2012, മേയ് 25, വെള്ളിയാഴ്‌ച

ദേവരാഗ തണലില്‍!

സാദിഖ്‌
ആശ വച്ചാല്‍ നേടാനാകാത്തത്  ഒന്നുമില്ല ഈ ലോകത്ത്. കാലം വഴി തെറ്റിച്ചു കൊണ്ടു പോകുന്ന സ്വപ്നങ്ങളെ തിരികെ ജീവിതത്തിലേക്ക്  വഴി നടത്താന്‍ മോഹങ്ങള്‍ക്ക് അത്രമാത്രം കരുത്തുണ്ട്. എന്നാല്‍ ആ സത്യം തിരിച്ചറിയുന്നവരും വിജയിക്കുന്നവരും അപൂര്‍വം. ഇന്നല്ലങ്കില്‍ നാളെ , ആ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ മനസിനകത്തെ കുഞ്ഞു കനലുകള്‍ക്കാകുമെന്നു തെളിയിച്ച ഒരു മട്ടാഞ്ചേരിക്കാരന്‍  ഇന്ന് ഗസലുകള്‍ പൂക്കുന്ന  രാത്രികളുടെ രാജകുമാരനാണ്. നഗരത്തിലെ പ്രശസ്തമായ ഹോട്ടലുകളിലെ പ്രൗഢിയുള്ള സംഗീത സദസുകളില്‍ സ്വയം മറന്നു പാടുന്ന സാദിഖിന് ജീവിതമെന്നത് ഇന്ന് സ്വപ്നങ്ങളുടെ നിറച്ചാര്‍ത്താണ്.
ഗസലുകള്‍ പെയ്തൊഴിയാത്ത ദ്വീപാണ് മട്ടാഞ്ചേരി. ഗുല്‍മോഹറിനൊപ്പം ഇശലുകളും പൊഴിഞ്ഞു വീഴുന്ന ഗസല്‍ സന്ധ്യകളില്‍ പ്രണയത്തിനും വിരഹത്തിനും ഹാര്‍മോണിയവും തബലയും അകമ്പടി വരുന്ന നാട്. സംഗീതം താഴ്ന്ന സ്ഥായിയില്‍  കടലായൊഴുകിയ  ആ തെരുവുകളില്‍ പിറന്നു വീണ സാദിഖിന് സംഗീതത്തോട് കമ്പം തോന്നിയതില്‍  അതിശയപ്പെടാനില്ല. എന്നാല്‍ ജീവനും ജീവിതങ്ങളും കൂട്ടിമുട്ടിക്കാന്‍ പുലര്‍ച്ചെ മുളവുകാട് ഹാര്‍ബറില്‍ തൊണ്ട പൊട്ടി ലേലമുറപ്പിക്കുന്ന  അതേ സാദിഖിനെ കാണുമ്പോള്‍, തലേന്ന് രാത്രി സുന്ദര സംഗീതമൊഴുക്കിയ അതേയാളാണോയെന്നു  അത്ഭുതം കൂറും. എന്നാല്‍ മറുപടിയെല്ലാം സംഗീതം പോലൊരു പുഞ്ചിരിയിലൊതുക്കി ഈ യുവാവ് മുന്നില്‍ നില്‍ക്കുന്നവനെ പിന്നെയും അത്ഭുതപ്പെടുത്തും.

മലയാളിക്ക് മറക്കാനാകാത്ത സംഗീത സാമ്രാട്ടാണ് ദേവരാജന്‍ മാസ്റ്റര്‍. പരുക്കനെന്ന് സഹപ്രവര്‍ത്തകര്‍ ഭയപ്പാടോടെ മാത്രം വീക്ഷിക്കുന്ന ദേവരാജന്‍ മാസ്റ്റര്‍ , പക്ഷെ സാദിഖിന്‍െറ സ്നേഹവാനായ ഗുരുവും വഴികാട്ടിയുമായത് മുജ്ജന്മ സുകൃതം. ദേവരാജന്‍ മാസ്റ്ററുടെ മുരടന്‍ സ്വഭാവം അറിയാവുന്നവര്‍ക്കെല്ലാം ഇങ്ങനെയൊരു ഗുരു ശിഷ്യ ബന്ധം ആശ്ചര്യമാണ്. ആ ഗുരുവിന്‍െറ ശിഷ്യനായ കഥ കേള്‍ക്കുമ്പോഴും ആശ കൊണ്ടൊരു കൊട്ടാരം പണിതതിന്‍െറ സുഖമുണ്ട്

ദേവരാജന്‍ മാഷോടൊപ്പം
സാദിഖ്‌


















സംഗീതം അരുതെന്ന് വിലക്കുള്ള കുടുംബത്തിലാണ് സാദിഖിന്‍െറ ജനനം. സംഗീതം കൊണ്ട് പ്രശസ്തരായെങ്കിലും  പലരും ജീവിതം കളഞ്ഞു കുളിച്ചതിന്‍െറ ഉദാഹരണങ്ങള്‍ സ്വന്തം കുടുംബത്തില്‍ തന്നെ കണ്ടു മനസ് നൊന്ത വാപ്പ കോയ മകനെ ആ വഴിയിലേക്ക് അയക്കാഞ്ഞത് നിറഞ്ഞ പുത്രസ്നേഹം ഒന്നു കൊണ്ടു മാത്രമാണ്. സംഗീതം പഠിച്ചാല്‍ വഴി പിഴച്ചു പോകുമെന്ന ഭീതി മറ്റു കൊച്ചിക്കാരെ പോലെ സാദിഖിന്‍െറ കുടുംബത്തെയും അലട്ടിയിരുന്നു. കള്ളും കഞ്ചാവും ജീവിതത്തെ പിഴപ്പിക്കുമെന്ന ഉള്‍ഭയം  കൊണ്ട്  ഉമ്മ സുഹറയുടെയും പിന്തുണ സാദിഖിന് കിട്ടിയില്ല. വിലക്കിന്‍െറ കടുപ്പവും വാപ്പയെ ധിക്കരിക്കാനുള്ള മനസില്ലായ്മയും കൊണ്ട് സാദിഖിന്‍െറ ബാല്യവും കൗമാരവും സംഗീതത്തെ സ്വപ്നം മാത്രമാക്കി അവശേഷിപ്പിച്ചു. സാദിഖിന് ഇളയത് രണ്ടാണും പെണ്ണും. അവരെ കൂടി പോറ്റാനുള്ള ഉപ്പയുടെ പെടാപ്പാടു കുറക്കാന്‍ സാദിഖ് വാപ്പക്കൊപ്പം കൂടി. അങ്ങനെയാണ് ഹാര്‍ബറില്‍ മത്സ്യ കച്ചവടക്കാരനാകുന്നത്.  ഇന്നിപ്പോള്‍ ഹാര്‍ബറിലെ പ്രധാനിയാണ് സാദിഖ്. ജീവിതം മറ്റൊരു വഴിയിലൂടെ ഗതി മാറി ഒഴുകി. സംഗീതം മനസിലൊളിപ്പിച്ചു നടന്ന ആ യുവാവ് സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ ആ പഴയം സ്വപ്നം ഹാര്‍മോണിയം ഈണങ്ങള്‍ക്കൊപ്പം  വീണ്ടും മനസിന്‍െറ പടികയറി.
അടിയന്തിരാവസ്ഥാക്കാലം. ഉമ്മ സുഹറയുടെ പിതാവ് അബു ഇ.എം.എസിന്‍്റെ ഉറ്റ ചങ്ങാതിയായിരുന്നു. ആ വഴിയില്‍ സാദിഖിന്‍െറ വാപ്പയും കമ്മ്യൂണിസ്റ്റുകാരന്‍! പൊലീസ് ലാത്തികളില്‍ നിന്നും രക്ഷപ്പെടാന്‍ വാപ്പ ഒളിവില്‍ പോയ സമയത്ത് ആ ബാലന്‍ സംഗീതത്തെ തിരിച്ചുപിടിച്ചു.



തബലയുടെ ആദ്യ സ്വരം പകര്‍ന്നു നല്‍കിയത് അമ്മാവനും ഗസല്‍ ഗായകനുമായ ഉമ്പായി. ഉമ്മയറിയാതെ വീട്ടില്‍ നിന്നിറങ്ങിയ ആ പയ്യന്‍ മട്ടാഞ്ചേരി തെരുവുകളിലെ ക്ളബുകളില്‍ രാവേറെ ചെല്ലുവോളം നേരം പോക്കി. ഗസല്‍ കേട്ടും അകമ്പടി കൊട്ടുന്ന തബലക്കാരന്‍െറ വിരല്‍ വഴക്കങ്ങള്‍ കണ്ടും ആ ചെറുപ്പക്കാരന്‍ മനസിനെ വീണ്ടും സംഗീതം കൊണ്ടു നിറച്ചു. സംഗീത സംവിധായകന്‍ ബാബുരാജിന്‍െറ  തബലിസ്റ്റും ‘ഐഷ റേഡിയോ’ എന്ന ഓമന പേരില്‍ അറിയപ്പെട്ടിരുന്നയാളുമായ  അബ്ദു ഇക്കയെ ഗുരുവാക്കി തബല പഠനം ആരംഭിച്ചു. ഇതിനിടെ വാപ്പ വീട്ടിലത്തെി. സംഗതിയറിഞ്ഞയുടന്‍  കലി പൂണ്ട വാപ്പ സാദിഖിനെ തല്ലി. അതോടെ ആശിച്ച് മോഹിച്ച് തുടങ്ങിയ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. വീണ്ടും ജീവിതം മീന്‍ ചന്തയിലേക്ക്  വലിച്ചെറിയപ്പെട്ടു. എന്നാല്‍ ആഗ്രഹിച്ചാല്‍ പ്രകൃതിയും കൂട്ട് നില്‍ക്കുമെന്ന് സാദിഖിന് ബോധ്യമായി. ബിസിനസില്‍ വെച്ചടി കയറ്റമുണ്ടായി. സാമ്പത്തികമായി മെച്ചപ്പെട്ടപ്പോള്‍ സംഗീതം പഠിക്കണമെന്ന സാദിഖിന്‍െറ മോഹത്തിന് വാപ്പ പച്ചക്കൊടി കാട്ടി. അങ്ങനെ  മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര സെക്രട്ടറിയായിരുന്ന ഹുസൈന്‍ വഴി ബല്‍റാം മാസറ്ററിന്  കീഴില്‍ എട്ടു വര്‍ഷം തബല  അഭ്യസിച്ചു. തബല  പെരുക്കങ്ങളില്‍ ആറാടി  നടക്കുമ്പോഴാണ്  ദൂരദര്‍ശനില്‍ ദേവരാജന്‍ മാസ്റ്ററെ കുറിച്ചുള്ള പരിപാടി കാണുന്നത്. അദ്ദേഹത്തില്‍ നിന്നും കര്‍ണാടക ശാസ്ത്രീയ സംഗീതം പഠിക്കണമെന്ന് പെട്ടെന്നൊരു തോന്നലുണ്ടായി. ഉടനെ കിട്ടാവുന്ന പുസ്തകങ്ങള്‍ വരുത്തി വായന തുടങ്ങി. സംഗീതവും സംഗീതജ്ഞരും വരികളായി അറിവ് പകര്‍ന്നു. അപ്പോഴും മാസ്റ്ററെ നേരില്‍ കാണാനുള്ള ആഗ്രഹം ഉള്‍ഭയം നിമിത്തം മാറ്റി വച്ചു. പിന്നെയൊരു ദിവസം എന്തും വരട്ടെയെന്ന് നിശ്ചയിച്ചുറപ്പിച്ച്   സാദിഖ് മാസ്റ്റര്‍ക്ക് ഫോണ്‍ ചെയ്തു.



സാദിഖ്‌

അങ്ങത്തേലക്കല്‍ ദേവരാജന്‍ മാസ്റ്റര്‍, സാദിഖിന് സ്വരം വിറച്ചു. എന്തിനും ഏതിനും വിപരീത സ്വരം മാത്രമാണ് മാസ്റ്റര്‍ക്ക്. ഒന്നു കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ എന്തിനു കാണണമെന്ന് മറുചോദ്യം. വെറുതെയൊന്നു കണ്ടാല്‍ മതി, ആ കാലു തൊട്ടൊന്നു  വന്ദിക്കാന്‍   മാത്രം എന്ന് സാദിഖ് പറഞ്ഞു. എങ്കില്‍ വന്നേക്ക് എന്ന് മറുപടി. പിന്നീട് ഒരു നിമിഷം പോലും പാഴാക്കിയില്ല. വെളുപ്പിന് ആറിനു എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറി. അവിടെച്ചെന്ന് മാഷിന്‍െറ സംഗീതത്തോടുള്ള ഇഷ്ടം പറഞ്ഞപ്പോള്‍ വീണ്ടും വിപരീത സ്വരം, ‘ഇഷ്ടപ്പെടാന്‍ ഞാന്‍ പറഞ്ഞോ’ എന്ന്! അങ്ങനെ കലഹിച്ച് കൊണ്ടിരുന്ന ദേവരാജന്‍ മാസ്റ്റര്‍ പെട്ടന്നൊരു ചോദ്യം ‘താന്‍ പാടുമോ? എങ്കിലൊന്നു പാടാമോ?’ എന്ന്. ഉടനെ ഒരു പാട്ട് പാടി. പാടിക്കഴിയും മുമ്പേ വിലയിരുത്തലും വന്നു- ‘പാടിയത് മുഴുവന്‍ അബദ്ധം’ ആരെങ്കിലും പഠിപ്പിക്കാന്‍ തയാറാകുമെന്നും നല്ളെ്ളാരു ഗുരുവിനെ കണ്ടത്തെണമെന്നും ഉപദേശവും പിന്നാലെയത്തെി. എങ്കില്‍ മാഷിനു തന്നെ എന്നെ പഠിപ്പിച്ചൂടെ എന്നായി സാദിഖ് . അപ്പോള്‍ തന്‍െറ ഉദ്ദേശം ഇതാണല്ലല്ളേ എന്ന് പറഞ്ഞ മാഷ്  താന്‍ ആര്‍ക്കും സംഗീതം പഠിപ്പിക്കാറില്ളെന്ന്  കൂടി വ്യക്തമാക്കി നിരാശയോടെ ആ പടിയിറങ്ങും മുമ്പേ സാദിക്ക് തന്‍െറ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന്‍െറ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. മോഹം കൊണ്ട് കത്തുന്നവനെ തണുപ്പിക്കാന്‍ മഴ പോലും ശ്രമിക്കില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സാദിഖിനൊരു വിളിയത്തെി,  മാഷാണ്.
‘16 ന് വിദ്യാരംഭം ആണ് ഉള്ള അറിവ് വച്ചു വിദ്യാരംഭം കുറിച്ച് തരാം, തുടര്‍ന്ന് വിജയരാജന്‍ മാഷ് പഠിപ്പിക്കും. ഉടനെ ത്രിശൂരിലുള്ള പരിചയക്കാരനായ വക്കീലിന്‍െറ വീട്ടിലത്തെണം’ എന്ന് മാഷ് പറഞ്ഞതൊക്കെയും ചങ്കിടിപ്പോടെയാണ് സാദിക്ക് കേട്ടത്. സാദിഖിന്‍െറ തന്നെ ഭാഷയില്‍ പുലര്‍ച്ചെ ബൈപാസ് ശസ്ത്രക്രിയ ഉണ്ടെന്ന് അറിഞ്ഞ ഹൃദ്രോഗിയുടെ അവസ്ഥ.   ചെന്നു കയറുമ്പോള്‍ മാഷ് പൂമുഖത്തുണ്ട്. കടുത്ത നിറമുള്ള ഷര്‍ട്ട് ഇട്ടു ചെന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. വക്കീലിന്‍െറ വെള്ള ഷര്‍ട്ടും നല്‍കി വസ്ത്രം മാറി വരാന്‍ ആജ്ഞാപിച്ചു. 101 രൂപ ദക്ഷിണ വെച്ചപ്പോള്‍ 100 രൂപ എടുത്തു മാറ്റി ഒരു രൂപ മാത്രം ദക്ഷിണ മതിയെന്ന് മാഷ്. അങ്ങനെ ഒറ്റ രൂപയില്‍ സംഗീത പഠനത്തിനു തുടക്കം കുറിച്ചു. എല്ലാ ഞായറാഴ്ചകളിലും മാഷിന്‍െറ വീട്ടില്‍ സാദിഖ് എത്തുമായിരുന്നു . പിന്നെപ്പിന്നെ സാദിഖ് എത്താത്ത ദിവസങ്ങളില്‍ സാദിക്കിന്‍െറ വീട്ടിലേക്ക് മാഷിന്‍െറ ഫോണ്‍ വിളിയത്തെി തുടങ്ങി. അങ്ങനെ മുരടനെന്നു എല്ലാവരും ഭയപ്പെട്ടിരുന്ന മാഷിന്‍െറ സ്നേഹത്തണലില്‍  ഒരു നിഴല്‍ പോലെയായി സാദിഖിന്‍െറ ജീവിതം.

വിവാഹ ശേഷം മകന്‍ പിറന്ന സമയത്ത് കുറച്ചു കാലം മാഷിന്‍െറ വീട്ടിലത്തൊന്‍ ബുദ്ധിമുട്ടുണ്ടായി. അക്കാലത്ത് ഒരു ദിവസം സാദിഖിന്‍െറ മൊബൈലിലേക്ക് എറണാകുളം
കോഡിലുള്ള ഒരു വിളിയത്തെി . മറുപുറത്ത് മാഷായിരുന്നു ‘എനിക്കൊരു ശിഷ്യനുണ്ട്, സാദിഖ്. അവനൊരു കുഞ്ഞ് പിറന്നു. എനിക്കാ കുഞ്ഞിനെ കാണണം അതുകൊണ്ട് ഇവിടെയത്തെി' -എന്ന്  നിഷേധ സ്വരത്തിലൊരു ആവശ്യപ്പെടല്‍. കടല്‍ പേടിയാണ് മാഷിന്. അത് കൊണ്ട് കുഞ്ഞിനേയും കൊണ്ട് മാഷിനടുത്തത്തെി.
മാധ്യമം വാരാദ്യ പതിപ്പ്   21/5/12
ഉടനെ ഒരു തുണ്ടെടുത്ത് മാഷ് സാദിഖിന് കൈമാറി. പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും ഇടാവുന്ന ഓരോ പേരുകളാണ് അതില്‍. യാത്രക്കിടെ ഏതോ പുസ്തകശാലയില്‍ നിന്നു മുസ്ലിം പേരുകളുള്ള പുസ്തകം വാങ്ങിയെന്നും അതില്‍ നിന്നു കണ്ടത്തെിയതാണെന്നും മാഷ് വെളിപ്പെടുത്തി. സാദിഖിന്‍െറ വാപ്പയും ഉമ്മയും സമ്മതിക്കുകയാണെങ്കില്‍ ഈ പേരിടണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആവശ്യം. അങ്ങനെ മൂത്ത മകന്‍ തന്‍വീര്‍ ഖുറൈഷി, ദേവരാജന്‍ മാസ്റ്ററിന്‍െറ സുല്‍ത്താനായി. പിന്നീട് മകളുണ്ടായപ്പോള്‍ മാഷ് എഴുതി നല്‍കിയ പേര് തന്നെ ഇട്ടു- പര്‍വീന്‍ സുല്‍ത്താന. ഇരുവരും ഇപ്പോള്‍ യഥാക്രമം ഏഴിലും നാലിലും പഠിക്കുന്നു. ഭാര്യ ബല്‍ക്കീസ്.
ആറുവര്‍ഷം മുമ്പ് മാഷ് മരിക്കുന്നത് വരെ മാഷില്‍ നിന്നും സംഗീതം അഭ്യസിക്കാനായത്  ഭാഗ്യമെന്ന് സാദിഖ് കരുതുന്നു. പഠനം തുടങ്ങി അഞ്ചാം വര്‍ഷമാണ് അരങ്ങേറ്റം നടത്തിയത്. അതുവരെ വേദികളില്‍ പണം വാങ്ങി പാടാന്‍ പോകുന്നത് മാഷ് വിലക്കിയിരുന്നു. സംഗീത വഴിയിലെ മാഷിന്‍െറ 75 ാം വാര്‍ഷികാഘോഷത്തില്‍ കൊച്ചിയിലെ കായല്‍ക്കരയില്‍ സാദിഖ് മാഷിന് മുന്നില്‍ തന്നെ അരങ്ങേറി.  പിന്നീട്  ഇപ്പോള്‍ ഒരുപാട് വേദികളില്‍ സാദിഖിന്‍െറ മാസ്മര സംഗീതം ഒഴുകിയിറങ്ങുന്നു. മാഷോടുള്ള ആദരവ് നിമിത്തം രൂപം കൊടുത്ത ദേവതാരു  ഫൗണ്ടേഷന്‍ ഇപ്പോള്‍ ലോകമെങ്ങും അറിയപ്പെടുന്ന സംഗീത സംഘമാണ്. അദ്ദേഹത്തിന്‍െറ പേരില്‍ അവാര്‍ഡും നല്‍കി വരുന്നുണ്ട്. താജുദ്ദീന്‍ പ്രസിഡന്‍റും സുജിത് സെക്രട്ടറിയുമായ ഫൗണ്ടേഷനില്‍ 30 പേര്‍ ഇപ്പോഴുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമായി ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഗള്‍ഫ്‌ മാധ്യമം "ചെപ്പ്" പതിപ്പില്‍ വന്നത്
ഗള്‍ഫ്‌ മാധ്യമം "ചെപ്പ്" പതിപ്പില്‍ വന്നത്






























സ്വപ്നങ്ങള്‍ സ്വന്തമാക്കിയ ആ വ്യക്തിക്ക് അഭിനന്ദനങ്ങള്‍ നേരാം! മൊബൈല്‍ : 09895099008




5 അഭിപ്രായങ്ങൾ:

  1. നല്ല പാട്ടുകാരനെക്കുറിച്ചുള്ള നല്ല വാക്കുകള്‍ ...നന്നായി...പത്രത്തില്‍ വിജയരാജന്‍ മാസ്റ്ററുടെ പേര് മാറിപോയി ..ടിഎംഎസ്സായിരുന്നു അത് ......sumesh k balan

    മറുപടിഇല്ലാതാക്കൂ
  2. പുതിയ അറിവുകള്‍.
    നല്ല ഒരു കലാകാരനെ പരിചയപ്പെടുത്തി. അദ്ദേഹത്തിനും മാഷിനും ആശംസകള്‍ നേരുന്നു, ഒപ്പം എഴുത്തികാരിക്കും.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...