2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...