പ്രതിപുരുഷന്മാരായ പുരോഹിതന്മാരുടെയോ? അത്തരം ഗതികേടുകള്‍ ഉണ്ടാക്കുന്നതാര്?   ഈ ചോദ്യം ഉറക്കെ ചോദിച്ചാല്‍ എല്ലാവരും കൂടി എന്നെ കുരിശില്‍ തറക്കുമെന്ന   ഉത്തമ ബോധ്യത്തോടെ തന്നെയാണ് ഇനിയുള്ളവ കൂടി പറയാന്‍ മുതിരുന്നത് .

സിസ്റ്റര്‍ ജെസ്മിക്ക് പുറകെ, കുറെ കാലം വൈകിയാണെങ്കിലും മറ്റൊരു കന്യാസ്ത്രീ കൂടി  മഠം നല്‍കിയ ലൈംഗിക സഹന  ജീവിതത്തെ കുറിച്ച് എഴുതാന്‍ തന്റേടം കാണിച്ചിരിക്കുന്നു. 'നന്‍മ നിറഞ്ഞവരേ സ്വസ്തി ' എന്ന പുസ്തകത്തിലൂടെ സിസ്റ്റര്‍ മേരി ചാണ്ടി വെളിപ്പെടുത്തുന്നവ ഭൂകമ്പം ഉണ്ടാക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 40 വര്‍ഷത്തോളം സഭാ ചിട്ടവട്ടങ്ങളില്‍ നിന്ന് ആത്മീയജീവിതം നയിച്ച 68-കാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തുവന്നുകഴിഞ്ഞു.   ക്രൈസ്തവ സഭയുടെ   ബ്രഹ്മചര്യ  ജീവിതങ്ങളിലെ  പുല്ലിംഗമായ പുരോഹിതന്മാരുടെ വേഴ്ചാമോഹങ്ങള്‍ക്ക്  അടിയറവു പറയാന്‍ നിന്നു കൊടുക്കാതെ 13 കൊല്ലം മുന്‍പാണ് അവര്‍  തിരുവസ്ത്രം ഉപേക്ഷിച്ചത്. വിശദമായ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
സി.മേരി 

സി.ജെസ്മി 


ബ്രഹ്മചര്യം , അനുസരണം, ദാരിദ്ര്യം - ഈ മൂന്നു സഹനങ്ങളുടെ ശക്തമായ അടിത്തറയില്‍ നിന്നു കൊണ്ടാണ്  ഓരോ കന്യകാ മഠങ്ങളും പുരോഹിത മഠങ്ങളും രൂപം കൊള്ളുന്നതെന്നു ചരിത്ര രേഖകള്‍ പറയുന്നു.. തിരു അള്‍ത്താരക്ക് മുന്നില്‍ നിന്ന്  കന്യാ വ്രതവാഗ്ദാനം ചെയ്യുമ്പോള്‍ ഈ മൂന്നു സഹനങ്ങളും ജീവിത കാലം മുഴുവന്‍ ത്യാഗ പ്രവൃത്തിയായി സ്വീകരിച്ചു കൊള്ളാമെന്ന്  അവര്‍ പ്രതിജ്ഞയെടുക്കുന്നുണ്ട്  .

ആദ്യ  കാലങ്ങളില്‍  ആ കന്യകമാര്‍ വീട്ടുകാര്‍ വാങ്ങി നല്‍കിയ നേര്‍മയും മിനുസവുമുള്ള തുണികള്‍ കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്‍ക്ക് പകരം ചാക്ക് വസ്ത്രങ്ങള്‍ സ്വന്തമായി തുന്നി ധരിച്ചു. സ്ത്രീ സൌന്ദര്യത്തിന്റെ ഏറ്റവും മനോഹരമായ കാര്‍കൂന്തല്‍ പറ്റെ വെട്ടുകയോ തല മുണ്ഡനം ചെയ്യുകയോ ചെയ്തു. സൌന്ദര്യ ലേപനങ്ങള്‍ക്ക് പകരം ചാരം പൂശി. പലപ്പോഴും കൊടിയ ദാരിദ്രത്തില്‍ കഴിഞ്ഞു, അപ്പോഴും മുടങ്ങാതെ മറ്റുള്ളവര്‍ക്ക് പുഞ്ചിരിയും സേവനവും നല്‍കി. ദൈവത്തോട് ചേര്‍ന്നിരിക്കാനും മറ്റു ചിന്തകള്‍ ഒഴിവാക്കാനും അരയ്ക്കു ചുറ്റും മുള്ള് പടര്‍പ്പുകള്‍ വരിഞ്ഞു കെട്ടി വേദന അനുഭവിച്ചു.--എന്ന് എല്ലാ മഠങ്ങളുടെയും ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു.  ഇത്തരം അനുഭവ കഥകള്‍ ഇപ്പോഴും കന്യാമഠങ്ങള്‍ക്കകത്തു എത്തിപ്പെടുന്ന കന്യകമാര്‍ക്ക് ജീവിത വിശുദ്ധി പാലിക്കാനുള്ള മാതൃകകളായി പകര്‍ന്നു നല്കാറുണ്ട്. 

കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് (ആണ്‍കുട്ടിക്കും) ദൈവവിളി ലഭിച്ചെന്നും    കന്യകാ മഠത്തില്‍ ചേര്‍ന്നു എന്നും  പറയുന്നത്  ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം സമുദായത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം ലഭിക്കാനുള്ള അവസരമാണ്. അത്‌ കൊണ്ടു തന്നെ കുഞ്ഞ് ജനിക്കുമ്പോഴെക്കും നേര്‍ച്ച  നേരുന്ന മാതാപിതാക്കള്‍ പഴയ കാലത്തും പുതിയ കാലത്തും നിരവധിയാണ്. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ മഠത്തില്‍ നിന്നു പുറത്തു വന്നാല്‍ ആ കുടുംബത്തിനു പിന്നെ തല ഉയര്‍ത്തി നടക്കാനാകില്ല തന്നെ!

ഒരു പെണ്ണു കന്യാസ്ത്രീ മഠത്തില്‍ ചേരുന്നതിനു പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് പറയാം.
1 . കുടുംബത്തിലെ മുതിര്‍ന്നവര്‍ നേര്‍ച്ച നേരുന്നത് കൊണ്ട്
2 .കുടുംബത്തില്‍ കുറെ മക്കള്‍ , പ്രത്യേകിച്ച് പെണ്മക്കള്‍ ഉണ്ടാകുന്നത്തു കൊണ്ട്, വിവാഹം കഴിപ്പിച്ചയക്കാന്‍ നിവൃത്തിയില്ലാത്തത് കൊണ്ട്
3 . മറ്റു കുട്ടികളെ വളര്‍ത്തി വലുതാക്കാന്‍ സഹായം ചെയ്യാനായി പകരം ഒരു പെണ്ണിനെ കന്യാസ്ത്രീയാക്കാന്‍ നല്‍കുന്നു
4 . പ്രണയ നൈരാശ്യം
5 . ചെറിയ പ്രായത്തില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ മുതിര്‍ന്ന കന്യാസ്ത്രീകള്‍ തെറ്റിധാരണ വളര്‍ത്തുന്നത് കൊണ്ട്
6 . കണ്മുന്നില്‍ കാണുന്ന കന്യാസ്ത്രീകളോടുള്ള ആദരവ്  കൊണ്ട്
7 .  കന്യാസ്ത്രീയാകാനുള്ള ക്ഷണം നിരസിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ കൊണ്ട്
8 .വീട്ടില്‍ സാമ്പത്തികം ഇല്ലാത്തതിനാല്‍ കന്യാസ്ത്രീ ആകാനെന്ന പേരില്‍ കുറച്ചു കാലം മഠത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത് കൊണ്ട്
ഇതൊക്കെ സാധാരണ ഉണ്ടാകുന്ന കാര്യങ്ങളാണ്. എന്നാല്‍ സാമൂഹ്യ സേവനവും മറ്റുള്ളവരെ സഹായിക്കാനും ത്യാഗം സഹിക്കാന്‍ തയാറാകുന്ന വലിയൊരു വിഭാഗം കന്യാസ്ത്രീകളെ ഈ പട്ടികയില്‍    നിന്നു മാറ്റി നിറുത്തുന്നു. ജീവിച്ചിരിക്കുമ്പോഴേ വിശുദ്ധ എന്നറിയപ്പെട്ട മദര്‍ തെരേസ, മനുഷ്യ ജീവിതങ്ങളില്‍ പച്ച വിരല്‍ തൊട്ട ദയാബായി എന്നിവര്‍ക്ക് പ്രണാമം!കേരളത്തിന്റെ  വര്‍ത്തമാന കാല സാഹചര്യങ്ങളില്‍ ഒരു  പെണ്ണിന് സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന, അതിനു മറ്റുള്ളവര്‍ സമ്മതം നല്‍കുന്ന പ്രായം എത്രയാണ്?
ഒരു പെണ്ണായിട്ടു കൂടി അതിനുള്ള മറുപടി കണ്ടെത്താന്‍ ഞാന്‍ ഇപ്പോഴും കുഴങ്ങുന്നു.
15  വയസ്സില്‍ ഒരു പെന്‍സില്‍ വാങ്ങുന്നതിന് പോലും സ്വന്തം തീരുമാനം എടുക്കാന്‍ കഴിയാത്തവരാണ് പെണ്‍കുട്ടികള്‍. അത്തരം പെണ്‍കുട്ടികള്‍ എങ്ങനെയാണ് ജീവിത കാലം മുഴുവന്‍ ഒരു മഠത്തിനകത്ത്   താമസിക്കാന്‍ തീരുമാനമെടുക്കക? അതും, ജീവിതവും ശരീരവും അതിന്റെ ചോദനകളും തിരിച്ചറിയാന്‍ പക്വതയെത്താത്ത കാലത്ത്?

പത്താം ക്ലാസ് പഠിപ്പ് കഴിയുന്ന വേനലവധിക്ക്  ദൈവ വിളി ക്യാമ്പില്‍ പങ്കെടുക്കാത്ത കൃസ്ത്യന്‍ കുട്ടികള്‍ കുറവാണ്.  ജീവിതാന്തസ്സ് എന്താണെന്ന് തിരിച്ചറിയാന്‍ പ്രാപ്തരാക്കുന്നു എന്ന പേരിലാണ് ആണ്‍കുട്ടികള്‍ സന്യാസ  മഠങ്ങളിലെക്കും പെണ്‍കുട്ടികള്‍ കന്യാ മഠങ്ങളിലെക്കും ആനയിക്കപ്പെടുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ വളരെ സന്തോഷകരമായ അന്തരീക്ഷത്തില്‍ കളിയും പാട്ടും ചിരിയും  കലാപരിപാടികളുമായി കഴിയും. ഒന്നാം തരം ഭക്ഷണം. ഫൈവ് സ്റ്റാര്‍ സൌകര്യങ്ങളില്‍ താമസം. മിക്ക കുട്ടികളും ആ ആഡംഭരത്തില്‍  മനം മയങ്ങി പോകും. ക്ലാസ്സിനോടുവില്‍ എഴുതി കൊടുക്കുന്ന കടലാസില്‍ സന്യാസം സ്വീകരിക്കാന്‍ തയ്യാറാകുന്നവരുണ്ടോ  എന്ന്‌ എഴുതി വാങ്ങും. പിന്നീട് അത്തരത്തില്‍ എഴുതി കൊടുത്തവരുടെ വീടുകളിലെത്തി മാതാപിതാക്കളെ  സ്വാധീനിക്കും. ഇതാണു പതിവ്.
മദര്‍ തെരേസ

ദയാബായി


പഠിക്കാന്‍ മിടുക്കിയും കാണാന്‍ അതീവ സുന്ദരിയുമായ എന്റെയൊരു അടുത്ത ബന്ധുവിനെ കന്യാസ്ത്രീയാക്കാന്‍ ഉദ്ദേശിച് കച്ച കെട്ടിയിറങ്ങിയ അവളുടെ അധ്യാപകരായ കന്യാസ്ത്രീകള്‍ വീട്ടിലെത്തി. മകളെ മഠത്തില്‍ വിടുന്നില്ലെന്ന അവളുടെ അപ്പച്ചന്റെ തീരുമാനം ചെകുത്താന്റെ തീരുമാനമാണെന്നും അത് നീക്കിക്കളയാന്‍ അനുഗ്രഹിക്കണമെന്നും പറഞ്ഞ് പ്രാര്‍ത്ഥന നടത്തിയതും ഇവിടെ പങ്കു വക്കട്ടെ! അധ്യാപികമാരോട് മുഖത്ത് നോക്കി 'തയ്യാറല്ല' എന്ന് പറയാന്‍ മടിച്ച ആ പെണ്‍കുട്ടിക്ക് വേണ്ടി മറ്റു രണ്ടു ബന്ധുക്കള്‍  ചേര്‍ന്ന് മഠത്തിലേക്കു ഫോണ്‍ വിളിച്ച് വിസമ്മതം അറിയിച്ചതും മറ്റും ഓര്‍ക്കുന്നു. അവള്‍ ഇപ്പോള്‍ വിവാഹിതയും അമ്മയുമാണ്.


പഠിക്കാന്‍ മിടുക്കിയായിരുന്ന എന്റെ ഏറ്റവും അടുത്ത ചങ്ങാതിയെ പ്രലോഭിപ്പിച്ചു മഠത്തില്‍ ചേര്‍ത്ത് പഠനം മുടക്കി നാല് കൊല്ലം പശു തൊഴുത്തില്‍ 'സേവനം' പരിശീലിക്കാന്‍ അയച്ചു.  മിടുക്ക് കുറവാണെന്ന പേരില്‍ നാല് കൊല്ലത്തിനു ശേഷം വീട്ടിലേക്ക്‌ പറഞ്ഞു വിടുമ്പോള്‍ 'സ്വ മനസാലെ വിട്ടു പോകുന്നു' എന്ന് മാത്രം നാട്ടുകാരോട് പറയണമെന്നും  മഠത്തിനകത്തുള്ളവര്‍ ആവശ്യപ്പെട്ടു.അല്ലെങ്കില്‍ ദൈവ കോപം ഉണ്ടാകുമത്രേ! മകള്‍ കന്യാസ്ത്രീ ആകുന്നതിനോട് വിയോജിപ്പുണ്ടായിരുന്ന മാതാപിതാക്കള്‍ അവളുടെ കല്യാണം നടത്തി. പഠനം തുടര്‍ന്ന അവളിപ്പോള്‍ ഒരു ബാങ്ക് ഉധ്യോഗസ്ഥയാണ്, സന്തോഷം! .


മറ്റൊരു  ബന്ധു - അവള്‍ക്കു മഠത്തില്‍ ചേര്‍ന്നേ മതിയാകൂ. ചേര്‍ന്നു. ഒടുവില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം പറഞ്ഞു വിട്ടു. പഠിക്കാന്‍ കഴിവില്ലെന്ന് പറഞ്ഞു. മികച്ച രീതിയില്‍ പഠിക്കാന്‍ കഴിയാത്തവര്‍ക്ക് സന്യാസം പാടില്ലെന്നുണ്ടോ?

ഇക്കാലത്ത് സൌന്ദര്യം, പഠിപ്പ്, ഉയര്‍ന്ന സാമ്പത്തിക സ്ഥിതി എന്നിവ ഉള്ള പെണ്‍കുട്ടികള്‍ക്കാണ് കന്യാസ്ത്രീ മഠത്തില്‍ ചേരാന്‍ കൂടുതല്‍ പരിഗണന. കന്യാസ്ത്രീ ആകാന്‍ ഈ മൂന്നും തീര്‍ത്തും ആവശ്യമില്ലതിരിക്കെ, ഈ നിബന്ധനകള്‍ എന്തിന് ?? 

 ബിരുദ പഠനത്തിനു ശേഷം ആന്ധ്രയിലെ മിഷിനറി സിസ്റ്റര്‍മാര്‍ നടത്തുന്ന സ്കൂള്ളില്‍ അധ്യാപക ആയിരിക്കാന്‍ കുറച്ചു നാള്‍ അവസരം കിട്ടി. വെറും മൂന്നു മാസത്തെ കന്യാസ്ത്രീ മഠത്തിനകത്തെ ജീവിതം കൊണ്ട് മനസിലെ പല വിഗ്രഹങ്ങളും ഉടഞ്ഞു . ചെന്ന് ചേര്‍ന്ന ദിവസം നാട്ടുകാരിയായ കന്യാസ്ത്രീ ഞങ്ങളെ വിളിച്ചിരുത്തി പലതും ഉപദേശിച്ചു. അതിലൊന്ന് ഇങ്ങനെ ആയിരുന്നു' നാട്ടിലെ പോലെയല്ല കാര്യങ്ങള്‍. നമ്മള്‍ കണ്ടതും അറിഞ്ഞതും വേറെ പലതുമാണ്. ഇവിടെ പള്ളിയിലച്ചന്മാര്‍ മിണ്ടാനും പറയാനുമെല്ലാം വരും. സംസാരിച്ചു സംസാരിച്ചു 'ദേ, ഇങ്ങനെ ആയാല്‍ ( ഗര്‍ഭിണികളുടെ വയറിന്റെ മുകളില്‍ കയ്യോടിക്കുന്ന പോലെ ആംഗ്യം ) ഞങ്ങള്‍ ഉത്തരവാദികളല്ല '' എന്ന്. അന്ന് മനസ്സില്‍ വെട്ടിയ വെള്ളിടിയുടെ വെളിച്ചത്തില്‍ പല കാര്യങ്ങളും വ്യക്തമായി. 
ഒറീസയിലെ എണ്ണക്കൂടുതലുള്ള കുടുംബത്തില്‍ നിന്നും പഠിപ്പിക്കാം എന്നാ പേരില്‍ വിളിച്ചു കൊണ്ട് വന്ന പെണ്‍കുട്ടികളെ  പുലര്‍ച്ചെ മുതല്‍ രാവെളുക്കുവോളം  എല്ല് മുറിയ പണിയെടുപ്പിച്ചത് കണ്ടപ്പോഴേ 'അമ്മ'മാരോടുള്ള എല്ലാ ആദരവും പോയി. നാട്ടില്‍ പോയാല്‍ തിരികെ വരില്ലെന്ന് ബോധ്യമുള്ളതിനാല്‍ ആറേഴു കൊല്ലമായി അവരെ വീട്ടിലയച്ചിരുന്നില്ല. ആര്‍ത്തവ ദിനങ്ങളിലെ  വയറു വേദന ചെറുക്കന്‍ വയറിനു മുകളില്‍ ബെല്‍റ്റ്‌ വലിച്ചു മുറുക്കി കെട്ടി നില്‍ക്കുമായിരുന്ന ആ പെണ്‍കുട്ടികളില്‍ ഒരാളിനെ അതിലും മുറുക്കെ പള്ളിയിലെ വെള്ള ലോഹയിട്ട  യുവപുരോഹിതന്‍  കെട്ടിപ്പിടിക്കുന്നതു കണ്ടപ്പോള്‍ പേടിച്ചു ഓടിപോകേണ്ടിയും വന്നിട്ടുണ്ട്.

 കണ്ണിനു മുന്നിലൂടെ ഒരു ഗ്ലാസ്‌ വൈറ്റ് റം ( അത് പോലുള്ള ഏതോ മദ്യം) വിളമ്പുകാരന്‍ കൊടുത്തത് എന്റെ പ്രിന്‍സിപാള്‍ കന്യാസ്ത്രീക്ക്.   ഒറ്റവലിക്ക് അവരത് കുടിക്കുന്നത് കണ്ട എന്റെ കൂടി നെഞ്ച്  കരിഞ്ഞ പോലെയായി. സ്കൂള്‍ വിട്ടു വരുന്ന വഴിയെ ''എടീ കൊച്ചെ, അച്ചന്‍ പറയുവാണേ, ആ കൊച്ചിന് മാറില്ലെന്ന്'' എന്ന് ഇതേ കന്യാസ്ത്രീ( അവരൊരു മധ്യവയസ്ക ആണ്)   ഇടവകയിലെ വികാരിയായ, എഴുന്നേറ്റു നടക്കാന്‍ പറ്റാത്ത ഇറ്റാലിയന്‍ പുരോഹിതനെ കുറിച്ച് പറഞ്ഞത്  കേട്ട് സ്തംഭിച്ചു നിന്ന് പോയിട്ടുമുണ്ട്.  പാവങ്ങളെ സഹായിക്കാന്‍ എന്ന പേരില്‍  അയക്കുന്ന ഫണ്ടിന്റെ  ഉപയോഗം വിലയിരുത്താന്‍  വിരുന്നെത്തുന്ന വിദേശികള്‍ക്ക്  കിടക്ക വിരിക്കേണ്ട ഗതികേട് കാണേണ്ടി വന്നത് കൊണ്ടാണ് , സ്വന്തം  കുടുംബത്തില്‍ നിന്നും
കന്യാ മഠങ്ങളിലേക്ക് ഇറങ്ങി പുറപ്പെട്ട പെണ്‍കുട്ടികളെ ''കെട്ടിയാല്‍ ഒരുത്തന്‍, അല്ലേല്‍ കുറെ പേര്‍'' എന്ന് എനിക്ക്  ഭീഷണിപ്പെടുത്തേണ്ടി വന്നത്.

സീരിയലുകള്‍ കാണാന്‍ റിമോട്ടിന് വേണ്ടി അടികൂടുന്ന , വല്ലപ്പോഴും സന്ദര്‍ശനത്തിനു വരുന്ന  വീട്ടുകാര്‍ നല്‍കുന്ന പലഹാരം ഒരാള്‍  ഒളിപ്പിച്ചു വച്ചത് മറ്റുള്ളവര്‍ കട്ടു തിന്നുന്ന , നാല് നേരവും പഞ്ച നക്ഷത്ര രീതിയില്‍ ഭക്ഷണം കഴിക്കുന്ന കന്യാസ്ത്രീമാരും ബിഷപ്പിനൊപ്പം അന്തിയുറങ്ങുന്ന മദറുമുള്ള മത്തിനകത്ത്  ജീവിച്ചു   മതിയായതു കൊണ്ടാകണം മാലാഖയെ പോലെ സുന്ദരിയായ കന്യാസ്ത്രീ പലപ്പോഴും ഞങ്ങള്‍ മലയാളി ടീച്ചര്‍മാരെ ഉപദേശിച്ചിരുന്നു .  രക്ഷപ്പെട്ട് പുറത്തു ചാടാന്‍ കഴിയാത്തതിന്റെ നിസ്സഹായാവസ്ഥയുടെയും അങ്ങനെ ചെയ്‌താല്‍ കേള്‍ക്കാന്‍ പോകുന്ന 'മഠത്തിന്റെ ചുമര് പൊളിച്ചു ചാടി' എന്ന ആരോപണത്തിന്റെയും കുന്തമുന പേടിച്ചാണ് ജീവിക്കുന്നതെന്ന് അവര്‍ രഹസ്യമായി പറഞ്ഞിട്ടുമുണ്ട്. ഒരിക്കല്‍, ഞാനും സിസ്റ്റര്‍ ആയാലോ എന്ന എന്റെ ആരായലിനോട് '' ഇവിടെ വന്നാല്‍ നീ സിസ്റ്ററല്ല, മദറാ ആകുക. നിന്നെ ഞാന്‍ ചാണകം മുക്കിയ ചൂല് കൊണ്ട് അടിച്ചോടിക്കും'' എന്ന് അവര്‍ പറയാന്‍ കാരണവും ഈ നിസ്സഹായാവസ്ഥ തന്നെ ആണ്.
ഒരു വാര്‍ത്ത‍


എന്റെ പ്രിയപ്പെട്ട  കന്യാസ്ത്രീയുടെ ( അവരിപ്പോഴും എനിക്ക് പ്രിയപ്പെട്ടവര്‍ ആണ്) ക്ലാസില്‍ ഇരുത്തിയില്ലെങ്കില്‍ പഠിപ്പ് നിറുത്തും എന്ന് പറഞ്ഞ ബാലികയില്‍ നിന്നും ആ വിഭാഗത്തോട് കടുത്ത എതിര്‍പ്പ് തോന്നുന്ന വിധം ആന്ധ്രയിലെ ജീവിതമാണ് എന്നെ മാറ്റി മറിച്ചത്. മലയാളിക്ക് കന്യാസ്ത്രീമാര്‍ പ്രിയപ്പെട്ട  അമ്മയാണ്, അധ്യാപികയാണ്, വഴി കാട്ടിയാണ്. പഠന കാലത്തിന്റെ ഭൂരിഭാഗവും കന്യാസ്ത്രീമാര്‍ക്കൊപ്പം കഴിഞ്ഞ എനിക്ക് ഇപ്പോഴും ബഹുമാന്യരായ, മാതൃകകള്‍ ആയ  നിരവധി കന്യകകള്‍ ഉണ്ട്.


അമ്മമാര്‍ ആയതു കൊണ്ട് തന്നെ മഠത്തിന്റെ വലിയ മതില്‍ക്കെട്ടിനകത്തെക്ക്  എത്തിനോക്കാന്‍ മലയാളികള്‍ തയ്യാറല്ല. കേരളത്തിന്‌ വെളിയിലെത്തുമ്പോഴാണ് പലപ്പോഴും സദാചാരത്തിന്റെയും ധാര്‍മികതയുടെയും മൂല്യങ്ങള്‍ നഷ്ട്ടപ്പെടുന്നത്. പണ്ട് കാലത്ത് വികാരം അടക്കാന്‍ കടുക്ക വെള്ളം കുടിച്ചിരുന്നവര്‍ ഇപ്പോള്‍ അതുപേക്ഷിച്ചു ലഹരിയിലേക്ക് തിരിഞ്ഞു. സിനിമ കണ്ടു മനസിടരാതെ നോക്കിയിരുന്നവര്‍ നീലചിത്രങ്ങളുടെ പിടിയിലാണ്. സ്വവര്‍ഗ രതിയെ നിശിതമായി വിമര്‍ശിക്കുന്നവര്‍  തന്നെ അതിന്റെ അഭ്യസനം നടത്തുന്നു. ബ്രഹ്മചര്യം ഉഭയസമ്മതത്തോടെ ഒഴിവാക്കുന്നു. ആര്‍ക്കു വേണ്ടിയാണ് ഇത്തരം 'സന്ന്യാസം'?

 ബോധമുദിക്കാത്ത പ്രായത്തില്‍ ദൈവവിളി കേള്‍പ്പിക്കരുതെന്നും സന്യാസികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്നും കാലങ്ങളായി സഭാനേതൃത്വത്തിന് മുന്നില്‍ ആവശ്യമുയരുന്നുണ്ടെങ്കിലും ഇത് വക വെക്കാന്‍ ആരും തയ്യാറാകുന്നില്ല. തിരുവസ്ത്രം ധരിക്കുന്നതിനു മുന്പ് അതുപേക്ഷിക്കാന്‍ കഴിയുമല്ലോ എന്ന് വാദിക്കുന്ന ചിലരുണ്ട്, എന്നാല്‍ ഇങ്ങനെ ഉപേക്ഷിക്കാന്‍ തക്ക മാനസിക കരുത്ത്‌ പലപ്പോഴും ഉണ്ടാകില്ലെന്നതാണ് വസ്തുത.   ഏറ്റവും കുറഞ്ഞത്‌ , ബോധത്തോടെ മാത്രം സന്യാസം സ്വീകരിക്കാന്‍ തക്ക പ്രായത്തില്‍ അതിനുള്ള അവസരം ഒരുക്കുകയാണ് വേണ്ടത്. നിലവില്‍ 23 - 24 വയസിനു ശേഷം മഠത്തില്‍ ചേരാന്‍ അനുമതിയില്ല. ഒരിക്കല്‍ മഠം വിട്ടവര്‍ക്ക് തിരിച്ചു ചെല്ലാനുമാകില്ല. എന്നാല്‍ പുരോഹിതര്‍ക്ക് ഈ 'തിരിച്ചു വരവ് വിലക്ക്' ഇല്ല എന്നാണ് അറിവ്.

സമ്പത്തിന്റെ കാര്യത്തിലും കന്യാസ്ത്രീകള്‍ നിസ്സഹായരാണ്. ജീവിത കാലം മുഴുവന്‍ സമ്പാദിക്കുന്ന പണവും വീട്ടുകാര്‍ നല്‍കുന്ന ഒപ്പാവകാശവും മഠത്തിനും അത്  വഴി സഭക്കും ചെന്ന് ചേരുന്നു. ഏതെങ്കിലും കാലത്ത് മഠം വിടാന്‍ തോന്നിയാല്‍ അത് വരെ സമ്പാദിച്ചത് മുഴുവന്‍ ഉപേക്ഷിച്ചു പോകുകയും വേണം. ഡോക്ടര്‍, നഴ്സ് , അധ്യാപിക , സ്കൂള്‍ മാനേജര്‍ എന്നീ തസ്തികയില്‍ നിരവധി പേരുണ്ട്.  ആ വഴി വലിയ വരുമാനം ഉള്ളതിനാല്‍ മഠങ്ങള്‍ വേണ്ടെന്നു  സഭയ്ക്കും പറയാനാകില്ലെന്നതാണ് സത്യം.


സി.അഭയ

സി.ആന്‍സി 
കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയയെയും  വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ സിസ്റ്റര്‍ ആന്‍സിയെയും  ഓര്‍ത്തു കൊണ്ടെങ്കിലും മാതാപിതാക്കള്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കാം.ഈ കേസുകളിലെല്ലാം കുറ്റാരോപിതരെ സംരക്ഷിക്കുന്ന സഭയുടെ നിലപാട്  സഭവിശ്വാസികള്‍ക്കിടയിലും മറ്റു മത വിഭാഗങ്ങള്‍ക്കിടയിലും മതമില്ലാത്തവര്‍ക്കിടയിലും ഏറെ പരിഹാസത്തിനു ഇട നല്‍കിയിരുന്നു. സ്വര്‍ഗരതി, മദ്യപാനം, ലൈംഗികത, തുടങ്ങിയവ പാപമാണെന്നു പ്രസംഗിക്കുകയും അത്‌ തന്നെ രഹസ്യമായി അനുവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളോടാണ് നമ്മുടെ സമരം. അത്‌ ഏതെങ്കിലും ചില വുക്തികളോടല്ല . :D


ഏതെങ്കിലുമൊരു അവയവം ഇടര്‍ച്ച വരുത്തുന്നെങ്കില്‍ അത്‌ കടലില്‍ കല്ല് കെട്ടി താഴ്ത്തുക എന്നാണ്. ഏതെങ്കിലുമൊരു "സാഹചര്യം ' എന്നതും പ്രസക്തമാണ്. അത്തരം സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കാമല്ലോ! എല്ലാ സഭകളിലും സന്യസ്തര്‍ ബ്രഹ്മചാരികള്‍ അല്ല. നിലവില്‍ പോപ്പിന് കീഴെയുള്ള സഭകളിലെ നിരവധി പേര്‍ (സന്യസ്തര്‍ തന്നെ) പരിഷ്കാരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് കണ്ണടച്ച് കളയരുത്. "സന്യാസം" അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പാകുന്നതല്ലേ നല്ലത്?

"ദൈവ വിശ്വാസവും മത വിശ്വാസവും രണ്ടും, രണ്ടാണ്. മതത്തെ മാത്രം വിശ്വസിക്കുന്നവരാണ് കൂടുതല്‍! ദൈവം തന്നെ സത്യവുമായി രംഗത്ത് വന്നാലും , അത്തരക്കാര്‍ എതിരെ വരും" എന്ന് അറിഞ്ഞു തന്നെയാണ് ഈ പോസ്ട് വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നത്!

സ്റ്റോപ്പ്‌ പ്രസ്‌- ഒച്ചപ്പാടുകാരിയെ പള്ളിയില്‍ നിന്ന് പുറത്താക്കുമോ? കുറഞ്ഞത്‌  'കെട്ടു കുറി ' കിട്ടാനെങ്കിലും തടസ്സം നേരിട്ടേക്കാം. എങ്കിലും ഇത്രയെങ്കിലും പറയാതെ വയ്യ!


NB--ബ്ലോഗ്‌ പോസ്റ്റ്‌ മുഴുവന്‍ വായിച്ചതിനു ശേഷം മാത്രം കമന്റ്‌ ചെയ്യാന്‍ മുതിരുക . അസഭ്യവും മാന്യമല്ലാത്തതും വസ്തുതവിരുദ്ധവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! മതം (അതേതുമാകാം) വികാരമായി കാണുന്നവര്‍ യുക്തിയില്ലാത്ത കമ്മന്റുകള്‍ ഇടുന്നതിനും നല്ലത്, ഈ പോസ്റ്റ്‌ കണ്ടില്ലെന്നു നടിക്കുകയാണ്. വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. അത്തരം കമ്മന്റുകളും അവ്യക്തമായവയും നീക്കം ചെയ്യുക  തന്നെ  ചെയ്യും !

Related Posts Plugin for WordPress, Blogger...

Facebook Plugin