2013, നവംബർ 20, ബുധനാഴ്‌ച

എലിയക്ഷി



ആആആആആആആആ.........

അവള്‍ ആക്രോശത്തോടെ കിടക്കപായയില്‍ നിന്നും ചാടിയെണീറ്റ് ഇരുന്നു വിറച്ചു. 

ആക്രോശം കേട്ട് ഞെട്ടി എഴുന്നേറ്റ അവളുടെ അമ്മ ടോര്‍ച് തെളിച്ചു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. മച്ചിലേക്കുള്ള ഗോവണിപടികള്‍ക്കു താഴെ പായയില്‍ ഇരുന്നു തുള്ളുന്ന അവളെ അമ്മ കണ്ടു. ടോര്‍ച്ചിന്റെ വെളിച്ചം ഇപ്പോള്‍ കെടും എന്ന മട്ടില്‍ വിറച്ചു. 

സമയം പാതിരാത്രി. 

മുഖം മറച്ചു അവളുടെ നീളമുള്ള മുടി പരന്നു കിടപ്പുണ്ട്. അതിനിടയിലൂടെ അവള്‍ കണ്ണ് തുറുപ്പിച്ചു നോക്കുന്നു. ഒപ്പം....മുഖം മുടിക്കിടയിലൂടെ പൊത്തിപ്പിടിച്ച് അലറുകയാണ്- ചോരാ....ചോരാ......
അമ്മ ടോര്ചില്‍ രണ്ടു തട്ട് തട്ടി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ...

അയ്യോ ...വായില്‍ നിന്നും കട്ട കട്ട ചോര ഒഴുകുന്നു

അത് കണ്ടപ്പോള്‍ അമ്മ ഉറപ്പിച്ചു- ഈശ്വരാ എന്റെ മകളുടെ മേല്‍ ബാധ കേറി. ഇവളീ രാത്രിയില്‍ ആരുടെ ചോര കുടിച്ചാണ് വന്നിട്ടുള്ളത് ??

അവളുടെ ചുറ്റും നെല്ല് നിറച്ച ചാക്കുകള്‍ അട്ടിയിട്ടിട്ടുണ്ട്. വീണ്ടും ലിസ എന്ന സിനിമയിലെ പോലെ അവള്‍ അട്ടഹസിച്ച് ചാക്കുകള്‍ വാരിയെറിയുമോ - അമ്മ കിടുങ്ങി.

അവളുടെ രണ്ടു അനിയന്മാരും ഒന്നും അറിയാതെ ഉറങ്ങുകയാണ്. അവരെ ഇവള്‍ കൊന്നു ചോരയൂറ്റി കുടിക്കുമോ ? അമ്മ ആലില പോലെ വിറച്ചു. അമ്മ എലിസബത്തിന്റെ അപ്പനെ കുലുക്കി ഉണര്‍ത്താന്‍ ശ്രമിച്ചു. വിഫലമായി. തണുത്ത രാത്രിയിലും അമ്മ ഇരുന്നു വിയര്‍ത്തു.  മനസ്സില്‍ സകല ദൈവങ്ങള്‍ക്കും നേര്ച്ച നേര്‍ന്നു.


അമ്മ അപ്പനെ വീണ്ടും കുലുക്കി. ദേ, ദേ .......നമ്മുടെ മോള്‍ ...നമ്മുടെ മോള്‍ ..അവള് യക്ഷിയായി....- അമ്മ ഏങ്ങല്‍ കടിച്ചു പിടിച്ചു ശബ്ദമില്ലാതെ കരഞ്ഞു

കുലുക്കലിന്റെ ശക്തിയില്‍ അപ്പന്‍ ഉണര്‍ന്നു ...

മ്മ്മം???  - അപ്പന്‍ ചോദ്യം ഒരു നീട്ടിയ മൂളലില്‍ ഒതുക്കി.
അമ്മ അപ്പന്റെ കൈക്ക് വട്ടം പിടിച്ചു ഇരുന്നു  വിറച്ചു..

അവള് ദേ ചോര ചോദിക്കുന്നു...അവള്‍ക്കു മതിയായിട്ടില്ല....

അപ്പന്‍ ഞെട്ടി. ഈ പാതിരാവില്‍ ആരാ ചോരാ ചോദിച്ചത് ??അമ്മ ടോര്‍ച് അടിച്ച് കൊടുത്ത  ഭാഗത്തേക്ക് 
 അപ്പന്‍  നോക്കി. 
ദേ..അവള്‍...മ്മടെ മോള്‍ .....

അവിടെ മുഖം മുഴുവന്‍ മുടി പരത്തി മകള്‍ ഇരുന്നു തുള്ളുന്നത് അപ്പനും കണ്ടു.

അപ്പച്ചാ.........എന്നൊരു ദയനീയമായ വിളി കേട്ടപ്പോള്‍ അപ്പന്‍ എഴുന്നേറ്റു മകളുടെ അടുത്തെത്തി. അമ്മ അപ്പോഴേക്കും ബള്‍ബ്‌ തെളിയിച്ചു. അപ്പന്‍ വേഗം മകളുടെ മുടി മാടിയോതുക്കി.

പിന്നാലെ വന്ന അമ്മ  തെങ്ങിന്‍ പൂങ്കുല പോലെ വിറച്ചു .


അയ്യോ ചോര...അപ്പന്‍ അലറി

അമ്മക്ക് കാലിടറി. അവള്‍ ആ യക്ഷി എന്റെ നല്ല പാതിയെ.....ഹയ്യോ ....അമ്മക്ക് ബോധം കെടുന്നതു പോലെ തോന്നി.

മോളെ..മോളെ  കണ്ണ് തുറക്കു...കണ്ണ് തുറക്കു....അപ്പന്‍ ആവലാതിയോടെ പറയുന്നുണ്ട്. എടിയേ... കുറച്ചു വെള്ളം കൊണ്ട് വാ......മോള്‍ക്ക്‌ തല കറങ്ങി ....

അമ്മ പെട്ടെന്ന് ഉണര്‍ന്നു. യക്ഷിയെ മറന്നു., അയ്യോ മകള്‍ക്ക് ബോധക്ഷയമോ.....

അവര്‍ ജനല്‍ പടി മേല്‍ വച്ചിരുന്ന ജഗ് കടന്നെടുത്തു കാറ്റ് പോലെ പാഞ്ഞു വന്നു.

ഒറ്റ നോട്ടം മകളുടെ മുഖത്ത് നോക്കിയതും അമ്മ കിടുങ്ങി . മുഖം മുഴുവന്‍ ചോര...കവിളില്‍ നിന്നും കട്ട കട്ട ചോര....അത് നിലക്കാത്ത പ്രവാഹം പോലെ ചാടുകയാണ്.

അപ്പോള്‍ മകളുടെ ചോര കുടിക്കാന്‍ ഏതെന്കിലും യക്ഷി.....ദൈവമേ...ഇരുട്ട് കട്ട പിടിച്ച മച്ചിന്‍ പുറത്തേക്കു ആരും കയറി പോകാറില്ല. അവിടെ പ്രേതങ്ങള്‍ ഉണ്ടെന്നു കുട്ടികള്‍ പറയുന്നത് ശരിയാണ്. അവ ഇറങ്ങി വന്നു കാണും .....

അപ്പന്‍ വേഗം ഉടുമുണ്ട് കൊണ്ട് മകളുടെ കവിളില്‍ പൊത്തി പിടിച്ചു. അമ്മ മുഖത്തേക്ക് വെള്ളം തെളിച്ചു. മകള്‍ ഞരങ്ങി ..പതുക്കെ കണ്ണ് തുറന്നു..

കണ്ണ് തുറന്നതും അവള്‍ കണ്ടത് അപ്പനെയാണ്.

അവള്‍ അപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങി. നെഞ്ചു തകര്‍ക്കുന്ന കരച്ചില്‍. .....

അപ്പന്‍ അവളെ മടിയില്‍ കിടത്തി. സാരമില്ല മോളെ സാരമില്ല, പേടിക്കണ്ട ..അപ്പച്ചനില്ലേ അടുത്ത്...പേടിക്കണ്ട.....

അപ്പച്ചന്‍ അവള്‍ക്കു കുറച്ചു വെള്ളം വായില്‍ ഒഴിച്ച് കൊടുത്തു. അവളതു കുടിച്ചു. അപ്പോഴും അവള്‍ വേദന കൊണ്ട് കരഞ്ഞു.

അപ്പന്‍ അവളുടെ കവിളിലേക്ക് നോക്കി. അവിടെ ആഴത്തില്‍ ഒരു മുറിവുണ്ട്. എന്നാല്‍ മുറിവിന്റെ വാവട്ടം കുറവാണ്. അപ്പന്‍ ആലോചിച്ചു , എന്താണിത്......

അമ്മ അപ്പനെ പുറകില്‍ നിന്നും തോണ്ടി...യക്ഷി ഇറങ്ങിയൊ ??

അപ്പന്‍ അമ്മയെ ക്രുദ്ധയായി നോക്കി. എന്നിട്ട് നാല് തെറി വിളിച്ചു.

അവള്‍ടെ യക്ഷി.......

അപ്പോഴേക്കും അപ്പച്ചന്റെ അലറല്‍ കേട്ട് രണ്ടു അനിയന്മാരും ചാടി എണീറ്റു  പന്തം കണ്ട പെരുചാഴികളെ പോലെ കണ്ണ് തുറന്നു ഇരുന്നു. അവര്‍ക്ക് ഒന്നും മനസിലായില്ല.

അപ്പന്‍ മകളെ കോരിയെടുത്ത് വീടിന്റെ പുറത്തിറങ്ങി. അയാള്‍ അടുത്ത വീട്ടിലെ ഓട്ടോ ചേട്ടനെ വിളിച്ചു - ആശുപത്രി വരെ പോകണം എന്ന് ആവശ്യപ്പെട്ടു . അപ്പന്റെ കയ്യില്‍ തളര്‍ന്നു കിടക്കുന്ന മകളെ ആ ചേട്ടന്‍ കണ്ടു. ഒന്നും ചോദിക്കാതെ അയാള്‍ ഓട്ടോ സ്റ്റാര്‍ട്ട്
 ആക്കി. അപ്പനും അമ്മയും മൂന്നു മക്കളും ഓട്ടോയില്‍ കയറി.

അമ്മ  ചോദിച്ചു - നിനക്ക് എന്താ പറ്റിയത് -??

അവള്‍ കവിളിലെ മുറിവ് പൊത്തി പ്പിടിച്ച് പറഞ്ഞു - എലി ..എലി....എലിയാ ഇങ്ങനെ ചെയ്തത് ......


അപ്പന് കാര്യം മനസിലായി. അമ്മ അന്ധാളിച്ചു ..എലിയോ ???

മകള്‍ കിടക്കുന്ന മുറിയുടെ അടുത്ത മുറി കുടുംബത്തിന്റെ പലചരക്ക് കടയാണ് . അതിനകത്ത് നിറയെ എലികളാണ്. അവിടെ നിന്നും മകള്‍ കിടക്കുന്ന മുറിയിലേക്ക് ഒരു ജനല്‍ പാളി തുറന്നു കിടപ്പുണ്ട്. കടമുറിയില്‍ നിന്നും ഒരു എലി നെല്ല് തിന്നു കൊഴുക്കാന്‍ ഇപ്പുറത്തെക്ക് വന്നു. വീട്ടിലെ ആസ്ഥാന എലി പിടുത്തക്കാരന്‍ പൂച്ച സായിപ്പ് നെല്ലിന്‍ചാക്കുകള്‍ക്ക് മേലാണ് പള്ളിയുറങ്ങുന്നത്. അതറിയാതെ എലി വന്നു. പൂച്ച ഇര പിടിക്കാന്‍ ചാടി. മരണ വെപ്രാളത്തില്‍ ടോം ആന്‍ഡ്‌ ജെറി കളിച്ച എലി നെല്ലിന്‍ ചക്കിനു മുകളില്‍ നിന്നും എലിസബത്തിനെ മാറി കടന്നു അപ്പുറത്തേക്ക് ചാടി രക്ഷപ്പെടാനായി ഒരു ചാട്ടം  വച്ച് കൊടുത്തു. എലിസബത്തിന്റെ കവിളിലാണ് എലി വന്നു വീണത്‌. വീണിടം വിദ്യയായ്ക്കി എലിക്കുട്ടന്‍ എലിസബത്തിന്റെ കവിളില്‍ ഗ്രിപ്പ് ഇട്ടു പരമാവധി ശക്തിയോടെ മറുക്കണ്ടം  ചാടി. അപ്പോഴാണ്‌ വേദന കൊണ്ട് പുളഞ്ഞ അവള്‍ അലറിപ്പൊളിച്ചു കിടക്കപായയില്‍ നിന്നും ചാടി എണീറ്റത്. രാത്രി തല കഴുകി ഫാനിനു കീഴെ ഉണക്കാന്‍ കിടന്നത് കൊണ്ട് ചാടി എഴുന്നേറ്റപ്പോള്‍ മുടി മുഴുവന്‍ മുഖത്തേക്ക് ചിതറി വീണു.. അമ്മ ടോര്‍ച്ച് അടിച്ചു നോക്കുന്നതിനിടെ മുഖത്തെ നനവ്‌ ആ വെളിച്ചത്തില്‍ നോക്കിയ മകള്‍ ചോര കണ്ടു കണ്ണ് തുറപ്പിച്ചു അലറി.

അതാലോചിച്ചു അപ്പന്‍ ചിരിച്ചു. അമ്മ ചമ്മി ചിരിച്ചു. ചിരി കണ്ടു കാര്യം തിരക്കിയ മകള്‍ വേദന മറന്നും ചിരിച്ചു. രണ്ടു കുഞ്ഞുങ്ങള്‍ , അവര്‍ അപ്പോഴും പന്തം കണ്ട പെരുച്ചാഴികളായി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...