2013, നവംബർ 18, തിങ്കളാഴ്‌ച

മൂത്രവള്ളിയും നക്ഷത്രവും
പണ്ട് പണ്ടുള്ള കഥയാണ്‌.
ഒരിടത്തൊരിടത്ത് പുല്ലാനിക്കാട്‌ എന്നൊരു നാടുണ്ടായിരുന്നു. ( ഇപ്പോഴും ഉണ്ട് തൃശൂര്‍ വടക്കാഞ്ചേരി റെയില്‍വെ ഗേറ്റിനും വടക്കാഞ്ചേരി പള്ളിക്കും ഇടയിലുള്ള സ്ഥലം ) . അവിടെ അപ്പച്ചന്റെ രാജകുമാരന്‍ ആയ ഒരു കുട്ടിയുണ്ടായിരുന്നു. സ്നേഹം കൂടുതലായിട്ടു അവനെ പാഞ്ചി എന്നാണു എല്ലാവരും വിളിച്ചിരുന്നത്‌. പാഞ്ചിക്ക്  ഒരു ചേച്ചിയും ചേട്ടനും ഉണ്ടായിരുന്നു. അവരെല്ലാവരും മിണ്ടിയാല്‍ ഉടനെ ഒരു ക്രിക്കറ്റ്‌ ബാറ്റും എടുത്തു സച്ചിനും കാംബ്ലിയും കളിക്കുമായിരുന്നു.  അങ്ങനെ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ രണ്ടു തവണ ബാറ്റ് ചെയ്‌താല്‍ , രണ്ടു തവണ ബൌള്‍ ചെയ്‌താല്‍ അവന്‍ ഉടനെ സുല്ല് എന്ന് പറഞ്ഞിട്ട് സീക്കോയുടെ മാവിന്റെ ചുവട്ടിലും പേര മരത്തിന്റെ ചുവട്ടിലും രണ്ടു തുള്ളി മൂത്രമൊഴിച്ചു വന്നു നിക്കും.

അതെ , മിനുട്ടിന് മിനുടിനു മൂത്രമൊഴിക്കുന്ന  കുട്ടി.

ഇത് വായിച്ചു വന്നാല്‍ നിങ്ങളൊക്കെ രസിക്കും. പക്ഷെ, ഇത്തവണ ഞാന്‍ വീട്ടില്‍ പോയാല്‍ മിക്കവാറും എന്റെ അനിയന്‍ എന്നെ എടുത്തിട്ട് പെരുമാറും .കാരണം കഥയിലെ രാജകുമാരന്‍ എന്റെ ഒരു അനിയനാണ്.
അവന്റെ ചേച്ചി ഞാനും. സത്യത്തില്‍ ഈ കഥയില്‍ എനിക്ക് വലിയ റോള്‍ ഇല്ല.  എന്നാല്‍ ഞാന്‍ ഇല്ലാതെ കഥ മുന്നോട്ടു പോകുകയുമില്ല.


അന്നൊരു  അവധിയാണ്. സീക്കോയുടെ മുറ്റത്ത്‌ ഞാനും സീക്കോയും ജോബി ചേട്ടനും ജിന്റോയും പാഞ്ചിയും ക്രിക്കറ്റ് കളിക്കുകയാണ്. പാഞ്ചിക്ക് അന്ന് നാലോ അഞ്ചോ വയസു വരും. അവനു മിനുടിനു മിനുടിനു മൂത്രം ഒഴിക്കണം. സീകൊയുടെ ചേച്ചി സിജി ചേച്ചി ചോദിക്കും- നിനക്കെന്താടാ മൂത്ര വള്ളി പൊട്ടിയോ?? എന്ന് .
(ചിരിച്ചു ചിരിച്ചു ബോധം പോകുന്ന വിധം ചിരിച്ചാല്‍ 'ചിരി വള്ളി പൊട്ടിയോ ' എന്ന് ഒരു ചോദ്യം തൃശ്ശൂര്‍കാര്‍ക്കിടയില്‍  ഉണ്ട്. അതിന്റെ പാരഡി പോലെയാണ് ഈ ചോദ്യവും. )

ബാറ്റിന്റെ ഉടമസ്ഥനായ സീക്കോ തന്നെയാണ് കമന്‍റെറ്റര്‍. ബൌള്‍ ചെയ്യുന്നതിനും ഫീല്‍ഡ്‌ ചെയ്യുന്നതിനുമോപ്പം കമന്ററി പറഞ്ഞു കൊണ്ടിരിക്കും.  രണ്ടോ മൂന്നോ തവണ ബാറ്റ് വീശിയാല്‍ സച്ചിന്‍ പാഞ്ചി സുല്ല് പറയും. ഉടനെ കമന്‍റെറ്റര്‍ കമന്ററിക്കും സുല്ലിടും. പാഞ്ചി മൂത്രമൊഴിക്കുന്ന സമയത്ത് കമന്ററിക്കാരന്‍ സാങ്കല്‍പ്പിക  പെപ്സികുപ്പികള്‍ കൊണ്ട് വരും. അത് എല്ലാവരും സാങ്കല്‍പ്പിക കുടിക്കല്‍ നടത്തും . അന്നത്തെ കാലത്ത് പെപ്സി കൊണ്ട് വരുന്ന വാഹനം എല്ലാ ക്രിക്കറ്റ് മാച്ചിലും ടിവി യില്‍ കാണാം. ഞങ്ങള്‍ കുടിച്ചു തീരുമ്പോഴേക്കും പാഞ്ചി ഓടി വന്നു കുപ്പി വാങ്ങി കുടിക്കും. അപ്പോള്‍ സിജി ചേച്ചി വിളിച്ചു പറയും- എടാ സീക്കോ, നീ പാഞ്ചിക്ക് പെപ്സി എപ്പോഴും കൊടുത്തിട്ടാ അവന്‍ ഏതു നേരവും മൂത്രം ഒഴിക്കുന്നത് ' എന്ന് . ഞങ്ങള്‍ അത് മൈന്‍ഡ് ചെയ്യാതെ വീണ്ടും കുടിക്കും,  ബബിള്‍ ഗം  കിട്ടനില്ലാത്തത് കൊണ്ട് പകരം കുറച്ചു ഗോതമ്പ് എടുത്തു വായിലിട്ടു ചവച്ചു നില്‍ക്കും.

അങ്ങനെ എല്ലാ ദിവസവും മൂത്രം ഒഴിക്കുന്ന കുട്ടി അന്ന് മൂത്രമോഴിക്കുന്നില്ല. ആറേഴു തവണ ബാറ്റു വീശി കഴിഞ്ഞപ്പോള്‍ ബൌളര്‍ ആയ കമന്റെറ്റര്‍ കമന്ടറിയും എറിയലും നിറുത്തി സച്ചിന്‍ പാഞ്ചിക്ക് സമയം അനുവദിച്ചു. പക്ഷെ, പാഞ്ചി പോയില്ല. വീണ്ടും ബാറ്റ്‌ ചെയ്യാന്‍ തുടങ്ങി. ഓരോ ഏറു കഴിയുമ്പോഴും പാഞ്ചി ഇടവേള ആവശ്യപ്പെടുമെന്ന് എല്ലാവരും കരുതി. പാഞ്ചി പോയില്ല. ഒടുവില്‍ ഓഡിയന്‍സ് ഗാലറിയില്‍ ഉണ്ടായിരുന്ന സിജി ചേച്ചി ചോദിച്ചു- ''എടാ പാഞ്ചി നിനക്ക് മൂത്രം ഒഴിക്കണ്ടേ ''??
എല്ലാവരും അവന്റെ മുഖത്ത് നോക്കി. അവന്‍ പറഞ്ഞു- മൂത്രം വരണില്ല..നിങ്ങള് കളിക്ക്''

അത് കേട്ടപ്പോള്‍ അപ്പുറത്തെ മുറ്റത്ത്‌ ഇരുന്നു പാത്രം കഴുകുന്ന അമ്മച്ചിയോട് സിജി ചേച്ചി വിളിച്ചു പറഞ്ഞു- ഷേര്‍ള്യെച്യെ ഈ ചെക്കന്‍ മൂത്രം ഒഴിക്കണില്ലാ ട്ടാ ....അവനു മൂത്രം വരണില്ലെന്ന് ..''


അമ്മച്ചി തിരികെ പറഞ്ഞു- അവന്‍ ഒഴിചോളും
അത് കേട്ടപ്പോള്‍ എല്ലാവരും വീണ്ടും കളി തുടങ്ങി. പക്ഷെ എല്ലാവര്‍ക്കും സംശയം -ഇവനിതെന്ത് പറ്റി ??

ആദ്യം സീക്കോ ചെന്ന് ചോദിച്ചു. അവന്‍ എന്തോ പറഞ്ഞു സീക്കോയെ പറഞ്ഞു വിട്ടു. അടുത്തത് ജോബി ചേട്ടന്‍. പിന്നെ ഞാന്‍ -അവന്‍ എന്നോട് പറഞ്ഞു-  ട്യെ എനിക്ക് ശരിക്കും മൂത്രം വരണില്ല എന്ന്.

പറച്ചില്‍ കേട്ടപ്പോള്‍ എനിക്ക് എന്തോ പന്തികേട് തോന്നി
ഉടനെ ഞാന്‍ അപ്പച്ചന്‍ ഷേവ്‌ ചെയ്യാന്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഓടി . അപ്പച്ചന്‍ ഒരു കയ്യില്‍ ഷേവിംഗ് സെറ്റ് ,മറു കയ്യില്‍ കണ്ണാടി പിടിച്ചു അങ്ങനെ നില്‍ക്കുന്നു .''അപ്പച്ചാ കുറെ നേരമായി പാഞ്ചി മൂത്രം ഒഴിക്കുന്നില്ല. അല്ലെങ്കില്‍ എന്നും മൂത്ര വള്ളി  പൊട്ടിയ പോലെ മൂത്രം ഒഴിക്കുന്നവനാണ്. ''

എന്റെ മുഖഭാവം കണ്ടപ്പോള്‍ അപ്പച്ചന്‍ പാഞ്ചിയേ വിളിച്ചു . അടുത്ത് നിറുത്തി. എന്നിട്ട് ചോദിച്ചു .''അപ്പച്ചന്റെ മോന് എന്താ പറ്റിയത് ?''  ആ ചോദ്യം കേട്ടതും ടീച്ചറുടെ തല്ലു സ്കൂളില്‍ വച്ച് കിട്ടി, കരയാതെ , മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ വന്നു അമ്മയെ കെട്ടി പിടിച്ചു  ഏങ്ങലടിച്ചു കരയുന്ന കുട്ടികളെ പോലെ, പാഞ്ചി അപ്പച്ചന്റെ മുഖത്ത് നോക്കി കരയാനുള്ള പുറപ്പാട് ആരംഭിച്ചു .

അത് കണ്ടപ്പോള്‍ അപ്പച്ചന്‍ പേടിച്ചു. കുട്ടി കരയുമോ എന്ന് ആലോചിച്ചു അപ്പച്ചന് സങ്കടം വന്നു. ഉടനെ അപ്പച്ചന്‍ അമ്മച്ചിയെ നോക്കി കണ്ണുരുട്ടി- എന്നിട്ട് പറഞ്ഞു പാഞ്ചിയെ വേഗം ആശുപത്രിയില്‍ കൊണ്ട് പോക് എന്ന് പറഞ്ഞു. അമ്മച്ചി പറഞ്ഞു- അത് അടവാകും. പേടിക്കേണ്ട കാര്യമൊന്നുമില്ല. എന്ന് . അത് കേട്ടപ്പോള്‍ കാര്‍മേഘത്തില്‍ നിന്നും ആലിപ്പഴം കണക്കെ കണ്ണീര്‍ തുള്ളികള്‍ ഉരുണ്ടു വീണു, അത് കണ്ടപ്പോള്‍ അപ്പച്ചന്‍ ഹാലിളകി . 'ന്‍റെ കുട്ടിക്ക് എന്തേലും സംഭവിച്ചാല്‍ , നിന്നെ ഞാന്‍ കൊല്ലും ' എന്നായി അപ്പച്ചന്‍. അത് കേട്ടപ്പോള്‍ അമ്മച്ചി അവനെ വിളിച്ചു മാറ്റി നിറുത്തി. എന്നിട്ട് ചോദിച്ചു' എന്താ നിനക്ക് പറ്റിയത് 'എന്ന് .

അവന്‍ കാര്യം വീണ്ടും പറഞ്ഞു. അമ്മച്ചി അടവ് നയം സ്വീകരിച്ചു. എന്നിട്ടും അവന്‍ അത് തന്നെ പറഞ്ഞു. കുറച്ചു നേരം ചോദിച്ചു കഴിഞ്ഞപ്പോള്‍ അമ്മച്ചി തനി സ്വഭാവം പുറത്തെടുത്തു. കയ്യില്‍ കിട്ടുന്ന എന്തും എടുത്തു തല്ലാന്‍ ഓടി വരുന്നത് അമ്മച്ചിക്ക് ഒരു സ്റ്റൈല്‍ ആണ്. ഇത്തവണയും അത് സംഭവിച്ചു.  അമ്മച്ചി ഓലക്കീറു കയ്യില്‍ എടുത്തത്‌ കണ്ടപ്പോള്‍ രംഗം പന്തിയല്ലെന്നു പാഞ്ചി ക്ക് മനസിലായി . അവന്‍ പെട്ടെന്ന് ഓടി കളഞ്ഞു. എന്നിട്ട് പഞ്ചായത്ത് കിണറിന്റെ  അടുത്ത് പോയി നിന്നു. പിന്നെ നോക്കിയപ്പോള്‍ കള്ളനും പോലീസും കളിക്കുന്ന പോലെ അമ്മച്ചിയും പാഞ്ചിയും പഞ്ചായത്ത് കിണറിനു ചുറ്റും വട്ടമിട്ടു കളിക്കുകയാണ്.  കഥാ പുസ്തകത്തില്‍ ഡിങ്കാ രക്ഷിക്കണേ എന്ന് പറഞ്ഞു നിലവിളിക്കുന്നത്തു പോലെ അപ്പച്ചാ രക്ഷിക്കണേ എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു. അത് കേട്ടതും കേള്‍ക്കാത്തതും , അപ്പച്ചന്‍ പാഞ്ഞു വന്നു അവനെ അമ്മച്ചിയെന്ന പരുന്തില്‍ നിന്നും രക്ഷിച്ചു ചിറകിനകത്താക്കി . എന്നിട്ട് അമ്മച്ചിയോട് ഉറക്കെ പ്രഖ്യാപിച്ചു- ''നീ എന്റെ കുട്ടിയെ തല്ലിയാല്‍ ഞാന്‍ നിന്‍റെ മോന്ത ഷേയ്പാക്കും '' അപ്പച്ചന്റെ അടവായിരുന്നു ഇതെന്നു ഞങ്ങളറിഞ്ഞില്ല. അപ്പച്ചന്‍ അവനെ ചേര്‍ത്ത് നിറുത്തി പതുക്കെ ട്രൌസര്‍ ഊരിമാറ്റി തെങ്ങിന്റെ ചുവട്ടില്‍ നിറുത്തി. അപ്പച്ചന്റെ മോന്‍ മൂത്രമോഴിച്ചേ എന്ന് ആവശ്യപ്പെട്ടെങ്കിലും അവന്‍ നിസഹായനായി മൂത്ര വള്ളി പിടിച്ചു അതെ പടി നിന്നു.

അപ്പച്ചനും തോറ്റു. അങ്ങനെ അമ്മച്ചി തണുത്തുറഞ്ഞ് സാധാരണ താപ നിലയിലെത്തി. അമ്മച്ചി വേഗം പോയി സാരീ മാറി വന്നു. അവനു പുതിയ കുപ്പയങ്ങളില്‍ ഒരെണ്ണം എടുത്തു ധരിപ്പിച്ചു. ഓട്ടോ വിളിച്ചു ഓട്ടുപാറയിലെ താലൂക്ക്‌ ആശുപത്രിയില്‍ കൊണ്ട് പോയി.

അവിടെ ഓ.പിയില്‍ ഡോക്ടര്‍ ഇല്ല. ഡോക്ടര്‍ ഇല്ലേ സിസ്റ്ററെ എന്ന് ചോദിച്ചതിനു ഒരു നഴ്സ് ചൂടായി. ഇപ്പോഴാണോ രോഗിയെ കൊണ്ട് വരുന്നത് എന്ന് കടുപ്പത്തില്‍ ചോദിച്ചു. അമ്മച്ചി പറഞ്ഞു- ''ഇപ്പോഴാണ് രോഗം വന്നത്. ഇപ്പോള്‍ വരുമെന്ന് നേരത്തെ അറിഞ്ഞില്ല . ഉണ്ടെങ്കില്‍ നേരത്തെ കൊണ്ട് വന്നേനെ  ''.
ഇത് കേട്ടപ്പോള്‍ നഴ്സ് അടങ്ങി. എന്നിട്ട് ഡോകടര്‍ താമസിക്കുന്ന , ആശുപത്രിക്ക് പുറകിലുള്ള ക്വാര്‍ടെഴ്സിലെക്കുള്ള വഴി കാണിച്ചു തന്നു. ഒപി ടൈം ആണ്. മൂപ്പര്‍ ഇവിടെ ഒപ്പ് വച്ചിട്ട് അവിടെ ചെന്നിരുന്നു ക്ലിനിക്‌ കളിക്കുകയാണ്. നഴ്സുമാര്‍ ഒപ്പാരം.

അങ്ങനെ അമ്മച്ചി അവനെയും കൂട്ടി ഡോക്ടര്‍ ഇരിക്കുന്ന ക്ലിനിക്കില്‍ എത്തി.

ഡോക്ടര്‍ - എന്താ അസുഖം ??

അമ്മച്ചി - കുട്ടി മൂത്രമൊഴിക്കുന്നില്ല ഡോക്ടര്‍ . അല്ലെങ്കില്‍ എപ്പോഴും ഒഴിക്കുന്നവനാണ്.

ഡോക്ടര്‍ അവനെ മേശയില്‍ കേറ്റികിടത്തി. എന്നിട്ട് വയറില്‍ പലയിടത്തു പിടിച്ചു നോക്കി. എല്ലാം പരിശോധിച്ചു കഴിഞ്ഞപ്പോള്‍    ഡോക്ടര്‍ ആക്രോശിച്ചു. ''നിങ്ങളൊരു അമ്മയാണോ ? ഇങ്ങനെയാണോ കുട്ടികളെ വളര്‍ത്തുന്നത് ?ഇങ്ങനെയാണോ ആണ്‍ കുട്ടികളെ കുളിപ്പിക്കുക /??

അമ്മചി അന്ധാളിച്ചു.

ഡോക്ടര്‍ തുടരുകയാണ്--''പഴുപ്പ്  കേറിയിട്ടുണ്ട്‌. കിഡ്നിക്കും കുഴപ്പമുണ്ട്'

അത് കേട്ടപ്പോള്‍ അമ്മച്ചി പേടിച്ചു വിറച്ചു.

ഡോക്ടര്‍  വീണ്ടും- ''മൂത്രം പരിശോധിക്കണം .എഴുതിയിട്ടുണ്ട് .ഉടനെ റിസള്‍ട്ട് കൊണ്ട് വന്നു കാണിക്ക്, പിന്നെ സുന്നത്തും ചെയ്യേണ്ടി വരും  ''

അമ്മച്ചി നിസഹായാവസ്ഥയിലായി.
''അല്ല ഡോക്ടറെ , അവന്‍ മൂത്രമോഴിക്കുന്നില്ല എന്നതാണ് രോഗം. അപ്പൊ പിന്നെ എങ്ങനെയാ മൂത്രം പരിശോധിക്കുക ??

''എങ്ങനെയും മൂത്രം എടുത്തേ പറ്റൂ എന്നായി ഡോക്ടര്‍ .

അമ്മച്ചി മകനെയും വിളിച്ചു പുറത്തിറങ്ങി.

ഒരു കൂള്‍ ഡ്രിങ്ക്സ് കടയുടെ  മുന്നില്‍ ചെന്ന് നിന്ന് അവനു നാരങ്ങാ സര്‍ബത്ത് ഓഫര്‍ ചെയ്തു. അമ്മച്ചിയുടെ മോനല്ലേ രണ്ടു തുള്ളി ഒഴിച്ചാല്‍ മതി എന്ന് അമ്മച്ചി.  അത് കുടിച്ചാലും വരില്ലെന്ന് അവന്‍. പിന്നെ മോനെന്താ വേണ്ടേ ന്നു അടുത്ത ചോദ്യം.  അപ്പോള്‍ അവന്റെ ഡയലോഗ് -''പുലിക്കോടന്‍മാരുടെ   കടയില്‍ ജിന്റോയും ജിഷയും ഒരു സ്വര്‍ണ നിറത്തിലുള്ള നക്ഷത്രം കണ്ടു വച്ചിട്ടുണ്ട്. അത് വാങ്ങി തന്നാല്‍ മൂത്രമൊഴിക്കാം ''


ഹമ്പട !

അമ്മച്ചി സമ്മതിച്ചു.  അതിന്റെ ഫ്ലാഷ് ബാക്ക് കൂടി കേള്‍ക്കണം


അതൊരു ക്രിസ്മസ് കാലം ആയിരുന്നു.

മഞ്ഞില്‍ കുളിര് കോരുന്ന ഒരു കാലം. ഡിസംബര്‍ ഒന്നാം തിയതി ആകുമ്പോഴേ ഞങ്ങളുടെ വീട് നില്‍ക്കുന്ന അങ്ങാടിയില്‍ ( അങ്ങാടീ ന്നു പറഞ്ഞാ തൃശ്ശൂര്‍ക്കാര്‍ക്ക് ഹൌസിംഗ് കോളനി എന്ന് വിവക്ഷ) എല്ലാ വീട്ടിലും ഉമ്മറത്ത്‌ ( Sit Out) ഭംഗിയുള്ള നക്ഷത്രങ്ങള്‍ തൂക്കിയിടും. എന്നും രാവിലെ സൈക്കിളില്‍   ഈയുള്ളവള്‍ പശൂമ്പാല് നിറച്ച കുപ്പി കൊടുക്കാന്‍ മിക്ക വീട്ടിലും പോകുമ്പോള്‍ , ദാ, മ്മടെ നക്ഷത്രം എന്നെ നോക്കി കണ്ണിറുക്കും. നിന്നെക്കാള്‍ സുന്ദരിയായ  ഒരെണ്ണത്തിനെ  എന്റെ വീട്ടില്‍ കൊണ്ട് വരും എന്ന് വെല്ലു വിളിച്ചാണ് ഞാന്‍ എല്ലാ വീട്ടില്‍ നിന്നും ഇറങ്ങി പോരുന്നത്.
വീട്ടിലെത്തിയാല്‍ രണ്ടു അനിയന്മാരെയും വിളിച്ചു കൂട്ടി ഞങ്ങള്‍ പാര്‍ട്ടി സമ്മേളനം നടത്തും. താത്വികമായ വിശകലനവും പരിപൂര്‍ണതക്ക് വേണ്ടിയുള്ള സമരസപ്പെടലുകളും നടക്കും.

അമ്മച്ചിയെയും അപ്പച്ചനെയും എങ്ങനെ ഞങ്ങളുടെ വഴിയെ കൊണ്ടുവരാം എന്നാണു പ്രധാന ആലോചന. പഞ്ചായത്ത് കിണറിനു മുന്നിലെ വീട്ടില്‍ താമസിക്കുന്ന ചിറ്റിലപ്പിള്ളി ജോര്‍ജ്ജേട്ടന്‍ തമിഴ്നാട്ടില്‍ നിന്നും കൊണ്ട് വന്ന പ്ലാസ്റ്റിക്‌ കൊണ്ടുള്ള നക്ഷത്രത്തോട് അങ്ങാടിയിലെ എല്ലാ കുട്ടികള്‍ക്കും ആരാധനയായിരുന്നു. അങ്ങനെ പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച നക്ഷത്രം അക്കാലത്തു  കേരളത്തില്‍ ലഭ്യമല്ലായിരുന്നു. അവിടെ ഉള്ള സിനോജ് ഇന്ന്  നക്ഷത്ര നഗരമായ സിംഗപ്പൂരില്‍ ..അവന്റെ ഒരു ഭാഗ്യം ! എല്ലാ ദിവസവും രാവിലെ ആ നക്ഷത്രത്തിന് മേല്‍ ഒന്ന് തൊട്ടു തലോടിയാണ് ഞാന്‍ ഇറങ്ങി വരുന്നത്. അങ്ങനെയോരെണ്ണം ഒരു കൊല്ലം കഴിഞ്ഞപ്പോള്‍  തൊട്ടടുത്ത വീട്ടിലെ സീക്കോ അലോഷ്യസും വാങ്ങി. സീക്കോയുടെ പപ്പ, ഞങ്ങള്‍  എല്ലാവരും പപ്പ എന്ന് വിളിക്കുന്ന അലോഷ്യസ്‌ എന്ന ലൂവീസേട്ടന്‍ എവിടെ നിന്നാണാവോ  അത് വാങ്ങിയത്? എന്തായാലും കുന്നംകുളത്തു നിന്നാകില്ല.

ഞങ്ങളുടെ സ്വന്തം ആപ്ചന്‍ എന്ന് വിളിക്കപ്പെടുന്ന അപ്പച്ചന്‍ ഞങ്ങളുടെ നക്ഷത്ര മോഹങ്ങളെ സഫലമാക്കുന്നത് ക്രിസ്മസ് ദിനത്തിന് മുന്‍പുള്ള പത്തു ദിവസം മുന്‍പാണ്. വേണമെങ്കില്‍ സുന്ദര സ്വപ്നങ്ങള്‍ക്ക് അപ്പച്ചന്‍ ആപ്പ് വച്ചെന്നും പറയാം. ഒട്ടുപാറയിലെ കടകളില്‍ കുന്നംകുളത്ത് നിന്ന് കൊണ്ട് വരുന്ന കടലാസ് കൊണ്ടുണ്ടാക്കിയ ഒരു നക്ഷത്രം. കാറ്റടിച്ചാല്‍ ത്ഫൂ എന്ന് കീറി പോകുന്ന നക്ഷത്രം. എട്ടോ പത്തോ രൂപയെ കൊടുക്കെണ്ടൂ.. വീടിനു മുന്നില്‍ നാഷണല്‍ ഹൈവേ 17, അതിനും അപ്പുറത്ത് സദാ സമയവും ട്രെയിനുകള്‍ കടന്നു പോകുന്ന തീവണ്ടി പാളം. കാറ്റ് ആവശ്യത്തില്‍ കൂടുതലുള്ള പ്രദേശമാണ്. അത് കൊണ്ട് ആറ്റുനോറ്റ് കിട്ടിയ നക്ഷത്ര കിങ്ങിണി കീറി പോകാതിരിക്കാന്‍ ഞങ്ങള്‍ പിള്ളേര്‍ വീടിനു പുറത്തേക്കു നക്ഷത്രം കെട്ടാറില്ല. പകരം വീടിനകത്ത് കെട്ടിതൂക്കും. ഇത് പോരാ എന്ന് പറഞ്ഞാല്‍ അപ്പച്ചന്‍ പരീക്ഷണം നടത്തും. എന്നിട്ട് അക്കാലത്തു ഞങ്ങള്‍ക്ക്  തീരെ  ഇഷ്ടമില്ലാത്ത വിധം മുളയും ചൈന പേപ്പറും കൊണ്ട് വന്നു നക്ഷത്രം ഉണ്ടാക്കും. ആര്‍ക്കു വേണം  അപ്പച്ചന്റെ കരവിരുത് എന്ന് പറഞ്ഞു ഞങ്ങള്‍ പിള്ളേര്‍ മുഖം കോട്ടും. അങ്ങനെ ഓരോ ക്രിസ്മസ് കാലവും കടന്നു പോയി.

ഇത്തവണ അപ്പച്ചനെ വിടാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ വടക്കാഞ്ചേരി ടൌണില്‍ എന്തിനോ പോയപ്പോള്‍  ഒരു കടയില്‍ ഞാനും അടുത്ത സന്തതി ആയ ജിന്റോയും  സ്വര്‍ണ നിറത്തില്‍ കട്ടിയുള്ള ചട്ട കടലാസു കൊണ്ട് നിര്‍മിച്ച മനം മയക്കുന്ന ഒരു നക്ഷത്രം കണ്ടുപിടിച്ചു. ഏകദേശം മുപ്പതു രൂപയാണ് വില. ഞാനോ ജിന്റൊയോ പറഞ്ഞാല്‍ അമ്മച്ചി വാങ്ങില്ല. അപ്പച്ചനും വാങ്ങില്ല. അത് കൊണ്ട് പാഞ്ചിയെ കൊണ്ട് കാര്യം അവതരിപ്പിക്കാം എന്ന് ഞാനും ജിന്റോയും ഗൂഡാലോചനയില്‍ പ്രമേയം പാസാക്കി.


അപ്പച്ചന്റെ രാജകുമാരനാണ് പാഞ്ചി. അവന്‍ ഒന്ന് കരയുന്നത് പോട്ടെ, കരയാന്‍ തുടങ്ങാന്‍  മുഖമൊന്നു ചുളിക്കുന്നത് കൂടി അപ്പച്ചന് സഹിക്കില്ല, അവന്‍ എന്ത് പറഞ്ഞാലും അപ്പച്ചന്‍ വാങ്ങി കൊടുക്കും. അതിനു പ്രതിഫലമായി അവന്‍ കരയാതിരിക്കും. അങ്ങനെ വീട്ടിലെ ഒരു മുറിയില്‍ ഞാനും ജിന്റോയും പാഞ്ചിയേയും വിളിച്ചു രഹസ്യമായി സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. പല വീടുകളില്‍ കാണുന്ന നക്ഷത്രങ്ങളെയും അതിനേക്കാള്‍ സുന്ദരമായ നക്ഷത്രം സ്വന്തമാക്കിയാല്‍ കൂട്ടുകാര്‍ക്കിടയില്‍ ഉണ്ടാകുന്ന സ്ഥാനക്കയറ്റവും ഞങ്ങള്‍ അവനെ പറഞ്ഞു മനസിലാക്കി. അങ്ങനെ സംഭവം സ്വന്തമാക്കാന്‍ അപ്പച്ചനോട് ശിപാര്‍ശ നടത്താമെന്ന് അവന്‍ സമ്മതിച്ചു. ഞാനും ജിന്റോയും സന്തോഷിച്ചു.  ഇക്കാര്യം അന്ന് രാത്രി ഉറക്കം കഴിഞ്ഞതോടെ ഞങ്ങള്‍ രണ്ടാളും മറന്നു .

പിറ്റേന്നാണ് മൂത്രം പോകാത്ത അസുഖവും കിഡ്നിക്ക് കേടും ഉണ്ടായത്. എന്തായാലും നക്ഷത്രം വാങ്ങാം എന്ന് സമ്മതിച്ചതോടെ അവന്‍ ഒരു കുഞ്ഞു കുപ്പിയില്‍  കുറച്ചു മൂത്രം അമ്മച്ചിക്ക് സമ്മാനിച്ചു. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ അമ്മച്ചിക്ക് സമാധാനം.

തിരികെ ഡോക്ടറെ കാണിച്ചപ്പോള്‍ - ങ്ങ്ഹാ ..കുഴപ്പമില്ല പോക്കോ എന്നായി .
അപ്പോള്‍ കുട്ടിക്ക് കിഡ്നിക്ക് തകരാറൊന്നും ഇല്ലല്ലോ ല്ലേ എന്ന് അമ്മച്ചിയും.

ഡോക്ടര്‍ മറുപടി പറഞ്ഞില്ല.

എന്തായാലും കാര്യം നേടിയ അവന്‍ നക്ഷ്ത്രവുമായി രാജകുമാരന്‍ ആയിട്ട് ഞങ്ങള്‍ സഹോദരങ്ങളുടെ അടുത്തെത്തി. അവനാരാ മോന്‍ എന്ന് ഞങ്ങള്‍ പതുക്കെ കയ്യടിച്ചു പാസാക്കി.


കഥയുടെ പിന്‍കുറിപ്പ്‌-  കഥ വായിച്ചു കേട്ടപ്പോള്‍ അവന്റെ പ്രതികരണം ഇങ്ങനെ -''നീ എന്നിലെ സാഹിത്യകാരനെ ഉണര്‍ത്തി . ഇനി ഞാനും കഥകള്‍ എഴുതും . നിന്നെ കുറിച്ചും എഴുതും"

മിക്കവാറും ഞങ്ങള്‍ രണ്ടാളും കൂടി ഒരു പുസ്തകം പ്രസിദ്ധീകരിക്കും  =D

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...