2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

മരണ വീടുകളിലേക്ക് തീർഥാടനം നടത്തുക

മരണം വരുമൊരുനാൾ ഓർക്കുക  മർത്യാ  നീ 
കൂടെ പോരും നിൻ ജീവിത ചെയ്തികളും ,സത്കൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ 

ജനിച്ചാൽ ഒരു ദിവസം  മരിക്കണം. മരിച്ചാൽ എവിടെ അടക്കും എന്നതിൽ  പ്രത്യേകിച്ച്  ആശങ്കപെടാനില്ല. മൃതദേഹം ചിതയിലാണോ ആറടി ആഴം മാത്രമുള്ള കുഴിയിലാണോ പുഴയിൽ  ഒഴുക്കി വിട്ടാണോ, കഴുകന് തിന്നാൻ കൊടുത്താണോ സംസ്കരിച്ചത് എന്നതിലും വലിയ അർത്ഥമില്ല. ശവശരീരം മണ്ണിലാണോ സിമന്റിട്ട കുഴിയിലാണോ മാർബിൾ പതിച്ച്  അലങ്കരിച്ച ശവക്കല്ലറയിലാണോ അടക്കിയത്‌ എന്നും ആലോചിച്ചിട്ട് കാര്യമില്ല. അത് പള്ളി സെമിത്തേരിയിലാണോ വീട്ടു വളപ്പിലാണോ പാമ്പാടി ഐവർ മഠത്തിലാണോ  ഭാരതപ്പുഴ തീരത്താണോ എന്നതിലും കാര്യമില്ല. എവിടെയാണെങ്കിലും  മണിക്കൂറുകൾക്കകം ശരീരം അഴുകി തുടങ്ങും. അതാണ്‌ പ്രകൃതി നിയമം. അതിനെ പ്രകൃതിയെന്നോ ദൈവമെന്നൊ യുക്തിയെന്നോ വിളിക്കാം. ആര് മരിച്ചാലും മരണവും തുടർ പ്രക്രിയകളും തടുക്കാൻ മനുഷ്യനാകില്ല. പക്ഷെ, മരണത്തിനു ശേഷം ഒരു മനുഷ്യനെ ജനം എങ്ങനെ ഓർത്തിരിക്കുന്നു എന്നതിലാണ് കാര്യം.മരിച്ചയാൾ നല്ലവനായിരുന്നോ കെട്ടവനായിരുന്നൊ എന്നത് അടിസ്ഥാനപ്പെടുത്തിയായിരിക്കും അയാൾ പില്ക്കാലത്ത് ഓർമിക്കപ്പെടുക.
Pro.C.C.Jacob
കഴിഞ്ഞ ദിവസം തൊടുപുഴയിൽ സി.എസ് .ഐ സഭയുടെ എള്ളുമ്പുറം ഇടവകയിൽ മരണപ്പെട്ട പ്രൊഫസർ സി.സി ജേക്കബിന്റെ മൃതദേഹം സംസകരിക്കുന്നതിൽ സഭ വിലക്കേർപ്പെടുത്തി. സാക്ഷാൽ ഒടയ തമ്പുരാൻ അല്ല വിലക്ക് നല്‍കിയത്. മൂപ്പരുടെ പേരും പറഞ്ഞ് അധികാരവും ഇടവക സമ്പത്തും അടക്കി വാഴുന്ന ബിഷപ്പും കൂട്ടരുമാണ് ഇതിനു പുറകിൽ . കാരണമായി പറയുന്നത് അധ്യാപകനായിരുന്ന ജേക്കബ് പുസ്തകം എഴുതിയപ്പോൾ അതിൽ സഭയെ വിമര്ശിച്ചു എന്നാണ് . രണ്ടു തവണ എം.ജി സർവകലാശാല  സിണ്ടിക്കേറ്റ് അംഗം,മേലുകാവ്  ഹെൻറി ബേക്കർ കോളേജിൽ ചരിത്ര വിഭാഗം അധ്യാപകൻ എന്നീ നിലകളിൽ ഔദ്യോഗിക ജീവിതം നയിച്ചയാളാണ് ചുവന്ന പ്ലാക്കൽ ചാക്കോയുടെയും ഏലിയാമ്മയുടെയും ഇളയ മകനായ ജേക്കബ് . സി.എസ്.ഐ മധ്യ കേരള മഹായിടവകയുടെയും കിഴക്കാൻ കേരള മഹായിടവകയുടെയും കൗണ്‍സിൽ അംഗമായും സിനഡ് എക്സിക്യൂട്ടീവ് അംഗമായും സിനഡ് അംഗമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം എഴുതിയ ജലസ്നാനം എന്ന പുസ്തകത്തിന്റെ പേരിൽ മാപ്പ് പറയാത്തിടത്തോളം ശവമടക്ക് പള്ളിയിൽ നടത്താൻ അനുവദിക്കില്ല എന്ന വിലക്കുമായി കർത്താവിന്റെ അഭിഷിക്തർ എന്നറിയപ്പെടുന്നവർ രംഗത്ത്‌ വന്നു. ഒരു ചെകിടത്തടിച്ചാൽ മറു കരണം കൂടി കാണിച്ചു  കൊടുക്കുക എന്ന് ആഹ്വാനം നല്കിയ യേശു ക്രിസ്തു എന്ന മഹാനായ വിപ്ലവകാരിയുടെ പുതു തലമുറയ്ക്ക്  ശവശരീരത്തെ  വിലക്കാൻ  ആരാണ് അധികാരം നല്കിയത് ?? കുടുംബ കല്ലറയിൽ പറ്റില്ല, വേണെമെങ്കിൽ സഭയുടെ സൗജന്യമായി സാധാരണ കല്ലറയിൽ ആവശ്യമെങ്കിൽ അടക്കാൻ  അനുമതി നല്കാം എന്നൊക്കെ പറയാൻ തക്ക ഒരധികാരവും സഭാസ്ഥാനാരോഹികൾക്ക്  ഇല്ല. കുടുംബക്കാർ അവസാനം വീട്ടു വളപ്പിൽ ശവമടക്ക് നടത്തി.

നാണംകെട്ട ഭരണ കൂട ത്തിനു മുന്നിൽ  ഒരു ചോദ്യം. സഭ,എന്തിന്റെ അടിസ്ഥാനത്തിലായാലും ഒരു മൃതദേഹത്തെ അപമാനിക്കും വിധം നടപടിക എടുത്തതും സംസ്കാരം വൈകിപ്പിച്ചതും മൃതദേഹത്തെ വച്ച് വിലപേശൽ നടത്തിയതും നോക്കി നില്ക്കാൻ നാണം തോന്നുന്നില്ലേ?? ഇവിടെ എന്തിനാണ് പോലീസ്?? എന്തിനാണ് ഭരണകൂടം ?? 

സഭ അധികാരികളോട്- തിരു വസ്ത്രം അണിഞ്ഞത് കൊണ്ട് മാത്രം നല്ലവൻ ആകില്ല. സ്വർഗത്തിൽ വി.ഐ.പി സീറ്റും കിട്ടില്ല.  മരിക്കും മുൻപ് നന്മ ചെയ്യുക.നാട്ടാർ നല്ലത്  പറയും. തീർഥാടനം നടത്തിയിട്ടും തീർഥാടന കേന്ദ്രം ഒരുക്കിയിട്ടും നന്മ ഉണ്ടാകില്ല. പകരം മരണ വീടുകളിലേക്ക് തീർഥാടനം നടത്തുക. മനുഷ്യര് ഇത്രയേ ഉള്ളൂവെന്നും ഉള്ള കാലം നല്ലത് ചെയ്യണമെന്നും അപ്പോൾ ബോധ്യം വരും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...