2013, നവംബർ 27, ബുധനാഴ്‌ച

അമ്മാമ്മക്ക് ഇപ്പോള്‍ ആണുങ്ങളുടെ മുഖത്ത് നോക്കാന്‍ തന്നെ പേടിയാ

അമ്മൂമ്മ പ്രസ്സ്‌ ക്ലബില്‍ നിന്നും ഇറങ്ങുന്നു  
''അമ്മാമ്മക്ക് ഇത്രേ പറയാനുള്ളൂ.. അമ്മാമ്മയെ ഒരുത്തന്‍ വേണ്ടാത്തതൊക്കെ ചെയ്തു.   അമ്മാമ്മയെ ഈ നിലക്ക് ആക്കിയ അവനെ ജയിലില്‍ നിന്നും വിടരുത്.അമ്മാമ്മയെ നിങ്ങള് കണ്ടില്ലേ ?  അമ്മാമ്മയുടെ മക്കള് അതിനു വേണ്ടി എഴുതണം.''  കഴിഞ്ഞ മാസം ഒല്ലൂര്‍ അഞ്ചേരിയില്‍ ലൈംഗിക പീഡനത്തിനു ശേഷം വഴിവക്കില്‍ അവശ നിലയില്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധയുടെതാന് ഈ വാക്കുകള്‍. 

ചൊവ്വാഴ്ച എറണാകുളം പ്രസ്സ് ക്ലബിന്റെ ചവിട്ടു പടികള്‍ താണ്ടി പ്രസ്സ് മീറ്റ് നടക്കുന്ന ഹാളില്‍ എത്തിയ അമ്മൂമ്മയെ കണ്ടവരെല്ലാം ഞെട്ടി.   
തല മുഴുവന്‍ കുമ്പളങ്ങ പോലെ നരച്ച ഒരമ്മൂമ്മ .
ആരോ കൊടുത്ത ഒരു മാക്‌സിയാണ് വേഷം. അരയില്‍ ഒരു ചരട് കൊണ്ട് അത് കെട്ടി വച്ചിട്ടുണ്ട്. പത്ര സമ്മേളനത്തിലേക്ക് കയറി വന്ന ഒരു വനിതാ ജേണലിസ്റ്റും അമ്മൂമ്മയെ ഇപ്പോള്‍ പരിപാലിക്കുന്ന സ്ത്രീയും ആ പടുവൃദ്ധയെ താങ്ങി പിടിച്ചാണ് കയറ്റി കൊണ്ട് വന്നത്. 


' അമ്മാമ്മ പത്രമൊക്കെ വായിച്ചു കേള്‍ക്കാറുണ്ട്. അതാ ഇവിടെ വരണമെന്ന് തോന്നിയത്. '' അങ്ങനെ പറഞ്ഞാണ് അമ്മൂമ്മ സംസാരം തുടങ്ങിയത് .  

''അമ്മാമ്മക്ക് ആരുമില്ല്യ . അപ്പാപ്പന്‍ ( ഭര്‍ത്താവ് ) പട്ടാളക്കാരന്‍ ആയിരുന്നു. കൊല്ലം കുറെ മുന്‍പ് കാന്‍സര്‍ പിടിച്ചു മരിച്ചു. അമ്മാമ്മക്ക് മക്കളുമില്ല്യ. ഈ പ്രായത്തില്‍  അധ്വാനിക്കാന്‍ ആവതില്ല. പലരോടും സഹായം ചോദിക്കും.  ആരെങ്കിലുമൊക്കെ എന്തെങ്കിലും തിന്നാന്‍ തരും. അങ്ങനെയുള്ള അമ്മാമ്മയോടാണ് ആ പരമ ദുഷ്ട പിശാച് ഈ ദുഷ്ടത്തരം കാണിച്ചത്. അവനുള്ള ശിക്ഷ ദൈവം കൊടുക്കും''  അമ്മൂമ്മക്ക് സങ്കടം തീരുന്നില്ല.  
ഒക്ടോബര്‍ പത്തിന് വൈകുന്നേരമാണ്   വൃദ്ധയെ കഞ്ചാവിന്റെ ലഹരിയിലായിരുന്ന കാച്ചേരി കൊള്ളന്നൂര്‍ വീട്ടില്‍   വിത്സണ്‍ (50) ലൈംഗിക പീഡനത്തിനു ഇരയാക്കിയത്.  പള്ളിയിലേക്ക് പോകും വഴി പലപ്പോഴും സഹായം ചോദിച്ച് വൃദ്ധ വില്‍സന്‍ അടക്കമുള്ള ആളുകളുടെ വീടുകളില്‍ അവര്‍ പോകാറുണ്ട്. സംഭവം നടന്ന ദിവസം വിത്സണ്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന് അസുഖം ആയതിനാല്‍ ഭാര്യ ആ വീട്ടില്‍ പോയിരുന്നു. ഭക്ഷണം തരാം എന്ന് പറഞ്ഞ് വൃദ്ധയെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി
വില്‍സന്‍ 
പീഡിപ്പിക്കുകയായിരുന്നു.  എതിര്‍ത്ത വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച വിത്സണ്‍ ശബ്ദം പുറത്തു പോകാതിരിക്കാന്‍ വൃദ്ധയുടെ വായില്‍ തുണി തിരുകി. ആക്രമണത്തില്‍ നെറ്റിയില്‍ ആഴത്തില്‍ മുറിവ് പറ്റിയ വൃദ്ധയുടെ ബോധം നശിച്ചു. ലൈംഗിക പീഡനത്തിനു  ശേഷം തോര്‍ത്ത് മുണ്ട് കഴുത്തില്‍ ചുറ്റി കൊല്ലാനും ശ്രമിച്ചു. പിന്നീട് വൃദ്ധയെ വലിച്ചിഴച്ചു വഴിയില്‍ കൊണ്ടിട്ടു. വിവസ്ത്രയായി വഴിയരികില്‍ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വിത്സണ്‍ ഇപ്പോള്‍ വിയ്യൂര്‍  ജയിലില്‍ റിമാന്റിലാണ്

''പത്രത്തില്‍  കുട്ടികളെ വേണ്ടാത്തതൊക്കെ  ചെയ്തതൊക്കെ കേള്‍ക്കാറുണ്ട്. അങ്ങനെയുള്ളവരെയൊന്നും വെറുതെ വിടരുത്. '' എറണാകുളം ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സയില്‍ കഴിഞ്ഞിരുന്ന അവര്‍ ആശുപത്രി വിട്ട ശേഷമാണ് എറണാകുളം പ്രസ് ക്ലബില്‍ എത്തിയത്. അപകടത്തിനു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കിടത്തി ചികില്‍സയില്‍ കഴിഞ്ഞിരുന്ന വൃദ്ധയുടെ പരിപാലനം ഏറ്റെടുത്ത സന്നദ്ധ പ്രവര്‍ത്തക   കൂടുതല്‍ പരിചരണം നല്‍കുന്നതിന് എറണാകുളത്തു എത്തിക്കുകയായിരുന്നു. 

സങ്കടം കുറെ പറഞ്ഞ് കഴിഞ്ഞപ്പോള്‍ അമ്മൂമ്മ പോകാനൊരുങ്ങി . കുത്തിപ്പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അമ്മൂമ്മ പറഞ്ഞു ''മക്കളെ ഈ വയസ്സാംകാലത്ത് അമ്മാമ്മക്ക് ഇപ്പോള്‍ ആണുങ്ങളുടെ മുഖത്ത് നോക്കാന്‍ തന്നെ പേടിയാകുന്നു'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...