Sunday, June 23, 2013

പെട്ടി തുറന്നപ്പോള്‍ മേയര്‍ ഞെട്ടി !

gopinadh muthukad
ഉണ്ണികളുടെ  കഥ പറച്ചിലിന് മുന്‍പ് നാല് താഴിട്ടു പൂട്ടിയ  മാജിക്‌പെട്ടി പരിപാടിയുടെ അവസാനം  തുറക്കാന്‍ താക്കോലുമായെത്തിയ  മേയര്‍ ടോണി ചമ്മിണി അത്ഭുതം കൊണ്ട് ഞെട്ടി. പല ഉണ്ണികള്‍ അവരവരുടെ ഭാവനയില്‍ നിന്നും പറഞ്ഞ കഥ മാജിക്‌ അങ്കിള്‍ നേരത്തെ എഴുതിയിട്ട കടലാസില്‍ അതേപടി കിടക്കുന്നത് കണ്ടപ്പോള്‍ കാണികളും വിസ്മയഭരിതരായി . പിന്നെ ചില്‍ദ്രന്‍സ്‌ പാര്‍ക്കിലെ തിയറ്ററില്‍ നിറഞ്ഞു നിന്നത് ആശ്ചര്യത്തിന്റെ കയ്യടികള്‍ . മാജിക്ക്‌ അക്കാദമിയും എറണാകുളം ജില്ല ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലും സംയുക്തമായി വായനദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് പ്രൊഫ. ഗോപിനാഥ് മുതുകാട് വിസ്മയ ചെപ്പ് തുറന്നത്. ജില്ലയിലെ വിവധ സ്കൂളുകളില്‍ നിന്നും സാഹിത്യ വാസനയുള്ള തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുട്ടികള്‍ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
വേദിയില്‍ നിന്നും കാണികളായ കുട്ടികള്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുത്ത പന്തില്‍ നിന്നാണ് ഭാവന നിറഞ്ഞ കഥ പറച്ചിലിന് തുടക്കമിട്ടത്. സംവിധായകന്‍ സിബി മലയില്‍ പന്ത് എറിഞ്ഞു കൊടുക്കുന്നതിനു മുന്നേ മാജിക്‌ അങ്കിള്‍ പ്രവചിച്ച കഥ കാലാസില്‍ രഹസ്യമായി എഴുതി വച്ചിരുന്നു. ഈ കടലാസ് ഒരു കവറിലിട്ട് കളക്ടറും മേയറും ഒപ്പ് വച്ച ശേഷം പെട്ടികളില്‍ നിക്ഷേപിച്ചു.  ഓരോ പെട്ടിയും  പൂട്ടിയ താക്കോലുകള്‍ വിഷിഷ്ട്ടാതിഥികളായ മേയര്‍ , കലക്ടര്‍ ഷെയ്ക്ക്‌ പരീത്, ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം, കഥാകൃത്ത്‌ കെ.എല്‍ മോഹന വര്‍മ എന്നിവര്‍ക്ക് നല്‍കി. പിന്നെ ഈ പെട്ടി ഹാളില്‍ മാജിക്‌ കാണാനെത്തിയ താനിയയെ ഏല്‍പ്പിച്ചു.
കെ.എല്‍ മോഹനവര്‍മ എറിഞ്ഞു കൊടുത്ത പന്ത് കിട്ടിയത് ഷിമ്മിക്കാണ്.  പന്ത്  കിട്ടിയ  ഷിമ്മി  കഥയുടെ പശ്ചാത്തലം പെരിയാര്‍ പുഴയുടെ തീരമാക്കാമെന്ന്  പറഞ്ഞു.. പിന്നെ അനൂപ്‌, ആല്‍ബി, ഐറിന്‍, സമ്രീന്‍, സിദ്ധാര്‍ഥ്, അമേരിന്‍  എന്നിവര്‍ക്ക് പന്ത് കിട്ടി. ഓരോരുത്തരും ചേര്‍ന്ന് കഥാപാത്രങ്ങളായ പക്ഷി, ഉറുമ്പ്, കാറ്റ്‌ എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. മഴക്കാലത്ത്‌ പക്ഷിക്കും ഉറുമ്പിനും കിട്ടേണ്ട ഭക്ഷണ പദാര്‍ഥങ്ങള്‍ മനുഷ്യന്മാര്‍ ഒളിപ്പിച്ചു വച്ചെന്നും ഇത് കാറ്റിന്‍റെ സഹായത്തോടെ കണ്ടെത്തി വീണ്ടെടുക്കുന്നതുമാണ് കഥ. ആഞ്ഞു വീശിയ കാറ്റ് മനുഷ്യന്‍ പൂഴ്ത്തി വച്ച ഭക്ഷണപദാര്‍ഥങ്ങള്‍ പുറത്തെത്തിച്ചു നല്‍കുന്ന കഥയ്ക്ക് ‘’കാറ്റ് പറഞ്ഞ രഹസ്യം “ എന്ന് അനഘയാണ് പേര് നല്‍കിയത്. അഹങ്കാരം നല്ലതല്ല എന്ന ഗുണപാഠം നല്‍കി കഥ പറച്ചില്‍ അവസാനിപ്പിച്ചു.  കഥ പറയുന്നതിനിടെ മാജിക്‌ അങ്കിള്‍ കഥയിലെ കഥാപാത്രങ്ങളുടെ പേരും കഥയുടെ പേരും കഥ നടക്കുന്ന സ്ഥലത്തിന്റെ പേരും വേദിയില്‍ ഉറപ്പിച്ചു വച്ച വലിയ കടലാസില്‍ കാണികള്‍ക്കായി എഴുതിയിടുന്നുണ്ടായിരുന്നു. 
ഇതിനിടക്ക്‌ വേദിയില്‍ നിരത്തി വച്ച കുറെ പുസ്തകങ്ങളില്‍ നിന്നും സിപ്പി പള്ളിപ്പുറം ഒരു പുസ്തകം തെരഞ്ഞെടുത്തു. എറിഞ്ഞു കിട്ടിയ പന്ത് കൈവശമിരുന്ന സെലീന ടീച്ചര്‍ക്കാന് ആ പുസ്തകം വായിക്കാന്‍ യോഗമുണ്ടായത്. പുസ്തകത്തിന്റെ പേരും പേജ് നമ്പരും എല്ലാം മാജിക്‌ അങ്കിള്‍ വേദിയില്‍ എഴുതിയിട്ടു. ഈ പുസ്തകം പിന്നീട് വിഷിഷ്ട്ടാതിഥികളില്‍ ഒരാളെ ഏല്‍പ്പിച്ചു.  


പിന്നീട് താനിയയെ ഏല്‍പ്പിച്ച പെട്ടി തിരിച്ചെടുത്തു കൊണ്ട് വന്നു മേയര്‍ തുറന്നപ്പോഴാണ് വേദിയില്‍ എഴുതിയിട്ട വാക്കുകള്‍ എല്ലാം മാജിക്‌ അങ്കിളിന്റെ മാജിക്ക്‌ പെട്ടിയില്‍ നിന്നും പുറത്തു വരുന്നത് കണ്ടു എല്ലാവരും അമ്പരന്നത്. പിന്നീട് ഏല്‍പ്പിച്ചു കൊടുത്ത പുസ്തകത്തില്‍ ആ പേജ് തുറന്നു വായിക്കാന്‍ പറഞ്ഞപ്പോള്‍ പേജ് കാണാനില്ല. അത് കീറിയെടുത്ത നിലയിലാണ് കണ്ടത്.  ഹാളിലെ ഫാനില്‍ കെട്ടിത്തൂക്കി ഉയര്‍ത്തി വച്ചിരുന്ന ഒരു ഇരുമ്പ് പെട്ടി മാജിക്‌ അങ്കിള്‍ നിലത്തിറക്കിയപ്പോഴാണ് അടുത്ത അത്ഭുതം. കീറിപ്പോയ പേജുണ്ട് അതിനകത്തിരിക്കുന്നു . വീണ്ടും നിറഞ്ഞ കയ്യടികള്‍. ഒപ്പം, കുട്ടികള്‍ പറഞ്ഞ കഥ വിശദമായി എഴുതിയ കടലാസും അതിനകത്ത് നിന്ന് കണ്ടെത്തി. കഥയും പാട്ടും  കവിതയും  കയ്യടികളും   വിസ്മയവും സന്തോഷവും മനസിലേറ്റിയാണ് കുട്ടികളും മുതിര്‍ന്നവരും ഹാള്‍ വിട്ടിറങ്ങിയത്. നേരത്തെ കുട്ടികള്‍ക്കായുള്ള അനിമേഷന്‍ സിനിമകളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു


Face book link 

No comments:

Post a Comment

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

Related Posts Plugin for WordPress, Blogger...

Facebook Plugin