2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ഇക്കാര്യത്തില്‍ ശരിയത്ത്‌ നിയമം പാലിക്കണ്ടേ ??





  മുസ്ലിം സ്ത്രീകളുടെ വിവാഹമോചനം 
 ഷബ്ന സിയാദ്‌
 ( മാധ്യമ പ്രവര്‍ത്തക , തേജസ്‌ ദിനപത്രം )

                   പത്രങ്ങളുടെ ക്ലാസിഫൈഡ് കോളങ്ങളില്‍ ഇടയ്ക്കിടെ  'ഫസ്ഖ് പരസ്യം ' എന്ന തലക്കെട്ടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇസ്ലാം മുസ്ലിം സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന ഒരു അവകാശമായി പറയപ്പെടുന്ന വിവാഹമോചന നിയമത്തിന്റെ ബലത്തിലാണ് ഈ പരസ്യങ്ങള്‍. ഭര്‍ത്താവില്‍ നിന്നും ലഭിക്കേണ്ട സംരക്ഷണവും നീതിയും അവകാശവും ലഭിക്കാത്ത പക്ഷം മുസ്ലിം സ്ത്രീക്ക് വിവാഹമോചനമാകാം.  ഇതിനുള്ള രണ്ട് സംവിധാനങ്ങളാണ് ഫസ്ഖ്, ഖുല്‍അ എന്നിവ.യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക വിധി പ്രകാരം പുരുഷന് വിവാഹമോചനം നടത്താനുള്ള കടമ്പകളേക്കാള്‍ ലളിതമാണ് മുസ്ലിം സ്ത്രീക്കുള്ള വിവാഹമോചനം. എന്നാല്‍ ഈ പത്രങ്ങളിലെ പരസ്യവാചകങ്ങള്‍ക്കപ്പുറത്ത്  മുസ്ലിം സ്ത്രീകള്‍ക്ക് ഇസ്ലാമിക രീതിയിലുള്ള  വിവാഹമോചന സാധ്യതയുടെ അവസ്ഥയെന്താണ് ?   ഇന്ത്യന്‍ നിയമവ്യവസ്ഥ അംഗീകരിക്കാത്ത മുസ്ലിം സ്ത്രീയുടെ വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ എന്തുകൊണ്ട് ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നില്ല.

                     വിത്യസ്ത മാര്‍ഗത്തിലുള്ള വിവാഹമോചനത്തെ കുറിച്ച് മുസ്ലിം വ്യക്തി നിയമം പറയുന്നുണ്ട് . ത്വലാഖ്, സിഹര്‍, ഇല, ഖുല്‍അ തുടങ്ങിയവയാണ് ഇത്. എന്നാല്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനെ, ഭര്‍ത്താവിന്റെ അനുമതിയില്ലാതെ വേണ്ടെന്ന വെയ്ക്കാനുള്ള ഏക മാര്‍ഗമാണ് ഫസ്ഖ്. വ്യക്തമായ കാരണങ്ങളുള്ളപ്പോള്‍ ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ഇസ്ലാമിക വിധിപ്രകാരം വിവാഹമോചനം നേടാം. ഖുര്‍ആനിലെ  അല്‍-ബഖ്‌റ, അന്‍-നിസ തുടങ്ങിയ അധ്യായങ്ങളിലാണ് ഫസ്ഖ് സംബന്ധിച്ച വ്യക്തമാക്കുന്നത്. മധ്യസ്ഥരുടെ സാനിധ്യത്തില്‍  സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും മോചനം തേടി പുനര്‍ വിവാഹം ചെയ്യാമെന്നാണ് ഫസ്ഖ് പറയപ്പെടുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഡിസല്യൂഷന്‍ ഓഫ് മുസ്ലിം മ്യാരേജ് ആക്ട് -1939 അനുസരിച്ച് ഫസ്ഖ് ചെയ്യല്‍ മുസ്ലിം സ്ത്രീക്ക് അനുവദിനീയമല്ല. ശരീഅത്ത് നിയമത്തിന്‍മേലുള്ള കടന്നുകയറ്റമായി ഇതിനെ എന്തുകൊണ്ട് സമുദായനേത്യത്വം കാണുന്നില്ല.

       മുസ്ലിം സ്ത്രീകള്‍ വിവാഹമോചനം നേടണമെങ്കില്‍ കോടതിയെ സമീപിക്കുകയും വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ കോടതിയെ ബോധിപ്പിക്കുകയും വേണം. ശേഷം കോടതി തീരുമാന പ്രകാരം മാത്രമായിരിക്കും വിവാഹമോചനം സാധ്യമാകുക..അടുത്തകാലത്തായി മധ്യപ്രദേശിലെ ഇസ്ലാം ഹിക്ക്ഹ് അക്കാദമി സംഘടിപ്പിച്ച സെമിനാറില്‍ മതപണ്ഡിതര്‍ മുസ്ലിം സ്ത്രീക്കും പുരുഷനെപോലെ വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഏതു രീതിയില്‍ എന്നതിനെ കുറിച്ച് ഒരു ചര്‍ച്ചകളും ഉയര്‍ന്നില്ല.


മുസ്ലിം സമുദായത്തിലെ പുരുഷനെ പോലെ അനുവദിനീയമായ വിവാഹമോചനം നേടാന്‍ സ്ത്രീക്ക് കഴിയാതെ വരുന്നതിലെ നിയമപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്ന് പലരും അജ്ഞരാണ്. അതുകൊണ്ടാണ് പലപ്പോഴും ഫസ്ഖ് പരസ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണം. വിവാഹമോചനം നടത്തിയെന്നത് പൊതുസമൂഹത്തെ അറിയിക്കുക എന്നതിനപ്പുറം ഈ പരസ്യങ്ങള്‍ക്ക് മറ്റ് മൂല്യമൊന്നും തന്നെയില്ല. ചിലര്‍ നിയമപ്രകാരം വിവാഹമോചനം നേടിയാലും സംത്യപ്തിക്ക് വേണ്ടി ഇസ്ലാമിക രീതിയില്‍ വിവാഹമോചനം നേടുന്നതിനായാണ് ഫസ്ഖ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് നിയമരംഗത്തുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. നിയമത്തിന്റെ മാര്‍ഗത്തിലൂടെ വിവാഹമോചനം നേടുക എന്നതായിരിക്കും സ്ത്രീകളുടെ സുരക്ഷയ്ക്കും ജീവനാംശം സംബന്ധിച്ച മറ്റ് കാര്യങ്ങള്‍ക്കും ഉചിതമെന്ന വാദമുയരുന്നുണ്ട്.എന്നാല്‍ മുസ്ലിം സ്ത്രീക്ക് ശരീഅത്ത് നല്‍കിയിരിക്കുന്ന  അവകാശം അനുവദിക്കാതിരിക്കുകയും ഇവിടെ അവകാശങ്ങള്‍ പുരുഷന് മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു.

         യഥാര്‍ത്ഥത്തില്‍ ഏറ്റവുമധികം മാനുഷിക പരിഗണനയുള്ള നീതിയുക്തമായ വിവാഹമോചന രീതിയാണ് ഇസ്ലാമില്‍ നിലവിലുള്ളത്. വിവാഹമോചനം തീരുമാനിക്കുന്നതിന് മുമ്പ് മറ്റ് പലശ്രമങ്ങളും നടത്തേണ്ടതുണ്ട്. ദാമ്പത്യ ജീവിതം ഒരുതരത്തിലും സാധ്യമാകില്ലെന്ന് ഭാര്യയും ഭര്‍ത്താവും തീരുമാനിച്ചാല്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ നിന്നെ വിവാഹമോചനം ചെയ്തിരിക്കുന്നുവെന്ന ഭര്‍ത്താവിന് പറയാം. അതുമുതല്‍ മൂന്ന് ആര്‍ത്തവ  ചക്രത്തിന്റെ കാലയളവാണ് കാത്തിരിപ്പ്, സ്ത്രീ ഗര്‍ഭിണിയല്ല എന്നുറപ്പാക്കുന്നതിനു കൂടിയാണ്. സ്ത്രീ ഗര്‍ഭിണിയാണെന്ന വ്യക്തമായാല്‍ ഗര്‍ഭകാലം കഴിയുന്നത് വരെ വിവാഹമോചനത്തിന് കാത്തുനില്‍ക്കണം. വിവാഹമോചനത്തിന് മുമ്പുള്ള ഈ കാത്തിരിപ്പിന്റെ കാലയളവില്‍ (ഗര്‍ഭിണിയാണെങ്കിലും അല്ലെങ്കിലും ) അവള്‍ക്കുവേണ്ട ഭക്ഷണം, വസ്ത്രം, താമസം എന്നിവ എപ്രകാരമായിരുന്നോ അതുപോലെ തന്നെ നല്‍കണം.പ്രസവാനന്തരമുള്ള വിവാഹമോചനത്തിന് കുട്ടിക്കും സ്ത്രീക്കും ഭര്‍ത്താവ് ചെലവ് നല്‍കണം.  മുലകുടി പ്രായത്തിന് ശേഷവും കുട്ടിക്ക് സ്വന്തമായി ജീവിക്കാവുന്ന അവസ്ഥവരെ പിതാവാണ് സംരക്ഷണം നല്‍കേണ്ടത്. ഇത്തരത്തില്‍ നിബന്ധനകള്‍ പലതുമുണ്ടെങ്കിലും അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല.വീട്ടിലിരുന്ന് എസ്.എം.എസ് വഴിയോ ഇ-മെയില്‍ വഴിയോ ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ മുസ്ലിം പുരുഷന് കഴിയുന്നു. എന്നാല്‍ മുസ്ലിം സ്ത്രീയെ സംബന്ധിച്ച എത്ര ക്രൂരനായ ഭര്‍ത്താവാണെങ്കിലും അയാളെ ഉപേക്ഷിക്കണമെങ്കില്‍ കോടതിയെ സമീപിക്കണം.മജിസ്‌ട്രേറ്റിനെ കാര്യങ്ങള്‍ ബോധിപ്പിക്കണം, കോടതി നടപടികള്‍ പൂര്‍ത്തിയാക്കണം.  ഇന്ത്യന്‍ നിയമമോ ശരീഅത്ത് നിയമമോ സ്ത്രീകളുടെ വിവാഹമോചനത്തിന് നിലവിലെ അവസ്ഥയില്‍ ഉത്തമമെന്നത് ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടതാണ്.  ശരീഅത്ത് നിയമത്തിന്റെ പിന്‍ബലത്തില്‍ ' ത്വലാഖ് ' എന്ന സമ്പ്രദായത്തെ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഫസ്ഖ്' കോടതി മുറിക്കുള്ളിലാക്കുകയും  'ത്വലാഖും' ഇഷ്ടാനുസരണം നടത്തുകയും ചെയ്യുന്നു.

                ''ദമ്പതികള്‍ തമ്മില്‍ ഭിന്നിച്ചുപോകുമെന്ന നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആളുകളില്‍ നിന്നും ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനേയും നിങ്ങള്‍ നിയോഗിക്കുക, ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്'' ( സൂറത്ത് നിസാഅ് -35). ഈ ഖൂര്‍ആന്‍ വചനത്തെയൊക്കെ മറികടന്ന തന്നിഷ്ടപ്രകാരം നടത്തുന്ന ത്വലാഖുകളെ ഇവിടെ നിയന്ത്രിക്കാന്‍ കഴിയാത്തതെ പോകുന്നു. ഈ അടുത്തിടെ  വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഖാദിമാര്‍ക്ക് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി വന്നിട്ടുണ്ട്.  തമിഴ്‌നാട് വഖഫ് ബോര്‍ഡ് മുന്‍ അധ്യക്ഷയും മുന്‍ എം.എല്‍.എയുമായ അഡ്വ.ഖദര്‍ സെയ്താ ഹരജി നല്‍കിയത്. മറ്റു മതങ്ങളിലെ സ്ത്രീകള്‍ക്ക് ഏകപക്ഷീയവും അനിയന്ത്രിതവുമായ വിവാഹമോചനങ്ങളില്‍ നിന്ന നിയമപരിരക്ഷ ലഭിക്കുന്നെണ്ടെന്നും മുസ്ലിം സ്ത്രീക്കും അതുവേണമെന്നുമായിരുന്നു അവരുടെ ആവശ്യം.കോടതിയുടെ പരിഗണനയിലാണ് ഈ വിഷയം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള ഹൈക്കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയപ്പോള്‍ തന്നെ അതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍  ഇസ്ലാമിക ശരീഅത്ത് ഉറപ്പു നല്‍കുന്ന അവകാശം ലഭിക്കാത്ത 'ഫസ്ഖ്' നെ ചൊല്ലി ഇന്നുവരെയും ഒരു പ്രതിഷേധവും ഉയര്‍ന്നിട്ടില്ല.

       ഡിസൊല്യൂഷന്‍ ഓഫ് മുസ്ലിം മാര്യേജ് ആക്ട് 1939 പ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനം നേടാനാവുന്നത് ചില പ്രത്യേക വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ്. നാല് വര്‍ഷത്തില്‍ കൂടുതല്‍ ഭര്‍ത്താവിനെ സംബന്ധിച്ച് വിവരമില്ലാതിരിക്കുക, രണ്ട് വര്‍ഷത്തിലധികമായി ചിലവിന് നല്‍കാതിരിക്കുക, മുസ്ലിം ഫാമില ലോ ഓഡിനന്‍സ് 1961 ലെ വ്യവസ്ഥകള്‍ക്ക് വിഭിന്നമായി ഭര്‍ത്തിവിന് വേറെ ഭാര്യയുണ്ടായിരിക്കുക, ഏഴു വര്‍ഷത്തില്‍ കൂടുതല്‍ തടവ് അനുഭവിക്കുക, കുടുംബപമായ ബാധ്യതകള്‍ നിറവേറ്റാന്‍ ഭര്‍ത്താവിന് കഴിയാതിരിക്കുക, മാരക രോഗങ്ങള്‍ പിടിപെടുക, ഭര്‍ത്താവില്‍ നിന്ന ക്രൂരതയനുഭവിക്കുക തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് ഭാര്യയ്ക്ക് വിവാഹമോചനം നേടാവുന്നതാണ്.  പ്രായപൂര്‍ത്തിയാകാതെ വിവാഹിതയായ പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ക്ക് 18 വയസ് തികയുമ്പോള്‍ വിവാഹം വേണ്ടെന്ന വെയ്ക്കാനും നിയമം അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം വ്യവസ്ഥകള്‍ക്ക് വിധേയമായി അവള്‍ കോടതിയെ സമീപിക്കുകയും ജഡ്ജിയെ കാരണം ബോധിപ്പിക്കുകയും വേണമെന്നാണ് മുസ്ലിം വിവാഹമോചന നിയമം പറയുന്നത്.

                 വിവാഹപ്രായം നിജപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകളില്‍ ഉരുതിരിഞ്ഞു വരുന്നത് ഇത് ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്ന രീതിയിലാണ്. എങ്കില്‍ വിവാഹം ചെയ്തയക്കാന്‍ തിടുക്കപ്പെടുന്നവര്‍ പല സാഹചര്യങ്ങള്‍കൊണ്ടും വിവാഹ കെണിയില്‍ അകപ്പെട്ടുപോയ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് രക്ഷപെടുന്നതിനായി ശരീഅത്ത് അനുവദിച്ച 'ഫസ്ഖ്' പ്രാബല്യത്തില്‍ വരുത്തുകയും ശരീഅത്തിന് വിരുദ്ധമായി വിവാഹമോചനം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് വേണ്ടിയിരുന്നത്.  അറബി കല്യാണം, മൈസൂര്‍ കല്യാണം തുടങ്ങിയ വിവിധ പേരുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ പല ചതിക്കുഴികളിലും പെട്ട് പോകുന്നുണ്ട്. ഇതില്‍ നിന്ന് ഇസ്ലാം അനുവദിക്കുന്ന രീതിയിലുള്ള മോചനം അവര്‍ക്ക് ലഭ്യമാക്കേണ്ട ബാധ്യത മുസ്ലിം സമുദായ നേത്യത്വത്തിനുണ്ട്. പലപ്പോഴും ഇത്തരക്കാര്‍ക്ക് കോടതിയെ ആശ്രയിക്കാന്‍ കഴിയാതെ വരികയും ചെയ്യും.  ശരീഅത്ത് നിയമം പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കുന്ന രാജ്യത്ത്  സ്ത്രീക്കും പുരുഷനും വിവേചനമില്ലാതെ നീതി നടപ്പാക്കി കിട്ടുന്നു.എന്നാല്‍ ഇന്ത്യയില്‍ മുസ്ലിം സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാനും ചിലര്‍ക്ക് മുതലെടുപ്പ് നടത്താനും കഴിയുന്നതിന്റെ കാരണം ശരീഅത്തിന് പകരം അപൂര്‍ണമായി നടപ്പാക്കുന്ന വ്യക്തി നിയമങ്ങളാണ്.

    കൊല്ലത്ത് അടുത്തകാലത്തായി ഫസ്ഖ് നടത്തിയതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിക്കെതിരെ പോലിസ് കേസെടുത്തു. കേസ് കോടതിയിലെത്തിയെങ്കിലും കോടതിയും പെണ്‍കുട്ടിയുടെ ഫസ്ഖിനെ അംഗീകരിച്ചില്ല. പത്രപരസ്യം നല്‍കി മഹല്ലില്‍ അറിയിച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹമോചനം നടത്തിയ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു. എന്നാല്‍ ഫസ്ഖ് ഇന്ത്യയില്‍ അനുവദിനീയമല്ലെന്നും ആദ്യ ഭര്‍ത്താവുള്ളപ്പോള്‍ രണ്ടാമതൊരാളെ വിവാഹം ചെയ്തതിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തത്. രണ്ടാം വിവാഹത്തിന്റെ മഹല്ല് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് രജിസ്‌ട്രേഷനും വിവാഹസര്‍ട്ടിഫിക്കറ്റും റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ പെണ്‍കുട്ടി സമര്‍പിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. ശൈശവ വിവാഹത്തിന്റെ പേരില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന ആവശ്യപ്പെടുന്നവര്‍ എന്തുകൊണ്ട് ഫസ്ഖ് ചെയ്‌തെന്ന പേരില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ കേസെടുക്കരുതെന്ന ആവശ്യപ്പെടുന്നില്ല. ?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...