2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

ഗുണ്ടര്‍ട്ട് ജര്‍മനിയിലേക്ക് കൊണ്ടുപോയ താളിയോലകള്‍ 153 വര്‍ഷശേഷം പുസ്തകങ്ങളായി മടങ്ങിയത്തുന്നു

face book link 

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനൊപ്പം കടല്‍ കടന്നുപോയ കേരളത്തിന്‍െറ അമൂല്യഗ്രന്ഥങ്ങള്‍ ജര്‍മനിയില്‍നിന്ന് മടങ്ങിയത്തുന്നു  . കേരളത്തില്‍ ഏറെക്കാലം താമസിച്ച് മലയാളഭാഷക്ക് ശ്രദ്ധേയസംഭാവനകള്‍ നല്‍കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1859ല്‍ ജര്‍മനിക്ക് മടങ്ങിയപ്പോള്‍ കൊണ്ടുപോയ താളിയോലകളും കൈയെഴുത്തുപ്രതികളും 153 വര്‍ഷശേഷം അച്ചടിച്ച പുസ്തകങ്ങളും കുറിപ്പുകളുമായാണ് തിരിച്ചെത്തിക്കുന്നത്.
ജര്‍മനിയിലെ ട്യൂബിങ്ങണ്‍ സര്‍വകലാശാലയിലെ ഗ്രന്ഥശാലയില്‍നിന്ന് ഇവ കൊണ്ടുവരുന്നത് മലയാളം വിക്കി സമൂഹമാണ്. 1980കളില്‍ മലയാളഭാഷ പണ്ഡിതനായ പ്രഫ. സ്കറിയ സക്കറിയ തന്‍െറ പഠന ഗവേഷണ കാലഘട്ടത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ഗ്രന്ഥങ്ങള്‍ സര്‍വകലാശാലയില്‍നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ഏതാനും ചില ഗ്രന്ഥങ്ങള്‍ പഠനസംബന്ധിയായി അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.ബാക്കി മുഴുവന്‍ ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും താളിയോലകളും കേരളത്തില്‍ എത്തിക്കാനായില്ല. ഏറെക്കാലങ്ങള്‍ക്ക് ശേഷം അടുത്തിടെ നടന്ന ചര്‍ച്ചകളിലാണ് ഇവ സംരക്ഷിക്കുകയും പുതുതലമുറക്ക് പകര്‍ന്നുനല്‍കുകയും ചെയ്യേണ്ടതിന്‍െറ ആവശ്യകത ഉയര്‍ന്നുവന്നത്.നിലവില്‍ ഗ്രന്ഥങ്ങളും അപൂര്‍വങ്ങളായ കൈയെഴുത്തുപ്രതികളും ഡിജിറ്റലൈസ് ചെയ്ത് സമൂഹത്തിന് സൗജന്യമായി വായിക്കാന്‍ നല്‍കുന്ന മലയാളം വിക്കി സമൂഹം ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 1000 പഴഞ്ചൊല്ലുകള്‍, പഴഞ്ചൊല്ല് മാല എന്നീ രണ്ട് താളിയോലക്കൂട്ടങ്ങളാണ് ജര്‍മനിയില്‍നിന്ന് ആദ്യഘട്ടത്തില്‍ ഡിജിറ്റലൈസ് ചെയ്ത് മലയാളം വിക്കി പീഡിയയില്‍ പ്രസിദ്ധീകരിക്കുക.മലയാളഭാഷാ വ്യാകരണം, ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ളീഷ് ഡിക്ഷനറി, ബൈബ്ളിന്‍െറ മലയാള പരിഭാഷ എന്നിവ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍െറ പ്രധാന സംഭാവനകളാണ്. സംസ്കൃതമല്ലാത്ത ആദ്യത്തെ ആധികാരിക പഠനങ്ങളായിരുന്നു അദ്ദേഹം മലയാളഭാഷക്ക് സംഭാവന നല്‍കിയത്. രാജ്യസമാചാരം എന്ന കേരളത്തിലെ ആദ്യ മലയാളപത്രവും വിജ്ഞാന സമ്പന്നമായ ലേഖനങ്ങളുള്ള ‘പശ്ചിമോദയ’വും അദ്ദേഹത്തിന്‍െറ സംഭാവനകളാണ്. ബുധനാഴ്ച എറണാകുളം കാക്കനാട് പ്രസ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ ട്യൂബിങ്ങണ്‍ സര്‍വകലാശാലയിലെ ഇന്തോളജി വിഭാഗം പ്രഫസറും കൂടിയാട്ടത്തില്‍ അരങ്ങേറ്റം നടത്തിയ ആദ്യ വിദേശവനിതയുമായ ഡോ. ഹൈകെ മോസര്‍ ഈ ഗ്രന്ഥങ്ങളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ കൈമാറും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പ്രഫ. സ്കറിയ സക്കറിയ അധ്യക്ഷത വഹിക്കും. വിക്കിപീഡിയന്‍മാരായ ഡോ. അജയ് ബാലചന്ദ്രന്‍, വിശ്വപ്രഭ, കെ. മനോജ്, കണ്ണന്‍ ഷണ്‍മുഖം, കേരള പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍. അജിത്കുമാര്‍, അനില്‍കുമാര്‍, അശോകന്‍ ഞാറക്കല്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തില്‍ പലയിടങ്ങളിലായി അറിയപ്പെടാതെ കിടക്കുന്ന ഇത്തരം അപൂര്‍വഗ്രന്ഥങ്ങള്‍ പൊതുജനത്തില്‍നിന്ന് ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്ത് സൗജന്യ പ്രമാണമായി പ്രസിദ്ധീകരിക്കാനുള്ള വിക്കി സമൂഹത്തിന്‍െറ തുടക്കം കൂടിയാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...