2012, ഫെബ്രുവരി 22, ബുധനാഴ്‌ച

ബുഞ്ചോര്‍ണോ അമീകോ !!




ബുഞ്ചോര്‍ണോ അമീകോ !!     കൊമസ്തേയ്  ?

എന്താ കണ്ണ് മിഴിച്ചു വായിക്കുന്നത്? ഒന്നും മനസിലായില്ല ലേ?  ഞാന്‍ കഴിഞ്ഞ രാത്രി മുതല്‍ ഇറ്റാലിയന്‍ പഠിക്കാന്‍ തുടങ്ങി. ബുഞ്ചോര്‍ണോ എന്ന് പറഞ്ഞാല്‍ Good Morning  -  അമീകോ എന്നാല്‍ ചങ്ങാതി !!     കൊമസ്തേയ് എന്ന് പറഞ്ഞാല്‍ How are you ?

 എന്താ പെട്ടെന്ന് ഇറ്റാലിയന്‍ പഠിക്കുന്നത് എന്ന് ചോദിക്കല്ലേ ... ഞാന്‍  പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പാതയിലാണ്. പെട്ടെന്നൊരു ദിവസം ഇറ്റലിയിലേക്ക് കുടിയേറി പാര്‍ക്കേണ്ടി വരുമ്പോള്‍ ഭാഷ ഒരു ബുദ്ധിമുട്ടാകരുത് എന്നാണു ചിന്ത. അതാണ്‌ ഇന്നലെ രാത്രി മുതലേ പഠനം തുടങ്ങിയത്. അല്ലെങ്കിലും, ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ഇറ്റലിയോടു   പ്രത്യേകമൊരു 'മമത' ഉണ്ടെന്നു കൂട്ടുകാര്‍ക്ക് അറിയുമല്ലോ!

ഈശോ മിശിഹാക്കു സ്തുതിയായിരിക്കട്ടെ! പണ്ടേ പോപ്പിന് പട്ടു കുട പിടിക്കുന്നവരാണ് ഞങ്ങള്‍. ഇതിപ്പോള്‍ തൃശൂര്‍ പൂരവും കൂടി റോമിലേക്ക് പറിച്ചു നടെണ്ടി വരുമെന്നാണ് തോന്നുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുമുണ്ട് . ആലവട്ടവും വെഞ്ചാമരവും പിടിക്കുന്ന വിധം  കഴിഞ്ഞ രാത്രി ആലഞ്ചേരി പിതാവിന്റെതായി  ഇറ്റലിയിലെ ന്യൂസ്‌ ഏജന്‍സിയായ ഫിദാസ് പുറത്തു വിട്ട വാര്‍ത്ത കേട്ടപ്പോള്‍ കൊടി പിടിച്ച  കത്തോലിക്കരായ എന്റെ സഹമുറിയത്തികള്‍  വരെ അന്തം വിട്ടു. വലിയ   പട്ടം വാങ്ങാന്‍ റോമിലേക്ക് പോയതെ ഉള്ളൂ. അപ്പോഴേക്കും പിതാവ് റോമാക്കാരനായോ എന്റെ സ്വര്‍ഗത്തിലെ പിതാവേ എന്ന് ഞങ്ങള്‍ മൂന്നു സഹമുറിയത്തികളും കോറസ്സായാണ് ആശങ്കപ്പെട്ടത്‌.

ഈ നിലക്ക് പോയാല്‍ ഉടനെ ഇറ്റലിയിലേക്ക് സ്വയമേ കപ്പല്‍ കയറേണ്ടി വരുമെന്നും ഇല്ലങ്കില്‍ കത്തോലിക്കരല്ലാത്ത മറ്റെല്ലാവരും ചേര്‍ന്ന് കേരളത്തില്‍ നിന്നും മഹറോന്‍ ചൊല്ലി  കപ്പല്‍ കേറ്റുമെന്നും ഉറപ്പായി. ഇറ്റലിയിലേക്ക് പോകാനും വലിയ ഇടയനെ കാണാനും ഉള്ള ആഗ്രഹം അതോടെ പൂര്‍ണമാകും.   അവിടെയെത്തിയാലുടന്‍  വിശുദ്ധരും സുന്ദരന്മാരും കരുത്തരുമായ ഇറ്റാലിയന്‍ നാവികരുടെ പേരില്‍ ഇറ്റാലിയന്‍ പത്രങ്ങളില്‍  'ഉദ്ധിഷ്ട കാര്യത്തിനു ഉപകാര സ്മരണ'' പരസ്യം നല്‍കിക്കോളാമേ ...


ഇതത്രയും രാത്രി സ്വപ്നം കണ്ടു കിടന്നിട്ടു രാവിലെ പത്രം വായിച്ചപ്പോഴേക്കും ആശ തകര്‍ന്നു. പിതാവ് അങ്ങനെ പറഞ്ഞില്ലെന്നു സഭ പ്രതിനിധിയുടെ വാര്‍ത്ത കുറിപ്പുണ്ട്. ന്യൂസ്‌ ഏജന്‍സി വളചൊടിച്ചെന്നു  ! അതും ശരിയാകുമായിരിക്കും. എന്ത് അലമ്പത്തരവും കാട്ടുന്നവരാണ്   ഇറ്റലിക്കാര്‍. മറ്റു രാജ്യങ്ങളില്‍ ഇറ്റലിക്ക് അനുകൂലമായി വാര്‍ത്തകള്‍ വരാന്‍ ആ രാജ്യം കുറെ പണം പൊടിക്കുന്നുണ്ട്. അത് തന്നെ പിതാവിന്റെ കാര്യത്തിലും സംഭവിച്ചിരിക്കാം. അങ്ങനെയെങ്ങാനും ആശ തന്നു പറ്റിച്ചാലുണ്ടാല്ലോ , ഫിദാസെ , നിങ്ങള്‍ വിവരമറിയും. പന്നിയിറച്ചിയില്‍  കൂടോത്രം ചെയ്തു തീറ്റിപ്പിക്കും.ഹും ...

''കേരളം കാക്കാന്‍ കടലിനു മുകളില്‍ നടന്നവരെ,
തോക്കിന്‍ മുനയിലൂടെ ദണ്ഡവിമോചനവും മോക്ഷവും തന്നവരേ,
 ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ!''-ആമേന്‍

ഗ്രാസിയെ

(ഓ ..മറന്നു , മറന്നൂ ...ഗ്രാസിയെ  എന്താണ് ന്നല്ലേ?---- "നന്ദി '')

ഫേസ് ബുക്ക്‌ ചര്‍ച്ച കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
വിഷയത്തില്‍ നിന്ന് വിട്ടു പോകുന്ന കമ്മന്റുകള്‍ ഒഴിവാക്കുക !

1 അഭിപ്രായം:

  1. മനോഹരമായ ശൈലി...,
    തുടരുക....
    പല കല്ലതരങ്ങള്‍ക്കെതിരെയും ..തകര്ത്തെഴുതുക.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...