Saturday, September 22, 2012

പൂയ്‌, ചേട്ടോ....

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
''നാട്ടുകാര്‍ക്ക് മുഴുവന്‍ സ്വര്‍ണം വിക്കുന്ന ജോയ്‌ ആലുക്കാസിന്‍റെ മകളുടെ വിവാഹം ഇങ്ങനെയായിരുന്നു . കേരളത്തിലെ മുഴുവന്‍ പെമ്പിള്ളേരും കാണട്ടെ, ഷെയര്‍ ചെയ്യൂ ''---എന്ന അടിക്കുറിപ്പോടെ കുറച്ചു നാളായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍  പെമ്പിള്ളേരെ അടച്ചാക്ഷേപിക്കാന്‍ മാത്രമായി പോസ്റ്റ്‌ ചെയ്ത ഫോട്ടോ പറന്നു നടക്കുകയാണ്. ( ആ ഫോട്ടോ മുകളിലെ ഫോട്ടോയിലെ ആദ്യ ഭാഗത്ത്‌ ചേര്‍ത്തിരിക്കുന്നു)


ആനക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെ സ്വര്‍ണ ആഭരണങ്ങള്‍ അണിഞ്ഞ കല്യാണ പെണ്ണുങ്ങളുള്ള   കേരളത്തില്‍ , അങ്ങനൊരു പെണ്ണിനേം അവളെ കൊണ്ട് പോകാന്‍ ഒരു കാറും തരണേ എന്ന് രഹസ്യമായി പ്രാര്‍ഥിക്കുന്ന ചെട്ടന്മാരുള്ള   കേരളത്തില്‍ ജനിച്ചു വളര്‍ന്ന ആരോ ഒരുത്തനാണ് ഈ പ്രാവിനെ പറത്തി വിട്ടത്‌ എന്നൂഹിക്കാം.

  കുറ്റം പറയരുതല്ലോ!  അതിനൊരു മറുപടി പറയണം എന്ന് കരുതിയല്ല,  ഞാനൊരു പെണ്ണാണല്ലോ ദൈവമേ, എന്‍റെ കല്യാണം  ജോയ്‌ ആലുക്കാസ്‌ ചേട്ടന്‍റെ മകളെ പോലെ  നടക്കണേ എന്ന് ആഗ്രഹിക്കണോ വേണ്ടയോ എന്നറിയാത്തത് കൊണ്ടുള്ള കണ്ഫ്യൂഷനിലാണ് ഈ  പോസ്റ്റിടുന്നത്. ( ഞാനും മേരീടപ്പന്‍  ജോയ്‌ ചേട്ടനും ഒരേ നാട്ടുകാരാണ്. മോശാക്കരുതല്ലോ ! )

മകളായ മേരിയെ അണിയിച്ചൊരുക്കുന്ന മാതാപിതാക്കള്‍ , അപ്പന്‍ ജോയേട്ടന്‍ മേരീടെ കഴുത്തില്‍ കിടക്കുന്ന പാവം പിടിച്ച കനം  കുറഞ്ഞ  ആ വെള്ളക്കല്ല് മാല പിടിച്ചു നോക്കുന്നു..ഇതാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പാറി പറന്നു നടക്കുന്ന ഫോട്ടോ. കണ്ടു പടിക്കെടീ പെണ്ണുങ്ങളെ എന്ന് ആഹ്വാനം ചെയ്ത ആ കുസൃതിക്കാരന്‍റെ വാക്ക് കേട്ട് യൂ ട്യൂബില്‍ കേറി നോക്കിയപ്പോഴുണ്ട്, മേരീടെം ആന്‍റണീടേം ആല്‍ബം സോങ്ങ് കിടക്കുന്നു. കണ്ടേക്കാം, എളിയ രീതിയില്‍ നടത്തണമെങ്കില്‍ അതൊരു മോഡല്‍ ആക്കാമല്ലോ എന്ന് കരുതി കണ്ടപ്പോഴാണ് കഥ മനസിലായത്.

 പൂയ്‌, ചേട്ടോ....( ഇവിടെ പെണ്ണുങ്ങളെ ഉപദേശിക്കാന്‍  അടിക്കുറിപ്പ്  ചേര്‍ത്ത്  ഫോട്ടോ പ്രസിദ്ധീകരിച്ച ചേട്ടനെ തന്നെ/ ചേച്ചിയാണോ? ആരായാലും കൊള്ളാം , നിങ്ങളെ തന്നെയാ) ഉപദേശി കുപ്പായം അണിയുന്നതിനു  മുന്നേ ആ വീഡിയോ ഒന്ന് കാണണം ട്ടോ. കണ്ടില്ലേല്‍ ഈ ബ്ലോഗില്‍ അവസാനം ചേര്‍ത്തിട്ടുണ്ട്.  സയനോര ഇന്ഗ്ലീഷിലും മലയാളത്തിലും പാടി  വിദേശങ്ങളിലും സ്വദേശത്തും ചിത്രീകരിച്ച, ഒരസ്സല്‍  ബോളിവുഡ്‌ സിനിമ ഗാന ചിത്രീകരണത്തെ വെല്ലുന്ന ആ വീഡിയോ കണ്ടപ്പോള്‍ , സത്യത്തില്‍ എന്നെ അത് കാനാനിടയാക്കിയ ചേട്ടന് സ്തുതി പറഞ്ഞു പോയി..  സ്തുതി ,സ്തുതി ....

ഇനി അത് കണ്ട്, ''എനിക്കും നെറ്റിപ്പട്ടം വേണ്ട, പകരം കുറച്ചു കല്ല്‌ പതിച്ച ഒരൊറ്റ പീസ്‌ മാലയും, അതിനു ചേരുന്ന കമ്മലും മോതിരവും വളയും മാത്രം മതീ''ന്നെങ്ങാനും ഏതെങ്കിലും പെ ണ്ണ്പ റഞ്ഞു പോയാല്‍ , ഉപദേശി  പ്രാവിനെ പറത്തി വിട്ട ചേട്ടോ, നിങ്ങള്ക്ക് ആ പെണ്ണിന്‍റെ അപ്പന്റെം അമ്മേടേം പ്രാക്ക് കിട്ടും, ഉറപ്പാ.....

( ഇത് ജോയ്‌ ചേട്ടനോ, മേരിയോ , ആന്‍റണിയോ , മേരീടമ്മയോ വായിക്കുന്നുണ്ടെങ്കില്‍, എന്നോട് പൊറുക്കണം, മേരീടെ ഫോട്ടോ വച്ച് ഉപദേശിക്കുന്ന ഈ തെമ്മാടികളെ തെറി പറയാന്‍ നിങ്ങടെ കല്യാണ ആല്‍ബം പോസ്റ്റ് ചെയ്യേണ്ടി വന്നു, എന്‍റെ ദുരുദ്ദേശം മനസിലാക്കി അവരെ തെറി പറയാന്‍ നിങ്ങള്‍  എതിര് പറയരുത്)

പറഞ്ഞു വന്നത്, ബോളിവുഡ്‌ സിനിമ പോലെ ആയത് കൊണ്ട് ഓരോ സീനിലും പലതരം ഡിസൈനര്‍ വസ്ത്രങ്ങള്‍ , പല മോഡലിലുള്ള ആഭരണം, സഞ്ചരിക്കാന്‍ റോള്‍സ് റോയ്സ് കാറ്, ഇംഗ്ലീഷ് വിവാഹം പോലെ വിവാഹ തോഴിമാരും തോഴന്മാരും , മേശയുടെ വലിപ്പമുള്ള കേക്ക്,  സംഗീത ആല്‍ബം, മകള്‍ക്കും മരുമകനും മാത്രമായി തയ്യാറാക്കിയ പാട്ട്, വിദേശ ലോകെഷനുകളില്‍ ഷൂട്ട്‌.......എന്റമ്മോ!  ഈ കല്യാണം കണ്ടിട്ട് ആര്‍ക്കാ ഇത്ര സിമ്പിള്‍ ആയി തോന്നിയത്???

കൃസ്ത്യാനികള്‍ക്കിടയില്‍ കല്യാണ കെട്ടിന് വെള്ള ഗൌണ്‍ ധരിക്കുമ്പോള്‍ വെള്ള കല്ല്‌ പതിച്ച സിമ്പിള്‍ മാലയെ ധരിക്കൂ.... മൂപ്പരുടെ മോള്‍ക്ക്‌ കഴുത്തില്‍ ഇട്ടു കൊടുത്തിട്ടുള്ളത് നല്ല ഒന്നന്തരം വജ്രമാണ്. സാധാരണക്കാരന്‍ , അവരുടെ മകളെ ആയിരം രൂപയില്‍ ഒതുങ്ങുന്ന വെള്ളക്കല്ല് മാല ധരിപ്പിക്കും.... എന്തായാലും ഈ കല്യാണത്തിന്‍റെ വീഡിയോ മുഴുവന്‍ കണ്ട എനിക്ക് കൃത്യമായി പറയാം,  അവര്‍ അണിഞ്ഞ എല്ലാ സിമ്പിള്‍ മാലകളും ചേര്‍ത്ത് വച്ചാല്‍  നമുക്ക് ഒരു സ്വര്‍ണ കട തന്നെ വാങ്ങാം...!!കല്യാണ വിരുന്നിനു ചക്കപ്പുഴുക്കും കപ്പയില്‍ ചേര്‍ത്ത കോഴിയുടെ വെട്ടിക്കൂട്ടു കറിയും വിളമ്പുന്ന  ഒരുപാടു കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ഏതെങ്കിലും നെറ്റിപ്പട്ടം കണ്ട് എല്ലാവരും ആനയാണെന്നു മാത്രം പറയുന്നവര്‍ക്ക് കണ്ണില്‍ മത്ത കുത്തിയിട്ടിരിക്കുന്നുണ്ടോ, കണ്ണ് കാണാതിരിക്കാന്‍ ?

അല്ല, ഞാനൊന്ന് ചോദിച്ചോട്ടെ നാട്ടാരെ...ഇവിടെ  ഏതു പെങ്കിടാങ്ങളാ " എനിക്ക് ഇത്ര ആഭരണം തന്നാലെ കല്യാണത്തിന് സമ്മതിക്കൂ "" എന്ന് പറയുന്നവര്‍? ചെക്കന്‍റെ വീട്ടുകാര്‍ വരുന്നു, ഇത്ര ഇത്ര സ്വര്‍ണം , ഇത്ര ലക്ഷം പണം എന്നിവയൊക്കെ വേണമെന്ന് പറയുന്നു. കിട്ടിയില്ലേല്‍ കിട്ടുന്ന വേറെ പെണ്ണിനെ കെട്ടുന്നു. അപ്പോള്‍ വരും വേറെ കൊണഷ്ട്ട്ട്!  ''അമ്മായിഅമ്മമാരാണല്ലോ  സ്ത്രീധനം ചോദിക്കുന്നത്, അവരും പെണ്ണുങ്ങള്‍., നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ കേട് പെണ്ണുങ്ങള്‍ തന്നെയാ" എന്ന് .

ഇതങ്ങ്ട് കേക്കുമ്പോഴാ....എന്‍റെ ചേട്ടാ, നിങ്ങള്  '' കെട്ടുന്ന പെണ്ണിന് സ്ത്രീധനം വേണ്ട'' ,' അവള് ഇങ്ങനെ ആഭരണം അണിയണ്ട" ; സ്വന്തം വീട്ടുകാരോട് - " എനിക്ക് പെണ്ണിനെ മതി , സ്ത്രീധനം വേണ്ട, ചോദിച്ചു പോകരുത് " എന്നൊക്കെ പറയാന്‍ നാവില്ലേ?

ആണായാലും പെണ്ണായാലും അവരുടെ അപ്പനും അമ്മയും സമ്പാദിച്ച സ്വത്തിന്‍റെ പങ്കു ഒപ്പം കിട്ടാന്‍ അര്‍ഹതയുണ്ട്. എന്ന് കരുതി- കല്യാണം ഉറപ്പിക്കുന്ന ദിവസം ഇത്ര ലക്ഷം വേണം , ഇല്ലേല്‍ കല്യാണം നടക്കില്ല ' എന്ന് പറയാമോ? അങ്ങനെ പറയുന്നവര്‍ ധാരാളമുണ്ട്, സംശയം വേണ്ട. ഈ തുക കിട്ടിയിട്ട് വേണം ചെക്കന്റെ വീട്ടിലെ കല്യാണ ചെലവ് നോക്കാന്‍..... എന്ന് പറയുന്നവരും ധാരാളം .

അപ്പോള്‍ ഞാനാണേല്‍ പറയും" ആണായാല്‍ പോര, സ്വന്തം വീട്ടിലെ ചെലവ് നടത്താന്‍ പെണ്ണിന്‍റെ സ്ത്രീധന കാശോ സ്വത്തിന്‍റെ ഷെയര്‍ വിറ്റ തുകയോ വേണ്ടെന്നു പറയാന്‍ അന്തസ്സ് കൂടി വേണം" എന്ന്...

ഏതോ സിനിമയില്‍ കേട്ടത്  പോലെ, ''വീട്ടിലെ ഗ്യാസ് ആ വീട്ടിലെ മരുമകളെ മാത്രമേ വിഴുങ്ങൂ. മകളെ തൊടില്ല ."  സ്ത്രീധന കാശ്  വാങ്ങി വാടീ എന്ന് പറയുന്ന എത്രയോ വീട്ടുകാര്‍ ഉണ്ട്. എത്രയോ സ്ത്രീകള്‍ ആ പേരില്‍ മാത്രം ദുരിതം അനുഭവിക്കുന്നുണ്ട് .... ഇതൊന്നും കാണാതെ , ഉപദേശി വര്‍ത്തമാനം പറഞ്ഞാല്‍.... ചേട്ടാ ...നിങ്ങടെ നാവു പുഴുത്തു പോകും, പ്രാക്ക് തന്നെയാ.....
  പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര്... ആലുക്കാസ്‌,....ആലുക്കാസ്‌.....  എന്ന പാട്ട്   കേട്ട് വളര്‍ന്ന എന്‍റെ പ്രായത്തിലുള്ള എല്ലാ പെണ്ണുങ്ങളും കെട്ടാന്‍ കാലത്ത് സുന്ദരിയാകാന്‍ ആലുക്കാസില്‍ നിന്നുള്ള സ്വര്‍ണം വാങ്ങാന്‍ മോഹിച്ചിരുന്നു. ഇപ്പോള്‍ ഒരു ഫോട്ടോ കാണിച്ചിട്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ചേട്ടന്മാരും ചേച്ചിമാരും 'ഇത് പോലെ കണ്ടു പഠിക്ക്' എന്നാണ് ഈ വീഡിയോ കണ്ട ശേഷം പറയുന്നെങ്കില്‍ "സന്തോഷമായി....................""
Related Posts Plugin for WordPress, Blogger...

Facebook Plugin