2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

16 ലെ വിവാഹവും തിരിച്ചറിവും




അവസാനം വിവാദ നിലപാടുകളില്‍ നിന്നും പിന്മാറാന്‍ അവര്‍ തയ്യാറാകുന്നു. മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 16 ആക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന നിലപാടില്‍ നിന്ന് മുസ്ലിം വ്യക്തി സംരക്ഷണ സമിതി പിന്മാറുന്നു. വിഷയത്തില്‍ സുപ്രീം കോടതിയും ഹൈകോടതിയും നടത്തിയ വിധികള്‍ പ്രതികൂലമായാണ് വന്നിട്ടുള്ളത് എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ തീരുമാനം. ഇനിയും കോടതിയെ സമീപിച്ചാല്‍ ഫലമുണ്ടാകില്ല എന്ന നിയമോപദേശം കിട്ടിയതായി ഇന്നിറങ്ങിയ തേജസ്‌ ദിനപത്രത്തില്‍ ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്തയില്‍ ലേഖിക ഷബ്ന സിയാദ്‌  വ്യക്തമാക്കുന്നുണ്ട്.   മുസ്‌ലിം വിവാഹപ്രായത്തില്‍ രാജ്യത്തെ നിയമമാണ് അനുവര്‍ത്തിക്കേണ്ടതെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ ഉയര്‍ന്ന വലിയ എതിര്‍പ്പുകളെ മറികടന്നു കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവും ഇപ്പോള്‍ സമിതിക്കുണ്ട്.

വാര്‍ത്തയില്‍ പറയുന്നതിങ്ങനെ : 
മുസ്‌ലിം വ്യക്തിനിയമപ്രകാരം 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുതയുണ്ട്. എന്നാല്‍, 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം മാതാപിതാക്കളും ഭര്‍ത്താവും ശിക്ഷാര്‍ഹരുമാണ്. സുപ്രിംകോടതിയെ സമീപിച്ചാലും ഇതില്‍നിന്നു വിഭിന്നമായൊരു വിധി ലഭിക്കുമെന്നുറപ്പില്ലാത്ത സാഹചര്യത്തില്‍ ഈ ശ്രമം ഉപേക്ഷിക്കാനാണു തീരുമാനം. 2008ല്‍ സുപ്രിംകോടതി ജസ്റ്റിസായിരുന്ന ലക്ഷ്മണ ചെയര്‍മാനായ ലോ കമ്മീഷന്‍ വിവാഹപ്രായം നിര്‍ബന്ധിത സാഹചര്യത്തില്‍ 16 വയസ്സാക്കാമെന്ന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തി പാര്‍ലമെന്റ് മുഖേന നിയമം ഭേദഗതി ചെയ്യിക്കുകയോ അതല്ലെങ്കില്‍ പ്രസിഡന്റിന്റെ അനുമതിയോടെ നിയമത്തില്‍ മാറ്റംവരുത്തിക്കുകയോ ചെയ്യാനാണ് ഇപ്പോള്‍ ആലോചന.

2006ന് മുമ്പ് ശൈശവ വിവാഹ നിരോധന നിയമം നിലവിലില്ലാതിരിക്കെ പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ മാത്രമേ വിവാഹത്തിനെതിരേ കേസെടുക്കുമായിരുന്നുള്ളൂ. എന്നാല്‍, 2006നു ശേഷം ഏതെങ്കിലും വ്യക്തികള്‍ പരാതിപ്പെട്ടാല്‍ ബന്ധുക്കള്‍ക്കെതിരേ കേസെടുക്കാം. ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ വിവാഹം 18 വയസ്സിന് താഴെ നടത്തേണ്ടതായിവന്നാല്‍ മാതാപിതാക്കള്‍ക്കും വരനുമെതിരേ കേസെടുത്താല്‍ പെണ്‍കുട്ടിയുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാവുമെന്നും ഇത്തരം സാഹചര്യം ഒഴിവാക്കാനുംകൂടിയാണ് വിവാഹപ്രായം നിജപ്പെടുത്തുന്നതിനെതിരേ രംഗത്തുവരാന്‍ പ്രേരിപ്പിച്ചതെന്നുമാണ് മുസ്‌ലിം വ്യക്തിസംരക്ഷണസമിതിയുടെ നിലപാട്.

കോടതിക്ക് നിയമത്തെ മറികടന്ന് വിധി പുറപ്പെടുവിക്കാനാവില്ല. ഷാബാനു കേസ് അടക്കമുള്ള സുപ്രിംകോടതി വിധികളും ഹൈക്കോടതി വിധികളും മുസ്‌ലിം വിവാഹത്തില്‍ രാജ്യത്തെ നിയമമാണ് പരിഗണിക്കേണ്ടതെന്ന് ആവര്‍ത്തിച്ചിട്ടുണ്ട് എന്നീ വിഷയങ്ങളും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു .




തേജസ്‌ വാര്‍ത്ത വായിക്കാം
വിവാഹപ്രായം: മുസ്‌ലിം സംഘടനകള്‍ പിന്‍വാങ്ങുന്നു

ഫ്ലാഷ് ബാക്ക് : വിവാഹപ്രായം  18 വയസ്സായി നിജപ്പെടുത്തിയതിനെതിരേ സുപ്രിംകോടതിയെ സമീപിക്കാന്‍ കഴിഞ്ഞ മാസമാണ് കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം സംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്. ഇതിനായി മുസ്‌ലിം വ്യക്തിനിയമസംരക്ഷണ സമിതിയും രൂപീകരിച്ചു. മുസ്‌ലിം വ്യക്തിനിയമത്തില്‍ വിവാഹപ്രായത്തിന് പരിധി നിശ്ചയിക്കാത്തതിനാല്‍ അതിനു വിരുദ്ധമായ നിയമം മതപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ചില മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ രംഗത്തെത്തിയത്. 









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...