2014, ജനുവരി 10, വെള്ളിയാഴ്‌ച

കുടുംബശ്രീയുടെ പുതിയ മിഷന്‍ മനുഷ്യക്കടത്തിനെതിരെ


 മനുഷ്യക്കടത്ത് തടയാന്‍ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സ്ത്രീ ശക്തി പ്രസ്ഥാനമായ കുടുംബശ്രീ മുന്നിട്ടിറങ്ങുന്നു. ഈ മാസം 15 ഓടെ ഇതിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ അധികൃതര്‍. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്‍െറ കീഴിലുള്ള നാഷനല്‍ റൂറല്‍ ലൈവ്ലി ഹുഡ്സ് മിഷന്‍ വഴി ലഭിക്കുന്ന രണ്ടര കോടി രൂപയുടെ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുക.

ഇതിന്‍െറ ഭാഗമായി പാലക്കാട് ചിറ്റൂരിലും വയനാട് മാനന്തവാടിയിലും ഇടുക്കി ദേവികുളത്തും മനുഷ്യക്കടത്ത് തടയാനും രക്ഷപ്പെടുത്തുന്നവരെ പുനരധിവസിപ്പിക്കാനും പൊതു സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്താനും കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഈ കേന്ദ്രങ്ങളില്‍  കൗണ്‍സിലര്‍മാരും സെക്യൂരിറ്റി ഓഫിസര്‍മാരും അടക്കം പത്തു വീതം ജീവനക്കാരുടെ സേവനം ലഭ്യമാക്കും. സെക്സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും പ്രതിരോധിക്കാനും നടപടി സ്വകരിക്കും.

മനുഷ്യക്കടത്തില്‍ നിന്നും രക്ഷപെട്ടവരെ ഉള്‍പ്പെടുത്തി റിസോഴ്സ് സംഘങ്ങള്‍ രൂപവല്‍ക്കരിക്കും.  ദേശീയ വനിതാ കമീഷന്‍, യു.എന്‍ വിമന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മനുഷ്യക്കടത്തിനു ഏറ്റവും സാധ്യത കൂടുതലുള്ള ജില്ലകളെ കണ്ടത്തെിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ കുടുംബശ്രീകളെ ഉപയോഗിച്ച് കൂടുതല്‍ സാധ്യത പഠനങ്ങള്‍ ഒരുക്കും. സ്ത്രീകള്‍, കുട്ടികള്‍, പട്ടിക ജാതി/ വര്‍ഗ  വിഭാഗത്തിലെ ആളുകളുടെ എണ്ണം, വിദേശത്തേക്ക് കുടിയേറ്റം നടത്തിയവര്‍ തുടങ്ങിയ അടിസ്ഥാന അളവ് കോലുകള്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തും.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്  പ്രതിരോധ നടപടികളും പുനരധിവാസ  സൗകര്യങ്ങളും ഒരുക്കുക. പ്രതിരോധ നടപടികളുടെ ഭാഗമായി ബോധവല്ക്കരരണ പരിപാടികള്‍ സംഘടിപ്പിക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും  ഷോര്‍ട്ട് സ്റേറ ഹോമുകള്‍ സ്ഥാപിക്കുമെന്ന് കുടുംബശ്രീയുടെ ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ മഞ്ജുള ‘മാധ്യമ’ത്തോട് പറഞ്ഞു .

ഭാവിയില്‍ എല്ലാ പഞ്ചായത്തുകളിലും മുതിര്‍ന്ന  പൗരന്മാരും സ്ത്രീകളും താമസിക്കുന്ന വീടുകളെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ടത്തെി വനിതകള്‍ക്കും  കുട്ടികള്‍ക്കുമുളള  പുനരധിവാസ കേന്ദ്രങ്ങളാക്കി മാറ്റും.  മനുഷ്യവര്‍ഗത്തിന് തന്നെ എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്ത് എന്ന തിരിച്ചറിവിന്‍െറ ഭാഗമായാണ് ഇതിനെതിരെ പോരാടാന്‍ കുടുംബശ്രീ രംഗത്തിറങ്ങുന്നത് .
 


ഓരോ വര്‍ഷവും പതിനെട്ട് വയസ്സിനു താഴെയുള്ള ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും കുട്ടികളും മനുഷ്യക്കടത്തുകാരുടെ കൈകളില്‍ അകപ്പെടുന്നു. ലൈംഗിക ചൂഷണം, നിര്‍ബന്ധിത തൊഴില്‍, പ്രത്യുല്‍പാദനപരമായ അടിമത്തം, ശരീരാവയവങ്ങള്‍ അപഹരിച്ചു വില്‍ക്കല്‍  എന്നിവയാണ് നിയമ വിരുദ്ധമായ ഈ മനുഷ്യ വ്യാപാരത്തിന്‍െറ പരിണിത ഫലമെന്നും കുടുംബശ്രീ വ്യക്തമാക്കുന്നു.  നിര്‍ഭയ, സ്ത്രീ പദവി സ്വയം പഠനപ്രക്രിയ എന്നിവയുടെ പ്രവര്‍ത്തന പശ്ചാത്തലത്തിലാണ് കുടുംബശ്രീ മിഷന്‍  പദ്ധതികള്‍ നടപ്പാക്കുക. ഇതിനു മുന്നോടിയായി കുടുംബശ്രീയുടെ വിഷയ സംവാദത്തിനും  പരസ്പര ആശയവിനിമയത്തിനും    അയല്‍ക്കൂട്ട അംഗങ്ങളുടെ സാങ്കേതിക ജ്ഞാനം വര്‍ധിപ്പിക്കുന്നതിനും തയ്യാറാക്കിയ സ്ത്രീ ശക്തി പോര്‍ട്ടലില്‍ വിഷയം ചര്‍ച്ച  ചെയ്തിരുന്നു.ചര്‍ച്ചയില്‍ സജീവമായ പങ്കാളിത്തം ദൃശ്യമായിരുന്നു.

ഓരോ വാര്‍ഡിലും ജാഗ്രതാസമിതി രൂപീകരിക്കുക, ഓരോ അയല്‍ക്കൂട്ടത്തിലും ബാലസഭ വഴിയും  ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുക എന്നിവ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.  മനുഷ്യക്കടത്ത് കേവലം ഒന്നോ രണ്ടോ വ്യക്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ളെന്നും ലോകമൊട്ടാകെ  വ്യാപിച്ചു കിടക്കുന്ന   ബൃഹത് ശൃംഖലയാണിതെന്നും  ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.  

അറിവില്ലായ്മയും  ഉപജീവനത്തിനായുള്ള പരക്കം പാച്ചിലുമാണ് മനുഷ്യക്കടത്തുകാരുടെ കൈകളില്‍പ്പെടാന്‍ കാരണങ്ങളെന്നും പരിഹാരമായി തദ്ദേശീയമായി തൊഴില്‍ സമ്പാദിക്കാന്‍ സാധിക്കുംവിധം വിദഗ്ധ പരിശീലനം ഒരുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.


 ഹെല്‍പ് ലൈന്‍ , തൊഴില്‍ കാര്‍ഡ്  ,ആദിവാസി മേഖലകളായ ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ കുടുംബശ്രീ മിഷന്‍്റെ മേല്‍നോട്ടത്തില്‍ കൂടുതല്‍ കുടുംബശ്രീ യൂണിറ്റുകള്‍ ,സി ഡി എസ്സുകളിലും ഏകദിന സെമിനാര്‍ , കുട്ടികള്‍ക്കുള്ള സെമിനാറുകള്‍  , ദൃശ്യ  ശ്രവ്യ മാദ്ധ്യമങ്ങളിലൂടെയും കലാപരമായ ആക്ഷേപ ഹാസ്യ പരിപാടികളിലൂടെയും ബോധവത്കരണം  , നിയമങ്ങളും ഓരോ ജോലിക്കുമുള്ള കുറഞ്ഞ വേതനവും പരസ്യമായി പ്രചരിപ്പിക്കുകയും അത് ഓരോരുത്തരുടെയും അവകാശമാണെന്ന ബോധവത്കരണം., നിര്‍ഭയ പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ക്രൈം  മാപ്പിംഗ് നടത്തി കുറ്റകൃത്യങ്ങള്‍ കൂടുതലായി നടക്കുന്ന സ്ഥലം കണ്ടത്തി പോലീസ് പട്രോളിംഗ് , ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളെക്കുറിച്ച് അറിയുന്നതിന് പഞ്ചായത്ത് തലത്തില്‍ സംവിധാനം ,  ജോലി തേടി പോകുന്നവരെ നിര്‍ബന്ധമായും പഞ്ചായത്തില്‍ രജിസ്ററര്‍ ചെയ്യിപ്പിക്കല്‍  എന്നീ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.  ഈ നിര്‍ദേശങ്ങളെല്ലാം പരിഗണിക്കാനും പരമാവധി നടപ്പില്‍ വരുത്താനുമാണ് കുടുംബശ്രീയുടെ ആലോചന.

 പരിപാടി വിജയകരമായാല്‍ ലോകത്തിന് മാതൃകയായ കുടുംബശ്രീയുടെ മറ്റൊരു മാതൃക പദ്ധതി കൂടിയാകും ഇതെന്നു ഉറപ്പാണ്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...