Tuesday, February 21, 2012

മതം പൊട്ടല്‍

കടപ്പാട്-കാര്ട്ടൂണിസ്റ്റ് രാഗേഷ് 

ഏറെ രസകരമായ കാര്‍ട്ടൂണ്‍ ആയിരുന്നു ഇന്ന് രാവിലെ പത്രം എടുത്തു നോക്കിയ ഉടനെ കണ്ടത്. പിറകെ ഓഫീസില്‍ എത്തിയാല്‍ വന്നേക്കാവുന്ന ഫോണ വിളികളെ കുറിച്ചും മനസിലൊരു കണക്കു കൂട്ടല്‍ നടത്തിയിരുന്നു. തെറ്റിയില്ല. കിട്ടിയ കോളില്‍ തെറി വിളിയും ഉണ്ടായിരുന്നു. തിരികെ തെറി പറയാന്‍ അറിയാഞ്ഞിട്ടല്ല, ജോലിയെടുക്കുന്ന സ്ഥാപനത്തിന്റെ ഫോണിലൂടെ ഒരു 'തിരിച്ചു പറച്ചില്‍' ഒഴിവാക്കിയേക്കാം എന്ന് കരുതി. വിളിച്ച ഇക്കാക്ക്‌ അറിയേണ്ടത് ഒരു കാര്യമാണ് '"' ഇത്രയും ബഹുമാന്യനായ കാന്തപുരത്തിനെതിരെ ഇങ്ങനൊരു തോന്നിവാസമാണോ വരച്ചു വക്കേണ്ടത്"" എന്നാണ്. പറയേണ്ടത് ഇവിടല്ലെന്നു പറഞ്ഞു ഞാന്‍ ഫോണ കട്ടാക്കി.

ഇത്രയും പറഞ്ഞല്ലോ ... ഈ വിഷയത്തില്‍ എനിക്ക് തോന്നിയ ചില തോന്നലുകള്‍ കുറിക്കട്ടെ!

1 ) എന്റെ ഈ ജന്മം കൊണ്ട് 40  കോടി രൂപ സമ്പാദിക്കുന്നത് പോയിട്ട്, അത്രേം രൂപ കാണാന്‍ പോലും യോഗമുണ്ടെന്നു  ഞാന്‍ വിശ്വസിക്കുന്നില്ല. പണം സമ്പാദിക്കുന്നത് ഒരു കഴിവ് തന്നെയാണ്. ആ ഒരു കാര്യത്തില്‍ ഫോണ്‍ വിളിച്ച ആ ഇക്കയോട് ഞാന്‍ ചേരുന്നു" ബഹുമാന്യനായ കാന്തപുരം""  കാരണം കഴിവുകളുള്ളവരെ ബഹുമാനിക്കണമല്ലോ!

2 ) ഏതാനും മാസങ്ങള്‍ക്ക്  മുന്‍പാണ് - ജോസഫ്‌ മാഷുടെ കയ്യ് വെട്ടിയത് . കാരണം പ്രവാചക നിന്ദ. ആരാണെന്ന് പറയുന്നില്ല.  എനിക്ക് പേടിയാണ്. അന്ന് കയ്യ് വെട്ടിയതിനെ അപലപിച്ചെങ്കിലും എന്റെ വളരെയടുത്ത ചില മുസ്ലിം മത വിശ്വാസികളായ സുഹൃത്തുക്കള്‍ പറഞ്ഞ ഒന്നുണ്ട്- ആ മാഷ്  പ്രവാചകനെ നിന്ദിച്ചു.കട്ടായമായാണ്   പറഞ്ഞത്.
അന്ന് പിന്നെയും കഥകള്‍ കേട്ടിരുന്നു. പണ്ട് പണ്ട് പാഠപുസ്തകത്തില്‍ പ്രവാചകന്റെ ചിത്രം വരച്ചു ചേര്‍ത്തതിനെതിരെ  പ്രതിഷേധം   ഉണ്ടായതും പുസ്തകം പിന്‍വലിച്ചതും. പണ്ടുണ്ടായതാണ് ട്ടോ. കാരണം പ്രവാചക നിന്ദ! പ്രവാചകന്റെ ചിത്രം വരക്കുന്നത് പ്രവാചക നിന്ദയാണെന്ന് ! അമുസ്ലിംകളാണ്  ചിത്രവും വിഗ്രഹവും വച്ച് പൂജിക്കുന്നതെന്ന്! 

3 ) കാന്തപുരത്തിന്റെ കയ്യിലുള്ള മുടി കത്തില്ലെന്നോ- എങ്കിലോന്നു കത്തിച്ചു കാണിക്കൂ , വെളിച്ചത്തിനു മുന്നില്‍  പിടിച്ചാല്‍ നിഴല്‍ വീഴില്ലെന്നോ - എങ്കിലോന്നു പിടിച്ചു കാണിക്കൂ എന്നൊന്നും ഞാന്‍ പറയില്ല. കാരണം പ്രവാചകന്റെ മുടിയുടെ പേരില്‍ കാശുണ്ടാക്കുന്നതും മുടിയുടെ ആരാധനയ്ക്ക്  പള്ളി പണിയുന്നതോ പ്രവാചക നിന്ദയാണെന്ന് അറിയാവുന്നവരും മിണ്ടില്ല. പക്ഷെ ഞാനിങ്ങനെ രണ്ടു ചോദ്യം ചോദിച്ചാല്‍ ഒരു പക്ഷെ നിന്ദയായാലോ !! പേടിക്കണം!
സിനിമയില്‍ കാണുന്ന സ്റ്റണ്ട് സീനുകളില്‍ തീപിടുത്തത്തിനിടയില്‍ തലയുയര്‍ത്തി നെഞ്ച്  വിരിച് നടന്നു വരുന്ന നായകന് എന്തേ തീ പിടിക്കാത്തത് എന്ന് കുട്ടിക്കാലത്ത് പലതവണ അത്ഭുതപ്പെട്ടിട്ടുണ്ട്. പിന്നീട് അറിഞ്ഞു അതിനു മുന്‍കരുതലായി പ്രത്യേക വസ്ത്രവും പ്രത്യേക ലോഷനും ഉണ്ടെന്നു. അവ ഉപയോഗിച്ചാല്‍ പൊള്ളില്ല, തീ പിടിക്കില്ല.  ആ സൂത്രങ്ങളും വേണേല്‍ ഉപയോഗിക്കാമെന്ന് ഈയുളളവളുടെ കുരുട്ടു ബുദ്ധിയില്‍ തോന്നിയത്  ബഹുമാന്യനായ കാന്തപുരത്തിന് സമര്‍പ്പിക്കുന്നു. കാരണം കഴിവുകളുള്ളവരെ ബഹുമാനിക്കണമല്ലോ!


4 ) അവസാനമായി --ദുഖ ശനിയാഴ്ച പള്ളിയില്‍ പോയപ്പോള്‍ ഒരു ചേടത്തി കരഞ്ഞു പ്രാര്‍ഥിച്ച  വാചകങ്ങള്‍ ഓര്‍ക്കുന്നു. പള്ളിയുടെ ഇടവക മധ്യസ്ഥന്‍ ഫ്രാന്‍സിസ് സേവ്യാര്‍ ആണ്. ഞങ്ങളുടെ നാട്ടുകാര്‍ മുത്തപ്പനെന്നു  സ്നേഹത്തോടെ വിളിക്കും. ദുഖ ശനിയാഴ്ച , കുരിശില്‍ നിന്നിറക്കിയ ക്രിസ്തുവിന്റെ മൃത ദേഹം  മഞ്ചപ്പെട്ടിയില്‍ കിടത്തിയിട്ടുണ്ട്. പള്ളിയുടെ ഒത്ത നടുക്ക്‌ ആ മഞ്ച ഇങ്ങനെ ഇരിക്കുന്നു. ഒരു ചേടത്തി വന്നു കരയുന്നു. വീടിലെ വിഷമം എന്ന് തോന്നി. പിന്നെയാണ് കേട്ടത് '' മുത്തപ്പാ...ഈശോക്ക് വേദന സഹിക്കാന്‍ കരുത്തു കൊടുക്കണേ.. ഈശോയെ കാത്തോളണേ മുത്തപ്പാ    ന്നു'''  . സഭ വിശ്വാസം അനുസരിച്ച് ഈശോയുടെ സ്ഥാനമെന്ത്, ഫ്രാന്‍സിസ് സേവ്യാറിന്റെ സ്ഥാനമെന്ത്!!!

ഈ ചേടത്തിയുടെ അതെ അവസ്ഥയിലേക്ക് വരാവുന്ന കുറെ പേരെ ഇന്നത്തെ ഇക്കയുടെ വിളിയിലൂടെ ഞാന്‍ കാണുന്നു... ''കാന്തപുരമേ ,മുടി കാത്തോളണേ''


((( പ്രധാനപ്പെട്ടത്... അത്യന്തം വികാരസമ്മിശ്രമായ വിഷയം ആയതിനാലും വര്‍ഗീയ പ്രശ്നങ്ങള്‍ സംജാതമാകാമെന്നതിനാലും  എതിര്‍ ജാതി വിഷയങ്ങളില്‍ വിഷം വമിക്കുന്ന രീതിയില്‍ ഏകപക്ഷീയമായി സംസാരിക്കുന്ന ഒരു ചെറിയ കൂട്ടര്‍ ഇവിടെ ഉള്ളതിനാലും കമ്മന്റിടുന്ന കൂട്ടുകാര്‍ ശ്രദ്ധിക്കുക. മാന്യമല്ലാത്തതും അസഭ്യമായതും  വിഷയത്തില്‍ നിന്നും മാറി പോകുന്നതുമായ കമന്റുകള്‍ നീക്കം ചെയ്യുകയോ റിപ്പോര്‍ട്ട്‌ ചെയ്യുകയോ ചെയ്യും. ഒരു പക്ഷെ അത്തരക്കാരുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക്   അക്കൗണ്ട്‌ തന്നെ നീക്കം ചെയ്യപ്പെടാന്‍ അത് കാരണമായേക്കാം..))))

   
ഫേസ് ബുക്ക്‌ ചര്‍ച്ച കാണുകRelated Posts Plugin for WordPress, Blogger...

Facebook Plugin