2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

ശ്ശ് ശ്...എന്തൊരു രുചിയാണോ ഈ കള്ളിന്!

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 


കള്ളെന്താ അത്ര മോശം കാര്യമാണോ ? അല്ലേ, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ... കള്ളിനെ കുറ്റം പറയുന്നവരൊന്നു അതൊന്നു രുചിക്കുന്നത് നല്ലതാ... പിന്നെ ഒരക്ഷരം കുറ്റം പറയില്ല.   ന്താ സംശ്യം ണ്ടാ ?  ഇപ്പൊ കിട്ടണ പോടീ കലക്കിയ വെളുത്ത ലഹരി വെള്ളത്തിന്‍റെ  കാര്യല്ല പറയുന്നത്. നല്ലൊന്നാന്തരം മധുരക്കള്ള് ... പിന്നെ ഇത് വായിച്ചിട്ട് ആരേലും പോയി കണ്ണില്‍ക്കണ്ട വ്യാജക്കള്ള് കുടിച്ച് കണ്ണും ജീവനുമൊക്കെ കളഞ്ഞാല്‍ ഞാന്‍ ഉത്തരവാദിയല്ല. 


 പണ്ട്....എന്ന് പറഞ്ഞാല്‍ അത്ര പണ്ടൊന്നുമല്ല, ഏകദേശം ഇരുപതു കൊല്ലം മുന്‍പ്‌... , അമ്മയുടെ വീട്ടില്‍  അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോള്‍ ഉള്ള കാര്യമാ പറഞ്ഞു വരുന്നത്. കള്ള് ചെത്ത്‌ തൊഴിലാക്കിയവരുടെ കണ്ടാണശ്ശേരിക്കടുത്തുള്ള  മുണ്ടൂര്‍ എന്ന സ്ഥലത്തെ ആണ്ടപറമ്പ് എന്ന കുഗ്രാമത്തിലെ  കഥയാണ്‌.... എന്നും രാവിലെ സത്യേട്ടന്‍ വരും.  മുണ്ടിന് ചുറ്റും വരിഞ്ഞുകെട്ടിയ വീതി കൂടിയ ബെല്‍റ്റില്‍ വെട്ടുകത്തി തിരുകി ,കുടം   കെട്ടിത്തൂക്കി സൈക്കിളിലുള്ള ആ വരവൊന്നു കാണുക തന്നെ വേണം.  ഞങ്ങള്‍ കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുന്ന കൊത്താങ്കല്ല് അവിടെയിട്ടിട്ടു   അടുക്കളപ്പുറത്തെക്കോടും. അപ്പാപ്പന്‍  അപ്പോഴേക്കും അടുക്കളപ്പുറത്തെ  മണ്‍വരാന്തയിലേക്കുള്ള  വാതിലിന്‍റെ  സാക്ഷ തുറന്നിട്ടുണ്ടാകും. പനയുടെ മുകളിലേക്ക് തളപ്പിട്ടു കയറുമ്പോള്‍  ആ കത്തിയെങ്ങാനും  സത്യേട്ടന്‍റെ പുറംപൊളിക്കുമോ  എന്ന പേടിയാണ്  ഞങ്ങള്‍ കുട്ടികള്‍ക്ക്. പക്ഷെ ഒന്നും സംഭവിക്കില്ല. പനക്ക് മുകളിലെത്തിയാല്‍ പട്ടയുടെ മുകളിലേക്ക് തലയുയര്‍ത്തിപ്പിടിച്ചൊരു നില്‍പ്പുണ്ട് ,ആഹാ....അതും കാണേണ്ട കാഴ്ചയാണ്. പിന്നെ കമഴ്ത്തി ചെരിച്ചു വച്ച കുടമെടുത്ത് ബെല്‍റ്റില്‍ ഘടിപ്പിച്ച  കുടത്തിലേക്ക് പകര്‍ന്നൊഴിക്കും. അവിടെ നിന്നും അത് തുളുമ്പാതെ ഇറക്കി കൊണ്ട് വരുന്നതും, ഞങ്ങള്‍ കുട്ടികള്‍ക്ക്, അന്ന് അത്ഭുതമായിരുന്നു. 

താഴെയിറങ്ങി വരുമ്പോഴേക്കും മധുരക്കള്ളിന്‍റെ മനം മയക്കുന്ന   മണം പരക്കും. പിന്നെ കഴുത്തു നീണ്ട  വെളുത്ത ചില്ല് കുപ്പിയില്‍ കുടത്തില്‍ നിന്നും കല്ല്‌ പകരും. കരി കലക്കിയ ചാണകം  മെഴുകിയ മണ്‍വരാന്തയില്‍ ആ കുപ്പി വച്ചിട്ട് സത്യേട്ടന്‍ അടുത്ത പന നില്‍ക്കുന്ന വീട്ടിലേക്കു സൈക്കിളുരുട്ടും. ഇളംവെയില്‍ ആ ചില്ല് കുപ്പിയില്‍ വീണു കിടക്കുമ്പോള്‍ അതിനകത്തെ കള്ള് കാണാന്‍ പ്രത്യേകമൊരു  ഭംഗിയുണ്ട് !! കുപ്പിയും കൊണ്ട് അപ്പാപ്പന്‍ വീടിനകത്ത്  കേറിപ്പോയി ഊണുമുറിയിലെ മേശപ്പുറത്തു വിരുന്നുകാര്‍ മാത്രം വരുമ്പോള്‍ ചായ കൊടുക്കുന്ന ചില്ല് ഗ്ലാസ്സില്‍ അല്പം കള്ളോഴിച്ചു  തരും, എല്ലാ കുട്ടികള്‍ക്കും... ഒരല്‍പം മധുരം, ഒരല്‍പം മാത്രം പുളി, ആ ഒരു മണം...ശ്ശ് ശ്...എന്തൊരു രുചിയാണോ ഈ കള്ളിന്!
അത് തരുമ്പോള്‍ , എന്നും ഒരു പാട്ട് കൂടി പാടും

   ആരാണ്ടാ ആരാണ്ടാ തെങ്ങുമ്മേ കേറി കളിക്ക ണ ത്.. ഞാനാണ്ടാ ഞാനാണ്ടാ ചി റ്റാട്ടുകരയിലെ കുരിയപ്പന്‍   
 

പന വെട്ടി, അപ്പാപ്പന്‍ - കുരിയപ്പനും മരിച്ചു .സത്യേട്ടന് പ്രായമായി. സത്യേട്ടന്‍റെ മക്കള്‍ ഈ തൊഴിലുമായി ഇപ്പോള്‍ ഉണ്ടോയെന്നു എനിക്കറിയില്ല. ഉണ്ടാകാന്‍ വഴിയില്ല. ഇപ്പോള്‍ പനകളും ചെത്താന്‍ പറ്റുന്ന തെങ്ങുകളും ഇല്ലല്ലോ!  പകരം കള്ളിനു പകരം കള്ളെന്ന  പേരിലുള്ള കൊലയാളി മദ്യം ആണ് വില്‍ക്കുന്നത് .

പള്ളിപ്പെരുന്നാളിനും പൂരത്തിനും പോകുമ്പോള്‍ കള്ളപ്പം ഉണ്ടാക്കാന്‍ മാത്രം കന്നാസില്‍  രണ്ടോ മൂന്നോ ലിറ്റര്‍  കള്ള്  കൊണ്ട് വന്നാലായി.  അതില്‍ നിന്നും ഇച്ചിരി ച്ചിരി...ശോ....കഷ്ടായി.....

(കള്ളിനെ കുറിച്ചുള്ള സാങ്കേതിക വിവരം അറിയാത്തവര്‍ മാത്രം ഈ ഭാഗം വായിക്കുക -  വിക്കിപീഡിയ

-പനയുടേയോതെങ്ങിന്റേയോ പൂങ്കുല ചെത്തിയെടുക്കുന്ന കറയെ പുളിപ്പിച്ചുണ്ടാക്കുന്ന ലഹരി പാനീയമാണ് കള്ള് . ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ഇന്ത്യയിലെആന്ധ്രാപ്രദേശ്തമിഴ്‌നാട്കേരളംമഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും, ഫിലിപ്പീൻസിലും ശ്രീലങ്കയിലും കള്ള് ലഭ്യമാണ്‌. ഫിലിപ്പീൻസിൽ റ്റൂബ എന്നാണ് കള്ള് അറിയപ്പെടുന്നത്.പുളിക്കാത്ത കള്ള് മറ്റേതൊരു ലഘുപാനീയത്തേക്കാളും ശ്രേഷ്ഠവും കുഞ്ഞുങ്ങൾക്ക് പോലും ടോണിക്കിന്റെ രൂപത്തിൽ കൊടുക്കാൻ കഴിയുന്നതുമാണ്‌. പുളിച്ച കള്ളിൽ അടങ്ങിയിരിക്കുന്ന ആൾക്കഹോളിന്റെ അളവ് സാധാരണ ലഭിക്കുന്ന ഔഷധങ്ങളിൽഉപയോഗിക്കുന്ന ആൾക്കഹോളിന്റെ അളവിലും കുറവാണ്‌[2]. തെങ്ങിൻ കള്ളിലെ ദോഷരഹിതമായ പഞ്ചസാരയുടെ അളവ് 15% മുതൽ 16% വരെയാണ്‌. ജീവകം എ,ജീവകം ബിജീവകം ബി-2ജീവകം സി എന്നിവയും; മനുഷ്യശരീരത്തിന് അവശ്യഘടങ്ങളായ ഗ്ലൂട്ടാമിക് അമ്ലംതിയോനിൻഅസ്പാർട്ടിക് അമ്ലം എന്നിവയുൾപ്പെടെ 17 തരം അമിനോ അമ്ലങ്ങളും കള്ളിൽ അടങ്ങിയിരിക്കുന്നു[2].തെങ്ങിൻ പൂക്കുലയിൽ നിന്നും ഊറി വരുന്ന നീരാണ് നീര അഥവ മധുരക്കള്ള്. വിടരാത്ത തെങ്ങിൻ പൂക്കുലയിൽ നിന്നും കൃത്രിമമായി ഉത്പാദിപ്പിക്കുന്നതാണിത്. കള്ള് ഉത്പാദനം നികുതിനിയമ പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വ്യക്തികൾക്ക് നീര ഉത്പാദിപ്പിക്കുവാനുള്ള അധികാരമില്ല. തന്മൂലം ഇത് മനുഷ്യർക്ക് അന്യമാണ്. വിളർച്ച, ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടൽ എന്നിവയ്ക്കൊക്കെ നീര ഗുണകരമാണ്. നീര ഉത്പാദനം വളർത്തുവാൻ ഗാന്ധിയനായ ഏ.പി. ഉദയഭാനുവിന്റെമദ്യനിരോധന കമ്മിറ്റി സർക്കാരിന് ശുപാർശ ചെയ്തിട്ടുണ്ട്. കൃഷിശാസ്ത്രഞ്ജൻ ഡോ. എം.എസ്. സ്വാമിനാഥൻ ഡബ്ലു.ടി.ഒ റിപ്പോർട്ടിൽ മധുരക്കള്ള് നിർമ്മാണം പ്രോത്സാഹിപ്പിക്കുവാൻ കേരളാ സർക്കാരിന് റിപ്പോർട്ട് നൽകി. എട്ടു വർഷമായ ഇതിന്മേൽ നടപടികൾ ഉണ്ടായിട്ടില്ല. മധുരക്കള്ള് അതിവേഗം പുളിച്ചു പോകുന്നതിനാൽ മുൻപ് ഇത് നടപ്പാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കേരളാ കാർഷികസർവ്വകലാശാല ഇതിന് പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയിട്ടുണ്ട്.  

മറ്റുപയോഗങ്ങൾ

  • കള്ള് വളരെ നാൾ കേടുകൂടതെ വച്ചിരുന്നാൽ നല്ല ചൊറുക്കയായി(വിനാഗിരി) മാറും
  • വെള്ളയപ്പംവട്ടയപ്പം എന്നിവയുടെ മാവ് പാകപ്പെടുത്താനായി കള്ള് ചേർക്കാറുണ്ട്.
  • കള്ള്- പ്രത്യേകിച്ച് പനങ്കള്ള് പുളിപ്പിക്കാതെ എടുത്ത് ഏറെ നേരം ചൂടാക്കി വെള്ളം വറ്റിച്ചാൽ തേൻ പോലെ കുറുകി, അത്രയും തന്നെ മധുരമുള്ള 'സിറപ്പ്" കിട്ടും. ഇത് തെങിന്റെ/പനയുടെ ഉടമസ്ഥർക്ക് ആഴ്ച്ചയിൽ ഒരു ദിവസത്തെ കള്ള് അവകാശമായി കിട്ടിയിരുന്നതുകൊണ്ട് നാട്ടിൽ വ്യാപകമായി ചെയ്ത് വന്നിരുന്നതാണ്. മധ്യ തിരുവിതാംകൂർ പ്രദേശത്ത് ഇത് പാനി എന്നാണ് അറിയപ്പെടുന്നത്.)


“വെള്ളം ചേർക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു, ചില്ലിൻ
വെള്ളഗ്ലാസ്സിൽ പകർന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതിൽ ചെലുത്തി, ക്കളിചിരികൾ തമാശൊത്തു മേളിപ്പതേക്കാൾ
സ്വർല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം - പോക വേദാന്തമേ നീ!”
 ( ചങ്ങമ്പുഴ) 

തൊട്ടു കൂട്ടാന്‍--- ::::>: മേല്‍ക്കുറിപ്പില്‍ നിന്ന് ചെങ്കള്ള്, ഈഴവക്കള്ള്, കോണ്ഗ്രസ് കള്ള് , ലീഗ് കള്ള്, എന്നിവ ഒഴിവാക്കിയിരിക്കുന്നു

ബ്രാണ്ടിയും റമ്മും വിസ്കിയും കഴിച്ച് പാമ്പാകുന്നവരുടെയും  അത്‌ കണ്ടു ഉപദേശിക്കാന്‍ പോകുന്നവരുടെയും ശ്രദ്ധക്ക്_ കള്ള് കുടി എന്ന പേരില്‍ കുറ്റം പറഞ്ഞ്  പാവം കള്ളിന്‍റെ മെക്കിട്ടു കേറണ്ട. 

3 അഭിപ്രായങ്ങൾ:

  1. വിധിന്യായങ്ങളെ പലപ്പോഴും മാധ്യമ വാര്‍ത്തകള്‍ സ്വാധീനിക്കുന്ന ഒരു കാഴ്ച അടുതകാലങ്ങിളില്‍ പല കോടതി വിധികളിലും നാം കണ്ടു. പി ജയരാജന്റെ ജാമ്യവിഷയത്ത്തിലും അതുപോലെ തന്നെ സമകാലീനമായ മറ്റു വിധികളിലും മാധ്യമസ്വധീനം കാണാം. എന്റെ പരിമിതമായ അറിവില്‍ ഇന്ത്യന്‍ കോടതികള്‍ക്ക് ഇന്ത്യന്‍ നിയമപുസ്തകങ്ങലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനമാകി വിധി പ്രസ്താവന നടത്തുക എന്നല്ലാതെ അതിനെ വ്യഖ്യനിക്കണോ സ്വന്തം കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടുത്താനോ അധികാരമില്ലെന്നാണ്. കേട്ട അറിവ് പ്രകാരം ബ്രിട്ടീഷ്‌ കോടതികള്‍ക്ക് കാര്യകാരനങ്ങളുടെ അടിസ്ഥാനത്തില്‍ നിയമപുസ്തകങ്ങലെ വ്യാഖ്യാനിക്കാനും മാനുഷികമായ മുഖം വിധിക് നല്‍കാന്‍ സ്വാതന്ത്ര്യമുള്ളു.

    മറുപടിഇല്ലാതാക്കൂ
  2. കള്ളിനെ കുറിച്ചുള്ള ഈ കുറിപ്പ് വായിച്ചപ്പോള്‍ പഴയ പല ഓര്‍മകളും മനസിലെത്തി. ചെറുപ്പത്തില്‍ അപ്പം ഉണ്ടാക്കാന്‍ വാങ്ങുന്ന കള്ളില്‍ നിന്നും മിച്ചമുള്ളത് കുടിച്ച അനുഭവം. കൂട്ടുകാരന്‍ ചന്ദുവിന്റെ അച്ഛന്‍ അയാളുടെ വീട്ടില്‍ ചെത്ത്‌ കഴിഞ്ഞു ഷാപ്പിലേക്ക് കൊണ്ടുപോകാനായി കുടത്തിനകത്തു ഒഴിച്ച് മുറിയില്‍ പൂട്ടി വെച്ചിരുന്ന കള്ള് കപ്ലതിന്റെ കുഴലുപയോഗിച്ച് ജനലില്‍ കൂടി കുടിച്ചു രസിച്ചതിന്റെ ഓര്‍മ്മകള്‍. അങ്ങനെ എന്തെല്ലാം. സ്വതന്ത്രമായി കള്ള് കുടിക്കാന്‍ പ്രായമായപ്പോള്‍ നല്ല കള്ള് കിട്ടാനില്ലാതായി. അന്ന് കണ്ടിട്ടുള്ള മനോഹരമായ ഷാപ്പുകളും കാണാനില്ലാതായി. അവയൊക്കെ ഓരോ ഗ്രാമത്തിന്റെയും തിലക കുറി ആയിരുന്നു എന്നതായിരുന്നു സത്യം. അന്നൊക്കെ ഷാപ്പുകളില്‍ കള്ളും മൊത്തി വെടിയും പറഞ്ഞു രസിച്ചു ഇരിക്കുമായിരുന്ന കാര്‍ന്നോന്മാര്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരൊക്കെ എത്രയോ ഭാഗ്യവാന്മാര്‍. ഇതില്‍ ചേര്‍ത്തിരിക്കുന്ന ഫോട്ടോയും നന്നായി ഇഷ്ടപ്പെട്ടു. ജിഷയുടെ പോസ്റ്റുകളില്‍ കാണുന്ന മനോഹരമായ ഫോട്ടോകള്‍ എങ്ങനെ സംഗടിപ്പിക്കുന്നു എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. Thank you Jisha.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...