2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ഹാലെ ലൂയ... ഹാലെ ലൂയ....

പ്രൈസ്  ദ  ലോര്‍ഡ്‌!
ഭക്ത ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്...ഈ ഹാളിന്റെ മുന്‍വശത്ത് പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തില്‍ ബെത് ലേഹം നാഥയുടെ എണ്ണ നല്‍കുന്നുണ്ട്. ഒരു കുപ്പിക്ക്‌ വെറും എഴുപത്തഞ്ചു രൂപ മാത്രമാണ് നല്‍കേണ്ടി വരുന്നത് . ഈസോയുടെ അമ്മയുടെ പ്രത്യേക മാധ്യസ്ഥം കൊണ്ട്  അത്ഭുത രോഗ ശാന്തി നല്‍കുന്ന എണ്ണ  വീട്ടില്‍ സൂക്ഷിക്കുന്നത് വഴി നിങ്ങള്‍ക്കേവര്‍ക്കും അമ്മയുടെ അനുഗ്രാഹാശിസ്സുകള്‍  വര്‍ഷിക്കുമാറാകട്ടെ!
********
എടിയേ ....കുപ്പി നിറച്ചു കഴിഞ്ഞോ? ധ്യാനഗുരുവിനെ നേരിട്ട് ചെന്ന് കണ്ടതിനു ഫലമുണ്ടായിട്ടോ ഡീ... നമ്മളിനി ലക്ഷപ്രഭുക്കളാകും... നീ നോക്കിക്കോ...ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് അറുപതു രൂപ .
25 മില്ലിയുടെ പ്ലാസ്റ്റിക് കുപ്പിയേല്‍ കര്‍ത്താവിന്റെ ചിത്രം ചേര്‍ക്കാന്‍  കുപ്പിയടക്കം വില രണ്ടു രൂപ. ആ കുപ്പിയേല്‍ വെളിച്ചെണ്ണ നിറച്ചാല്‍ ...ആഹാ....എഴുപത്തഞ്ചു രൂപ...ഇതിന്റെ ഒരു വിഹിതം ധ്യാന കേന്ദ്രത്തിനു കൊടുത്താലും......എടിയേ ....
   പ്രൈസ് ദ ലോര്‍ഡ്‌!
_____________________________________________________________
പ്രൈസ്  ദ  ലോര്‍ഡ്‌! 

നട്ടെല്ലിനു വേദനയുള്ള മേരിയുടെ നട്ടെല്ല് വേദന കര്‍ത്താവ്‌ മാറ്റി കൊടുക്കുന്നു...
പ്രൈസ്  ദ  ലോര്‍ഡ്‌! കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന അഞ്ചു ദമ്പതികള്‍ക്ക് കര്‍ത്താവു പുതിയ തലമുറയെ നല്‍കി അനുഗ്രഹിക്കുന്നു.. ഉറക്കെ സ്തുതിക്കാം  ..പ്രൈസ്  ദ  ലോര്‍ഡ്‌! കോട്ടപ്പുറത്ത് നിന്നും വന്ന ജോയിയുടെ മൂലക്കുരു കര്‍ത്താവ്‌ കൈ തൊട്ടു സുഖ പ്പെടുത്തു ന്നു...  പാവറട്ടിയില്‍ നിന്ന് വന്ന അന്തപ്പന്റെ തണ്ടല് വേദനയും കര്‍ത്താവു മാറ്റുന്നു...
വര്‍ഷങ്ങളായി ബെല്‍റ്റ്‌ ധരിച്ചു നടന്ന സഹോദരന്റെ വേദന കര്‍ത്താവ്‌ എടുത്തു കളയുന്നു...
ദൈവത്തിനു സ്തോത്രം!
സ്തുതി...തുതി...തി...തി...തി..തി..തി...ഉച്ചത്തില്‍.....ഹാലെ ലൂയ... ഹാലെ ലൂയ....ലാള്റ് 
ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് .........റ് ..റ് ...റ് ....ശ്...സു....ശു.....ശ് .....ശ്..... സ്ത്രോത്രം സ്തോത്രം,.....
****************
ധ്യാന ഗുരുവിന്റെ സഹായികള്‍ : പത്തയ്യായിരം പേര്‍ ഇവിടെ വന്നിട്ടുണ്ട്. ഇതിലെത്ര മേരി കാണും..കുഞ്ഞുങ്ങളില്ലാത്ത എത്രയോ ദമ്പതികള്‍... എന്തായാലും പ്രാര്‍ഥനാ സഹായം ആവശ്യപ്പെട്ട്‌  കടലാസ്സ്‌ പെട്ടി യിലി ടാന്‍  ധ്യാന ഗുരു പറഞ്ഞത് കലക്കി . മിക്കവരും  പേരും ഊരുമെഴുതിയ കടലാസ്സ്‌ ഇട്ടേ... അത്ഭുത രോഗശാന്തിയില്‍ ആളുകളുടെ പേര് പറയാന്‍ പട്ടിക തന്നെ കിട്ടി !! 
  
___________________________________________________________________

മോചനോല്സവം വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ എന്റെ കണ്ണ് വേദന മാറി. ഇപ്പോള്‍ കണ്ണടയേ  ആവശ്യമില്ല  ( ഒരു വായനാക്കാരി)

* അത് പോലും ഇപ്പോള്‍ ഉപയോഗിക്കാന്‍ പറ്റാതെ കണ്ണ് കുരുടിയായി.
______________________________________________________________________
പട്ടിക്കാംപറമ്പിലച്ചന്റെ  ധ്യാനം കൂടിയെപ്പിന്നെയാ എനിക്ക്  ഭാഷാവരം കിട്ടിയത്. ഇത് കേട്ടോ... "
ഹാലെ ലൂയ... ഹാലെ ലൂയ....ലാള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ്........

* ഇനി ഇനി സെന്റര്‍ ഫ്രെഷിന്റെ പരസ്യത്തിലെ നാവിലെല്ലില്ലാത്തയാളോട്  മല്‍സരിപ്പിക്കാന്‍  ആളായി. 
_______________________________________________________________________

വാര്‍ത്ത (എബി തോമസ്‌ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വായിക്കൂ )
********(അദ്ഭുത രോഗശാന്തി ധ്യാനങ്ങളുടെ പേരില്‍ വ്യാജ സുഖം പ്രാപിക്കലും സാക്ഷ്യങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സീറോ മലബാര്‍ സഭാനേതൃത്വം തീരുമാനിച്ചു. അദ്ഭുത രോഗശാന്തിയെന്ന തരത്തില്‍ പ്രചാരണവും പരസ്യങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് ഇതിന് കടിഞ്ഞാണിടാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി നവംബര്‍ നാലിന് സീറോ മലബാര്‍ സഭക്ക് കീഴിലുള്ള ധ്യാന കേന്ദ്രം ഡയറക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.)

ഒച്ചപ്പാടിന് പറയാനുള്ളത്....
സഭാനേതൃത്വത്തിനു അഭിനന്ദങ്ങള്‍ !! 
ഒച്ചപ്പാട് ഒന്നാം ക്ലാസില്‍ പടിക്കുമ്പോഴാണെന്നു  തോന്നുന്നു....മോണോ ആക്ട്‌ നടത്താന്‍ പള്ളിക്കമ്മിറ്റി  തെരഞ്ഞെടുത്തു തന്ന വിഷയം "പന്തക്കുസ്തക്കാരുടെ കവല പ്രസംഗം" ആണ്. വെള്ളക്കുപ്പായം ധരിച്ചെത്തി കവലകളില്‍ കൈകൊട്ടി പാടി  കര്‍ത്താവിനെ സുവിശേഷിക്കുന്ന ആ കുസ്ഥക്കാരെ അധി ക്ഷേപിക്കുന്ന  എകാഭി നയം  അര്‍ഥം പോലും അറിയാതെ അരങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ പള്ളിയിലച്ചന്‍ വരെ കയ്യടിച്ച ഒരു കാലം.

പിന്നെ, അഞ്ചാം ക്ലാസിലെത്തി യപ്പോഴേക്കും...മോണോ ആക്ട്‌ നടത്തിയ അതെ സ്കൂളിലെ അതെ വേദിയില്‍ ധ്യനങ്ങള്‍ കരിഷ്മ പൊഴിച്ച് ശബ്ദഘോഷമുണ്ടാക്കി. 
 സ്കൂള്‍ മൈതാനിയിലെ   മണലില്‍  വീടുകള്‍ തീര്‍ക്കാന്‍ പറ്റുന്നതിലും  പിയാനോ അകമ്പടിയായുള്ള  പാട്ടുകള്‍ കേള്‍ക്കുന്നതിലും രസം ഉച്ചക്ക് കിട്ടുന്ന  ബ്രെഡ്‌ തിന്നാനാണ്. 

ഇപ്പോഴിതാ ....കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് സഭാ ചട്ടങ്ങള്‍ മറികടന്ന് വന്‍തോതില്‍ മാര്‍ക്കറ്റിങ് ടെക്നിക്കുകള്‍ ഉപയോഗിക്കുന്നതായി സഭ നേതൃത്വം തന്നെ കണ്ടെത്തിയിരിക്കുന്നു. യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് രോഗശാന്തിയെന്ന നിലയിലേക്ക് മാത്രം ഇത്തരം ധ്യാനങ്ങള്‍ മാറുന്നതായും ബോധ്യപ്പെട്ടെന്നാണ്  കഴിഞ്ഞ ദിവസം കെ സി ബി സി യില്‍ നടന്ന സമിതി യോഗം വിലയിരുത്തിയത്. ആത്മീയതക്കപ്പുറം ധനസമ്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ധ്യാനങ്ങളെ വേദിയാക്കുന്നതായും ആ യോഗത്തില്‍ ആരോപണം ഉയര്‍ന്നു. അതിനാല്‍ ഇത്തരം നടപടികള്‍ നിരുല്‍സാഹപ്പെടുത്താനാണ് സഭാ  തീരുമാനം.ഒപ്പം 
അനാവശ്യപ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സഭയുടെ കീഴിലുള്ള 63 ഓളം ധ്യാന കേന്ദ്രം ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. . ധ്യാനകേന്ദ്രങ്ങളിലൂടെ  അബദ്ധ വിശ്വാസങ്ങള്‍ സഭാസമൂഹത്തിനിടയില്‍ പ്രചരിപ്പിക്കാന്‍  ധ്യാനകേന്ദ്ര ങ്ങള്‍ ഇടയാക്കുന്നുവെന്നും ഇതിന്റെ മറവില്‍ മറ്റുപല സഭകളും ധ്യാനങ്ങള്‍ സംഘടിപ്പിച്ച് വിശ്വാസികളെ ചൂഷണം ചെയ്യുന്നതായും സഭക്ക് മനസിലായത്രേ!

പക്ഷെ, ഒച്ചപ്പടുകാരിക്ക് ഒരൊറ്റ സംശയമേ ഉള്ളൂ ... ഇതൊക്കെ മാര്‍ക്കറ്റിംഗ്  നടത്താന്‍ പുസ്തകവും ടി വി ചാനലും  വെബ്‌ സൈറ്റും  ആരംഭിച്ചത് ഇപ്പോഴല്ല. എന്നിട്ട് ഇപ്പോഴാണോ സഭക്ക് മനസിലായത്?  അതോ ഔദ്യോഗിക ധ്യാന കേന്ദ്രങ്ങള്‍  നല്‍കുന്ന പണത്തിന്റെ പങ്കു പോലെ മറ്റു ചില സഭകള്‍ , ചില ധ്യാന കേന്ദ്രങ്ങള്‍ പണം നല്‍കാത്തത് കൊണ്ടോ സഭയുടെ കീഴില്‍ നില്‍ക്കാത്തത് കൊണ്ടോ ആണോ  ഇപ്പോള്‍ ഈ വെളിപാട്‌ ??


അറിയില്ല..... എന്തായാലും 
പ്രൈസ്  ദ  ലോര്‍ഡ്‌! !!!

19 അഭിപ്രായങ്ങൾ:

  1. കടുകുമണിയോളം വിശ്വാസം സഭാമെലധികാരികല്ക്കെങ്കിലുമുണ്ടെങ്കില്‍ !!

    മറുപടിഇല്ലാതാക്കൂ
  2. രോഗശാന്തി, കരിസ്മാറ്റിക്, ധ്യാനം എന്നൊക്ക് കേൾക്കുമ്പോഴെ കെട്ടും പെറുക്കി പോകുന്നത് മുഴുവനും സ്ത്രീജനങ്ങളാണ്‌. തങ്കു ബ്രദർ പറഞ്ഞതുകൊണ്ട് കഴുത്തിൽ കിടന്ന സ്വർണ്ണ മാല ഊരി ‘കാഴ്ചവസ്തു’ ആയി കൊടുത്ത ഒരു പെമ്പ്രന്നോരെ എനിക്കറിയാം. ആണുങ്ങൾക്ക് മനശ്ശാന്തിക്കും രോഗശമനത്തിനും ബീവറേജസ് ഉള്ളതുകൊണ്ടാണോ, അവരുടെ വല്യ തള്ളൽ കാണാറില്ല.

    മറുപടിഇല്ലാതാക്കൂ
  3. Parangatte oru karyavumilla...... ethokke continue cheythukonde erikkum.... as long as people have problems these faith healers will take advantage of them.

    മറുപടിഇല്ലാതാക്കൂ
  4. ഫാദര്‍ സനില്‍ ചിറക്കല്‍ ......സഭ പറഞ്ഞതില്‍ തെറ്റുണ്ട് എന്നല്ലല്ലോ അതില്‍ എഴുതിയിട്ടുള്ളത്...അല്ലെ? പക്ഷെ, ഒച്ചപ്പടുകാരിക്ക് ഒരൊറ്റ സംശയമേ ഉള്ളൂ ... ഇതൊക്കെ മാര്‍ക്കറ്റിംഗ് നടത്താന്‍ പുസ്തകവും ടി വി ചാനലും വെബ്‌ സൈറ്റും ആരംഭിച്ചത് ഇപ്പോഴല്ല. എന്നിട്ട് ഇപ്പോഴാണോ സഭക്ക് മനസിലായത്? അതോ ഔദ്യോഗിക ധ്യാന കേന്ദ്രങ്ങള്‍ നല്‍കുന്ന പണത്തിന്റെ പങ്കു പോലെ മറ്റു ചില സഭകള്‍ , ചില ധ്യാന കേന്ദ്രങ്ങള്‍ പണം നല്‍കാത്തത് കൊണ്ടോ സഭയുടെ കീഴില്‍ നില്‍ക്കാത്തത് കൊണ്ടോ ആണോ ഇപ്പോള്‍ ഈ വെളിപാട്‌ ??


    ബ്രദര്‍ തമ്പുവും ദേവസ്യ മുല്ലക്കര സാറും ആളെ പറ്റിച്ചു പറ്റിച്ച് നമുക്കെല്ലവരെയും സംശയമാ...... ദേ ഈ ലിങ്ക കാണൂ.... http://www.ochappaad.blogspot.in/2012/08/blog-post_4.html ഇതിലെ വീഡിയോ കാണൂ


    പിന്നെ, പണ്ട്, പെന്തോക്കുസ്തക്കാരെ കണ്ടാല്‍ ചൂട് വെള്ളം ഒഴിച്ച് ഓടിക്കണം എന്നാണു ആര്‍ സി ക്കാരെ സഭ പഠിപ്പിച്ചിരുന്നത്. അവരുടെ കൈകൊട്ടി പാടലുകളെ കാണിച്ചിട്ട്, നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിശബ്ദരായി പ്രാര്‍ഥിക്കുക എന്ന് പഠിപ്പിച്ച അതെ സഭ പിന്നീട് നിങ്ങള്‍ കിന്നരങ്ങളും മണി വീണകളുമായി ആര്‍പ്പ്ഘോഷങ്ങളോടെ പ്രാര്‍ ഥിപ്പിന്‍ എന്ന വചനം അതെ ബൈബിള്‍ കാണിച്ചു പഠിപ്പിക്കാന്‍ തുടങ്ങി. ഒരു കാലത്തെ തെറ്റ് മറ്റൊരു കാലത്തെ ശരിയും, ഒരു കാലത്തെ ശരി മറ്റൊരു കാലത്തെ തെറ്റുമാകുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അച്ചോ...... അതെനിക്കിട്ടൊന്നു തന്നതാണല്ലേ.... ശരിക്കും കയ്യടിക്കു വേണ്ടിയാണോ സഭ ഇങ്ങനെ ഒന്നിറക്കിയത്? സഭ അങ്ങനെയാണെങ്കില്‍ ഞാനും അങ്ങനെയാണ് . സഭ അങ്ങനെയല്ലെങ്കില്‍ ഞാനും അങ്ങനെയല്ല. കാടടച്ചു പറഞ്ഞില്ല. എന്തിനെ കുറിച്ച്, ധ്യാനത്തെ കുറിച്ച് .. മഹാ മുനിമാരും മഹര്‍ഷിമാരും ധ്യാനം എന്നാ പ്രക്രിയയിലൂടെ മനസിനെയും മറ്റുള്ളവരെയും വിമലീകരിച്ച പാരമ്പര്യമുള്ള നാടാണ് ഭാരതം.

      അത് കൊണ്ട് ധ്യാനത്തെ കുറിച്ച് ഞാന്‍ കുറ്റം പറയില്ല. എന്നാല്‍....., അതിന്റെ പേരില്‍, അച്ചോ, ഇതേ കള്ള നാണയങ്ങള്‍ കൂടുതല്‍ ഉള്ള ധ്യാന കേന്ദ്രങ്ങളില്‍ നടക്കുന്ന കച്ചവടങ്ങളും നിയമ വിരുദ്ധമായ മരുന്ന് പരീക്ഷണങ്ങളും വ്യഭിചാരവും അന്ധ വിശ്വാസ പ്രചാരണവും, വിദേശ ഫണ്ട്‌ സ്വരൂപിക്കുന്നതും അതൊക്കെ ഉപയോഗിച്ച് വ്യക്തി ഗത നേട്ടം നടത്തുന്നതും , അച്ചോ എന്നെ കൊണ്ട് പറയിപ്പിച്ചു എനിക്ക് മഹരോന്‍ വാങ്ങി തരാമെന്നു ആര്‍ക്കേലും വാക്ക് കൊടുത്തോ?

      എനിക്കത് പേടിയില്ല. കര്‍ത്താവീശോ മിശിഹായെ വരെ ഇതേ പുരോഹിതന്മാരാ കൊന്നു തൂക്കിയത്.

      ഇല്ലാതാക്കൂ
    2. അത്യാവശ്യം കാര്യങ്ങള്‍ തെളിവോടെ തന്നെ ...ദേ ഈ ലിങ്കോന്നു കണ്ടാട്ടെ....https://www.facebook.com/photo.php?fbid=1858666663070&set=a.2785633996674.139893.1133001571&type=3&theater

      (ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ളതെന്ന് അവകാശപ്പെടുന്ന കോട്ടയത്തെ 'ആത്മതാ' കേന്ദ്രത്തിലാണ് അധാര്‍മികമായ മരുന്നുപരീക്ഷണം നടന്നത്. മുംബൈ കേന്ദ്രമായ തൈറോകെയര്‍ ടെക്‌നോളജിക്കല്‍സിനുവേണ്ടി കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹകരണത്തോടെ നടത്തിയ പഠന റിപ്പോര്‍ട്ട് ആത്മതയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.) ഈ പുരോഹിതനെ എന്ത് ചെയ്തു ??? എന്താണ് ചെയ്യേണ്ടത്??? തമ്പുവോ ദേവസ്യ മുല്ലക്കരയോ പോട്ടെ....ആത്മത കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കൊച്ചിലേച്ചംകാലം അച്ചനെ സഭ എന്ത് ചെയ്തു??
      .

      ഇല്ലാതാക്കൂ
  5. എല്ലാ രോഗ ശാന്തികളും സത്യമാണെങ്കില്‍ നമ്മുടെ ആശുപത്രികള്‍ മൊത്തം അടച്ചിട്ടിട്ട് ധ്യാന കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ പോരെ. മോച്ചനോല്സവത്തില്‍ നട്ടാല്‍ കുരുക്കാത്ത നുണകള്‍ എഴുതുന്നതിനു മുന്‍പ് അതൊക്കെ ഒന്ന് verify ചെയ്യേണ്ടിയത് അല്ലെ? മുട്ടില്‍ വെച്ച് മുറിഞ്ഞുപോയ കൈ ഒറ്റ ദിവസത്തെ പ്രാര്‍ത്ഥനയുടെ ഫലമായി കിളിര്‍ത്തു വന്നു എന്നൊക്കെ എഴുതിയാല്‍ എങ്ങനെ ആണ് വിശ്വസിക്കുക? ധ്യാന ഗുരുക്കന്മാര്‍ എല്ലാവരും തന്നെ വെള്ളെഴുത്ത് കണ്ണടകള്‍ എന്തിനു ഉപയോഗിക്കുന്നു? അത്രക്കും നിസാര രോഗം പോലും മാറ്റാന്‍ പറ്റാത്തവര്‍ എന്തിനു വലിയ രോഗങ്ങള്‍ മാറ്റുമെന്ന് പറയുന്നു? സ്ത്രോത്ര കാഴ്ച എന്ന പേരില്‍ പണം എന്തിനു വാങ്ങുന്നു? അമേരിക്ക, യുറോപ്പ് മുതലായ സമ്പന്ന രാജ്യങ്ങളില്‍ അല്ലാതെ ആഫ്രിക്ക, വടക്കേ ഇന്ത്യ എന്നിവിടങ്ങളിലുള്ള ആല്മാവുകള്‍ക്ക് യാതൊരു വിലയും ഇല്ലേ? ഇങ്ങനെ ശേഖരിക്കുന്ന പണം എന്ത് ചെയ്യുന്നു? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ക്ക് ധ്യാന ഗുരുക്കന്മാരില്‍ നിന്നും ഉത്തരം കിട്ടെണ്ടിയത് ഉണ്ട്. എളുപ്പത്തില്‍ പണം ഉണ്ടാക്കാം എന്ന സംഗതി ഉള്ളതിനാല്‍ KCBC അല്ല മാര്‍പാപ വിചാരിച്ചാല്‍ പോലും ധ്യാന പ്രസംഗകരുടെ സ്പ്രിങ്ങില്‍ ചവുട്ടിയുള്ള കലാ പരിപാടികള്‍ നിറുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ ഫാദര്‍ സനില്‍ ,
    ധ്യാന ഗുരുക്കള്‍ പറയുന്ന കള്ളങ്ങള്‍ കേട്ടിട്ട് വാ പൊളിച്ച് ഇരുന്നിട്ടുണ്ട് ഞാന്‍ . വിമാനത്തില്‍ സഞ്ചരിച്ച്ചുകൊണ്ടിരിക്കെ നിയന്ത്രണം വിട്ട വിമാനം ആടിയുലഞ്ഞപ്പോള്‍ അതിലെ ഒരു യാത്രകാരനായിരുന്ന ധ്യാനഗുരു അച്ഛന്റെ കൂട്ട പ്രാര്‍ഥനയുടെ ഫലമായി വിമാനം സുരക്ഷിതമായി നിലത്തിറക്കിയ 'സംഭവം' ധ്യാനഗുരു വിവരിച്ചത് കേട്ട് നൂറുകണക്കിന് ആളുകളാണ് 'പ്രേസ് ദ ലോര്‍ഡ്‌ ' എന്ന് അലറിയത് . അങ്കമാലിയിലാണ് ഈ ധ്യാനം നടന്നത്.
    ധ്യാനം കഴിഞ്ഞു ചുമ്മാ തമാശ പറഞ്ഞുനിന്ന കൂട്ടത്തില്‍ ധ്യാനഗുരുവിനോട് ' ഏതായിരുന്നു എയര്‍ ലൈന്‍ , എവിടെയാണ് വിമാനം ഇറക്കിയത്' എന്ന് ചോദിച്ചപ്പോള്‍ ബ ബ ബ...
    പോട്ടയില്‍ ധ്യാനം കൂടി മനോനില തെറ്റിയ ഒരു ചെറുപ്പക്കാരന്‍ എന്റെ നാട്ടിലുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു കൌണ്‍സിലര്‍ കൌണ്സിലിംഗ് നടത്തിയതാണ്. ഒരിക്കല്‍ വിട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി പോട്ടയില്‍ ഒരാഴ്ചത്തെ ധ്യാനം കൂടാന്‍ എനിക്കും 'ഭാഗ്യ'മുണ്ടായി. രണ്ടു ദിവസം സഹിച്ചു. പ്രാര്‍ത്ഥന മൂത്ത് ഹിസ്ടീരിയ ബാധിച്ച ഒരുചങ്ങാതി അടുത്ത് നിന്ന് ''ള ള ള ള ള ഹ ഹ ഹാ .........'' ഏന് വലിയവായില്‍ വിളിച്ചു കൂവിയപ്പോള്‍ അടുത്തുവന്ന ധ്യാനഗുരു പറഞ്ഞു '' പ്രേസ് ദ ലോര്‍ഡ്‌ ..ഈ സഹോദരന് ഭാഷാവരം ലഭിച്ചിരിക്കുന്നു. ഇയാള്‍ ഇപ്പോള്‍ സംസാരിക്കുന്നത് ഇറ്റാലിയന്‍ ഭാഷയാകുന്നു.'' അന്ന് ഞാന്‍ അവിടെനിന്നു ഓടി രക്ഷപെട്ടതാണ്. വാളെടുത്തു തുള്ളുന്ന വെളിച്ചപാടിനും ഹലെലുയ അട്ടഹസിക്കുന്ന ധ്യാന 'ഇര'കള്‍ക്കും മാനസിക തലത്തില്‍ സംഭവിക്കുന്നത് ഒരേ കാര്യമാണെന്ന് നിങ്ങള്‍ക്ക് അറിയാം, എന്നിട്ടും അജ്ഞത നടിക്കുന്നു.
    പിന്നെ രോഗശാന്തി... പ്രാര്‍ത്ഥനകൊണ്ട് അപകടത്തില്‍ മുറിഞ്ഞുപോയ കയ്യോ കാലോ വളര്ന്നുവന്നതായി ആരും കണ്ടിട്ടില്ല. പ്രാര്‍ത്ഥിക്കുമ്പോള്‍ എങ്ങനെ രോഗശാന്തി ലഭിക്കുന്നു എന്നറിയാന്‍ ബി ബി സി ഹോരൈസന്‍ പ്രക്ഷേപണം ചെയ്ത '' End of God- A guide to science and religion '' എന്ന ഡൊക്യുമെന്ടരി ഇന്‍റര്‍നെറ്റില്‍ കിടപ്പുണ്ട്. സമയം കിട്ടുമ്പോള്‍ എല്ലാ മുന്‍വിധികളും മാറ്റിവച്ച് കണ്ടുനോക്കുക. നിങ്ങള്‍ മാത്രമാണ് ഇരുട്ടില്‍ തപ്പുന്നത്..ജനങ്ങള്‍ പതിയെ വെളിച്ചം കണ്ടുതുടങ്ങിയെന്ന സത്യം ഇനിയെങ്കിലും മനസ്സിലാക്കുക

    മറുപടിഇല്ലാതാക്കൂ
  7. എല്ലാ കാര്യങ്ങളിലും ഏറെ ശരിയും കുറെ തെറ്റുകളും സംഭവിക്കാറുണ്ട്. കത്തോലിക്ക സഭയിലും ഇതു ബാധകമാണ്. ചില ധ്യാന ഗുരുക്കന്മാര്‍ ജനങ്ങളെ കയ്യിലെടുക്കുവാന്‍ വേണ്ടി അമിതമായ ഭക്താഭ്യാസങ്ങള്‍ നടത്തുന്നുണ്ട്. വൈകിയെങ്കിലും സഭ അത് തിരിച്ചറിഞ്ഞത് നന്ന്‍. എന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍, ധ്യാനങ്ങള്‍ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് തകര്‍ന്നുപോയ ആയിരങ്ങളെ കരകയറ്റിയിട്ടുണ്ട്. ആത്മഹത്യയുടെ വക്കിലെത്തിയ നൂറുകണക്കിനാളുകളെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോള്‍ ഫേസ്ബുക്കിന്‍റെ വരവോടെ കുറെ വെളിച്ചപ്പാടുകളും ഒച്ചപ്പാടുകളും രംഗപ്രവേശം ചെയ്തിട്ടുണ്ട്. നാട്ടുകാരെ ആകര്‍ഷിക്കാന്‍ ചിലര്‍ മേനി പ്രദര്‍ശനം നടത്തുമ്പോള്‍ മറ്റു ചിലര്‍ ഇങ്ങനെ ആള്‍ക്കാരെ പലതട്ടിലാക്കി കയ്യടി നേടാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ നൂറുകണക്കിന് സബ്സ്ക്രൈബര്‍സിന്‍റെയും ഫോളോവേഴ്സിന്‍റെയും ഇടയില്‍ കിടന്നിങ്ങനെ ഞെരിപിരി കൊള്ളുന്ന "അഭിനവ മാധ്യമപ്രവര്‍ത്തകര്‍" പുതിയ വെളിച്ചപ്പടുകളായി രംഗപ്രവേശം ചെയ്ത് തങ്ങളുടെ ഫോളോവേഴ്സിനെ തീറ്റിപോറ്റുന്നു.ഇതൊരുതരം Megalomania ആണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ''Megalomania is a psycho-pathological condition characterized by delusional fantasies of power, relevance, or omnipotence."" എന്ന് ...ല്ലേ??


      Davidson Karakkad "ഇപ്പോള്‍ നൂറുകണക്കിന് സബ്സ്ക്രൈബര്‍സിന്‍റെയും ഫോളോവേഴ്സിന്‍റെയും ഇടയില്‍ കിടന്നിങ്ങനെ ഞെരിപിരി കൊള്ളുന്ന "അഭിനവ മാധ്യമപ്രവര്‍ത്തകര്‍""" എന്ന് എന്നെയാണോ ഉദ്ദേശിച്ചത്/??
      എങ്കില്‍ രണ്ടു കാര്യങ്ങള്‍ സാന്ദര്‍ഭികമായി പറയട്ടെ...

      എനിക്ക് നൂറു കണക്കിനല്ലാ , പതിനായിരക്കണക്കിനു സബ്സ്ക്രൈബെഴ്സ്‌ ഉണ്ട്. ഇനി ഫേസ്ബുക്ക്‌ വിട്ടാല്‍ പത്രത്തില്‍ ആണെങ്കില്‍ എനിക്ക് ലക്ഷക്കണക്കിന് വായനാക്കാര്‍ ഉണ്ട്. ഇവരോട് ആരോടും നമ്മള്‍ 'ചേട്ടാ, ചേച്ചീ...എന്നെ സബ്സ്ക്രൈബ് ചെയ്യണേ എന്ന് പറഞ്ഞിട്ടല്ല, സബ്സ്ക്രൈബ് ചെയ്തത് ട്ടോ.

      രണ്ടാമത്തെ കാര്യം. ഒരു കാര്യം നമ്മള്‍ പോസ്റ്റ്‌ ചെയ്‌താല്‍ അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. അതായത് ഒരു കാര്യം ( സത്യം അതാനെന്കിലും ) പറഞ്ഞാല്‍ അതിഷ്ട്ടപെടാത്തവര്‍ പ്രതികൂലിക്കും. എന്നിട്ട് പോസ്റ്റ്‌ ചെയ്തയാളെ കുറ്റം പറയും. സ്വാഭാവികമാണ്.

      ഇല്ലാതാക്കൂ
  8. സഭവും ഒരു കണക്കിന്നു നോക്കിയാൽ ഈ തട്ടിപ്പു അല്ലെ നടത്തുന്നതു ? 

    മറുപടിഇല്ലാതാക്കൂ
  9. സത്യത്തിന്റെ കൂടെനിൽക്കാൻ എന്നും ജിഷയ്ക്ക് കരുത്തുണ്ടാവട്ടെ! ഈ ആധുനിക നൂറ്റാണ്ടിലും ഇതിനൊക്കെ ആളെകിട്ടുമ്പോൾ അവരെയാണ് ആദ്യം തല്ലേണ്ടത്. പ്രാർത്ഥിച്ചിട്ട് ഏതെങ്കിലും ഒരു രോഗം മാറ്റിതന്നാൽ, ഈ ഫാദര്‍ സനില്‍ അച്ചാ‍യന് ഒരു കോടി രൂപ ഞങ്ങളുടെ സംഘടന കൊടുക്കും. വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  10. തിരുസഭ ഇതെത്ര കണ്ടിരിക്കുന്നു.
    കുഞ്ഞാടുകളെന്ന പ്രയോഗം ആരു കൊണ്ടുവന്നതാണാവോ!
    അര്‍ത്ഥപൂര്‍ണ്ണമായ പ്രയോഗം !!
    ഒച്ചപ്പാട് കേള്‍ക്കുന്നത് കുറച്ചുകാലം കൂടിയാണ് !

    മറുപടിഇല്ലാതാക്കൂ
  11. <<>>>
    ജിഷാ ഈ പ്രതികരണത്തിന് നന്ദി ! കാരണം മഹാനായ പ്രതികരണക്കാരന്‍ ഞങ്ങള്‍ വായനക്കാരേക്കൂടിയാണ് അപമാനിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...