Copyright

2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

വയോജന ദിനം സ്പെഷല്‍

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
സംസ്ഥാന വയോജന നയത്തില്‍ ഭേദഗതികള്‍ വരുത്തുന്നു. കേരളപ്പിറവി ദിനത്തില്‍ പുതിയ നയം നിലവില്‍ വരും. സംസ്ഥാന വയോജന നയം എന്നതിനു പകരം മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള സംസ്ഥാന നയം എന്ന പേരുമാറ്റത്തോടെയാണ് ഇത് നിലവില്‍ വരിക.

 മുതിര്‍ന്ന സ്ത്രികള്‍ക്കും ഗ്രാമീണ ജനങ്ങള്‍ക്കും നയത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും. സാങ്കേതിക വിദ്യയുടെ മുന്നോട്ടുള്ള കുതിപ്പ്, മുതിര്‍ന്നവര്‍ക്കുള്ള പെന്‍ഷന്‍, സൂക്ഷ്മതല വായ്പകള്‍, ആരോഗ്യവും പോഷണവും, ഭവന നിര്‍മാണം, മുതിര്‍ന്നവരുടെ സേവന വിനിയോഗം, വയോജന ക്ഷേമം, വ്യത്യസ്ത തലമുറകളുടെ സംയോജനം, മാധ്യമങ്ങളുടെ വിനിയോഗം, അത്യാഹിതങ്ങളിലും പ്രകൃതി ക്ഷോഭങ്ങളിലും പ്രത്യേക പരിഗണന, ക്ഷേമ കമീഷന്‍ എന്നിവ പുതിയ നയത്തിന്‍െറ ഭാഗമായി നിലവില്‍ വരും. സംസ്ഥാനത്തെ ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് നയം പരിഷ്കരിക്കുന്നത്.

ഐക്യരാഷ്ട്ര സഭാ തത്വങ്ങള്‍ അനുസരിച്ചുള്ള സ്വാതന്ത്ര്യം, സംരക്ഷണം, അന്തസ്സ്, പങ്കാളിത്തം, ആത്മ സഫലീകരണം എന്നിവ നയത്തിലൂടെ ഊട്ടിയുറപ്പിക്കും. സ്വഗൃഹത്തില്‍ വാര്‍ധക്യകാലം എന്ന തത്വം പ്രോത്സാഹിപ്പിക്കും. പരിശീലനം, തൊഴില്‍ എന്നിവ സംബന്ധിച്ച് കൗണ്‍സലിങ് നല്‍കുന്ന സന്നദ്ധ സംഘടനകളെ പിന്തുണക്കാനും പുതിയ നയത്തില്‍ വകുപ്പുണ്ട്. വീട്ടില്‍നിന്നും പുറന്തള്ളപ്പെട്ട വയോജനങ്ങള്‍ക്ക് താമസിക്കാന്‍ എല്ലാ ജില്ലയിലും ഭവനങ്ങള്‍ സ്ഥാപിക്കും. ഇതിന് ബജറ്റില്‍നിന്ന് തുക വകയിരുത്തും. ഗ്രാമ പ്രദേശങ്ങളിലെ വരുമാനം കുറഞ്ഞ കുടുംബാംഗങ്ങള്‍ക്ക് വാര്‍ധക്യകാലത്തേക്ക് സമ്പാദ്യം ഉണ്ടാക്കാനാകുന്നില്ളെന്ന കാര്യം പരിഗണിച്ച് സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കും.

ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി വൈദ്യ സഹായം ലഭ്യമാക്കും. ചെറുകിട കച്ചവടങ്ങള്‍ക്കായി ന്യായനിരക്കിലുള്ള പലിശ മാത്രം ഈടാക്കി വായ്പ നല്‍കും. താലൂക്കാശുപത്രി തലം വരെ പ്രത്യേക വയോജന വാര്‍ഡുകള്‍ നിര്‍മിക്കും. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സൗജന്യമായി മരുന്ന് നല്‍കും. ഇതിനായി ജില്ലാ- ജനറല്‍ ആശുപത്രികളില്‍ വയോജനാരോഗ്യ യൂനിറ്റുകള്‍ സ്ഥാപിക്കും. കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഡയാലിസിസ്, അങ്കണവാടികള്‍ മുഖേന പ്രത്യേക ഭക്ഷണ ദാന പരിപാടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധന, വിരമിച്ചവര്‍ക്ക് പുനര്‍നിയമനം ലഭ്യമാക്കാന്‍ എംപ്ളോയ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവയുടെ ഗുണവും നയം വഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കും.

മുതിര്‍ന്നവര്‍ക്കെതിരെയുള്ള അവകാശ ലംഘന കേസുകള്‍ കൈകാര്യം ചെയ്യാന്‍ സിവില്‍ കോടതിയുടെ അധികാരമുള്ള കമീഷനെയാണ് നിയമിക്കുക. 2013-14 വര്‍ഷത്തിന്‍െറ അവസാനത്തോടെ വൃദ്ധസദനങ്ങള്‍ പരിഷ്കരിക്കുകയും ജീവനക്കാരെ ശാസ്ത്രീയമായി വിന്യസിക്കുകയും ചെയ്യും. 60 വയസ്സിന് മുകളിലുള്ളവരുടെ സര്‍വേ നടത്തി ഡാറ്റാ ബാങ്ക് രൂപവത്കരിക്കും.

ഇവയെല്ലാം വ്യക്തമാക്കുന്ന കരട് കഴിഞ്ഞദിവസം നടന്ന വയോജന ദിനാഘോഷത്തില്‍ കൊച്ചിയില്‍ മന്ത്രി മുനീര്‍ പൊതുജനങ്ങള്‍ക്കായി പ്രകാശിപ്പിച്ചു. നവംബര്‍ ഒന്നിന് പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പൊതുജനങ്ങള്‍ക്ക് ആവശ്യമായ അഭിപ്രായവും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

മരണച്ചാലിൽ ജീവിതം തേടുന്നവർ

Click on the page and zoom in to read. Or click here to read ePaper